ഇനിയും അമ്മയെ കഷ്ടപ്പെടുത്താതെ ഒരു ജോലി വാങ്ങി അമ്മയെ സംരക്ഷിക്കണം എനിക്ക്…

രചന : ശ്യാം കല്ലുകുഴിയിൽ

എന്നെന്നും….

❤❤❤❤❤❤❤

” നീയിത് എങ്ങോട്ടാ ടീ മരം കയറാൻ പോവുകയാണോ…”

അടുത്ത വീട്ടിലെ സുമേച്ചിയുടെ ചായ്പ്പിൽ നിന്ന് ഏണിയും ആയി വരുമ്പോഴാണ് സുമേച്ചിയുടെ ഭർത്താവ് അത് ചോദിച്ച്, അത് കേട്ടില്ലെന്ന് നടിച്ച് ഉമ്മറം വഴി അടുക്കള വശത്തേക്ക് പോകുമ്പോൾ അച്ഛൻ എന്നെയും നോക്കി ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു..

കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിലും കാറ്റിലും അടുക്കളയുടെ മുകളിൽ വലിച്ചു കെട്ടിയിരുന്ന ഡാർപ്പഷീറ്റ് പൊട്ടി മാറിയതും, അടുപ്പിലും അടുക്കി വച്ചിരുന്ന വിറകിലും നിറയെ മഴ വെള്ളം വീണതും അച്ഛനും അറിയാവുന്നത് ആണ്, രാവിലെ മുതൽ അതൊന്ന് നേരെയാക്കാൻ അമ്മ പറയുന്നുണ്ടെങ്കിലും അത് കേട്ട ഭാവം നടിക്കാതെ ഇരിക്കുകയാണ് അച്ഛൻ…

അല്ലെങ്കിലും അച്ഛൻ കുറച്ച് നാളായി ഇങ്ങനെ ആണ്, ഒന്നും ചെയ്യുകയും ഇല്ല, ആരേലും ചെയ്താൽ അത് കണ്ട ഭാവം നടിക്കുകയും ഇല്ല,

രാവിലെ മുതൽ നനഞ്ഞ വിറക് കത്തിക്കാൻ ഊതി ഊതി എന്റെയും അമ്മയുടെയും ആരോഗ്യം തീർന്നത് അല്ലാതെ വേറെ ഒന്നും സംഭവിച്ചില്ല…

” അമ്മേ ഒന്നിങ്ങ് വന്നേ….”

അടുക്കള ഭിത്തിയിൽ ഏണി ചാരി കയറി നിന്നിട്ടാണ് അമ്മയെ വിളിച്ചത്…

” എന്താ മോളെ….”

താഴെ അമ്മ മുടിയിൽ പറ്റിയിരിക്കുന്ന ചാരത്തിന്റെ പൊടി തട്ടി കളഞ്ഞു കൊണ്ട് നടുവിനും കൈ താങ്ങി നിന്നു…

” ഈ പ്ലാസ്റ്റിക് കയർ മൊത്തം ദ്രവിച്ചു പോയി വേറെ വാങ്ങണം അമ്മ ഒന്ന് അച്ഛനോട് പറഞ്ഞേ..

വലിച്ചു കെട്ടിയിരുന്ന പ്ലാസ്റ്റിക് കയർ വലിച്ചു പൊട്ടിച്ചു കാണിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു…

” ഞാൻ പറഞ്ഞു നോക്കാം പോകുമോ ആവൊ…”

” വൈകുന്നേരം എങ്ങാനും പോകാം ഇനിയിപ്പോ പോകാൻ എനിക്ക് വയ്യ…”

അമ്മ അച്ഛന്റെ അടുക്കലേക്ക് തിരിയും മുൻപേ ഉമ്മറത്ത് ഇരുന്ന അച്ഛൻ വിളിച്ചു പറഞ്ഞു കഴിഞ്ഞിരുന്നു, ഞാൻ അമ്മയെ നോക്കുമ്പോൾ ദേഷ്യത്തോടെ തല തിരിച്ച് ” എന്റെ വിധി..” എന്ന സ്ഥിരം ഡയലോഗും അടിച്ച് അമ്മ കയറി പോയി.

