ചെമ്പകം പൂക്കുമ്പോൾ, തുടർക്കഥ, ഭാഗം 13 വായിക്കുക….

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, Part 13

❤️❤️❤️❤️❤️❤️❤️❤️❤️

“ചിരിക്കേണ്ട…. മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കണം എങ്കിൽ ആദ്യം സ്നേഹിക്കാൻ പഠിക്കണം”….അവന്റെ അസ്ഥാനത്തുള്ള ചിരി കണ്ട് കിങ്ങിണിക്ക് ദേഷ്യം വന്നു. അവൾ ഡോർ തുറന്നു പുറത്തേക്കു പോയി.

“എടൊ… ഏയ്… ചഞ്ചല …… നിക്ക്… നിക്ക്… നിക്ക് പെണ്ണേ”….നിഹാൽ അവളുടെ കയ്യിൽ പിടിച്ചു നിർത്തി.

Also Read – ചെമ്പകം പൂക്കുമ്പോൾ, തുടർക്കഥ, ഭാഗം 22 വായിക്കുക….
“എന്താ”??…

“ഹ എന്തൊരു കൊമ്പ് ആടോ”??

“പിന്നെ ഞാൻ ഇത്ര സീരിയസ് ആയൊരു കാര്യം പറഞ്ഞിട്ട് എന്നെ ഒരുമാതിരി കളിയാക്കി ചിരിച്ചാൽ എനിക്ക് ദേഷ്യം വരില്ലേ”!!…

“എവിടം കൊണ്ടാണ് ആവോ ചേച്ചിക്ക് ദേഷ്യം വന്നത്”??….കിങ്ങിണിക്ക് ദേഷ്യം ഇരച്ചു കയറി. അവൾ കൈ രണ്ടും കെട്ടി അവനെ നോക്കാതെ ദൂരേക്ക് നോക്കി നിന്നു.

“എടൊ ഞാൻ ഇയാളെ കളിയാക്കിയത് അല്ല… തന്റെ വർത്താനം കേട്ടു ചിരിച്ചു പോയതാ…സ്നേഹിക്കുന്നത് തെറ്റാണു. മേഘ സ്നേഹിച്ച ആളെ സ്നേഹിക്കുന്നത് തെറ്റാണു. എന്നൊക്കെ പറഞ്ഞാൽ ആരാ ചിരിക്കാതെ. ഇത്രക്ക് പാവം ആകരുത് കേട്ടോ. നേരത്തെ ഇയാള് പറഞ്ഞിട്ട് പോയത് ഒന്നും എനിക്ക് മനസ്സിലായില്ല. പക്ഷെ, ഇപ്പോൾ ആണ് കാര്യം മനസ്സിലായത്… ”

“എന്ത്”??…കിങ്ങിണി അല്പം ഗൗരവത്തോടെ ചോദിച്ചു.

നിഹാൽ രണ്ടും കയ്യും കെട്ടി അവളുടെ മുഖത്തേക്ക് നോക്കി നിന്നു.

“പറയട്ടെ”??

“മ്മ്”….

“പറഞ്ഞാൽ പിണങ്ങുവോ “??

“ഇല്ല”…

“എങ്കിൽ പറയാം… ”

“മ്മ്”…കിങ്ങിണി അവൻ പറയാൻ പോകുന്നത് എന്താണെന്നു അറിയാൻ കാതോർത്തു നിന്നു.

“ഈ നിൽക്കുന്ന തൊട്ടാവാടി പെണ്ണിന് എന്നെ ഇഷ്ടം ആണെന്ന്”….കിങ്ങിണിയുടെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി അത് അവളുടെ മുഖത്തും ഉണ്ടായിരുന്നു.

“സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോഴാ കാര്യങ്ങൾ ക്ലിയർ ആയത്. ഇന്നലെ രാത്രി നമ്മൾ മേഘയുടെ കാര്യം സംസാരിച്ചു എന്റെ കല്യാണ കാര്യവും സംസാരിച്ചു. ഇയാള് ഉറക്കം വരുന്നു എന്ന് പറഞ്ഞു പോയി കിടന്നു. എന്നിട്ട് പിറ്റേന്ന് രാവിലെ ആയപ്പോൾ അതുവരെ ഉണ്ടായിരുന്ന എല്ലാ കൂട്ടും വിട്ടു മുഖവും വീർപ്പിച്ചു നടന്നു. ഇപ്പോൾ പോരാത്തതിന് പറയാതെ തന്നെ പറഞ്ഞു പോയല്ലോ എന്നോട് തോന്നിയ ഇഷ്ടം. “……നിഹാൽ പറഞ്ഞത് എല്ലാം സത്യം തന്നെ ആയിരുന്നു . അവൻ തന്റെ മനസ്സിൽ ഉള്ളത് എല്ലാം അറിഞ്ഞു എന്ന് ആയപ്പോൾ കിങ്ങിണി ആ ചമ്മൽ പുറത്ത് കാട്ടാതെ ഇരിക്കാൻ പരമാവധി ശ്രെമിച്ചു.

“ചമ്മണ്ട…. ഇതൊക്കെ എല്ലാവർക്കും തോന്നുന്ന കാര്യമാ…. അല്ല നിനക്ക് ഇത് ആദ്യമായിട്ട് ആണോ അതോ എല്ലാ ചെക്കന്മാരെയും കാണുമ്പോൾ ഇത് തോന്നാറുണ്ടോ”??… നിഹാലിന്റെ ചോദ്യം കേട്ടതും കിങ്ങിണിയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ പാഞ്ഞു.

“എന്താ ഇയാള് ചോദിച്ചത്”??,…. അവൾ ഗൗരവം കളയാതെ ചോദിച്ചു.

“അല്ല ആദ്യം ആയിട്ട് ആണോ അതോ എല്ലാവരോടും തോന്നുമോ എന്ന്”??…

നിഹാലിന്റെ ആ ചോദ്യത്തിന് ഉള്ള മറുപടി അല്പം ചൂട് കൂട്ടി ആണ് കിങ്ങിണി അവന്റെ കവിളിൽ കൊടുത്തത്.

“Mind your words…. മേലിൽ ഇനി ഇമ്മാതിരി തെണ്ടിത്തരം പറഞ്ഞാൽ തന്റെ തലയിൽ കൂടെ ഞാൻ പെട്രോൾ ഒഴിക്കും”…. കിങ്ങിണി അതും പറഞ്ഞു അവന്റെ അടുക്കൽ നിന്ന് മാറി നിന്നു.

“ആദ്യത്തെ പ്രേമം തന്നെ”….ഒരു അടി കിട്ടിയപ്പോൾ നിഹാലിന് അത് ബോധ്യം ആയി.

“കിങ്ങിണി…. തന്നോട് ആർക്കും ഒരു ഇഷ്ടമൊക്കെ തോന്നും. നീ മിടുക്കി ആണ്, നിഷ്കളങ്കത ഒരുപാട് ഉള്ള അകവും പുറവും ഒരുപോലെ പൊള്ള ആയ ഒരു പെണ്ണ് ആണ്. ഇപ്പോൾ ഈ കാലത്ത് മഷി ഇട്ട് നോക്കിയാൽ പോലും മരുന്നിനു ഒരു പെണ്ണിനെ പോലും കിട്ടില്ല. നിന്നെ പോലെ ഒരു പെണ്ണിനെ എല്ലാവരും ആഗ്രഹിക്കും. പക്ഷെ, കിങ്ങിണിക്ക് ഇപ്പോൾ എന്നോട് തോന്നുന്നത് വെറും ആകർഷണം ആണ്. അല്ലാതെ ആ ഇഷ്ടത്തിന്റെ പേര് പ്രണയം എന്ന് ഒന്നുമല്ല. ഈ പ്രായത്തിൽ ഇതൊക്കെ തോന്നും.

തോന്നേണ്ട കാര്യം തന്നെ ആണ് തോന്നി ഇല്ലങ്കിൽ ആണ് കുഴപ്പം. ചിലപ്പോൾ നിന്റെ ജീവൻ ഞാൻ രക്ഷിച്ചത് കൊണ്ട് നിനക്ക് തോന്നിയ ആരാധന ആവാം ഈ ആകർഷണത്തിന് കാരണം. ചിലപ്പോൾ എന്നിൽ കണ്ട മറ്റു എന്തേലും ഗുണം ആകാം. “…..

