നല്ല രീതിയിൽ സ്ഥാപനം മുന്നോട്ട് പോകവേ പെട്ടന്ന് മൂന്ന് പേര് ജോലി നിർത്തി പോയത് അഖിലയുടെ ബിസിനസ്സിനെ ബാധിക്കാൻ തുടങ്ങി…

രചന : ഗിരീഷ് കാവാലം

“ഭർത്താവ് മരിച്ചിട്ട് ഒരു വർഷം പോലും ആയില്ല അവള് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും നാട്ടുകാരുടെ മുൻപിൽ അഴിഞ്ഞാടി നടക്കുവാ അതും ഈ പ്രായത്തിൽ ”

“ഓ വലിയ യൂട്യൂബറാ പൈസ കിട്ടിയാൽ മതിയല്ലോ കുടുംബത്തിന്റെ മാനം പോയാലെന്ത് ”

ഭർത്താവിന്റെ മൂത്ത സഹോദരി ആയിരുന്നു അത് പറഞ്ഞത്

അടുത്ത ബന്ധുവിന്റെ വിവാഹനിശ്ചയ ചടങ്ങിന് ഒത്തു കൂടിയപ്പോൾ ചർച്ച അഖിലയുടെ സോഷ്യൽമീഡിയയിലെ വീഡിയോ റീൽസ് ആയിരുന്നു

“ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും ഒക്കെ അഴിഞ്ഞാടിയാൽ ആർക്കാ പൈസ കിട്ടാത്തെ”

രണ്ടാമത്തെ സഹോദരി അത് പറഞ്ഞതും അഖിലക്ക് പിടിച്ചു നിൽക്കാൻ ആയില്ല

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“സ്വന്തമായി ടൈലറിങ് യൂണിറ്റ് ഉണ്ടല്ലോ കൂടാതെ കഴിഞ്ഞു കൂടാൻ ഉള്ള സാമാന്യം വകയും ഉണ്ട് പിന്നെ എന്തിനാ ഈ പണിക്ക് പോകുന്നത്. അതുകൊണ്ടല്ലേ എല്ലാവരും ഇങ്ങനെ പറയുന്നത്.. ഇപ്പോൾ ആണെങ്കിൽ എന്നും വാർത്തകളിൽ ഒക്കെ കേൾക്കുന്നതല്ലേ സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ, അതും നാല്പത് വയസ്സ് അടുക്കാറായ ഈ പ്രായത്തിൽ ”

ഭർത്താവിന്റെ മൂന്ന് സഹോദരിമാരുടെയും കുത്തുവാക്കുകൾ ആയിരുന്നു അഖിലയെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്

“മോളെ നിനക്ക് ചെറിയ വരുമാനം ഉണ്ടെന്നൊക്കെ അറിയാം പക്ഷേ കാശിനു വേണ്ടി നമ്മുടെ വിലയും നിലയും മറന്ന് ഒരു കാര്യത്തിന് പോകല്ല്”

അമ്മാവൻ ആണ് അത് പറഞ്ഞത്

അഖിലയുടെ മുഖം താഴ്ന്നിരിക്കുകയായിരുന്നു അപ്പോഴും

“താൻ പണ്ടേ അങ്ങനെ ആണ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടനെ ഇമോഷണൽ ആകും..”

ഫാഷൻ ഡിസൈനിങ്ങിൽ അഖിലയുടെ കഴിവ് തിരിച്ചറിഞ്ഞ ഒരു കൂട്ടുകാരി ആണ് സോഷ്യൽ മീഡിയയുടെ സാധ്യത ഉപയോഗപ്പെടുത്താൻ അവളോട് പറഞ്ഞത്

തന്റെ ടൈലറിങ് യൂണിറ്റിലെ പ്രോഡക്റ്റ് പ്രദർശിപ്പിക്കാൻ മോഡൽ ഒക്കെ വേണ്ടായോ എന്ന അഖിലയുടെ ചോദ്യത്തിനും കൂട്ടുകാരി തന്നെ നിർദേശം വച്ചു

“അഖിലയെ പോലുള്ള ഒരു സുന്ദരി ഉള്ളപ്പോൾ പിന്നെ ആര് വേണം”

അല്പം മടിയോടെ ആണെങ്കിലും അഖില കൂട്ടുകാരിയുടെ ആ നിർദേശം സ്വീകരിച്ചു

ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും അവൾ അക്കൗണ്ടുകൾ തുറന്നു

തന്റെ ഫാഷൻ ഡിസൈനിങ്ങിലെ കഴിവ് അവൾ പുറംലോകത്തിനു കാണിക്കുവാൻ തുടങ്ങുവായിരുന്നു

പലവിധ ഡ്രസ്സ്‌കളിൽ അണിഞ്ഞൊരുങ്ങിയ അഖിലക്ക് ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒരുപാട് വ്യൂവേഴ്‌സ്നെ കിട്ടി ഒപ്പം അവളുടെ പ്രോഡക്റ്റിന് ഡിമാൻഡും വന്ന് തുടങ്ങിയ ദിവസങ്ങളിൽ തന്നെ തന്റെ കുടുംബത്തിൽ നിന്നുള്ളവരുടെ കുത്തുവാക്കുകൾ അവൾക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല

“അഖിലേ നീ എന്താ ആലോചിച്ചിരിക്കുന്നത്.?

അമ്മായിയമ്മ ആണ് ചോദിച്ചത്

ഒരു നിമിഷം ഓർമ്മകളിൽ നിന്ന് തിരിച്ചെത്തിയ അവൾ പറഞ്ഞു

“ഞാൻ ഇനി വീഡിയോ ചെയ്യില്ല”

അടുത്ത ദിവസം മുതൽ അവളുടെ ചിന്ത ടൈലറിങ് മേഘലയിൽ മാത്രമായി ഒതുങ്ങി

നല്ല രീതിയിൽ സ്ഥാപനം മുന്നോട്ട് പോകവേ പെട്ടന്ന് മൂന്ന് പേര് ജോലി നിർത്തി പോയത് അഖിലയുടെ ബിസിനസ്സിനെ ബാധിക്കാൻ തുടങ്ങി

വരുമാനം നന്നേ കുറഞ്ഞു

തന്റെ കുടുംബ ബഡ്ജറ്റിനെ വരെ ബാധിക്കുവാൻ തുടങ്ങി

ഒപ്പം ഒരു വിധവയെ വികലമായ കണ്ണുകളിൽ കൂടി കാണുന്ന ഒരു അടുത്ത ബന്ധുവിന്റെ സമീപനം കൂടി ആയപ്പോൾ അവൾ ആത്മഹത്യ എന്ന ചിന്തയിൽ വരെ എത്തി ചേർന്നു

മാനസികമായി തകർന്ന അവൾ ടൈലറിങ് യൂണിറ്റിൽ പോകാൻ മടിച്ചിരിക്കുന്ന ദിവസങ്ങളും ഉണ്ടായി

“അമ്മേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ അമ്മ പഴയ രീതിയിൽ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകൂ.. ചിറ്റമാരും, മാമന്മാരും എല്ലാം ഇപ്പോഴും 2G യിൽ തന്നെ കറങ്ങി നിൽക്കുവാ”

അമ്മയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിച്ച മൂത്ത മകൻ പറഞ്ഞു

തന്റെ മൂത്ത മകന്റെ വാക്കുകളിൽ അവൾ ചില യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞു

“താൻ എന്തിന് മറ്റുള്ളവരുടെ വാക്കുകൾ കേൾക്കണം.. തന്റെ മക്കളെ ആരും തിരിഞ്ഞു നോക്കില്ല. ഇപ്പൊ അനുഭവിക്കുന്ന ബുദ്ധിമുട്ടിനു പരിഹാരം കാണാൻ ആരെങ്കിലും തനിക്ക് തുണയായി എത്തിയോ”

നെഗറ്റീവ് ചിന്തകളിൽ നിന്ന് തന്നെ ഉണർത്തിയ മോന്റെ നെറ്റിയിൽ ചുംബിക്കുമ്പോൾ മന്ദഹാസത്തോടെ അവൾ അത് ഉറപ്പിച്ചു

ഒരു മാസത്തെ ഇടവേളക്ക് ശേഷം പഴയതിലും ഉണർവോടെ അഖില ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും, ഫേസ്ബുക്കിലും റീൽസ് അപ്‌ലോഡ് ചെയ്യുവാൻ തുടങ്ങി.. അല്പം മോഡേൺ ആകാനും അവൾ മടിച്ചില്ല

ലോങ്ങ്‌ ബ്രേക്ക്‌ ആയതിന്റെ പരിഭവം പോസിറ്റീവ് കമന്റുകളാൽ നിറഞ്ഞു

വ്യൂവേഴ്‌സും ഫോളോവഴ്സും, സബ്സ്ക്രൈബ്ഴ്സും കൂടിയതിനൊപ്പം പല ഇടങ്ങളിൽ നിന്നും ഡ്രെസ്സുകളുടെ ഓർഡറുകളും വന്നു തുടങ്ങി ഒപ്പം വരുമാനവും

ജോലി വിട്ടുപോയ ആ മൂന്ന് സ്ത്രീകൾ വീണ്ടും തിരിച്ചു വന്നു. ടൈലറിങ് യൂണിറ്റിൽ ഡിമാൻഡുകൾ വർധിച്ചതോടെ കൂടുതൽ ജോലിക്കാർക്കായി തിരച്ചിലും തുടങ്ങി

രണ്ട് മാസം മുൻപ് ഉറപ്പിച്ച ബന്ധുവിന്റെ വിവാഹത്തിന് വീണ്ടും ബന്ധുക്കൾ ഒത്തുചേർന്നപ്പോൾ അഖിലയെ കണ്ടതും എല്ലാവരുടെയും മുഖം ഇരുണ്ടു

“ഞങ്ങളുടെ കുടുംബത്തിൽ ഇതുവരെ സ്ത്രീകളുടെ ശരീരവടിവ് കാണിച്ചു കാശ് ഉണ്ടാക്കിയിട്ടില്ല.. മാന്യമായി ജീവിക്കുന്ന കുടുംബമാ ഞങ്ങളുടെ”

ഒരു നാത്തൂൻ അത് പറയുമ്പോൾ അഖിലയുടെ മുഖത്ത് പ്രത്യേക ഭാവമാറ്റം ഒന്നും ഉണ്ടായില്ല

തുടർന്ന് ഒന്നിന് പുറകെ ഒന്നായി മനസ്സിന് മുറിവേൽക്കുന്ന പരിഹാസങ്ങൾ ഉണ്ടായെങ്കിലും അഖിലയുടെ ഉള്ള് പുഞ്ചിരിക്കുന്നുണ്ടായിരുന്നു

എനിക്ക് ചേച്ചിമാരോട് മാത്രമായി ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു

എല്ലാവരും ചോദ്യഭാവത്തോടെ നോക്കി നിൽക്കെ അഖിലക്ക് പിന്നാലെ മൂന്ന് നാത്തൂൻ മാരും ആളൊഴിഞ്ഞ സ്ഥലത്തേക്ക് നടന്നു

“ഞാൻ ഇതുവരെ ഹിതമല്ലാത്ത ഒരു ബന്ധത്തിന് പോയിട്ടുമില്ല ഇനിയൊട്ടു പോകുകയും ഇല്ല”

“പക്ഷേ നമ്മുടെ കൂട്ടത്തിൽ ഒരാൾ എന്നെ അതിന് നിരന്തരം പ്രേരിപ്പിച്ചു.. നിരന്തരം അയാൾ എനിക്ക് വാട്സ്ആപ്പിൽ സന്ദേശങ്ങളും അയച്ചു അതിന് തെളിവും ഉണ്ട്.. തെളിച്ചു പറയാം അയാളുടെ ഭാര്യയെ പോലെ ഞാൻ ജീവിക്കണം എന്ന്.. അതിനോട്‌ എതിർപ്പ് പ്രകടിപ്പിച്ച തന്നോടുള്ള പകയായി, എന്റെ ടൈലർ യൂണിറ്റിലെ മൂന്ന് സ്ത്രീകളെ എന്റെ സ്ഥാപനത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ വരെ അയാൾ പ്രേരിപ്പിച്ചു..

“ആ ആൾ ആരാണെന്ന് അറിയേണ്ടേ”

ആധി നിറഞ്ഞ മുഖത്തോടെ നാത്തൂൻമാർ മൂന്ന് പേരും പരസ്പരം നോക്കി

“നിങ്ങൾ മൂന്ന് പേരിൽ ഒരാളുടെ ഭർത്താവ്”

“പക്ഷേ ആരാണെന്ന് ഞാൻ പറയില്ല.. കാരണം ഞാൻ മൂലം ഒരു കുടുംബം തകരരുത്”

“എന്റെ ഭർത്താവ് അല്ല അത് എന്ന് മനസ്സിൽ ആശ്വസിച്ചു ജീവിക്കണമെങ്കിൽ മറ്റുള്ളവരിൽ ഇനിയെങ്കിലും കുറ്റം കാണാതെ ജീവിക്കാൻ നോക്ക്”

“അപ്പോ ഒക്കെ നാത്തൂൻമാരെ….”

പുതിയ ഓർഡറിനായി വന്ന കസ്റ്റമറിന്റെ കാൾ അറ്റൻഡ് ചെയ്ത അഖില നിറ ചിരിയോടെ വെളിയിലേക്ക് ഇറങ്ങുമ്പോൾ എന്താ നടന്നത് എന്ന് അറിയാതെ അന്തിച്ചിരിക്കുവായിരുന്നു അഭുദ്യയാക്യാംക്ഷികളായ ബന്ധുക്കൾ…..

രചന : ഗിരീഷ് കാവാലം

Leave a Reply

Your email address will not be published. Required fields are marked *