ചെമ്പകം പൂക്കുമ്പോൾ, ഭാഗം 5

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 5

❤️❤️❤️❤️❤️❤️❤️❤️❤️

“ലാലേ…. നീ എന്നാ ഫൈസലിന്റെ വീട്ടിൽ പോകുന്നെ”??… ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ വിദ്യ ചോദിച്ചു.

“രണ്ടാഴ്ച കഴിഞ്ഞ ഏട്ടത്തി”…

“കല്യാണം അടുത്ത മാസം അല്ലേ പിന്നെ എന്തിനാ ഇത്രയും നേരത്തെ പോകുന്നെ”??… അച്ഛൻ ചോദിച്ചു.

“ന്യൂസിലാൻഡിൽ  നിന്ന് വന്നിട്ട് അവന്റെ അടുത്ത് മാത്രേ ഞാൻ പോകാതെ  ഉള്ളു.ഒരു വിധം ഫ്രെണ്ട്സിനെ എല്ലാം എങ്ങനെ എങ്കിലും എവിടെയെങ്കിലും വെച്ചൊക്കെ കാണും. അവനെ മാത്രം കണ്ടിട്ട് 2കൊല്ലം കഴിഞ്ഞു ഇപ്പോൾ. ഞാൻ അങ്ങോട്ട്‌ ഒന്ന് ചെല്ലുന്നില്ല  എന്ന് പറഞ്ഞ് അവനു എപ്പോഴും പരാതിയ!!…. ഒന്നിച്ചു ഒരു റൂമിൽ കഴിഞ്ഞതിന്റെ സ്നേഹം പോലും എനിക്ക് ഇല്ലാന്ന് അവൻ പറയാറുണ്ട്. അവന്റെ പരാതി ഒന്ന് തീർക്കാൻ വേണ്ടിയാ നേരത്തെ പോകാം എന്ന് വെച്ചത്”….

“മ്മ്… ഇങ്ങനെ കൂട്ടുകാരുടെയും  അവരുടെ പെങ്ങന്മാരുടെയും  കല്യാണം കൂടി നടന്നോ സ്വന്തം കല്യാണക്കാര്യം മാത്രം അവനോടു പറയാൻ പറ്റില്ല”…… അമ്മ പരിഭവം പറഞ്ഞു.

“എന്തിനാ അമ്മേ വെറുതെ ഒരു പെണ്ണിന്റെ കണ്ണീർ കാണുന്നത് ??ഞാൻ ഇങ്ങനെയൊക്കെ ജീവിച്ച് പൊക്കോട്ടെ”….

“അല്ലേലും കല്യാണക്കാര്യം പറയുമ്പോൾ എപ്പോഴും അവനു ഉള്ളതാ ഈ ഒഴിഞ്ഞു മാറ്റം. “…. നരേൻ പറഞ്ഞു.

“ഹ ഇത് വല്യ ശല്യം ആയല്ലോ”…. ദേഷ്യം വന്നപ്പോൾ കഴിച്ചത് പാതിക്ക് നിർത്തി അവൻ എഴുന്നേറ്റു മുറിയിലേക്ക് പോയി.

“ഹോ ഇവനെ കൊണ്ട് തോറ്റു പോകും. മനസ്സിൽ ആരേലും ഉണ്ടോ എന്ന് ചോദിച്ചാൽ ഒന്നുമില്ല എന്ന് പറയും. എന്നാൽ കെട്ടാൻ പറഞ്ഞാൽ ദാ ഇതാ അവസ്ഥ”…..

“ഹ പോട്ടെ…. നിങ്ങൾ ഇനി ഇക്കാര്യം അവനോടു പറയണ്ട”…. അമ്മ പറഞ്ഞു.

ആരും പിന്നെ ഒന്നും പറഞ്ഞില്ല. എല്ലാവരോടും കലി തുള്ളി നിഹാൽ പോയത് മുറിയിലേക്ക് ആയിരുന്നു. അവൻ മുറിയിൽ നിന്ന് പുറത്തേക്കു ഉള്ള ബാൽക്കണിയുടെ  വാതിൽ തുറന്നു. അവിടെ ഇട്ടിരുന്ന കസേരയിൽ പോയി ഇരുന്നു.  തണുത്ത കാറ്റ് അവനെ തഴുകി പൊക്കോണ്ടിരുന്നു. ആ കാറ്റിൽ നിറയെ കുടമുല്ല പൂക്കളുടെ ഗന്ധം നിറഞ്ഞു നിന്നു. ബാൽക്കണിയുടെ  ഇരു വശത്തുമായി  അവൻ മുല്ല ചെടി വളർത്തിയിരുന്നു.  അവ പടർന്നു പന്തലിച്ചു കിടന്നു.