ആകാശം വീണ്ടും ഇരുണ്ട് മൂടി വരുന്നത് കണ്ടപ്പോൾ വീണ്ടും മഴ പെയ്യാൻ സാധ്യത ഉള്ളത് കൊണ്ട് ഇനിയും ഡാർപ്പ് നേരെ ഇട്ടില്ലേൽ അടുപ്പിൽ ഊതി ഊതി എന്റെയും അമ്മയുടെയും ശ്വാസം നിലയ്ക്കും എന്നത് കൊണ്ടും ഞാൻ തന്നെ കടയിൽ പോയി വാങ്ങി വരാൻ തീരുമാനിച്ചണ് ഏണിയിൽ നിന്ന് ഇറങ്ങിയത്…

കയ്യും കാലും മുഖവും കഴുകി, മുറിയിൽ കയറി ചുരിദാറും എടുത്തിട്ട് ഒരു ഷാളും കഴുത്തിൽ ചുറ്റിയിറങ്ങി, അടുക്കള വാതിൽക്കൽ നിന്ന് അച്ഛൻ വരുന്നില്ലലോ എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അടുക്കളയിൽ അമ്മ അച്ഛൻ കാണാതെ ചുരുട്ടി മടക്കി വച്ചിരുന്ന പൈസ എടുത്ത് കയ്യിൽ വീണ്ടും ചുരുട്ടി പിടിച്ചത്…..

” നി പോകുന്ന കൂട്ടത്തിൽ കുറച്ച് പച്ചരിയും,

ഉഴുന്നും വാങ്ങി വാ, എന്നും ഈ ഗോതമ്പ് തന്നെയല്ലേ…”

” ആ ഗോതമ്പ് ഒക്കെ മതി, അത് തിന്നാൻ പറ്റാത്തവർ പഴങ്കഞ്ഞി കുടിച്ചാലും മതി, ഇനിയിപ്പോ ദോശയും ഇഡ്ഡലിയും കഴിച്ചിട്ട് എന്തിനാ വെറുതെ വീട്ടിൽ തന്നെ കുത്തി ഇരിക്കാൻ അല്ലെ…”

അമ്മയ്ക്ക് ആ മറുപടി കൊടുത്തത് അച്ഛൻ കേൾക്കാൻ വേണ്ടി ആയിരുന്നു, ഞാൻ ട്യൂഷൻ എടുത്ത് കിട്ടുന്ന ചില്ലറ പൈസയും, ഒരു പശുവിന്റെയും, മുട്ടയിടുന്ന അഞ്ച് ആറ് കോഴിയുടെയും ബലത്തിൽ ആണ് കുടുംബം മുന്നോട്ട് പോകുന്നത് എന്ന ഒരു വിചാരവും അച്ഛനില്ല, ഇതിനിടയിൽ ഹോസ്റ്റലിൽ നിൽക്കുന്ന അനിയത്തിയുടെ ചിലവ് വേറെ…

” നീ പശുവിനുള്ള കാലിത്തീറ്റ കൂടി വാങ്ങണെ…”

മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അമ്മ വിളിച്ചു പറഞ്ഞതിന് ഒന്നും മിണ്ടാതെയാണ് നടന്നത്.

കടയിൽ നിന്ന് സാധങ്ങൾ വാങ്ങി റോഡിന്റെ വശം ചേർന്ന് നടക്കുമ്പോഴാണ് ഒരു ബൈക്ക് എന്റെ അരികിൽ വന്ന് നിന്നതും ഞാൻ തല ഉയർത്തി നോക്കിയതും…

” കണ്ണേട്ടാ….”

ബൈക്കിൽ ഇരുന്ന കണ്ണേട്ടനെ കണ്ടപ്പോൾ അറിയാതെ എന്റെ ശബ്ദം പുറത്തേക്ക് വന്നു…

” എവിടെയാടോ, കാണാൻ ഒന്നും കിട്ടുന്നില്ലല്ലോ…”

” നമ്മൾ ഇവിടെയൊക്കെ ഉണ്ടേ…”

ചിരിച്ചുകൊണ്ട് കണ്ണേട്ടൻ മുന്നിൽ നിൽക്കുമ്പോൾ ഉള്ളിൽ സങ്കടവും സന്തോഷവുമൊക്കെ മാറി മാറി വന്നത് കണ്ണിലൂടെ കണ്ണീരായി പുറത്തേക്ക് ഒഴുകാൻ നിന്നപ്പോൾ അത് കണ്ണേട്ടൻ കാണാതെ തുടച്ച് കൊണ്ടാണ് ഞാൻ അത് പറഞ്ഞത്..