കിങ്ങിണി മിഴികൾ ഉയർത്തി അവനെ നോക്കി.

“ഇപ്പോൾ മോള് പഠിക്കേണ്ട സമയം ആണ്. ഒരുപാട് നന്മകൾ മനസ്സിൽ സൂക്ഷിക്കുന്ന നിനക്ക് ഈ ലോകത്ത് ഏറ്റവും നല്ലത് തന്നെ നിന്റെ വീട്ടുകാർ കൊണ്ട് തരും. എന്റെ കിങ്ങിണി അതുകൊണ്ട് ഈ ചിന്തകൾ എല്ലാം മറന്നു നല്ല കുട്ടി ആയി നടക്കണം. ഇപ്പോൾ ഇവിടെ നടന്നത് നമ്മൾ അല്ലാതെ മൂന്നാമത് ഒരാൾ അറിയില്ല വാക്ക്”…..കിങ്ങിണിയുടെ കയ്യിൽ പിടിച്ചു അവൻ സത്യം ചെയ്തു.

അവളുടെ മിഴികളിൽ മുഴുവൻ നിറഞ്ഞു നിന്നത് തന്നോട് ഉള്ള പ്രണയ രാശികൾ ആണെന്ന് നിഹാലിന് വെക്തമായി അറിയാമായിരുന്നു. പക്ഷെ, മനപ്പൂർവം അവൻ അത് കണ്ടില്ല എന്ന് നടിച്ചു.

“വാ പോകാം നമുക്ക്”….നിഹാൽ കാറിൽ കയറാൻ തുനിഞ്ഞതും കിങ്ങിണി അവന്റെ കയ്യിൽ കയറി പിടിച്ചു.

നിഹാൽ “എന്ത്”….എന്ന അർഥത്തിൽ അവളെ നോക്കി. പെട്ടെന്ന് ഒരു തേങ്ങലോടെ കിങ്ങിണി അവന്റെ ഹൃദയ ചൂടിലേക്ക് മുഖം പൂഴ്ത്തി നിന്നു കരഞ്ഞു. അവളുടെ ഗോതമ്പ് നിറമുള്ള ആ നീളൻ കൈകൾ അവനെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിക്കും പോലെ അവന് തോന്നി. അടർത്തി മാറ്റുവാനും അടക്കി പിടിക്കാനും കഴിയാതെ നിഹാൽ പിടഞ്ഞു പോയി.

ഉള്ളിന്റെ ഉള്ളിൽ ഏതോ കോണിൽ ആ തൊട്ടാവാടി ഒരു നെരിപ്പോട് ആയി പടർന്നു കയറുന്നത് അവന് അറിയാമായിരുന്നു.

“നിന്നെ മനസിലാകാഞ്ഞിട്ടല്ല .. കുട്ടി… നിനക്ക് ഉള്ള വിധി ഞാൻ അല്ല അതുകൊണ്ടാ”…..നില തെറ്റി പൊടിയുന്ന അവളുടെ ഹൃദയം അവന് മുന്നിൽ ചോദ്യ ചിഹ്നം ആയി മാറി.

കിങ്ങിണി കൈകൾ അയച്ചു കണ്ണീർ തുടച്ചു കാറിൽ പോയി ഇരുന്നു.മിഴി കോണിൽ നിറഞ്ഞു പൊന്തിയ കണ്ണീർ അവൾ കാണാതെ തുടച്ചു കൊണ്ട് നിഹാൽ കാറിൽ പോയി കയറി.അവർ യാത്ര തിരിച്ചു.

യാത്രക്ക് ഇടയിൽ fm ൽ കൂടെ ഒഴുകി എത്തിയ പാട്ടിനു നല്ല രംഗ ബോധം ഉണ്ടായിരുന്നു.

