എടീ നിർമ്മലേ, പെരുങ്കള്ളി, എന്റെ മകനെ മയക്കിയെടുത്തവളല്ലേടീ നീ എന്ന് പറഞ്ഞു അവർ അവളെ ചീത്തവിളിച്ചു

രചന : Josephina Thomas..

സ്വർണ്ണം…….

❤❤❤❤❤❤❤❤

ബാങ്കിന്റെ പടിയിറങ്ങുമ്പോൾ സുഭദ്രയുടെ നെഞ്ചിൽ തീയായിരുന്നു. മരുമകളെ കയ്യിൽ കിട്ടിയാൽ അരച്ചുകലക്കി കുടിക്കാനുള്ള ദേഷ്യം അവർക്കുണ്ടായിരുന്നു.

തന്നെ അവൾ പറ്റിക്കുകയായിരുന്നോ? വീട്ടിലോട്ടു ചെല്ലട്ടെ. സ്വർണ്ണമാണെന്നും പറഞ്ഞ് ഇട്ടോണ്ടു വന്നതെല്ലാം മുക്കുപണ്ടങ്ങളായിരുന്നോ?,

ഏതായാലും ബാങ്കിൽ തനിക്കു നല്ല സ്വാധീനവും പരിചയവും ഉള്ളതു കൊണ്ട് താൻ രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കിൽ താൻ അകത്തായേനെ…….

തനിക്കു പറ്റിയ നാണക്കേടോർത്തു അവർ സ്വയം പരിതപിച്ചു. ഫോണെടുത്ത് നിർമ്മലയോടി കാര്യം സൂചിപ്പിച്ചു. അവളുടെ കരച്ചിലാണ് മറുതലയ്ക്കൽനിന്നും കേട്ടത്. എങ്ങിനെയെങ്കിലും ഒന്നു വീടെത്തിയാൽ മതിയായിരുന്നു.

ബസ്സിലിരുന്നപ്പോൾ അവരുടെ ചിന്തകൾ ബസ്സിനേക്കാൾ വേഗത്തിൽ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

ഒരേയൊരു മകൻ. അവന് അവളെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ആദ്യം എതിർത്തതായിരുന്നു.

കാരണം തന്റെ മനസ്സിൽ തന്റെ സഹോദരന്റെ മകൾ കാർത്തികയായിരുന്നു.

പക്ഷേ അവനത് തീരെ താല്പര്യമില്ലായിരുന്നു. താല്പര്യമില്ലാതെ കല്യാണം കഴിച്ചിട്ട് അവൾക്കു സങ്കടമുണ്ടാക്കുന്നതെന്തിനാ?

താനും മകനും മാത്രമാണ് ആദ്യമായി നിർമ്മലയുടെ വീട്ടിൽ പെണ്ണു കാണാൻ പോയത്. മകൻ സ്വയം കണ്ടു പിടിച്ചതാണെങ്കിലും എല്ലാ കാര്യങ്ങളും അതിന്റേതായ രീതിയിൽത്തന്നെ നടക്കണമല്ലോ.

അവിടെ ചെന്നു വീടു കണ്ടപ്പോൾത്തന്നെ തന്റെ ഉള്ളൊന്നു പിടഞ്ഞു. തന്നെയല്ല നിർമ്മലയുടെ താഴെ നാലു പെൺകുട്ടികൾ ! ഭാവിയിൽ അവരുടെയെല്ലാം ഉത്തരവാദിത്തങ്ങൾ തന്റെ മോന്റെ ചുമലിലാവുകയില്ലേ എന്നു താനപ്പോൾ ചിന്തിച്ചതു നേരുതന്നെ. ഏതൊരമ്മയാണെങ്കിലും അങ്ങിനെ ചിന്തിക്കില്ലേ? സ്ത്രീധനമായി പൈസയൊന്നും വേണ്ട . അൻപതു പവൻ വേണമെന്നു താൻ ആവശ്യപ്പെട്ടതും നേരുതന്നെ നാലുപേരു കാൺകെ തന്റെ മരുമകൾ ഒട്ടും മോശമാകരുതെന്നു താൻ വിചാരിച്ചു.

