ബ്ലാക്ക്‌ & വൈറ്റ് ചാപ്റ്റർ 2, തുടർക്കഥയുടെ ഭാഗം 4 വായിച്ചു നോക്കൂ…

രചന : ശ്രീജിത്ത്‌ ജയൻ

” ഗേറ്റ് ഇൻ …..”

“താങ്ക്സ് …..”

അവൾ ചിരിച്ചുകൊണ്ട് ഡേവിഡിന്റെ കാറിൽ കയറി.

ശാസ്ത്രം മാത്രം സംസാരിക്കുന്ന , ശാസ്ത്രത്തെ മാത്രം വിശ്വസിക്കുന്ന ഒരാളായിരുന്നില്ല ഡേവിഡ് .

ആത്മാക്കളോട് സംസാരിക്കാനും , ആത്മാവിന്റെ നിയണന്ത്രത്തിലായ മനുഷ്യരെ മോചിപ്പിക്കാനും ഡേവിഡിന് കഴിയുമായിരുന്നു. അത്തരത്തിൽ ഒരു ബന്ധം തന്നെയാണ് ഡേവിഡിന് അസിസ്റ്റന്റ് മാനേജർ മനോഹറുമായി ഉണ്ടായിരുന്നത്. പത്ത് വർഷങ്ങൾക്ക് മുൻപ് ഒരാത്മാവിന്റെ പിടിയിലായ ഭദ്ര എന്ന പത്താം ക്ലാസ് കാരിയെ രക്ഷപ്പെടുത്തിയത് ഡേവിഡ് ആയിരുന്നു.

ആത്മാക്കളെ കണ്ടെത്താനും അവരോട് സംസാരിക്കാനും ഡേവിഡിന് തന്റേതായ രീതികളും ഉണ്ടായിരുന്നു . ഡേവിഡ് തനിക്ക് അരികിലിരിക്കുന്ന ദർശനയെ ഒന്ന് നോക്കി ചിരിച്ചുകൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു.

ഡേവിഡ് ദർശനയുമായി നേരെ പോയത് ഒരു കോഫി ഹൗസ്സിലേക്ക് ആയിരുന്നു .

“ആദ്യം ഞാൻ കരുതി. ഏതോ മീഡിയ ആണെന്ന്.

ഒരു ചാനലുകാർ എന്നോട് ഇന്റർവ്യൂ ചോദിച്ചിരുന്നു .

പക്ഷെ അവർക്ക് വേണ്ടത് മറ്റ് പലതുമാണ്.

ക്യാമറയുമായി തന്നെ കണ്ടപ്പോൾ ഞാൻ കരുതി ചാനലിന്റെ വകയുള്ള വല്ല ചീപ് ഡ്രാമ യും ആയിരിക്കുമെന്ന് . I am really sorry. ”

ഡേവിഡ് പറഞ്ഞു.

” Its ok sir … സത്യത്തിൽ ഞങ്ങൾക്ക് ഉണ്ടാ അനുഭവവും പിന്നെ അല്പം ഫിക്ഷനും ചേർത്താണ് ഞാൻ സ്റ്റോറി ലൈൻ സെറ്റ് ചെയ്തത്. ടൈം ട്രാവലും പാരാനോർമൽ ആക്ടിവിറ്റിയും മിക്സ് ചെയ്തൊരു മൂവി അതാണ് എന്റെ പ്ലാൻ. പക്ഷെ എത്രത്തോളം ഔട്ട് പുട്ട് കിട്ടും എന്നറിയില്ല.

സയൻസും പ്രേതവും ഒരുമിച്ച് വരുന്നത് നമ്മുടെ നാട്ടുകാർക്ക് ദഹിക്കില്ലലോ ….”

സപ്ലൈയർ ടേബിളിൽ കൊണ്ട് വച്ച ജ്യൂസ് കുടിച്ചുകൊണ്ട് ദർശന പറഞ്ഞു.

