പെണ്ണ് കണ്ടിഷ്ടപ്പെട്ട് ബാക്കി കാര്യങ്ങൾ സംസാരിക്കുമ്പോഴാണ് പെണ്ണിന്റെ അച്ഛൻ അവരുടെ അവസ്ഥ വ്യക്തമാക്കിയത്..

രചന : ശാരിക അജേഷ്

“ഞങ്ങൾക്ക് ഒന്നും തരാനൊന്നും കഴിയില്ല മോനെ സ്ത്രീധനം ആയിട്ട്… മൂന്ന് പെണ്കുട്ടികളെ വളർത്തി പഠിപ്പിക്കുമ്പോഴേക്കും എന്റെ ആരോഗ്യവും മോശമായി..”

പെണ്ണ് കണ്ടിഷ്ടപ്പെട്ട് ബാക്കി കാര്യങ്ങൾ സംസാരിക്കുമ്പോഴാണ് പെണ്ണിന്റെ അച്ഛൻ അവരുടെ അവസ്ഥ വ്യക്തമാക്കിയത്..

” എന്താ അച്ഛാ ഇത്… എനിക്ക് പ്രിയയെ മാത്രം മതി. അവളെ കണ്ടിഷ്ടപ്പെട്ടാണ് ഞാൻ ഇങ്ങോട്ടേക്ക് വന്നത് തന്നെ.!!”

ചെറുക്കനായ മഹേഷ് പുഞ്ചിരിയോടെ പറഞ്ഞത് കേട്ടപ്പോൾ സമ്മതമെന്നോണം അവന്റെ മാതാപിതാക്കളും തലകുലുക്കി.

മുറിയിൽ ചുവരിൽ ചാരി നിന്നിരുന്ന പ്രിയയുടെ കണ്ണും മനസ്സും സന്തോഷത്താൽ നിറഞ്ഞു.!!

വിവാഹ തീയതി ഉറപ്പിച്ചു മടങ്ങുമ്പോൾ ലോകം വെട്ടിപിടിച്ച പ്രതീതി ആയിരുന്നു മഹേഷിന്.
എല്ലാം ആഗ്രഹിച്ചപോലെ നടക്കുന്നതിന്റെ സന്തോഷവും ആത്മ വിശ്വാസവും അവന്റെ മുഖത്തു നിഴലിട്ടിരുന്നു……….

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ റേജിസ്ട്രേഷൻ പുതുക്കാൻ വേണ്ടി നിൽക്കുന്ന സമയത്താണ് ആദ്യമായി അവൻ പ്രിയയെ കാണുന്നത്. ഓഫീസറുമായി തർക്കിക്കുന്ന ഒരു പെണ്കുട്ടി.. മെലിഞ്ഞു കോലുന്നനെ, ആരും കണ്ടാൽ മോശം പറയാത്തൊരു പെണ്കുട്ടി!!!

ഇത്തിരി നേരത്തെ ബഹളത്തിന് ശേഷം അവൾ പുറത്തേക്കിറങ്ങിപ്പോയി..
“പാവം…സ്പോർട്സ് ക്വാട്ടയിൽ ജോലി ഓക്കെ ശരിയായതാ.. ഓഫീസർ ഒപ്പ് വെച്ചില്ലാന്ന് പറഞ്ഞിട്ടാണ് ഈ കണ്ട ബഹളം ഓക്കെ ഉണ്ടാക്കിയത്.. കഷ്ടപ്പെട്ട് ഓടീം ചാടീം ഉണ്ടാക്കിയ ജോലി.. അതും ഏതോ വലിയ പോസ്റ്റിൽ… ആർക്കാണെങ്കിലും ദേഷ്യം വരൂല്ലേ?”
” എന്നിട്ട് അയാൾ ഒപ്പിട്ട്കൊടുത്തോ.?”

“കൊടുത്തു കാണും….അതല്ലെ പോയത്…”

” എത്ര ശമ്പളം കാണും..”
” ഓ….അതേതാണ്ട് അമ്പതിനായിരം വരും…”

അവിടെ നിന്ന ഓരോരുത്തരുടെയും സംഭാഷണം ശ്രദ്ധിച്ചപ്പോൾ മഹേഷിന്റെ കണ്ണ് തള്ളി..

പിജിയും ബി എഡും കഴിഞ്ഞു അവിടേം ഇവിടേം താൽക്കാലികമായി പഠിപ്പിക്കുന്ന തനിക്കില്ല ഇതിന്റെ പകുതി.
സ്കൂളിൽ സ്ഥിരമായ അധ്യാപക ജോലിക്ക് അപേക്ഷിക്കണമെങ്കിൽ മിനിമം നാല്പതു ലക്ഷം വേണം.
വീട് പണയപ്പെടുത്തി സ്കൂളിൽ കൊണ്ട് കൊടുക്കാൻ ഒന്നും പറ്റില്ല.. ബാങ്ക് ലോണിന് വേണ്ടി ശ്രമിച്ചപ്പോൾ ജാമ്യം നിൽക്കാൻ ഗവണ്മെന്റ് ജോലി ഉള്ള ആള് തന്നെ വേണമെത്രെ.
അടുത്ത ബന്ധുക്കളുംസുഹൃത്തുക്കളും പോലും ഇത്ര വലിയ തുകക്ക് ജാമ്യം നിൽക്കില്ല.. സ്ത്രീധനം കനത്തിൽ മേടിക്കണമെങ്കിൽ ആദ്യം ജോലി വേണം…വിവാഹ മാർക്കറ്റിൽ സ്ഥിരവരുമാനം ഉള്ളവനെ വില ഉള്ളൂ…

ഒരുപാട് ആഗ്രഹങ്ങൾക്ക് നടുവിൽ ഒരു സർക്കാരുദ്യോഗസ്ഥയെ കല്യാണം കഴിച്ചു ലോൺ എടുക്കാം എന്ന സ്വപ്നം കണ്ടു നടന്നിരുന്ന മഹേഷിന്റെ മുന്നിലൂടെ ആണ് പ്രിയ ഇറങ്ങിപ്പോയത്…!!!

ജോലി കിട്ടും എന്നുറപ്പുള്ള, എന്നാൽ ഇത് വരെ അപ്പോയ്മെന്റ് ഒന്നും കിട്ടാത്ത പ്രിയയെ കല്യാണം കഴിച്ചാൽ ഭാവി ശോഭനമാകും എന്നു ആ നിമിഷത്തിൽ തന്നെ മഹേഷിന് തോന്നി.

ഒരു പക്ഷെ ജോലി കിട്ടിക്കഴിഞ്ഞാൽ ദിവസവേതനത്തിന് പഠിപ്പിക്കുന്ന മാഷെ കല്യാണം കഴിക്കാൻ പെണ്കുട്ടികൾ അമാന്തം കാട്ടുമെന്ന കാര്യത്തിൽ മഹേഷിന് സംശയം ഒന്നുമില്ലായിരുന്നു.

അങ്ങനെ പ്രിയയും മഹേഷുമായുള്ള വിവാഹം നടന്നു. വളരെ കുറച്ചു ആഭരണങ്ങൾ മാത്രം ധരിച്ചു മണ്ഡപത്തിലേക്ക് വന്ന പ്രിയയെ നോക്കി ചില നാട്ടുകാരും ബന്ധുക്കളും നെറ്റി ചുളിച്ചെങ്കിലും മഹേഷിന്റെ മനസ്സിൽ സന്തോഷപൂത്തിരികൾ നിറഞ്ഞു കത്തി.

ദിവസങ്ങൾ കടന്ന് പോയി.. പ്രിയയ്ക്ക് അപോയ്‌മെന്റ് ലെറ്ററോ ഇന്റർവ്യൂ കോളുകളോ ഒന്നും വരാഞ്ഞതിൽ മഹേഷിന് അസ്വസ്ഥത ഉണ്ടായിതുടങ്ങി..

ഒളിഞ്ഞും തെളിഞ്ഞും സ്ത്രീധനത്തിന്റെ പേരിലും നഷ്ടപ്പെട്ടുപോയ അധ്യാപക പോസ്റ്റിന്റെ പേരിലും പ്രിയയെ മാനസികമായി ഉപദ്രവിച്ചു തുടങ്ങി..

ഒടുവിൽ കയ്യാങ്കളി ആയി…

ആദ്യമായി മഹേഷ് പ്രിയയെ തല്ലി, നിലത്തേക്ക് തള്ളി ഇട്ടു. കഴുത്തിനു കുത്തിപ്പിടിച്ചു…

പിറ്റേ ദിവസം ആശുപത്രിയിലേക്ക് മഹേഷിന്റെ കൂട്ടുകാരൻ ഓടി എത്തി…

” മഹേഷേ… പ്രിയ ജോലിക്ക് അപ്പ്ലിക്കേഷൻ കൊടുത്തത് നേരാണ്. പക്ഷെ ലിസ്റ്റിൽ ഇല്ലാത്ത ഐറ്റം ആയത് കൊണ്ടാണെത്രെ ഒഫീസർ അത് തള്ളിയത്.. ഞാൻ അന്വേഷിച്ചു…”

“ലിസ്റ്റിൽ ഇല്ലാത്ത ഐറ്റമോ!!! അതേതാ??”

കഴുത്തെല്ലും താടി എല്ലും പൊട്ടിയിട്ടുണ്ടെങ്കിലും മഹേഷ് പതിയെ തല പൊക്കി. രക്തം നീലിച്ചു പോയ കവിളിലും നീരു വന്ന കണ്ണുകളിലും ആകാംഷയോടെ തിരയിളക്കം ഉണ്ടായി.

സുഹൃത്ത് മഹേഷിന്റെ കാതോരംവന്നു മന്ത്രിച്ചു..

“കരാട്ടെ..!!!!!!”

രചന : ശാരിക അജേഷ്

Leave a Reply

Your email address will not be published. Required fields are marked *