ഈശ്വരനെയോർത്ത് സീതേച്ചി വീട്ടിലേക്കും നാട്ടിലേക്കും വരണ്ടാന്ന് പറയാനാ ഞാൻ വന്നത്…

രചന : Sindhu Kizhakkey Veettil

പെണ്ണ്….

***********

സീതാലക്ഷ്മിയ്ക്ക് കിടന്നിട്ടു ഉറക്കം വന്നില്ല .

നാളെയാ തൻ്റെ ശിക്ഷയുടെ കാലാവധി കഴിയുന്ന ദിവസം.

9 വർഷമായി ഇവിടെ ഈ ജയിലിൽ ഇത്രയും വർഷത്തിനിടയ്ക്ക് അച്ഛനുമമ്മയോ കൂടപ്പിറപ്പുകളോ ഒരിക്കൽപോലും എന്നെ കാണാൻ വന്നില്ല.

ഞാനിവിടെ വന്നു ഒരു വർഷം കഴിഞ്ഞപ്പോൾ ദേവേട്ടനെന്നെ കാണാൻ വന്നു. ഒരുപാട് സന്തോഷം തോന്നി… ആരു വന്നില്ലെങ്കിലും ദേവേട്ടൻ വന്നില്ലേ….

പക്ഷേ വന്ന കാര്യം അറിഞ്ഞപ്പോൾ അതിലേറെ സങ്കടം തോന്നി.

നെഞ്ച് പൊടിയുന്ന വേദനയോടെ ഞാൻ കേട്ടു.

എന്റെ സ്വന്തം അനുജത്തിയായ ഉണ്ണിമായയുടെ കഴുത്തിൽ ദേവേട്ടൻ താലികെട്ടണ വിവരം പറയാനാ… വന്നത്.

സീതയെ മറക്കാൻ ഈ ജന്മം എനിക്കാവില്ല.

പക്ഷേ… അമ്മയുടെ സങ്കടത്തിന് മുന്നിൽ എനിക്ക് പിടിച്ചുനിൽക്കാനായില്ല.

രണ്ടു മൂന്നു വർഷമായില്ലേ….അമ്മയുടെ സങ്കടം കേൾക്കാൻ തുടങ്ങിയിട്ട്…..

സീതയ്ക്ക് 18 വയസ്സ് പൂർത്തിയായപ്പഴേ അമ്മ പറഞ്ഞതനുസരിച്ച് കല്യാണം കഴിച്ചിരുന്നെങ്കിൽ ജീവിതം ഇങ്ങനൊന്നും ആകുമായിരുന്നില്ല.

സീതയുടെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ കാണാൻ എന്നെക്കൊണ്ടാവില്ല.

അമ്മയുടെ കണ്ണീര് കണ്ടപ്പോൾ സമ്മതിച്ചെന്നേയുള്ളൂ….

കഴിഞ്ഞ മാസം അറ്റാക്ക് വന്ന് അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.

അമ്മയ്ക്ക് എന്തെങ്കിലും പറ്റിയാൽ ഈ ലോകത്ത് ഞാൻ ഒറ്റക്കായി പോകും എന്ന പേടിയാ അമ്മയ്ക്ക്.

ഉണ്ണിമായയെ തന്നെ വിവാഹം കഴിക്കണമെന്ന് അമ്മാവനായിരുന്നു നിർബന്ധം.

പിന്നെ ഞാനും കരുതി ഉണ്ണിമായയാകുമ്പോൾ അമ്മയെ നല്ലപോലെ നോക്കുമല്ലോ.

എനിക്ക് ജോലികിട്ടി നാട്ടിലെ സ്കൂളിൽ തന്നെ.

അപ്പോയ്മെന്റ് ഓർഡർ ഇന്ന് കിട്ടി തന്നോടാ ആദ്യം പറയുന്നെ.

എത്ര ദിവസാ എനിക്ക് അവളോട് കൂടി ജീ^വിക്കാൻ പറ്റുമെന്ന് അറിയില്ല സീതേന്നും പറഞ്ഞു കണ്ണു തുടച്ചു കൊണ്ടാ ദേവേട്ടൻ ഇവിടുന്നു പോയത്.

ഞാൻ ജ^നിച്ചപ്പോഴേ മുത്തശ്ശി പറഞ്ഞതാ ഈ കുഞ്ഞ്…. എന്റെ ഗൗരിയുടെ മോൻ ദേവന് ഉള്ളതാണെന്ന്.

മുത്തശ്ശിയുടെ കാലം കഴിഞ്ഞാലും മക്കളായ അച്ഛനും അപ്പച്ചിയും സ്നേഹത്തോടെ കഴിയാനും അവരുടെ ബന്ധം ഊട്ടിയുറപ്പിക്കാനും കൂടിയാ ഞങ്ങളുടെ കല്യാണക്കാര്യം ചെറുപ്പത്തിലെ പറഞ്ഞുവച്ചത് .

അതിനു മുത്തശ്ശി ഒരു സൂത്രം ഒപ്പിച്ചു വെച്ചു മുത്തശ്ശിയുടെ പേരിലുള്ള സ്വത്ത് ദേവേട്ടനും ഭാര്യയ്ക്കുമായിട്ട് എഴുതിവെച്ചു അപ്പോൾപ്പിന്നെ അച്ഛൻ എന്തായാലും കല്ല്യാണം കഴിച്ചു കൊടുക്കുമല്ലോ.

ഞങ്ങൾ വളരുന്നതിനോടൊപ്പം തമ്മിലുള്ള സ്നേഹോം വളർന്നു.

ദേവേട്ടൻ ബിഎഡും ഞാൻ ഞാൻ പ്രീഡിഗ്രിയും കഴിഞ്ഞു നിൽക്കണ കാലം………

അന്നൊക്കെ നേരം പുലരുന്നത് തന്നെ ഞങ്ങൾക്ക് പരസ്പരം കാണാൻ വേണ്ടീട്ടാണെന്ന് തോന്നാറുണ്ട്.

വൈകിട്ട് അമ്പലത്തിൽ പോകുമ്പോൾ ദേവേട്ടൻ പാടവരമ്പത്ത് കാത്തു നിൽക്കും.

അമ്മൂവിനോടും അപ്പൂട്ടനോടും വേഗത്തിൽ നടന്ന് ആൽത്തറയില് കാത്തിരിക്കാൻ പറയും . എന്നിട്ട് ഞങ്ങൾ രണ്ടുപേരും കൈകോർത്ത് പാടവരമ്പത്ത് കൂടെ ഓരോന്ന് പറഞ്ഞു നടക്കും.

ആ സമയത്ത് കാറ്റടിച്ച് നെൽക്കതിരുകൾ തമ്മിൽ ഉരസുന്ന ശബ്ദം കേട്ട് ദേവേട്ടൻ പറയും…

കണ്ടോ സീതേ…. നമ്മുടെ സ്നേഹം കണ്ട് നെൽകതിരുകൾക്ക് പോലും അസൂയയാ…..

അവർ അവർ തമ്മിൽ കുശുമ്പ് പറയുന്ന ശബ്ദാ കേട്ടതെന്ന്…

കുട്ടി മാഷിന്റെ നാവിൻ തുമ്പിൽ കവിത വരുന്നുണ്ടല്ലോന്നും പറഞ്ഞു ഞാൻ കളിയാക്കാറുണ്ട്.

അന്നേരം ദേവേട്ടൻ പറയും സീതയെ കണ്ടു സന്ധ്യയ്ക്ക് വീട്ടിലെത്തിയാൽ ദിവസവും തന്നെക്കുറിച്ച് ഓരോ കവിത എഴുതാറുണ്ടെന്ന് അങ്ങനെ എഴുതി എഴുതി രണ്ടു നോട്ട് ബുക്കിന്റെ പേജ് തീർന്നെന്ന്.

അമ്പലത്തിൽ പോകാത്ത ദിവസം കാരണം ഉണ്ടാക്കി ദേവേട്ടൻ ഞങ്ങളുടെ വീട്ടിലേക്ക് വരും.

ദേവേട്ടന് വരാൻ പറ്റിയില്ലെങ്കിൽ എന്തെങ്കിലും കാരണം പറഞ്ഞു ഞാൻ അവിടേക്ക് പോകും

ഞങ്ങൾ രണ്ടു പേരും ഒരിക്കൽപോലും ഒരു കാര്യത്തിനും തമ്മിൽ പിണങ്ങിയിട്ടില്ല.

