ഒരു ചെറു പുഞ്ചിരിയോടെ സുധി അത് പറഞ്ഞെങ്കിലും ലച്ചുവിന്റെ മുഖം കണ്ട സുധിയുടെ മുഖത്തെ തെളിച്ചം പെട്ടന്ന് മാഞ്ഞു…

രചന : ഗിരീഷ് കാവാലം

ഷോ കേസിലെ നിറഞ്ഞിരിക്കുന്ന ട്രോഫികളിലൂടെ ഒന്ന് കണ്ണോടിച്ചു നെഞ്ചിൽ കൈ വച്ച് ഒരു നിമിഷം ധ്യാനനിരതനായി നിന്ന സുധിയെ, മണിയറയിലെ ബെഡ്‌ഡിൽ ഇരിക്കുകയായിരുന്ന ലച്ചു ആശ്ചര്യത്തോടെ നോക്കി

“താൻ അത്ഭുതപ്പെടേണ്ടട്ടോ എനിക്ക് കിട്ടിയ നാടക പുരസ്‌കാരങ്ങളാ.. ദേ ഈ ഇരിക്കുന്ന ഗോൾഡൻ കളറിലെ ട്രോഫി കണ്ടോ, ജില്ലാ തല സ്കൂൾ യുവജനോത്സവത്തിൽ ബെസ്റ്റ് ആക്ടർ ആയിട്ട് കിട്ടിയതാ..ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഹരി ശ്രീ തുടങ്ങുവല്ലേ ”

അല്പം കൊഞ്ചലോടെ സുധി പറഞ്ഞു

“ഡോ…തന്റെ മുടി ദേ ഇങ്ങനെ ഒതുക്കി ഇട്ടാൽ ഈ മുഖത്തിന് ഒന്നൂടെ ഭംഗി ആകുട്ടോ”

ലച്ചുവിന്റെ മുടി സുധി വിചാരിച്ച രീതിയിൽ കൈ കൊണ്ട് ഒതുക്കി ഇട്ടു

“എനിക്ക് ദുശീലങ്ങൾ ഒന്നും ഇല്ലാന്നേ… അഗ്രിക്കൾച്ചർ ഓഫീസർ എന്ന ജോലി കഴിഞ്ഞാൽ പിന്നെ ആകെ ഉള്ള ഒരു ദുശീലം എന്ന് പറഞ്ഞാൽ ദേ ഈ നാടക കമ്പമാ. അതിന് വേണ്ടി ലീവ് എടുക്കാനും മടിക്കൂല്ല ”

“നല്ലതല്ലേ…ഇങ്ങനെ ഉള്ള കഴിവ് ഒക്കെ എല്ലാവർക്കും കിട്ടില്ലല്ലോ ”

സുധിയുടെ കഴിവിൽ ലച്ചു അഭിമാനം കൊണ്ട നിമിഷം

“പെൺ വേഷം കെട്ടി അഭിനയിക്കാൻ എന്നെക്കാളും മികച്ച ആർട്ടിസ്റ്റ് ഇന്ന് ഞങ്ങളുടെ ട്രൂപ്പിൽ ഇല്ല…കുട്ടിക്കാലത്ത് ഞാൻ പെൺകുട്ടികളുടെ വേഷം മാത്രമേ ചെയ്തിട്ടുള്ളൂ”

“താൻ എന്താടോ ആലോചിക്കുന്നേ.?

ലച്ചുവിന്റെ തോളിൽ തൊട്ട് കൈ പെട്ടന്ന് തിരിച്ചു എടുത്തുകൊണ്ട് സുധി പറഞ്ഞു

“ഏയ്‌ ഒന്നും ഇല്ലേട്ടാ…”

ഏതോ ഒരു നെഗറ്റീവ് ചിന്ത അവളെ തഴുകി അപ്രത്യക്ഷമായ പോലെയുള്ള ഭാവം അവളിൽ പ്രകടമായി

“ഇനി താൻ തന്റെ കാര്യങ്ങൾ ഒക്കെ പറയെടോ ”

ഉത്സാഹത്തോടെ ലച്ചുവിന്റെ കൈ പിടിച്ചുകൊണ്ടു സുധി അവളോട് ചേർന്നിരുന്നു

“നല്ല ക്ഷീണം ഉണ്ട് ഏട്ടാ.. കിടക്കാം”

“എന്നാ താൻ കിടന്നോ… മഴ പെയ്യുന്നകൊണ്ടാ ലേശം തണുപ്പുണ്ടെ ”

ചരിഞ്ഞു കിടന്ന ലച്ചുവിന്റെ മുകളിലേക്ക് സ്നേഹത്തോടെ ഷാൾ ഇട്ട്കൊണ്ട് സുധി പറഞ്ഞു

രാവിലെ ഉറക്കം ഉണർന്ന ലച്ചു നോക്കിയപ്പോൾ സുധി ബെഡ്‌ഡിൽ ഇല്ലായിരുന്നു

“ആളിത് എവിടെ പോയി..?

ലച്ചു ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോഴേക്കും സുധി വെളിയിൽ നിന്ന് കയറി വന്നു

“ഞാനേ മുറ്റവും പറമ്പും ഒക്കെ തൂക്കാൻ പോയതായിരുന്നു… ഞാനാ ഇതൊക്കെ ഇവിടെ ചെയ്യുന്നത്”

” കുനിഞ്ഞു മുറ്റം അടിക്കാൻ അമ്മക്ക് ബുദ്ധിമുട്ടാ പിന്നെ ഞാൻ അമ്മയെ ഒരു കാര്യത്തിനും കഷ്ടപ്പെടുത്താറില്ല ”

“ആഹാ അത് കൊള്ളാല്ലോ…”

ലച്ചുവിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു

രാവിലെ മുതൽ തന്നെ ബന്ധുക്കളും അയൽവാസികളായ സ്ത്രീകളും ഒക്കെ പുതുപ്പെണ്ണിനെ കാണാനും പരിചയപ്പെടാനും വന്നു തുടങ്ങി

‘സുധിയേട്ടൻ ഇതെവിടെ പോയി..?

കുശലാന്വേഷണങ്ങൾക്കിടയിൽ ലച്ചുവിന്റെ ചിന്ത ഒരു നിമിഷം സുധിയിലേക്ക് പോയി

സുധിയെ അന്വേഷിച്ചു നടക്കുമ്പോഴാണ്
രണ്ട് സ്ത്രീകളോടൊപ്പം വർത്തമാനം ഒക്കെ പറഞ്ഞു മീൻ വെട്ടുന്ന സുധിയെ കണ്ടത്

“ഇയാൾ അഗ്രിക്കൾചർ ഓഫീസർ തന്നെ ആണോ?

ലച്ചുവിന്റെ മുഖം മങ്ങി

ആദ്യമായി അവൾ സുധിയിൽ ഒരു പെൺ രൂപം കണ്ടു

സ്ഥലകാല ബോധം ഇല്ലാത്ത പോലെ നിന്നുപോയി ലച്ചു

എന്താ മോളെ ഇങ്ങനെ നിൽക്കുന്നത് ?

ലച്ചുവിന്റെ മുഖത്തേക്കും മുഖം തിരിച്ചു ജനാലയിൽ കൂടി മീൻ വെട്ടുന്ന സുധിയേയും കൂടി നോക്കിയ ഒരു ആന്റി ചോദിച്ചു

“ഏയ്‌ ഒന്നും ഇല്ല ആന്റി”

‘അവന് ലേശം പെണ്ണുങ്ങടെ സ്വഭാവം ഉണ്ടെന്നേ ഉള്ളൂ.. അതൊഴിച്ചാൽ അവനെ കൂട്ട് ഇത്രയും സ്നേഹം ഉള്ള ഒരാൺകുഞ്ഞിനെ ഈ നാട്ടിൽ കിട്ടില്ല”

തന്റെ ലൈഫ് പാർട്ണർ ഒത്ത പൌരുഷം ഉള്ളവൻ ആയിരിക്കണം…

കാണാൻ തരക്കേടില്ലാത്തവൻ ആയിരിക്കണം…
നല്ല വിദ്യാഭ്യാസം അല്ലെങ്കിൽ ജോലി ഉള്ളവൻ ആയിരിക്കണം…

ലൈഫ് പാർട്ണർ എന്ന കൺസെപ്റ്റിൽ ഏറ്റവും പ്രാധാന്യം കൊടുത്തത് തന്നെ ഉടഞ്ഞു വീണിരിക്കുന്നു എന്നത് ലച്ചുവിന്റെ സഹന ശക്തിക്കും അപ്പുറം ആയിരുന്നു

മീൻ വെട്ടുന്നതിനിടയിൽ തന്നെ നോക്കി മുറിയിൽ നിൽക്കുന്ന ലച്ചുവിൽ കണ്ണുടക്കിയ സുധി പെട്ടന്ന് കൈ കഴുകി ലച്ചുവിന്റെ അടുത്തേക്ക് ചെന്നു

“ഇവിടെ മീൻ വെട്ടുന്നത് ഞാനാ കറിയൊക്കെ അമ്മ വെച്ചോളും.. എനിക്ക് അറിയാന്മേലാഞ്ഞിട്ടല്ലേ..”

ഒരു ചെറു പുഞ്ചിരിയോടെ സുധി അത് പറഞ്ഞെങ്കിലും ലച്ചുവിന്റെ മുഖം കണ്ട സുധിയുടെ മുഖത്തെ തെളിച്ചം പെട്ടന്ന് മാഞ്ഞു

‘എന്താ.. എന്താ മുഖം വല്ലാണ്ടിരിക്കുന്നതേടോ..’

“ഒന്നും ഇല്ല… ”

അവൾ നേരെ അടുക്കളയിലേക്ക് പോയി അമ്മയോടും മറ്റ് ബന്ധുക്കളോടും മനസ്സില്ലാമനസ്സോടെ ഇടപെഴകാൻ തുടങ്ങി

“ഇന്ന് മുഴുവൻ താൻ എന്താടോ എന്നെ കാണുമ്പോഴെല്ലാം കെറുവിച്ചു നിന്നെ…”

“ഓ എന്റെ സ്വഭാവവുമായി പൊരുത്തപ്പെട്ടു പോകാൻ പറ്റുന്നില്ലേ”

“പക്ഷേ ഞാൻ ഓഫീസിൽ ഇങ്ങനെ ഒന്നും അല്ലട്ടോ.. എന്റെ കീഴിൽ ഉള്ള ജോലിക്കാരുടെ കൃത്യത എനിക്ക് കണിശമാ.. കടുംപിടുത്തം അല്ല മറിച്ചു നൂറ് ശതമാനം ഇല്ലെങ്കിലും ഒരു എൻപത് ശതമാനം എങ്കിലും ജോലി ചെയ്തിരിക്കണം … നമുക്ക് അന്നം തരുന്നത് ഈ ജോലി അല്ലെ”

“എന്റെ സ്വഭാവം തീരെ പിടിക്കുന്നില്ലാ…”

തിരിച്ചു ഒരു മറുപടിയും കിട്ടാത്തത് കൊണ്ട് സുധി വീണ്ടും ചോദിച്ചു

“ഒരു സാരീം കൂടി ഉടുത്താൽ പെർഫെക്ട് ആകും”

ലച്ചുവിന്റെ അപ്രതീക്ഷിതമായ ആ മറുപടി കേട്ട സുധിയുടെ മുഖം ഷോക്ക് അടിച്ച പോലെ ആയി

നിമിഷങ്ങളുടെ ഇടവേളക്കൊടുവിൽ സുധി പറഞ്ഞു

“സാരമില്ലടോ കൂടുതൽ നമ്മൾ അടുത്തു കഴിയുമ്പോൾ എല്ലാം മാറിക്കക്കോളും”

സ്ത്രീ സ്ത്രായിണത ഉള്ള ഒരാൾ ആണ് തന്റെ ഭർത്താവ് എന്നത് ലച്ചുവിന് ചിന്തിക്കാൻ പോലും കഴിയുന്നതല്ലായിരുന്നു

അവളുടെ മനസ്സിൽ ദുഃഖവും, ദേക്ഷ്യവും മിന്നി മറഞ്ഞു കൊണ്ടിരുന്നു

‘താൻ കിടന്നോളൂ..”

പതിഞ്ഞ സ്വരത്തിൽ ലച്ചുവിനോട് പറഞ്ഞു

“എന്താ സുധി ലച്ചുവിന്റെ മുഖത്ത് അത്ര തെളിച്ചം ഇല്ലല്ലോ.. എന്ത് പറ്റി.?

അടുത്ത ദിവസം രാവിലെ ലച്ചുവിന്റെ മുഖം ശ്രദ്ധിച്ച അമ്മ സുധിയോട് ചോദിച്ചു

“ഓ ശരിയായിക്കോളും അമ്മേ.. വീട് വിട്ട് വന്നതിന്റെ പ്രയാസം ആണ്..”

അമ്മയെ സന്തോഷിപ്പിക്കാൻ സുധി പറഞ്ഞു

“എന്താ എല്ലാ സാധനവും കൊണ്ടുപോകുവാണോ.. തിരിച്ചു ഇങ്ങോട്ട് തന്നെ വരേണ്ടതല്ലേടോ ”

നാലാം ദിനം ലച്ചുവിന്റെ വീട്ടിലേക്കു ആദ്യ വിരുന്നിനു പോകാൻ തയ്യാറാകുമ്പോൾ സുധി ചോദിച്ചു

ദയനീയമായ ഒരു നോട്ടം ആയിരുന്നു അതിനുള്ള ലച്ചുവിന്റെ മറുപടി

തികച്ചും അപരിചിതയെ പോലെ ആയിരുന്നു സുധി ഡ്രൈവ് ചെയ്യുന്ന കാറിൽ ലച്ചുവിന്റെ ഇരുപ്പ്

സുധി എന്തെങ്കിലും ചോദിച്ചാൽ അതിനുള്ള മറുപടി മാത്രം കൊടുക്കും

ലച്ചുവിന്റെ വീട്ടിൽ അവർ എത്തി. സ്വീകരിക്കാൻ കളർഫുൾ ആയ രീതിയിൽ ആയിരുന്നു എല്ലാ രീതിയിലും അവിടുത്തെ തയ്യാറെടുപ്പുകൾ

ലച്ചുവിന്റെ രണ്ട് ചേച്ചിമാരും അവരുടെ ഭർത്താക്കന്മാരും കുട്ടികളും, സഹോദരനും അവന്റെ കുടുംബവും അച്ഛനും അമ്മയും

അവരുടെ മുൻപിലെത്തിയതും ലച്ചുവിന്റെ പിരിമുറുക്കത്തിനു അയവു വന്നു

ഉള്ളിലെ സംഘർഷം വെളിയിൽ അറിയിക്കാതെ ഭർത്താവിനോപ്പം ഒട്ടും കുറവില്ലാതെ ഒരു ന്യൂജൻ ദമ്പതികളെ മാതിരി ലച്ചു, സുധിയോട് ചേർന്നു നിന്നു

എല്ലാവരുമായും വിശേഷം പങ്ക് വെക്കലും എല്ലാം കഴിഞ്ഞു അമ്മയെ ഒതുക്കത്തിൽ കിട്ടിയതും ലച്ചു തന്റെ മനസ്സിലെ വിങ്ങൽ തുറന്നു പറഞ്ഞു

അവിചാരിതമായി സുധി അത് കേൾക്കാൻ ഇടയായി

അവന്റെ പ്രജ്ഞ അറ്റു പോയ നിമിഷം ആയിരുന്നു അത്..

“തന്റെ പൌരുഷം ആണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്”

ലച്ചു അമ്മയോട് പറഞ്ഞ വാക്കുകൾ സുധിയുടെ മനസ്സിനെ മുറിവേൽപ്പിക്കുന്നതായിരുന്നു

എല്ലാം ഉള്ളിൽ ഒതുക്കി ഒന്നും അറിയാത്തവനെ പോലെ അവൻ മറ്റുള്ളവരോട് ഇടപെഴകി

ഒരു ഫോൺ കാൾ വന്നതും അവൻ വെളിയിലേക്ക് പോയി

“എന്റെ ഒരു ഫ്രണ്ട് ഇവിടെ അടുത്ത് ഉണ്ട് അവന് പേർസണൽ ആയിട്ട് എന്തോ എന്നോട് പറയാൻ ഉണ്ടെന്ന് മിലിറ്ററിയാ ആള്”

“ഞാൻ ഉടനെ വരാമേ…”

