ഏട്ടൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ലാരുന്നു അതാണ് ഞാൻ ഈ കാര്യം ഏട്ടനോട് പറയാഞ്ഞത്..

രചന : ദേവ ഷിജു

റീൽസ്

❤❤❤❤❤❤❤❤❤❤

(സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ അവൾ പ്രതികരിക്കാതെ പോകുന്നത് അക്രമിയെ ഭയന്നിട്ടല്ല അവളുടെ അച്ഛൻ,അമ്മ,ഭർത്താവ്, സഹോദരങ്ങൾ…. വേണ്ടപ്പെട്ടവർ, അതായത് നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്നു ഭയന്നിട്ടാണ്)

“ഞാനിവിടെയിരിക്കുവേ…”

“ഉം..”

“സാബു അവിടെ..”

“ഉം..”

“എനിക്കു മൂന്നുനേരം ഭക്ഷണമൊക്കെ ണ്ടാക്കിത്തന്ന്…”

“ഉം…”

“രസവല്ലേ…?”

ഞാൻ ചിത്രയുടെ മുഖത്തേക്കു നോക്കി. മുഖം വല്ലാതിരിക്കുന്നു.

ടി വിയിൽ നിന്ന് ഈ സംഭാഷണം കേട്ടാൽ അടുക്കളയിൽ എത്ര തിരക്കിട്ടു പണിയെടുക്കുകയാണെങ്കിലും ഓടി വന്ന് ഒരു ചെറു ചിരിയോടെ നോക്കി നിൽക്കുന്നവളാണ്.

അതുകൊണ്ടു തന്നെയാണ് അവൾ ഫുൾ മൂഡോഫിലിരിക്കുന്നതു കണ്ടപ്പോൾ യുട്യൂബിൽ തപ്പി അതേ മൂവി സീൻ തന്നെ പ്ലേ ചെയ്തത്.

പക്ഷേ ഇത് ഒരനക്കവുമില്ല.

“എന്തുവാടോ…. എന്തുപറ്റി..?”

ഞാൻ ടി വി പോസ് ചെയ്തിട്ട് അവളുടെ അരികിലേക്കിരുന്നു.

“തനിക്കെന്താ സുഖമില്ലേ…?”

വെറുതെ പിന്നിലേക്കു വാരിക്കെട്ടി വച്ചിരിക്കുന്ന മുടിയിൽ നിന്ന് നെറ്റിയിലേക്ക് അനുസരണയില്ലാതെ വീണു കിടന്നിരുന്ന ഏതാനും ഇഴകളെ പിന്നിലേക്കു തൂത്തുവച്ചിട്ട് അവളുടെ നെറ്റിയിൽ തലോടിക്കൊണ്ട് ഞാൻ ചോദിച്ചു.

“ങ്ങൂ ഹും.,..” തോളുകൾ മുകളിലേക്കുയർത്തിക്കൊണ്ട് ഒന്നുമില്ലെന്ന അർത്ഥത്തിൽ അവൾ എന്റെ കണ്ണിലേക്കു നോക്കി.

ആ കണ്ണുകൾക്കുള്ളിലൂടെ വായിക്കാൻ കഴിയുന്ന മനസ്സിൽ എന്നോടു പറയാൻ എന്തോ എഴുതിവച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു.

“ദേവേട്ടാ… എനിക്കൊരു വർക്കുണ്ട്… എന്നെയൊന്നു കൊണ്ടു വിടുമോ..?” അവൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ എന്നോടു പറ്റിച്ചേർന്നു.

ആളൊരു ബ്യൂട്ടീഷനാണ്. സ്വന്തമായി പാർലർ തുടങ്ങാനോ ആരുടെയെങ്കിലും കീഴിൽ വർക്കു ചെയ്യാനോ ഒന്നും കക്ഷിക്ക് ഇഷ്ടമില്ല. അവൾക്ക് ഇഷ്ടപ്പെടുന്ന വർക്കുകൾ മാത്രം നേരിട്ടു ചെന്നു ചെയ്യും.

