ഇപ്പോൾ അമ്മയക്ക് എന്നോട് ഒത്തിരി സ്നേഹവും കാര്യവുമൊക്കെയുണ്ട് , പക്ഷേ അതിനെക്കാൾ വലിയൊരു ആഗ്രഹം അമ്മയുടെ മനസ്സിലുണ്ട്..

രചന : സജി തൈപ്പറമ്പ്

ചക്കിന് വച്ചത്…

**************

“ആ കുട്ടിക്ക് എന്താണമ്മേ ഒരു കുറവ് , എനിക്ക് ഒത്തിരി ഇഷ്ടമായതായിരുന്നു, നല്ല പഠിപ്പും ഉണ്ടായിരുന്നു”

“നിനക്ക് മാത്രം ഇഷ്ടപ്പെട്ടിട്ടെന്താ കാര്യം ,

ബാക്കിയുള്ളവർക്ക് കൂടി ബോധ്യമാവണ്ടേ ?

“ഈ ബാക്കിയുള്ളവർ എന്ന് പറയുന്നത് ആരാ, ഏട്ടത്തി അല്ലേ?

“അതെ ഏട്ടത്തി തന്നെ ,ശ്രീദേവിക്ക് ആ കുട്ടിയെ തീരെ ഇഷ്ടമായില്ല”

“അതിനമ്മേ .. അവൾ എൻ്റെ കൂടെ ജീവിക്കേണ്ട കുട്ടിയല്ലേ ?അതിനിപ്പോൾ ഏട്ടത്തിയുടെ ഇഷ്ടം നോക്കുന്നത് എന്തിനാ”

“സന്ദീപേ.. ഒന്നു പതുക്കെ പറ, ശ്രീദേവി അപ്പുറത്തുണ്ട്, അവളെങ്ങാനും കേട്ടോണ്ടുവരും”

“അതിനെന്താ കേൾക്കട്ടെ, ഇതിപ്പോ മൂന്നാമത്തെ ആലോചനയാണ്, ഏട്ടത്തിക്ക് ഇഷ്ടമില്ലാതെ ഇങ്ങനെ മുടങ്ങുന്നത് , അമ്മയെന്തിനാ ഏട്ടത്തിയെ ഇങ്ങനെ പേടിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാവാത്തത്”

“മോനേ.. അത് വേറൊന്നുമല്ല, എനിക്ക് നിങ്ങൾ രണ്ടാൺ മക്കളേയുള്ളൂ, എൻ്റെ മരണംവരെ നിങ്ങൾ സ്വരുമയോട് കൂടി ,ഒരു വീട്ടിൽ തന്നെ കഴിയണമെന്നാണ് എൻ്റെ ആഗ്രഹം, ശ്രീദേവിക്ക് ഇഷ്ടമില്ലാത്ത ഒരു പെൺകുട്ടിയെ നീ വിവാഹം കഴിച്ചു കൊണ്ടു വന്നാൽ , അവർ തമ്മിൽ എന്നും പോരടിച്ചു കൊണ്ടേയിരിക്കും, പിന്നെ ,നിങ്ങൾ ഭർത്താക്കന്മാർക്ക്, ഒരിക്കലും ഒരു സ്വസ്ഥതയും കിട്ടുകയുമില്ല,

അവസാനം വഴക്ക് മൂത്ത് നിങ്ങൾ രണ്ടാളും ,രണ്ട് വഴിക്ക് പിരിയേണ്ടി വരും

“ഉം ,അമ്മയുടെ ദീർഘവീക്ഷണമൊക്കെ കൊള്ളാം ,അവസാനം ഏട്ടത്തിക്ക് ഇഷ്ടമാകുമ്പോഴേക്കും,

എനിക്ക് മൂക്കിൽ പല്ല് മുളയ്ക്കും”

“അതൊന്നുമുണ്ടാവില്ലനിയാ നിനക്ക് പറ്റിയ സുന്ദരിയും സൽസ്വഭാവിയുമായ ഒരു പെൺകുട്ടിയെ, ഈ ഏട്ടത്തി കണ്ട് പിടിച്ച് തരും പോരേ”

പെട്ടെന്ന് എവിടുന്നോ പൊട്ടിവീണത് പോലെ, ശ്രീദേവി അവരുടെ ഇടയിലേക്ക് കടന്നു വന്നു.

