പടുകൂറ്റൻ വീടിനു മുന്നിൽ വണ്ടി നിന്നപ്പോൾ പാറുവൊന്ന് അമ്പരന്നു….

രചന : ഉമ്മു സമാൻ

“ഇവിടാരുമില്ലേ..?”

“ആരാത്?”

അകത്തെ ചായ്പ്പിൽ നിന്നും മദ്ധ്യവയസ്സുള്ള ഒരു സ്ത്രീ പുറത്തേക്ക് വന്നു.

” പാറു ” ?

” പാറൂട്ടി ഇല്ലാലോ ഇവിടെ. പൈയിനെ കെട്ടാൻപോയതാ… ഇപ്പോ വരൂട്ടോ ”

നാലുംകൂട്ടി മുറുക്കിയെടുത്ത മുറുക്കാൻ ചാറ് കൈവിരലുകൾക്കിടയിലൂടെ മുറ്റത്തേക്ക് നീട്ടിതുപ്പി ആ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“നിങ്ങൾ ”

” പാറൂൻ്റെ വല്ല്യമ്മയാ”

“വേറാരും ?”

” ഇല്ല.പാറൂൻ്റമ്മ പോയപ്പോ ഞാനിങ്ങ് പോന്നു.സ്വന്തോന്നു പറയാൻ എനിക്കവളും അവൾക്ക് ഞാനും മാത്രമേ ഉള്ളൂ.”

കയ്യിലുണ്ടായിരുന്ന പഴകിയ ഒരു പ്ലാസ്റ്റിക് കവറിൽനിന്നും ഒരു വെറ്റിലയെടുത്തവർ ചാണകം മെഴുകിയ കോലായിലേക്ക് കാലും നീട്ടിയിരുന്നു.

” കേറിയിരുന്നോളൂ.. ”

“ഇല്ല. പോയിട്ടൽപ്പം തിരക്കുണ്ട് .”

“ഇവിടടുത്തെങ്ങാനും ഒള്ളതാണോ?”

” ഇത്തിരി ദൂരംണ്ട് . കാലത്തെന്നും കൊണ്ട്പോവാൻ വണ്ടിയിങ്ങെത്തും.”

“കുറച്ചീസായിട്ട് പെണ്ണിന് പണിയൊന്നുമില്ല. അമ്മപോയീന്ന് കരുതി എത്രന്ന് വെച്ചാ ഇങ്ങനേ.. ”

കൈയ്യിലുള്ള വെറ്റിലയൊന്നിൽ ചുണ്ണാമ്പും തേച്ച്പിടിപ്പിച്ചവർ മടക്കിക്കൂട്ടി വായിലേക്കിട്ടു.

❤❤❤❤❤❤❤❤❤❤❤❤

പശൂനെ കെട്ടിയിട്ട് വീട്ടിലേക്ക് വരുന്ന വഴിയിൽ പാറൂട്ടിയറിഞ്ഞു. തനിക്കൊരു പണി ഒത്ത്കിട്ടിയെന്ന്…

” അമ്മപോയിട്ട് നാൽപത് തികഞ്ഞോ പാറൂ”

കുശുമ്പത്തി കുട്ടിമാളു കൊഞ്ഞനം കുത്തി ചോദിച്ചു.

“പള്ളയ്ക്ക് പയ്ക്കുമ്പോൾ കഞ്ഞിതന്നെ വേണ്ടേ കുട്ടിമാളൂ.. “!

പാറു വീട്ടിലേക്കോടി.

പണിയുറപ്പിക്കാൻ വന്നവർ മുൻകൂറായി കൊടുത്ത പണം ഇട്ടിരുന്ന ബ്ലൗസിനുള്ളിലേക്ക് തിരുകിവെച്ച് പാറു അകത്തേക്ക് കയറിപോയി.

നേരം പരപരാ വെളുക്കുമ്പോൾ തന്നെ കൂട്ടികൊണ്ട് പോവാനുള്ള വണ്ടി മുറ്റത്തേക്ക് വന്നു.

“വല്ല്യമ്മേ എൻ്റെ പൈയ്യിനെ കൈച്ച് കെട്ടാൻ മറക്കല്ലേ ”

വണ്ടിയിൽ കയറുമ്പോൾ പാറു വല്ല്യമ്മയെ ഓർമിപ്പിച്ചു.

❤❤❤❤❤❤❤❤❤❤

ടാറിട്ടറോഡിലൂടെ നാലുവളവും തിരിഞ്ഞ് കാറ് ചീറിപായുമ്പോൾ പാറു മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പലതരം കാഴ്ച്ചകൾ ആസ്വദിക്കുന്നുണ്ടായിരുന്നു.

