ചെമ്പകം പൂക്കുമ്പോൾ, Part 11

രചന :-അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, Part 11

❤️❤️❤️❤️❤️❤️❤️❤️❤️

“നമുക്ക് ഒരു സെൽഫി എടുക്കാം”??…

“എന്തിന്”??…കിങ്ങിണി ചോദിച്ചു.

“ഒരു ചെറിയ കുസൃതിക്കാ…. “..അവൾ ഒറ്റ പുരികം പൊക്കി അവനെ ഒന്ന് നോക്കി പിന്നെ  സമ്മതിച്ചു.ഒരു അകലം പാലിച്ചു നിന്ന കിങ്ങിണിയെ കുറച്ച് കൂടെ അടുത്തേക്ക് നിർത്തി  നിഹാൽ ഫോട്ടോ എടുത്തു.

“നല്ല ഭംഗി ഉണ്ടല്ലേ”??..നിഹാൽ ചോദിച്ചു.

“മ്മ്…ഒരേ കളർ ഡ്രെസ്സും ബാക്ഗ്രൗണ്ടും അടിപൊളി അല്ലേ അതാ”…

“ഇയാൾ ഇൻസ്റ്റയിൽ ഉണ്ടോ”??..നിഹാൽ ചോദിച്ചു

“ഫോൺ പോലും ഇല്ല അപ്പോഴാ ഇൻസ്റ്റ “….

“ഓഹ് my god…. ഫോൺ പോലും ഇല്ലാത്ത പെൺകുട്ടികൾ ഇക്കാലത്തോ  ??that’s  fantastic”….കിങ്ങിണി ഒന്ന് ചിരിച്ചു. അവർ രണ്ടാളും കൂടെ വീട്ടിലേക്ക് എത്താറായപ്പോൾ നിഹാൽ അവളുടെ മുന്നിൽ കയറി  അവൾക്ക് അഭിമുഖം ആയി നിന്നു.

“എടൊ ഞാൻ അങ്ങനെ എല്ലാവരോടും പെട്ടെന്ന് കമ്പനി ആകാറില്ല.  എന്നാലും തന്റെ കമ്പനി ഇഷ്ടപ്പെട്ടത് കൊണ്ട് ചോദിക്കുവാ നമുക്ക് ഫ്രണ്ട്സ് ആയിട്ട് ഇരിക്കാം”??…നിഹാൽ അവൾക്ക് നേരെ കൈ നീട്ടി. കിങ്ങിണി കുസൃതിയോടെ അവനെ ഒന്ന് നോക്കി.

“പേടിക്കണ്ട ലൈഫ് ലോങ്ങ്‌ ഉണ്ടാകും കൂടെ…. “..നിഹാൽ ചിരിച്ചു കൊണ്ട് പറഞ്ഞു.ആ കൈ കൊടുപ്പിൽ അവർ രണ്ടാളും വിചാരിച്ചു കാണില്ല തുടങ്ങാൻ പോകുന്നത് ഒരു യുദ്ധം ആണെന്ന്.

കിങ്ങിണി ചിരിച്ചു കൊണ്ട് കൈ കൊടുത്തു.അവർ രണ്ടാളും കൂടെ ഓരോന്നൊക്കെ സംസാരിച്ചു  വീട്ടിൽ എത്തി.

*****************

ഇതേ സമയം കൃഷ്ണ പ്രസാദ് മകൾക്കു വേണ്ടി തിരുമേനി പറഞ്ഞ വഴിപാടുകൾ  നടത്തുക ആയിരുന്നു. എല്ലാം ഭംഗി ആയി വരണേ എന്ന് എല്ലാവരും മനമുരുകി പ്രാർഥിച്ചു. വൈകുന്നേരം ആകാറായപ്പോൾ തിരുമേനി കൃഷ്ണ പ്രസാദിനെ വിളിച്ചു.

“ഹലോ കൃഷ്ണ പ്രസാദേ “….

“പറയൂ തിരുമേനി”..

“തന്റെ പ്രാർഥനക്ക് ഫലം ഉണ്ടായി. കിങ്ങിണി മോളുടെ ജാതകവും ആയി നന്നായി ചേരുന്ന ഒരു ജാതകം ആണ് കിട്ടിയിരിക്കുന്നത്. പത്തിൽ പത്തു പൊരുത്തവും ഉണ്ട്…. ഞാൻ കുട്ടിയുടെ ഫോട്ടോ അവരെ കാണിച്ചു. അവർ കുട്ടിയെ കണ്ടിട്ടുണ്ട്…. അധികം വൈകാതെ തന്നെ വിവാഹം നടത്തണം…. കാരണം ചെക്കന് 6മാസം കൂടെ കഴിഞ്ഞാൽ പിന്നെ വിവാഹം നടത്താൻ പറ്റുന്ന സമയം അല്ല. അതുകൊണ്ട് കാര്യങ്ങൾ എല്ലാം വേഗത്തിൽ ആയിക്കോട്ടെ”….

“ശരി തിരുമേനി”….

“നാളെ നിങ്ങൾ പറ്റുമെങ്കിൽ എല്ലാവരും കൂടെ ഇങ്ങോട്ട് വാ….ചെക്കന്റെ വീട്ടുകാരെ ഒന്ന് പരിചയപ്പെടാം”…

“ശരി തിരുമേനി നാളെ തന്നെ എത്താം”….

അത്രയും പറഞ്ഞു തിരുമേനി ഫോൺ വെച്ചു.

അറിഞ്ഞത് സന്തോഷ വാർത്ത ആണെങ്കിലും ഉള്ളിൽ ഒരു നോവ് എല്ലാവർക്കും ഉണ്ടായിരുന്നു. എങ്ങനെ കിങ്ങിണി അവർ പറയുന്നത് accept ചെയ്യും എന്നുള്ള ഭയം എല്ലാവരിലും ഒരു ചോദ്യ ചിഹ്നം ആയി അവശേഷിച്ചു .

എന്തൊക്കെ സംഭവിച്ചാലും വിവാഹം നടത്തണം എന്ന നിലക്ക് തന്നെ എല്ലാവരും തീരുമാനം എടുത്തിരുന്നു.

******************

അമ്പലത്തിൽ പോയി വന്നു കഴിഞ്ഞു ഫൈസലും നിഹാലും കൂടെ എന്തൊക്കെയോ ആവശ്യങ്ങൾക്ക് വേണ്ടി പുറത്ത് പോയിരുന്നു. തിരികെ വന്നത് രാത്രി ആയപ്പോൾ ആയിരുന്നു. വൈകിട്ട് അത്താഴം കഴിക്കുമ്പോൾ ഫാത്തിമയോട് നാളെ രാവിലെ 8മണിക്ക് റെഡിയായി നിൽക്കണം ഡ്രസ്സ്‌ എടുക്കാൻ പത്തനംതിട്ടക്ക്  പോകണം എന്ന് ഫൈസൽ പറഞ്ഞു. കിങ്ങിണിയോടും അവൻ അത് ആവർത്തിച്ചു.

എല്ലാവരും ഭക്ഷണം കഴിച്ചു എഴുന്നേറ്റു. ഫാത്തിമ ഭാവി പുയ്യാപ്ലയും ആയി സൊള്ളി കൊണ്ട് ഇരിക്കുന്ന സമയത്തു കിങ്ങിണി ഇറങ്ങി പുറത്തേക്കു പോയി. ഫൈസൽ ആണെങ്കിൽ ലാപ്ടോപ്ൽ എന്തോ തിരക്കിട്ട പണിയിൽ ആയിരുന്നു.

നിഹാൽ  ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് നിൽക്കുന്നു. കിങ്ങിണി ബാൽക്കണിയിൽ വന്നു അരപ്ലേസിൽ  കയറി ഇരുന്നു. മാനത്തു നിറഞ്ഞു നിൽക്കുന്ന ചന്ദ്രനെ നോക്കി ഇരുന്നു. ഇടയ്ക്ക് എപ്പോഴോ ഒരു നോട്ടം നിഹാലിനു  നേരെ പാറി വീണപ്പോൾ അവൾ മേഘയെ കുറിച്ച് ഓർത്തു.

“അവൾ ഇപ്പോൾ വല്ല ചെക്കന്മാരെയും വായിനോക്കി അമ്പല പറമ്പിൽ കൂടെ നടക്കുക ആവും. അവൾ കരൾ വരട്ടും  എന്ന് പറഞ്ഞു പോയ ആളാണെങ്കിൽ  ഇവിടെയും. വല്ലാത്ത നഷ്ടം ആയി പോയല്ലോ ടി മേഘ പെണ്ണേ നിനക്ക്”…. കിങ്ങിണി ഓരോന്ന് ആലോചിച്ചു ചിരിച്ചു.

“ഹലോ…. ഉറക്കം ഒന്നുമില്ലേ”??… നിഹാലിന്റെ ശബ്ദം ആണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

“ഉറക്കം വന്നില്ല”…

“മ്മ്… എന്ത് ഓർത്ത ചിരിച്ചേ”??

“ഏയ് ഒന്നുമില്ല”…

“എന്തോ ഉണ്ട് പറയെന്നെ”….

“ഒന്നുമില്ല”

“ഫ്രണ്ട്സിന്റെ ഇടയിൽ എന്തിനാ ഒരു ഒളിച്ചു കളി പറയെടോ”…. കിങ്ങിണി ചിരിച്ചു കൊണ്ട് മേഘ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു.

“ശേ എനിക്ക് miss ആയി പോയല്ലോ ഒരു പ്രേമം…. ”

“മ്മ്… തന്റെ കൂട്ടുകാരി എങ്ങനെ തന്നെ പോലെ സുന്ദരി ആണോ”??

“ആക്കിയത് ആണല്ലേ”…. കിങ്ങിണിയുടെ ചോദ്യം കേട്ടു അവൻ ഒന്ന് ചിരിച്ചു.

“നിങ്ങൾ പെൺകുട്ടികൾക്ക് ഈ പ്രായത്തിൽ ഇങ്ങനെ പല ഇഷ്ടങ്ങളും തോന്നും. അത് അങ്ങനെ ഒരു സ്റ്റേജ് ആണ്. ആരെയും കുറ്റം പറയാൻ പറ്റില്ല… ”

“മ്മ്… ”

“എന്തായാലും തന്റെ കൂട്ടുകാരിയോട്  പറഞ്ഞേക്ക് ഈ കരൾ വരട്ടി തിന്നാൻ നിൽക്കണ്ട എന്ന്”…

“എന്തൈ”??

“മ്മ് ….. വീട്ടുകാർ എന്നേ പൂട്ടാൻ തീരുമാനിച്ചു”..

“ഏഹ്”??

“മ്മ്…. എന്റെ കല്യാണം ഉറപ്പിക്കാൻ പോകുവാ”…. നിഹാലിൽ  നിന്ന് അത് കേട്ടപ്പോൾ കിങ്ങിണിയുടെ മുഖം മങ്ങി. എങ്കിലും അവൾ അത് പുറത്തു കാട്ടാതെ  ഒരു ചിരി മുഖത്ത് വരുത്തി.

“ഇന്ന് ഇപ്പോൾ അമ്മ വിളിച്ചു പറഞ്ഞതാ… അതാ ഞാൻ ഫോൺ ചെയ്തു കൊണ്ട് നിന്നത്.ഒരുപാട് നാളായി വീട്ടുകാര് പറയുന്നു കല്യാണം കഴിക്കാൻ. ഞാൻ ചുമ്മാ ഓരോന്നും പറഞ്ഞു ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. ഇപ്പോ സമ്മതിക്കേണ്ടി വന്നു. എത്രയെന്ന് വെച്ചാ ഒഴിഞ്ഞു മാറുക”!!

“ചേച്ചിയുടെ പേരെന്താ ??arranged ആണോ”??

“മ്മ് arranged. പേര് ഒന്നും അറിയില്ലടോ…. അതൊക്കെ കെട്ടി കഴിയുമ്പോൾ അറിഞ്ഞാൽ മതി എനിക്ക്”….

“അതെന്താ”??

“അത് അങ്ങനെയാ”… ഫോണിൽ ഓരോ ഫോട്ടോ ആയി തിരയുന്ന സമയത്തു നിഹാൽ അവന്റെ കുടുംബത്തെ കിങ്ങിണിക്ക് പരിചയപ്പെടുത്തി കൊടുത്തു.

“ആ പിന്നെ ചഞ്ചല തന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ ഏട്ടത്തിമാർ  വിളിച്ചാരുന്നു. അവരൊക്കെ ഞെട്ടി പോയി തന്നെയും എന്നെയും കൂടെ കണ്ടപ്പോൾ…. ”

“മ്മ്…. “… കിങ്ങിണി ചിരിച്ചു കൊണ്ട് എല്ലാം കേട്ടു ഇരുന്നു.

“ഞാൻ കല്യാണം വിളിച്ചാൽ ഇയാള് വരുവോ “??

“മ്മ്… വരാല്ലോ”…

“ഹ്മ്മ്.. ”

“ഞാൻ പോട്ടെ ഉറക്കം വരുന്നുണ്ട്… ”
“ശരി”….

നിഹാലിനോട് യാത്ര പറഞ്ഞു പോകുമ്പോൾ ഉള്ളിൽ എന്തോ ഒരു ഭാരം നിറഞ്ഞു വരുന്നത് അവൾ അറിഞ്ഞു. കണ്ണൊക്കെ ചൂട് പിടിച്ചു കരയാൻ തയ്യാർ ആകും പോലെ.

മുറിയിൽ ചെന്നപ്പോൾ ഫാത്തിമ അവിടെ ഇല്ല അവൾ പുറത്ത് പോയി നിന്ന് സംസാരിക്കുക ആകും എന്ന് കിങ്ങിണി ഊഹിച്ചു. കിങ്ങിണി ഒന്നും മിണ്ടാതെ ലൈറ്റ് ഓഫ്‌ ചെയ്തു വന്നു കിടന്നു.

“ആ ചേട്ടന്റെ കല്യാണം ഉറപ്പിച്ചതാ…. വെറുതെ ഞാൻ ഓരോ പൊട്ടത്തരങ്ങൾ മനസ്സിൽ ഓർത്തു നടന്നു. എനിക്ക് ഇത് എന്ത് കുന്തം ആണെന്റെ ദൈവമേ പറ്റിയത്??ഒരു പരിചയവും ഇല്ലാത്ത ഒരാൾക്ക് വേണ്ടി ഞാൻ എന്തിനാ ഇങ്ങനെ കരയണേ”!!… ഉള്ളിൽ തികട്ടി വന്ന സങ്കടക്കടൽ മുഴുവൻ അവൾ തലയിണയിലേക്ക് ഒഴുക്കി വിട്ടു.

“ഇല്ല ഇനി ആ ചേട്ടനും ആയിട്ട് കൂടുതൽ കൂട്ടൊന്നും വേണ്ടാ… അത് ശരി ആകില്ല. “….

കിങ്ങിണി വീണ്ടും എന്തൊക്കെയോ ആലോചിച്ചു കിടന്നു.

“ആഹാ നീ കിടന്നോ”??…ഫാത്തിമ മുറിയിലേക്ക് വന്നപ്പോൾ കിങ്ങിണി ഉറങ്ങുന്ന പോലെ കണ്ണടച്ച് കിടന്നു. കിങ്ങിണിയുടെ അനക്കം ഒന്നുമില്ലാതെ വന്നപ്പോൾ അവളും ഒന്നും മിണ്ടാതെ കിങ്ങിണിയുടെ അടുത്ത് പോയി  കിടന്നു.

*****************

പിറ്റേന്ന് രാവിലെ നിഹാൽ നേരത്തെ എഴുന്നേറ്റു. വീട് മാറി കിടന്നത് കൊണ്ട് ഉറക്കം അത്ര വെടിപ്പ് ആയില്ല. അവൻ വാതിൽ തുറന്നു പുറത്ത് ഇറങ്ങി ഒരു വയ്‌ക്കോട്ടയൊക്കെ വിട്ട്  കയ്യും കെട്ടി പുറത്തേക്കു നോക്കി  നിന്നു.

തളം കെട്ടി നിന്ന നിശബ്ദതയെ ഭേദിച്ച് കൊണ്ട് അവന്റെ കർണപടത്തിൽ തറച്ചു കയറിയ കൊലുസിന്റെ ശബ്ദം കേട്ടു അവൻ കണ്ണ് എത്തിച്ചു നോക്കി. കുളി കഴിഞ്ഞു ഈറനോടെ തലയിൽ തുവർത്തു ചുറ്റി കൊണ്ട് നടന്നു വരുന്ന കിങ്ങിണിയെ കണ്ട് അവന്റെ മുഖം വിടർന്നു. ദാവണി തുമ്പാൽ കഴുത്തിൽ പറ്റിയിരുന്ന വെള്ള തുള്ളികൾ തുടച്ചു കിങ്ങിണി നോക്കിയപ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന നിഹാലിനെ ആണ് കണ്ടത്. അവൾ ആ നോട്ടത്തിൽ ഒന്ന് പതറി എങ്കിലും ഒന്നും മിണ്ടാതെ പോകാൻ ഉള്ള പ്ലാനിൽ ആയിരുന്നു.

“ഗുഡ് മോർണിംഗ് മേഡം”….നിഹാൽ പറഞ്ഞു.അവൾ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു അവന്റെ അരികിൽ നിന്ന് പോയി.

“ഇവൾ എന്താ ഒന്നും മിണ്ടാതെ പോയത്”??നിഹാൽ അത് ആലോചിച്ചു നിക്കുമ്പോൾ ആണ് ഫൈസൽ വന്നു അവനോടും റെഡി ആകാൻ പറഞ്ഞത് ഡ്രസ്സ്‌ എടുക്കാൻ പോകാൻ.

കിങ്ങിണി കഴിവതും നിഹാലിനെ കാണാതെ ഒളിച്ചു നടക്കാൻ ശ്രെമിച്ചു. അവനെ പുറത്ത് കണ്ടാൽ അവൾ ആ വഴി പോകില്ല.ഇനി അഥവാ കണ്ടിട്ട് എന്തേലും ചോദിച്ചാൽ ഒരു ചിരിയിൽ അവൾ എല്ലാം ഒതുക്കി നിർത്തും.  ഇതൊക്കെ നിഹാൽ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. രാവിലെ ഭക്ഷണം കഴിക്കാൻ എല്ലാവരും ഇരുന്നപ്പോൾ നിഹാൽ അവളെ അടുത്തിരുന്നു കഴിക്കാൻ വിളിച്ചു എങ്കിലും അവൾ സ്നേഹത്തോടെ അത് തിരസ്കരിച്ചു.

“ഇവൾക്ക് ഇത് എന്തുപറ്റി ??ഇന്നലെ രാത്രി വരെ നല്ല കമ്പനി ആയിട്ട് ഇരുന്നത് അല്ലേ പെട്ടെന്ന് ഇത് എന്താ ??ഞാൻ തെറ്റായിട്ട് ഒന്നും ചെയ്തില്ലല്ലോ”… നിഹാൽ ഓരോന്നൊക്കെ മനസ്സിൽ ആലോചിച്ചു കൂട്ടി.

“ഡാ നീ റെഡി ആയോ”??…. ഫൈസലിന്റെ ശബ്ദം ആണ് അവനെ ആലോചനയിൽ നിന്ന് ഉണർത്തിയത്.

“അഹ് എന്താടാ”??

“നീ ഏത് ലോകത്താണ് ??പോകാം നമുക്ക്”??

“മ്മ്…. ”

“ദാ ഈ കാറിന്റെ കീ പിടിക്ക് നീയും പാത്തുവും കിങ്ങിണി കുട്ടിയും കൂടെ നേരെ വിട്ടോ ടെക്സ്റ്റൈൽ     സിലേക്ക്”….

“മ്മ്…. അപ്പോ നീ”??

“ഞാൻ ബാക്കി പെൺപടകളെ എല്ലാം കൂട്ടി അങ്ങോട്ടേക്ക് വന്നോളാം. ഇല്ലങ്കിൽ നിങ്ങളും ലേറ്റ് ആകും”…

“മ്മ് ശരി”… നിഹാൽ കാർ എടുത്തു തിരിച്ചു ഇട്ടു. അവൻ ഡ്രൈവിംഗ് സീറ്റിൽ തന്നെ ഇരുന്നു ഫോണിൽ എന്തോ ടൈപ്പ് ചെയ്യുക ആയിരുന്നു. അറിയാതെ കണ്ണ് ഒന്ന് ഉമ്മറത്തേക്ക് നീങ്ങിയപ്പോൾ ഒരു നീല ചുരിദാറും ഇട്ടു മുടി മെടഞ്ഞു കെട്ടി  ഓടി ഇറങ്ങി വന്ന കിങ്ങിണിയെ ആണ് കണ്ടത്. പുറകെ ഫാത്തിമയും ഉണ്ട്. കിങ്ങിണി ഫാത്തിമയെ ഓരോന്ന് പറഞ്ഞു കളിയാക്കുന്നതും അവൾ ചിരിക്കുന്നതും എല്ലാം നിഹാൽ നോക്കി ഇരുന്നു.