സാധാരണയായി വർക്കിനു സ്വന്തം സ്കൂട്ടറിൽ അല്ലെങ്കിൽ ഏതെങ്കിലും വണ്ടി വിളിച്ചു പോകുകയാണ് പതിവ്. ഇന്ന് എന്നോടു പറയണമെങ്കിൽ എന്തെങ്കിലും തക്കതായ കാരണമുണ്ടാവും.

“ഓഹ്…. അതിനിപ്പോ എന്താ… എനിക്കിന്ന് ഓഫീസില്ലല്ലോ… എവിടെയാന്നു പറഞ്ഞാ മതി… ഇന്നു ദേവൻ തെളിക്കുന്ന രഥത്തിലാവട്ടെ തമ്പുരാട്ടീടെ എഴുന്നള്ളത്ത്….”

മുഖം ഒന്നു തെളിയട്ടെ എന്നോർത്ത് അല്പം കോമഡിയാക്കിയതാണ്. പക്ഷേ ഏറ്റ മട്ടില്ല.

കുളിച്ചു റെഡിയായി വർക്കിനാവശ്യമുള്ള സാധങ്ങളുമായി പുറത്തേക്കു വരുമ്പോഴും മുഖത്തിനു തെളിച്ചമൊന്നുമില്ല.

“ചെറിയ വർക്കാണോ…?” ഞാൻ അവളുടെ കയ്യിലിരുന്ന കിറ്റിലേക്കു നോക്കി.

“ഉം…. ” മറുപടിയായി ഒരു മൂളൽ മാത്രം.

“കാറെടുക്കുന്നില്ലേ…?” ഞാൻ പോർച്ചിൽ നിന്ന് അവളുടെ സ്കൂട്ടർ തള്ളി പുറത്തേക്കെടുക്കുമ്പോൾ അവൾ അടുത്തേക്കു വന്നു.

“തനിക്ക് ഈ കുഞ്ഞു ബാഗല്ലേയുള്ളു..?” എന്റെ ചോദ്യത്തിനു മറുപടി പറയാതെ അവൾ പിന്നിലേക്കു കയറി.

എന്നാലും എന്താവും എന്റെ പ്രിയതമയെ ഇത്രയും മൂഡോഫാക്കുന്ന പ്രശ്നം..?

കാരണക്കാരൻ ഞാനല്ലയെന്ന് വ്യക്തം.

ആയിരുന്നെങ്കിൽ മൂഡോഫല്ല തൃശൂർ പൂരമാണ് ഫലം എന്ന് അനുഭവം കൊണ്ടറിയാം. കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള സംഭാഷണങ്ങളും അവൾ പോയിട്ടുള്ള സ്ഥലങ്ങളും ഞാൻ മനസ്സിൽ ഓർത്തു.

വീടിനടുത്തുള്ള ചെറിയ ജംഗ്ഷനിൽ എത്തിയപ്പോൾ സ്കൂട്ടർ സ്ലോ ആയി.

“ഉണ്ടല്ലോ നിന്റെ ദോസ്തുക്കളെല്ലാം… സാബു ആൻഡ് കമ്പനി…. എന്നാപ്പിന്നെ നിനക്കു നിന്റെ സ്ഥിരം ഓട്ടോ വിളിച്ചാൽ പോരാരുന്നോ…?” റോഡരുകിൽ ഓട്ടോയിൽ ചാരി നിന്നിരുന്ന സാബു ഞങ്ങളെക്കണ്ടപ്പോൾ പെട്ടെന്ന് ഓട്ടോയ്ക്കുള്ളിലേക്കു കയറി.

വർക്കിനു പോകുമ്പോൾ കൊണ്ടുപോകാനുള്ള സാധനങ്ങൾ അധികമുള്ളപ്പോൾ ചിത്രയുടെ സ്ഥിരം സാരഥിയാണ് സാബു.

“ദേവേട്ടന് കൊണ്ടേ വിടാൻ പറ്റില്ലേൽ ഇവിടെ വിട്ടേര്…. ഞാൻ നടന്നു പൊയ്ക്കോളാം..” എന്റെ വയറിനു കുറുകെ വട്ടം പിടിച്ചിരുന്ന അവളുടെ കൈ അയഞ്ഞു.

ഇടതു കൈകൊണ്ട് അവളുടെ കൈ പിടിച്ച് ഒന്നൂടെ മുറുക്കി വച്ചിട്ട് ഞാൻ വണ്ടിയുടെ ഇടതു സൈഡ് മിറർ അവളുടെ മുഖത്തിനു നേരെ അഡ്ജസ്റ്റ് ചെയ്തു.

“എന്തേ സാബുവുമായി ഉടക്കിയോ..?”

അവൾ മറുപടി പറഞ്ഞില്ല. പക്ഷേ ആ കണ്ണുകളിൽ പെട്ടെന്നുണ്ടായ പിടച്ചിൽ ഞാൻ സ്കൂട്ടറിന്റെ സൈഡ് മിററിലൂടെ കണ്ടു.

ഈ അടുത്ത കാലത്താണ് സാബുവും അവന്റെ കൂട്ടുകാരായ ചെറുപ്പക്കാരുമായി ചിത്രയുടെ ചങ്ങാത്തം തുടങ്ങിയത്. ഏതോ കല്യാണവീട്ടിലെ വർക്കിനിടയിൽ വച്ചുണ്ടായ പരിചയം.

ഇൻസ്റ്റയിൽ അവളുടെ ഫോളോവേഴ്സാണത്രേ അവരെല്ലാം.

ആഴ്ചയിൽ ഒന്നോ രണ്ടോ വർക്കിൽ കൂടുതൽ ചിത്ര ചെയ്യാറില്ല. ബാക്കിയുള്ള സമയങ്ങളിൽ ഡാൻസ് പ്രാക്ടീസ് ചെയ്യും, പിന്നെ എനിക്കു വേണ്ടി മാത്രം പാടാൻ വേണ്ടി കുറച്ചു പാട്ടുകൾ പഠിക്കും.

വെറുതെ സമയം കളയാൻ വേണ്ടിത്തന്നെയാണ് ഇൻസ്റ്റയിൽ റീൽസ് ചെയ്തു തുടങ്ങിയതും.

ആദ്യമൊക്കെ എന്നെ കാണിക്കാൻ വേണ്ടി മാത്രമായിരുന്നു. നന്നായി ചെയ്യുന്നുവെന്നു തോന്നിയപ്പോൾ ഞാൻ തന്നെയാണ് കൂടുതൽ ചെയ്യാൻ പ്രോത്സാഹിപ്പിച്ചതും.

പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ ഒരു വീഡിയോ കക്ഷിയെ കുറച്ചു വൈറലാക്കി.

“ഞാനിവിടെയിരിക്കുവേ…”

“ഉം..”

“സാബു അവിടെ..”

“ഉം..”

“എനിക്കു മൂന്നുനേരം ഭക്ഷണമൊക്കെ ണ്ടാക്കിത്തന്ന്…”

എന്റെ കണ്ണിലേക്കു നോക്കിയാണ് അവൾ അതു പറഞ്ഞത്, ഞാൻ തന്നെയായിരുന്നു വീഡിയോ ഗ്രാഫറും. ക്ലോസപ്പ് റേഞ്ചിലുള്ള അവളുടെ മുഖത്തെ ഭാവപ്രകടനങ്ങൾ സിനിമയിലെ നായികയെ വെല്ലുന്നതായിരുന്നു.

ആ റൊമാന്റിക് വീഡിയോ വൈറലായി നിൽക്കുമ്പോഴാണ് സാബുവിനെയും കൂട്ടുകാരെയും കല്യാണവീട്ടിൽ വച്ചു കാണുന്നത്.

പിന്നങ്ങോട്ടുള്ള എല്ലാ വിഡിയോസും ഏറ്റെടുത്തു കൊണ്ട് സാബുവും കൂട്ടുകാരും കട്ടയ്ക്കു കൂടെയുണ്ടായിരുന്നു. ഏറെയും റൊമാന്റിക് വീഡിയോകൾ.

ഓരോ ദിവസവും അന്നന്നത്തെ വിശേഷങ്ങൾ വള്ളിപുള്ളി വിടാതെ എന്നോടു അവൾ പറഞ്ഞിട്ടേ ഉറങ്ങാൻ പോകൂ. അതുകൊണ്ടു തന്നെ അവളുടെ റീൽസും അതിനുള്ള കമെന്റ്സും പിന്നെ ലോക്കൽ ഫാൻസിന്റെ പ്രതികരണങ്ങളുമെല്ലാം ഞാനും നന്നായി ആസ്വദിച്ചിരുന്നു.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുതിയ വീഡിയോസ് ഒന്നും വന്നില്ല എന്നു മാത്രമല്ല രാത്രിയിലുള്ള പതിവു കമെന്ററികളും ഇല്ലായിരുന്നു.