നാലഞ്ചു ദിവസം കഴിയുമ്പോ വിവരം അറിയിക്കാമെന്ന് അവരും പറഞ്ഞു. എന്നിട്ട് പിന്നീട് പറഞ്ഞ സ്വർണ്ണം തരാമെന്നല്ലേ തന്നെ അറിയിച്ചത്. അല്ലായിരുന്നെങ്കിൽ എന്തു തന്നെ സംഭവിച്ചാലും ഒരിക്കലും

താനിതിനു സമ്മതിക്കില്ലായിരുന്നു. എന്തിനാ മറ്റുള്ളവരെ പഴിചാരുന്നത്? തന്റെ മോനെ പറഞ്ഞാ മതിയല്ലോ.

അവനവന്റെ നെലേം വെലേം നോക്കി വേണം ഇതിനൊക്കെ ചാടി പുറപ്പെടാൻ

ബസ്സ് സ്റ്റോപ്പിലെത്തിയതറിഞ്ഞില്ല

വീട്ടിൽ ചെന്നുകയറിയ പാടെ അവർ അലറി.

“നിർമ്മലേ….. എ.ടീ നിർമ്മലേ .”

അവൾ പേടിച്ചരണ്ട മാൻ കുട്ടിയെ പോലെ സുഭദ്രയുടെ മുൻപിൽ വന്നു. ദേഷ്യം തീരുവോളം അവർ അസഭ്യ വർഷങ്ങളാൽ അവളെ പൊതിഞ്ഞു.

“പെരുങ്കള്ളി….എന്റെ മകനെ മയക്കിയെടുത്തവൾ. അവർ നിലം ചവിട്ടിമെതിച്ചു കൊണ്ട് അകത്തേക്കു കയറിപ്പോയി.

നിർമ്മല കട്ടിലിലേക്കു വീണ് ഏങ്ങിയേങ്ങി കരഞ്ഞു താനമ്മയെ കുറ്റം പറയുന്നില്ല. താൻ കാണിച്ചതു കള്ളത്തരമല്ലേ? അതുകൊണ്ടു തന്നെ അമ്മയെ എതിർത്തു തനിക്കൊന്നും സംസാരിക്കാനായില്ല. കുറ്റം തന്റേതുതന്നെയല്ലേ പെരുങ്കള്ളി തന്നെയല്ലേ താൻ. അതുകൊണ്ട് താനിതു കേൾക്കണം. അവളുടെ ചിന്തകൾ പിന്നോട്ടു പോയി.

അമ്മയും കാർത്തിക്കും കൂടി തന്നെ കാണാൻ വന്ന ദിവസം ……….. തനിക്കാ അമ്മയെ കണ്ടപ്പോഴെ എന്തോ ഇഷ്ടപ്പെട്ടില്ല. അവരുടെ ഭാവവും മട്ടും തനിക്കു വിഷമം ഉണ്ടാക്കിയിരുന്നു. അൻപതു പവനെങ്കിലും വേണമെന്ന് അവർ നിർബ്ബന്ധം പറഞ്ഞു. സുഭദ്രയുടെ ഈ നിർബന്ധം നിർമ്മലയെ കുറെയേറെ വിഷമിപ്പിച്ചു.

റി.ട്ടയേർഡ് അദ്ധ്യാപകനായ തന്റെ അച്ഛന് ഇതെങ്ങിനെ താങ്ങാനാവും? ഈ വിവാഹത്തിൽ നിന്നും പിന്മാറാനുള്ള തീരുമാനത്തിൽ താനുറച്ചുനിന്നു . പക്ഷേ കാർത്തിക് സമ്മതിച്ചില്ല. തനിക്കാകെ പതിനഞ്ചു പവൻ സ്വർണ്ണമേയുള്ളു എന്നു താൻ പറഞ്ഞതാണ്.

കാർത്തിക്കാണ് ഇങ്ങനെയൊരു ഐഡിയ പറഞ്ഞു തന്നത്. തനിക്കതിനു സാദ്ധ്യമല്ലെന് എത്രയോ തവണ പറഞ്ഞു: ഒടുവിൽ തനിക്ക് കാർത്തിക് പറഞ്ഞത് അനുസരിക്കേണ്ടി വന്നു. കാർത്തിക് കുവൈറ്റിൽ പോയിട്ട് ആറുമാസത്തിനകം ബാക്കി സ്വർണ്ണം ഉണ്ടാക്കി വെച്ചോളാം എന്നു തനിക്കുറപ്പു തന്നു . അമ്മ അതുകൊണ്ടു പോയി ലോക്കറിൽ വെക്കുമെന്ന് താനൊരിക്കലും കരുതിയില്ല..