“മോനെ”….. അച്ഛന്റെ വിളി കേട്ടു അവൻ മുറിയിലേക്ക് കയറി.

“എന്താ അച്ഛാ”??

“നീ എന്താ ഒറ്റക്ക് അവിടെ പോയി ഇരുന്നേ “??

“ഒന്നുമില്ല ഞാൻ വെറുതെ”…. അവൻ മുഴുവൻ ആക്കിയില്ല.

“നിന്നോട് ഞാൻ ഒരു കാര്യം സീരിയസ് ആയി ചോദിച്ചോട്ടെ”??

“എന്താ അച്ഛാ”??

“നീ ഇപ്പോഴും ആ പെണ്ണിന് വേണ്ടി കാത്തിരിക്കുക ആണോ ??കാവേരിക്ക് വേണ്ടി”??

അവൻ ഒന്നും മിണ്ടിയില്ല.

“കോളേജ് കാലത്തെ ഒരു അട്ട്രാക്ഷൻ അത്രേ ഉള്ളു എന്നല്ലേ നീ അന്ന് എന്നോട് പറഞ്ഞത്”!!

“മ്മ്”….

“ആ കുട്ടി ഇപ്പോ നാടും വീടും എല്ലാം വിട്ട് എവിടെ ആണെന്ന് പോലും അറിയില്ലല്ലോ…. പിന്നെ എന്തിനാ ഇങ്ങനെ ആ കുട്ടിക്ക് വേണ്ടി കാത്തിരിക്കുന്നത്”??

“അച്ഛാ…. ഞാൻ”…..

“എനിക്കറിയാം നിന്റെ അവസ്ഥ. ആ കുട്ടിയെ നീ ഇത്രയും നാൾ അന്വേഷിച്ചു നടന്നില്ലേ ??,എന്നിട്ട് കണ്ടു പിടിച്ചോ??… ഇല്ല. എനിക്ക് നീ പറയുന്നത് മനസ്സിലാകും. കാരണം അച്ഛന് നിന്റെ പ്രശ്നം നന്നായി അറിയാം…..പക്ഷെ ഏട്ടന്മാർക്കും അമ്മയ്ക്കും അറിയില്ലല്ലോ.  പിന്നെ, മക്കള് പ്രായം ആയിട്ടും ഒരു ജീവിതം ആകാതെ നിൽക്കുന്നത് എല്ലാ മാതാപിതാക്കൾക്കും സങ്കടം ഉണ്ടാക്കുന്ന കാര്യം തന്നെയാ. അതേ അമ്മയും പറഞ്ഞുള്ളു.നീ ഒന്നും മനസ്സിൽ വെക്കേണ്ട”….

“മ്മ്”.. . അത്രയും പറഞ്ഞു അച്ഛൻ എഴുന്നേറ്റു. അപ്പോഴാണ് കട്ടിലിൽ കിടന്ന മാല കണ്ടത്. അദ്ദേഹം അത് കൈ കൊണ്ട് എടുത്തപ്പോൾ നിഹാൽ ഒന്ന് പരുങ്ങി.

“ഇത് ആരുടെയാ”??

“അത്… അത് അവളുടെയാ”…. ചഞ്ചലയുടെ മാല കാവേരിയുടെ ആണെന്ന് നിഹാൽ കള്ളം പറഞ്ഞു.

“മ്മ്”… അച്ഛൻ ആ മാല അവന്റെ കയ്യിലേക്ക് കൊടുത്തിട്ടു പുറത്തേക്കു പോകാൻ തുടങ്ങിയതും നിഹാൽ അച്ഛനെ വിളിച്ചു.

“അച്ഛാ”…..

“എന്താടാ”??

“എനിക്ക് സമ്മതവ കല്യാണത്തിന്. ആരെ ആണെന്ന് വെച്ചാൽ നിങ്ങൾ എല്ലാവരും കൂടെ തീരുമാനിച്ചോ…ഞാൻ ആയിട്ട് ഇനിയും ആരെയും വേദനിപ്പിക്കില്ല.  പക്ഷെ ഒരു കണ്ടിഷൻ”…..