വർക്കുള്ള വീടിനു മുന്നിൽ വണ്ടി നിർത്തി ഇറങ്ങുമ്പോൾ ഞാൻ അവളെപ്പിടിച്ച് എന്റെ കണ്ണിന്റെ മുന്നിൽ നിർത്തി.

“സാബു മോശമായി വല്ലതും പെരുമാറിയോ…?”

“ഇനി മേലാൽ അവന്റെ കാര്യം മിണ്ടരുത്….

അവനു ജോജു ജോർജിന്റെ മുഖം മാത്രമേയുള്ളു.. മനസ്സു വല്ലാതെ ദുഷിച്ചതാ…”

അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ടു നിറഞ്ഞു.

എനിക്കെന്തോ കോപത്തിനു പകരം ചിരിയാണു വന്നത്.

“എന്താണെടോ സംഭവം…?”

വാടി വീഴാൻ കാത്തിരുന്നൊരു താമരത്തണ്ടു പോലെ അവളെന്റെ തോളിലേക്കു ചാഞ്ഞു. ഒരേങ്ങലോടെ ഉണ്ടായ സംഭവങ്ങൾ വിവരിച്ചു.

എല്ലാം പറഞ്ഞു കഴിഞ്ഞു എന്നുറപ്പായപ്പോൾ അവൾ ഇട്ടിരുന്ന ചുരിദാറിന്റെ ഷാൾ എടുത്ത് ആ കണ്ണുകൾ തുടച്ചിട്ട് ഞാൻ ചിരിച്ചു.

“എത്രനേരമുണ്ട് തന്റെ വർക്ക്..?” ഞാൻ ചിരിച്ചു കൊണ്ടു തന്നെ ചോദിച്ചു.

“ഞാൻ വിളിച്ചോളാം…. ഏട്ടൻ വീട്ടിൽത്തന്നെ ഉണ്ടാവില്ലേ…?”

ചോദ്യം ചോദിച്ചിട്ട് എന്റെ കണ്ണിലേക്കു നോക്കുമ്പോഴും അവളുടെ മുഖത്ത് ആകപ്പാടെ കൺഫ്യൂഷൻ.

അവൾ പറഞ്ഞ കാര്യങ്ങൾ ഞാൻ എങ്ങനെയെടുക്കും എന്നു മനസ്സിലാക്കാൻ അവൾക്ക് കഴിയുന്നില്ലായിരുന്നു.

വണ്ടി തിരിച്ചു പോരുമ്പോഴും അവൾ സംശയത്തോടെ തിരിഞ്ഞു നോക്കിക്കൊണ്ട് ആ വീട്ടിലേക്കു കയറിപ്പോകുന്നത് എനിക്ക് സൈഡ് മിററിൽ കാണാമായിരുന്നു.

നിരയായി കിടക്കുന്ന ഓട്ടോറിക്ഷകളുടെ അടുത്തു നിന്ന് കുറച്ചു കൂടി മുന്നോട്ടു പോയിട്ട് ഞാൻ സ്കൂട്ടർ സൈഡിലൊതുക്കി.

സാബുവിന്റെ ഓട്ടോറിക്ഷ സ്റ്റാൻഡിൽത്തന്നെ കിടപ്പുണ്ട്. പക്ഷേ അതിനുള്ളിൽ സാബു ഉണ്ടായിരുന്നില്ല.

“സാബു എന്തിയേ….?” തൊട്ടു പിന്നിൽക്കിടന്ന ഓട്ടോയിലിരുന്ന് അവന്റെ രണ്ടു കൂട്ടുകാർ വർത്തമാനം പറയുന്നുണ്ടായിരുന്നു.

“ദാ ആ ചായക്കടയിലുണ്ട്…” ഒരുവൻ മത്തൻ ചേട്ടന്റെ ചായക്കടയ്ക്കു നേരെ വിരൽ ചൂണ്ടി.

