എന്റെ മുന്നിലൂടെ കടന്നു പോകുമ്പോൾ പോലും എന്നെ ശ്രദ്ധിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല….

രചന : നെസ്‌ല. N

അനുരാഗം

❤️❤️❤️❤️❤️❤️❤️

ഞങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആണെന് കോളേജിലെ ആരും അറിഞ്ഞില്ല, ഒരിക്കലും ഒരാളോട് പോലും പറയാൻ പാടില്ല എന്ന് കർശന നിർദ്ദേശം ദേവേട്ടൻ തന്നിരുന്നു.അമ്മയുടെ നിർബന്ധപ്രകാരമാണ് ദേവേട്ടൻ പഠിപ്പിക്കുന്ന കോളേജിൽ എനിക്ക് അഡ്മിഷൻ വാങ്ങിത്തന്നത്.

കോളേജിൽ മറ്റുകുട്ടികൾ പ്രണയാർദ്രമായ നോട്ടങ്ങൾ കൊണ്ടു അദ്ദേഹത്തെ പൊതിഞ്ഞിരുന്നു. അവരുടെ സംസാരങ്ങളിൽ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു.
സഹപ്രവർത്തകരുമായി കാന്റീനിൽ പോകുമ്പോൾ വെറുതെ ഞാൻ മോഹിക്കാറുണ്ടായിരുന്നു, എന്നെ കൂടി വിളിച്ചെങ്കിലെന്ന്. എന്റെ മുന്നിലൂടെ കടന്നു പോകുമ്പോൾ പോലും എന്നെ ശ്രദ്ധിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല.എനിക്കായാളോട് വല്ലാത്ത പ്രണയമായിരുന്നു. ക്ലാസ്സെടുക്കാനായി ദേവേട്ടൻ ക്ലാസ്സിലേക്ക് വരുമ്പോൾ എന്റെ ഹൃദയം പെരുമ്പറ കൊട്ടി. പക്ഷേ ഒരിക്കൽ പോലും മറ്റു വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമായി എന്നെ കണ്ടിരുന്നില്ല. വീട്ടിൽ ചെല്ലുമ്പോൾ ഞാൻ ദേവേട്ടന്റെ അമ്മയോട് പരാതി പറയും.അമ്മക്ക് അതു കേൾക്കുമ്പോൾ നല്ല വിഷമം ഉണ്ടായിരുന്നു.
ഒരേ മുറിയിൽ രണ്ടു അപരിചിതരായി ഞങ്ങൾ കഴിഞ്ഞു. മാസം രണ്ടായി വിവാഹം കഴിഞ്ഞിട്ട്. ഒരു ഭാര്യ എന്ന നിലയിൽ ഒരിക്കൽ പോലും ദേവേട്ടൻ എന്നെ പരിഗണിച്ചില്ല. എന്റെ ഇഷ്ടങ്ങളെ അറിയാനോ ചോദിക്കാനോ മെനക്കെട്ടില്ല. കോളേജിൽ രണ്ടു ദിവസം അവധി കിട്ടി. ആ സമയം വീട്ടിലൊന്ന് പോകാൻ ഞാൻ ദേവേട്ടനോട് അനുവാദം ചോദിച്ചു.
“നിന്നെ ഇവിടെ കൊണ്ട് വന്നത് എന്റെ അമ്മയാണ്. അതു കൊണ്ടു നിന്റെ എന്ത് കാര്യവും അമ്മയോട് പറഞ്ഞാൽ മതി. നീ പോകുവോ, വരുകയോ എന്തെങ്കിലും ചെയ്യു. എന്നോട് ചോദിക്കണ്ട. Ok. ”
എന്ന് പറഞ്ഞു പുള്ളി പുറത്തേക്ക് പോയി.
ഇയാള് എന്തൊരു ദുഷ്ടനാണു, ഇത്രയും സുന്ദരിയായ ഭാര്യ ഉണ്ടായിട്ടും എന്നെ ഒന്ന് ശ്രദ്ധിക്കുന്നത് പോലുമില്ല. ഇങ്ങനെ പിറുപിറുത്തു കൊണ്ടു ഞാൻ താഴേക്ക് ഇറങ്ങി.
നീ എന്താ അച്ചു ഒറ്റക്ക് സംസാരിക്കുന്നതു?
എന്നോട് സംസാരിക്കാൻ ഇവിടെ ആരുമില്ലല്ലോ,അമ്മയുടെ മകൻ എന്തായാലും എന്നെ തിരിഞ്ഞു നോക്കില്ല. അപ്പോ പിന്നെ ഞാൻ എന്ത്‌ ചെയ്യാനാ.
പെട്ടന്നു സരോജിനിയമ്മയുടെ മുഖം മാറി.
അതു മാനസിലാക്കിയെന്നോണം അവൾ വേഗം താഴെക്കിറങ്ങി വന്നു.അയ്യേ എന്റെ സരോജിനിയമ്മക്ക് വിഷമം ആയോ.അമ്മയെ വിഷമിപ്പിക്കാനല്ല ഞാൻ പറഞ്ഞതു.
അമ്മയുടെ പുന്നാര മകനോട് ഞാനൊന്ന് വീട്ടിൽ പൊയിക്കോട്ടെ എന്ന് ചോദിച്ചു.അതിന് വലിയ ഡയലോഗും പറഞ്ഞിട്ടു ഇറങ്ങിപ്പോയി.അതിനുള്ള മറുപടി മുഖത്തു നോക്കി പറയാൻ ധൈര്യം ഇല്ലാത്തത് കൊണ്ടു ഞാൻ എന്നോട് തന്നെ പറഞ്ഞതാ,
‘എന്താ ഇപ്പൊ വിശേഷിച്ചു?’
‘ ഒന്നുമില്ലമ്മേ. രണ്ടു ദിവസം ക്ലാസ്സില്ല, അപ്പോൾ നാളെ രാവിലെ പോയാൽ രണ്ടു മൂന്നു ദിവസം വീട്ടിൽ പോയി നിൽക്കാമെന്നു കരുതി.’
“മോൾക്ക് വീട്ടിൽ പോകണമെങ്കിൽ പോയിട്ട് വാ. പക്ഷേ രണ്ടു ദിവസം നിൽക്കണോ. നാളെ വൈകിട്ട് തന്നെ വന്നൂടെ. നമുക്ക് ഒരുമിച്ചു പോകാം. മോളില്ലാതെ ഇപ്പോൾ ഞങ്ങൾക്കും പറ്റില്ല എന്നായി.”
അത്‌ പറഞ്ഞത് അച്ഛനായിരുന്നു.
അതല്ലച്ഛാ, അമ്മയും കുറെയായി വിളിക്കുന്നു.ചേച്ചിയും കുഞ്ഞും അടുത്ത ദിവസം വരുന്നുണ്ട്. അതുകൊണ്ടാ ഞാൻ…
അവളു പോയി രണ്ടു ദിവസം നിൽക്കട്ടെ രാജേട്ടാ. കൊച്ചിനതൊരു ആശ്വാസം കൂടിയാകും. മോൾക്ക്‌ അമ്മയോട് ദേഷ്യം ഉണ്ടോ?
എന്തിന്?
‘മോളുടെ ജീവിതം അമ്മ നശിപ്പിച്ചു എന്ന് തോന്നുന്നുണ്ടോ?’
‘ഒരിക്കലും ഇല്ലമ്മേ , എനിക്ക് ദേവേട്ടനെ ഒരുപാട് ഇഷ്ടമാണ്. ഇന്നല്ലെങ്കിൽ നാളെ ഏട്ടനത് മനസ്സിലാക്കും. ഒരു കാര്യം ചെയ്യാം. ഞാൻ വീട്ടിൽ പോകുന്നില്ല. പോരെ’,
അതു വേണ്ട, മോള്‌ പോയിട്ട് വാ. വേഗം വന്നേക്കണം. അച്ഛൻ കൊണ്ടാക്കിത്തരും. വേണ്ടമ്മേ, ഞാൻ ബസിൽ പോയിക്കൊള്ളാം. അച്ഛൻ എന്നെ സ്റ്റാൻഡിൽ വിട്ടാൽ മതി. കാളിങ് ബെൽ കേട്ടപ്പോൾ സരോജിനിയും രാജേന്ദ്രനും പുറത്തേക്ക് പോയി. അവൾ റൂമിലേക്കും.
വീട്ടിലേക്ക് വിളിച്ചു അമ്മയോട് ചെല്ലുന്നതിനെ കുറിച്ച് പറഞ്ഞു.അപ്പോഴാണ് കിച്ചുകുട്ടന് കഴിഞ്ഞ ദിവസം വാങ്ങിയ ഡ്രസ്സിന്റെ കാര്യം ഓർത്തത്‌. അതെടുക്കാനായി അലമാര തുറന്നപ്പോൾ ദേവേട്ടന്റെ ഒരു ഫയൽ തന്റെ ഷെൽഫിലിരിക്കുന്നു. ഇതെന്തു പറ്റി. പുള്ളിക്കാരന്റെ ഡ്രസ്സിന്റെ കൂടെ എന്റെ ഡ്രസ്സ്‌ വെച്ചതിനു ഇവിടെ വന്നതിന്റെ മൂന്നാം ദിവസം എന്നെ കരയിപ്പിച്ച മനുഷ്യനാ. ചിലപ്പോൾ ധൃതിയിൽ വെച്ചതായിരിക്കും.ഫയൽ മാറ്റി വെക്കുന്നതിനിടയിൽ ഇതൊന്നു തുറന്നു നോക്കിയാലോ എന്ന് തോന്നി.ഫയൽ തുറന്നപ്പോൾ അതിൽ കുറച്ചു സർട്ടിഫിക്കറ്റും മറ്റെന്തെക്കയോ ഉണ്ടായിരുന്നു. അതിനിടയിൽ ഒരു കവർ അവൾ ശ്രദ്ധിച്ചു. പതിയെ അതു തുറന്നു നോക്കി. ദേവന്റെ കുറെയധികം ഫോട്ടോസ്. കുഞ്ഞുനാൾ മുതൽ ഏകദേശം ഈ പ്രായം വരെ ഉള്ളത്. അതിൽ ഹേമയോടൊപ്പമുള്ളതും കൂട്ടുകാരോടൊപ്പമുള്ള ടൂർ ഫോട്ടോയും ഉണ്ടായിരുന്നു. കുറച്ചു നേരം ആ ഫോട്ടോയിൽ നോക്കിയിരുന്നു. അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ആ ഫോട്ടോസിലേക്ക് വീണു. ബ്ലാക്ക് ഷർട്ടും വൈറ്റ് പാന്റുമിട്ട് കൂളിംഗ് ഗ്ലാസ് വെച്ചു നല്ല സ്റ്റൈലൻ ഫോട്ടോ അവൾ എടുത്തു. ബാക്കി പഴേത് പോലാക്കി ഫയൽ ദേവന്റെ ഷെൽഫിൽ വെച്ചു.
പിറ്റേന്ന് രാവിലെ വീട്ടിലേക്ക് പോകാനായി പുറപ്പെട്ടു. ദേവൻ തന്റെ സുഹൃത്തുക്കളോടൊപ്പം രണ്ടു ദിവസത്തെ ടൂർ പ്ലാൻ ചെയ്തിരുന്നു. ദേവൻ ഉണർന്നപ്പോൾ അശ്വതി പോകാൻ റെഡിയാകുകയായിരുന്നു.അവളെ ഒന്നു നോക്കുകപോലും ചെയ്യാതെ ദേവൻ ബാത്ത്റൂമിലേക്ക് പോയി. അയാൾ തിരികെ ഇറങ്ങുന്നതും കാത്തു അവൾ വെളിയിൽ നിന്നു.
ദേവൻ ഫ്രഷായി പുറത്തിറങ്ങി.
ദേവേട്ടാ, ഞാൻ ഇറങ്ങുവാണേ, രണ്ടു ദിവസം എന്റെ ശല്യം കാണില്ല. അതോർത്തു സന്തോഷിക്കുകയായിരിക്കും എന്നെനിക്കറിയാം. എന്നാലും ഒരു മുറിയിൽ കഴിയുന്നതല്ലേ, യാത്ര പറഞ്ഞിട്ടു ഇറങ്ങാം എന്ന് കരുതി. അവൾ മുറിയുടെ പുറത്തേക്കിറങ്ങി.അവൻ അവളെ ഒന്നു നോക്കുകപോലും ചെയ്തില്ല.അച്ഛൻ അവളെ ബസ് സ്റ്റോപ്പിലാക്കി.
ബസിൽ നന്നേ തിരക്ക് കുറവായിരുന്നു.
ബസിലിരിക്കുമ്പോൾ അവൾ പേഴ്സിൽ നിന്നും ദേവന്റെ ഫോട്ടോ എടുത്തു നോക്കി.
എന്നിട്ടു പുറത്തേക്ക് നോക്കിയിരുന്നു.
അമ്മയുടെ കൂട്ടുകാരി തന്നെ കാണാൻ വിളിക്കുന്നു എന്ന് താഴെ നിന്നും അമ്മ വിളിച്ചു പറയുമ്പോൾ ഞാൻ ഫോണിൽ ചേച്ചിയോട് വീഡിയോ കാളിൽ ആയിരുന്നു.
ദാ, വരണൂ. എന്ന് പറഞ്ഞു താഴെക്കിറങ്ങി.
ചേച്ചി പിന്നെ വിളിക്കാം. Ok.
താഴേക്കു ചെന്നപ്പോൾ അച്ഛനും അമ്മയും അമ്മയുടെ കൂട്ടുകാരിയും അവരുടെ ഭർത്താവും ഉണ്ടായിരുന്നു. അവരെന്നെ അടുത്തേക്ക് വിളിച്ചു. എന്തോ പന്തികേട് തോന്നിയ ഞാൻ അമ്മയെ സൂക്ഷിച്ചു നോക്കി.മോള് അമ്മയെ നോക്കണ്ട,
കാര്യം ഞാൻ പറയാം എന്ന് എന്നോട് പറഞ്ഞു.
അമ്മയുടെ കൂട്ടുകാരിയാണ് സരോചിനി, മുൻപ് രണ്ടു മൂന്നു തവണ ഞാൻ കണ്ടിട്ടുണ്ട്. ഇവർ ഒരേ നാട്ടുകാരിയും ക്ലാസ്സ്‌മേറ്റും ആണ്. അവർക്കൊരു മകനുണ്ട്.അയാൾ കോളേജ് അധ്യാപകനാണ്.പുള്ളിക്കാരന് ഒരു റിലേഷനുണ്ട്. കോളേജിൽ പഠിക്കുമ്പോൾ മുതലുള്ള അസ്ഥിക്കു പിടിച്ച പ്രണയമാണ്.
പക്ഷേ ആ പെൺകുട്ടിയുടെ വീട്ടിൽ ആന്റിയും അങ്കിളും ആലോചനയുമായി ചെന്നപ്പോൾ അവൾക്ക് അയാളോട് കാര്യമായ പ്രണയം ഒന്നുമില്ലെന്നും, വിദേശത്തുള്ള ആരുമായോ അടുപ്പമുണ്ടെന്നും അവിടെയുള്ള മോഡേൺ ജീവിതമാണ് താൻ ആഗ്രഹിക്കുന്നതെന്നും അവൾ അവരോടു തുറന്നു പറഞ്ഞു. തന്റെ മകനോട് ഇത് തുറന്നു പറയാൻ കഴിയാത്ത അവർ ഈ പെൺകുട്ടിയുമായുള്ള ബന്ധത്തിന് അച്ഛനും അമ്മയ്ക്കും താല്പര്യം ഇല്ലെന്നും കൂട്ടുകാരിയുടെ മകളെ വിവാഹം കഴിപ്പിക്കാനാണ് അമ്മയുടെ ഇഷ്ടം എന്നും അവർ മകനോട് പറഞ്ഞു. ആദ്യമൊക്കെ എതിർത്തെങ്കിലും പിന്നീട് അമ്മയുടെ പിടിവാശിക്കു മുൻപിൽ ദേവൻ വഴങ്ങി.തന്റെ മകനെ ഇനി കാണാൻ പാടില്ലെന്നും ഒരു തരത്തിലും അവനുമായി ബന്ധം സ്ഥാപിക്കാൻ പാടില്ലെന്നും താക്കീത് ചെയ്തതോടെ അവൾ അവന്റെ ജീവിതത്തിൽ നിന്നും പിന്മാറി. ഇതൊന്നും അറിയാതിരുന്ന ദേവൻ അവളോട് മാപ്പ് ചോദിച്ചു. അമ്മയുടെ ആഗ്രഹപ്രകാരമാണ് ഞാൻ മറ്റൊരു വിവാഹം കഴിക്കുന്നതെന്നും അവളോട് പറഞ്ഞു. നടകീയമായ രംഗങ്ങൾക്ക് ശേഷം അവൾ അവനോട് യാത്ര പറഞ്ഞു.
എന്നെ മകനെ കൊണ്ടു കെട്ടിക്കണം എന്നുള്ള ആഗ്രഹം പണ്ടേ ഉള്ളതാണെന്നും എന്റെ അമ്മക്ക് അതറിയാമെന്നും പറഞ്ഞു. പക്ഷേ മകന് മറ്റൊരു പെണ്ണുമായി അടുപ്പമുള്ളതുകൊണ്ടാണ് ഇതുവരെ കുട്ടിയോട് പറയാതിരുന്നതും എന്ന് കൂടി പറഞ്ഞു.
എന്നിട്ട് മകന്റെ ഫോട്ടോ കാണിച്ചു. ആളുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ ഞാൻ ഫ്ലാറ്റായി.
എന്നിട്ടും ആദ്യമൊക്കെ ഞാൻ കുറച്ചു ജാഡ കാണിച്ചു. പിന്നീട് എല്ലാം പെട്ടന്നായിരുന്നു.
പക്ഷെ ആൾ എന്നെ കാണാൻ വരുകയോ എന്തിനു കല്യാണത്തിന് പോലും എന്നെയൊന്ന് നോക്കിയില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ ഒരു ഫ്രെണ്ട്സും ഉണ്ടായില്ല. കല്യാണം എന്റെ നാട്ടിലായത് കൊണ്ടു കോളേജിലും മറ്റും ആരോടും അറിയിച്ചില്ല പോലും . അതുകൊണ്ട് പുള്ളിക്കാരന്റെ കൂട്ടുകാരെ എനിക്ക് അറിയാനും വയ്യ.
പെട്ടന്നാണ് “ടീ അച്ചു എന്ന വിളി കേട്ടത്.അവൾ ഓർമയിൽ നിന്നും ഞെട്ടി ഉണർന്നു.
ഡാ, നീ എവിടെ പോകുന്നു. അതൊക്കെ പറയാടി എന്ന് പറഞ്ഞു അവനെന്റെ അടുത്തേക്ക് ഇരുന്നു. അശ്വിൻ ആണ്. ഞങ്ങൾ ഒന്നിച്ചു പ്ലസ്ടുവരെ പഠിച്ചതാണ്. എന്റെ നാട്ടുകാരനും. ഇപ്പോൾ അവൻ ചെന്നൈലോ മറ്റോ ആണെന്ന് അമ്മ ഒരിക്കൽ പറയുകയുണ്ടായി. നീ ഇപ്പൊ എങ്ങോട്ടാ, അതും ഇവിടെ, ജോലി ആയോ നിനക്ക്.
‘നിനക്ക് എന്തു തോന്നുന്നു’?
നിന്റെ ഒരു ഇത് വെച്ചു ഏതെങ്കിലും ഒരു കമ്പനിയിൽ ഒരു മാനേജറോ മറ്റോ ആയിരിക്കും.
‘ മ് മണ്ണാങ്കട്ട, എടാ എന്റെ കല്യാണം കഴിഞ്ഞു. എഹ്, അവന്റെ രണ്ടു കണ്ണും പുറത്തേക്ക് വന്നോ എന്നൊരു സംശയം. ആടാ, ആളു കോളേജ് പ്രൊഫസർ ആണ്. ഇപ്പൊ ഞാൻ എന്റെ വീട്ടിലേക്ക് പോകുവാണ്.’
അപ്പോൾ നിന്റെ സാറോ?
പുള്ളിക്കാരൻ വന്നില്ല.
അങ്ങനെ ഓരോരോ വിശേഷങ്ങൾ പറഞ്ഞു
ഞങ്ങൾ നാട്ടിലെത്തി.
സത്യത്തിൽ അവനുള്ളതു കൊണ്ടു എനിക്ക് യാത്ര ബോറടിച്ചില്ല. അവൻ രണ്ടു വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് ലീവിന് വന്നതാണ്.
വീട്ടിൽ ചെന്നപ്പോൾ ചേച്ചിയും കിച്ചുമോനും ഏട്ടനും ഉണ്ടായിരുന്നു. അങ്ങനെ മൂന്ന് നാലു ദിവസം പോയതേ അറിഞ്ഞില്ല.
തിരിച്ചു ദേവേട്ടന്റെ വീട്ടിലേക്ക് പോകാനൊരുങ്ങിയപ്പോൾ അമ്മ കുറച്ചു പലഹാരങ്ങളും മറ്റും തന്നയച്ചു.
“മോൾക്ക്‌ അവിടെ ബുദ്ധിമുട്ട് എന്തെങ്കിലും ഉണ്ടോ?
ഉണ്ടെങ്കിൽ ഇങ്ങ് പൊന്നേക്കണം. അമ്മയുടെ കൂട്ടുകാരിക്ക് വേണ്ടി മോളുടെ ജീവിതം നശിപ്പിച്ചൂന്ന് ഓർക്കരുത്.”
‘ആ, ഇത് തന്നെയാ അമ്മയുടെ കൂട്ടുകാരിയും പറയുന്നത്.
ഞാൻ അവിടെ ഹാപ്പി ആണ്.അമ്മ എന്നെ കുറിച്ചോർത്തു വിഷമിക്കണ്ട.’
അങ്ങനെ ഞാൻ അങ്ങോട്ടുള്ള ബസ് പിടിച്ചു. വീട്ടിൽ എല്ലാവരും ഉണ്ടായിട്ടും ഇടക്കൊക്കെ എനിക്കായാളെ മിസ് ചെയ്തു.

അച്ഛൻ എന്നെ ബസ് സ്റ്റാൻഡിൽ വിളിക്കാൻ വന്നു.
വീട്ടിൽ ചെന്നപ്പോൾ ഒരു ചായ തന്നു കൊണ്ടു എന്റെ വീട്ടിലെ മുഴുവൻ വിശേഷങ്ങളും അമ്മ അവിടെ ഇരുത്തി പറയിച്ചു.
“അമ്മയുടെ മകൻ ടൂർ കഴിഞ്ഞെത്തിയില്ലേ.”
അവൻ രണ്ട് ദിവസം കഴിഞ്ഞപ്പോൾ എത്തി. മുകളിലുണ്ട്. ആഹാ, അപ്പോൾ എന്റെ സൗണ്ട് കേട്ടിട്ടായിരിക്കും ഇങ്ങോട്ടേക്കു വരാത്തത്.
അല്ല അച്ചു, ടൂറിനു പോയി വന്നതിനു ശേഷം അവനെന്തൊക്കെയോ മാറ്റം തോന്നുന്നു.
“എങ്കിൽ വേറെ പെണ്ണിനെ കണ്ടു വെച്ചുകാണും.”
‘നല്ലടി തരും ഞാൻ , എന്റെ മകനേ കളിയാക്കിയാലുണ്ടല്ലോ,
‘ പിന്നെ നിന്റെ മകനാരാ?
‘അതെ അച്ഛാ ചോദിക്ക്. ഈ അമ്മയാ മകനെ വഷളാക്കുന്നത്.
ഒന്നേ ഉള്ളു എങ്കിലും ഒലക്കക്ക് അടിച്ചു വളർത്തണം’.
‘പിന്നേ എന്റെ മകനെന്താ ഒരു കുഴപ്പം.’
‘ഒരു കുഴപ്പവും ഇല്ല, എല്ലാം കൂടുതലല്ലേ. അതുകൊണ്ടാണല്ലോ ഞാൻ കട്ടക്ക് പിടിച്ചേക്കുന്നത്.’
ഞങ്ങൾ അതുപറഞ്ഞു ചിരിക്കുമ്പോൾ മുകളിൽ നിന്നും ആളു ഇറങ്ങി വന്നു. എന്നെ ഒന്ന് നോക്കിയോ, ആ തോന്നിയതായിരിക്കും. ഞാൻ സെറ്റിയിൽ നിന്നും എഴുന്നേറ്റു നിന്നു. അങ്ങേര് അവരോട് എന്തോ പറഞ്ഞു പുറത്തേക്കു പോയി.
ഞാൻ മുറിയിലേക്കും കയറിപ്പോയി.
സാധാരണ ദേവേട്ടൻ വരുന്നത് അറിയാറില്ല. റൂമിൽ പിറ്റേന്നത്തേക്കുള്ള നോട്ട് റെഡിയാക്കുന്നതിനിടയിൽ ദേവേട്ടൻ കേറിവന്നു. പതിവ് പോലെ പുള്ളിക്കാരൻ തന്റെതായ ദിനചര്യകളിൽ മുഴുകി. ഫോൺ വിളികൾ, ന്യൂസ്‌ കാണൽ അങ്ങനങ്ങനെ.
ചേട്ടൻ (ചേച്ചിയുടെ ഭർത്താവ് )എന്റെ കയ്യിൽ പുള്ളിക്കാരനൊരു ഗിഫ്റ്റ് തന്നു വിട്ടിരുന്നു. ഞാൻ കൊടുത്താൽ വാങ്ങില്ല, ചേട്ടൻ തന്നെ എപ്പോഴെങ്കിലും കൊടുത്താൽ മതി എന്ന് പറഞ്ഞപ്പോൾ നിന്റെ കയ്യിൽ കൊടുത്തു വിട്ടോ എന്ന് ഇദ്ദേഹം പറഞ്ഞത്രേ. ഞാൻ പെട്ടന്ന് ഗിഫ്റ്റിന്റെ കാര്യം ഓർത്തു. ഒന്നും പറയാതെ ദേവേട്ടന്റെ അടുത്ത് കൊണ്ടു വെച്ചു.ഒന്നും പറയാൻ പോയില്ല. വീട്ടിൽ ‘എല്ലാവർക്കും സുഖമല്ലേ ‘
പെട്ടന്ന് ഞാൻ സ്റ്റക്കായി. കല്യാണം കഴിഞ്ഞിട്ട് ആദ്യത്തെ സംഭവം. ഞാൻ തിരിഞ്ഞു നോക്കി.മ്മ് എന്ന് തലയാട്ടി. പെട്ടന്ന് അമ്മ കഴിക്കാൻ വിളിച്ചു.
വരുന്നമ്മേ എന്ന് ഞാൻ വിളിച്ചു പറഞ്ഞു.
റൂമിന്റെ വാതിൽക്കൽ നിന്നു തിരിഞ്ഞു കഴിക്കാൻ വരുന്നില്ലേ? എന്ന് ചോദിച്ചു.
വീണ്ടും ഞാൻ ഞെട്ടി. വരുവാ എന്ന് പറഞ്ഞു. ദൈവമേ ഞാൻ വീട്ടിൽ നിന്നും വന്നപ്പോൾ മുതൽ എന്തൊക്കെയാ ഇവിടെ നടക്കുന്നത്. ഇത് എന്റെ കെട്ടിയോൻ തന്നെയാണോ, ഇങ്ങേർക്കിനി ആളു മാറിപ്പോയോ 🤔🤔
എന്തായാലും പുറകെ ചെന്നു. എന്താമ്മേ ഇന്ന് സ്പെഷ്യൽ. ഞാൻ വെറുതെ ചോദിച്ചു.
‘ഇന്ന് നല്ല ചിക്കൻ ബിരിയാണി കഴിച്ചാലോ,? ”ആണോ സത്യം.”
‘ദേ നോക്ക്.’
‘Thanks അമ്മ. Thanks എന്നോടല്ല എന്റെ മോനോട് പറ.’
അമ്മ എന്നെ കണ്ണു കൊണ്ടു കളിയാക്കി ആക്ഷൻ കാണിച്ചു. ഞാൻ ഇല്ലെന്ന് തലയാട്ടി.
ഞങ്ങൾ എപ്പോഴും ഓപ്പോസിറ്റയിട്ടാണ് ഇരിക്കാറുള്ളത്.
പെട്ടന്ന് എന്നിലെ കാമുകി ഉണർന്നു. ഇയാൾ എന്തൊരു ഗ്ലാമർ ആണ്. കട്ടതാടിയും മീശയും, ദൈവമേ എന്നെ നീ തന്നെ കാത്തോളണേ.
അച്ഛാ, അച്ഛന്റെ മകളോട് പറ, വായിൽ നോക്കി ഇരിക്കാതെ ഭക്ഷണം കഴിക്കാൻ.
ഞാൻ ആകെയൊന്നു ചമ്മി. ഇയാള് ഇതൊക്കെ കാണുന്നുണ്ടായിരുന്നോ.ഞാനങ്ങനെ ബിരിയാണി തിന്ന് തീർത്തത് വളരെ പെട്ടന്നായിരുന്നു.
രാവിലെ കോളേജിൽ പോകാനൊരുങ്ങി. താഴേക്ക് വന്നു. ഇതെന്താ സാധാരണ ഒരുങ്ങി ഇറങ്ങിയാൽ അപ്പോൾ തന്നെ പോകുന്ന ആളു ഇന്ന് പോകാത്തത്. ഇങ്ങേരിന്നു പോകുന്നില്ലേ. അമ്മയൊന്നും പറഞ്ഞില്ലല്ലോ. അങ്ങനെ ആലോചിച്ചു നടക്കുമ്പോൾ അമ്മ എന്നെ നോക്കിയൊന്നു ചിരിച്ചു. ആക്കി ചിരിച്ചത് പോലെ ഉണ്ടല്ലോ.
അച്ചു ഞങ്ങൾ വൈകിട്ട് ഒരു കല്യാണത്തിന് പോകും. താമസിച്ചേ എത്തു. ഭക്ഷണം നീ അവനും കൂടി ഒന്ന് വിളമ്പിയേക്കണേ.
ഞാനും വരാം അമ്മേ. ഞാൻ ഇവിടെ നിന്നാൽ ശരിയാവില്ല. അല്ലെങ്കിലും നമ്മൾ ഒന്നിച്ചല്ലേ പോയിക്കൊണ്ടിരുന്നത്. ഇന്ന് എന്തു പറ്റി. അതു നമ്മൾ ഒന്നിച്ചു പോയാൽ അവനു ആരാ ഭക്ഷണം കൊടുക്കുന്നത്. “എങ്കിൽ അച്ഛനൊറ്റെക്കു പോകട്ടെ.”ഞാൻ വാദിച്ചു.
‘അതെങ്ങനെ ശരിയാകും. അവരൊന്നിച്ചു വന്നു വിളിച്ചതല്ലേ. അപ്പൊ അമ്മ പോകാതിരുന്നാൽ എങ്ങനാ.’
അവസാനം ഞാൻ കീഴടങ്ങി.
ഞാൻ കോളേജിൽ ബസിലാണ് പോകാറുള്ളത്. ദേവേട്ടൻ കാറിലും. ആദ്യമായി കോളേജിൽ പോകുമ്പോൾ അമ്മയും അച്ഛനും എന്നെ കൂടി കൊണ്ടു പോകാൻ ദേവേട്ടനോട് പറഞ്ഞപ്പോൾ കുറേ ഒച്ചയും ബഹളവും ഉണ്ടാക്കി. കല്യാണം പോലും ആരെയും അറിയിച്ചിട്ടില്ല, എന്നിട്ടു ഇതിനെയും കെട്ടിയൊരുക്കി കൊണ്ടു ഞാൻ പോകണോ?ദേവേട്ടൻ ഒച്ചയെടുത്തു.
കരഞ്ഞു കലങ്ങിയ കണ്ണുമയാണ് അന്ന് കോളേജിൽ പോയത്. അന്നു മുതൽ ഞാൻ ഒറ്റക്കാണ് കോളേജിൽ പോകുന്നത്.

അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അദ്ദേഹം ബൈക്ക് സ്റ്റാർട്ട്‌ ചെയ്തിരുന്നു. എന്നോട് കേറാൻ പറഞ്ഞു. സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല. എന്റെ കണ്ണൊക്കെ നിറഞ്ഞു, ആകെ ഒരു പരവേശം. പെട്ടന്ന് അതു കേൾക്കാത്ത പോലെ ഞാൻ നടന്നു. എന്നിട്ട് ഉച്ചത്തിൽ അമ്മേ എന്റെ ബസ് പോകും ഞാൻ ഇറങ്ങുവാണേ എന്ന് മുറ്റത്തു നിന്നും വിളിച്ചു പറഞ്ഞു. വെളിയിൽ നിന്ന അമ്മക്ക് കാര്യം മനസ്സിലായി എന്ന് തോന്നുന്നു. അമ്മയുടെ മുഖത്തു ഒരു ചിരി പടർന്നിരുന്നു. ശോ അച്ഛനും കൂടി വേണ്ടതായിരുന്നു എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.ഒളികണ്ണിട്ട് ഞാൻ ദേവേട്ടനെ നോക്കി. എന്നെ കൊല്ലാനുള്ള ദേഷ്യം ആ മുഖത്തുണ്ട്. അമ്മയെ നോക്കി വണ്ടി സ്പീഡിൽ ഓടിച്ചു പോയി.
കോളേജിൽ എത്തിയപ്പോഴും രാവിലത്തെ രംഗങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു നിന്നു.ഇപ്പോൾ മനസ്സിനൊരു കുളിർമ. എന്നാലും പെട്ടന്ന് ഇങ്ങനെ ഒരു മാറ്റം വരാൻ എന്താവും കാരണം. ഇങ്ങനെ ആലോചിച്ചിരിക്കുമ്പോൾ വൈകിട്ടത്തെ കാര്യം കൂടി ആലോചിച്ചപ്പോൾ ആകെ ഒരു ടെൻഷൻ. ദേവേട്ടൻ ഇന്ന് ക്ലാസ്സിലേക്ക് വന്നില്ല.എന്തു പറ്റിയോ? ആരോടും ചോദിക്കാനും പറ്റില്ല. വൈകുന്നേരമായി. വീട്ടിൽ എത്തി. അമ്മയും അച്ഛനും ഇല്ലായിരുന്നു. ഫ്രഷായി വന്നു ചായ കുടിച്ചു. ദേവേട്ടനെ നോക്കിയിരുന്നു. കാണുന്നില്ലല്ലോ.ഞാൻ പതിയെ മുറ്റത്തേക്കിറങ്ങി ചെടികളൊക്കെ നനച്ചു. അച്ഛനും ഞാനും കൂടിയാണ് ചെടികളും മറ്റും പരിപാലിക്കുന്നത്.
6 മണിയായിട്ടും കാണാതായപ്പോൾ എനിക്കൊരു ടെൻഷൻ. ഇനി ഇന്ന് വരാതിരിക്കുമോ. അപ്പോഴാണ് അമ്മയുടെ കാൾ വന്നത്.ഞാൻ അകത്തേക്ക് കയറി.ഞാൻ ഒറ്റക്കാണെന്ന് പറഞ്ഞപ്പോൾ അവനിപ്പോ വരുമെന്ന് പറഞ്ഞു സമാധാനിപ്പിച്ചു. കതകൊക്കെ നന്നായി ലോക്ക് ചെയ്യാൻ പറഞ്ഞു.
പിന്നെ മോളെ, ഞങ്ങൾ നാളെ വൈകിട്ടെ എത്തു.
അതെന്താ?
‘ഞങ്ങൾ വല്യമ്മാവന്റെ അടുത്ത് കൂടി പോയിട്ട് വരാം എന്ന് അച്ഛൻ പറഞ്ഞു. അതാ. ഇവിടുന്ന് കുറച്ചു ദൂരമല്ലേ ഉള്ളു.’
“അപ്പോൾ ഞാൻ എന്തു ചെയ്യും”
അതിനെന്താ നിങ്ങൾ രണ്ടു പേരില്ലേ,.
അതാ എന്റെ പേടി. അമ്മയുടെ മകന്റെ കൂടെ കഴിയുന്നത് കാട്ടിലകപ്പെട്ട പോലെയാ സിംഹമല്ലേ സിംഹം…..
നല്ല ഭക്ഷണം പാകം ചെയ്തു കൊടുത്തു ഒന്ന് സോപ്പിട്, ചിലപ്പോൾ വീണാലോ?
പിന്നേ ഇപ്പൊ തന്നെ വീഴും’
ആ മോളെ ആരോ വിളിക്കുന്നു, അമ്മ വെക്കുവാണേ.
മ്മ് ശെരി എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു തിരിഞ്ഞു നോക്കിയപ്പോൾ ദേ ആളു വാതിൽക്കൽ നിൽക്കുന്നു. ചിരിക്കണോ കരയണോ എന്നറിയാതെ നിന്ന ഞാൻ പതിയെ അടുക്കളയിൽ പോയി ചായ കൊണ്ടു വന്നു ടേബിളിൽ വെച്ചു.
എന്തെങ്കിലും പറയാണോ ചെയ്യണോ എന്നറിയാതെ ഞാൻ നിന്നു വിയർത്തു. ചായ എടുത്തു ആളു മുകളിലേക്ക് കയറിപ്പോയി. അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. ഞാൻ നേരെ അടുക്കളയിലേക്ക് പോയി.എന്നാലും അമ്മയും അച്ഛനും പോകേണ്ടിയിരുന്നില്ല എന്നവൾ ആശിച്ചു. പലപ്പോഴും തന്റെ ഭർത്താവിനോടൊപ്പം ചിലവഴിക്കാൻ അവളാഗ്രഹിച്ചിരുന്നു. പക്ഷേ ഇപ്പോൾ എന്തോ ഒരു പരവേശവും വെപ്രാളവും തോന്നുന്നു. അമ്മ വൈകിട്ടത്തേക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു. അതെടുത്തു ചൂടാക്കി ടേബിളിൽ കൊണ്ടു വെച്ചു.
ആളെ ഇതുവരെയും താഴേക്ക് കണ്ടില്ല. ഫോണെടുത്തു കൂട്ടുകാരുമായി ചാറ്റ് ചെയ്തു.റീൽസ് കണ്ടു ആസ്വദിച്ചിരിക്കുമ്പോൾ ദേവേട്ടൻ താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു. പെട്ടന്ന് ഫോൺ മാറ്റി വെച്ചു.ദേവേട്ടന് ഭക്ഷണം വിളിമ്പി കൊടുത്തു. കഴിക്കാനെടുത്തെങ്കിലും ആഹാരം ഇറങ്ങുന്നില്ല. ആളെ ഒന്ന് നോക്കിയാലോ വേണ്ട, ചിലപ്പോൾ കറിയെടുത്തു തലേൽ എറിയും. അച്ഛനും അമ്മയും കൂടിയില്ല. എന്റീശ്വരാ എന്തൊരു ടെൻഷനാ. ചെണ്ട കൊട്ടുന്ന പോലെ ഹൃദയം മിടിക്കുന്നു. ഞാൻ പതിയെപ്ലേറ്റുമായി എഴുന്നേറ്റു.എന്നിട്ട് വേഗം അടുക്കളയിലേക്ക് ചെന്നു. ഭിത്തിയിൽ ചാരി കണ്ണുകളടച്ചു ശ്വാസം നിയന്ത്രിക്കാൻ ശ്രമിച്ചു.കുറച്ചു നേരം കണ്ണുകളടച്ചു നിന്നപ്പോൾ ചെറിയൊരാശ്വാസം കിട്ടി.
കണ്ണു തുറന്ന ഞാൻ ഞെട്ടിപ്പോയി. എന്റെ മുന്നിൽ കൈകെട്ടി ഒരാൾ നിൽക്കുന്നു.
ഞാൻ അനങ്ങാൻ പറ്റാതെ നിന്നു. എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുന്ന ദേവേട്ടൻ. ഞാൻ പേടിയാണോ സന്തോഷമാണോ എന്നറിയാതെ നിൽക്കുന്നു. പതിയെ എന്റെ അരികിലേക്ക് അടുത്ത് വന്നു.
‘അമ്മയും അച്ഛനും ഉള്ളപ്പോൾ ഭയങ്കര വായാടി ആണല്ലോ. ഇന്ന് എന്തു പറ്റി. അതുപോലെ അമ്മയോട് എന്തോ പറയുന്നതു കേട്ടല്ലോ. ഞാൻ സിംഹമാണെന്നോ മറ്റോ. ഇപ്പോൾ എന്തു പറ്റി.’
ഞാൻ ഒരു വല്ലാത്ത ചിരി പാസ്സാക്കി. എന്റെ ദൈവമേ നാക്കും ഇപ്പോൾ എന്നെ ചതിക്കുകയാണോ. ഒന്നും പറയാൻ പറ്റുന്നില്ലല്ലോ. പുള്ളിക്കാരൻ എന്റെ അടുത്തേക്ക് വീണ്ടും വന്നു. ദേവേട്ടന്റെ ശ്വാസം എന്റെ മുഖത്തേക്ക് തട്ടി. ഭിത്തിയോട് ചേർന്ന എന്റെ കയ്യിൽ നിന്നും ചോറും പാത്രം താഴേക്കു വീണു. ആളിന് ഒരു കുലുക്കവുമില്ല. ഇയാള് ഇതെന്തിനുള്ള പുറപ്പാടാ. ആരും ഇല്ലാത്ത സമയത്തു സ്വന്തം ഭാര്യയെ.. ഹേയ് അതായിരിക്കില്ല.
അതെ എനിക്ക് ശ്വാസം മുട്ടുന്നു.
അതിന്.
അതിന് എനിക്ക് പോകണം
പൊയ്ക്കോ, ഞാൻ പോകണ്ടാന്നു പറഞ്ഞോ.
എന്റെ വീട്ടിൽ എനിക്കിഷ്ടമുള്ള സ്ഥലത്തു ഞാൻ നിൽക്കും.
മ്മ്.
എനിക്കൊരു ചായ വേണം.
മ്മ്.
ദേവേട്ടൻ പതിയെ അകത്തേക്ക് പോയി. വെള്ളത്തിൽ നിന്നും കരയിലകപ്പെട്ട മീനിന്റെ അവസ്ഥയായിരുന്നു എനിക്ക്.
പെട്ടന്ന് കൈ കഴുകി ദേവേട്ടന് ചായയുമായി
ഞാൻ അകത്തേക്ക് ചെന്നു. ഹാളിൽ ആളില്ലായിരുന്നു. പുറത്തെ ഡോർ ലോക്കായിരുന്നു. അപ്പോൾ മനസ്സിലായി റൂമിലിയൊരിക്കുമെന്ന്. ചായയുമായി മുകളിലേക്ക് ചെന്ന്. ആളു ബാൽക്കണിയിലാണ്. ഉള്ളിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു.
‘ചായ ‘
ആളൊന്നു തിരിഞ്ഞു നോക്കി. ചായ വാങ്ങി. തിരികെ നടക്കാനൊരുങ്ങിയ എന്നോട് ‘എനിക്ക് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു.’
തനിക്കെന്റെ ഭൂതകാലം അറിയാം എന്നെനിക്കറിയാം. പക്ഷേ ഇയാള് കരുതുന്ന പോലെ പൈങ്കിളി പ്രണയം ആയിരുന്നില്ല എനിക്കവളോട്. അതുകൊണ്ടു തന്നെയാണ് തന്നെ ഉൾക്കൊള്ളാൻ എനിക്ക് പറ്റാതിരുന്നത്. ഞാൻ മറ്റൊരു വിവാഹം കഴിച്ചതിന്റെ വിഷമത്തിൽ ഞാനുമായിട്ടുള്ള എല്ലാ കോൺടാക്റ്റും ഹേമ ബ്ലോക്ക്‌ ചെയ്തിരുന്നു. അതുകൊണ്ടു അവളെ നേരിട്ട് കാണാൻ ഞാൻ തീരുമാനിച്ചു. തന്നെ വേണ്ടെന്നു വെച്ചു അവളെ സ്വീകരിക്കാം എന്നൊക്കെ എന്റെ മനസ്സിൽ ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം അവളുടെ ബർത്ത്ഡേ ആയിരുന്നു. കഴിഞ്ഞ വർഷം വരെ ഞങ്ങൾ ഒരുമിച്ചാണ് ആഘോഷിച്ചത്. ഞാനായിട്ടാണല്ലോ അവളെ വേണ്ടെന്നു വെച്ചതു എന്ന കുറ്റബോധം എന്നിലുള്ളത് കൊണ്ടാണ് അവൾക്കുള്ള ഗിഫ്റ്റുമായി ഞാൻ കാണാൻ ചെന്നത്. പക്ഷേ…
ദേവേട്ടൻ കുറച്ചു നേരം മിണ്ടാതിരുന്നു. ഞാനും.
‘അവിടെ ചെന്നപ്പോൾ വളരെ ആഘോഷമായി അവളുടെ birthday party നടക്കുന്നുണ്ടായിരുന്നു. വളരെ സന്തോഷവതിയായി മോഡേൺ ഡ്രസ്സൊക്കെയിട്ട് അവൾ…’
ദേവേട്ടന്റെ ശബ്ദം ഇടറിയിരുന്നു.
അങ്ങോട്ട് ചെല്ലാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. എങ്കിലും ഞാൻ അവിടേക്ക് കയറിച്ചെന്നു. എന്നെ കണ്ടതും അവളാകെ പരിഭ്രാന്തായായി. അപ്പോഴാണ് അവളുടെ കൂടെ മറ്റൊരാളെ ഞാൻ ശ്രദ്ധിച്ചത്. അവളുടെ ബോയ് ഫ്രണ്ട് ആണുപോലും.എന്നെ പരിചയപ്പെടുത്തിയത് ക്ലാസ്സ്‌മേറ്റ് ആണെന്ന് പറഞ്ഞായിരുന്നു.
പിന്നീട് എന്നെയൊന്നു നോക്കുക പോലും ചെയ്തില്ല. അവൾ മറ്റൊരു ലോകത്താണെന്നു എനിക്ക് തോന്നി.അങ്ങനെ വിഷമിച്ചു നിൽക്കുമ്പോഴാണ് അവളുടെ അച്ഛൻ എന്നെ പുറത്തേക്കു കൊണ്ടു പോയി അമ്മയും അച്ഛനും ചെന്ന കാര്യങ്ങൾ പറഞ്ഞത്. പാവം അങ്കിൾ. ഭാര്യയുടെയും മകളുടെയും ആഡംബര ജീവിതത്തിന്റ ഒഴുക്കിൽ പെട്ട ഒരു സാധാരണ മനുഷ്യൻ.
പക്ഷെ എന്നെ ഇത്രയും നാളും അവൾ പറ്റിക്കുകയാണെന്നു അറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നുപോയി. വീട്ടിലേക്ക് വന്നപ്പോൾ അമ്മയും അച്ഛനും തന്ന ആത്മ വിശ്വാസമാണ് ഇന്ന് ഞാനിങ്ങനെ നിന്റെ മുന്നിൽ നിൽക്കാൻ കാരണം.
അമ്മയുമച്ഛനും മനപ്പൂർവം മാറിയതാണ്. നമ്മൾ തനിച്ചാകുമ്പോൾ കുറച്ചു കൂടുതൽ ഫ്രീയാകും എന്ന് കരുതി.അതുകൊണ്ട്, അതുകൊണ്ട്…. ഞാൻ…
ദേവേട്ടൻ എന്റെ അടുത്തേക്ക് വന്നു.
ആകാശത്തിലെ നക്ഷത്രങ്ങൾ ഞങ്ങളെ നോക്കി കണ്ണു ചിമ്മി.
‘എന്റെ ഒരു ഫോട്ടോ മിസ്സിംഗ്‌ ആണല്ലോ.’
എന്റെ കണ്ണ് പുറത്തേക്ക് വന്നോ.’ ഞാൻ.. ഞാൻ കണ്ടില്ല.’
ആഹാ അപ്പോൾ താൻ എടുത്തില്ല,
ഇ.. ഇല്ല..
‘എങ്കിൽ എന്റെ മുഖത്തു നോക്കിപ്പറ.’
ഞാൻ എടുത്തു, അതിനെന്താ? എന്റെ കെട്ടിയോന്റെ അല്ലെ. എന്ന് പറഞ്ഞു അയാളെ തള്ളി മാറ്റി അവൾ മുറിയിലേക്കോടി. എടി.. കാന്താരി നിന്നെ ഞാൻ……..

ശുഭം

രചന : നെസ്‌ല. N

Leave a Reply

Your email address will not be published. Required fields are marked *