“എന്താ”??

“പെണ്ണ് കാണാനും കണ്ടു നടക്കാനും നിശ്ചയത്തിനും  ഒന്നും എനിക്ക് വയ്യ. ഡയറക്റ്റ് കല്യാണം അത് മതി”…..

“ഇത് എവിടുത്തെ ഏർപ്പാട് ആണെടാ ??പെണ്ണ് കാണുക പോലും ചെയ്യാതെ”….

“പണ്ട് കാർന്നോന്മാർ  ഇങ്ങനെയൊക്കെ അല്ലേ ചെയ്തു കൊണ്ടിരുന്നത്. എനിക്ക് അങ്ങനെ മതി. അല്ലെങ്കിൽ വേണ്ടാ”…. അച്ഛൻ ഒന്നും പറയാതെ മുറിയിൽ നിന്നും പോയി.

അച്ഛൻ എല്ലാവരോടും കാര്യം പറഞ്ഞപ്പോൾ എല്ലാവരും മൂക്കത്തു വിരൽ വെച്ചു പോയി.

“ഇവന് ശരിക്കും വട്ടാണോ ??അതോ അവൻ പൊട്ടൻ ആണോ ??പെണ്ണ് കാണുക പോലും ചെയ്യാതെ എങ്ങനെയാ കല്യാണം നടത്തുന്നത്”??… നരേൻ ചോദിച്ചു.

“ഏട്ടൻ പറഞ്ഞതാ ശരി ലാലിന് തലയ്ക്കു എന്തോ കുഴപ്പം ഉണ്ട്”…. നികേഷും പറഞ്ഞു.

“ഇനി എല്ലാവരും കൂടെ പറഞ്ഞു പറഞ്ഞു വട്ടൻ ആക്കണ്ട. അവൻ കല്യാണത്തിന് സമ്മതിച്ചത് തന്നെ വല്യ കാര്യം”…. രേവതി പറഞ്ഞു.

“അതേ അവൾ പറഞ്ഞതിലും കാര്യം ഉണ്ട്. ഉടനെ  തന്നെ നമുക്ക് രണ്ടാൾക്കും കൂടെ പോയി അവന്റെ ജാതകം ഒന്ന് നോക്കിച്ചു  വരാം”…. അമ്മ അച്ഛനോട് ആയി പറഞ്ഞു.

“മ്മ്…. എന്നിട്ട് ബാക്കി നോക്കാം. “…. അച്ഛനും പറഞ്ഞു.

*******************

തൃപ്പൻകോട്ട്  തിരുമേനിയുടെ മന ……

“ഇതാര് കൃഷ്ണ പ്രസാദോ”??…. തിരുമേനി ചോദിച്ചു.

“ഹ…. തിരുമേനി”…

“കിങ്ങിണി കുട്ടി എവിടെ”??

“വീട്ടിൽ ഉണ്ട്… എക്സാം തുടങ്ങുന്നത് കൊണ്ട്…. കുറച്ച് തിരക്കിലാ ആള്”…

“മ്മ്…. ചന്ദ്ര പ്രസാദിന്റെ വിവാഹത്തിന്റെ അന്ന് കണ്ടതാ അവളെ”….

“മ്മ്…. തിരുമേനി ഞങ്ങൾ വന്നത്…. ”

“മനസ്സിലായി… അവൾക്കു വേണ്ടി തന്നെ”….

“അതേ തിരുമേനി…. എന്താണെന്നു അറിയില്ല മനസ്സിന് വല്ലാത്ത അസ്വസ്ഥത”….

“മ്മ് അത് തന്റെ മുഖത്ത് നിന്ന് തന്നെ അറിയാൻ പറ്റുന്നു”….

“തിരുമേനി കിങ്ങിണി മോളുടെ ജാതകം ഒന്ന് നോക്കണം. കഴിഞ്ഞ ദിവസം ഒരു അപകടത്തിൽ നിന്ന് തലനാരിഴക്ക്  ആണ് രക്ഷപ്പെട്ടത് “….

“മ്മ്… ജാതകം എവിടെ”??… കൃഷ്ണ പ്രസാദ് ജാതകം അദേഹത്തിന്റെ കയ്യിലേക്ക് കൊടുത്തു.

അദ്ദേഹം പ്രാർഥിച്ചു കവടി നിരത്തി.

“കിങ്ങിണിയുടെ ജീവന് ഇപ്പോൾ ആപത്തു ഒന്നും ഇല്ല. പക്ഷെ,….. ”

“എന്താ തിരുമേനി”??

