കല്യാണം കഴിഞ്ഞ് ആദ്യദിനം ചെറുക്കന്റെ വീട്ടിൽ വലതുകാൽ വെച്ച് കയറാൻ നേരം…

രചന : അനുശ്രീ..

കല്യാണം കഴിഞ്ഞ് ആദ്യദിനം ചെറുക്കന്റെ വീട്ടിൽ വലതുകാൽ വെച്ച് കയറാൻ നേരം, മനസ്സ് പടപടെ ഇടിക്കാൻ ആരംഭിച്ചു.. വിളക്കും വാങ്ങിച്ച് കയറാൻ നേരം സിനിമയിൽ കാണുന്നതുപോലെ അതെങ്ങാനും കെട്ടുപോകുമൊ എന്നായിരുന്നു എന്റെ പേടി..

മനസ്സിൽ വിചാരിച്ചതേ ഉള്ളു. അമ്മായിയമ്മ വിളക്കുമായി പുറത്തിറങ്ങും നേരം എവിടെനിന്നോ കാറ്റടിച്ച് അതങ്ങ് അണഞ്ഞു..

ഹോ എൻറെ കയ്യിൽ തന്നിട്ടാണ് അത് അണഞ്ഞിരുന്നെങ്കിൽ, എരണം കെട്ടവൾ കാലുകുത്തിയതേയുള്ളൂ, ഇനി കുടുംബം മൂടിഞ്ഞു പോകുമല്ലോ ദൈവമേ എന്ന ഡയലോഗ് കേൾക്കേണ്ടി വരുമായിരുന്നു..

അമ്മായിയമ്മയുടെ കയ്യിന്ന് ആയതുകൊണ്ട് തൽക്കാലം രക്ഷപ്പെട്ടു. ഇനി ഈ തള്ള ആള് ദുഷ്ടയായതുകൊണ്ടാണോ എന്നൊരു ചിന്ത മനസ്സിനുള്ളിൽ ചൊറിയുന്നുണ്ടെങ്കിലും മുഖത്ത് ഭാവ വ്യത്യാസം ഒന്നും കാണിച്ചില്ല.

തീപ്പെട്ടി വെച്ച് പണി പതിനെട്ടും നോക്കിയിട്ടും വിളക്ക് കത്തണില്ല..
നിന്ന് കാല് കഴച്ചപ്പോൾ അവിടെ എവിടെയെങ്കിലും ഇരുന്നാലോ എന്ന കൂറ സ്വഭാവം വെളിയിലേക്ക് ചാടിക്കൊണ്ടിരുന്നു..

ഉം… കല്യാണ പെണ്ണാണ്, കൺട്രോൾ കൺട്രോൾ.. മനസ്സിനെ ഒരു വിധം പറഞ്ഞു മനസ്സിലാക്കുന്നതിനിടയിൽ കെട്ടിയോൻ പോക്കറ്റിൽ നിന്നും ഒരു ലൈറ്റർ എടുത്ത് അമ്മായിയമ്മയുടെ നേരെ നീട്ടി..

എടാ ദുഷ്ടാ.. താൻ സിഗരറ്റ് വലിക്കുമായിരുന്നല്ലേ.. ഇത്രനാൾ പ്രണയിച്ചു നടന്നിട്ടും ഞാൻ അതറിഞ്ഞില്ലല്ലോ.. എന്ന മുഖഭാവത്തോടെ കെട്ടിയോനെ രൂക്ഷമായി നോക്കിക്കൊണ്ടിരുന്നപ്പോൾ. അങ്ങേര് പറയുവാ..

മോളുസെ ഇത് പടക്കം പൊട്ടിക്കാൻ എടുത്തപ്പോൾ കീശയിൽ ആയതാണ്.. അല്ലാതെ സിഗരറ്റ് ഒന്നും വിലിക്കാറില്ല..

ഉം.. ചോദിക്കാതെ തന്നെ മറുപടി പറഞ്ഞപ്പോൾ ആളൊരു തീവണ്ടി ആണെന്നുള്ള കാര്യം ഉറപ്പായി.. നേരം ഒന്ന് ഇരുട്ടിക്കോട്ടെ.. ആ പടക്കം ഞാൻ പൊട്ടിക്കുന്നുണ്ട്..

എല്ലാം എൻറെ മുഖഭാവത്തിൽ നിന്നും വായിച്ചെടുത്ത്.. അങ്ങേര് ഒരു പൂച്ചയെപ്പോലെ പതുങ്ങി നിന്നു..

വിളക്കുമായി അകത്തു കയറിയ എന്നെ ചിലര് അടിമുടി നോക്കുന്നുണ്ടായിരുന്നു..

ആ നോട്ടത്തിൽ തന്നെ അവരുടെ മനസ്സിൽ ഇരിപ്പ് അറിയാം.. പണ്ഡവും പണവും ആയിട്ട് തന്നെയാണോ ഈ പണ്ടാരം കയറി വരുന്നത്..

ചിരിക്കുന്നുണ്ടെങ്കിലും അമ്മായി അമ്മയുടെ മനസ്സിലിരിപ്പും അതുതന്നെയാണെന്ന്. കാരണം എൻറെ മുഖത്തേക്കാൾ നോക്കിയത് ആഭരണങ്ങളിൽ ആയിരുന്നു…

അങ്ങനെ ക്ലോസപ്പിന്റെ പരസ്യം പോലെ പല്ലു മുഴുവൻ വെളിയിലാക്കി കാണുന്നവരോടെല്ലാം ഇളിച്ച് കാണിച്ച് നേരം ഒരു വിധം ഇരുട്ടിച്ചു.. ആദ്യരാത്രിക്കായി ഞങ്ങളെ മുറിയിൽ അടച്ചു..

വലിച്ചുകയറ്റിയ പുകയൊക്കെ ഇടിച്ച് വെളിയിലിടുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ. ആദ്യരാത്രിയുടെ ആവേശം ഒന്നും അങ്ങേരുടെ മുഖത്ത് ഉണ്ടായിരുന്നില്ല.

വഴക്കും അടിയും ഇടിയും ഒക്കെ കഴിയുമ്പോഴേക്കും ഒന്നൊന്നര മണിക്കൂർ താണ്ടി കാണും..
ഒടുവിൽ വഴക്ക് അവസാനിപ്പിക്കാൻ അങ്ങേര് ഒരു സൂത്രം കണ്ടെത്തി.

“സമയം ഒരുപാട് ആയി, ഭാസ്കരേട്ടൻ ഉറങ്ങിപ്പോകും” എന്നൊരു ഡയലോഗ്

അതു കേട്ടപാടെ അറിയാതെ ഞാൻ പൊട്ടിച്ചിരിച്ചു പോയി..

ചിരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ…
എൻറെ നാട്ടിലെ കുപ്രസിദ്ധ ഒളിഞ്ഞുനോട്ടക്കാരനാണ് ഭാസ്കരൻ. അങ്ങേര് ആദ്യരാത്രി ഒളിഞ്ഞുനോക്കാൻ അടുത്തുള്ള വീടിൻറെ സൺഷൈഡിൽ കയറി..
കഷ്ടകാലത്തിന് കലാപരിപാടികൾ തുടങ്ങാൻ താമസം ഉണ്ടായപ്പോൾ ഹെയറോളിലൂടെ നോക്കിയിരിക്കുകയായിരുന്ന പ്രേക്ഷകൻ ഉറങ്ങിപ്പോയി.. കാലത്ത് നാട്ടുകാര് പിടിച്ച് പോലീസിൽ ഏൽപ്പിച്ചു.. പത്രത്തിലും ടിവിയിലും ഒക്കെ വാർത്തയായി..

അതൊക്കെ പോട്ടെ ഞങ്ങളുടെ കാര്യം പറയാം..
ആരും തെറ്റിദ്ധരിക്കരുത് ഞാനും കെട്ടിയൊനും ചുമ്മാ ഒന്നും രണ്ടും പറഞ്ഞു കട്ടിലിൽ ഇരിക്കുകയായിരുന്നു.. ( ദുഷിച്ച ചിന്തകൾ ഒഴിവാക്കുക)
പെട്ടെന്നാണ് മുറിയുടെ വാതിൽ ആരൊക്കെയോ തല്ലി പൊളിക്കുന്ന ശബ്ദം കേൾട്ടത്..
ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ എന്റെ സാരി ഊരി പോയിരുന്നു.. (തനിയെ ഊരിയണ് ) പണ്ടാരം ആ സമയത്ത് എനിക്ക് സാരി ഉടുക്കാൻ അറിയില്ലായിരുന്നു.. ഞാനും കെട്ടിയോനും കിടന്ന് പരിശ്രമിച്ചിട്ടും ഒരുവിധത്തിലും സാരി ഉടുക്കാൻ പറ്റുന്നില്ല..

വാതിൽ ഇപ്പോൾ തല്ലിപ്പൊളിച്ച് ആൾക്കാർ അകത്തു കേറും എന്ന അവസ്ഥയായി..
ഹോട്ടൽ റൈഡിൽ പോലീസുകാര് വന്നു വാതിൽ തട്ടുന്ന അവസ്ഥയായിരുന്നു എന്റേത്.. സാരിയും കയ്യിലെടുത്ത് എങ്ങോട്ട് പോയി ഒളിച്ചിരിക്കണമെന്ന് അറിയാതെ മുറിക്കുള്ളിൽ നെട്ടോട്ടമോടി..

അങ്ങനെ അവസാനം ഒരു വിധം സാരി ദേഹത്ത് ചുറ്റി തുടങ്ങിയപ്പോഴേക്കും അവർ വാതിൽ ചവിട്ടി തുറന്നു..

സംഗതി എൻറെ അനിയൻ തന്ന പണിയായിരുന്നു.. ഞാനും കെട്ടിയവനും മൊബൈൽ സ്വിച്ച് ഓഫ് ആക്കിയിരുന്നു.. ( സംസാരിക്കുന്നതിനിടയിൽ ഡിസ്റ്റർബ് ആകേണ്ട എന്ന് കരുതി)

അവൻ വീട്ടിൽ ഇരുന്ന് അമ്മായിയപ്പനെ വിളിച്ച് ഞങ്ങളുടെ മുറി ലോക്കായിപ്പോയെന്നും വാതിൽ തുറക്കാൻ പറ്റുന്നില്ല എന്നും.. കെട്ടിയോന്റെ മൊബൈൽ ചാർജ് തീർന്ന് ഓഫ് ആയി പോയതിനാൽ..
നിങ്ങളെ വിളിച്ചറിയിക്കാൻ നമ്പർ ഇല്ലെന്നും അതിനാൽ ഞാൻ അവനെ വിളിച്ചു പറഞ്ഞതാണെന്നും. ആ ദുഷ്ടൻ പറഞ്ഞു വിശ്വസിപ്പിച്ചു..

വീട്ടുകാരും നാട്ടുകാരും ഏതോ ഒരു ആശാരിയും ഞങ്ങളുടെ മുറിയുടെ വെളിയിൽ വന്നു നിൽക്കുവാ..

ആൾക്കാരുടെ മുന്നിൽ ഈജിപ്തിലെ മമ്മി പൊതിഞ്ഞ പോലെ സാരി ചുറ്റി അന്നത്തെ ആ നിൽപ്പ് ഓർക്കാൻ കൂടി വയ്യ..

രചന : അനുശ്രീ..

Leave a Reply

Your email address will not be published. Required fields are marked *