ഒരായുസ്സ് മുഴുവനും അനുഭവിക്കേണ്ട സ്നേഹം അത്രയും നാള് കൊണ്ട് ദേവേട്ടൻ എനിക്ക് തന്നു.

നാട്ടിലെ എല്ലാ ആളുകൾക്കും പക്ഷികൾക്കും പുൽക്കൊടിക്കും കാറ്റിന് പോലും അറിയാം ഞങ്ങൾ തമ്മിലുള്ള പ്രണയം.

ദൈവത്തിനുപോലും ഞങ്ങളോട് അസൂയ്യ തോന്നിയിട്ടുണ്ടാകും…

അതല്ലേ ഒരുറുമ്പിനെ പോലും നോവിക്കാത്ത…

ഞാൻ…. ഒറ്റയ്ക്ക്…… ഒരു മനുഷ്യനെ….

അതും…. നാട്ടുകാരൊക്കെ പേടിക്കുന്ന…

തെമ്മാടിയെ…..

എൻ്റെ ജീവിതവും സ്വപ്നങ്ങളും മാറി മറിഞ്ഞ ആ ദിവസം…………

വീട്ടില് പുറം പണിക്ക് വരുന്ന കണാരേട്ടൻ അയാളുടെ മോൻ മഞ്ഞപ്പിത്തം വന്നു മരിച്ചതിനുശേഷം പണിക്ക് വരാതായതോടെയാ പൈക്കൾക്ക് പുല്ലരിയണ പണി ഞങ്ങൾ മൂന്ന് പേരുടേം തലയിലായത്.

മുത്തശ്ശി കിടപ്പിലായതോടെ പൈക്കളെ കുളിപ്പിക്കുന്നതും തൊഴുത്ത് വൃത്തിയാക്കുന്ന പണി എനിയ്ക്കും കിട്ടി.

മിക്ക ദിവസങ്ങളിലും സ്കൂളിന്ന് വന്ന് ചായ കുടിച്ചതിനു ശേഷം അമ്മൂട്ടിയേയും കൂട്ടി ഉണ്ണിമായ തന്നെയാ പുല്ലരിയാൻ പോകാറുള്ളത്.

അന്ന് ഉണ്ണിമായ വടക്കേ പുറത്തെ കോലായയിൽ വയറും പിടിച്ച് ഇരിക്കണത് കണ്ടിട്ടാ .

എല്ലാ മാസവും അവൾക്കുള്ളതാ ഈ വേദന .

പച്ചോലകൊണ്ടുണ്ടാക്കിയ കൊട്ടയുമെടുത്ത് അമ്മൂട്ടിയെയും കൊണ്ട് ഞാൻ പറമ്പില് പുല്ലരിയാൻ പോയത്.

അടുത്ത വീട്ടിലെ പറമ്പീന്ന് ഞങ്ങൾ അരിയണ കണ്ടപ്പോൾ തേങ്ങയിടാൻ വരുന്ന കുഞ്ഞിരാമേട്ടനാ പറഞ്ഞത് കണിയാൻ ഭാർഗവേട്ടന്റെ പറമ്പില് ഇഷ്ടം പോലെ വള്ളിപ്പുല്ലുണ്ടെന്ന്…

ആ പുല്ലിന്റെ മണമടിച്ചാൽ കറവ ഇല്ലാത്ത പശുക്കൾ വരെ പാല് ചുരത്തുമെന്ന്.

ഞങ്ങളവിടേക്ക് ചെന്നു…….

ഭാർഗവേട്ടന്റെ ഭാര്യ മരിച്ചതോടെ കുറച്ചുകാലം അയാള് ഒറ്റയ്ക്കിവിടെ താമസിച്ചിരുന്നു.

പിന്നീട് അയാളുടെ മോള് ശ്യാമളേച്ചി വന്ന് അവരുടെ കൂടെ മദ്രാസിലേക്ക് കൂട്ടിക്കൊണ്ട് പോയി.

രണ്ടു കൊല്ലമായി ആൾതാമസം ഇല്ലാത്തതുകൊണ്ട് മുറ്റത്ത് നിറയെ പുല്ല് തഴച്ച് വളർന്നിട്ടുണ്ട്.

കുഞ്ഞിരാമേട്ടൻ പറഞ്ഞത് ശരിയാ….

ഞാൻ പുല്ല് അരിയുന്നതിനൊപ്പം അമ്മൂട്ടി കൊട്ടയും പിടിച്ച് എന്റൊപ്പം നടന്നു വന്നു.

കുറച്ചുനേരം അരിഞ്ഞപ്പോൾ വീടിൻെറ പുറകീന്ന് ഒരു പെൺകുട്ടിയുടെ കരച്ചിലും നിലവിളിയും കേട്ടു.

ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങളോടിച്ചെന്നപ്പോൾ അവിടെ കണ്ട കാഴ്ച…..

വിറകുപുരയിൽ താഴെ നിലത്ത് ഒരു പെൺകുട്ടി കിടപ്പുണ്ട്.

ആ കുട്ടിയെ കണ്ടപ്പോൾ അമ്മൂട്ടി പറഞ്ഞു..

വല്യേച്ചി … എൻെറ ക്ലാസില് പഠിയ്ക്കണ കുട്ടിയാ കുഞ്ഞാമിന… മീന് വിൽക്കണ സെയ്താലിക്കയുടെ മോളാ..

പെൺകുട്ടിയുടെ അടുത്ത് ഒരാള് മുട്ടുകുത്തി നിന്ന് ആ കുട്ടിയുടെ ഉടുപ്പ് അഴിക്കാൻ നോക്കുന്നതാ കണ്ടത്.

പിന്നെ ഒരു നിമിഷം ആലോചിച്ചില്ല

കയ്യിൽ ഉണ്ടായിരുന്ന അരിവാള് കൊണ്ട് അയാളുടെ മുതുകിന് നോക്കി ആഞ്ഞു വെട്ടി…

ഒറ്റവെട്ടിന് തന്നെ ആ ദുഷ്ടൻ മലർന്നടിച്ചു വീണു.

അത് കണ്ടതും കുഞ്ഞാമിന പെട്ടെന്ന് എഴുന്നേറ്റ് ഓടി.

അമ്മൂട്ടിയെ നോക്കിയപ്പോൾ അവളും വീട്ടിലേക്ക് ഓടുന്നത് കണ്ടു.

അപ്പോഴാ ആളെ മനസ്സിലായത്….

കള്ളും കഞ്ചാവും ആയി നടക്കുന്ന ഉടുമ്പ് വേലായുധൻ ആണെന്ന്…

അയാൾ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചതും അരിവാൾ കൊണ്ട് എത്ര പ്രാവശ്യം വെട്ടി എന്ന് എനിക്ക് തന്നെ അറിയില്ല.

അമ്മൂട്ടി ഓടിപ്പോയി അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടുവന്നു.

അവരു വരുമ്പോൾ കാണുന്ന കാഴ്ച ചോരയൊലിപ്പിച്ച അരിവാളും പിടിച്ച് ഞാൻ നിൽക്കണതാ…

എന്നെ കണ്ടപാടെ അമ്മ നെഞ്ച് തല്ലി കരഞ്ഞു.

അച്ഛൻ തീപാറുന്ന കണ്ണുകളോടെ നോക്കിയിട്ട് ചോദിച്ചു……

അസത്തേ…… നിൻെറ ജീവിതം തുലച്ചു കളഞ്ഞല്ലോടീന്ന്….

അച്ഛാ…. ഇയാള്…. ആ….. സെയ്താലിക്കേടെ മോളെ……..

ആ മാപ്ളേടെ പെണ്ണിനെ അയാൾ എന്ത് ചെയ്താലും നിനക്കെന്താ .

അയാൾ…. അവളെ….. കൊന്നേനെ.

അപ്പോഴേക്കും നാട്ടുകാരൊക്കെ അറിഞ്ഞു ചുറ്റുംകൂടി.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ടൗണീന്ന് പോലീസെത്തി.

പോലീസ്കാര് വന്നതും തൻ്റെ കയ്യീന്ന് അരിവാള് വാങ്ങിച്ചു കയ്യിൽ വിലങ്ങുവച്ചു.

അത് കണ്ടതും അമ്മ കുഴഞ്ഞു വീണു.

മരിച്ചത് ഉടുമ്പ് വേലായുധനാണെന്നറിഞ്ഞപ്പോൾ

പോലീസുകാർക്ക് സന്തോഷായി.

എപ്പോഴും അയാളെക്കൊണ്ട് പോലീസുകാർക്ക് തലവേദനയാ…..

പോലീസുകാരോടൊപ്പം ജീപ്പിലേക്ക് കയറുമ്പോൾ ദൂരെ നിന്ന് ദേവേട്ടൻ ഓടി വരുന്നത് കണ്ടു കുറച്ചു ദൂരം ജീപ്പിന് പിന്നാലെ ഓടുന്നുണ്ടായിരുന്നു.

സ്റ്റേഷനിൽ എത്തുമ്പോഴേക്കും അവിടെ പുറത്ത് അത് സെയ്താലിക്ക കാത്തു നിൽക്കുന്നുണ്ടായിരുന്നു.

സ്റ്റേഷനിലേക്ക് കയറുമ്പോൾ എന്റെ അടുത്ത് വന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു

സീത മോള് കുഞ്ഞാമിനയുടെ പേര് പോലീസിനെ അറിയിക്കരുത് ഇക്കാര്യം നാട്ടിൽ അറിഞ്ഞാൽ ഞങ്ങൾ കുടുംബത്തോടെ ആത്മഹത്യ ചെയ്യണ്ടി വരൂന്ന്.

പോലീസുകാർ ചോദ്യം ചെയ്തപ്പോൾ അയാളെന്നെ ഉപദ്രവിക്കാൻ വന്നപ്പോൾ സ്വയരക്ഷയ്ക്ക് ഞാൻ വെട്ടി എന്നേ പറഞ്ഞുള്ളൂ.

എന്തിനാ വെറുതെ ആ കൊച്ചിനെ…..

കുറ്റം ഏറ്റുപറഞ്ഞത് കൊണ്ട് വക്കീലിനെ വെക്കാനോ കേസ് വാദിക്കാനോ ആരും തയ്യാറായില്ല.

ഞാനൊരു പെ_ൺകുട്ടി ആയതുകൊണ്ടും സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തത് കൊണ്ടും അയാളുടെ പേരിൽ കുറച്ച് കേസ് പോലീസ് സ്റ്റേഷനിൽ ഉള്ളതുകൊണ്ടും എനിക്ക് മൂന്നു വർഷത്തെ ഇളവ് കിട്ടി.

കോടതിയിൽ നിന്ന് നേരെ ജയിലിലേക്ക്…

ഇവിടെ വന്നിട്ടിപ്പോ 9 കൊല്ലായി….

ഒരു വർഷത്തിൽ ഇതിൽ രണ്ടോ മൂന്നോ തവണ സെയ്താലിക്ക എന്നെ കാണാൻ വരും…

അപ്പോഴാ വീട്ടിലെ കാര്യങ്ങൾ ഓരോന്നും ഞാനറിയുന്നത്.

ഞാൻ വന്നതിൽ പിന്നെ അമ്മ കിടപ്പിലായതും അതു മുത്തശ്ശി മരിച്ചു പോയതും ഉണ്ണിമായയും ദേവേട്ടനും കുഞ്ഞുങ്ങൾ ജനിച്ചതും അമ്മുവിന്റെ കല്യാണം കഴിഞ്ഞതും ഒരു കുഞ്ഞു ഉണ്ടായതും…

എല്ലാം….

ന്നാലും…. അച്ഛനെന്നെ ഒരു തവണയെങ്കിലും കാണാൻ വന്നിരുന്നെങ്കിലെന്ന്

ഇവിടെ വന്ന അന്ന് മുതൽ ഇന്ന് വരെ വെറുതെ ആഗ്രഹിച്ചു….

അച്ഛൻ എന്നെ വെറുക്കാൻ മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്….

ഒരു ചെറിയ പെൺകുട്ടിയുടെ ജീവനും അവളുടെ മാനോം രക്ഷിച്ചതോ.

ഞാൻ ഈ ഒമ്പത് വർഷമായി എന്നോട് തന്നെ ചോദിക്കുന്ന ചോദ്യമാണ്.

ഇത് ചെയ്തതിന് എനിക്ക് ഒരു കുറ്റബോധവും ഇപ്പോ ഈ നിമിഷം വരെ തോന്നുന്നില്ല.

തൻ്റെ അപ്പൂട്ടൻ പ്ലസ്ടുവിന് പഠിക്കുന്നൂന്ന് സെയ്താലിക്ക പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് അവനെ റോഡിൽ വെച്ച് ഒക്കെ കാണാറുണ്ട് പോലും.

എന്നെ കണ്ടാലവൻ തിരിച്ചറിയ്യോ.

ഞാൻ ഇവിടേക്ക് വരുമ്പോൾ അവൻ രണ്ടാം ക്ലാസ്സിലാ പഠിക്കുന്നത്.

എന്നെ വല്യേച്ചീന്നാ അവൻ വിളിക്കാറ്.

കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനും ഹോം വർക്ക് ചെയ്യാനും എല്ലാത്തിനും ഞാൻ തന്നെ വേണം അവന്…….

ഓരോന്നാലോചിച്ച് കൊണ്ട് ഒരുവിധം നേരം വെളുപ്പിച്ചു.

രാവിലെ തന്നെ സൂപ്രണ്ട് എന്നെ വിളിപ്പിച്ചു.

9 വർഷവും ജ^യിലിൽ പണിയെടുത്തതിന്റെ കൂലീം തന്നു.

ഞാനിവിടെ വരുമ്പോൾ ഉടുത്തിരുന്ന ഡ്രസ്സ് ഒരു കവറിൽ പൊതിഞ്ഞു തന്നു.

അതിൻെറ കൂടെ ഒരു സാരിയും ബ്ലൗസും തന്നിട്ട് പറഞ്ഞു ഇവിടെ വരുമ്പോൾ ഇട്ടത് ഇത്രയും വർഷം കഴിഞ്ഞതുകൊണ്ട് പാകായില്ലെങ്കിലോന്ന് കരുതി ഞങ്ങള് സീതക്കായി വാങ്ങിച്ചതാ.

റൂമിൽ പോയി ഡ്രസ്സ് മാറീട്ട് വന്നപാടെ സൂപ്രണ്ട് ചോദിച്ചു സീതാലക്ഷ്മിയെ കൊണ്ടുപോകാൻ വീട്ടിന്ന് ആരാ വരിക. അറിയില്ല…. സാർ…..

ജയിലീന്ന് പുറത്തിറങ്ങി നോക്കി മറ്റാരും വന്നില്ലെങ്കിലും സെയ്താലിക്ക വരാതിരിക്കില്ലല്ലോ…..

ഇല്ല……. ആരും വന്നില്ല.

കുറച്ചുനേരം അവിടെ നിന്നിട്ട് വരുന്നത് കണ്ട് കൈ നീട്ടി.

ഓട്ടോയിൽ നിന്ന് ഇറങ്ങുന്ന ഉണ്ടായിരുന്നു.

ഇത് ….ഉണ്ണി…. ഉണ്ണിമായല്ലേ…

കൂടെയുള്ളത് അപ്പുവാണോ…..

സന്തോഷംകൊണ്ട് സീതാലക്ഷ്മിയുടെ മനസ്സും കണ്ണും നിറഞ്ഞു.

വൈകിയാണെങ്കിലും ഈ ചേച്ചിയെ കൊണ്ടുപോകാൻ നിങ്ങളെങ്കിലും വന്നല്ലോ….

അപ്പുവിന് വല്യേച്ചിയെ ഓർമ്മയുണ്ടോ ഞാൻ പോരുമ്പോൾ അപ്പു രണ്ടാം ക്ലാസ്സിലാ പഠിക്കുന്നത്.

വാ….നമുക്കീ ഓട്ടോയിൽ തന്നെ ബസ് സ്റ്റാൻഡിലേക്ക് പോകാം അവിടുന്ന് നാട്ടിലേക്കുള്ള ബസ് കിട്ടും.

ഞാൻ….. ഞാൻ ചേച്ചിയെ കൊണ്ടുപോകാൻ വന്നതല്ല.

ഈശ്വരനെയോർത്ത് സീതേച്ചി വീട്ടിലേക്കും നാട്ടിലേക്കും വരണ്ടാന്ന് പറയാനാ വന്നത്…

മായേ…… നീ….. എന്താ പറഞ്ഞേ…..

ഞാൻ പറഞ്ഞത് ചേച്ചി കേട്ടില്ലേ…….

ചേച്ചിയുടെ കാലു പിടിക്കാം ഞാൻ എന്റെ ജീവിതം ഇല്ലാതാക്കരുത്.

എന്റെ മക്കൾക്ക് അച്ഛനില്ലാതാക്കരുത്.

എന്തൊക്കെയാ പറയുന്നെ.

ചേച്ചിയെ മറക്കാൻ ആവില്ലെന്ന് പറഞ്ഞ കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടാ ദേവേട്ടൻ എന്റെ മുഖത്ത് പോലും നോക്കിയത്.

മൂന്നു വർഷം കഴിഞ്ഞ് അപ്പച്ചിയുടെ കണ്ണീര് കണ്ടിട്ടാ എന്നെ സ്നേഹിക്കാൻ തുടങ്ങിയത്.

ഇപ്പോൾ ഒന്ന് രണ്ടു വർഷമായിട്ട് ഞങ്ങൾ നല്ല സന്തോഷത്തില ജീവിക്കുന്നെ ചേച്ചിയായിട്ട് അതില്ലാതാക്കരുത്.

ഞാനായിട്ട് നിന്റെ ജീവിതം ഇല്ലാതാകുന്നില്ല.

അച്ഛനെയും അമ്മയെയും ഒന്നു കണ്ടിട്ട് ഞാൻ വേഗം പോന്നോളാം.

വേണ്ടെന്നു പറഞ്ഞില്ലേ അച്ഛന് നിങ്ങളെ കാണുന്നത് തന്നെ വെറുപ്പാ… അമ്മയ്ക്കാണെങ്കിൽ ആരെ കണ്ടാലും മനസ്സിലാകുമില്ല.

അച്ഛൻറെയും അമ്മയുടെയും കൂടെ അമ്മുവും അവളുടെ ഭർത്താവുമാ താമസിക്കുന്നത്.

ഇങ്ങനെയൊരു ചേച്ചി ഉള്ളത് അവൻെറ വീട്ടുകാർക്ക് അറിയില്ല ഞങ്ങളായിട്ട് പറഞ്ഞിട്ടുമില്ല.

ആരോടെങ്കിലും പറയാൻ പറ്റുന്ന കാര്യമാണോ…..

ഇല്ല…. ഞാൻ വരുന്നില്ല…. ഞാനായിട്ട് ആരുടെ ജീവിതോം ഇല്ലാതാകുന്നില്ല.

ഞാൻ മറ്റെവിടേക്കെങ്കിലും പൊയ്ക്കോളാം.

സീത തൻ്റെ കയ്യിലുള്ള കവറിൽ നിന്നും കാശെടുത്ത് അപ്പുവിനെ കയ്യിൽ ഏൽപ്പിച്ചു .

ജയിലിന് പണിയെടുത്ത് കിട്ടിയ കാശാ ഇത് മോൻ എടുത്തോളൂ.

അപ്പു കാശ് വാങ്ങാൻ കൂട്ടാക്കിയില്ല. വല്യേച്ചി ഒരുപാട് കാലം പണിയെടുത്ത് ഉണ്ടാക്കിയതല്ലേ ഇത് വാങ്ങിയാൽ ദൈവം പോലും പൊറുക്കില്ല.

ഇതെനിക്ക് തന്നാൽ ചേച്ചി എങ്ങനെയാ ജീവിക്കുക.

സീതയുടെ കൈപിടിച്ച് അപ്പു പറഞ്ഞു.

ഞാൻ പഠിച്ച് ഒരു നല്ല ജോലി കിട്ടിയിട്ട് ഞാൻ വരും ചേച്ചിയെ കൊണ്ടുപോകാൻ..

അതുവരെ എങ്ങനെയെങ്കിലും വല്യേച്ചി പിടിച്ചു നിൽക്കണം.

ഈ വാക്ക് കേട്ടാ…. മതി… വല്യേച്ചി ഇനിയുള്ള കാലം ജീവിക്കാൻ……

എന്നാൽ മക്കളെ പൊയ്ക്കോ .

വന്ന ഓട്ടോയിൽ തന്നെ അവർ തിരിച്ചു പോയി.

സീതാ ലക്ഷ്മി ബസ് സ്റ്റാൻഡിലേക്ക് നടന്നു .

പെട്ടെന്ന് ഒരു കാർ വന്നു അവളുടെ മുൻപിൽ നിർത്തി.

അതിൽനിന്നും രണ്ടു പേർ ഇറങ്ങി വന്നു.

പർദ്ദയിട്ട ഒരു പെൺകുട്ടിയും ഒരാളും.

സീതേച്ചിക്ക് ഞങ്ങളെ ….

സെയ്താലിയുടെ മക്കളാ….

സീതേച്ചി എവിടേക്കാ…….

ഞങ്ങൾ കൊണ്ട് പോകാനാ വന്നത് .

ബാപ്പ… മയ്യത്താകുന്ന സമയത്ത് കൂടി ങ്ങളെ കുറിച്ച് പറഞ്ഞാ ബേജാറായത്.

ഇങ്ങളെ…. നല്ല മനസ്സ് കൊണ്ടാ ഞങ്ങ ഇപ്പഴും ജീവനോടിരിയ്ക്കുന്നെ….

ഇങ്ങക്ക് ഒരു ജീവിതം ഉണ്ടാക്കി തരേണ്ടത് ഞങ്ങടെ കടമയാ…..

നിങ്ങക്ക് പറ്റിയ ഒരു പുതിയാപ്ളേനെ കണ്ട് പിടിക്കാൻ ഇക്കാക്ക് പറ്റും.

സീതേച്ചീടെ കല്ല്യാണം നടത്തണം ന്നുളളത് ബാപ്പേടെ ആഗ്രഹാ.

എന്നെ സഹായിക്കാൻ മനസ്സ് കാണിച്ചത് കൊണ്ടല്ലേ…..ഇങ്ങള് ആശിച്ച ജീവിതം ഇല്ലാണ്ടായേ.

അത് ആമിനയ്ക്ക് വെറുതെ തോന്നുന്നതാ…

ആമിനയുടെ സ്ഥാനത്ത് ആരായാലും ഞാൻ ഇങ്ങനേ ചെയ്യൂ….

പിന്നെ കല്യാണം ജീവിതത്തിൽ ഒ^രാൾക്ക് മനസ്സ് കൊടുത്തവളാ ഞാൻ .

മറ്റൊരാൾക്ക് മനസ്സ് കൊടുക്കാൻ എന്നെക്കൊണ്ടാവില്ല .

എന്നെക്കുറിച്ചാലോചിച്ച് ടെൻഷനടിക്കേണ്ട ഞാൻ ജീവിക്കും

എന്റെ കയ്യിൽ കുറച്ച് കാശ് ഉണ്ട്.

ഒരുപാട് വൃദ്ധസദനങ്ങളില്ലേ ഈ നാട്ടിൽ അവരുടെ കയ്യിൽ ഈ കാശ് കൊടുത്താൽ താമസിക്കാൻ ഒരിടം കിട്ടും മക്കളാൽ ഉപേക്ഷിക്കപ്പെട്ട അച്ഛനമ്മമാർക്ക് ഒരു മകളായ ഇനിയുള്ള കാലം ഞാൻ ജീവിക്കും.

ഉറച്ച കാൽവെപ്പുകളോടെ സീതാലക്ഷ്മി നടന്ന് പോകുന്നതും നോക്കി അബ്ദുവും ആമിനയും നോക്കി നിന്നു.

അബ്ദുവിനോട് പറഞ്ഞു. ആ പോകുന്നതാ ശരിക്കുള്ള പെണ്ണ്.

ശുഭം…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Sindhu Kizhakkey Veettil

Leave a Reply

Your email address will not be published. Required fields are marked *