നിനക്ക് എപ്പോഴും ഈ കിടപ്പു മാത്രമേയുള്ളോടീ, ഭർത്താവിൻ്റെ അലർച്ചകേട്ട് ശ്രീദേവി ചാടിയെഴുന്നേറ്റു…

രചന : സജി തൈപ്പറമ്പ്

നിനക്ക് എപ്പോഴും ഈ കിടപ്പു മാത്രമേയുള്ളോടീ..

ഭർത്താവിൻ്റെ അലർച്ചകേട്ട് ശ്രീദേവി ചാടിയെഴുന്നേറ്റു…

നടുവേദന അസഹ്യമായപ്പോഴാണ് അവൾ, ഹാളിലെ സോഫാ സെറ്റിയിൽ വന്ന് കിടന്നത്,

തീരെ വയ്യാതിരുന്നിട്ടും, കുട്ടികളെ സ്കൂളിലയക്കേണ്ടത് കൊണ്ട് മാത്രമാണ്, രാവിലെ തന്നെയെഴുന്നേറ്റത് ,

എനിക്ക് പത്ത് മണിക്ക് ഓഫീസിലെത്താനുള്ളതാണ്, നീ വല്ലതും ചെയ്ത് വച്ചിട്ടുണ്ടോ?

രോഷത്തോടെയുള്ള ദേവൻ്റെ ചോദ്യം കേട്ട് ശ്രീദേവിയുടെ ക്ഷീണമെല്ലാം പമ്പ കടന്നു.

നിങ്ങൾ കൈ കഴുകി ഇരുന്നോളു ,ഞാൻ ദോശയെടുത്തോണ്ട് വരാം

ശരീരഭാരം മുഴുവനും രണ്ട് കൈകളിലർപ്പിച്ച് സോഫയിൽ കുത്തിയെഴുന്നേൽക്കുമ്പോൾ വേദന കൊണ്ട് ശ്രീദേവിയുടെ കണ്ണിൽ നിന്ന് ,കുടുകുടാന്ന് വെള്ളം ചാടുന്നുണ്ടായിരുന്നു

ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങാമോ?

എനിക്കൊന്ന് ഡോക്ടറെ കാണാൻ പോകണമായിരുന്നു?

ദേവന് വിളമ്പിയ ദോശയിലേക്ക് ചമ്മന്തി ഒഴിച്ച് കൊടുക്കുമ്പോൾ ശ്രീദേവി ദൈന്യതയോടെ ചോദിച്ചു

ഞാൻ നേരത്തെ ഇറങ്ങുന്നുണ്ട് പക്ഷേ എനിക്ക് യൂണിയൻ്റെ മീറ്റിംഗുണ്ട് ,നീ ഒരു ഓട്ടോറിക്ഷ പിടിച്ച് പോയിട്ട് വാ ,ഞാനെത്തുമ്പോൾ രാത്രിയാകും

ദോശ മുറിച്ച് വായിലേക്ക് വയ്ക്കുന്നതിനിടയിൽ നിർദ്ദയനായി അയാൾ പറഞ്ഞു

❤❤❤❤❤❤❤❤❤❤❤

രണ്ട് പേരും ചായ കുടിച്ചിട്ട് വേഗം റെഡിയാവ്,

നമുക്കൊന്ന് ക്ളിനിക്ക് വരെ പോയിട്ട് വരാം

വൈകുന്നേരം കുട്ടികൾ സ്കൂളിൽ നിന്ന് വന്നയുടനെ അവർക്ക് സ്നാക്സും ചായയും കൊടുത്തിട്ട് ശ്രീദേവി, മക്കളോട് പറഞ്ഞു

അയ്യോ അമ്മേ എനിക്കിഷ്ടം പോലെ ഹോംവർക്കുണ്ട് ,

അമ്മ കിച്ചുവിനെയും കൂട്ടി പോയിട്ട് വാ

മകൾ ലക്ഷ്മി കൈയ്യൊഴിഞ്ഞപ്പോൾ ശ്രീദേവി മകൻ്റെ നേരെ ദയനീയതയോടെ നോക്കി.

എന്നെ നോക്കണ്ട , എനിക്കിന്ന് ക്രിക്കറ്റ് മത്സരമുള്ളതാണ്, ഞാനിന്ന് ചെന്നില്ലെങ്കിൽ, എന്നെ ടീമിൽ നിന്ന് പുറത്താക്കും

മക്കളും കൂടി കൈയ്യൊഴിഞ്ഞപ്പോൾ മറ്റ് മാർഗ്ഗമില്ലാതെ ശ്രീദേവി, കുട്ടികളെ സ്കൂളിൽ കൊണ്ട് പോകുന്ന രമേശൻ്റെ ഓട്ടോറിക്ഷ വിളിച്ചു

ഏത് ഡോക്ടറെയാണ് ചേച്ചി കാണേണ്ടത് ?

വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ രമേശൻ തല തിരിച്ച് ചോദിച്ചു

നടുവേദനയ്ക്ക് കാണിക്കുന്ന ഏതെങ്കിലും നല്ല ഡോക്ടറുടെയടുത്ത് നീയെന്നെയൊന്ന് കൊണ്ട് പോ

അസഹനീയതയോടെ അവൾ പറഞ്ഞു

ചേച്ചി എവിടെയെങ്കിലും വീണായിരുന്നോ?

ഇല്ലടാ… ഇതെനിക്ക് കുറെ നാള് കൊണ്ട് ഉള്ളതാണ്

അങ്ങനെയെങ്കിൽ ഏതെങ്കിലും ഗൈനക്കിനെ കാണിക്കുന്നതാണ് നല്ലത് ,

എങ്കിൽ നിനക്കറിയാവുന്ന ഗൈനക്കോളജിസ്റ്റിൻ്റെയടുത്തേയ്ക്ക് വണ്ടി വിട്ടോളു

❤❤❤❤❤❤❤❤❤❤

യൂട്രസ് ഡ്രോപ്പായിട്ടുണ്ട്, അത് റിമൂവ് ചെയ്യുന്നതാണ് നല്ലത് പക്ഷേ ,നിങ്ങളുടെ ഈ പ്രായത്തിൽ അങ്ങനെ ചെയ്താൽ ചിലപ്പോൾ ഫ്യൂച്ചറിലത്, നിങ്ങൾക്ക് നെഗറ്റീവ് എഫക്ട് ഉണ്ടാക്കിയേക്കാം ,സോ , എൻ്റെ അഭിപ്രായത്തിൽ തല്കാലം നെറ്റിടുന്നതാണ് നല്ലത് ,

അത് കുറച്ച് കോസ്റ്റ്ലിയാണ്,

നീണ്ട പരിശോധനകൾക്ക് ശേഷം ഡോക്ടറത് പറഞ്ഞപ്പോൾ, ശ്രീദേവിക്ക് പരിഭ്രാന്ത്രിയുണ്ടായി.

അല്ല ഡോക്ടർ എന്നാലും എത്ര രൂപയുടെ ചിലവ് വരും ?

ജിജ്താസയോടെ അവൾ ചോദിച്ചു

ഏകദേശം ഒരു ഒന്നൊന്നര ലക്ഷം രൂപയാകും

അത് കേട്ടവൾക്ക് വലിയ ഞെട്ടലൊന്നമുണ്ടായില്ല,

ദേവേട്ടൻ തന്നില്ലെങ്കിലും തൻ്റെ കൈയ്യിലെ രണ്ടോ മൂന്നോ സ്വർണ്ണവളകൾ വിറ്റാലും ഈ പറഞ്ഞ തുക ഉണ്ടാക്കാൻ കഴിയും, സ്വർണ്ണവളകൾ നഷ്ടപ്പെട്ടാലും വേണ്ടില്ല, അത് എപ്പോൾ വേണമെങ്കിലും വാങ്ങാവുന്നതേയുള്ളു

പക്ഷേ, അതിലും എത്രയോ വലിയ കാര്യമാണ് തൻ്റെ നടുവേദനയിൽ നിന്ന് കിട്ടുന്ന ആശ്വാസമെന്ന് അവൾ ചിന്തിച്ചു.

എന്താ താൻ ആലോചിക്കുന്നത് ? ചെയ്യുന്നുണ്ടെങ്കിൽ നാളെ തന്നെ വന്നിവിടെ അഡ്മിറ്റായിക്കോളു ,

രണ്ട് ദിവസത്തിനുള്ളിൽ സർജറി നടത്താം

നിനച്ചിരിക്കാതെ ഒരു ഇരയെ കിട്ടിയ സന്തോഷത്തിലായിരുന്നു, ആ ക്ളിനിക്കിൻ്റെ ഓണറ് കൂടിയായ ഡോക്ടർ .

ഡോക്ടർ, ഒരു സംശയം ?ഈ സർജറി കഴിഞ്ഞാൽ ,എനിക്ക് പഴയത് പോലെ ഓടി നടന്ന് ജോലി ചെയ്യാൻ പറ്റുമല്ലോ അല്ലേ?

ഹേയ് നോ നെവർ,, ഇതൊരു താത്കാലിക സംവിധാനം മാത്രമാണ് ,എന്ന് വച്ച് ഓടിച്ചാടി നടക്കാനോ ,കഠിനാദ്ധ്വാനം ചെയ്യാനോ കഴിയില്ല

നിങ്ങൾ എത്രത്തോളം റെസ്റ്റ് എടുക്കുന്നു,

അത്രയും കാലം അതിൻ്റെ പ്രയോജനം ലഭിക്കും

ഓഹ് അങ്ങനെയെങ്കിൽ വെറുതെ ചെയ്യാതിരിക്കുന്നതാണ് നല്ലത് ,

കാരണം ഞാൻ റെസ്റ്റെടുത്താൽ, എൻ്റെ കുടുംബത്തിനെയത് പ്രതികൂലമായി ബാധിക്കും ,എൻ്റെ മക്കളുടെയും ഭർത്താവിൻ്റെയുമൊക്കെ ദൈനംദിന കാര്യങ്ങൾക്ക് മുടക്കം വരും, സാരമില്ല ഡോക്ടർ..

കുറച്ച് നാള് കൂടി വേദന സഹിക്കാം

അത് എത്ര നാളെന്ന് വച്ചാണ് ശ്രീദേവീ …

കുറച്ച് നാള് കൂടെ കഴിയുമ്പോൾ, നിൻ്റെ മകളുടെ വിവാഹവും മറ്റുമായി നീ ഒന്നു കൂടി തിരക്കിലാവും

അത് കഴിയുമ്പോൾ, അവളുടെ പ്രസവവും മറ്റ് കാര്യങ്ങളുമായി നിനക്ക് എപ്പോഴാണ് ഒന്ന് ഫ്രീയാകാൻ കഴിയുക, നീ വൃദ്ധയായി കഴിയുമ്പോഴോ? അത് വരെ നിനക്കീ വേദന സഹിച്ച് കഴിയാൻ പറ്റുമോ ശ്രീദേവീ…

നീരസത്തോടെയാണ് ഡോക്ടറത് ചോദിച്ചത് .

അല്ലാതെ പിന്നെ ഞാനെന്ത് ചെയ്യാനാ ഡോക്ടർ?

എൻ്റെയീ നടുവേദനയെക്കുറിച്ച് ,

എത്രയോ പ്രാവശ്യം ഞാനെൻ്റെ ഭർത്താവിനോട് പറഞ്ഞിരിക്കുന്നു ,ഇത് വരെ എന്നെയൊന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല ,എൻ്റെ കൂടെയൊന്ന് ഡോക്ടറെ കാണിക്കാൻ വരാൻ പറഞ്ഞപ്പോൾ, രണ്ട് മക്കൾക്കും അവരുടേതായ തിരക്കുകളാണ്,

എൻ്റെ കൂടെ ഒന്ന് ഡോക്ടറുടെ വീട് വരെ വരാൻ കഴിയാത്തവർ ,ഈ അസുഖത്തിൻ്റെ പേരിൽ റെസ്റ്റ് എടുത്താൽ ,വീട്ടുകാര്യങ്ങൾ അവർ നോക്കിക്കൊള്ളുമെന്ന് ഡോക്ടർക്ക് തോന്നുന്നുണ്ടോ ?

അല്ലെങ്കിൽ ഞാൻ റസ്റ്റ് എടുക്കാൻ അവർ സമ്മതിക്കുമെന്ന് ഡോക്ടർ കരുതുന്നുണ്ടോ ?അത് കൊണ്ടാണ് ഡോക്ടർ ഞാൻ പറഞ്ഞത് ,എന്നെപ്പോലെയുള്ള സ്ത്രീകൾക്ക് കുടുംബത്തിൻ്റെ ക്ഷേമം നോക്കാനേ നേരം കാണു ,സ്വന്തം ക്ഷേമം വെറും ദിവാസ്വപ്നം മാത്രമായിരിക്കും

NB : ഇതൊരു കഥയല്ല, നിരവധി വീട്ടമ്മമാരുടെ സങ്കീർണ്ണമായ പ്രശ്നമാണ്.

രചന : സജി തൈപ്പറമ്പ്

Leave a Reply

Your email address will not be published. Required fields are marked *