” ആത്മാവും ഒരു സയൻസ് ആണ് , പക്ഷെ ലോകം അംഗീകരിച്ചിട്ടില്ല എന്ന് മാത്രം . ഭൂമി ഉരുണ്ടതാണ് അന്നാദ്യമായി കേട്ടപ്പോൾ ലോകമത് അംഗീകരിക്കാൻ തയ്യാറായില്ല ,

അതുപോലെയാണ് ഇതും. നമ്മുടെ ഉള്ളിലെ ഓർമകളാണ് നമ്മൾ ആരെന്ന് തീരുമാനിക്കുന്നത്.

ഓരോ മനുഷ്യനും അവന്റെ ഓർമ്മകൾ ഇന്റർനെറ്റിൽ എന്നപോലെ ഈ അന്തരീക്ഷത്തിൽ സൂക്ഷിക്കുന്നുണ്ട്. ഈ മെമ്മറി മറ്റൊരു തലച്ചോറ് സ്വികരിക്കുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്……

ഇതൊരു ലോങ് ടൈം പ്രോസസ് ആണ്. ഇന്ന് റിപ്പോർട്ട് ചെയ്യുന്ന നൂറിൽ നാല്പത് മൾട്ടിപ്പിൾ പേഴ്‌സണാലിറ്റി ഡിസോഡറിനും പിന്നിൽ ഞാൻ പറഞ്ഞ ഈ കാ=രണം തന്നെയാണ്. പണ്ട് കാലങ്ങളിൽ അമ്പലങ്ങളിലും പള്ളികളിലും മറ്റുമായി ഇതിന്റെ ട്രീറ്റ്മെന്റ് നടന്നിരുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ പലരും അത് ദുരുപയോഗം ചെയ്യാൻ തുടങ്ങി. തന്റെ ചേച്ചിയുടെ കാര്യത്തിൽ കൊല്ലപ്പെട്ട ഒരാളുടെ ആത്മാവ് , അഥവാ മെമ്മറിയായിരുന്നു പ്രശ്നത്തിന് കാരണം. ആ ഓർമ്മ തന്റെ ചേച്ചിയിൽ നിന്നും എടുത്തു മാറ്റിയപ്പോൾ പ്രശ്നവും അവസാനിച്ചു. വളരെ ചുരുക്കി പറഞ്ഞാൽ റേഡിയോ സിഗ്നൽ പിടിച്ചെടുക്കുന്നത് പോലെയാണ് ഇതും. ഒരേ ഫ്രീക്വൻസിയിലേക്ക് വന്നാൽ മാത്രമേ മെമ്മറി ട്രാൻഫർ സംഭവിക്കു. …”

ഡേവിഡ് തന്റെ കാഴ്ചപ്പാടിൽ ആത്മാവ് എന്നത് എന്താണെന്ന് വളരെ ചുരുങ്ങിയ വാക്കുകളിൽ ദർശനക്ക് പറഞ്ഞു കൊടുത്തു. പക്ഷെ ഡേവിഡ് പറഞ്ഞതിന്റെ പാതിയിൽ താഴെ മാത്രമാണ് അവളുടെ മനസ്സിൽ പതിഞ്ഞത്.

” അല്ല മനോഹർ സർ ഇപ്പോൾ എന്ത് ചെയ്യുന്ന ?

സാറുമായുള്ള കണക്ഷൻ നഷ്ടമായിയിട്ട് എന്റെ ഊഹം ശരിയാണെങ്കിൽ ഏതാണ്ട് 7 വർഷത്തിന് മുകളിലായി. നിങ്ങൾ ചെന്നൈയിലേക്ക് മാറുന്നതിന് മുൻപാണെന്ന് തോന്നുന്നു അവസാനമായി സംസാരിച്ചത്

ഡേവിഡ് ദർശനയോട് അവളുടെ വീട്ടുകാര്യങ്ങളെ കുറിച്ച് ചോദിച്ചു. വർഷങ്ങൾക്ക് ശേഷം പഴയ ഒരു പരിചയകാരനെ ലഭിച്ചതിൽ ഡേവിഡിന് അതിയായ സന്തോഷം ഉണ്ടായിരുന്നു. അൽപ സമയം അവർ അവിടെ സമയം ചിലവഴിച്ച ശേഷം പിരിഞ്ഞു .

പിരിയുന്നതിന് മുൻപായി ഡേവിഡ് ദർശനക്ക് തന്റെ അഡ്രസ്സ് നൽകാൻ മറന്നില്ല.