“മറന്നിട്ടും എന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനനുരാഗത്തിൻ ലോല ഭാവം…. “…

പറയാത്ത മൂക പ്രണയവും ആയി നിഹാലും പറഞ്ഞിട്ടും മനസിലാകാത്ത നഷ്ട പ്രണയവും ആയി ചഞ്ചലയും യാത്രയായി.

“നിങ്ങൾ ഇത് എവിടെ പോയത് ആയിരുന്നു”??…ഫൈസൽ അവരുടെ കാർ കണ്ടപ്പോഴേ ഓടി വന്നു ചോദിച്ചു.

“അത്… ഡാ… പെട്ടെന്ന്… ഈ കുട്ടിക്ക് എന്തോ ഒരു തല കറക്കം പോലെ തോന്നി അപ്പോൾ ഞാൻ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയതാ… “….നിഹാൽ പറഞ്ഞ ഉത്തരത്തെ പുച്ഛത്തോടെ ആണ് കിങ്ങിണി വരവേറ്റത്.

“മോളെ ഇപ്പോ എങ്ങനെ ഉണ്ട്??…ഡോക്ടർ എന്ത് പറഞ്ഞു”??

“കുഴപ്പം ഒന്നുമില്ല ഇക്കാക്ക.റസ്റ്റ്‌ എടുത്താൽ മതി എന്ന് പറഞ്ഞു”…

“മ്മ്…. ചിലപ്പോൾ ഫുഡ്‌ ശരി ആകഞ്ഞിട്ടൊക്കെ ആവും.പോട്ടെ കേട്ടോ… ഈ തിരക്ക് എല്ലാം തീരട്ടെ… മോള് വാ”…ഫൈസൽ അവളുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കൂട്ടി കൊണ്ട് പോയി. കിങ്ങിണി കത്തുന്ന നോട്ടത്തോടെ നിഹാലിനെ നോക്കി അകത്തേക്ക് പോയി.

പെട്ടെന്ന് ആണ് നിഹാലിന്റെ ഫോൺ റിങ് ചെയ്തത്.

“ഹലോ അച്ഛാ… ”

“ആ ഇന്നലെ അമ്മ വിളിച്ചു ഒരു കല്യാണ കാര്യം പറഞ്ഞില്ലേ”!

“മ്മ്… ”

“അത് ഞങ്ങൾ അങ്ങ് ഉറപ്പിച്ചു. നല്ല ബന്ധം ആണ് പെൺകുട്ടി അമേരിക്കയിൽ ഡോക്ടർ ആണ്”…

“മ്മ്”….

“നല്ല കുടുംബം നല്ല ആൾക്കാർ… ”

“മ്മ്”…

“നീ എന്താ വണ്ടോ ??എന്ത് ചോദിച്ചാലും വണ്ട് മൂളും പോലെ മ്മ്…മ്മ് എന്ന്”…

“അച്ഛനും ബാക്കി എല്ലാവരും കൂടെ എല്ലാം തീരുമാനിച്ചോ ഞാൻ വന്നു കെട്ടിക്കോളാം”…

“എടാ… അത്… ”

“ഞാൻ കുറച്ച് തിരക്കിൽ ആണ് പിന്നെ വിളിക്കാം”…നിഹാൽ പെട്ടെന്ന് കാൾ കട്ട്‌ ചെയ്തു.

ഫൈസൽ വന്നു വിളിച്ചപ്പോൾ നിഹാൽ ഡ്രസ്സ്‌ എടുക്കാൻ അകത്തേക്ക് കയറി പോയി.

അവന്റെ കണ്ണുകൾ കിങ്ങിണിയെ തേടി പോയി എങ്കിലും അവൾ ആ നോട്ടത്തെ പൂർണമായും അവഗണിച്ചു കളഞ്ഞിരുന്നു.

എല്ലാവരും ഡ്രസ്സ്‌ എടുത്തു തിരികെ പോകാൻ ഇറങ്ങി. ഇപ്രാവശ്യം കിങ്ങിണി കാറിന്റെ പിൻ സീറ്റിലേക്ക് മനഃപൂർവം വലിഞ്ഞു.