“കിങ്ങിണി കുട്ടി നീ ഫ്രണ്ടിൽ ഇരുന്നോ… ഇക്ക വിളിക്കും അതുകൊണ്ട് ഞാൻ പുറകിൽ ഇരുന്നോളാം”…. ഫാത്തിമ അതും പറഞ്ഞു പുയ്യാപ്ലയെ വിളിക്കാൻ തുടങ്ങി. കിങ്ങിണി ഡോർ തുറന്നു അകത്തു കയറിയപ്പോൾ ആണ് നിഹാലിനെ കണ്ടത്.

ഒരു ചെറു പുഞ്ചിരിയോടെ തന്നെ നോക്കിയ ആ മിഴികൾ അവൾ കണ്ടില്ല എന്ന് വെച്ചു.

“സീറ്റ് ബെൽറ്റ്‌ ഇട്”… അവൻ അത് പറഞ്ഞപ്പോൾ കിങ്ങിണി സീറ്റ് ബെൽറ്റ്‌ ഇട്ടു.

യാത്രയിൽ ഉടനീളം ഫാത്തിമ ഫോണിൽ സംസാരിക്കുക ആയിരുന്നു. കിങ്ങിണി ആണെങ്കിൽ കയ്യും കെട്ടി  പുറത്തെ കാഴ്ചകൾ കണ്ടിരുന്നു.

നിഹാൽ അവളോട്‌ സംസാരിക്കാൻ ശ്രെമിച്ചു എങ്കിലും അവൾ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു.അവൾ ഒഴിഞ്ഞു മാറുക ആണെന്ന് തോന്നിയപ്പോൾ അവനും ഒന്നും മിണ്ടാൻ പോയില്ല.

“എന്റെ ഭാഗത്ത്‌ നിന്ന് യാതൊരു തെറ്റും ഉണ്ടായിട്ടില്ല. ഞാൻ കിങ്ങിണിയോട് മോശമായി ഒന്നും പറഞ്ഞിട്ടും ഇല്ല. പിന്നെ ഇവൾ ഇങ്ങനെ ഒഴിഞ്ഞു മാറുന്നത് എന്തിനാ??….. എന്തേലും കാര്യം ഉണ്ടായിട്ട് ആണെങ്കിൽ വേണ്ടാ ഇത് ചുമ്മാ ആളെ വടി ആക്കുന്നു.”…. നിഹാലിന്  ദേഷ്യം ഇരച്ചു കയറി. അവൻ ആ ദേഷ്യം മുഴുവനും വണ്ടിയിൽ പ്രകടിപ്പിച്ചു തുടങ്ങി. വണ്ടിയുടെ സ്പീഡ് വല്ലാതെ കൂടുന്ന പോലെ കിങ്ങിണിക്ക് തോന്നി. തോന്നൽ അല്ല സത്യം ആണെന്ന് മനസിലാക്കാൻ അധിക നേരം വേണ്ടി വന്നില്ല അവൾക്ക്.

എതിരെ വരുന്ന K. S. R. T. C ക്ക് നേരെ അവൻ കുതിച്ചു പാഞ്ഞപ്പോൾ  കിങ്ങിണി കണ്ണുകൾ ഇറുക്കെ അടച്ചു പോയി. അറിയാതെ അവളുടെ വലം കൈ നിഹാലിന്റെ കൈ തണ്ടയിൽ അമർന്നു. ഫാത്തിമ ഇത് ഒന്നും അറിയാതെ ഫോണിൽ തന്നെ ആയിരുന്നു.

ഭയന്ന് വിറച്ചു കൊണ്ടുള്ള കിങ്ങിണിയുടെ മുഖത്തേക്ക് നിഹാൽ നോക്കിയപ്പോൾ അവൾ പതിയെ പോകാമോ എന്ന് ചോദിക്കുക ആണെന്ന് അവന് വെക്തമായി.

അവൾക്ക് നേരെ ദേഷ്യത്തിന്റെ ആയിരം അമ്പുകൾ  ഒന്നിച്ചു എയ്തു  അവൻ ഗിയർ  മാറ്റി. വീണ്ടും അവളുടെ കയ്യുടെ പിടിത്തം മുറുകി കണ്ണിൽ നനവിന്റെ ജല കണങ്ങൾ കണ്ടപ്പോൾ അവന്റെ ഉള്ളും പിടച്ചു കാണണം. അവളുടെ കൈ എടുത്തു മാറ്റി കൊണ്ട് അവൻ കാറിന്റെ സ്പീഡ് കുറച്ചു.

“ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ട്…. ഒരു ദിവസം അടുത്തു ഇടപെഴകിയിട്ട്  അതിൽ കൂടുതൽ ഒരു ബന്ധവും എനിക്ക് കിങ്ങിണിയോട് ഇല്ല. പിന്നെ എന്തിനാണ് അവൾ എന്നോട് ഒരു വാക്ക് മിണ്ടാതെ പോകുമ്പോൾ എനിക്ക് കരുതൽ നൽകാതെ എന്നെ നോക്കാതെ പോകുമ്പോൾ എല്ലാം എന്റെ നെഞ്ച് ഇങ്ങനെ പിടഞ്ഞു പോകുന്നത് ??ഞാൻ എന്തിനാണ് അവളെ ഇത്രയേറെ നെഞ്ചിലേക്ക് ആവാഹിക്കുന്നത് ??പേര് അറിയാത്ത ഈ വികാരം അതിനെ ഞാൻ എന്ത് പേര് ഇട്ടു വിളിക്കണം ??ഇങ്ങനെ ഒരു അവസ്ഥ തന്റെ ജീവിതത്തിൽ തന്നെ ആദ്യം ആണ്”…….

നിഹാലിന്റെ ചിന്തകൾ എവിടെക്കെയോ അലഞ്ഞു തിരിഞ്ഞു നടന്നു. അവന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം അത് കണ്ടെത്തുക അവന് പ്രയാസം തന്നെ ആയിരുന്നു. മനസ്സ് ആഴക്കടൽ പോലെ സങ്കീർണമാകുന്നത് അവൻ അറിഞ്ഞു.

കാർ ടെക്സ്റ്റൈൽസിനു  മുന്നിൽ നിർത്തി കിങ്ങിണിയെയും ഫാത്തിമയെയും അവൻ ഇറക്കി. പാർക്കിംഗ് ഏരിയയിലേക്ക് പോയി.

പാർക്ക്‌ ചെയ്തു വന്നപ്പോഴേക്കും ഫൈസൽ എത്തിയിരുന്നു. അവനും കാർ പാർക്ക്‌ ചെയ്തു വരുന്ന വരെ നിഹാൽ അവിടെ തന്നെ നിന്നു.

“എന്താടാ നിന്റെ മുഖം വല്ലാതെ”??ഫൈസൽ ചോദിച്ചു.

“ഒന്നുമില്ലടാ… എനിക്ക് എന്തോ ഒരു വല്ലായ്ക പോലെ”??

“എന്താടാ ഹോസ്പിറ്റലിൽ വല്ലോം പോകണോ”??…

“വേണ്ടടാ… ഞാൻ ഓക്കേ ആണ്”…

“മ്മ് എങ്കിൽ വാ”… അവർ രണ്ടാളും കൂടെ ടെക്സ്‌റ്റേൽസിലേക്ക് കയറി പോയി.

ആദ്യം തന്നെ ഫാത്തിമക്ക് വേണ്ടിയുള്ള ഡ്രസ്സ്‌ എടുത്തു. മജെന്ത നിറം ഉള്ള സ്റ്റോൺ വർക്ക്‌ ചെയ്ത ലഹങ്ക ആയിരുന്നു എടുത്തത്. മൈലാഞ്ചി കല്യാണത്തിന് ഉള്ള ഡ്രസ്സ്‌ എല്ലാവരും കൂടെ സെലക്ട്‌ ചെയ്യുക ആണ്. കിങ്ങിണിയും ഉണ്ട് എല്ലാത്തിനും അവളുടെ കൂടെ. കിങ്ങിണിക്ക് ഉള്ള ഡ്രസ്സ്‌ ഫാത്തിമ സെലക്ട്‌ ചെയ്തു മാറ്റി വെച്ചു നേരത്തെ. അവളോട്‌ ഇഷ്ടമുള്ളത് എടുക്കാൻ പറഞ്ഞാൽ അവൾ എടുക്കില്ലന്ന് ഫാത്തിമക്ക് അറിയാം.