“സാറേ ഓട്ടം വല്ലതുമാണോ….?” കൂടെയുണ്ടായിരുന്ന മറ്റേ ചെറുപ്പക്കാരൻ ഓട്ടോയിൽ നിന്ന് പുറത്തേക്കിറങ്ങി.

“ഹേയ്….. സാബുവിനെ ഒന്നു കാണണം..”

ഞാനൊരു ചെറിയ ചിരിയും ചിരിച്ച് തോൾ വിലങ്ങനെ ഇളക്കിക്കൊണ്ട് ചായക്കടയ്ക്കു നേരെ നടന്നു.

ചായക്കടയിലെ ബെഞ്ചിൽ സാബു ഇരിപ്പുണ്ടായിരുന്നു. മുന്നിൽ പാതി കുടിച്ച ഒരു ചായയും ഇടതു കയ്യിൽ മനോരമ പേപ്പറും.

സാബുവിന്റെ നേരെ എതിർവശത്തുള്ള ടേബിളിൽ ന്യൂസ്‌ പേപ്പറിന്റെ ഒരു കഷ്ണവുമായി കവല കൊച്ചച്ചൻ ഇരിപ്പുണ്ട്. ചിത്രയുടെ വകയിലൊരു ബന്ധുവാണ്. വല്ല്യ തറവാടിയാണ് കൊച്ചച്ചൻ പക്ഷേ ഒട്ടു മിക്ക നേരത്തും അയാളെ കവലയിൽത്തന്നെ കാണാം. അതുകൊണ്ട് ആരോ ചാർത്തിക്കൊടുത്ത പേരാണ് കവലക്കൊച്ചച്ചൻ.

മത്തൻ ചേട്ടൻ അകത്തെവിടെയോ ആണെന്നു തോന്നുന്നു കടയിൽ കൊച്ചേട്ടനും സാബുവും മാത്രമേയുള്ളു.

എന്നെക്കണ്ടു സാബു പേപ്പറിൽ നിന്ന് തലയുയർത്തി.

“എന്നാ ഒണ്ടു സാബുവേ വിശേഷങ്ങൾ..?” ഞാൻ സാബുവിന്റെ അടുത്ത് ബഞ്ചിലേക്കിരുന്നു.

അപ്രതീക്ഷിതമായ എന്റെ വരവും പെട്ടെന്നുള്ള ചോദ്യവും കൂടിയായപ്പോൾ സാബുവിന്റെ മുഖം പതറി.

പേപ്പർ മേശപ്പുറത്തേക്കു വച്ചിട്ട് അവൻ എഴുന്നേൽക്കാൻ ഒരു വിഫലശ്രമം നടത്തി.

“ഹാ… നീയിതെങ്ങോട്ട് പോകുവാ സാബു….

ഇരിക്ക് ചായ കുടിക്കൂന്നേ…”

ഞാൻ സാബുവിന്റെ തോളിൽ പിടിച്ചിരുത്തിയിട്ട് മേശപ്പുറത്തിരുന്ന ചായ അവന്റെ മുന്നിലേക്കു നീക്കി വച്ചു.

“സാബൂ നിനക്ക് ചിത്രയെ ഭയങ്കര ഇഷ്ടമാ അല്ലേ….?” എടുത്തടിച്ച പോലുള്ള എന്റെ ചോദ്യം അവന്റെ പതറിച്ച പൂർണ്ണമാക്കി.

“അയ്യോ…. അത്…. സാറേ….” അവൻ വിക്കിയതല്ലാതെ വാക്കുകൾ സ്പഷ്ടമായി പുറത്തേക്കു വന്നില്ല.

“കുഴപ്പമില്ല സാബൂ….. ആർക്കും ഇഷ്ടമാവും…. ഇ=ഷ്ടമാവണമല്ലോ…!!”

ഞാൻ ചിരിച്ചു കൊണ്ടു തന്നെ മേശപ്പുറത്തിരുന്ന സാബുവിന്റെ പാതി കുടിച്ച ചായ ഗ്ലാസ്സിലേക്കു നോക്കി.

ഞാൻ അതെങ്ങാനുമെടുത്ത് അവന്റെ മുഖത്തേക്കൊഴിച്ചെങ്കിലോ എന്നു ഭയന്നിട്ടാവണം സാബു എന്നെയും ചായ ഗ്ലാസ്സും മാറി മാറി നോക്കുന്നുണ്ടായിരുന്നു.

എതിർവശത്ത് കൊച്ചച്ചൻ പേപ്പറിന്റെ മറവിലാണ്. ആൾ വായിക്കുന്നതായി അഭിനയിച്ച് എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു.

“ങ് ഹാ…. അതേ സാബൂ…. നീയ് ആദ്യം അവളോട് നിനക്കിഷ്ടമാണെന്നു പറഞ്ഞപ്പോ അവളെന്താ പറഞ്ഞേ…?”

അവൻ എന്റെ മുഖത്തേക്കു നോക്കാൻ പ്രയാസപ്പെട്ടു.

“പറ സാബൂ….!” ഞാൻ ചിരിച്ചതേയുള്ളൂ.

“അത്…. സാറേ… ചേച്ചി എന്നെ അങ്ങനെയൊന്നും വിചാരിച്ചിട്ടില്ലായിരുന്നു…..!” അവന്റെ വാക്കുകൾക്കു വിറയലുണ്ടായിരുന്നു.

“എന്നിട്ടു പിന്നേം നീയവളോട് അതേ രീതിയിൽ പെരുമാറിയത് ശരിയാണോ സാബൂ….?” ഇത്തവണ മുഖത്തു നിന്ന് ചിരി മാഞ്ഞിരുന്നു.

“സാറേ…. തെറ്റായിപ്പോയി…. ചേച്ചിയോടെന്നല്ല ഇനിയൊരു പെണ്ണിനോടും അങ്ങനൊന്നും ചോദിക്കില്ല…..” മേശപ്പുറത്തു കിടന്ന പേപ്പറിന്റെ മുകളിലിരുന്ന സാബുവിന്റെ കൈകൾ കൂപ്പു കൈ പോലെ എന്റെ നേർക്കുയർന്നു.

“അങ്ങനല്ല സാബൂ ഞാൻ പറഞ്ഞത്….

ചോദിച്ചോ…. നീ ചോദിക്കണം… ചോദിക്കാതെ ഇക്കാലത്ത് ഒന്നും കിട്ടില്ലെടോ… പക്ഷേ ശല്യപ്പെടുത്തരുത്… ഒരു പെണ്ണ് നോ എന്നു പറഞ്ഞാൽ അതു നോ തന്നെയാടോ….. പിന്നെയും ശല്യപ്പെടുത്താൻ ചെന്നാൽ സാബൂ….” എനിക്കു പറഞ്ഞു പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

“ഈ സൈസു അസുഖവുമായി നടക്കുന്നവന്മാരോട് ഇങ്ങനെയാണോടാ ചോദിക്കുന്നത്….?”

കയ്യിലിരുന്ന പേപ്പർ ചുരുട്ടിക്കൂട്ടി നിലത്തേക്കെറിഞ്ഞു കൊണ്ട് എതിർ വശത്തിരുന്ന കൊച്ചച്ചൻ ചാടിയെഴുന്നേറ്റു.

ഞാനും സാബുവും നടുങ്ങിപ്പോയി. അകത്തു നിന്നും മത്തൻ ചേട്ടൻ അരിമാവു പുരണ്ട കൈകളുമായി ഓടിവന്നു.

“ആഹാ…. ഇതാര് കൊച്ചച്ചനോ….? കൊച്ചച്ചൻ എപ്പോ വന്നു..?” ഞാൻ ഒരു നിമിഷം കൊണ്ട് സ്ഥലകാലബോധം വീണ്ടെടുത്തു കൊണ്ടു ചിരിച്ചു.

“ഞാൻ വന്നിട്ടു കൊല്ലം പത്തറുപതായി….. ഇവന്റെ അസുഖം നീ തീർക്കുമോ അതോ ഞാൻ തീർക്കണോ..?” അദ്ദേഹം സാബുവിന്റെ നേരെ വിരൽ ചൂണ്ടി.

കൊച്ചച്ചൻ കട്ടക്കലിപ്പിലാണ്. മത്തൻ ചേട്ടൻ ഒന്നും മനസ്സിലാകാതെ കണ്ണുമിഴിച്ചു നിൽക്കുന്നു.

“ഹ് ഹാ…. കൊച്ചച്ചനൊന്നടങ്ങ്…. അസുഖം അവന്റെയല്ലേ…. അത് അവൻ തന്നെ മാറ്റിക്കോളും ന്നേ…” ഞാൻ കൊച്ചച്ചനെ തണുപ്പിച്ചു.

“… ന്നാലുമെന്റെ ദേവാ…!” കൊച്ചച്ചൻ വിടുന്ന മട്ടില്ല.

“എന്റെ കൊച്ചച്ചാ… ഈ അസുഖമില്ലാത്തവരായി മനുഷ്യരാരാ ഒള്ളത്…? ഈ പ്രായത്തിൽ ഇങ്ങനൊരു അസുഖം വന്നിട്ടില്ലായെങ്കിലല്ലേ ഇവനൊക്കെ ഡോക്ടറെ കാണേണ്ടത്..!!” ഞാൻ ചിരിച്ചു കൊണ്ട് സാബുവിന്റെ തോളിൽ കയ്യിട്ടു.

രംഗം തണുത്തു എന്നു കണ്ടപ്പോൾ എല്ലാം മനസ്സിലായതു പോലെ തലയാട്ടിക്കൊണ്ട് മത്തൻ ചേട്ടൻ അകത്തേക്കു പോയി.

” പിന്നെ സാബു മോനെ വിശപ്പില്ലാത്ത മനുഷ്യരില്ല. മിക്കവാറും എല്ലാവരും അവനവന്റെ വീട്ടിലെ ഭക്ഷണം കഴിച്ചു സംപ്തൃപ്തിയടയും. വീട്ടിൽ സൗകര്യം ഇല്ലാത്തവർക്കായി ഇതുപോലെ നാടുനീളെ ഹോട്ടലുകൾ തുറന്നു വച്ചിട്ടുണ്ടാകും.

വീട്ടിൽ ഭക്ഷണമില്ലാത്ത, കയ്യിൽ കാശില്ലാത്ത പാവങ്ങൾ മറ്റുള്ളവർക്കു മുന്നിൽ കൈ നീട്ടും. പക്ഷേ മറ്റുള്ളന്റെ അടുക്കളയിലെ ഭക്ഷണം ബലമായി എടുക്കാൻ ശ്രമിക്കുന്നത് തെറ്റുതന്നെയല്ലേ….? ” ഞാൻ സാബുവിന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു ചോദിച്ചു.

“ആഹാ ഇവൻ അടുക്കളയിൽ കേറി ഭക്ഷണോം മോട്ടിച്ചോ….?” കൊച്ചച്ചൻ പല്ലിറുമ്മി.

ഞാൻ അറിയാതെ ചിരിച്ചു പോയി.

“ആഹാ… ഞാനിതൊന്നു ചോദിച്ചിട്ടേയുള്ളു!” കൊച്ചച്ചൻ പോക്കറ്റിൽ നിന്ന് ഫോണെടുത്തു കൊണ്ട് വെളിയിലേക്കു നടന്നു.

അദ്ദേഹം വിളിക്കാൻ പോകുന്നത് ചിത്രയെയാണെന്ന് എനിക്കറിയാമായിരുന്നു.

“ആഹ് കൊച്ചച്ചാ….. അടുക്കള വാതിൽ ഇനി തുറന്നിടരുതെന്ന് മോളോടൊന്നു പറഞ്ഞേക്ക്….!!”

ഞാൻ പിന്നിൽ നിന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു.

സാബുവിന്റെ തോളിൽ കയ്യിട്ടുകൊണ്ട് ഞാൻ ചായക്കടയ്ക്കു വെളിയിൽ വരുമ്പോൾ പുറത്ത് അവന്റെ കൂട്ടുകാർ കാത്തു നിപ്പുണ്ടായിരുന്നു. എന്റെ ചിരിച്ച മുഖം കണ്ടതോടെ അവർക്ക് സമാധാനമായി.

വർക്കു കഴിഞ്ഞു വരുമ്പോൾ ചിത്രയുടെ മുഖത്തെ കാർമേഘങ്ങൾ മാറിയിരുന്നു.

സ്കൂട്ടറിന്റെ പിന്നിൽ ഒട്ടിയിരുന്ന് വർക്കിനിടയിലെ കുഞ്ഞു കുഞ്ഞു തമാശകൾ എന്റെ ചെവിയിൽ പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു.

രാത്രി പതിവുപോലെ തലയിണ അല്പം ഉയർത്തിവച്ചു ബെഡിലേക്കു മലർന്നു കിടക്കുമ്പോൾ മടക്കി വച്ച എന്റെ വലതു കൈ തലയിണയാക്കി എന്റെ ചെവിയിലേക്കു ചുണ്ടുകൾ ചേർത്ത് അവൾ കൊഞ്ചി.

“എന്നാലും നീയെത്ര ബോൾഡായ ആളാണ് എന്റെ ചിത്രക്കുട്ടീ…. നിനക്ക് അവന്റെ ദുഷിച്ച മനസ്സിനു തക്ക മറുപടി കൊടുക്കാൻ പറ്റിയില്ലേ…?” ഞാൻ തല അല്പം ചെരിച്ച് അവളെ നോക്കി.

“ഞാനാദ്യം അവനു മനസ്സിലാകുന്ന ഭാഷേൽ പറഞ്ഞതാ ദേവേട്ടാ… പിന്നെ ദേവേട്ടനോട് പറയും എന്നു വാണിങ്ങും കൊടുത്തു. അവൻ പിന്നേം…….”

“എന്നിട്ടു നീയെന്താ എന്നോടു പറയാത്തത്….?”

“ഏട്ടാ….. തെറ്റ്‌ എന്റേം കൂടിയല്ലേ….. ഏട്ടൻ എങ്ങനെ പ്രതികരിക്കും എന്നെനിക്കറിയില്ലാരുന്നു.

അപ്പോഴത്തെ ദേഷ്യത്തിനു എന്റെ അച്ഛനെപ്പോലെ വല്ല അടിപിടിയും ഉണ്ടാക്കാൻ പോയാലോ എന്നു ഭയന്നു. അവന്മാര് ഓട്ടോ ഓടിച്ചു നടക്കുന്ന ചെക്കന്മാരല്ലേ വല്ല്യ ഗ്യാങ്….”

“ഇപ്പൊ മനസ്സിലായില്ലേ ഞാൻ നിന്റെ അച്ഛനേപ്പോലെയല്ലെന്ന്….!”

“ഉം….. മനസ്സിലായി പക്ഷേ ഞാനാ അടുക്കള വാതിൽ ചേർത്തങ്ങ് അടച്ചൂട്ടോ……

ഇനിയൊരു കള്ളനും കേറാൻ പറ്റാത്ത വിധത്തിൽ….!!” അവൾ ചിരിച്ചു കൊണ്ട് എന്റെ മൂക്കിന്മേൽ പിടിച്ചു വലിച്ചു.

“അപ്പൊ ഇനി….?”

“ഇനി സാബു അവിടെയിരിക്കണ്ട…!!” അവൾ മുത്തു ചിതറും പോലെ ചിരിച്ചു.

“ഭക്ഷണമൊക്കെ ആരുണ്ടാക്കിത്തരും….?”

“ഞാൻ….. ഈ വയറു നിറയുവോളം…!!” ചിത്രയുടെ വിരലുകൾ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയിരുന്നു.

“അപ്പൊ മൊത്തത്തിൽ പറഞ്ഞാൽ….”

“ദേവേട്ടൻ എന്നേം ഞാൻ ദേവേട്ടനേം നോക്കി ഈ ജീവിതകാലം മുഴുവൻ ഇങ്ങനെയങ്ങു ജീവിക്കണം.

അവളുടെ നിശ്വാസം എന്റെ നിശ്വാസവുമായി ഇഴപിരിഞ്ഞ് അന്തരീക്ഷം ചൂടുപിടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ കയ്യെത്തിച്ച് ബെഡ് ലാമ്പിന്റെ സ്വിച്ച് ഓഫ്‌ ചെയ്തു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ദേവ ഷിജു

Leave a Reply

Your email address will not be published. Required fields are marked *