“പക്ഷെ, അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട്. ചിലപ്പോൾ മരണം പോലും സംഭവിക്കാം”…. തിരുമേനി പറയുന്നത് കേട്ടു അദ്ദേഹം ഞെട്ടി വിയർത്തു.

“പേടിക്കണ്ട…. നിലവിൽ അവൾക്കു നല്ല സമയം ആണ് പക്ഷെ,…. ”

“എന്താ തിരുമേനി”??

“ഉടനെ കുട്ടിയുടെ വിവാഹം നടത്തണം. 19കഴിഞ്ഞാൽ നടത്താൻ പാടില്ല.  നടന്നാൽ അത് മരണത്തിനു തുല്യം ആയുള്ള വിവാഹം ആയിരിക്കും. കുട്ടിയുടെ ജീവന് വരെ ആപത്തു ഉണ്ടാകും. അത് മാത്രമല്ല അവളുടെ ജാതകവുമായി നല്ല ചേർച്ച ഉള്ള ഒരു ജാതകവും ആയിരിക്കണം. നിർഭാഗ്യവശാൽ  ഇതുപോലെ ഉള്ള ജാതകത്തിനു  പറ്റിയ ഒരു എതിർ ജാതകം കണ്ടെത്തുക ദുഷ്കരം  ആണ്”….തിരുമേനി പറയുന്നതൊക്കെ കേട്ടു കൃഷ്ണ പ്രസാദിന്റെ നെഞ്ചിൽ തീ ആളി കത്തി തുടങ്ങി.

“തിരുമേനി ഇത്രയും പെട്ടെന്ന് എങ്ങനെയാ ??

അവൾ അവൾ ചെറിയ കുട്ടി അല്ലേ”??

“ആണ്….. പക്ഷേ ഇത് അല്ലാതെ മറ്റൊരു മാർഗവും ഇല്ല. ഇനി കൃഷ്ണ പ്രസാദിന് ഇത് വിശ്വാസം ഇല്ലങ്കിൽ മറ്റ് എവിടെ വേണമെങ്കിലും കൊണ്ട് പോയി ജാതകം നോക്കിക്കാം .”….

“ഏയ് അങ്ങനെ അല്ല തിരുമേനി ഇത്ര പെട്ടെന്ന് കിങ്ങിണി അവൾക്കു ഒരു ഭാര്യ ആകുവാനും ഒരു മരുമകൾ ആകുവാനും ഒന്നുമുള്ള പക്വത ആയിട്ടില്ല…… പിന്നെ എങ്ങനെയാ അവളെ ഞാൻ…. !!മാത്രവുമല്ല എന്റെ കുട്ടിക്ക് ഡിഗ്രി ചെയ്യണം എന്നൊക്കെ ആഗ്രഹവും ഉണ്ട്…..അവളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും തകർത്തു ഞാൻ എങ്ങനെയാ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്”??….

“താൻ പറയുന്നതൊക്കെ എനിക്ക് മനസിലാകും. അവൾ കൊച്ചു കുട്ടി തന്നെയാണ് ഒന്നും അവൾക്കു അറിയില്ല എല്ലാം ഞാൻ സമ്മതിച്ചു. പക്ഷെ, സാഹചര്യങ്ങളോട്  പൊരുത്തപ്പെടാൻ  സ്ത്രീകളെക്കാൾ കഴിവ് ഉള്ള മറ്റാരും ഈ ഭൂമിയിൽ ഇല്ല. തന്റെ ജീവിത സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാം എന്ന് പുരുഷന്മാരെക്കാൾ ഉത്തമ ബോധ്യം ഉള്ളവർ ആണ് സ്ത്രീകൾ. അത് ദൈവം അവർക്ക് മാത്രമായി കൊടുത്ത കഴിവ് ആണ്. അവൾ ജനിച്ചപ്പോൾ അവൾക്കു എല്ലാത്തിനും നിങ്ങൾ വേണമായിരുന്നു. നടക്കാൻ പഠിപ്പിച്ചു നിങ്ങൾ അവളെ, അവൾ സ്വയം നടന്നു തുടങ്ങിയപ്പോൾ നിങ്ങളുടെ കൈ പിടിച്ചില്ല, ബാല്യം കഴിഞ്ഞു കൗമാരത്തിൽ അവൾ എത്തിയപ്പോൾ അവൾ ഒരു സ്ത്രീയും അമ്മയും ആകുവാൻ ഉള്ള തയ്യാർ എടുപ്പുകൾ  നടത്തി ഇപ്പോഴും അത് തുടരുന്നു.അവൾ അതിനോടും  പൊരുത്തപ്പെട്ടു.  ഇനി അവൾ വിവാഹിത ആവും, അതിനോടും  പൊരുത്തപ്പെടാൻ  അവൾക്കു കഴിയും.”….

“ഞാൻ ഇപ്പോ എന്താ ചെയ്യുക തിരുമേനി ??മറ്റൊരു പരിഹാരവും  ഇല്ലേ”??

“ഒന്നുകിൽ ഞാൻ പറഞ്ഞത് പോലെ ചെയ്യുക. അല്ലങ്കിൽ, ഒരു ഭാഗ്യ പരീക്ഷണത്തിന് വിട്ട് കൊടുക്കുക”…..തിരുമേനിയുടെ വാക്കുകൾ കൊള്ളിയാൻ പോലെ കൃഷ്ണ പ്രസാദിന്റെ നെഞ്ചിൽ തറച്ചു.

“ഇല്ല തിരുമേനി എന്റെ മോളുടെ ജീവൻ വെച്ചു ഞാൻ ഒരു ഭാഗ്യ പരീക്ഷണം നടത്തില്ല. ലോകത്ത് ഒരു അച്ഛനും അതിന് നിൽക്കില്ല. ഇതിനു വിവാഹം ആണ് പരിഹാരം എങ്കിൽ അതിന് ഞാൻ തയ്യാർ ആണ്”….

“നല്ലത്…. ഇനി എത്രയും വേഗം കിങ്ങിണിക്ക് ചേർന്ന ഒരു ജാതകം കണ്ടു പിടിക്കണം.അത് അത്ര എളുപ്പം അല്ല അതുകൊണ്ട് വീടിനു അടുത്തുള്ള ഭഗവതി ക്ഷേത്രത്തിൽ ഒരു നെയ്‌വിളക്ക് വഴിപാട് ആയി കിങ്ങിണിയുടെ പേരിൽ നടത്തണം. ബാക്കി പൂജകൾ ഞാൻ ഇവിടെ ഇരുന്നു ചെയ്തോളാം. എന്തായാലും ദേവി ഒരു വഴി കാട്ടി തരും. പിന്നെ കിങ്ങിണി ഇപ്പോൾ ഒന്നും അറിയണ്ട എല്ലാം തീരുമാനം ആയതിനു ശേഷം കുട്ടി അറിഞ്ഞാൽ മതി”….

“ശരി തിരുമേനി എങ്കിൽ ഞാൻ ഇറങ്ങട്ടെ”…..

“ആവട്ടെ….. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അറിയിക്കാം”…..

“ശരി”….കൃഷ്ണ പ്രസാദ് തിരുമേനിയോട് യാത്ര പറഞ്ഞു ചന്ദ്ര പ്രസാദിന്  ഒപ്പം വെള്ളാരം കുന്നിലേക്ക്  യാത്ര തിരിച്ചു. അദേഹത്തിന്റെ നെഞ്ചിൽ  മകളുടെ ജീവിതത്തെ കുറിച്ച് ഉള്ള ആദി ഉണ്ടായിരുന്നു.മനയുടെ പുറത്ത് നിൽക്കുക ആയിരുന്ന  വിവരങ്ങൾ ചന്ദ്ര പ്രസാദിനോട് കാറിൽ ഇരുന്നു തന്നെ അദ്ദേഹം കാര്യങ്ങൾ  പറഞ്ഞു ധരിപ്പിച്ചു.

എന്താ ചെയ്യേണ്ടത് എന്ന് അദ്ദേഹത്തിനും ഒരു രൂപവും ഉണ്ടായിരുന്നില്ല.

“ഏട്ടാ”…..

“മ്മ്”……

“വിവാഹം നടത്താം നമുക്ക് അവളുടെ ജീവൻ വെച്ച് ഒരു പരീക്ഷണം നമുക്ക് വേണ്ടാ”…..ചന്ദ്ര പ്രസാദിന്റെ വാക്കുകൾ ഇടി വെട്ടിയ പോലെ മറ്റൊരാളുടെ മനസ്സിനെ  ആണ് ഉലച്ചു  കളഞ്ഞത്.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *