ഇത്രയും നാളായി സ്വന്തമായി ഒരു ചായ പോലും ഇടാനറിയാത്ത നിങ്ങൾ എന്തൊരു ദുരന്തമാണ്

രചന : Jils lincy kannur

സ്വാതന്ത്ര്യം അടുക്കളയിൽ

❤❤❤❤❤❤❤❤❤

ഇത്തവണ ക്ലബ്ബിന്റെ വാർഷികത്തോടാനുബന്ധിച്ചു സ്ത്രീകൾക്കായി ഒരു കുക്കിംഗ്‌ കോമ്പറ്റിഷൻ നടത്തിയാലോ??

എക്സിക്യൂട്ടീവ് മെമ്പേഴ്സിന്റെ മീറ്റിംഗിൽ വെച്ച് രാജ് ചോദിച്ചു….

I mean a state wise competition… എന്റെ കമ്പനി തന്നെ വിന്നേഴ്സിനുള്ള prize സ്പോൺസർ ചെയ്യാം… ഒട്ടും കുറയ്ക്കണ്ട ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം തന്നെ കൊടുത്തേക്കാം!!!

എന്താ രാജ് സാറെ!!മാലിനിയെ കൊണ്ട് first prize മേടിപ്പിക്കാനാണോ ശ്രമം???

മെമ്പേഴ്സിലൊരാളായ സുകന്യ ചോദിച്ചു…

അതു കേട്ടതും മുഖത്തുള്ള കണ്ണട പതുക്കെ താഴ്ത്തി ഇടം കണ്ണിട്ട് തന്നെ നോക്കി രാജ് പറഞ്ഞു….

കൊള്ളാം നല്ല കാര്യം തന്നെ.. ആദ്യം എന്റെ ഭാര്യക്ക് ഒരു നല്ല ചായ ഇടുന്നതെങ്ങനെ എന്നറിയാമോ എന്ന് ചോദിച്ചു നോക്ക്…. പിന്നെയാണ് ഒന്നാം സ്ഥാനം…. എന്റെ ഭാര്യയായത് കൊണ്ട് പുകഴ്ത്തുവാണെന്ന് വിചാരിക്കരുത്… ഇവളുടെ പാചകം മഹാ ദുരന്തമാണ്!!! അതും പറഞ്ഞ് രാജ് പൊട്ടിച്ചിരിച്ചു….

കൂടെ മറ്റുള്ളവരും…..

ഹോട്ടലിലെ മങ്ങിയ വെട്ടത്തിൽ കണ്ണിൽ ഊറിയ ഒരു തുള്ളി കണ്ണീർ ആരും കാണാതെ തൂത്തു കളഞ്ഞിട്ട് ഞാനും ആ പൊട്ടിച്ചിരിയിൽ എന്റെ ഭർത്താവിന്റെ ഹ്യൂമർ സെൻസിൽ അഭിമാനിച്ചെന്നവണം കൂടി ചേർന്നു…

പിന്നെ പാചക മത്സരത്തെ കുറിച്ചുള്ള ചർച്ച ആയിരുന്നു… ഞാനാകട്ടെ അസ്വസ്ഥതയോട് കൂടി അവിടിരുന്നു.. ഇതാദ്യമായല്ല രാജ് തന്നെ മറ്റുള്ളവരുടെ മുൻപിൽ പരിഹാസ കഥാപാത്രമാക്കുന്നത്…

ഇന്നു രാവിലെ കൂടി താനുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും വയറു നിറയെ കഴിച്ചിട്ടാണ് ഈ പരിഹാസം….

തിരിച്ചു പോകവേ കാറിന്റെ സൈഡിലിരുന്ന തന്റെ മൗനം കണ്ടിട്ടാവണം രാജ് ചോദിച്ചു…എന്താ നിന്റെ മുഖത്തിനിത്ര കനം!!ഒരു തമാശ പറഞ്ഞാൽ അതിനെ ആ സെൻസിൽ എടുക്കണം!!!”

അല്ലാതെ എല്ലാം തന്നെ കുറ്റം പറയുന്നതാണെന്ന് വിചാരിക്കുന്നത് ഒരു തരം കോംപ്ലക്സ് ആണ്…

ഞാനൊരക്ഷരം മിണ്ടിയില്ല…. പകരം കാറിന്റെ സീറ്റ്‌ നിറഞ്ഞിരിക്കുന്ന രാജിന്റെ ശരീരത്തിലേക്ക് നോക്കി കഴിഞ്ഞ 24 വർഷം തന്റെ കൈ കൊണ്ട് വെച്ചുണ്ടാക്കിയത് തന്നെയാണീ ശരീരം…

ഈ പരിഹാസം എന്നെ ഒട്ടും വിഷമിപ്പിച്ചില്ല കാരണം മറ്റേതൊരു സ്ത്രീയെ പോലെയും ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന ഒരു ചിന്തയിലേക്ക് ഞാനും ചേർന്നിരുന്നു…. കല്യാണം കഴിഞ്ഞു ഒരാഴ്ച്ച മുതൽ താനിത് കേൾക്കുന്നതാണ്…. രാജ് മോന്റെ പെണ്ണെങ്ങനെ???? എന്ന തൊട്ടടുത്തുള്ള വീട്ടിലെ ചേച്ചിയുടെ ചോദ്യത്തിന്… ഹാ…എന്തുണ്ടായിട്ടെന്താ വായിൽ രുചിയായീട്ട് വെല്ലോം വെച്ചുണ്ടാക്കാൻ അറിയില്ലെങ്കിൽ കാര്യോണ്ടോ???

അമ്മിണിയേട്ടത്തി…. എന്ന അമ്മയുടെ മറുപടിയിൽ രാവ് പകലാക്കി മേടിച്ച ഡിഗ്രികളും …അഞ്ചക്ക ശമ്പളമുള്ള ജോലിയും വെറും കടലാസ് വിലയിൽ താണ്‌ പോകുന്നത് പോലെ തോന്നി….

പിന്നെ പലപ്പോഴും കേട്ടും കേൾക്കാതെയും ഉള്ള പരിഹാസങ്ങൾ…

പെണ്ണിന്റെ കഴിവുകൾ അളക്കാനായി ഒരു സമൂഹം തന്നെ കാത്തിരിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി തന്ന നാളുകൾ… പാചകത്തിന്റെ രുചി , വീട് വൃത്തിയാക്കൽ, കുട്ടിയെ നോട്ടം. എന്തിനേറെ പറയുന്നു സ്വന്തം ശരീരത്തിന്റെ കുറവുകളെ പോലും കണ്ടു പിടിച്ചു പറഞ്ഞു തരാൻ ചുറ്റുപാടും ഉള്ള ആളുകൾ മത്സരിച്ചു…. കൊണ്ടേയിരുന്നു…… ഒരാശ്വാസത്തിനായി രാജിനോട് പരാതി പറഞ്ഞാൽ അതൊക്കെ ഒരു തമാശയായി എടുത്താൽ മതി എന്ന ശാസനയും…..

വീട്ടിലെത്തി വിലകൂടിയ സാരി ഊരി മാറ്റി ഒരു നൈറ്റി ഇട്ട് ബെഡിലേക്ക് വന്നു കിടന്നു….

കുറച്ചു കഴിഞ്ഞപ്പോൾ രാജ് കുളി കഴിഞ്ഞു വന്നു..

ഭക്ഷണം എടുത്തു വെക്ക് !!!തന്നോട് ആഞ്ജാപിച്ചു…

താനൊന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി…

നേരത്തെ തയാറാക്കി വെച്ചിരുന്നവ എല്ലാം ചൂടാക്കി… മോര് കറിയും തോരനും പിന്നെ രാജിനേറെ ഇഷ്ടപെട്ട കൊഞ്ചു വറുത്തതും എല്ലാം….

ഭക്ഷണം എടുത്തു വെച്ചതിനു ശേഷം മുകളിൽ പഠിച്ചു കൊണ്ടിരുന്ന മോനെ വിളിച്ചു… അവനും രാജും വന്നിരുന്നപ്പോൾ യാന്ത്രികമായി താനവ വിളമ്പി കൊടുത്തു….

എന്താണാമ്മയുടെ മുഖത്തൊരു ദേഷ്യം??

മോനാണത് ചോദിച്ചത്

ഓ!! ഇന്ന് ഞാൻ ക്ലബ്ബിൽ വെച്ച് അവളുടെ പാചകത്തെ കുറിച്ച് കുറ്റം പറഞ്ഞു എന്ന് പറഞ്ഞാണിത്….. ഒരു മൊരിഞ്ഞ കൊഞ്ച് വായിലിട്ട് ചവച്ചു കൊണ്ട് രാജ് പറഞ്ഞു…

എന്റെ അമ്മേ!!! കുറ്റം കേൾക്കാതിരിക്കണമെങ്കിൽ അമ്മ ഇനിയും കുറച്ചു കൂടി പാചകം പഠിക്കണം .. എന്റെ ഫ്രണ്ട്സിന്റെ ഒക്കെ അമ്മമാർ ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഒക്കെ വെച്ചു കൊടുക്കുമ്പോൾ അമ്മയിവിടെ ചോറും മോര് കറിയിൽ നിന്നും ഇതു വരെ സ്വാതന്ത്ര്യം നേടിയിട്ടില്ല.

ഇതൊക്കെ ഒന്ന് മാറ്റി പിടിച്ചു കൂടെ അമ്മേ!!

ഒരു നിമിഷം അപമാനത്തിന്റെ കൂര മുള്ളുകൾ ഹൃദയത്തെ മുറിക്കുന്നത് പോലെ തോന്നി.. ഒരക്ഷരം ഞാൻ മിണ്ടിയില്ല… പതുക്കെ മുറിയിലേക്ക് പോന്നു..

പിറ്റേന്ന് രാവിലെ ഞാൻ നേരത്തെ എഴുന്നേറ്റു

എനിക്ക് മാത്രം ഒരു ചായയിട്ടു പിന്നെ അതുമായി സിറ്റ് ഔട്ടിലേക്ക് വന്നു പ്രഭാതത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് ചായ ഊതി ഊതി കുടിച്ചു…

പേപ്പർ വായിച്ചു കൊണ്ടിരുന്ന രാജ് ചായ കിട്ടാത്ത അസ്വസ്ഥതയിൽ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു….

മോനേഴുന്നേറ്റ് അമ്മേ!!! ചായ എന്ന് പറഞ്ഞു വിളിക്കുന്നുണ്ടായിരുന്നു….

ഞാൻ പതുക്കെ ഹാളിലേക്ക് ചെന്നു അവൻ കോളേജിൽ പോകാനായി തയാറായി വന്നിട്ടുണ്ടായിരുന്നു….

അമ്മേ ചായ എവിടെ???

മാലിനി അവന്റെ മുഖത്തേക്ക് നോക്കി…

പിന്നെ നിർവികാരയായി പറഞ്ഞു… കഴിഞ്ഞ 24 വര്ഷങ്ങളായി ഞാനീ വീടും അടുക്കളയും എന്റെ ജോലിയുമായി കഷ്ടപ്പെടുകയാണ്… പകരം എനിക്കെന്താണ് കിട്ടുന്നത് അവഗണനയും പരിഹാസവും മാത്രം….

നിനക്കൊക്കെ തനിയെ ഒരു ചായ ഇട്ട് കുടിച്ചു കൂടെ? അതോ നീയും നിന്റെ അച്ഛനെപോലെ ഇരിക്കുന്നിടത്തു ഇരുന്ന് കൽപ്പിക്കാനാണോ ഭാവം!!!

ഇനി എനിക്ക് മനസ്സില്ല അടുക്കളയിൽ കിടന്ന് കഷ്ടപ്പെടാൻ…. ഒരു പെണ്ണും ജനിക്കുമ്പോൾ അവൾക്കു തീറെഴുതി കിട്ടുന്നതല്ല അടുക്കള…

ഇതെനിക്ക് മനസ്സിലാക്കാൻ കുറച്ചു വൈകി പോയി…

നിങ്ങൾ രണ്ടു പേരും കേൾക്കാനാണ് ഞാനീ പറയുന്നത് ഇന്ന് മുതൽ ഞാൻ ഈ അടുക്കളയിലെ ജോലി ഉപേക്ഷിച്ചു… നിങ്ങൾക്കിഷ്ടപെട്ടത് നിങ്ങൾ പാകം ചെയ്തു കഴിച്ചോളൂ….. നീ കാണുന്നില്ലേ..

രാവിലെ നിങ്ങൾക്കെല്ലാവര്ക്കും ഇഷ്ടപെട്ടത് ഉണ്ടാക്കിയിട്ട് ഞാനൊരു ചായ പോലും കുടിക്കാതെ ഓടുന്നത്…..

ഇനി എനിക്കൊരാൽപ്പം റസ്റ്റ്‌ വേണം… നിങ്ങളായിട്ട് അത് എനിക്ക് തരില്ല എന്ന് ഞാൻ മനസ്സിലാക്കി കഴിഞ്ഞു…. ഇനിയുള്ള നാളുകൾ ഞാൻ എനിക്ക് വേണ്ടി ജീവിക്കാൻ തീരുമാനിച്ചു….

എനിക്കിഷ്ടപെട്ട ഭക്ഷണങ്ങൾ, എനിക്കിഷ്ടപെട്ട രുചികൾ,എനിക്ക് ആഗ്രഹമുള്ളപ്പോൾ വിശ്രമം,

അങ്ങനെ ഞാൻ എന്നെ സംതൃപ്തി പെടുത്തി ഒന്ന് ജീവിച്ചു നോക്കട്ടെ….

പിന്നെ ഞാൻ വാതിൽക്കൽ ഇതെല്ലാം കേട്ടു കൊണ്ട് നിന്ന രാജിനോടായി പറഞ്ഞു….. രാജ് ഇത്രയും നാളായി സ്വന്തമായി ഒരു ചായ പോലും ഇടാനറിയാത്ത നിങ്ങൾ എന്തൊരു ദുരന്തമാണ്!!!!??…. ഇതു നിങ്ങൾ തമാശയായി എടുക്കുമോ അതോ???

ആ.. രണ്ടായാലും എനിക്കൊന്നുമില്ല…

അതും പറഞ്ഞു ഞാൻ ഓഫീസിൽ പോകാൻ തയാറായി ഒട്ടും ധൃതി കൂട്ടാതെ തന്നെ….

ഒരു കാര്യം പറയട്ടെ പിന്നീട് ഒരിക്കലും രാജ് ഇത്തരം തമാശ പറഞ്ഞിട്ടില്ല…. മാത്രവുമല്ല രണ്ടു പേരും അടുക്കളയിൽ എന്നെ സഹായിക്കുന്നുണ്ട്… അല്ല അതവർ ചെയ്തില്ലെങ്കിൽ ഞാൻ അടുക്കള അടച്ചിടും എന്നവർക്ക് മനസ്സിലായിട്ടുണ്ട്………..

ചില പ്രതികരണങ്ങൾ ആവശ്യമാണ്…

വൈകിയെങ്കിലും തിരിച്ചറിവുകളും….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Jils lincy kannur

Leave a Reply

Your email address will not be published. Required fields are marked *