സഖിയെ, തുടർക്കഥ, ഭാഗം 26 വായിക്കുക….

രചന : Vava….

ആഡംബരം വിളിച്ചോതുന്ന തൃച്ചംബരം തറവാടിന്റെ അകത്തളത്തിൽ മാർബിൾ വിരിച്ച നിലത്തായി വലിയ ശബ്ദത്തോടെ ഫ്ലവർ വെയ്സ് വീണുടഞ്ഞു. അവ പല ഭാഗത്തേക്കായി ചിന്നി ചിതറി തെറിച്ചു.

എന്നിട്ടും കലിയടങ്ങാതെ വൈശാഖൻ കയ്യിൽ കിട്ടിയെതെല്ലാം നിലത്തായി എറിഞ്ഞുടച്ചു കൊണ്ടിരുന്നു.

അവന്റെ നെറ്റിയിൽ ആഴത്തിൽ ഉള്ള മുറിവിൽ നിന്നും ചോര മുഖത്തേക്ക് കിനിഞ്ഞിറങ്ങി കൊണ്ടിരുന്നു. ദേഹത്തു പലഭാഗത്തായി മുറിവുകൾ ഉണ്ടായിരുന്നു.

അടുത്തു നിന്ന സച്ചി എല്ലാം പേടിയോടെ നോക്കി. വൈശാഖനെ തടയാനുള്ള ധൈര്യം സച്ചിക്കില്ല്യായിരുന്നു.

“” വൈശാഖാ…. “”

ഗാംഭീരമാർന്ന സ്വരം അവിടം മുഴങ്ങിയതും വൈശാഖൻ ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കി.

കടുത്ത മുഖവുമായി വാസുദേവൻ അവനെ തന്നെ ഉറ്റു നോക്കി നിൽക്കുന്നു. പ്രായം അറുപതിനോടടുത്തെങ്കിലും അയ്യാളിപ്പോഴും കരുത്തനാണെന്ന് ആ ശരീര പ്രകൃതി വിളിച്ചോതുന്നുണ്ടായി രുന്നു.

അവന്റെ ദേഹത്തെ മുറിവുകൾ കണ്ടതും അയ്യാളുടെ നെറ്റി ചുളിഞ്ഞു.

“” എന്താ ഇതെല്ലാം…. “”

പരുക്കമായ ശബ്ദത്തോടെ തന്നെ ചോദിച്ചു.

“” അവൻ…. ആ രുദ്രൻ…. “”

ബാക്കി പറഞ്ഞു മുഴുവപ്പിക്കാതെ അവൻ ദേഷ്യത്താൽ പല്ലുകൾ ഞെരിച്ചു.

അത് കേട്ടതും വാസുദേവന്റെ കണ്ണുകൾ കുറുകി.

“” ഞാൻ നിന്നോട് പറഞ്ഞതല്ലേ എടുത്ത് ചാടി ഒന്നും വേണ്ടാ എന്ന്… എന്നിട്ട് അവന്റെ കയ്യിൽ നിന്നും അടിയും വാങ്ങി വന്നിരിക്കുന്നു…ഹും.. “”

അയ്യാളുടെ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛം വിരിഞ്ഞു.

അത് വൈശാഖനിലെ ദേഷ്യത്തിന്റെ തീവ്രത ഒന്നു കൂടി വർധിപ്പിച്ചു.

“” പിന്നെ ഞാൻ എന്തു വേണം…. അവൻ നമ്മുടെ കണ്മുന്നിൽ സന്ദോഷമായി ജീവിക്കുന്നത് നോക്കി നിൽക്കണോ…. “”

“” അങ്ങനല്ല മോനെ… നീ ഇപ്പോൾ ഒന്നടങ്ങു…എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്….നല്ലൊരാവസരം നമുക്ക് മുന്നിൽ വന്നു ചേരും… അതിന് വേണ്ടിയാണു ഞാനും കാത്തിരിക്കുന്നത്…””

അയ്യാൾ വൈശാഖനെ അനുനയിപ്പിക്കാൻ ശ്രമിച്ചു…

“” പക്ഷെ… ഇനിയും എത്ര നാൾ… എത്ര നാളും കാത്തിരിക്കണം എന്നാ അച്ഛൻ പറയുന്നത്… “”

അവൻ അടങ്ങിയിരുന്നില്യ.

“” ഇനി അധിക നാളില്ല്യ… അവന്റെ അന്ത്യം കുറിക്കേണ്ടത് നമ്മുടെ നിലനിൽപ്പിന്റെ പ്രശ്നം ആണ്… ഇല്ലയെങ്കിലും കോടികൾ വരുന്ന സ്വത്തിന്റെ പാതി അവൻ സ്വന്തം ആക്കും….വയസ്സാം കാലത്തെ തന്തയുടെ ഓരോ മനം മാറ്റം….കാലശേഷം പാതി സ്വത്ത് പൊന്നുമോൾടെ മക്കളുടെ പേരിൽ എഴുതി വെച്ചിരിക്കുന്നു…*** കിളവൻ… “” അയ്യാൾ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടിയൊന്നു കുടഞ്ഞു.

“” എന്തായാലും എത്രയും പെട്ടെന്ന് എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കണം… കിളവന്റെ കാലം കഴിയാൻ ഇനി അധിക നാളില്ല്യ…

എല്ലാം വ്യക്തമായ ധാരണയോടെ വേണം ചെയ്യാൻ… ഊരിപോരാൻ പറ്റാത്ത കുരുക്ക് വേണം അവന്റെ കഴുത്തിലാടാൻ….മനസ്സിലായോ നിനക്ക്…. “” അയ്യാൾ വൈശാഖനെ നോക്കി.

“” മ്മ്…. മനസ്സിലായഛാ… അവനെ പെടുത്തേണ്ടത് എങ്ങനെയാണെന്നെനിക്കറിയാം….

അതിനൊരു വഴി തെളിയുന്നുണ്ട്…. “” അവന്റെ മുഖത്ത് കൗശലക്കാരന്റെ ഭാവം നിറഞ്ഞു.

രണ്ടാളുടെയും ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. കണ്ണുകൾ ഒരുപോലെ തിളങ്ങി.

പകയാണവർക്… അടങ്ങാത്ത പക… തേവാൻങ്കോട്ട് കുടുംബത്തെ മുചൂടും നശിപ്പിക്കാനുള്ള പക. ഒപ്പം സ്വത്തിനോടുള്ള ആർത്തി.

ഇതെല്ലാം താഴെ ഉള്ള മുറിയിലെ കട്ടിലിൽ ഒന്നു മിണ്ടാൻ പോലും പറ്റാതെ ജീവച്ഛവം പോലെ കിടക്കുന്ന പ്രഭാകര വർമ്മ കേൾക്കുന്നുണ്ടായിരുന്നു.

അടഞ്ഞ കണ്ണുകളിൽ നിന്നും കണ്ണുനീർ ചെന്നിയിലൂടെ ഒഴുകിയിറങ്ങി.

ആയ കാലത്ത് ചെയ്തു കൂട്ടിയ തെറ്റുകൾക്ക് ദൈവം അറിഞ്ഞു തന്ന ശിക്ഷയാവാം….

അയ്യാൾ മനസ്സിലോർത്തു.

❤❤❤❤❤❤❤❤❤

രാത്രിയിൽ എപ്പോഴോ രുദ്രൻ ഞെട്ടികൊണ്ട് അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്നു.

ബാൽക്കണിയിലെ ചെയറിൽ ഇരുന്നു എപ്പോഴോ മയങ്ങി പോയിരുന്നു.

മഴയെല്ലാം തോർന്നിരുന്നു. അന്തരീക്ഷം ആകെ പെയ്തൊഴിഞ്ഞ മഴയുടെ കുളിര് തങ്ങി നിൽക്കുമ്പോഴും അവന്റെ ഉള്ളപ്പോഴും പുകയുകയായിരുന്നു.

കുറച്ചു നാൾ ശല്യങ്ങളൊന്നും ഇല്ല്യാതിരുന്നതായിരുന്നു. ഇപ്പോൾ വീണ്ടും വൈശാഖന്റെ ആക്രമണം തുടങ്ങിയിരിക്കുന്നു.

അവൻ കൈകൾ കോർത്തു തലക്കുപിന്നിൽ വെച്ചുകൊണ്ട് ചെയറിലേക്ക് ചാരിയിരുന്നു. തല ചെരിച്ച് ക്ലോക്കിലേക്ക് നോക്കി.

സമയം 2 ആകുന്നു . മിഴികൾ നേരെ പോയത് കട്ടിലിൽ ചാരിയിരുന്നു ഉറങ്ങുന്ന ഗൗരിയിലേക്കാണ്.

അവളോട് ദേഷ്യപ്പെട്ടതോർത്തതും അവനു കുറ്റബോധം തോന്നി.

“”ശ്ശേ… വേണ്ടായിരുന്നു… ആ വൈശാഖനോടുള്ള ദേഷ്യത്തിലാണ് വന്നു കയറിയത്… അവളെ അതും പറഞ്ഞു പേടിപ്പിക്കേണ്ട എന്ന് കരുതിയാണ് വീണതാണെന്ന കള്ളം പറഞ്ഞത്… വീണ്ടും അവള് അതും പറഞ്ഞു കുത്തി കുത്തി ചോദിച്ചപ്പോ അറിയാതെ ദേഷ്യപ്പെട്ടു പോയതാണ്””

അവൻ ഒന്നു നിശ്വസിച്ചു കൊണ്ട് എഴുന്നേറ്റ് അവൾക്കടുത്തേക്ക് നടന്നു.

ബെഡിൽ അവൾക്കടുത്തായിരുന്നുകൊണ്ട് നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ കുറച്ചു നേരം നോക്കി.നിറഞ്ഞ വാത്സല്ല്യത്തോടെ ആ കവിളിൽ കൈചേർത്തു.

ഇപ്പോഴും അവിടം തങ്ങി നിൽക്കുന്ന കണ്ണീരിന്റെ ചെറുനനവ് അവൻ അറിഞ്ഞു. അവൾ കരഞ്ഞിട്ടുണ്ടെന്നു മനസ്സിലായതും അവൻ മനസ്സിൽ സ്വയം പഴിച്ചു. പെട്ടെന്ന് ഹൃദയത്തിൽ ഒരു ഭാരം അനുഭവപ്പെട്ടത് പോലെ.

പതിയെ അവളെ നെഞ്ചിലേക്കു ചേർത്തു കിടത്തികൊണ്ട് ആ നെറ്റിയിൽ അരുമയായൊന്നു ചുണ്ട് ചേർത്തു. സ്നേഹത്തോടെ അവളുടെ മുടിയിഴലിൽ തലോടി.

ഉറക്കം നടിച്ചു നിശബ്ദയായി കിടക്കുന്ന പെണ്ണ് എല്ലാം അറിയുന്നുണ്ടായിരുന്നെങ്കിലും കണ്ണ് തുറന്നില്യ. പക്ഷെ അധിക നേരം പിടിച്ചു നിൽക്കാൻ അവൾക്കായിരുന്നില്യ. അറിയാതൊരു തേങ്ങൽ കെട്ടുകൾ പൊട്ടിച്ചു പുറത്തേക്കു ചാടി.

ശബ്‌ദം കേട്ട് രുദ്രേട്ടൻ പെണ്ണിനെ നോക്കി. കണ്ണ് തുറക്കാതെ ആ നെഞ്ചിൽ കിടന്നു കരയുകയാണ് പെണ്ണ്.

“” ഗൗരി…. എന്താടാ… എന്തിനാ കരയണേ..ഏഹ്? ”

രുദ്രേട്ടൻ ആശങ്കയോടെ വീണ്ടും പെണ്ണിനെ ചേർത്തു പിടിച്ചു.

മറുപടി പറയാതെ വീണ്ടും തേങ്ങുന്ന പെണ്ണിന്റെ മുഖം ബലമായി പിടിച്ചുയർത്തി. കണ്ണുകൾ നിറഞ്ഞിരുന്നു. അധരങ്ങൾ വിറകൊണ്ടു.

“” അയ്യേ… എന്താ പെണ്ണെ ഇത്… ഞാനൊന്നു ദേഷ്യപ്പെട്ടപ്പോഴേക്കും നീ കണ്ണ് നിറച്ചോ… ഇത്രക്കൊള്ളോ എന്റെ ഗൗര്യേ നീയ്….മ്മ് ”

താടി തുമ്പിൽ പിടിച്ച് വാൽസല്യം നിറച്ചു ചോദിച്ചു.

“” രുദ്രേട്ടൻ ന്തിനാ എന്നോട് ദേഷ്യപ്പെട്ടത്…അതല്ലേ നിക്ക് വിഷമായത്….””

“” എന്റെ പെണ്ണെ… ഞാനപ്പോ പെട്ടെന്ന് എന്തോ പറഞ്ഞു പോയി…. അതിനിങ്ങനെ കരയാൻ നിന്നാൽ എങ്ങനാ… നിനക്കിതിനും മാത്രം കണ്ണീർ എവിടുന്നാടി… “” അവൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു കൊടുത്തു. ആ സ്നേഹചൂടിൽ ഉരുകിയൊലിക്കാവുന്നതേ ഉള്ളു തന്റെ വിഷമങ്ങളെന്നു അവൾക്കു തോന്നി.

“” രുദ്രേട്ടന് ശെരിക്കും എന്താ പറ്റിയത്… “” അവന്റെ കണ്ണിൽ തന്നെ നോക്കിയായിരുന്നു പെണ്ണിന്റെ ചോദ്യം .

“” അത് ഞാൻ പറഞ്ഞില്ല്യേ… വരുന്ന വഴി ചെളിയിൽ തെന്നി വണ്ടി ഒന്നു മറിഞ്ഞു. വീണപ്പോ അവിടെ നിന്ന ഒരു ചെടിയുടെ കമ്പ് കയ്യിൽ കുത്തി കേറി…. അങ്ങനെയാ മുറിവുണ്ടായത്… “”

പെട്ടെന്ന് വായിൽ വന്ന കള്ളം പറഞ്ഞൊപ്പിച്ചു. കത്തി മുനയിൽ നിന്നും ഒഴിഞ്ഞു മാറിയപ്പോ കൊണ്ടതാണെന്നു പറഞ്ഞു പെണ്ണിനെ പേടിപ്പിക്കാൻ അവനു മനസ്സ് വന്നില്യ..

“” മ്മ്… എന്നിട്ടും വേദനയുണ്ടോ… “”

ആധിയോടെ കയ്യിലെ മുറിവു പറ്റിയ സ്ഥലത്തൊന്നു തലോടി.

“” ഇല്ല്യേന്റെ പെണ്ണെ… അതൊന്നും സാരല്ല്യ… നിന്റെ രുദ്രേട്ടന് ഈ ചെറിയ മുറിവൊന്നും ഒന്നും അല്ല… “”

മുറിവിലേക്കു തന്നെ നോക്കി വീണ്ടും കണ്ണു നിറക്കുന്ന പെണ്ണിനെ ഒന്നു കൂടി നെഞ്ചോടടക്കി.

“” നീയ് എന്തെങ്കിലും കഴിച്ചായിരുന്നോ… “” കുറച്ചു കഴിഞ്ഞതും രുദ്രേട്ടൻ ചോദിച്ചു.

“” ഇല്ല്യാ… ഞാൻ രുദ്രേട്ടൻ വന്നിട്ട് കഴിക്കാന്നു കരുതി കാത്തിരിക്കായിരുന്നു… “”

“” എന്നാ വാ… നമുക്ക് ഒരുമിച്ചു പോയി കഴിക്കാം..””

അത് കേട്ട് പെണ്ണൊന്നു തലയുയർത്തി.

“” ഈ നേരത്തോ… “”

“” അതിനെന്താ…നീ വാ… നിനക്ക് വിശക്കുന്നില്യേ.. എനിക്കാണേൽ വിശന്നിട്ടു കുടല് കരിയുന്നു.

അതുകേട്ടു പെണ്ണൊന്നു ചിരിച്ചു.

രണ്ടാളും താഴെക്കിറങ്ങി. ചോറും കറികളും ഊണ് മേശയിൽ നിരത്തി. രണ്ട് പ്ളേറ്റിലായി ചോറു വിളമ്പുന്ന പെണ്ണിനെ അവൻ തടഞ്ഞു.

“” ഒരു പ്ളേറ്റ് മതി… നമുക്ക് ഒരുമിച്ച് കഴിക്കാം. “”

അവനൊന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. അവളും എതിർക്കാൻ നിന്നില്ല്യ.

പെണ്ണ് തന്നെ ചോറുരുട്ടി രുദ്രേട്ടന് വാരി കൊടുത്തു. സ്നേഹത്തോടെ ഊട്ടുന്ന പെണ്ണിന്റെ വിരലിൽ ഇടക്ക് കുറുമ്പോടെ രുദ്രേട്ടൻ ചെറിയൊരു കടിവെച്ചു കൊടുക്കും. പെണ്ണതിനൊന്നു കണ്ണുരുട്ടി നോക്കുമ്പോൾ അവൻ അത് ചിരിയോടെ നോക്കി നിൽക്കും.

“” മ്മ്… മതി… മതി.. ഇനി നീ കഴിക്ക്… “” കുറച്ചെത്തിയതും അവൻ മതിയാക്കി.

പാത്രത്തിൽ നിന്നും ഒരുരുള എടുത്ത് പെണ്ണിന്റെ വായിലേക്കും വെച്ചു കൊടുത്തു.പെണ്ണും അത് ആസ്വദിച്ചു കഴിച്ചു.

ഇരുവരുടെയും ഹൃദയം സംതൃപ്തിയാൽ നിറഞ്ഞു.

❤❤❤❤❤❤❤

“” ഇനിയിപ്പോ… എന്താ നിന്റെ പ്ലാൻ… ആ വൈശാഖനെ ഒതുക്കണ്ടേ…. “” രുദ്രനെ ഉറ്റുനോക്കിയായിരുന്നു ജിത്തുവിന്റെ ചോത്യം.

മൂന്നാളും ജഗ്ഷനിൽ വായനശാലക്കാടുത്തുള്ള ക്ലബ്ബിൽ ഒത്തു കൂടിയതാണ്. വേറെ ആരും ഉണ്ടായിരുന്നില്യ.

രുദ്രൻ കയ്യിലുള്ള സിഗരറ്റ് ആഞ്ഞു വലിച്ചു കൊണ്ട് പുക ജനലിലൂടെ പു=റത്തേകൂതി വിട്ടു.

“” മ്മ്… വേണം… “” അവൻ ഗൗരവത്തോടെ പറഞ്ഞു. മനസ്സ് വൈശാഖാൻ എന്ന സമസ്യാക്കുള്ള പരിഹാരം തേടുകയായിരുന്നു.

“” നിങ്ങളിത് എന്തു ഭാവിച്ചാ ഈ പറയുന്നത്… ടാ… രുദ്രാ… മുമ്പത്തെ പോലെ അല്ല… വീട്ടിൽ ഒരു പെണ്ണ് കാത്തിരിപ്പുണ്ട്…തല്ലാനും ഒതുക്കാനും പോണേനു മുൻപ് അതൊന്നു ഓർക്കണം… “”

ചന്ദ്രു ഒരു മുന്നറിയിപ്പോടെ പറഞ്ഞു.

രുദ്രൻ തലച്ചേരിച് അവനെ ഒന്നു നോക്കി.

“” അത് ഓര്മയുള്ളത്കൊണ്ട് തന്നെയാ ഇപ്പൊ അവനെ ഒതുക്കണം എന്ന് തീരുമാനിച്ചത്…

പണ്ടാർന്നെങ്കിൽ എനിക്ക് മുന്നും പിന്നും നോക്കാനില്യായിരുന്നു…എന്തെങ്കിലും ആവട്ടെ എന്ന് വെച്ചേനെ…

ഇന്നലത്തെ പോലെ ഇനിയും അവനിൽ നിന്നും ഒരാക്രമണം പ്രതീക്ഷിക്കാം… അതുകൊണ്ട് ഇത് ഒതുക്കി തീർത്തെ പറ്റൂ… “”

രുദ്രൻ ഉറച്ച വാക്കൊടെ പറഞ്ഞു. ചന്ദ്രു പിന്നെ മറുത്തൊന്നും പറയാൻ നിന്നില്ല്യ.

“” അവന്റെ വാല്… ആ സച്ചി… അവനെ പൊക്കിയാൽ വൈശാഖനെ പൂട്ടാനുള്ള എന്തെങ്കിലും വഴി തടയാതിരിക്കില്ല്യ…. തൃച്ചംബരത്തു കാരുടെ വിശ്വസ്ഥൻ അല്ലെ അവൻ…. അവരുടെ കള്ളത്തരങ്ങൾ എല്ലാം സച്ചിക്കും അറിവുണ്ടാവും “” ജിത്തു രണ്ടാളേയും നോക്കി പറഞ്ഞു. അതൊരു നല്ല വഴിയാണെന്നു അവർക്കും തോന്നി.

❤❤❤❤❤❤❤

കുളപ്പടവിൽ കണ്ണിനു മുകളിൽ കൈവെച്ചു നിവർന്നു കിടക്കുകയായിരുന്നു ചന്ദ്രു.

സന്ധ്യാ നേരമാണ്… അമ്പലത്തിൽ നിന്നും ഉച്ചത്തിൽ കീർത്തനം കേൾക്കാം. അതും ശ്രദ്ധിച്ചുകൊണ്ട് കിടക്കുമ്പോൾ മനസ്സ് ശാന്തത കൈവരിക്കുന്നതറിഞ്ഞു.

“”മാഷേ….”” ശബ്‌ദം കേട്ട് അവൻ കൈ മാറ്റികൊണ്ട് തല ചെരിച്ചു നോക്കി.

മുന്നിൽ പച്ച പട്ടുപാവാടയും ഇട്ട് ചെറു മന്ദഹാസത്തോടെ ഗീതു നിൽക്കുന്നു.

അവളെ കണ്ടതും അവൻ ഒന്നു നിവർന്നിരുന്നു.

“” എന്തിനായിരിക്കും ഇപ്പൊ വന്നത്… “” മനസ്സിൽ ചോദ്യം ഉയർന്നെങ്കിലും അവളോട്‌ ചോദിച്ചില്ല്യ.

കുളത്തിലെ വെള്ളത്തിലേക്കായി ദൃഷ്ടി പതിപ്പിച്ചിരുന്നു. ഗീതുവും അവനടുത്ത് കല്പടവിൽ ഇരുന്നു.

“” മാഷിന് ന്നോട് ദേഷ്യാണോ…. “” അൽപ്പം നേരത്തെ നിശബ്ദതത ഭേതിച്ചു കൊണ്ട് ഗീതു തന്നെ സംസാരത്തിനു തുടക്കമിട്ടു.

“” എനിക്ക് ആരോടും ഒരു ദേഷ്യവുമില്യ… നീ അതറിയാനാണോ വന്നത്…. “” അവൻ അവളെ നോക്കാതെ തന്നെ ചോദിച്ചു.

“” ഞാൻ മാഷിനോടൊന്നു സംസാരിക്കൻ വേണ്ടി വന്നതാ…”” ഗീതുവിന്റെ മറുപടി കേട്ട് അവന്റെ മുഖത്ത് വീണ്ടും അസ്വസ്ഥത നിറഞ്ഞു. അതവൾ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

“” മാഷ് പേടിക്കണ്ട… ഞാൻ മാഷിനെ ന്റെ ഇഷ്ടത്തിന്റെ പേരും പറഞ്ഞു ശല്യപ്പെടുത്താനൊന്നും വന്നതല്ലാട്ടോ… അതൊക്കെ എന്റെ ഈ കുഞ്ഞി തലയിൽ തോന്നിയ ഓരോ പൊട്ടത്തരങ്ങൾ…

അല്ലെങ്കി മാഷ് പറഞ്ഞ പോലെ ഈ പ്രായത്തിന്റെ വെറും ഭ്രമം… അതാണ് ദിവ്യ പ്രണയം എന്നായിരുന്നു ന്റെ വിചാരം….ഹാ…ന്റെ ഒരു കാര്യം… “” അവൾ സ്വയം തലക്കൊന്നു കൊട്ടികൊണ്ട് ചിരിച്ചു.

“”പക്ഷെ…. നിക്കറിയില്യായിരുന്നു മാഷേ… മാഷിന്റെയും വെല്യേച്ചിയുടെയും ഇഷ്ടത്തെ പറ്റിയൊന്നുo….. അന്ന് അതറിഞ്ഞപ്പോ നിക്കത് വല്ലാതെ വിഷമായി…. അതുകൊണ്ടാ കുറച്ചൂസം ആരോടും മിണ്ടാതെ നടന്നത്…. പിന്നെ മാഷന്നു എന്നോട് അതെ പറ്റിയെല്ലാം ചോദിച്ചപ്പോ… ഞാൻ അറിയാതെ എന്തൊക്കെയോ പറഞ്ഞു പോയതാ മാഷേ… മാഷ് ന്നോട് ക്ഷെമിക്കണം…. “‘

അപേക്ഷയോടെ അവൾ പറഞ്ഞു. അവളുടെ തുറന്നു പറച്ചിൽ അവൻ അത്ഭുതത്തോടെ കേട്ട് ഇരുന്നു.

തല ചെരിച്ചു ഗീതുവിനെ തന്നെ ഒരു നിമിഷം ഉറ്റുനോക്കി.ആ കണ്ണുകളിൽ ഒരു നീർ തിളക്കം അവൻ തിരിച്ചറിഞ്ഞിരുന്നു. ചെയ്തുപോയതിന്റെ കുറ്റബോധത്തിന്റെ ആയിരിക്കും. അവൻ കരുതി.

“” സാരല്ല്യ ഗീതു…അതൊന്നും ഞാൻ കാര്യക്കിയിട്ടില്യ…. നീ എല്ലാം ഉൾക്കൊണ്ട്‌ മനസ്സിലാക്കാൻ തയ്യാറായല്ലോ അത് മതി… “”

അവളൊന്നു തലയാട്ടി.വെറുതെ ഒരു ചിരി വരുത്തി.

“” എന്നാ ഞാൻ പോട്ടെ മാഷേ… വേഗം വരാന്നും പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതാണേ…ഇനിയും വൈകിയാ അംബികമ്മയുടെ കയ്യിന്റെ ചൂട് ഞാനറിയും…”” കുസൃതിയോടെ ഉള്ള പെണ്ണിന്റെ സംസാരം പിന്നെയും തിരികെ വന്നു.

ആ മുഖത്തെ കുസൃതി അവനും നോക്കി നിന്നു.

“” മ്മ്… എന്നാ പോക്കോ…. “”

അവൻ ചിരിയോടെ ആ കവിളിൽ ഒന്നു തലോടികൊണ്ട് പറഞ്ഞു.

വെറും പതിനെട്ടുകാരിയുടെ കുറുമ്പ്…. കുട്ടിത്തരം….. നിഷ്കളങ്കത…

വാൽസല്യം തോന്നുന്നുണ്ട് ഇവളോട്… ഇഷ്ടം തോന്നുന്നുണ്ട്… സ്നേഹം തോന്നുന്നുണ്ട്….

പക്ഷെ…. പ്രണയം അത് അവളോടാണ്….. തന്റെ വീണയോട്…. തന്റെ മാത്രം മൂക്കുത്തി പെണ്ണിനോട്…. “” നടന്നകലുന്ന ഗീതുവിൽ നിന്നും അവൻ മിഴികൾ മാറ്റി.

മറ്റൊരു പെണ്ണ് മനസ്സിലാക്കേ നിറഞ്ഞു നിന്നു.

ചൊടികളിൽ ഒരു നിറ ചിരി വിരിഞ്ഞു. പ്രണയത്തിന്റെ…. വിരഹത്തിന്റെ…. വേദനയുടെ…

അങ്ങനെ… അങ്ങനെ….

നടന്നകലുന്ന ഗീതുവിനുള്ളിൽ ഒരു പെരുമ്പറ മുഴങ്ങുകയായിരുന്നു.

ഇത്ര നേരം കരയാതെ മാഷിന് മുന്നിൽ എങ്ങനെ പിടിച്ചു നിന്നു എന്നറിയില്യ.

തൊണ്ടയെല്ലാം വേദനിക്കുന്നു. ഇത്ര നേരവും തേങ്ങൽ അടക്കി നിർത്തിയതുകൊണ്ടാകാം.

പ്രണയം നഷ്ടമാകുമ്പോഴുള്ള വേദന അതവളിന്നറിയുന്നു… ആഴത്തിൽ തന്നെ.

പറ്റുന്നില്യ… അവൾക്ക് ഈ ഹൃദയ ഭാരം താങ്ങാൻ…ഹൃദയം ആർത്തലച്ചു കരയുമ്പോഴും ശബ്‌ദം പുറത്തേക്കു വരുന്നില്യ.

നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് വേദനക്കു മുകളിൽ പുഞ്ചിരിയുടെ ആവരണം അണിഞ്ഞു കൊണ്ടവൾ മുന്നോട്ടു നടന്നു. ആ മുഖം മൂടിക്കു മറവിൽ ആരും കാണാതെ വേദനകൾ അവൾ ഒളിപ്പിച്ചു.

പ്രണയം നിറഞ്ഞ രണ്ട് ഹൃദയങ്ങൾ…

അതൊഴുകുന്നത് രണ്ട് ദിശയിലേക്കാണെന്നു മാത്രം

തുടരും…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Vava….

Leave a Reply

Your email address will not be published. Required fields are marked *