പടുകൂറ്റൻ വീടിനുമുന്നിൽ വണ്ടിനിന്നപ്പോൾ പാറുവൊന്ന് അമ്പരന്നുവോ?!!!!

അവൾ ചുറ്റുപാടിലും കണ്ണോടിച്ചു.

“എന്തെ?”

അവളുടെ അമ്പരപ്പ്കണ്ട് ഡ്രൈവർ ചോദിച്ചു

“ഒന്നൂല്ല.. ആദ്യായിട്ടാ ഇത്രയും പൊക്കള്ള വീട്ടിൽ

ഡ്രൈവർ പുഞ്ചിരിച്ചു.

” പിന്നാമ്പുറത്ത്കൂടി അകത്തേക്ക് കയറിക്കോളൂ”

ഡ്രൈവർ നടന്നു നീങ്ങി.

ഉടുത്തിരുന്ന നേര്യതഴിച്ച് കയ്യിലെ കവറിലേക്ക് തിരുകിവെച്ചവൾ ഒരു മുണ്ടെടുത്തുടുത്തു. തെല്ലു ഭയത്തോടെ അകത്തെ മുറിയിലേക്ക് നടന്നു.

അമ്മിഞ്ഞപ്പാലിൻ്റെ നറുമണം മാറാത്ത പിഞ്ചുകുഞ്ഞിനെ കയ്യിലെടുത്ത് കുഞ്ഞുമേനിയിൽ പാറു എണ്ണതടവി പായയിലേക്ക് കിടത്തി.

താളിയും കുഴമ്പുമായി പെറ്റപെണ്ണിനേയും കൂട്ടി പാറു കുളിപ്പുരയിൽ കയറി വാതിലടച്ചു.

” ആ മേൽകുപ്പായമഴിക്ക് ”

പാറു പതിയെ പറഞ്ഞു.

കുപ്പായമഴിക്കാൻ മടിച്ചുനിന്ന പെറ്റ പെണ്ണിനെ നോക്കി പാറു നിന്നു.

പെറ്റ പെണ്ണിനും ഈറ്റടുക്കാൻ വന്ന പെണ്ണിനും പ്രായം ഇരുപത്തിനാല്!!

” എനിക്കുള്ളതേ നിനക്കും ഉള്ളൂ.. പിന്നെന്തിന് നാണം.?”

പെറ്റപെണ്ണ് പുഞ്ചിരിച്ചു.

അവൾ മേൽക്കുപ്പായം അഴിച്ചുമാറ്റി.

അവളുടെ മേനിയിലാകെ തേക്കുമ്പോൾ പാറു ഓർത്തു.

അയൽപക്കത്തെ വീടുകളിലും അടുത്തറിയുന്ന ബന്ധുവീട്ടിലുമായി ചെറിയ ജോലികളൊക്കെ ചെയ്താണ് പാറുവും അമ്മയും കഴിഞ്ഞിരുന്നത് .

പെറ്റ്കിടക്കുന്ന പെണ്ണുങ്ങളെ അമ്മ കുളിപ്പുരയിലേക്ക് കൊണ്ടുപോവുമ്പോൾ കുഞ്ഞുമക്കളെ കൊഞ്ചിക്കലാണ് പാറുവിൻ്റെ പണി

അമ്മയ്ക്ക് ദീനംവന്ന് കിടപ്പിലായപ്പോൾ അമ്മയുടെ പണി പാറു ഏറ്റെടുത്തു.

തൻ്റെ മുന്നിലിരിക്കുന്നവളുടെ മേനിയാ കെ കുഴമ്പ് തേച്ച് പിടിപ്പിക്കുമ്പോൾ പാറു വല്ലാതായി.

സുന്ദരിയാണ്.വിദേശത്തുനിന്നും പ്രസവത്തിനായ് നാട്ടിലെത്തിയവൾ.

ഭാഗ്യവതി!!

പാറു നെടുവീർപ്പിട്ടു.

ഒരു പലകയെടുത്ത് പെറ്റപെണ്ണിനെ അതിൻമേലിരുത്തി പാറു പറഞ്ഞു.

“കാല് രണ്ടും നീട്ടിയടുപ്പിച്ചുവെക്ക് ”

അവളപ്രകാരം അനുസരിച്ചു.

തലയിലേക്ക് വെള്ളമൊഴിച്ച് കൊടുക്കുമ്പോഴാണ് പാറുവത് കണ്ടത്.

അവളുടെ മാറിൽ ചുരത്തിയപാൽ തെറിച്ച് പുറത്തേക്കൊഴുകുന്നു.!!

പാറുവത് നോക്കിനിന്നു. തൻ്റെ മാറിലേക്ക് ഒരുവേളയവൾ കൈയ്യമർത്തി. ഒരു നിശ്വാസമവളിൽ നിറഞ്ഞു.

ആദ്യമായിട്ടാണ് ഇതുപോലെ…

ഒരിക്കൽപോലും കാണാത്തൊരുകാഴ്ച്ച!

പുറത്ത്നിന്നും കുഞ്ഞിൻ്റെ കരച്ചിലുയർന്നു.

” കഴിഞ്ഞോ ?”

പെറ്റപെണ്ണിൻ്റെ ചോദ്യം പാറുവിനെ ഉണർത്തി.

കുഞ്ഞിനെ കുളിപ്പിച്ചു തുണിയിൽ പൊതിഞ്ഞവൾ മടിയിൽ കിടത്തി.

പാൽകുടിക്കാനായ് ചിണുങ്ങിയ കുഞ്ഞിളംകാല് പാറുപെണ്ണിൻ്റെ മാറത്തുരസി.

പാറുവിൻ്റെയുള്ളിലെ അമ്മയുണർന്നു.

മെല്ലെ ബ്ലൗസിൻ്റെ ഹുക്കുകളഴിച്ച് തൻ്റെ മുലയിലൊന്ന് കുഞ്ഞിൻ്റെ വായിലേക്ക് വെച്ചു കൊടുത്തു.

ചപ്പിവലിക്കുന്ന കുഞ്ഞിനെ തലോടി അവൾ പരിസരം മറന്നിരുന്നുപോയി.

“കുഞ്ഞിനെ കുളിപ്പിച്ചോ പാറൂ…?”

പുറത്ത് നിന്നുള്ള ചോദ്യംകേട്ട് പാറു ഞെട്ടിയെഴുന്നേറ്റു. ബ്ലൗസ് നേരെയാക്കിയവൾ കുളിപ്പുരയിൽനിന്നും ഇറങ്ങി വന്നു.

ദിവസങ്ങളോരോന്നായ് കഴിയുന്തോറും പാറുവിത് തുടർന്ന്കൊണ്ടിരുന്നു.

ആരും കാണാതെ… ആരോടും പറയാതെ…

ഇരുപത്തെട്ടാംനാൾ നൂല്കെട്ട് ചടങ്ങായി

സ്വന്തക്കാരും ബന്ധക്കാരുമായ് ആ വീട്ടിലാകെ ഉത്സവമേള.

വന്നവരോടുള്ള കുശലാന്വേക്ഷണത്തിൽ കുഞ്ഞ് പാൽ കുടിക്കാൻ തയ്യാറാവാത്തതും ചർച്ചയായി.

പതിവ്പോലെ പെണ്ണിൻ്റെകുളിയും കഴിഞ്ഞ് കുട്ടിയേയുമെടുത്തവൾ കുളിപ്പുരയ്ക്കകത്തേക്ക് കയറി.

നേരമേറെയായിട്ടും കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കാതെവന്നപ്പോൾ വീട്ടുകാർ കുളിപ്പുരയുടെ വാതിൽതുറന്നു.

വീട്ടുകാരുടെ മുന്നിൽ ഒരു കുറ്റവാളിയെ പോലെ പാറു വിളറിനിന്നു.

” പെറ്റപെണ്ണിൻ്റെ പാല്കുടിക്കാത്തത് ഇപ്പഴല്ലേ മനസിലായത്.” ബന്ധുക്കാരിലൊരുവൾ മൂക്കത്ത് വിരൽവെച്ചു.

“ചൂലുകൊണ്ടടിച്ച് പുറത്തേക്ക് തള്ളിവളെ ”

കാർന്നോർ കൽപ്പിച്ചു.

” പാല് കുടിപ്പിക്കാൻ മുട്ടിനിൽക്കാണെങ്കിൽ സ്വന്തമായിട്ടങ്ങ് പെറ്റ്കൂട്ടണം”.

കൂടിയവരൊക്കെയും പരിഹസിച്ചു.

പടുകൂറ്റൻ മതിലിനുവെളിയിലേക്ക് പാറുവിനെയവർ ഇറക്കിവിട്ടു.

ഒരു കുറ്റവാളിയെപോലെ തലയും താഴ്ത്തി അവൾ നടന്നു .

നാളിതുവരെ ചെയ്തവേലയ്ക്ക് കൂലിയില്ലാതെ

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ഉമ്മു സമാൻ

Leave a Reply

Your email address will not be published. Required fields are marked *