നിങ്ങടെ അപ്പനോട് പറഞ്ഞ് ആ വീടും പറമ്പും നിങ്ങടെ പേരിലേക്ക് എഴുതി വാങ്ങിക്ക്

രചന : സജി തൈപ്പറമ്പ്.

അപ്പനാണ് താരം…..

❤❤❤❤❤❤❤

നഗരത്തിലെ തിരക്കിലൂടെ കാറോടിക്കുമ്പോൾ ഇരു വശത്തെയും സൈഡ് മിററിലൂടെ ഞാൻ മാറി മാറി നോക്കാറുണ്ട്,

അത് മറ്റൊന്നിനുമല്ല, കാറ് മറ്റുള്ളവരുടെ ദേഹത്ത് മുട്ടാതിരിക്കാൻ വേണ്ടി മാത്രമാണ്.

പക്ഷേ, എന്റെ ഇടത് വശത്തിരിക്കുന്ന ഭാര്യ ,വഴിയോര കാഴ്ചകൾ കാണുന്നതിന് പകരം, എന്റെ മുഖത്തോട്ട് തന്നെ ഇമവെട്ടാതെ, നോക്കി ഇരിക്കും.

അതെന്നോടുള്ള ഇഷ്ടം കൊണ്ടാണന്ന് കരുതരുത് ,

ഞാൻ മറ്റേതെങ്കിലും പെണ്ണുങ്ങളെ നോക്കുന്നുണ്ടൊ, എന്നാണ് അവൾ വാച്ച് ചെയ്യുന്നത്.

“എന്റെ ഷീലേ… പുറത്ത് എന്തോരം സുന്ദരമായ കാഴ്ചകളുണ്ട്, നിനക്ക് അത് നോക്കിയിരുന്നാൽ പോരെ”

“എന്നിട്ട് വേണം ,നിങ്ങൾക്ക് കണ്ട പെണ്ണുങ്ങളുടെ വായിൽ നോക്കാൻ ,നിങ്ങൾക്ക് നേരെ നോക്കി വണ്ടി ഓടിച്ചാലെന്താ മനുഷ്യാ?”

“നേരെ നോക്കി വണ്ടി ഓടിച്ചാൽ ,പിന്നെ പുറകീന്ന് വണ്ടി വരുന്നുണ്ടോന്ന് ,നിന്റെ അപ്പൻ വന്ന് നോക്കുമോ?”

“ദേ ചത്ത് സ്വർഗ്ഗത്തിൽ പോയ എന്റെ അപ്പന് വിളിച്ചാലുണ്ടല്ലോ?”

“അതേടീ ,നിന്നെ എന്റെ തലേ കെട്ടി വച്ചപ്പോൾ തന്നെ, അയാൾക്ക് സ്വർഗ്ഗം കിട്ടി, നരകത്തിലായത് ഞാനല്ലേ?”

“ചുമ്മാതല്ലല്ലോ , കൊട്ടക്കണക്കിന് സ്ത്രീധനം എണ്ണി മേടിച്ചിട്ടല്ലേ?”

അതിന് എനിക്ക് മറുപടിയൊന്നുമില്ലായിരുന്നു.

ഞാൻ പത്തി പൊക്കുമ്പോഴൊക്കെ എന്നെ തോല്പിക്കാനായി അവളെടുക്കുന്ന ആയുധമാണത് ,സ്ത്രീധനം.

ശരിയാണ് ,റബ്ബർ വ്യാപാരിയായ ചാക്കോ മുതലാളിക്ക്, അഞ്ചക്ക ശമ്പളമുള്ള ഒരു റവന്യു ഉദ്യോഗസ്ഥനെയായിരുന്നു വേണ്ടത് .

അതിനയാൾ കണ്ടെത്തിയത്, മൂന്ന് പെൺമക്കളെയും കെട്ടിച്ചയച്ച് കഴിഞ്ഞപ്പോൾ, ബാങ്കിലെ കടം കേറി, ജപ്തി നോട്ടീസുമായി എന്ത് ചെയ്യണമെന്നറിയാതെ മുകളിലേക്ക് നോക്കിയിരുന്ന എന്റപ്പനെയാണ്.

“ഡോ, ദാസപ്പാ.. സാധാരണ ചെറുക്കൻ വീട്ടുകാരാ പെണ്ണ് ചോദിച്ച് വരുന്നത് ,ഇതിപ്പോൾ ഞാനൊരു മുതലാളിയായത് കൊണ്ട് തനിക്കൊരു മടി കാണുമെന്നെനിക്കറിയാം ,അത് കൊണ്ടാണ് ,തന്റെ മകനെ ചോദിക്കാനായിട്ട് ഞാനിങ്ങോട്ട് വന്നത്, ഒന്നുമില്ലേലും അവനൊരു ഉദ്യോഗസ്ഥനല്ലേ ?സത് സ്വഭാവിയും

എന്റെ മകൾക്ക് അവൻ നന്നായി ചേരും”

തന്റെ മകൻ നല്ല ഡിമാന്റുള്ള ചരക്കാണെന്നറിഞ്ഞ എന്റെ അപ്പൻ , പിന്നെ ഒട്ടും അമാന്തിച്ചില്ല.

കൂടിയ വിലയ്ക്ക് തന്നെ, ചാക്കോ മുതലാളിക്ക് എന്നെ വിറ്റു.

അവൾ പറയുന്ന ഈ സ്ത്രീധനമെന്ന് പറയുന്നത് മറ്റൊന്നുമല്ല.

എല്ലാ മാസവും ഒന്നാം തീയതിയിൽ കൃത്യമായി വിളവ് കിട്ടുന്ന എന്നെ ,ചാക്കോ മുതലാളിക്ക് വിറ്റപ്പോൾ എന്റെ അപ്പന് പകരം കിട്ടിയ ധനമാണ്, ഈ സ്ത്രീധനം

അത് വാങ്ങി, എന്റെ അപ്പൻ പെൺമക്കളെ കെട്ടിച്ചയച്ച കടബാധ്യതകളൊക്കെ തീർത്തു.

ബാങ്ക് ലോൺ ക്ളോസ്സ് ചെയ്ത് വീടും പറമ്പും സ്വന്തമാക്കി.

ഇപ്പോൾ പെങ്ങന്മാർക്ക് ,മാറി മാറി ,പ്രസവാവധി ആഘോഷിക്കാനുള്ള ഒരു ഇടത്താവളമായി മാറി ,എന്റെയാ തറവാട്.

“പിന്നേ .. നിങ്ങടെ അപ്പനോട് പറഞ്ഞ് ആ വീടും പറമ്പും നിങ്ങടെ പേരിലേക്ക് എത്രയും പെട്ടെന്ന് എഴുതി വാങ്ങിക്ക്, ഇല്ലെങ്കിൽ പെങ്ങന്മാര് മൂന്നും കൂടി അതും വീതിച്ചോണ്ട് പോകും”

ഷീലയുടെ ശബ്ദം കേട്ടാണ് ഞാൻ ഓർമ്മയിൽ നിന്നുണർന്നത്.

“ആ പഴയ വീട് നമുക്കെന്തിനാടീ, നമുക്കാവശ്യത്തിനുള്ള സ്വത്ത് ഇവിടുണ്ടല്ലോ?”

“ഇവിടുള്ളതൊക്കെ എന്റെ അപ്പൻ സമ്പാദിച്ചതാ ,നിങ്ങൾക്ക് അവകാശപ്പെട്ടത് നിങ്ങളുടെ അപ്പന്റെ പേരിലുള്ള ആ വീടും പറമ്പുമാ ,അത് നിങ്ങടെ പെങ്ങന്മാര് കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല”

അപ്പോൾ അതാണ് കാര്യം, അല്ലാതെ ആവശ്യമുണ്ടായിട്ടൊന്നുമല്ല എന്ന് എനിക്ക് മനസ്സിലായി.

അങ്ങനെ ഷീല , പല രാത്രികളിലെ തലയണമന്ത്രത്തിലൂടെ ,എന്റെ അപ്പൻ വിയർപ്പൊഴുക്കി ഉണ്ടാക്കിയ വീടും പ=റമ്പും , എന്നെക്കൊണ്ട് എന്റെ പേരിലെഴുതി വാങ്ങിപ്പിച്ചു.

“പിന്നേ … കായലോരത്തല്ലേ നിങ്ങടെ വീടിരിക്കുന്നത്, അതൊന്ന് മെയിന്റനൻസ് ചെയ്താൽ നമുക്കൊരു ഹോംസ്റ്റേയാക്കാം, എന്തോരം ടൂറിസ്റ്റുകളാ വരുന്നത് ,നല്ല വരുമാനം കിട്ടും”

അന്ന് രാത്രി അവൾ പുതിയ സംരംഭവുമായി വന്നു .

“നീയെന്താ ഷീലേ ഈ പറയുന്നത്, അപ്പോൾ എന്റെ അപ്പനെ ഈ വീട്ടിൽ, നമ്മളോടൊപ്പം കൊണ്ട് വന്ന് താമസിപ്പിക്കുമോ?”

“ആങ്ങ്ഹാ..അതിനിച്ചിരി പുളിക്കും, നിങ്ങടെ അപ്പനെ പെൺമക്കള് നോക്കട്ടെ, ആ വീടിപ്പോൾ നിങ്ങടെ പേരിലല്ലേ? അവിടെ താമസിക്കാൻ നിങ്ങടെ അപ്പനെന്താ അവകാശം”

“നിർത്തെടീ… നിന്നെ വിവാഹം കഴിക്കുമ്പോൾ, എനിക്ക് വയസ്സ് ഇരുപത്തിയെട്ടായിരുന്നു ,എന്റെ പെങ്ങന്മാര് പത്തൊൻപതും, ഇരുപതും വയസ്സായപ്പോഴാണ് വിവാഹിതരായത്, അപ്പോഴൊക്കെ ആ വീട് എന്റെ അപ്പന്റെ പേരിലായിരുന്നു. ഒരിക്കൽ പോലും അപ്പൻ ,ഞങ്ങൾ മക്കളോട് വീട്ടിൽ നിന്നിറങ്ങി പോകാൻ പറഞ്ഞിട്ടില്ല, അതാണെടി അപ്പനും മക്കളും തമ്മിലുള്ള വ്യത്യാസം , എനിക്കറിയാമായിരുന്നു ,വീട് സ്വന്തമായി കഴിയുമ്പോൾ, നീ എന്റെ അപ്പനെ അവിടുന്ന് ഇറക്കിവിടാൻ പറയുമെന്ന്,

അത് മുൻകൂട്ടി കണ്ട് കൊണ്ട് തന്നെയാ, ആധാരത്തിൽ ഞാനൊരു ക്ളോസ്സ് വച്ചത്,

അതെന്താണെന്നറിയാമോ?

അപ്പന്റെ മരണശേഷം മാത്രമേ, എനിക്കാ സ്വത്തിൽ അവകാശമുള്ളെന്ന്, പിന്നെ, അപ്പൻ എന്നെ വിറ്റ് കാശാക്കിയെന്നൊക്കെ, മുമ്പൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്,

പക്ഷേ, പെൺമക്കളുള്ള ദരിദ്രരായ അപ്പൻ മാർക്ക് ,ആൺമക്കളെ ആശ്രയിക്കാതെ മറ്റൊരു വഴിയുമില്ലാതെ വരുമ്പോഴാണ്, ഇങ്ങനൊരു കടുംകൈക്ക് അവർ മുതിരുന്നതെന്ന് പിന്നീട് മനസ്സിലായി ,അപ്പൻ മക്കൾക്കായി കഷ്ടപ്പെടുന്നത്, മുപ്പതും നാല്പതും കൊല്ലങ്ങളായിരിക്കും, പക്ഷേ മക്കൾ ആ അപ്പനെ നോക്കുന്നത് അദ്ദേഹത്തിന്റെ അവസാന നാളുകളിൽ മാത്രമായിരിക്കും, അതും ശപിച്ച് കൊണ്ട് .എനിക്ക് പക്ഷേ, അങ്ങനെയാവാൻ കഴിയില്ല ,കാരണം നാളുകൾ കഴിയുമ്പോൾ ഞാനുമൊരു അപ്പനാകും, അത് കൊണ്ട്”

ഒറ്റ ശ്വാസത്തിൽ ഞാനവളോട് പറഞ്ഞ് നിർത്തിയപ്പോഴേക്കും, അവൾ കൂർക്കം വലി തുടങ്ങിയിരുന്നു.

അപ്പോൾ ഞാനും ഒന്നുറങ്ങട്ടെ…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സജി തൈപ്പറമ്പ്.

Leave a Reply

Your email address will not be published. Required fields are marked *