” വാ കയറ് ഞാൻ വീട്ടിൽ ആക്കാം..”

” വേണ്ട കണ്ണേട്ടൻ പൊയ്ക്കോ, ഒന്നാമതെ നമ്മുടെ നാട്ടുകാർ കഥകൾ ഉണ്ടാക്കാൻ മിടുക്കർ ആണ്…”

” അതിനെന്താ നമ്മുടെ കല്യാണം ഉറപ്പിച്ചത് അല്ലെ…”

” എന്നാലും വേണ്ട ഞാൻ നടന്ന് പൊയ്‌ക്കൊളം…”

ഞാനത് പറയുമ്പോൾ കണ്ണേട്ടൻ ബൈക്ക് റോഡിന്റെ സൈഡിലേക്ക് ഒതുക്കി വച്ച് എന്റെ അരികിലേക്ക് വന്നു…

” ന്നാ വാ അവിടെ വരെ ഞാനും കൂടെ നടക്കാം, അങ്ങനെ എങ്കിലും കുറച്ച് നേരം നിന്നെ അരികിൽ കിട്ടുമല്ലോ…”

അത് പറഞ്ഞ് എന്നോടൊപ്പം കണ്ണേട്ടനും നടന്നു.

ബൈക്കിൽ കയറാൻ മടിച്ചല്ല ഇതാകുമ്പോൾ അൽപ്പനേരം കൂടി അടുത്ത് കിട്ടുമല്ലോ എന്നത് കൊണ്ടാണ് ബൈക്കിൽ കയറാതെ ഇരുന്നതും.

കൈകൾ പരസ്പരം മുട്ടിയുരുമി മുന്നോട്ട് നടക്കുമ്പോൾ മനസ്സിൽ പഴയ കലാലയ ജീവിതവും,

ഞങ്ങളിൽ പ്രണയം മൊട്ടിട്ട മനോഹര നിമിഷങ്ങളും നിറഞ്ഞ് നിൽക്കുക ആയിരുന്നു…

” താൻ എന്താ ആലോചിക്കുന്നെ..”

” ഏയ്‌ ഒന്നുമില്ല…”

” അതേ കല്യാണം വീട്ടുകാർ പരസ്പരം ഉറപ്പിച്ച് വച്ചിട്ട് കുറെ ആയി, ഇതൊന്ന് നടത്തണ്ടേ എത്രയെന്ന് വച്ചിട്ടാ നീട്ടിക്കൊണ്ട് പോകുന്നേ..”

കണ്ണേട്ടന്റെ ആ വാക്കുകളിൽ എവിടെയൊക്കെയോ ചെറിയ നിരാശ എനിക്ക് അനുഭവപ്പെട്ടു…

” എന്റെ വീട്ടിലെ അവസ്‌ഥ കണ്ണേട്ടന് അറിയാല്ലോ, ഒരു ജോലി എന്തായാലും എനിക്ക് വാങ്ങണം, അമ്മ ഈ കഷ്ടപ്പെട്ട് പഠിപ്പിച്ചതിന് ഒരു ഫലം കാണാതെ അവിടുന്ന് ഇറങ്ങി വരാൻ പറ്റില്ല, ഇനിയും അമ്മയെ കഷ്ടപ്പെടുത്താതെ ഒരു ജോലി വാങ്ങി കിട്ടുന്നതിൽ ഒരു പങ്ക് അമ്മയ്ക്കും നൽകി സംരക്ഷിക്കണം എനിക്ക്…”

” അതൊകെ എനിക്ക് അറിയാം, എനിക്കും അതിൽ എതിർപ്പ് ഒന്നുമില്ല…”

” ലിസ്റ്റിൽ ഉണ്ട് എന്തായാലും ഇത്തവണ കിട്ടും എനിക്ക് ഉറപ്പാണ് കണ്ണേട്ടാ…..”

ഞാൻ അത് പറയുമ്പോഴേക്കും വീട്ടിലേക്ക് തിരിയുന്ന ഇടവഴിയുടെ മുന്നിൽ എത്തിയിരുന്നു..

” എന്നാൽ ശരി കണ്ണേട്ടൻ പൊയ്ക്കോ…”

ഞാൻ അത് പറഞ്ഞു നോക്കുമ്പോൾ ആ മുഖം അൽപ്പം വാടിയിരുന്നു…

” ഒക്കെ ശരിയാകും…”

ഞാൻ വീണ്ടും ചിരിച്ചുകൊണ്ട് പറയുമ്പോൾ കണ്ണേട്ടന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു, എനിക്ക് ഏറെ ഇഷ്ടമുള്ള എന്റെ കണ്ണേട്ടനെ കൂടുതൽ സുന്ദരനാക്കുന്ന ആ പുഞ്ചിരി. ഇടയ്ക്ക് ഇടയ്ക്ക് കുസൃതി ചിരിയോടെ തിരിഞ്ഞു നോക്കി നടക്കുന്ന കണ്ണേട്ടനേയും നോക്കി ഞാൻ ആ വഴിയിൽ തന്നെ നിന്നു. പാവം കുറെയായി കാത്തിരിക്കുന്നു…

കോളേജിൽ തുടങ്ങിയ പ്രണയം, നമുക്കൊപ്പം വളർന്നപ്പോൾ വീട്ടിൽ വന്ന് ആലോചിച്ചത് കണ്ണേട്ടനും അമ്മയും അച്ഛനും കൂടി ആയിരുന്നു, ആദ്യമേ ഞാൻ അമ്മയോട് കാര്യങ്ങൾ പറഞ്ഞിരുന്നത് കൊണ്ട് വല്യ എതിർപ്പ് ഒന്നും വീട്ടിൽ നിന്ന് വന്നിരുന്നില്ല, എല്ലാവരും കൂടി കല്യാണം ഉറപ്പിച്ചു വയ്ക്കുമ്പോൾ, പിന്നെ ജോലി വാങ്ങാനുള്ള ഓട്ടത്തിൽ ആയിരുന്നു കണ്ണേട്ടൻ. നമ്മൾ ഒരുമിച്ച് ഒരുപാട് ടെസ്റ്റുകൾ എഴുതിയെങ്കിലും കണ്ണേട്ടന് തന്നെ ആദ്യം ജോലി കിട്ടി, അതിന് ശേഷം തന്നെയാണ് ആളൊന്ന് നിവർന്ന് നിന്നതും…

ഓരോന്ന് ചിന്തിച്ച് വീട്ടിൽ എത്തുമ്പോൾ ട്യൂഷന് കുട്ടികൾ വന്നിരുന്നു, അവർക്ക് ഓരോന്ന് പറഞ്ഞ് കൊടുത്ത് പഠിക്കാൻ ഏൽപ്പിച്ച ശേഷമാണ് കയറും എടുത്ത് അടുക്കളയുടെ മുകളിലെ ഡാർപ്പ് വലിച്ചു കെട്ടിയത്. ഏണിയും തിരികെ വച്ച് വരുമ്പോൾ അച്ഛൻ കുളിച്ച് റെഡിയായി പുറത്തേക്ക് പോകാൻ ഇറങ്ങി കഴിഞ്ഞിരുന്നു…

പശുവിനെ കുളിപ്പിച്ചും, അമ്മയ്ക്കൊപ്പം പുല്ല് ചെത്തിയും, അടുക്കളപ്പണി എടുത്തും, ട്യൂൻഷൻ എടുത്തും പിന്നെയും ദിവസങ്ങൾ മുന്നോട്ട് കടന്ന് പോയിരുന്നു. ഒരു ദിവസം പോസ്റ്റ്മാൻ വീട്ടിലേക്ക് വരുമ്പോൾ ആദ്യം അത്ഭുതം ആണ് തോന്നിയത്, എന്റെ പേരിൽ വന്ന രജിസ്റ്റേഡ് കവർ ഒപ്പിട്ട് വാങ്ങുമ്പോൾ കൈ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

അത് പൊട്ടിച്ചു വായിച്ചിട്ട് ” അമ്മേ….” യെന്ന് നീട്ടി വിളിച്ചുകൊണ്ട് അമ്മയുടെ അരികിലേക്ക് ഓടുക ആയിരുന്നു, അടുക്കളയിൽ നിന്ന അമ്മയെ പുറകിലൂടെ കെട്ടിപ്പിടിച്ച് ജോലി കിട്ടിയ കാര്യം പറയുമ്പോൾ ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞ് ഒഴുകി തുടങ്ങിയിരുന്നു….

ജോലിക്ക് കയറി ആദ്യ ശമ്പളം വാങ്ങിയയന്ന് എത്രയും വേഗം വീട്ടിൽ എത്താൻ വീട്ടിലേക്ക് ഓടുകയായിരുന്നു, വീട്ടിൽ ചെല്ലുമ്പോൾ അമ്മ തൊഴുത്ത് കഴുകി വൃത്തിയാക്കുകയാണ്, അമ്മയ്ക്ക് അടുത്ത് ചെന്ന് കിട്ടിയ പൈസ ആ കയ്യിലോട്ട് വച്ചു കൊടുക്കുമ്പോൾ സന്തോഷം കൊണ്ട് വീണ്ടും അമ്മയുടെ കണ്ണ് നിറഞ്ഞു,…

” മേല് മൊത്തം ചാണകം ആണ് പെണ്ണേ നിന്റെ ഡ്രെസ്സ് ചീത്തയാക്കേണ്ട…”

അമ്മയെ കെട്ടിപിടിക്കാൻ ചെല്ലുമ്പോൾ എന്നെ തടഞ്ഞു കൊണ്ടാണ് അമ്മ അത് പറഞ്ഞത്…

” നമ്മൾ കാണാത്ത ചാണകം ഉണ്ടോ അമ്മേ…”

അത് പറഞ്ഞ് അമ്മയുടെ കൈ തട്ടി മാറ്റി മുറുകെ കെട്ടിപ്പിടിച്ചു….

പിന്നെ വച്ച് താമസിപ്പിക്കാതെ എന്റെയും കണ്ണേട്ടന്റെയും കല്യാണം നടത്തുക ആയിരുന്നു,

അച്ഛൻ ഒരാളായി മുന്നിൽ നിന്നത് അല്ലാതെ,

എല്ലാത്തിനും ഓടി നടന്നത് അമ്മ ആയിരുന്നു.

മണ്ഡപത്തിൽ നിൽക്കുമ്പോഴും എന്റെ കണ്ണുകൾ ക്ഷീണിച്ച അമ്മയുടെ മുഖത്ത് തന്നെ ആയിരുന്നു,

അച്ഛന്റെയും അമ്മയുടെയും ആശീർവാദം വാങ്ങി കണ്ണേട്ടന്റെ കയ്യും പിടിച്ച് ഇറങ്ങുമ്പോൾ അമ്മ തനിച്ചാകുമല്ലോ എന്ന ദുഃഖം ആയിരുന്നു മനസ്സ് നിറയെ…

” അല്ല ഇങ്ങനെ സംസാരിച്ച് ഇരുന്നാൽ മതിയോ കിടക്കേണ്ടേ…”

കണ്ണേട്ടൻ അത് പറയുമ്പോഴാണ് സമയം ഒരുപാട് വൈകിയെന്ന കാര്യം ഓർത്തത്, അല്ലേലും കണ്ണേട്ടൻ എപ്പോഴും പറയുന്നത് പോലെ വായ് തുറന്നാൽ അടയ്ക്കാൻ എനിക്ക് വല്യ ബുദ്ധിമുട്ട് ആണ്…

” ഇനി എനിക്ക് ഒരു ആഗ്രഹം കൂടി ഉണ്ട്…”

കണ്ണേട്ടനെ ചേർന്ന് കിടക്കുമ്പോൾ ആണ് ഞാൻ വീണ്ടും പറഞ്ഞത്…

” എനിക്ക് അറിയാം നമ്മൾ മാത്രമുള്ള ആ കുഞ്ഞു വീട് അല്ലേ…”

” അതേ നമ്മൾ രണ്ടും ഒപ്പം ഒരു കുഞ്ഞു ചുന്ദരി മോളും…”

” ആ വീടൊക്കെ നമുക്ക് വയ്ക്കാം പക്ഷെ രണ്ടാമത്തെ കാര്യം നടക്കണമെങ്കിൽ നി ആദ്യം ഈ വായ് ഒന്ന് അടച്ച് കിടക്കണം…”

ചിരിച്ചുകൊണ്ട് എന്നെ ആ നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് കിടക്കുമ്പോൾ നെഞ്ചിൽ ഒരു കടിയും കൊടുത്ത് ഞാനും കണ്ണേട്ടനെ കെട്ടിപ്പിടിച്ചു കിടന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശ്യാം കല്ലുകുഴിയിൽ

Leave a Reply

Your email address will not be published. Required fields are marked *