“അല്ല ഏടത്തി.. ഇന്ന് കണ്ട കുട്ടിക്ക് എന്തായിരുന്നു ഒരു കുറവ്”

“എടാ സന്ദീപേ .. പുറമെ കാണുന്നത് മാത്രമല്ല സൗന്ദര്യം ,ആ കുട്ടി കോളേജിൽ എൻ്റെ ജൂനിയറായിട്ട് പഠിച്ചിട്ടുള്ളതാണ് ,അന്ന് മുതലേ അവൾക്ക് ഒന്നിൽ കൂടുതൽ റിലേഷൻഷിപ്പ് ഉണ്ടായിരുന്നത് എനിക്ക് നന്നായറിയാം ,അത് കൊണ്ടാണ്, അത് വേണ്ടന്ന് ഞാൻ പറഞ്ഞത്,”

“ഓഹ് അങ്ങനെയാണോ ,എങ്കിലത് നേരത്തെ പറയണ്ടേ ,എന്നാൽ ശരിയമ്മേ.. ഞാൻ കടയിലോട്ട് ചെല്ലട്ടേ ,അവിടെ ഏട്ടൻ തനിച്ചല്ലേ യുള്ളു”

“ഉം ശരി മോനേ .. പോയിട്ട് വാ”

സന്ദീപ് ബൈക്കുമെടുത്ത് ഗേറ്റ് കടന്ന് പോകുന്നത് ,വിജയമ്മ നെടുവീർപ്പോടെ നോക്കി നില്ക്കുന്നത് കണ്ടപ്പോൾ ,ശ്രീദേവിയുടെ ചുണ്ടിൽ ഒരു ഗൂഡ സ്മിതം വിരിഞ്ഞു.

********************

“അല്ല ശ്രീദേവീ… നീയിപ്പോൾ രണ്ട് മൂന്ന് സ്ഥലത്ത് സന്ദീപുമായി പെണ്ണ് കാണാൻ പോയതല്ലേ? പക്ഷേ ഒരെണ്ണത്തിനെ പോലും നിനക്കിഷ്ടപ്പെട്ടില്ല ,അവനാണെങ്കിൽ മൂന്ന് പെൺകുട്ടികളെയും ഇഷ്ടമാകുകയും ചെയ്തു, എനിക്കൊരു സംശയം, നീയിത് മനപ്പൂർവ്വം മുടക്കുന്നതല്ലേന്ന് ”

രാത്രിയിൽ, കിടപ്പറയിൽ വച്ച്, സതീശൻ ഭാര്യയോട് തൻ്റെ സംശയം തുറന്ന് ചോദിച്ചു.

“ചേട്ടൻ സംശയിക്കേണ്ട, അത് സത്യമാണ് ,ഞാൻ മനപ്പൂർവ്വമാണ് സന്ദീപിൻ്റെ വിവാഹം,ഓരോ പ്രാവശ്യവും ഇങ്ങനെ നീട്ടിക്കൊണ്ട് പോകുന്നത്”

“ങ്ഹേ! എന്തിന്, അത് കൊണ്ട് നിനക്കെന്താ നേട്ടം”

“നേട്ടമുണ്ടാവാനല്ല ,എനിക്ക് ഭാവിയിൽ കോട്ടമുണ്ടാകാതിരിക്കാനുള്ള ഒരു മുൻകരുതലാണ്”