***********************

” മേഡം , പാർസൽ….”

ഫ്രാങ്കോ റബേക്കക്ക് കഴിക്കാനുള്ള ഭക്ഷണം ടേബിലിന് മുകളിൽ കൊണ്ടുവച്ചു. എന്നാൽ ഫ്രാങ്കോയെ ശ്രദ്ധിക്കാതെ റബേക്ക തന്റെ ലാപ്‌ടോപ്പിൽ കാര്യമായി എന്തോ ചെയ്യുകയായിരുന്നു.

താൻ പുറത്ത് കറങ്ങി നടന്നാൽ കീർത്തിയെ പരിചയമുള്ള ആരെങ്കിലും തന്നെ കാണാൻ സാധ്യത ഉണ്ടെന്ന് റബേക്ക അറിയാമായിരുന്നു.

അതിനാൽ അനാവശ്യമായ യാത്രകൾ അവൾ മനഃപൂർവ്വം ഒഴിവാക്കി.

” നിനക്ക് ഇവരെ അറിയുമോ ? ”

റബേക്ക തന്റെ ലാപ്ടോപ്പ് ഫ്രാങ്കോക്ക് നേരെ തിരിച്ച ശേഷം അവൻ വാങ്ങി കൊണ്ട് വച്ച പാർസലിൽ നിന്നും ഒരു ബിയർ ടിൻ പൊട്ടിച്ചു കുടിക്കാൻ തുടങ്ങി.

” ഇത് നമ്മുടെ SP നന്ദകുമാർ . കൂടെയുള്ളത് പുള്ളിയുടെ ഭാര്യ……. അല്ല ഇത് മേഡം തന്നെയല്ലേ ? ”

ഫ്രാങ്കോ ലാപ്‌ടോപ്പിലവക്കും റബേക്കയുടെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു.

” അത് ഞാനല്ല , അവളുടെ പേര് എസ്തർ… അല്ല ….കീർത്തി ….. . നീ പറഞ്ഞത് പോലെ ഈ നന്ദകുമാറിന്റെ ഭാര്യയാണ് അവൾ . ഇതല്ലാതെ മറ്റെന്തെങ്കിലും നിനക്ക് അറിയുമോ എന്നാണ് ഞാൻ ചോദിച്ചത് . ”

റബേക്ക ദേഷ്യത്തോടെ തന്റെ കയ്യിലുണ്ടായിരുന്ന ബിയർ ടിൻ ഞെരിച്ചതും ഉള്ളിൽ ബാക്കിയുണ്ടായിരുന്ന ബിയർ പതഞ്ഞു പുറത്തുവരാൻ തുടങ്ങി.

” മേഡത്തിന് ഇവരെ കുറിച്ച് കൂടുതൽ ഡീറ്റൈൽസ് വേണമെങ്കിൽ ഞാൻ അന്വേഷിക്കാം .

പിന്നെ ഈ മൂന്നാമത്തെ കക്ഷി , അത് നമ്മുടെ പഴയ കമ്മീഷണർ ആണ് . പുള്ളിയെ കുത്തിയ കേസിൽ അകത്ത് പോവാതിരിക്കാൻ വേണ്ടിയാണ് നമ്മുടെ ജോണി ഇപ്പോൾ ഒളിവിൽ പോയത്. രണ്ട് കൊല്ലം മുമ്പ് പുള്ളിയുടെ ഭാര്യയെയും അമ്മയെയും ആരോ നൈസായിട്ട് വീട്ടിൽ കയറി തട്ടി. അന്നേരം വീട്ടിൽ ഇല്ലാതിരുന്നത് കൊണ്ട് കമ്മീഷണർ മാത്രം രക്ഷപെട്ടു. അതിൽ പിന്നെ പുള്ളി ഫുൾ ടൈം തണ്ണിയാണ് …… ബാറിൽ വച്ച് ജോണി ഒന്നും രണ്ടും പറഞ്ഞ് പുള്ളിയുമായി അടിയായി , അവസാനം ദേഷ്യം കയറിയപ്പോൾ ജോണി ബിയർ ബോട്ടിൽ പൊട്ടിച്ച് അയാളുടെ പള്ളക്ക് കയറ്റി .

സംഭവത്തിന് ശേഷമാണ് അങ്ങേര് പോലീസ് ആണെന്ന് ഞങ്ങൾ അറിഞ്ഞത്. കൂട്ടത്തിൽ ഒരുത്തനെ തൊട്ടാൽ ഈ കാക്കി ഇട്ടവന്മാർക്ക് തലയിലേക്ക് ചോര വല്ലാതെ ഇരച്ചു കയറും ,

അതുകൊണ്ടാണ് അവൻ മാറിയത്. ”

ചോദിക്കാതെ തന്നെ ഒരുപാട് കാര്യങ്ങൾ ഫ്രാങ്കോ റബേക്കയോട് പറഞ്ഞു.

” എന്താലയും നീ ഇവരെ ഒന്ന് നോക്കി വച്ചോ ,

ചിലപ്പോൾ ആവശ്യം വരും……..ഈ ഡച്ച്‍ പാലസ് എവിടെയാണെന്ന് അറിയുമോ? ”

റബേക്ക വീണ്ടും മറ്റൊരു ചോദ്യവുമായി ഫ്രാങ്കോക്ക് നേരെ തിരിഞ്ഞു.

” അതെന്ത് ചോദ്യമാ മേഡം . മട്ടാഞ്ചേരിയിൽ കൊണ്ടും കൊടുത്തും വളർന്ന എനിക്ക് ഡച്ച്‍ പാലസ് അറിയാതിരിക്കുമോ ? ”

ഫ്രാങ്കോ ലാഘവത്തോടെ റബേക്കയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നാൽ റബേക്കക്ക് ഫ്രാങ്കോയുടെ രീതികൾ ഒട്ടും തന്നെ ഇഷ്ടമായില്ല

” മട്ടാഞ്ചേരി പാലസിനെ കുറിച്ചല്ല ഞാൻ പറഞ്ഞത് , കാടിന് ഉള്ളിലെ ഡച്ച് പാലസിനെ കുറിച്ചാണ് , ചെകുത്താൻ മലയിലെ ഡച്ച് പാലസ്… ”

റബേക്ക ദേഷ്യത്തോടെ ഫ്രാങ്കോയെ നോക്കി.

” ചെകുത്താൻ മലയോ ,,,,,,, ഈ പേര് ഞാൻ കേട്ടിട്ടില്ല , പക്ഷെ അതും കണ്ടെത്താം …..

ഭായ്ക്ക് വേണ്ടി മരുന്നെടുക്കാൻ ഇടുക്കിയിലും വയനാട്ടിലും എല്ലാം പോവുന്ന പിള്ളേർക്ക് ചിലപ്പോൾ മേഡം പറഞ്ഞ ഡച്ച് പാലസ് അറിയുമായിരിക്കും .”

ഫ്രാങ്കോ റബേക്കയുടെ തീഷ്ണമായ നോട്ടത്തിന് മുൻപിൽ അടിയറവ് പറയുന്നത് പോലെ അവളുടെ കണ്ണുകളിലേക്ക് നോക്കാതെ സംസാരിച്ചു.

” വേഗം വേണം , സമയം അത് വെറുതെ കളയാനുള്ളതല്ല ….”

റബേക്ക നിർത്താതെ ചലിക്കുന്ന ചുമരിലെ ക്ലോക്കിലേക്ക് സൂക്ഷിച്ചു നോക്കി.

**********************

“മേഡം , ഇതാണ് സ്റ്റാർട്ടിങ് പോയിന്റ് . ഇവിടെ ഉൾക്കാട്ടിൽ നിന്നാണ് ഭായ് വേണ്ടി ഞങ്ങൾ മരുന്ന് വാങ്ങുന്നത്. അവിടെ ഒരു ആദിവാസി കോളനിയുണ്ട് , നമ്മുടെ പിള്ളേർ അവരോട് അന്വേഷിച്ചപ്പോൾ മേഡം പറയുന്ന ഈ ചെകുത്താൻ കുന്ന് ഈ കാടിനുള്ളിലാണ് ഉള്ളതെന്ന് അറിഞ്ഞു

പക്ഷെ അവിടെ ഈ കൊട്ടാരം ഉണ്ടോയെന്നൊന്നും ആരും പറഞ്ഞു കേട്ടില്ല. ഞാൻ അവരോട് പാലസിനെ കുറിച്ചൊന്നും കാര്യമായി പറഞ്ഞതുമില്ല ….. കൂടുതലായി എന്തെങ്കിലും അറിയണമെങ്കിൽ നമ്മൾ അവിടെ ചെല്ലണം .

ഫ്രാങ്കോ തന്റെ പജെറോ കാർ കല്ലുകൾ നിറഞ്ഞ വഴിയിലൂടെ സാഹസികമായി ആ ആദിവാസി ഊരിനെ ലക്ഷ്യമായി ഓടിച്ചു. തന്റെ ലക്ഷ്യത്തിലേക്ക് അടുക്കുന്നു എന്ന ചിന്തയായിരുന്നു റബേക്കയുടെ മനസ്സ് നിറയെ . ഒപ്പം തീർക്കാനുള്ള പകയുടെ കണക്കുകളും. ഫ്രാങ്കോ കാർ പനയോലയിലും മണ്ണിലും മുളയിലും തീർത്ത കുടിലുകൾക്ക് മുൻപിൽ നിർത്തി. കഞ്ചാവ് തോട്ടത്തിലെ കൂലി പണി മാത്രമാണ് അവരുടെ ഏക വരുമാന മാർഗം . അതിനാൽ തന്നെ പുറത്ത് നിന്നും ആരെങ്കിലും ഊരിലേക്ക് വരുന്നത് സന്തോഷത്തോടെയാണ് ഊരു ജനങ്ങൾ നോക്കി കണ്ടത്.

ഊരു ജനങ്ങൾ തങ്ങളുടെ കുടിലിൽ നിന്നും പുറത്തേക്ക് വന്ന് ഫ്രാങ്കോക്കും റബേക്കക്കും ചുറ്റും കൂടി.

“ഇവിടെ ആർക്കാണ് ചെകുത്താൻ മലയിലേക്കുള്ള വഴിയറിയുന്നത് ? ”

റബേക്ക കൂടി നിൽക്കുന്ന ഊരു ജനങ്ങളോട് ചോദിച്ചു. പക്ഷെ റബേക്കയും ഫ്രാങ്കോയും പ്രതീക്ഷിച്ച പ്രതികരണമായിരുന്നില്ല അവർക്ക് ലഭിച്ചത്. ഊരു ജനങ്ങൾ അവരെ തുറിച്ചു നോക്കാൻ ആരംഭിച്ചു.

” ചോദിച്ചത് കേട്ടിലെ , ആർക്കാണ് ചെകുത്താൻ മലയിലേക്ക് വഴി അറിയുന്നതെന്ന് ? ”

ഫ്രാങ്കോ കുറച്ചു പണം കയ്യിൽ എടുത്തു . മടിച്ചു നിൽക്കുന്ന ഊരു ജനങ്ങളെ ആകർഷിക്കാൻ വേണ്ടിയായിരുന്നു അത്. പക്ഷെ ഊരു ജനങ്ങൾ പുറകിലേക്ക് നീങ്ങി കയ്യിൽ കിട്ടിയ വടിയും കമ്പും ഫ്രാങ്കോക്ക് നേരെ വലിച്ചെറിഞ്ഞു. മരണമെന്ന വാക്കിന്റെ മറ്റൊരു അർത്ഥമായിരുന്നു ഊരു ജനങ്ങളുടെ മനസ്സിൽ ചെകുത്താൻ മലക്ക് ഉണ്ടായിരുന്നത്. നിധി തേടി വന്നവർക്ക് പണ്ട് മുതലേ വഴികാട്ടികളായിരുന്നു ആ ഊരിലെ ജനങ്ങൾ . പക്ഷെ ചെകുത്താൻ മലയിലേക്ക് പോയവർ ആരും തിരികെ വരാതെ ആയതോടെ ആ മലയെ അവർ ശപിക്കാൻ തുടങ്ങി ,ഒപ്പം ആ മലയെ തിരക്കി വരുന്നവരെയും .ഫ്രാങ്കോ തനിക്ക് നേരെ വരുന്ന വടിയും കല്ലും തന്റെ മുഖത്ത് വന്ന് കൊള്ളതിരിക്കാൻ ഭയത്തോടെ മുഖം പൊ=ത്തി പിടിച്ചു. പക്ഷെ ഒരു നിമിഷം കൊണ്ട് എല്ലാം ശാന്തമായി .

ഊരു ജനങ്ങൾ നിശ്ശബ്ദതരായി . എന്താണ് സംഭവിച്ചത് എന്നറിയാതെ ഫ്രാങ്കോ തിരിച്ചു നോക്കി.

ഒരു കയ്യിൽ തോക്കും മറുകയിൽ സിഗരറ്റുമായി നിൽക്കുന്ന റബേക്കയെയാണ് ഫ്രാങ്കോക്ക് അപ്പോൾ കാണാൻ കഴിഞ്ഞത് . റബേക്ക തണുപ്പിനെ അകറ്റാൻ എന്നപോലെ തണുത്തുറഞ്ഞ വായുവിലേക്ക് പുക ചുരുളുകൾ ഊതിയ ശേഷം ഊരു ജനങ്ങൾക്ക് തീഷ്ണമായ ഒരു നോട്ടം സമ്മാനിച്ചു.

” ആർക്കാ വഴി അറിയുന്നത് ? ”

റബേക്ക തന്റെ തോക്ക് ഒന്ന് കൂടി മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു. തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രക്ക് വേണ്ടി ആരെയും കൊല്ലാനുള്ള മനസ്സ് റബേക്കക്ക് ഉണ്ടായിരുന്നു. തന്റെ ജീവൻ നഷ്ടമായാലും ഊരു ജനങ്ങളെ രക്ഷിക്കാൻ കഴിയുമല്ലോ എന്ന ചിന്തയിൽ ഒരാൾ മാത്രം ഭയത്തോടെ മുന്നോട്ട് നടന്നു.

അദ്ദേഹത്തെ തടയാൻ എന്നപോലെ ആരെല്ലാമോ കരഞ്ഞു വിളിച്ചു , പക്ഷെ അദ്ദേഹം പിന്മാറിയില്ല

ഫ്രാങ്കോ സന്തോഷത്തോടെ തന്റെ കയ്യിൽ ഉണ്ടായിരുന്ന പണം അയാളുടെ കയ്യിൽ വച്ചു കൊടുത്ത ശേഷം റബേക്കയെ തിരിഞ്ഞു നോക്കി.

അന്നാദ്യമായി റബേക്കയുടെ ചുണ്ടുകളിൽ ചിരി വിടരുന്നത് ഫ്രാങ്കോ കണ്ടു. എന്നാൽ ആ ചിരിക്ക് പകരമായി വീഴാൻ പോകുന്നത് ആരുടെയെല്ലാം കണ്ണുനീർ ആണെന്നവന് അറിയില്ലായിരുന്നു.

***********************

കോളിംഗ് ബെല്ലിന്റെ ശബ്‌ദം കേട്ടാണ് കാർത്തിക് ഞെട്ടിയുണർന്നത്. തറയിൽ കുടിച്ച ശേഷം ബാക്കി വച്ച മദ്യ കുപ്പി കാലുകൊണ്ട് നീക്കിയ ശേഷം കാർത്തിക് മടിയോടെ വാതിലിന് അരികിലേക്ക് നടന്നു.

“നീയാണോ ? ”

നന്ദനാണ് വന്നിരിക്കുന്നത് എന്ന് മനസ്സിലായ കാർത്തിക് വാതിൽ തുറന്നു നൽകിയശേഷം വീണ്ടും സോഫയെ ലക്ഷ്യമാക്കി നടന്നു. കാർത്തിക്കിന്റെ മനസ്സ് പോലെ ആ വീടും മാലിന്യങ്ങൾ നിറഞ്ഞതായിരുന്നു . അലസമായ ആ വീട്ടിലേക്ക് കയറിവന്നപ്പോൾ അറിയാതെ നന്ദന്റെ മനസ്സിലേക്ക് രക്ത കറ നിറഞ്ഞ ആ രാത്രി ഓർമകളായി വന്നു.

” എന്തിനാണാവോ SP സർ സസ്‌പെൻഷനിലായ പോലീസ് കാരൻ കാണാൻ വന്നത് ? ”

കാർത്തിക് തനിക്ക് മുന്നിൽ ഉണ്ടായിരുന്ന തീർന്ന മദ്യ കുപ്പിയിൽ നിന്നും അവശേഷിച്ച ഒരു തുള്ളി മദ്യം ആർത്തിയോടെ നക്കി കുടിച്ചശേഷം ചോദിച്ചു.

” നീ ഇത്‌ എന്ത് ഭാവിച്ചാണ് ? ഈ മദ്യം വലിച്ചു കയറ്റിയത്കൊണ്ട് നിന്റെ പ്രശ്നങ്ങളും ദുഃഖങ്ങളും ഇല്ലാതാവോ ? ഈ കുപ്പികൾ നഷ്ടപ്പെട്ടവർക്ക് പകരമാവുമോ ? ”

നന്ദൻ കാർത്തിക്കിന്റെ കയ്യിൽ നിന്നും ആ മദ്യ കുപ്പി തട്ടി തെറിപ്പിച്ചു . സ്വന്തം കുടുംബത്തെ സ്നേഹിക്കുന്ന ഏതൊരു മനുഷ്യനും ഇത്തരം സാഹചര്യങ്ങളിൽ മനസ്സിന്റെ താളം നഷ്ടമാവുമെന്ന് നന്ദനും അറിയാമായിരുന്നു .

പക്ഷെ തന്റെ പ്രിയ സുഹൃത്തിനെ തിരികെ കൊണ്ടുവരേണ്ടത് തന്റെ കടമയാണെന്ന് ഉറപ്പുള്ള നന്ദൻ കാർത്തിക്കിനോട് സംസാരിക്കാൻ തിരുമാനിച്ചു. .

” നീ പറഞ്ഞത് ശരിയാ കുടിച്ചാൽ മരിച്ചവർ തിരികെ വരില്ല. പക്ഷെ എനിക്ക് അവിടേക്ക് പോവാൻ കഴിയും ….”

കരയരുത് എന്നാഗ്രഹിച്ചിട്ടും കാർത്തിക്കിന്റെ മറുപടി കേട്ട നന്ദന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

” നിനക്ക് ഓർമയില്ലേ , ഈ മുറിയിൽ എന്റെ അമ്മയും ഭാര്യയും ചോരയിൽ കുളിച്ചു കിടന്നത് .

ഒരു രാത്രികൊണ്ട് എല്ലാം ഉണ്ടായിരുന്ന എനിക്ക് ആരും ഇല്ലാതായി , ഒന്നും ഇല്ലാതായി.

അന്നവളുടെ വയറ്റിൽ എന്റെ കുഞ്ഞ് ഉണ്ടായിരുന്നു , എന്നിട്ടും ആ ചെറ്റ അവളെ വെറുതെ വിട്ടില്ല

ചോര വാർന്നു പോയപ്പോൾ അവൾക്ക് വേദനിച്ചിട്ടുണ്ടാവില്ലേ ? എന്റെ കുഞ്ഞ് വയറ്റിൽ കിടന്ന് പിടഞ്ഞിട്ടുണ്ടാവില്ലേ ? ”

കാർത്തിക് ഒരു ഭ്രാന്തനെ പോലെ നന്ദന്റെ തോളിൽ പിടിച്ചു കുലുക്കി . അവന്റെ കണ്ണിൽ ഭ്രാന്തിന്റെ ആദ്യ താളം നന്ദന് വെക്തമായി കാണാൻ കഴിയുമായിരുന്നു .

” എന്തൊക്കെയാ നീ ഈ ചോദിക്കുന്നത് ? നീ വീട്ടിൽ തന്നെ ഇരിക്കുന്നത് കൊണ്ടാണ് നിനക്ക് ഇങ്ങനെയൊക്കെ തോന്നുന്നത് . നീ ജോലിയിൽ റീജോയിൻ ചെയ് . അത് തന്നെയായിരിക്കും അവരും ആഗ്രഹിക്കുന്നത് . ”

നന്ദൻ ചുമരിലെ കാർത്തിക്കിന്റെ കുടുംബ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

” ഇല്ല ,എനിക്ക് ഉറപ്പുണ്ട് ഞാൻ ഇങ്ങനെ നരകിച്ച് ജീവിക്കുന്നത് അവർക്കും കണ്ടുകൊണ്ടിരിക്കാൻ പറ്റുന്നുണ്ടാവില്ല . ഒരുപാട് തവണ ശ്രമിച്ചെങ്കിലും പറ്റുന്നില്ല . ഇങ്ങനെ തോക്ക് നെറ്റിയിലേക്ക് ചേർത്തു പിടിച്ചു ഒന്ന് കാഞ്ചി വലിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു , പക്ഷെ അതിന് പോലും എനിക്ക് കഴിയുന്നില്ല. ”

കാർത്തിക് തന്റെ കൈ തോക്ക് പോലെ ചുരുട്ടി സ്വന്തം നെറ്റിയിലേക്ക് ചേർത്തു പിടിച്ചു. ഇതിനോടകം പലതവണ കാർത്തിക് അതിനായി ശ്രമിച്ചെങ്കിലും കാഞ്ചി വലിക്കാനുള്ള ധൈര്യം അദ്ദേഹത്തിന് ഉണ്ടായില്ല എന്നതിനാൽ മാത്രമാണ് കാർത്തിക് ഇപ്പോഴും ജീവനോടെ ഉള്ളത്.

” നീ വേണ്ടാത്ത ഒന്നും ചിന്തിക്കരുത് . സർവീസിൽ തിരികെ ജോയിൻ ചെയ്യാൻ ഇപ്പോൾ പറ്റില്ലെങ്കിൽ വേണ്ട . പക്ഷെ ഞാൻ പറയുന്ന ഒരിടം വരെ നീ പോണം , എനിക്ക് വേണ്ടിയല്ല ,,,,,

നിന്റെ കുടുംബത്തിന് വേണ്ടി. ഈ ഒരൊറ്റ കാര്യം മാത്രമേ ഞാൻ പറയുന്നുള്ളൂ . ഇതിന് ശേഷം ഒന്നിനും ഞാൻ നിന്നെ ശ=ല്യം ചെയ്യില്ല ….”

നന്ദൻ ദേഷ്യത്തോടെ തന്റെ കയ്യിൽ ഉണ്ടായിരുന്ന പേപ്പർ മേശക്ക് മുകളിൽ ഉണ്ടായിരുന്ന ലിക്കർ ബോട്ടിലിന് അടിയിൽ വച്ച് വീടിന് പുറത്തേക്ക് നടന്നു. നന്ദൻ പോയി കഴിഞ്ഞിട്ടും ആ പേപ്പറിൽ എന്താണെന്ന് നോക്കാൻ കാർത്തിക് തയ്യാറായില്ല.

അവൻ തന്റെ നിറഞ്ഞു നിന്ന കണ്ണുകൾ തുടച്ച ശേഷം ഒരു പേനയും ബുക്കും കയ്യിലെടുത്തു.

“ആർക്കും ഭാരമായി മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല . ഞാൻ പോവുന്നു എനിക്ക് പ്രിയപ്പെട്ടവരുടെ അരികിലേക്ക് . അവർക്ക് മനസ്സിലാവും എന്റെ വേദന. എല്ലാവരോടും മാപ്പ് …

കാർത്തിക് വിറച്ചു തുള്ളുന്ന കൈകൊണ്ട് എങ്ങനെയോ ആ ആത്മഹത്യ കുറിപ്പ് എഴുതി തീർത്തു. ഇനിയൊന്നും തന്റെ ജീവിതത്തിൽ ബാക്കിയില്ല എന്നപോലെ കാർത്തിക് തന്റെ അമ്മയുടെയും ഭാര്യയുടെയും ഫോട്ടോയിലേക്ക് നോക്കിയ ശേഷം ഷെൽഫിൽ ഉണ്ടായിരുന്ന തോക്ക് തലയിലേക്ക് ചേർത്തു പിടിച്ച് കാഞ്ചിയിൽ വിരൽ വച്ചു.

തുടരും….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശ്രീജിത്ത്‌ ജയൻ

Leave a Reply

Your email address will not be published. Required fields are marked *