ഉള്ളിൽ അല്പം വേദന തോന്നി എങ്കിലും നിഹാൽ അതിനോട് ഒത്തു പോകാൻ ശ്രെമിച്ചു.

“വെറുതെ ഒരു പെണ്ണിന്റെ മനസ്സിന് ആശ കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ” എന്നാണ് അവൻ ചിന്തിച്ചത്. ഇടയ്ക്ക് വഴിയിൽ വെച്ച് ഫാത്തിമ വണ്ടിയിൽ നിന്ന് ഇറങ്ങി. ഡ്രസ്സ്‌ ചിലത് തയ്‌ക്കാൻ കൊടുക്കാനും ബ്യൂട്ടി പാർലറിൽ പോകാനും. കിങ്ങിണി കൂടെ വരാം എന്ന് പറഞ്ഞെങ്കിലും ഫാത്തിമ അവൾക്ക് വയ്യാത്തത് കൊണ്ട് വരണ്ട എന്ന് പറഞ്ഞു. നിഹാലിന്റെ ഒപ്പം അവളെ വീട്ടിലേക്കു വിട്ടു.

കിങ്ങിണി അവൾ ഇറങ്ങി പോയി കഴിഞ്ഞപ്പോൾ സീറ്റിലേക്ക് ചാരി കിടന്നു കണ്ണടച്ച് ഉറങ്ങാൻ തുടങ്ങി. ഇടയ്ക്ക് ഇടയ്ക്ക് കണ്ണാടിയിൽ കൂടെയും അല്ലാതെയും എല്ലാം നിഹാൽ അവളെ ഒളി കണ്ണിട്ട് നോക്കി കൊണ്ടിരുന്നു.

അലസമായി പാറി വീഴുന്ന ആ മുടി ഇഴകൾ, നീണ്ട കണ്ണുകൾ ആർക്കും ഒന്ന് മുത്താൻ തോന്നുന്ന ചുവന്ന ചുണ്ടുകൾ.അവന്റെ കാഴ്ചകളിൽ പോലും കിങ്ങിണി നിറഞ്ഞു നിന്നു.

“ഇത്ര പെട്ടെന്ന് ഒരു പെണ്ണിന് ആണിന്റെ മനസ്സിനെ കീഴ്പ്പെടുത്താൻ കഴിയുമോ”??…അവൻ അത്ഭുതത്തോടെ ഓർത്തു.
വീട് എത്താറായപ്പോൾ നിഹാൽ അവളെ കൊട്ടി വിളിച്ചു. അവൾ കണ്ണുകൾ തുറന്നു. ചുറ്റും ഒന്ന് നോക്കി കണ്ണുകൾ തിരുമി ഇരുന്നു.

കാർ വീടിന്റെ മുറ്റത്ത്‌ നിർത്തിയപ്പോൾ കിങ്ങിണി ഡ്രെസ്സും എടുത്തു അകത്തേക്ക് കയറി പോയി. അവളിൽ നിന്നും ഒരു നോട്ടം എങ്കിലും നിഹാൽ പ്രതീക്ഷിച്ചു എങ്കിലും നിരാശ ആയിരുന്നു ഫലം.

മുറിയിൽ പോയി സാധനങ്ങൾ എല്ലാം എടുത്തു വെച്ച് ഡ്രസ്സ്‌ മാറാൻ വാതിൽ കുറ്റിയിട്ടപ്പോൾ അത്ര നേരവും പിടിച്ചു വെച്ച കണ്ണീരും ദേഷ്യവും അവളിൽ നിന്ന് പുറത്തേക്കു വന്നു.അവൾ ആ നിലത്തേക്ക് ഊർന്നിരുന്നു കരഞ്ഞു പോയി. കയ്യിൽ കിട്ടിയ എന്തോ ഒന്ന് വലിച്ചെറിഞ്ഞു. മുട്ടുകൾക്ക് ഇടയിൽ മുഖം പൂഴ്ത്തി കരയുമ്പോൾ ആണ് മുറ്റത്ത്‌ കാറുകൾ വന്നു നിൽക്കുന്നതിന്റെ ശബ്ദം കേട്ടത്. കിങ്ങിണി വേഗം തന്നെ ഡ്രസ്സ്‌ മാറി ഒന്ന് ഫ്രഷ് ആയി പുറത്തേക്കു ഇറങ്ങി.അമ്മായിമാരെയും ഇത്താത്തമാരെയും എല്ലാം വീട്ടിൽ ആക്കി ഫൈസൽ ഫാത്തിമയുടെ അടുത്തേക്കും മറ്റ് ചില ആവശ്യങ്ങൾക്കുമായി പുറത്തേക്കു പോയി. കുറച്ച് നേരം എല്ലാവരോടും ഇരുന്നു വർത്താനം പറഞ്ഞു കഴിഞ്ഞ് അവൾ പുറത്തേക്കു ഇറങ്ങി.