“കിങ്ങിണി കുട്ടി എന്റെ ബാഗ് കാറിൽ ആയി പോയി മോള് അത് ഒന്ന് എടുത്തു കൊണ്ട് വരാമോ”??…ഫാത്തിമ ചോദിച്ചു.

“മ്മ്”…കിങ്ങിണി പതുക്കെ അവിടെ നിന്നും ഇറങ്ങി കാർ തുറക്കാൻ  ഫൈസലിനെ അന്വേഷിച്ചു നടന്നു.

“എന്താണ് മണ്ടു ഇതിലെ നടക്കുന്നത്”??…ഫൈസൽ അവളെ കണ്ടപ്പോൾ ചോദിച്ചു.

“കാറിന്റെ താക്കോൽ തരാമോ ??ഇത്തയുടെ ബാഗ് എടുക്കാൻ വേണ്ടിയാ”…

“താക്കോൽ നിഹാലിന്റെ കയ്യിൽ ആണല്ലോ”…

“ഡാ… നിഹാലെ …. “…ഫൈസൽ വിളിക്കുമ്പോൾ നിഹാൽ ആരെയോ ഫോൺ ചെയ്യുക ആയിരുന്നു. ആ കോളിൽ നിന്ന് കൊണ്ട് തന്നെ നിഹാൽ എന്താ എന്ന് കൈ കൊണ്ട് ചോദിച്ചു.

“നീ ഇവളുടെ കൂടെ ഒന്ന് ചെല്ല്….കാർ തുറക്കണം “…എന്ന് ഫൈസൽ പറഞ്ഞു. നിഹാൽ ഒന്നും മിണ്ടിയില്ല. അവളെ നോക്കുക പോലും ചെയ്യാതെ അവൻ പുറത്തേക്കു ഇറങ്ങി പാർക്കിങ്ങിലേക്ക് നടന്നു. അവൻ സ്പീഡിൽ നടന്നപ്പോൾ അവന്റെ ഒപ്പം എത്താൻ കിങ്ങിണി നന്നേ പാട് പെട്ടു.

നിഹാൽ പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ കാൾ കട്ട്‌ ചെയ്തു.

“എന്തിനാ നിന്റെ കൂടെ വരാൻ അവൻ പറഞ്ഞത്”??…നിഹാലിന്റെ സ്വരം ഉയർന്നപ്പോൾ അവൾ ശരിക്കും ഭയന്നു.

“ഫാത്തിമത്തയുടെ ബാഗ് എടുക്കാൻ”…

“മ്മ്… “..നിഹാൽ വേഗം കാറിന്റെ അടുത്തേക്ക് നടന്നു. കാറിന്റെ ലോക്ക് അഴിച്ചു. കിങ്ങിണി ബാക്ക്  ഡോർ തുറന്നു ബാഗ് എടുത്തു. പെട്ടെന്ന് നിഹാൽ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. Co ഡ്രൈവർ സീറ്റിന്റെ ഗ്ലാസിൽ അവൻ കൈ തട്ടി അവളെ വിളിച്ചു. കിങ്ങിണി ഡോർ തുറന്നതും നിഹാൽ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റി.

അവൾ ഇറങ്ങാൻ ശ്രെമിച്ചതും അവൻ ഡോർ വലിച്ചു അടച്ചു ലോക്ക് ചെയ്തു. സീറ്റ് ബെൽറ്റും  ഇട്ടു.

“ഞാൻ പറയാതെ ഇനി അനങ്ങി പോകരുത്. കുറെ നേരമായി തുടങ്ങിയിട്ട്”…നിഹാൽ ദേഷ്യത്തോടെ ശബ്ദം ഉയർത്തി പറഞ്ഞു.

കിങ്ങിണി അവന്റെ ആ സമീപനത്തിൽ  ആകെ ഭയന്നു പോയി. നിഹാൽ കാർ സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്കു പറപ്പിച്ചു വിട്ടു. തന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം തേടി.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

(ഉത്തരം എന്താണെന്നു നാളെ അറിയാം. എന്തൊക്കെ നടക്കും എന്ന് ഇനി കണ്ടറിയാം. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുതേ. എന്നെ ഇനി  നോക്കണ്ട ഞാൻ ഇന്ത ഊര്  വിട്ടു പോയാച്…..)

രചന :-അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *