രേഷ്മ പതിവിൽ കഴിഞ്ഞ സന്തോഷത്തോടെ ആരെയോ ഫോണിൽ സംസാരിക്കുന്നതും അവർക്കെല്ലാം താങ്ക് യു പറയുന്നതും…

രചന : ഗിരീഷ് കാവാലം

“അമ്മേ മൂക്ക് പിഴിഞ്ഞിട്ട് കൈ കഴുകിയിട്ടേ ആഹാര സാധനങ്ങളിൽ കൈ തൊടാവൂ..”

താഴ്മയോടെ രേഷ്മ അത് പറഞ്ഞതും അച്ഛമ്മയെ നോക്കി മൂത്ത മകന്റെ ഏഴാം ക്ലാസ്സ് കാരിയായ മകൾ നന്ദന ചിരിച്ചുകൊണ്ട് വെളിയിലേക്ക് സൈക്കിൾ ചവിട്ടി അവളുടെ വീട്ടിലേക്ക് പോയതും പെട്ടന്ന് ആയിരുന്നു

മൂക്ക് ചീറ്റിയ ശേഷം കൈത്തലം സെറ്റ് സാരിയിൽ തുടക്കുന്നത് കണ്ട് ഏറ്റവും ഇളയ മരുമകൾ ആയ രേഷ്മ ചോദിച്ചതും അപ്രതീക്ഷിതമായ ആ വാക്കുകളിൽ കുമാരിയമ്മ ഒന്ന് ശങ്കിച്ചു നിന്നെങ്കിലും കൃത്രിമമായ ഒരു പുഞ്ചിരി വരുത്തി അവർ കൈ കഴുകി എങ്കിലും അവരുടെ മുഖം ചെറുതായി ഒന്ന് ഇരുണ്ടു

“പ്രത്യേകിച്ച് ടോയ്ലറ്റിൽ പോയ ശേഷം സോപ്പ് ഉപയോഗിച്ച് കൈ തീർച്ചയായും കഴുകണം. ഇങ്ങനെയുള്ള കാര്യങ്ങളിൽ നമ്മൾ കൃത്യത പാലിക്കണം അമ്മേ….”

“ശോ അമ്മായിയമ്മയോട് അങ്ങനെ പറഞ്ഞത് തെറ്റായോ? അമ്മ ഇത് നെഗറ്റീവ് സെൻസിൽ എടുത്താൽ ഒരു ഭൂകമ്പം തന്നെ ഈ വീട്ടിൽ നടക്കും…മൂന്ന് ചേട്ടൻമാരുടെയും ഭാര്യമാർക്ക് ഇല്ലാത്ത വൃത്തിയും വെടുപ്പും താൻ എന്തിന് അമ്മയോട് പറഞ്ഞു അതിൽ ഭീകരം നാത്തൂന്മാരായ രണ്ട് പേരോട് അമ്മ ഇത് പറഞ്ഞാൽ ഉണ്ടാകുന്ന പൊല്ലാപ്പു വേറെ…”

ഒരു നിമിഷം ചിന്തയിലായ രേഷ്മക്ക് സ്വയം ന്യായീകരണവും ഉണ്ടായി

“തന്റെ യൂട്യൂബ് കണ്ടന്റ് തന്നെ Hygiene & Sanitation (ശുചിത്വത്തെ കുറിച്ച് ) ആണല്ലോ താൻ പറയുന്നതും വൃത്തി ഉള്ള വീടും പരിസരവും ഒപ്പം ഓരോരുത്തരുടെയും വ്യക്തി ശുചിത്വത്തെകുറിച്ചും ആണല്ലോ…”

വൈകുന്നേരം ജോലി കഴിഞ്ഞു വന്ന സുധിയേട്ടനോട് രേഷ്മ ഈ വിവരം പറഞ്ഞതും അവൻ ശ്വാസം നിലച്ചപോലെ നിന്നു പോയി

പെട്ടന്ന് അവൻ അടുക്കളയിലേക്ക് ഓടി അമ്മയുടെ മുഖഭാവം ശ്രദ്ധിച്ചു

“ഈശ്വരാ കുഴപ്പം ഇല്ലെന്ന് തോന്നുന്നു …”

സാധാരണ പോലെ തന്നെ അച്ഛാറിനുള്ള മാങ്ങ അരിയുകയായിരുന്നു കുമാരിയമ്മ

“രേഷ്മേ നീ എന്ത് അബദ്ധമാ അമ്മയോട് പറഞ്ഞേ..”

“നിനക്ക് അമ്മയുടെ സ്വഭാവം വല്ലതും അറിയുമോ.. നിന്നെ അറിയിക്കാതെ വച്ചിരുന്നതാ.. എന്നാ കേട്ടോ”

“മൂത്ത രണ്ട് ഏട്ടന്മാരുടെ ഭാര്യമാരോടും ഒടുങ്ങാത്ത അമ്മായിയമ്മ പോര് ആയിരുന്നു അമ്മയുടേത്.. അവർ ഒക്കെ വേറെ മാറും വരെ അതൊക്കെ തുടർന്നു”

“മൂന്നാമത്തെ ഏട്ടന്റെ ഭാര്യ വീട്ടിലേക്ക് വന്നപ്പോൾ അമ്മയുടെ സ്വഭാവം ഒന്നുകൂടി വഷളായി”

“ഫാനിൽ സാരി കെട്ടി സൂയിസൈഡ് ചെയ്യാൻ ഒരുങ്ങിയ മൂന്നാമത്തെ മരുമകൾ തലനാരിഴക്ക് രെക്ഷപെട്ടത് അപ്പോൾ വീട്ടിലേക്ക് എത്തിയ മൂത്ത നാത്തൂൻ അവിചാരിതമായി കതക് തുറന്നതുകൊണ്ടാണ് ”

“മേശപ്പുറത്തു കണ്ട മരണകുറിപ്പിലെ “”‘അമ്മായിയമ്മയാണ് എന്റെ മരണത്തിന്റെ ഉത്തരവാദി “”എന്നത് ഞെട്ടലിന്റെ ആക്കം എല്ലാവരിലും കൂട്ടി”

“അന്ന് എന്റെ സഹോദരിമാരും എല്ലാവരും കൂടി അമ്മയെ പറഞ്ഞു മനസ്സ് മാറ്റി ഇനി ഈ വീട്ടിലേക്ക് വരുന്ന പെണ്ണിനോടും മറ്റെല്ലാ മരുമക്കളെയും സ്വന്തം മകളെ മാതിരിയെ കാണൂ എന്ന് അമ്മയെകൊണ്ട് പറയിപ്പിച്ചു സത്യം ഇടീച്ചതുകൊണ്ടാണ് അമ്മയുടെ സ്വഭാവം മാറിയത്”

സുധി നെടുവീർപ്പ് ഇട്ടുകൊണ്ട് പറഞ്ഞതും അവന്റെ കൈ ചേർത്ത് പിടിച്ചുകൊണ്ട് സ്തംഭിച്ചു നിൽക്കുകയായിരുന്നു രേഷ്മ

“സോറി സുധിയേട്ടാ ഞാൻ അമ്മയോട് മാപ്പ് ചോദിക്കാം ”

രേഷ്മ ആന്റി അമ്മമ്മയോട് പറഞ്ഞ കാര്യം കൊച്ചുമകൾ നന്ദന അവളുടെ അമ്മയോട് പറഞ്ഞതും അന്ന് വൈകുന്നേരം രേഷ്മ ഒഴികെ ഉള്ളവരുടെ ഗ്രൂപ്പ്‌ കാളിൽ ചൂട് പിടിച്ച ചർച്ചയായി

“അല്ലേലും അവൾ അഹങ്കാരിയാ യൂട്യൂബിലെ എന്തോ ആണെന്ന് പറഞ്ഞു ഞെളിഞ്ഞു നടക്കുകയല്ലേ..”

“അതെ നാത്തൂനെ നമ്മുടെ അമ്മക്ക് വൃത്തി ഇല്ല എന്നതിന് അർഥം അവരുടെ മക്കൾക്കും വൃത്തി ഇല്ല എന്ന് പറയാതെ പറയുകയാണ് അവൾ”

“ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല…”

“ഇത് ചോദിക്കണം.. അമ്മ ആ പഴയ രൂപത്തിലേക്ക് വന്നാലും കുഴപ്പം ഇല്ല ”

“ഇതിന് അമ്മയുടെ പക്ഷം തന്നെ നിൽക്കണം…”

ഞായറാഴ്ച ദിനേശൻ മാമന്റെ മകളുടെ കൊച്ചിന്റെ ഇരുപത്തിയെട്ടു കെട്ടു ചടങ്ങ് കഴിഞ്ഞു എല്ലാവരും വീട്ടിൽ ഒത്ത് കൂടുന്നുണ്ടല്ലോ അപ്പോൾ അവളോട് തന്നെ നമുക്ക് ചോദിക്കാം

രേഷ്മയെ ഒറ്റപ്പെടുത്തികൊണ്ടുള്ള ചർച്ച ആ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു

അമ്മാവന്റെ വീട്ടിലെ ഇരുപത്തിയെട്ടു കെട്ടു ചടങ്ങിന് ശേഷം നാത്തൂന്മാരും ഏട്ടത്തിമാരും എത്തിയത് രേഷ്മയോടുള്ള അങ്കത്തിന് ഉറപ്പിച്ചു തന്നെ ആയിരുന്നു എന്ന് അവരുടെ എല്ലാം മുഖത്ത് പ്രകടമായിരുന്നു

രേഷ്മ പതിവിൽ കഴിഞ്ഞ സന്തോഷത്തോടെ ആരെയോ ഫോണിൽ സംസാരിക്കുന്നതും അവർക്കെല്ലാം താങ്ക് യു പറയുന്നതും നാത്തൂന്മാരുടെയും ചേട്ടത്തിമാരുടെയും മുഖത്തെ പിരിമുറുക്കത്തിനു ആക്കം കൂട്ടി

എന്ത് പറ്റി എല്ലാവർക്കും ?

അവരുടെ അടുത്തേക്ക് വന്ന രേഷ്മ എല്ലാവരുടെയും മുഖഭാവം ശ്രദ്ധിച്ചതും പെട്ടന്ന് ചോദിച്ചു

അപ്പോഴേക്കും ഒരു ഫോൺ കാൾ വന്നത് അറ്റൻഡ് ചെയ്തു താങ്ക് യു താങ്ക് യു എന്ന് പറഞ്ഞു പിന്നീട് വിളിക്കാം എന്ന് പറഞ്ഞു രേഷ്മ ഫോൺ കട്ട്‌ ചെയ്തു

“അമ്മേ ദേ രേഷ്മ ആന്റിയുടെ വീഡിയോ വൈറൽ ആയി ദേ അച്ചമ്മയുടെ വീഡിയോയും ഉണ്ട്””

പെട്ടന്ന് അവിടം നിശബ്ദമായി എല്ലാവരും പരസ്പരം നോക്കി

കൊച്ചുമകൾ നന്ദന എല്ലാവർക്കും കാണാമെന്ന രീതിയിൽ രേഷ്മയുടെ യൂട്യൂബ് ചാനൽ പ്ലെ ചെയ്തു

ഞാൻ ഈ യൂട്യൂബറുടെ അമ്മായിയമ്മ ആണ് കുമാരി.. ഇത് യഥാർഥത്തിൽ നടന്ന സംഭവം ആണ്…മൂക്ക് ചീറ്റി കൈ വെറുതെ ഉടുത്തിരിക്കുന്ന സാരിയിൽ ഒന്നു തൂത്ത് ആട്ട കുഴക്കാൻ ഒരുങ്ങിയത് കണ്ടു എന്റെ മരുമകൾ കൈ കഴുകണം എന്ന് എന്നെ ഉപദേശിച്ചതും ആദ്യം എനിക്ക് ഫീൽ ചെയ്തെങ്കിലും പിന്നീട് എനിക്ക് അത് ശരിയാണ് എന്ന് സ്വയം തോന്നി.. അതല്ലേ ശരി ഒരാൾ മൂക്ക് ചീറ്റി അല്ലെങ്കിൽ മൂത്രം ഒഴിച്ചശേഷം ഉടൻ തന്നെ ആ കൈകൊണ്ട് ഒരു വട എടുത്തു തന്നാൽ കഴിക്കുമോ ആരെങ്കിലും..അത്രേ ഉള്ളൂ ഇതിൽ ആരും ചെറുതായി പോകില്ല…നല്ല ശുചിത്വം നല്ല ആരോഗ്യത്തിലേക്കെ നയിക്കൂ.. അതിന് ശേഷം ഉള്ള അഞ്ച് മിനിറ്റ് ദൈർഖ്യം ഉള്ള രേഷ്മയുടെ വ്യക്തി ശുചിത്വം എന്ന വിവരണം കൂടി എല്ലാവരും കേട്ടപ്പോഴേക്കും എല്ലാവരുടെയും മുഖത്തെ പിരിമുറുക്കത്തിനു അയവ് വന്നു

അതിനിടയിൽ ബെഡ്‌ റൂമിലേക്ക് വന്ന കുമാരിയമ്മ കണ്ണിൽ പടർന്ന സന്തോഷാശ്രുക്കൾ ആരും കാണാതെ തുടച്ചു കളയുന്നുണ്ടായിരുന്നു

എന്ത് പറയണം എന്ന് വിചാരിച്ചു ഭാഷ ദാരിദ്ര്യത്തിൽ ഇരിക്കുകയായിരുന്നു അപ്പോൾ സ്വീകരണ മുറിയിൽ എല്ലാവരും

“ഈശ്വരാ കുമാരിയമ്മയുടെ ബുദ്ധി ഒന്ന് പ്രയോഗിച്ചപ്പോൾ ഗുണം രണ്ടായി ഒന്നാമത് കഷ്ട്ടിച്ചു അഞ്ഞൂറ് വ്യൂസ് പോകാത്ത യൂട്യൂബ് ചാനലിൽ ഒറ്റ ദിവസം കൊണ്ട് 10K വ്യൂസ് ഒപ്പം നാലായിരത്തിനു മുകളിൽ സബ്സ്ക്രൈബ്ഴ്സും അതും ഓരോ മണിക്കൂറിലും കൂടിക്കൊണ്ടിരിക്കുന്നു.. ഒപ്പം പഴയ എല്ലാ വീഡിയോയുടെയും വ്യൂസ് കൂടികൊണ്ടിരിക്കുന്നു
രണ്ടാമത് ഒരു പക്ഷേ, തന്നെ കൊത്തി കീറാൻ ആയി ഇവിടെ വന്ന നാത്തൂൻമാരെയും ചേട്ടത്തി മാരെയും എല്ലാം ശാന്തരാക്കാൻ ഇത് അല്ലാതെ അമ്മയുടെ മുന്നിൽ വേറെ ഒരു ഓപ്ഷൻ ഇല്ലായിരുന്നു ”

എല്ലാം ഓർത്ത് രേഷ്മ മനസ്സിൽ ദൈവത്തിനു നന്ദി പറയുകയായിരുന്നു അപ്പോൾ……….

രചന : ഗിരീഷ് കാവാലം

Leave a Reply

Your email address will not be published. Required fields are marked *