കാർത്തിക് ഇവിടെയുണ്ടായിരുന്നെങ്കിൽ അമ്മയോട് എന്തെങ്കിലും പറഞ്ഞു നിന്നേനെ. ഒരാഴ്ചത്തെ ലീവല്ലേ ഉണ്ടായിരുന്നുള്ളു. ഇനി പറഞ്ഞിട്ടെന്താ കാര്യം. അമ്മ ബാങ്കിൽ പോകുന്നതിനു മുൻപ് തന്നോടൊരു സൂചന പോലും നൽകിയിരുന്നില്ല.

ദിവസങ്ങൾ കൊഴിഞ്ഞു പോയി. അമ്മ തന്നോട് ഒന്നും മിണ്ടുന്നില്ല. കുറ്റബോധം കൊണ്ടു താൻ നീറുകയാണ്. .ഇതിനിടയിൽ കാർത്തിക് തന്നെ പലവട്ടം വിളിച്ചു. വിഷമിക്കേണ്ട ധൈര്യമായിരിക്ക് എന്നു പറഞ്ഞു: അമ്മയ്ക്ക് ഫോൺ കൊടുത്തിട്ട് അമ്മ വാങ്ങിയില്ല.

ഒരു ദിവസം സുഭദ്രയുടെ സഹോദരന്റെ മകൾ കാർത്തിക വീട്ടിൽ വന്നു. അമ്മയും അവളും കൂടി എന്തോ രഹസ്യങ്ങൾ പറയുന്നത് കണ്ടു. തീർച്ചയായും ഈ കാര്യം പറയാതിരിക്കില്ല. അവളെന്തു വിചാരിക്കും? നാണക്കേടും കുറ്റബോധവും അവളെ വേട്ടയാടി. കാർത്തിക പോകാൻ നേരം തന്നോടൊരു വാക്കു പോലും പറയാതെയാണു പോയത്.

ഒരാഴ്ച കഴിഞ്ഞപ്പോൾ കുളിമുറിയിൽ സുഭദ്ര കാലു തെറ്റി വീണു.

നടുവടിച്ചാണു വീണത്. ബക്കറ്റു മറിയുന്ന ശബ്ദം കേട്ടാണ് നിർമ്മല ഓടി വന്നത്.

സുഭദ്രാമ്മയ്ക്ക് കാലനക്കാൻ വയ്യാത്ത വേദന .

അവൾ അമ്മയെ പിടിച്ചെഴുന്നേല്പിക്കാൻ നോക്കി..

തനിക്കൊറ്റയ്ക്ക് അമ്മയുടെ ഭാരം താങ്ങാൻ വയ്യ. അവൾ ഓടിച്ചെന്ന് അപ്പുറത്തെ വീട്ടിൽ ഉള്ളവരെ വിളിച്ചോണ്ടു വന്നു എല്ലാവരും കൂടി താങ്ങിപ്പിടിച്ച് ഹോസ്പിറ്റലിൽ കൊണ്ടു പോയി. എക്സ്റേയും സ്കാനിംഗും എല്ലാം നടത്തി. കാലിന് പ്ലാസ്റ്ററിട്ടു.

പ്ലാസ്റ്ററിട്ട കാലുമായി സുഭദ്രാമ്മ റെസ്റ്റിലായി. വീഴ്ചയിൽ ഡിസ്ക്കിനും ചെറിയ പ്രോബ്ളം ഉണ്ടായെന്നാണ് സ്കാനിംഗിൽ തെളിഞ്ഞത്.

അമ്മയുടെ എല്ലാ കാര്യങ്ങളും അവൾ ആത്മാർത്ഥമായി നോക്കി.

അവരുടെ ദിനചര്യകളെല്ലാം കിടന്ന കിടപ്പിൽത്തന്നെയായിരുന്നു. ഇങ്ങനെ ഓരോന്നു ചെയ്യുമ്പോഴും അമ്മയുടെ കണ്ണിൽ വിതുമ്പാൻ വെമ്പിനിൽക്കുന്ന കണ്ണീർ അവൾ കണ്ടു.

ഭക്ഷണം അവൾ കൈ കൊണ്ട് വാരി വായിൽ വച്ചു കൊടുക്കും.

സുഭദ്രാമ്മയുടെ ഹൃദയം കുറ്റബോധത്താൽ നീറുകയായിരുന്നു. അവർ ആദ്യമായി മരുമകളെ വാത്സല്യത്തോടെ നോക്കി. താൻ ഇതുവരെ അവളോട് സ്നേഹത്തോടെ ഒന്നു മോളെ എന്നു പോലും വിളിച്ചിട്ടില്ല. ശരിക്കും തന്റെ മകനിവിടെയില്ലാത്ത സ്ഥിതിക്ക് അവളെ താൻ സ്വന്തം മോളായി ചേർത്തുപിടിക്കേണ്ടതല്ലേ?

തനിക്കെന്തെങ്കിലും സംഭവിച്ചാൽ അവളല്ലാതെ തനിക്കാരാണുള്ളത്? ഇപ്പാൾ തന്നെയതു ബോദ്ധ്യപ്പെടുത്താനാണ് ഈ അപകടം ദൈവം തന്നത്.. കുറച്ചു സ്വർണ്ണത്തിനുവേണ്ടി അവളുടെ വീട്ടുകാരോട് താൻ വിലപേശൽ നടത്തിയില്ലേ? പാവം അവളുടെ അച്ഛൻ അവളുടെ അനിയത്തിമാരെ വിവാഹം ചെയ്തുകൊടുക്കാൻ എത്രമാത്രം പാടുപെടേണ്ടിവരും. താനതു വല്ലതും ചിന്തിച്ചോ? തന്റെ മനസ്സിൽ മുഴുവൻ കാർത്തിക ആയിരുന്നു.

പിന്നെ മറ്റുള്ളവരെ കാണിക്കാൻ കുറെ സ്വർണ്ണം വേണമെന്നും. ഇവിടെ ആരാണു തോറ്റത്? താൻ തന്നെയല്ലേ? നിർമ്മലയുടെ സ്ഥാനത്ത് കാർത്തികയായിരുനെങ്കിലോ? എടുത്തു ചാട്ടക്കാരിയായ അവൾ തന്റെ കാര്യം നോക്കുമായിരുന്നോ? തന്റെ മകനിഷ്ടപ്പെട്ട ഇവളെ താനും മനസ്സാ സ്വീകരിക്കുകയല്ലേ വേണ്ടത് ?

തനിക്കൊരു മകളില്ലാത്തപ്പോൾ അവളെ സ്വന്തം മോളെപ്പോലെ കാണാൻ തനിക്കു കഴിയാത്തതെന്താ?

അവരുടെ മുഖത്ത് കണ്ണുനീർ ചാലുകൾ തീർത്തു.

മകന്റെ വിവാഹം കഴിഞ്ഞിട്ട് ഇനേക്ക് ഇരുപത്തിരണ്ടു ദിവസമായി. അത്യാവശ്യം എന്തെങ്കിലും സംസാരിക്കുമെന്നല്ലാതെ സ്നേഹത്തോടെ ഒന്നു വിളിക്കുക പോലും ചെയ്തിട്ടില്ല താൻ. അവളുടെ അച്ഛനും അനിയത്തിമാരും കൂടി ഒരിക്കൽ വന്നിട്ട് താനവരെ നേരാംവണ്ണം സ്വീകരിച്ചു പോലുമില്ല. തനിക്കിനിയെങ്കിലും ഇതിനെല്ലാം പ്രായശ്ചിത്തം ചെയ്യണം. തനിക്കു സ്വർണ്ണവും വേണ്ട ഒന്നും വേണ്ട.

അവർ ആദ്യമായി കാണുന്നതു പോലെ അവളെ നോക്കി .

അമ്മ എന്താ ഇങ്ങനെ നോക്കുന്നെ അവൾ ചോദിച്ചു.

അവർ അവളുടെ കൈ പിടിച്ച് നെഞ്ചോടു ചേർത്തു വെച്ച് വിതുമ്പിക്കരഞ്ഞു.

അവൾ അമ്മയുടെ കണ്ണുനീർ തുടച്ചു കളഞ്ഞു.

ആ മുഖത്തൊരു മുത്തം കൊടുത്തു. അവളുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു പൊൻ തിളക്കം..

******************

ഈ കഥ എല്ലാ അമ്മായി അമ്മമാർക്കും മരുമക്കൾക്കും വേണ്ടി സമർപ്പിക്കുന്നു………

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Josephina Thomas……

Leave a Reply

Your email address will not be published. Required fields are marked *