ലച്ചുവിനോടും വീട്ടുകാരോടുമായി പറഞ്ഞുകൊണ്ട് സുധി കാറും എടുത്ത് വെളിയിലേക്ക് പോയി രണ്ട് മണിക്കൂറിന് ശേഷം ആണ് തിരിച്ചെത്തിയത്
തിരിച്ചെത്തിയ സുധിയുടെ പെരുമാറ്റത്തിലെ പ്രകടമായ മാറ്റം ശ്രദ്ധിച്ച ലച്ചു അവനെ മാറ്റി നിർത്തി ചോദിച്ചു

ഏട്ടൻ കുടിച്ചിട്ടാണോ വന്നത്…?

“സോറി ഡാ … ഞാൻ ആദ്യമായിട്ട് ഒന്ന് കുടിച്ചുപോയി.. കൂട്ടുകാരൻ നിർബന്ധിച്ചപ്പോ പിന്നെ മറ്റൊന്നും ആലോചിച്ചില്ല”

മറ്റ് സഹോദരിമാരുടെ ഭർത്താക്കന്മാരിലും വളരെ ചുറുചുറുക്കോടെ ആണ് സുധി ഇടപെട്ടത്

സുധിയിലെ മാറ്റം അവളെ അത്ഭുതപ്പെടുത്തി

ഇയാൾ മദ്യം കഴിച്ചപ്പോൾ പൌരുഷം എല്ലാം തിരിച്ചു വന്നോ

അമ്മയെ കണ്ടതും അവൾ ശാന്തമായി

“മോളെ ഞാൻ സുധിയുടെ അമ്മയെ വിളിച്ചായിരുന്നു”

ലച്ചുവിനെ മാറ്റി നിർത്തി അമ്മ പറഞ്ഞു

“നീ പറയുന്നപോലെ കുഴപ്പം ഒന്നും ഇല്ല അവന്…..”

ഒരു പെൺകുട്ടി വേണം എന്ന് ആഗ്രഹിച്ച അവർക്ക് പിറന്ന നാലാമത്തെ ആൺകുട്ടി ആയിരുന്നു സുധി.. കാണാൻ നല്ല സൗന്ദര്യം ഉണ്ടായിരുന്ന അവനെ പെൺകുട്ടിയെ പോലെ അവർ ട്രീറ്റ്‌ ചെയ്തു അത് അവർ ചെയ്ത തെറ്റ്..അവനെ കുഞ്ഞു സാരി ഉടുപ്പിച്ചു കന്യകയെ പോലെ ആക്കി സന്തോഷം കണ്ടു .. എപ്പോഴും അവനെ നോക്കി ആ അമ്മ തമാശയോടെ പറയുമായിരുന്നു ഇത് പെണ്ണാകാൻ വന്നത് ആണായി പോയതാ എന്ന്.. അത് അവന്റെ മനസ്സിൽ അവനറിയാതെ വളർന്നു വന്നതായിരിക്കാം.. ഇതൊക്കെ നീ ആയിട്ട് കുറേശെ മാറ്റി എടുത്താ മതി മോളെ.. പിന്നെ വേറൊരു കാര്യം നിന്റെ ചേച്ചിമാരുടെ രണ്ടു ഭർത്താക്കന്മാർ രണ്ട് പേരും അവളുമാർക്ക് വീട്ടു പണിയിൽ ഒരു ഹെല്പ്പും ചെയ്യാറില്ലെന്ന് നിനക്കും അറിയാമല്ലോ അതോർത്താ നീ ഭാഗ്യവതിയാ ”

അന്ന് രാത്രിയിൽ ബെഡ് റൂമിൽ വന്നപ്പോഴേക്കും സുധി കിടന്നുറങ്ങുകയായിരുന്നു

“ഇന്ന് തന്നെ എനിക്ക് വീട്ടിലേക്ക് പോകണം..
ഓഫീസിലെ ഒരു ഫയൽ അടിയന്തിരമായി പ്രോസസ്സ് ചെയ്യണം… താൻ ഇവിടെ നിന്നോ എന്നെ വിളിച്ചാൽ മതി ഞാൻ വന്നു കൊണ്ടുപൊക്കോളാം ”

രാവിലെ എഴുന്നേറ്റതും സുധി പറഞ്ഞു

“ഞാനും വരുവാ…”

ലച്ചുവിന്റെ ആ വാക്കുകൾ സുധിയുടെ വരണ്ട മനസ്സിലേക്ക് പുതുമഴ പെയ്തപോലെ ആയി

എല്ലാവരോടുമായി യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവർ യഥാർത്ഥ ഭാര്യഭർത്താക്കന്മാരായി ജീവിക്കാൻ തുടങ്ങുകയായിരുന്നു

സ്വന്തം വീട്ടിലെ അന്നത്തെ രാത്രിയായിരുന്നു അവരുടെ ആദ്യ രാത്രി.
പ്രതീക്ഷിച്ചതിന് വിപരീതമായി തികച്ചും ഒരു റൊമാന്റിക് ഹീറോയെ ആണ് അവൾ സുധിയിൽ കണ്ടത്

അവളുടെ മനസ്സിൽ ഇടം പിടിച്ച സുധിയെ കുറിച്ചുള്ള നെഗറ്റീവ് ചിന്തകൾ അപ്രത്യക്ഷമായി പോയ നിമിഷങ്ങൾ

രാവിലെ കണ്ണ് തുറന്നതും ഈറൻ അണിഞ്ഞു പുഞ്ചിരിയോടെ ആവി പറക്കുന്ന ചായയുമായി നിൽക്കുന്ന ലച്ചുവിനെ ആണ് സുധി കണി കണ്ടത്

“അല്ല ഒരു കാര്യം ചോദിച്ചോട്ടെ ഏട്ടാ?

ചായ കൊടുത്തുകൊണ്ട് ലച്ചു ചോദിച്ചു

ഇന്നലെ എന്തിനാ ഏട്ടൻ കുടിച്ചത് ?

അതിന് മറുപടി ഒരു പൊട്ടിച്ചിരി ആയിരുന്നു സുധിയുടെ വക

“ഒരു മദ്യപാനി ആയി അഭിനയിക്കാൻ എന്നെ പോലെ ഒരു നടന് വലിയ കാര്യം ഒന്നും അല്ലാട്ടോ”

അന്തിച്ചിരുന്ന ലച്ചുവിനോട് ചേർന്നിരുന്ന സുധി ലച്ചുവിന്റെ കരം ഗ്രഹിച്ചതും എന്തോ ഓർത്തിട്ടെന്നവണ്ണം അവൾ ചോദിച്ചു

“അല്ല ഏട്ടാ മുറ്റവും പറമ്പും ഒക്കെ തൂക്കുന്നില്ലേ. ?

“ഓ… അതൊക്കെ ഈ ആണുങ്ങൾക്ക് പറ്റുന്ന പണി അല്ലല്ലോ”

ഒരു നിമിഷം ലച്ചു വായ് പൊളിച്ചു ഇരുന്നു പോയി

“മോനെ നല്ല പച്ച കരിമീൻ വാങ്ങിയിട്ടുണ്ടേ ”

ലച്ചുവിന്റെ ഒപ്പം സുധി അടുക്കളയിലേക്ക് ചെന്നതും അമ്മ പറഞ്ഞു

“മീൻ ആര് വെട്ടും ?

“ആര് വെട്ടുമെന്നോ…നീ തന്നെ അല്ലെ എന്നും വെട്ടുന്നെ.. ഇന്നെന്താ ഒരു പുതുമ”

അർഥം വെച്ചുള്ള ഒരു ചിരി ചിരിച്ചുകൊണ്ട് അമ്മ അടുത്ത മുറിയിലേക്ക് പോയി

ഒരു നിമിഷം ശ്വാസം വിടാതെ നേർക്കു നേർ നോക്കി നിന്നു പോയി ലച്ചുവും സുധിയും

“കൊച്ചു കള്ളാ…”

പുഞ്ചിരിയോടെ സുധിയുടെ മൂക്കിൻ തുമ്പിൽ പിടിച്ചുകൊണ്ട് ലച്ചു പറഞ്ഞതും കൂട്ടച്ചിരി ഉയർന്നു അവിടെ……

രചന : ഗിരീഷ് കാവാലം

Leave a Reply

Your email address will not be published. Required fields are marked *