നിറവയറുമായി, എന്നെന്നേക്കുമായീ വീടിന്റെ പടികൾ ഇറങ്ങിപ്പോകുന്ന അമ്മുവിനെ നിറകണ്ണുകളോടെ ഞാൻ നോക്കി നിന്നു…

രചന : ശ്രീലക്ഷ്മി വിഷ്ണു

ഭാര്യ

❤❤❤❤❤❤❤❤❤

നിറവയറുമായി, എന്നെന്നേക്കുമായീ വീടിന്റെ പടികൾ ഇറങ്ങിപ്പോകുന്ന അമ്മുവിനെ നിറകണ്ണുകളോടെ ഞാൻ നോക്കി നിന്നു…

“അമ്മൂ…മോളേ.. പോകരുത് എന്നു പറഞ്ഞ് തടഞ്ഞ അമ്മയെ, തിരിഞ്ഞു നോക്കാതെ അവൾ നടന്നകന്നു … “എന്താടാ കാര്യം….? നിങ്ങളു തമ്മിൽ പിണങ്ങിയതെന്തിനാ ?” എന്നുള്ള അമ്മയുടെ ചോദ്യം കേട്ടില്ലെന്നു നടിച്ചു ഞാൻ മുറിയിൽ കയറി കതകടച്ചു. ആ മുറിയിൽ അമ്മുവിന്റെ ഗന്ധമാകെ നിറഞ്ഞു നിന്നിരുന്നു…

അവളുടെ കളിയും, ചിരിയും നിറഞ്ഞ സംസാരവും

സ്നേഹത്തോടെയുള്ള കണ്ണേട്ടാന്നുള്ള വിളിയും, കരച്ചിലും മുറിക്കുള്ളിൽ അലയടിച്ചു…

“ഏട്ടന്റെ ആഗ്രഹത്തിനൊത്ത സൗന്ദര്യമോ, പഠിപ്പോ ഒന്നും ഇല്ലാത്ത, ഏട്ടനെപ്പോഴും കളിയാക്കാറുള്ളതുപോലെ ഒരു പൊട്ടി പെണ്ണു തന്നെയാ ഞാൻ …

അമ്മായി അച്ഛനു കൊടുത്ത വാക്കിന്റെ പേരിൽ മുറപ്പെണ്ണായ എന്നെ പൂർണ്ണ സമ്മതമില്ലാതെയാണ് ഏട്ടനെന്നെ വിവാഹം കഴിച്ചതെന്നറിയാം.. പക്ഷെ, ഏട്ടനെന്നോട് കാണിച്ച സ്നേഹം സത്യമാണെന്നു വിശ്വസിച്ചു ഞാൻ…

പക്ഷെ ഈ പൊട്ടി പെണ്ണിനെ, വീണ്ടും വീണ്ടും പൊട്ടിയാക്കുവായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല

ഞാൻ പോകവാണ്.. ഇനി നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാം … തടസ്സമായി ഒരിക്കലും ഞാൻ നിൽക്കില്ല ….” എന്നു പറഞ്ഞിറങ്ങിയ അവളെ തടയാൻ പോലുമെനിക്ക് അർഹതയില്ലയെന്ന് തോന്നി…

അമ്മു പറഞ്ഞതു മുഴുവൻ ശരിയാണ്. അവൾക്കെന്നോടുള്ള സ്നേഹവും, വിശ്വാസവും മുതലെടുക്കുകയായിരുന്നു ഞാൻ… മറ്റൊരു പെണ്ണിനെ മനസ്സിൽ കൊണ്ടു നടന്ന ഞാൻ ഇഷ്ടമില്ലാതിരുന്നിട്ടു കൂടി അമ്മുവുമായുള്ള വിവാഹത്തിനു സമ്മതിച്ചതു അവൾക്കു വേണ്ടി അമ്മാവൻ കരുതി വെച്ച സ്ത്രീധനത്തുക കണ്ടിട്ടായിരുന്നു …

ആ പണം കൊണ്ട് പുതിയ ബിസിനസ് ആരംഭിച്ചപ്പോഴും, ബിസിനസ്സിലെ സാമർത്ഥ്യവും, പ്രയത്നവും കൊണ്ട് മുടക്കിയ മുതലിനെക്കാൾ രണ്ടിരട്ടിയായ് സമ്പാദ്യം ഉണ്ടായപ്പോഴും,

ആഡംബര വീടും, വാഹനങ്ങളും വാങ്ങിക്കൂട്ടിയപ്പോഴും,

അതിനൊക്കെ കാരണക്കാരിയായ അമ്മുവിനെ ഞാൻ മനപ്പൂർവ്വം എന്നിൽ നിന്നകറ്റി നിർത്തി…

വിവാഹം കഴിഞ്ഞുള്ള രണ്ടു വർഷം ബിസിനസ്സിന്റെ തിരക്കും, നല്ല രീതിയിൽ അതിനെ വളർത്തിയെടുത്തിട്ടെ നമുക്ക് ഒരു കുടുംബമുണ്ടാകൂവെന്ന് പറഞ്ഞ് ബെഡ് റൂമിൽ പോലും അവളെ അകറ്റി നിർത്തിയിട്ടും ഒരക്ഷരം പോലും മിണ്ടാതെ, സന്തോഷത്തോടെയവൾ അതെല്ലാം സമ്മതിച്ചു…

പക്ഷെ, അപ്പോഴൊക്കെഴും, വിവാഹം കഴിഞ്ഞും തുടർന്ന സ്നേഹയുമായുള്ള ബന്ധം, പല രാവുകളേയും, പകലുകളേയും പല സുഖ സുന്ദര നിമിഷങ്ങൾക്കും വഴിയൊരുക്കി… അമ്മുവിനോടു ചെയ്യുന്നതു തെറ്റാണെന്ന് അറിഞ്ഞു കൊണ്ടും ആ തെറ്റ് ആവർത്തിച്ചുകൊണ്ടിരുന്നു…

പക്ഷെ, ഇന്ന് അമ്മുവിനു ചെക്കപ്പുണ്ട് വരണമെന്ന് പറഞ്ഞപ്പോഴും, സ്നേഹയുടെ പിറന്നാളാഘോഷത്തിന്റെ കാര്യമോർത്ത് ഒരു മീറ്റിംഗ് ഉണ്ടന്നു പറഞ്ഞ് ഞാൻ ഇറങ്ങി…

പെട്ടെന്ന് തിരിച്ച് വരണമെന്നുള്ള അമ്മുവിന്റെ തുടരെയുള്ള വിളിയിൽ, സ്നേഹയുടെ അടുത്ത് നിന്ന് പോരുമ്പോൾ അമ്മുവിനോട് വളരെ ദേഷ്യം തോന്നിയിരുന്നു…

” മീറ്റിംഗിനിടയിൽ നിന്ന് പോരേണ്ടി വന്നുവെന്നു പറഞ്ഞ് അമ്മുവിനോട് ദേഷ്യപെട്ടപ്പോൾ

” ഇതായിരുന്നില്ലെ നിങ്ങളുടെ മീറ്റിംഗ്..?” എന്ന് പറഞ്ഞു സ്നേഹയുമായുള്ള സ്വകാര്യ നിമിഷങ്ങളിൽ അവളെടുത്ത ഫോട്ടോ അമ്മു എനിക്ക് കാട്ടിത്തന്നപ്പോൾ മറുപടിയില്ലാതെ ഞാൻ തലകുനിച്ചു നിന്നു.

വാതിലിൽ തുടരെയുള്ള മുട്ടുകേട്ടുകൊണ്ടാണ് ഞാൻ കതകു തുറന്നത് …

” എന്തിനാ മോനേ…. അവൾ പോയതെന്നുള്ള അമ്മയുടെ ചോദ്യത്തിനുത്തരം പറയാതെ, കാറിന്റെ കീയുമെടുത്ത് ഞാൻ പുറത്തേക്കിറങ്ങി ….

കാറുമായി നേരെ ചെന്നത് സ്നേഹയുടെ അരികിലേക്കായിരുന്നു …

എന്നെ കണ്ടപ്പോൾ തന്നെ എന്നുമുള്ള പുഞ്ചിരിയോടെ അവൾ സ്വീകരിച്ചു പക്ഷെ, എന്നെ ജീവനെക്കാൾ ഏറെ സ്നേഹിച്ച അമ്മൂനെപ്പോലും മറന്ന് ഞാൻ സ്നേഹിച്ചതും, വിശ്വസിച്ചതുമായ സ്നേഹയിൽ നിന്നിങ്ങനൊരു ചതി …!!ഞാൻ പ്രതീക്ഷിച്ചിരുന്നില്ല

അവളെ കണ്ടമാത്രയിൽ എന്റെ ദേഷ്യം നുരഞ്ഞ് പൊങ്ങി … അവളുടെ കരണം നോക്കി ഒന്നു പൊട്ടിച്ചിട്ട്, അവളുടെ ഫോൺ ഞാൻ പിടിച്ച് വാങ്ങി എറിഞ്ഞുടച്ചു..

“ഇവിടെ തീർന്നു … നമ്മൾ തമ്മിലുള്ളതെല്ലാം..” എന്ന് പറഞ്ഞു ഞാനാ പടിയിറങ്ങി…

അവിടെ നിന്നും നേരെ പോയത് അമ്മുവിന്റെ അടുത്തേക്കായിരുന്നു …

ഉമ്മറത്തിരുന്ന അമ്മാവനെയോ, അമ്മായിയേപ്പോലും ശ്രദ്ധിക്കാതെ, ഞാൻ ഓടിയതു അമ്മുവിന്റെ മുറിയിലേക്കായിരുന്നു ..

കരഞ്ഞു തളർന്നു കിടക്കുന്ന എന്റെ അമ്മൂവിന്റെ കാലുകളിൽ കുറ്റബോധത്തിന്റെ നീരുറവകൾ പെയ്തിറങ്ങി..

പെട്ടന്നവൾ പിടഞ്ഞെഴുന്നേറ്റു… കാലുകളെ വലിച്ചു …

“പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ നിന്നോട് ചെയ്തത്… എന്നോട് ക്ഷമിക്കെടാ….”

എന്നു പറഞ്ഞു പൂർത്തിയാക്കുമ്പോഴേക്കും ….

“ഏട്ടനെന്റെയാ… എന്റെ മാത്രം “മെന്നു പറഞ്ഞവളെന്റെ നെഞ്ചിലേക്ക് വീണിരുന്നു …

അവളെ ഒന്നു കൂടെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി, മൂർദ്ധാവിൽ ചുംബിക്കുമ്പോൾ, എന്റെ കണ്ണുനീർത്തുള്ളികൾ അവളുടെ നെറ്റിയിലെ സിന്ദൂരത്തിനൊപ്പം അലിഞ്ഞു ചേർന്നിരുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ശ്രീലക്ഷ്മി വിഷ്ണു

Leave a Reply

Your email address will not be published. Required fields are marked *