“എനിക്കൊന്നും മനസ്സിലാകുന്നില്ല, നീയൊന്ന് തെളിച്ച് പറ”

“സതീശേട്ടാ.. നമ്മുടെ കല്യാണം കഴിഞ്ഞിട്ട് വർഷം മൂന്നായി, ഇത് വരെ നമുക്കൊരു കുഞ്ഞുണ്ടായിട്ടില്ല

അതിനി എപ്പോഴാണെന്ന് ഒരുറപ്പുമില്ല,

ഇപ്പോൾ അമ്മയക്ക് എന്നോട് ഒത്തിരി സ്നേഹവും കാര്യവുമൊക്കെയുണ്ട് ,പക്ഷേ അതിനെക്കാൾ വലിയൊരു ആഗ്രഹം അമ്മയുടെ മനസ്സിലുണ്ട്, ഒരു കുഞ്ഞിക്കാല് കാണണമെന്ന്,

അത് ഒരു പക്ഷേ, സന്ദീപ് കല്യാണം കഴിക്കുന്ന പെൺകുട്ടിയിലൂടെയാണ് സാധിക്കുന്നതെങ്കിൽ,

ഇപ്പോൾ എന്നോടുള്ള സ്നേഹം മുഴുവനും അവളിലേക്ക് മാറിപ്പോകും, ഞാനപ്പോൾ പടിക്ക് പുറത്താകും, സതീശേട്ടൻ പോലും എന്നെ ചിലപ്പോൾ വെറുത്തെന്നിരിക്കും, എനിക്കത് സഹിക്കാനാവില്ല,

അത് കൊണ്ടാണ് ,ഞാനീ കടുംകൈ ചെയ്യുന്നത് ,എന്നെയൊന്ന് മനസ്സിലാക്ക് സതീശേട്ടാ…”

“പക്ഷേ, ശ്രീദേവീ..അതെത്ര നാൾ നിനക്കിങ്ങനെ നീട്ടിവയ്ക്കാൻ പറ്റും ,ഒരിക്കൽ അവരും മനസ്സിലാക്കില്ലേ, എല്ലാം നിൻ്റെ അടവായിരുന്നെന്ന്”

“അതപ്പോഴല്ലേ ?അതിനെക്കാച്ചൊന്നും ഇപ്പോൾ ചിന്തിക്കേണ്ട, ദൈവം എന്തെങ്കിലും ഒരു വഴി കാണിച്ച് തരും”

ശ്രീദേവിയുടെ വിചിത്രമായ തീരുമാനത്തിന് മുന്നിൽ സതീശൻ പകച്ച് നിന്നു .

*******************

പിറ്റേന്ന് മുഷിഞ്ഞ തുണികൾ വാഷിങ്ങ് മെഷീനിലേക്കിടുമ്പോഴാണ്, ശ്രീദേവിയുടെ മൊബൈൽ റിങ്ങ് ചെയ്തത് .

എടുത്ത് നോക്കിയപ്പോൾ അനിയത്തി ശ്രീലക്ഷ്മിയാണ്.

“ങ്ഹാ ,പറയെടീ… എന്താ വിശേഷം”

“ഓഹ് ഇവിടെന്ത് വിശേഷമുണ്ടാവാനാ, അവിടെ ചേച്ചിക്ക് എന്തെങ്കിലും വിശേഷമാകുന്ന ലക്ഷണം വല്ലതുമുണ്ടോ?

‘ഒന്നുമില്ലെടീ … എൻ്റെ മുറതെറ്റുന്ന ലക്ഷണമൊന്നും കാണുന്നില്ല, ങ്ഹാ പിന്നെ ,നിൻ്റെ എക്സാം എങ്ങനെയുണ്ടായിരുന്നു.”

“ങ്ഹാ, അതൊക്കെ ഒരുവിധമെഴുതിയിട്ടുണ്ട് , ഇന്നിപ്പോൾ കോളേജടച്ചു, ഇനി കുറെ ദിവസത്തേക്ക് ഞാനൊറ്റയ്ക്ക് വീട്ടിലിരുന്ന് ബോറടിക്കണമല്ലോന്ന് ഓർക്കുമ്പോഴാ ഒരു വിഷമം ,ചേച്ചിക്ക് കുറച്ച് ദിവസം ഇവിടെ വന്ന് നില്ക്കാൻ വയ്യേ?”

“ഓഹ് നിനക്കറിയാമല്ലോ, സതീശേട്ടന് കടയിൽ നിന്ന് മാറി നില്ക്കാൻ കഴിയില്ല, മാത്രമല്ല ഞാനില്ലാതെ സതീശേട്ടൻ്റെ ഒരു കാര്യവും നടക്കത്തുമില്ല ,എല്ലാത്തിനും ഞാനടുത്ത് തന്നെയുണ്ടാവണം”

“ങ്ഹാ പിന്നെ ,അമ്മ എന്ത് പറയുന്നു ചേച്ചീ സുഖമായിരിക്കന്നോ?”

“അമ്മയിവിടെ എൻ്റടുത്ത് നില്പുണ്ട്, ഫോൺ ഞാൻ അമ്മയുടെ കൈയ്യിൽ കൊടുക്കാം, നീ സംസാരിക്ക്,

ഇന്നാ അമ്മേ .. ശ്രീലക്ഷ്മിയാ”

ശ്രീദേവി ഫോൺ അമ്മയുടെ കൈയ്യിൽ കൊടുത്തു.

“ങ്ഹാ മോളേ.. നിനക്ക് സുഖമാണോ?

പരീക്ഷയൊക്കെ കഴിഞ്ഞോ”

“അതെ അമ്മേ.. സുഖമായിരിക്കുന്നു ,പരീക്ഷ കഴിഞ്ഞു കോളേജുമടച്ചു, ഞാനിവിടെ തനിച്ചായത് കൊണ്ട്, ചേച്ചി കുറച്ച് ദിവസം ഇവിടെ വന്ന് നില്ക്കുമോന്നറിയാൻ വിളിച്ചതാ, അപ്പോൾ ചേച്ചിക്ക് വരാൻ കഴിയില്ലെന്ന് പറഞ്ഞു”

“ങ്ഹാ അത് പിന്നെ, സതീശനെ കൂടാതെ ചേച്ചി ഒറ്റയ്ക്ക് അവിടെ വന്ന് നില്ക്കില്ലല്ലോ?

അവനാണെങ്കിൽ ബിസിനസ്സ് കളഞ്ഞിട്ട് മാറിനില്ക്കത്തുമില്ല ,മോളൊരു കാര്യം ചെയ്യ് ,കോളേജ് തുറക്കുന്നത് വരെ ഇവിടെ വന്ന് നില്ക്ക് ,അതാകുമ്പോൾ ചേച്ചിക്കും ഒരു സന്തോഷമാകുമല്ലോ?”

“ഉം ഞാനുമതോർത്തു, പക്ഷേ നിങ്ങളാരും വിളിക്കാതെ ഞാനെങ്ങനെ വലിഞ്ഞ് കേറി വരുമെന്നോർത്തിട്ടാ മിണ്ടാതിരുന്നത്”

“അതിന് ഞങ്ങളാരും അന്യരല്ലല്ലോ മോളേ ..

നിനക്ക് എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വരാം,

നീയൊരു കാര്യം ചെയ്യ്, വൈകിട്ട് നാലിന് അവിടുന്നൊരു ബസ്സുണ്ടല്ലോ? അതിൽ കയറി കവലയിൽ വന്നിറങ്ങിയാൽ മതി, അവിടെ നമ്മുടെ കടയിൽ വന്നാൽ സതീശനോ, സന്ദീപോ നിന്നെയിങ്ങോട്ട് കൂട്ടികൊണ്ട് വന്നോളും”

“എന്നാൽ ശരിയമ്മേ … ചേച്ചിയോട് പറഞ്ഞേര്,

ഞാനിന്ന് തന്നെ വരുന്നുണ്ടെന്ന്”

ശ്രീലക്ഷ്മിയുടെ ഫോൺ കട്ടായപ്പോൾ, വിജയമ്മ തിരിഞ്ഞ് ശ്രീദേവിയെ നോക്കി, അനുജത്തി വരുന്ന കാര്യം പറഞ്ഞു.

“എന്നിട്ട് നിൻ്റെ മുഖത്തെന്താ, ഒരു സന്തോഷമില്ലാത്തത്”

ശ്രീദേവിയുടെ മ്ളാനത കണ്ട് വിജയമ്മ ചോദിച്ചു.

“അതൊന്നുമില്ലമ്മേ … രാവിലെ മുതൽ ഒരു തലവേദന”

“എന്നാൽ മോള് പോയി കിടന്നോ, ബാക്കി അമ്മ നോക്കിക്കൊള്ളാം”

“സാരമില്ലമ്മേ.. അത് മാറിക്കൊള്ളും”

വിജയമ്മ അടുക്കളയിലേക്ക് പോയപ്പോൾ, ശ്രീദേവി പുറകിൽ നിന്ന് പിറുപിറുത്തു.

“ഈ അമ്മയ്ക്കിതെന്തിൻ്റെ കേടായിരുന്നു ,

അവളിങ്ങോട്ട് വന്നാൽ പിന്നെ, തനിക്ക് വല്ലാത്ത ടെൻഷനാണ് ,

ഇവിടെ കെട്ട് പ്രായം കഴിഞ്ഞൊരു ചെറുക്കൻ നില്പുണ്ടെന്ന് അമ്മയ്ക്കറിയാവുന്നതല്ലേ?

കുട്ടികൾ എന്തേലും അവിവേകം കാണിച്ചാൽ ,

ശ്ശോ! ഓർക്കാൻ കൂടി വയ്യ ,കരിമരുന്നും മെഴുക് തിരിയും അടുത്തടുത്തിരിക്കുന്ന, പോലുള്ള ടെൻഷനായിരിക്കും, ഇനി തൻ്റെ മനസ്സിൽ.

ശ്രീദേവിയുടെ സമാധാനം പോയിക്കഴിഞ്ഞിരുന്നു.

വൈകിട്ട് അഞ്ചരയോട് കൂടി, ശ്രീലക്ഷ്മി കവലയിലെത്തിയെന്ന് വിളിച്ച് പറഞ്ഞു.

“ങ്ഹാ, നീ സതീശേട്ടൻ്റെയൊപ്പം വന്നാൽ മതികെട്ടോ”

ശ്രീദേവി അനുജത്തിയോട് ചട്ടം കെട്ടി.

“ശരി ചേച്ചീ …”

പിന്നെയും അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് ,ശ്രീലക്ഷ്മി വിട്ടിലെത്തിയത് .

പക്ഷേ ,സന്ദീപിൻ്റെ ബൈക്കിന് പുറകിലിരുന്നാണ് അവൾ വന്നത്.

“നിന്നോട് ഞാൻ സതീശേട്ടൻ്റെ ഒപ്പം വരാനല്ലേ പറഞ്ഞത്”

ശ്രീദേവി അനുജത്തിയോട് നീരസപ്പെട്ടു.

‘അതിന് സതീശേട്ടൻ ഒന്ന് ഫ്രീയാകണ്ടേ ,പക്ഷേ സന്ദീപ് നല്ല ഫ്രണ്ട്ലിയാണ് കെട്ടോ ചേച്ചി ,എന്ത് രസമാണ് പുള്ളീടെ ചില തമാശകൾ കേൾക്കാൻ ,ഞാനവിടുന്നിവിടം വരെ, ചിരിച്ച് ഒരു പരുവമായി”

“മ്ഹും മതി മതി ,നീ പോയി ഒന്ന് ഫ്രഷാക്,

ഞാനപ്പോഴേക്കും ചായയെടുക്കാം”

ശ്രീലക്ഷ്മി അകത്തേക്ക് പോയപ്പോൾ, വിജയമ്മ അങ്ങോട്ട് വന്നു.

“അവര് ദൂരേന്ന് വരുന്നത് ഞാൻ നോക്കി നില്ക്കുവായിരുന്നു ,

എന്തൊരു ചേർച്ചയാണ് അവര് തമ്മിൽ, അല്ലേ മോളേ ..”

വിജയമ്മയുടെ ചോദ്യം കേട്ട് ശ്രീദേവി ഞെട്ടിത്തെറിച്ച് പോയി.

“അല്ല ,അമ്മയെന്താ ഉദ്ദേശിക്കുന്നത്”

ശ്രീദേവി ,ആകാംക്ഷയോടെ ചോദിച്ചു.

“ഞാനോർക്കുവായിരുന്നു , സന്ദീപിന് വേറെ പെണ്ണ് നോക്കുന്നതെന്തിനാ ,ഇത് തന്നെയങ്ങ് ആലോചിച്ചാൽ പോരെ എന്ന് ,

ശ്രീലക്ഷ്മിയാകുമ്പോൾ നമുക്കറിയാവുന്ന നമ്മുടെ സ്വന്തം കുട്ടിയാണ് ,മിടുക്കിയുമാണ് ,”

“അമ്മയെന്താണീ പറയുന്നത് ,അതെങ്ങനെ ശരിയാവും, അതുമല്ല സന്ദീപിന് അവളെ ഇഷ്ടമാവുകയൊന്നുമില്ല”

എങ്ങിനെയെങ്കിലും അമ്മയെ ഈ ആലോചനയിൽ നിന്ന് പിന്തിരിപ്പിക്കാനായി, ശ്രീദേവിയുടെ മനസ്സ് വെമ്പൽ കൊണ്ടു.

“എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല ,അമ്മയുടെ ഇഷ്ടമാണ് എൻ്റെയും ഇഷ്ടം,

പിന്നെ, ഏടത്തിക്ക് എന്തായാലും അനിയത്തിയെക്കുറിച്ച് എതിരഭിപ്രായമൊന്നുമുണ്ടാവില്ലല്ലോ ?എന്നാൽ ഞാൻ കടയിലോട്ട് പോകുവാ ,അമ്മേ .. എന്നാൽ പിന്നെ താമസിക്കേണ്ട, ആലോചന തുടർന്നോളു ,

ഇനിയൊരു പെണ്ണ് കാണലിന് പോകേണ്ടല്ലോ ,അത്രയും ആശ്വാസം”

സന്തോഷം നിറഞ്ഞ മനസ്സോടെ സന്ദീപ് പോയപ്പോൾ, ശ്രീദേവിയുടെ കണക്ക് കൂട്ടലുകളെല്ലാം പിഴയ്ക്കുകയായിരുന്നു.

ഒരന്യ പെണ്ണിനെയാണ് അവൻ കല്യാണം കഴിച്ചിരുന്നതെങ്കിൽ, പോരെടുത്തെങ്കിലും, അവളെ ഈ വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കി തൻ്റെ സ്ഥാനം നിലനിർത്താനായിരുന്നു ,

ഇതിപ്പോൾ, ഉത്തരത്തിലിരുന്നത് എടുക്കാനും പറ്റിയില്ല ,കക്ഷത്തിലിരുന്നത് പോകുകയും ചെയ്തല്ലോ ഈശ്വരാ …

ചക്കിന് വച്ചത് ….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സജി തൈപ്പറമ്പ്

Leave a Reply

Your email address will not be published. Required fields are marked *