വെറുതെ പറമ്പിൽ കൂടെ അവൾ അലഞ്ഞു തിരിഞ്ഞു നടന്നു.പറമ്പിലെ ഒരു കലുങ്കിൽ പോയി എന്തൊക്കെയോ ആലോചിച്ചു ഇരുന്നു.

വീട്ടിലെ പറമ്പിൽ ഇരുന്നു മുകളിലെ മട്ടുപ്പാവിലേക്ക് നോക്കിയപ്പോൾ നിഹാലിനെ അവൾ കണ്ടു. ആരെയോ ഫോൺ വിളിക്കുക ആണ്.

“ഇയാളെ ഇതിനും മാത്രം ഇത് ആരാ വിളിക്കുന്നെ”??…വല്ല സെറ്റപ്പും കാണും. അതാകും എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞത്”….

“ആ അല്ലേലും പുറത്ത് എല്ലാം പഠിച്ച ചെക്കന്മാർക്ക് ഇഷ്ടംപോലെ പെണ്ണുങ്ങളും ആയിട്ട് കമ്പനി ഉണ്ടാകും.”…കിങ്ങിണി ഓരോന്നൊക്കെ സ്വയം മനസ്സിൽ ചിന്തിച്ചു കൂട്ടി.

കിങ്ങിണി ഒറ്റക്ക് ഇരിക്കുന്നത് ശ്രെദ്ധയിൽ പെട്ടു എങ്കിലും നിഹാൽ അങ്ങോട്ട്‌ പോകാൻ ശ്രെമിച്ചില്ല. ഫോൺ വിളി കഴിഞ്ഞു കിങ്ങിണിയെ അവിടെ നോക്കിയപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നില്ല. അകത്തേക്ക് പോയി കാണും എന്ന വിശ്വാസത്തിൽ അവൻ മുറിയിലേക്ക് പോയി.

കുറച്ച് കഴിഞ്ഞ്

“മോനെ കിങ്ങിണി മോളെ കണ്ടോ”??……മുറിയിൽ കിടന്ന നിഹാലിനോട് ഫൈസലിന്റെ ഉമ്മ ഓടി വന്നു ചോദിച്ചു.

“ഇല്ല ഉമ്മാ…എന്തൈ”??

“കിങ്ങിണി മോളെ കാണുന്നില്ല….കുറെ നേരമായി ഞങ്ങൾ നോക്കി നടക്കുന്നു. ഉമ്മ ആതി പിടിച്ചു പുറത്തേക്കു പോയി. കട്ടിലിൽ കിടന്ന നിഹാലും ചാടി ഇറങ്ങി അവളെ അന്വേഷിക്കാൻ തുടങ്ങി. പക്ഷെ കിങ്ങിണിയെ കണ്ടെത്താൻ ആയില്ല.

“കിങ്ങിണി…. എവിടെ പോയി കാണും ഈശ്വര!!!….ഇനി എന്തേലും അബദ്ധം”!!….അവന്റെ മനസ്സ് വ്യാകുലപ്പെട്ടു തുടിച്ചു കൊണ്ടിരുന്നു. എന്തോ അപകടം വരാൻ പോകുന്നു എന്ന് അവന്റെ മനസ്സ് മന്ത്രിച്ചു.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

(കമന്റ്‌ ഇടയ്ക്കൊക്കെ ബലുതായിട്ട് ഇടാം കേട്ടോ…)

രചന :-അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *