അനന്യ നാണത്തോടെ തലയാട്ടി അവന്റെ നെഞ്ചിൽ മുഖമമർത്തി കിടന്നു, അലക്സ് അവളെ ചേർത്തു പിടിച്ചു…..

രചന : ഫാത്തിമ അലി, Fabi

നിന്നിൽ അലിയാൻ…

നിർത്താതെ ഫോൺ റിംങ് ചെയ്യുന്നത് കേട്ട് ബെഡിൽ ഉറങ്ങുകയായിരുന്ന അലക്സ് കണ്ണ് തുറക്കാതെ തന്നെ ആൻസർ ബട്ടൺ അമർത്തി ചെവിയിലേക്ക് വെച്ചു….

“ഹലോ ഇച്ചായാ….”

മറുഭാഗത്തു നിന്നും ഒരു പെൺസ്വരം കേട്ടതും അവൻ കണ്ണുകൾ തുറന്ന് ഡിസ്പ്ലേയിലെ പേരിലേക്ക് നോക്കി…

‘അനന്യ’ എന്ന പേര് കണ്ടതും അവൻ കൈകൊണ്ട് തലയിലടിച്ച് ബെഡിൽ എഴുന്നേറ്റിരുന്നു….

“ഇച്ചായാ കേൾക്കുന്നില്ലേ..?”

അലക്സിന്റെ ശബ്ദമൊന്നും കേൾക്കാഞ്ഞിട്ട് അവൾ ചോദിച്ചു…

“ആ അമ്മൂ..പറ..”

“എവിടെയാ ഇച്ചായാ…എത്ര ദിവസമായി എനിക്കൊന്ന് വിളിച്ചിട്ട്….? രണ്ട് ദിവസം വീട്ടിൽ പോയേച്ചും വരാം എന്ന് പറഞ്ഞ ആളാ…ഇതിപ്പോ ഒരാഴ്ചയായി…. ഇതിനിടക്ക് എന്നെ ഒന്ന് വിളിച്ചിട്ട് കൂടെ ഇല്ല…ഞാൻ വിളിച്ചാലൊട്ട് എടുക്കുകയും ഇല്ലാലോ…”

അവൾ പരിഭവത്തോടെ പറഞ്ഞു….

“ഞാൻ അൽപം തിരക്കിലായിരുന്നു അമ്മൂ..അതാ വിളിക്കാൻ പറ്റാഞ്ഞത്…”

വാക്കുകളിൽ മയം പുരട്ടി സംസാരിക്കുന്നുണ്ടെങ്കിലും അവന്റെ അനിഷ്ടം മുഖത്ത് തെളിയുന്നുണ്ടായിരുന്നു….

“എന്നാ ഇനി തിരിച്ച്..? പെട്ടന്ന വരില്ലേ…?”

ഒരു നിശബ്ദതയ്ക്ക് ശേഷം അവൾ ചോദിച്ചു….

“കുറച്ച് ദിവസം കഴിയും…ഞാൻ പിന്നെ വിളിക്കാം അൽപം തിരക്കിലാ….”

അവളെ തിരിച്ചൊന്നും പറയാൻ സമ്മതിക്കാതെ അലക്സ് ഫോൺ കട്ട് ചെയ്ത് ഒരു പുച്ഛത്തോടെ ബെഡിലേക്കിട്ടു….

ബെഡിൽ നിന്നും എഴുന്നേറ്റ് ഹാളിലേക്ക് നടന്നു…..

ഇന്നലെ കുടിച്ച് കാലിയാക്കിയ മദ്യക്കുപ്പിയും സോഡയുടെ ബോട്ടിലുകളുമെല്ലാം നിലത്ത് അങ്ങിങ്ങായി ചിതറി കിടപ്പുണ്ടായിരുന്നു….

അത് കാലുകൊണ്ട് തട്ടി മാറ്റി പോക്കറ്റിൽ നിന്നും സിഗററ്റും ലൈറ്ററും എടുത്ത് കത്തിച്ച് ബാൽക്കണിയിലേക്ക് ചെന്നു….

********************

ഇത് അലക്സ് ജോഷ്വാ പ്ലാമൂട്ടിൽ….

ഒരു കാഞ്ഞിരപള്ളിക്കാരൻ അച്ചായൻ……

പ്ലാമൂട്ടിൽ ജോഷ്വാ ജോർജിന്റയും ആനിയുടേയും ഏക സന്താനം….

അലക്സിന്റെ ഭാഷയിൽ പറയുകയാണെങ്കിൽ അപ്പന്റെ കുലം മുടിക്കാനുണ്ടായ സന്തതി….

അലക്സിന് ആറ് വയസുള്ളപ്പോഴാണ് അവന്റെ മമ്മയുടെ ആകസ്മിക മരണം….

ജീവിതം ഭദ്രമാക്കാനുള്ള ഓട്ടത്തിനിടെ കുഞ്ഞ് അലക്സ് ഒറ്റക്കാണെന്ന കാര്യം ജോർജ് പാടെ മറന്നിരുന്നു….

അവൻ ആഗ്രഹിച്ചത് പോലെ ഒരഞ്ചാറ് തലമുറക്കുള്ള സ്വത്ത് ഉണ്ടാക്കിയപ്പോഴേക്കും അലക്സ് പിടിവിട്ട് പോയിരുന്നു…..

വലിയും കുടിയുമായി നടക്കുന്ന അലക്സിന് പക്കാ ഫ്രോഡ് കൂട്ട് കെട്ടായിരുന്നു ഉണ്ടായിരുന്നത്…

ഒരു സ്ത്രീയുടെ സ്നേഹവും വാത്സല്യവും കിട്ടാതെ വളർന്നതിനാലാവാം എല്ലാ പെണ്ണും അവന് വെറുമൊരു ശരീരം മാത്രമായിരുന്നു….

അലക്സിന്റെ ഈ കുത്തഴിഞ്ഞ ജീവിതം കാരണം പൊറുതി മുട്ടിയ ജോർജ് അവനെ എറണാകുളത്തെ പ്രശസ്തമായ എഞ്ചിനീയറിംങ് കോളേജിൽ ചേർത്തിയത്…..

അവിടെ പ്രൊഫസറായി ജോർജിന്റെ മൂത്ത ജ്യേഷ്ടൻ ഐസക് ഉണ്ടായിരുന്നു…..

അലക്സിന് പേടിയും ബഹുമാനവും കുറച്ചെങ്കിലുമുള്ളത് ഐസക്കിനെ മാത്രമായിരുന്നു…..

അലക്സിന് വേണ്ടി എറണാകുളത്ത് ഒരു ഫ്ലാറ്റ് ജോർജ് വാങ്ങിയിരുന്നു…

അവിടെ ആണ് അലക്സ് താമസിക്കുന്നത്….

ഇപ്പോൾ അവൻ എഞ്ചിനീയറിങ് അവസാന വർഷ വിദ്യാർത്ഥിയാണ്….

ഐസക്കിനെ പേടിച്ച് അലക്സ് പുറമെ കുഴപ്പങ്ങളൊന്നും കാണിച്ചില്ലെങ്കിലും അവരറിയാതെ തന്റെ ശീലങ്ങൾ എല്ലാം തുടർന്ന് പോന്നിരുന്നു….

അങ്ങനെയിരിക്കെയാണ് ഒന്നാം വർഷ എഞ്ചിനീയറിങിലെ ഒരു പെൺകുട്ടിയെ അലക്സിന്റെ കണ്ണിലുടക്കിയത്….

പൊതുവെ അലക്സ് കോളേജിലെ പെൺകുട്ടികളോട് മോശമായി പെരുമാറാറില്ലെങ്കിലും ഈ പെൺകുട്ടി അവനെ ഒരുപാട് മോഹിപ്പിച്ചു….

അനന്യ എന്നായിരുന്നു അവളുടെ പേര്….ഒരു പാവം തൃശ്ശൂർക്കാരി കുട്ടി….

അവളുടെ മറ്റ് ഡീറ്റൈൽസ് ഒന്നും അവന് അറിയില്ലായിരുന്നു….

അല്ലെങ്കിലും അതൊന്നും അറിയാൻ താൽപര്യപെട്ടില്ല എന്നതാണ് സത്യം…

കാരണം അവളുടെ ശരീരത്തോട് തോന്നിയ ആകർഷണം മാത്രമായിരുന്നു അവന്…..

അങ്ങനെ അവൻ അവളെ പ്രണയിച്ച് തന്റെ ആഗ്രഹം നിറവേറ്റാനായി തീരുമാനിച്ചു….

പെട്ടന്നൊന്നും വഴങ്ങി തരില്ല എന്ന് അറിയാവുന്നത് കൊണ്ട് എത്ര പിന്നാലെ നടക്കാനും അലക്സ് ഒരുക്കമായിരുന്നു….

എന്നാൽ അവനെ പോലും ഞെട്ടിച്ച് കൊണ്ട് അനന്യ അവനോട് വന്ന് ഇഷ്ടം പറയുന്നത്…

ഒരു മാസത്തോളം അനന്യയെ പ്രേമിക്കുന്നതായി അലക്സ് അഭിനയിച്ചു..

അലക്സിന്റെ പിറന്നാളിന്റെ അന്ന് അനന്യയ്ക്കും അവനും മാത്രമായി അവന്റെ ഫ്ലാറ്റിൽ വെച്ചൊരുക്കിയ പാർട്ടിയിൽ അനന്യയെ അവൻ അനുഭവിച്ചു….

സാധാരണ ഒരിക്കൽ അനുഭവിച്ച് കഴിഞ്ഞാൽ അവരെ ഒഴിവാക്കാറായിരുന്നു അലക്സിന്റെ പതിവ്…

എന്നാൽ അനന്യയുടെ കാര്യത്തിൽ അത് നേരെ മറിച്ചും….

പിന്നിടെപ്പഴോ അവന് അനന്യയോടുള്ള തന്റെ ഫീലിംഗ്സ് മാറി വരുന്നതായി തോന്നി…അത് വെറുമൊരു തോന്നൽ മാത്രമാക്കി അനന്യയെ അലക്സ് പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുകയാണ്….

****************

ഒന്ന് രണ്ട് പഫ് എടുത്തപ്പോഴേക്കും ഫ്ലാറ്റിലെ കോളിംങ് ബെൽ മുഴങ്ങി….

അലക്സ് സിഗററ്റ് ആഷ്ട്രേയിൽ കുത്തി കെടുത്തി ഡോറ് തുറക്കാനായി പോയി….

ഡോർ തുറന്നതും അനന്യയെ കണ്ട് അലക്സ് ഒന്ന് പതറി….

“എന്താ ഇച്ചായാ…എന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ലാ അല്ലെ…?”

അനന്യ ചോദിച്ചതിന് മറുപടി കൊടുക്കാതെ അലക്സ് തിരിഞ്ഞ് നടന്നു….

അവൾ ഉള്ളിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു…

“ഇച്ചായൻ ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല….”

“നീ ഇപ്പോ എന്തിനാ ഇങ്ങോട്ടേക്ക് വന്നത്…?”

അലക്സ് മറുചോദ്യം ഉന്നയിച്ചു….

“ഞാൻ ആദ്യമായിട്ടല്ലല്ലോ ഇച്ചായാ ഇങ്ങോട്ട് വരുന്നത്….ഇച്ഛായൻ തന്നെ പലപ്പോഴും എന്നെ ഇങ്ങോട്ട് കൊണ്ടു വന്നിട്ടില്ലേ…?”

അനന്യയുടെ ചോദ്യം കേട്ട് പിന്തിരിഞ്ഞ് പോവാൻ നിന്ന അലക്സിന്റെ കൈ അവൾ പിടിച്ച് വെച്ചു…

“എന്താ ഇച്ചായാ പ്രശ്നം..? എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്…?”

“ജസ്റ്റ് സ്റ്റോപ്പ് ഇറ്റ് അനന്യ….ആരാ നിന്റെ ഇച്ചായൻ…ഇനി മേലാൽ എന്നെ അങ്ങനെ വിളിച്ച് പോവരുത്…അലക്സ്…അതാണ് എന്റെ പേര്….

പിന്നെ നിനക്ക് എന്തൊക്കെയാ അറിയേണ്ടത്..?

ഞാൻ നിന്നെ അവോയ്ഡ് ചെയ്യുകയാണോ എന്നോ..?

അതെ ടീ..മനപ്പൂർവം തന്നെ നിന്നെ അവോയ്ഡ് ചെയ്യുന്നതാ….നീ എന്താ കരുതിയത്..?

ഈ അലക്സിന് നിന്നോട് മുഴുത്ത പ്രേമം ആണെന്നോ…

അതെ പ്രേമമാണ് പക്ഷേ അതൊരിക്കലും നിന്നോടായിരുന്നില്ല…ദാ നിന്റെ ഈ ശരീരത്തോട്….

അത് വേണ്ടുവോളം ഞാൻ അനുഭവിച്ച് മടുത്തിട്ട് തന്നെയാ നിന്നെ ഒഴിവാക്കാൻ നോക്കുന്നത്…”

അലക്സിന്റെ ഓരോ വാക്കുകളും അനന്യയുടെ ഹൃദയത്തെ കീറി മുറിക്കാൻ കെൽപ്പുള്ളവയായിരുന്നു

അവൾ ഒരു താങ്ങിന് വേണ്ടി ഹാളിലെ ടേബിളിൽ പിടിച്ച് നിന്നു…..

“ഇച്ചായാ….ഇച്ചായൻ എന്നെ പറ്റിക്കാൻ വേണ്ടി പറയല്ലേ….പറ ഇച്ചായാ…എന്നെ പറ്റിക്കാൻ വേണ്ടി പറയുന്നതാണെന്ന് പറ…”

അനന്യ അലക്സിന്റെ ബനിയൻ കുത്തിപിടിച്ച് പുലമ്പി കൊണ്ടിരുന്നു…..

“നിനക്കെന്താ പ്രാന്ത് പിടിച്ചോ…ഞാൻ പറഞ്ഞ് കഴിഞ്ഞതാണ് എല്ലാം…ഇനി എനിക്ക് നിന്നെ ആവശ്യമില്ല…നിനക്ക് പോവാം…”

“പ്ലീസ് ഇച്ചായാ…ഞാൻ കാലു പിടിക്കാം…എന്നെ ഇഷ്ടമില്ലാ എന്ന് മാത്രം പറയല്ലേ…”

അനന്യ അലക്സിന്റെ കാൽക്കൽ ഇരുന്ന് കരഞ്ഞ് പറഞ്ഞു….

“ഛേ….മര്യാദയ്ക്ക് എഴുന്നേറ്റ് പോകുന്നതാ നിനക്ക് നല്ലത്….അല്ലെങ്കിൽ പിടിച്ച് പുറത്താക്കാൻ എനിക്ക് അറിയാം….”

അലക്സ് അവന്റെ കാൽ ശക്തിയിൽ കുടഞ്ഞതും അനന്യ തെറിച്ച് വീണു….അവളുടെ നേരെ കൈ ചൂണ്ടി അലക്സ് പറഞ്ഞു……

അലക്സ് പറഞ്ഞതൊന്നും സഹിക്കാൻ കഴിയാതെ അനന്യ മുഖം പൊത്തി കരഞ്ഞു….

കുറച്ച് സമയത്തിന് ശേഷം അനന്യ പതിയെ മുഖമുയർത്തി അലക്സിനെ നോക്കി… അവളുടെ കലങ്ങിയ കണ്ണുകളും കരഞ്ഞ് ചുവന്ന മുഖവും കണ്ട് അലക്സിന് നെഞ്ചിലെവിടെയോ ഒരു വേദന തോന്നി എങ്കിലും അവനതിനെ സമർത്ഥമായി മറച്ചു….

അനന്യ എഴുന്നറ്റ് മുഖം അമർത്തി തുടച്ച് അലക്സിന് നേരെ നടന്നു….

“ഞാൻ പൊയ്ക്കോളാം….ഇനി ഒരിക്കലും ഒരു ശല്യമായി ഇച്ചായന് മുന്നിൽ ഞാൻ വരില്ല….പക്ഷേ ഇച്ചായൻ വരും….എന്നെ തേടി….എന്നെങ്കിലും…. കാരണം ഞാൻ നിങ്ങളെ സ്നേഹിച്ചത് സത്യമായിരുന്നു….”

അലക്സിന്റെ മുഖം കൈകളിൽ എടുത്ത് ഉയർന്ന് പൊങ്ങി അവന്റെ നെറ്റിയിൽ തന്റെ ചുണ്ടുകൾ പതിപ്പിച്ചു….

അവളുടെ ചുണ്ടിന്റെ ചൂട് തന്റെ ദേഹത്താകമാനം ഒരു വിറയൽ ഉണ്ടാക്കുന്നതായി അലക്സിന് തോന്നി…

അവനാ ചൂടിൽ ഒരു നിമിഷം കണ്ണുകളടച്ച് തന്നെ തന്നെ മറന്ന് നിന്നു…..

“കാത്തിരിക്കും ഞാൻ…”

അവന്റെ ചെവിയോരം പറഞ്ഞ് നിറഞ്ഞ കണ്ണുകൾ തുടച്ച് അനന്യ പതിയെ നടന്നു…..

*****************

ദിവസങ്ങൾ കൊഴിഞ്ഞ് വീണു…

അനന്യ പോയതിൽ പിന്നെ അലക്സ് അവളെ ഒരിക്കൽ പോലും ഓർക്കാൻ ശ്രമിച്ചില്ല….

അലക്സിന്റെ കൂടെയുള്ള കുറച്ച് ഫ്രോഡ് ടീംസ് എല്ലാവരും കൂടെ കൃസ്മസിന് ഒരു പത്ത് ദിവസത്തെ ഗോവ ട്രിപ്പിനായി പ്ലാൻ ചെയ്തു….

അവരുടെ കൂടെ എന്തിനും തയ്യാറായി നടക്കുന്ന പെണ്ണുങ്ങളും ഉണ്ടായിരുന്നു….

അവർ ഗോവയിലെത്തി….

അനന്യ ഉണ്ടായിരുന്നതിന് ശേഷം മറ്റൊരു പെണ്ണിന് നേരെ അലക്സ് പോയിട്ടില്ലായിരുന്നു….

അത് ഇന്നത്തോടെ മാറ്റണമെന്ന് അവൻ കരുതി..

അവരുടെ കൂട്ടത്തിലെ ഒരു പെണ്ണിനെ അവന്റെ റൂമിലേക്ക് വിളിച്ച് വരുത്തി….

അവളെ കരവലയത്തിനുള്ളിലാക്കി അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…..

അവളുടെ ശരീരത്തിലെ വിലകൂടിയ പെർഫ്രൂമിന്റെ ഗന്ധത്തിന് പകരം മറ്റെന്തോ സുഗന്ധം തന്നെ വന്ന് പൊതിയുന്നത് പോലെ അലക്സിന് തോന്നി.

അവൻ കണ്ണുകളടച്ച് ആ ഗന്ധം ഉള്ളിലേക്കാവാഹിച്ചു…..

തനിക്ക് മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന അനന്യയുടെ മുഖം മിഴിവോടെ ദൃശ്യമാകുന്നത് അലക്സ് അറിഞ്ഞു….

അവളുടെ ദേഹത്ത് നിന്നും വമിക്കുന്ന ചന്ദനത്തിന്റെ സുഗന്ധമാണെന്ന് അലക്സ് മനസ്സിലാക്കി….

അവനൊരു പിടപ്പോടെ കൂടെ ഉണ്ടായിരുന്നവളെ ശരീരത്തിൽ നിന്നും അകറ്റി നിർത്തി….

വശ്യമായ പുഞ്ചിരിയോടെ തന്നിലേക്കടുക്കാൻ ശ്രമിക്കുന്ന ആ യുവതിയെ കാണെ കലങ്ങിയ കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളുമായ തന്നെ നോക്കി നിൽക്കുന്ന അനന്യയുടെ മുഖം അവനോർമ്മ വന്നു….

തന്റെ കൂടെ ഉണ്ടായിരുന്ന അവളെ പിടിച്ച് വെളിയിലാക്കി അലക്സ് റൂമിന്റെ വാതിലടച്ചു…..

അനന്യയുടെ ഓർമ്മകളെ കടത്തിവിടാതിരിക്കാനെന്നോണം അലക്സ് കണ്ണുകൾ ഇറുക്കെ അടച്ചു….

എന്നാൽ പതിന്മടങ്ങ് ശക്തിയിൽ അനന്യയുടെ ഓർമകൾ അലക്സിൽ നിറഞ്ഞു വന്നു……

അവൻ വെപ്രാളത്തോടെ ടേബിളിൻമേൽ വെച്ചിരുന്ന മദ്യത്തിന്റെ ബോട്ടിൽ തുറന്ന് വായിലേക്ക് കമഴ്ത്തി….

ബോധം നശിക്കുവോളം അലക്സ് കുടിച്ചു….

എന്നാൽ അവന് പാടെ തെറ്റിപ്പോയിരുന്നു…..

എത്ര വീര്യം കൂടിയ മദ്യത്തിനും നശിപ്പിക്കാൻ കഴിയാതത്ര ആഴത്തിൽ അനന്യയെന്ന ലഹരി അവന്റെ സിരകളിൽ ആഴ്ന്നിറങ്ങിയിരുന്നു…..

രണ്ടു ദിവസത്തിനുള്ളിൽ തന്നെ അലക്സ് ട്രിപ്പ് കാൻസൽ ചെയ്ത് നാട്ടിലേക്ക് തിരിച്ചു….

വന്ന ദിവസം തന്നെ അവൻ കോളേജിലേക്ക് ചെന്നു എങ്കിലും നിരാശയായിരുന്നു ഫലം…

കൃസ്മസ് ആയതിനാൽ കോളേജും ഹോസ്റ്റലും അടച്ചിട്ടിരുന്നു……

അലക്സിന് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി……

അനന്യയെ ഒരു നോക്ക് കാണാനും അവളുടെ സ്വരം കേൾക്കാനും അവൻ അത്രയും ആഗ്രഹിച്ചിരുന്നു…..

താനവളെ ഇത്രയും അധികം പ്രണയിച്ചിരുന്നു എന്നത് അലക്സിന് ആശ്ചര്യമായിരുന്നു…

ചില പ്രണയങ്ങൾ അങ്ങനെയാണല്ലോ..

കൂടെ ഉണ്ടാവുമ്പോഴായിരിക്കില്ല…

നഷ്ടപ്പെടുന്നു എന്ന തോന്നലിലായിരിക്കും അവരെ നമ്മൾ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കുക…

അലക്സും മനസ്സിലാക്കുകയായിരുന്നു അനന്യയില്ലാതെ താൻ പൂർണ്ണനാവില്ലെന്ന്…..

മനസ്സ് കൈവിട്ട് പോവും എന്ന തോന്നലിൽ അവൻ അപ്പന്റെ അടുത്തേക്ക് പോവാൻ തീരുമാനിച്ചു…

അലക്സ് പ്ലാമൂട്ടിൽ തറവാട്ടിലെത്തിയപ്പൾ ജോർജും ഐസക്കും സംസാരിച്ചിരിക്കുന്നത് കണ്ടു….

അലക്സ് തന്റെ ബാഗ് നിലത്തിട്ട് ജോർജിന്റെയും ഐസക്കിന്റെയും കാൽക്കൽ മുട്ട് കുത്തി ഇരുന്ന് കുട്ടികളെ പോലെ കരഞ്ഞു…..

അലക്സിന്റെ പ്രവർത്തിയിൽ രണ്ടുപേരുമൊന്ന് പകച്ചെങ്കിലും അവനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു….

അലക്സ് രണ്ടുപേരോടുമായി കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു…..

“അപ്പാ എനിക്ക് പറ്റുന്നില്ല അവളില്ലാതെ….

അമ്മു…അവളെ എനിക്ക് വേണം അപ്പാ….

പപ്പേ(ഐസക്ക്)….പ്ലീസ്…എനിക്കെന്റെ അമ്മൂനെ വേണം…”

കൊച്ചു കുഞ്ഞുങ്ങളെ പോലെ പറഞ്ഞ് കരയുന്ന അലക്സിനെ കണ്ട് ജോർജ് ഐസക്കിന് നേരെ കണ്ണുകൾ കാണിച്ചു…..

ഐസക്ക് അകത്ത് പോയി വന്നപ്പോൾ കൈയിൽ നന്നായി ഒരു എൻവലപ്പ് ഉണ്ടായിരുന്നു….

ഐസക്ക് അലക്സിനെ പിടിച്ച് എഴുന്നേൽപ്പിച്ച് അത് അവന് നേരെ നീട്ടി…

“നിന്റെ അമ്മു തന്നതാ….നിനക്ക് തരാൻ…”

അലക്സ് ഐസക്കിനെ നോക്കി ഒന്നും മനസ്സിലാവാത്ത പോലെ നിന്നു….

“എന്റെ കൊച്ചനേ…നീ ഈ കരച്ചിലൊക്കെ മാറ്റി നെഞ്ചും വിരിച്ച് അവളുടെ വീട്ടിൽ പോയി അവളെ വിളിച്ചു കൊണ്ട് വാ ടാ…”

ഐസക് അവന്റെ പുറത്ത് തട്ടി കൊണ്ട് പറഞ്ഞു…

അലക്സ് ജോർജിന്റെ മുഖത്തേക്ക് നോക്കി…

“നീ പോയി വിളിച്ച് കൊണ്ട് വാ ടാ എന്റെ മരുമോളെ….”

അലക്സ് സന്തോഷത്തോടെ രണ്ട് പേരേയും ചേർത്ത് പിടിച്ചു….

“ഇന്ന് ഇനി ഏതായാലും പോവണ്ട..സമയം ഒരുപാടായി…

നാളെ അമ്മച്ചീടെ കല്ലറയിൽ പോയി പ്രാർത്ഥിച്ച് പോയാൽ മതി…”

അലക്സ് പാതി സമ്മതത്തോടെ തന്റെ മുറിയിലേക്ക് കയറി…..

കയ്യിലെ ആ എൻവലപ്പ് പൊട്ടിച്ച് നോക്കിയപ്പോൾ അതിൽ ഒരു കത്ത് ആയിരുന്നു…..

അവനത് തുറന്ന് വായിച്ചു….

“എന്റെ ഇച്ചായന്…. അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വായിൽ അതേ വരൂ…

എന്തിനാ ഇച്ചായാ എന്നെ വേണ്ടാന്ന് പറഞ്ഞേ..?

എന്നിൽ എന്ത് കുറവാ ഇച്ചായൻ കണ്ടത്..?

ഒരുപാട് സ്നേഹിച്ചിരുന്നില്ലേ ഞാൻ…എന്റെ ജീവനേക്കാൾ….

ഒരു പെണ്ണിന് സ്വന്തമായ എല്ലാം ഞാൻ തന്നിട്ടില്ലേ….

എനിക്കറിയാം ഇച്ചായന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണല്ല ഞാനെന്ന്….

എല്ലാ കാര്യങ്ങളും അറിഞ്ഞ് വെച്ചിട്ട് തന്നെയാ ഞാൻ സ്നേഹിച്ചത്…..

ഞാൻ കോളേജിൽ അഡ്മിഷന് വന്നപ്പോഴിയിരുന്നു ഇച്ചായനെ ആദ്യമായിട്ട് കണ്ടത്….

അന്ന് ആ മഴയത്ത് നനഞ്ഞ് കുളിച്ച് എന്റെ അരികിലൂടെ പോയ ആ പൂച്ചകണ്ണുകളിൽ ആരും കാണാതെ ഒളിപ്പിച്ച് വെച്ച നോവ് അന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു…..

പിന്നെ ഇപ്പഴും ഇച്ചായൻ പോലുമറിയാതെ ഞാനീ നസ്രാണിയുടെ പിന്നാലെ ഉണ്ടായിരുന്നു….

ഒരു പ്രാവശ്യം കണ്ടപ്പോഴേക്കും ഒരാളെ എങ്ങനെ ഇത്രയ്ക്ക് ഇഷ്ടപെടാൻ പറ്റുമെന്ന് ഞാൻ ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ട്….

അറിയില്ല എനിക്ക്….അലക്സ് ആ പേരിനോടു പോലും വല്ലാത്ത ഒരു ഇഷ്ടമായിരുന്നു….

ഒരിക്കൽ ഇച്ചായന്റെ പിന്നാലെ നടന്ന് ഞാൻ ഐസക്ക് സാറിന്റെ മുന്നിലാ ചെന്ന് പെട്ടത്…..

ഇച്ചായന്റെ പപ്പയുടെ അടുത്ത്….

ഒരുപാട് തവണ ചോദിച്ചപ്പോ ഞാൻ പറഞ്ഞു എനിക്കിഷ്ടാണ് ഈ നസ്രാണി ചെക്കനെ എന്ന്….

അന്ന് പപ്പ എന്നെ വിളിച്ച് കൊണ്ടു പോയി ഇച്ചായന്റെ എല്ലാ കാര്യങ്ങളും പറഞ്ഞ് തന്നു….

അന്ന് ഞാൻ രാത്രി എന്ത് മാത്രം കരഞ്ഞിരുന്നു എന്ന് അറിയോ ഇച്ചായന്…..എന്നിട്ടും വെറുക്കാൻ എനിക്ക് കഴിഞ്ഞില്ല….

അന്ന് ഞാൻ ഇച്ചായന്റെ അമ്മച്ചിക്ക് കൊടുത്ത വാക്കാ…

അലക്സിന്റെ ജീവിതത്തിലെ അവസാനത്തെ പെണ്ണ്…അത് ഈ അനന്യ മാത്രമായിരിക്കും….

ഇച്ചായന് ആദ്യമായി ഞാനെന്നെ തന്നെ നൽകിയത് ഓർമയുണ്ടോ??

തടയണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു….എന്നാൽ അതിലും മേലെയായിരുന്നു ഇച്ചായനോടുള്ള എന്റെ പ്രണയം…

പക്ഷേ…ഞാൻ തോറ്റു പോയി…എന്റെ പ്രണയവും….അന്ന് എന്റെ മുഖത്ത് നോക്കി എന്റെ ശരീരത്തെ മാത്രമാ സ്നേഹിച്ചതെന്ന് പറഞ്ഞ നിമിഷം….

ഞാനെന്ത് മാത്രം വേദനിച്ചു എന്ന് അറിയുമോ….

എങ്കിലും ഞാനിപ്പഴും വിശ്വസിക്കുന്നുണ്ട്…

എന്നെങ്കിലും ഒരിക്കൽ എന്റെ ഇച്ചായൻ എന്നെ മനസ്സിലാക്കുമെന്ന്….

ഈ എഴുത്ത് ഇച്ചായൻ ചോദിച്ചാല്ലാതെ കൊടുക്കരുതെന്ന് പപ്പയോട് ഞാൻ പ്രത്യേകം പറഞ്ഞ് ഏൽപിച്ചതാണ്….

കാരണം ഈ എഴുത്ത് വായിക്കുന്നതിന് മുമ്പ് തന്നെ എന്റെ ഇച്ചായൻ എന്റെ സ്നേഹത്തെ തിരിച്ചറിയണം…

ഒരുപാട് ഇഷ്ടത്തോടെ……

ഇച്ചായന്റെ മാത്രം അമ്മു…”

കത്തിന്റെ പലയിടത്തും അനന്യയുടെ കണ്ണുനീർ വീണ് മഷി പടർന്നിരുന്നു…

അലക്സ് ആ കത്ത് തന്റെ നെഞ്ചിൽ പൊതിഞ്ഞ് വെച്ചു….

അവനറിയുകയായിരുന്നു തന്റെ അമ്മു തന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്….

അവനാ കത്തിലേക്ക് വീണ്ടും മിഴികൾ നട്ടു…..

വായിച്ചിട്ടും വായിച്ചിട്ടും മതിയാവാത്തത് പോലെ….

നേരം എങ്ങനെയൊക്കെയോ വെളുപ്പിച്ച് അലക്സ് പള്ളിയിലേക്ക് ചെന്നു…കർത്താവിന്റെ തിരു രൂപത്തിലേക്ക് മിഴികൾ നട്ട് പ്രാത്ഥിക്കുമ്പോൾ അലക്സ് തന്റെ പ്രണയത്തെ തന്നിൽ നിന്നൊരിക്കലും പിരിക്കരുതെന്ന് മാത്രമേ പറഞ്ഞുള്ളൂ….

അമ്മച്ചിയുടെ കല്ലറയ്ക്കടുത്ത് ചെന്ന് സമ്മതം വാങ്ങിച്ച് അവൻ അവന്റെ അമ്മുവിന്റെ അടുത്തേക്ക് തിരിച്ചു……

തൃശ്ശൂരെത്തി ആളുകളോട് ചോദിച്ചു ചോദിച്ച് അവളുടെ വീട്ടിന് മുന്നിലെത്തിയപ്പോഴേക്കും സമയം ഒരുപാടായിരുന്നു….

പടികൾ കയറി അലക്സ് ഓടിട്ട ഒരു വീടിന് മുന്നിലെത്തി….

വീട്ടിനുള്ളിലും പുറത്തുമായി കൂടിനിൽക്കുന്ന ആൾക്കാരെ കണ്ട് അലക്സിന് ആകെ ഭയമായി….അവന്റെ കണ്ണുകൾ ഉമ്മറത്തെ നിലവിളക്കിന് മുന്നിൽ വെള്ള പുതപ്പിച്ച രൂപത്തിന് നേരെയായി….വിറക്കുന്ന കാലുകളോടെ അലക്സ് ഉമ്മറത്തേക്ക് കയറി…..

ഒരു മദ്ധ്യ വയസ്കനായ മനുഷ്യനായിരുന്നു അത്…..

അലക്സിന്റെ ശ്രദ്ധ മുഴുവൻ ആ ശരീരത്തിന് മുന്നിൽ മരവിച്ച് പാവകണക്കെ ഇരിക്കുന്ന തന്റെ അമ്മുവിലായിരുന്നു….

‘ഇച്ചായാ..എനിക്ക് സ്വന്തമെന്ന് പറയാൻ എന്റെ അച്ഛൻ മാത്രമേ ഉള്ളൂ…അമ്മ എന്റെ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയി…പിന്നെ എനിക്ക് വേണ്ടിയാ അച്ഛൻ ജീവിച്ചത്….എന്റെ ഒരാഗ്രഹത്തിനും ഇത് വരെ അച്ഛൻ തടസം നിന്നിട്ടില്ല….ആ അച്ഛന്റെ ആശീർവാദത്തോടെ എനിക്കെന്റെ ഇച്ചായന്റെ പാതിയാകണം…’

എന്നോ ഒരിക്കൽ അനന്യ തന്നോട് പറഞ്ഞ കാര്യങ്ങൾ അലക്സിന്റെ ചെവിയിൽ മുഴങ്ങി കേട്ടു…

അവളെ ചെന്നൊന്നു വാരി പുണരാൻ അലക്സിന് അതിയായ ആഗ്രഹം തോന്നി…..

“കുട്ടി പോയി കുളിച്ച് വരിക…വേറെ മക്കളൊന്നുമില്ലാത്തതിനാൽ ആ കുട്ടി തന്നെ കർമ്മങ്ങളൊക്കെ ചെയ്യട്ടെ…”

ആരോ പറഞ്ഞത് കേട്ട് അനന്യയുടെ അടുത്തിരുന്ന സ്ത്രീകൾ അവളെ അകത്തേക്ക് കൂട്ടി കൊണ്ടു പോയി…..

ചിത കത്തിച്ച് കഴിഞ്ഞതും കൂടി നിൽക്കുന്ന ആളുകളോരുരുത്തരും പിരിഞ്ഞ് പോയി….

ബാക്കിയായ ആളുകളെല്ലാം അനന്യയെ ആര് ഏറ്റെടുക്കും എന്ന ചർച്ചയിലായിരുന്നു….എല്ലാവർക്കും അവളൊരു അധികപറ്റാണെന്നത് അലക്സിന് വേദന നൽകി…അവൻ ആരേയും നോക്കാതെ അകത്തേക്ക് കയറി റൂമിൽ തളർന്നിരിക്കുന്ന അനന്യയുടെ അടുത്തേക്ക് ചെന്നു…അലക്സ് വന്നതോ അടുത്തിരുന്നതോ ഒന്നും അനന്യ അറിയുന്നുണ്ടായിരുന്നില്ല….

അവൻ പതിയെ അവളെ കിടക്കയിൽ നിന്നും എഴുന്നേൽപ്പിച്ച് തന്റെ ദേഹത്തോട് ചേർത്ത് നിർത്തി പുറത്തേക്കിറങ്ങി….

അലക്സിനോട് ചേർന്ന് നടന്നു വരുന്ന അനന്യയെ കണ്ട് ബന്ധുക്കൾ പിറുപിറുത്തു….

ചിലർ അലക്സിനോട് തട്ടി കയറി…അലക്സ് അതൊന്നും ശ്രദ്ധിക്കാതെ പുറത്തിറങ്ങി തിരിഞ്ഞ് നിന്ന് എല്ലാവരേയും നോക്കി…..

“ഇനി ഇവളുടെ പേരിലൊരു ചർച്ചയുടേയോ തർക്കത്തിന്റെയോ ആവശ്യമില്ല…ഇവളെ ഞാനങ്ങ് കൊണ്ട് പോവുകയാ..ഈ അലക്സിന്റെ പെണ്ണായിട്ട്..

ആരും എതിർക്കാൻ നിൽക്കണ്ട..നിന്നാൽ…”

എല്ലാവരുടേയും നേരെ കൈ ചൂണ്ടി പറഞ്ഞ് അലക്സ് അനന്യയേയും കൊണ്ട് കാറിനടുത്തേക്ക് നടന്നു….

അലക്സ് കാറിന്റെ ഡോർ തുറന്ന് അനന്യയുടെ ദേഹത്ത് നിന്ന് കൈ എടുത്തതും ബോധം മറഞ്ഞ് അവൾ അവന്റെ നെഞ്ചിലേക്ക് വീണു…..

**********

“പേടിക്കാനൊന്നുമില്ല…ബി.പി ലോ ആയതാണ്..കയറി കണ്ടോളു…”

ഡോകടർ പറഞ്ഞതും അലക്സ് അനന്യയുടെ അടുത്തേക്ക് ചെന്നു…..

ബെഡിൽ ഇരുന്ന് മുട്ടിൻ മുകളിൽ തലവെച്ച് കരയുകയായിരുന്നു അവൾ…

അലക്സ് അവളുടെ അടുത്ത് ചെന്നിരുന്നു….

അവൾ മുഖം ഉയർത്തി നോക്കിയപ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന അലക്സിനെ കണ്ടു…

അവൾ ഒരു നിമിഷം ആ പൂച്ചക്കണ്ണുകളീലേക്ക് നോക്കി ഇരുന്നു…

പെട്ടന്ന് തന്നെ അവൾ തന്റെ നോട്ടം മാറ്റി….

“അമ്മൂ…”

അലക്സിന്റ വിളിക്കുത്തരം നൽകിൻ അവൾ ആഗ്രഹിച്ചെങ്കിലും നിലത്തേക്ക് മിഴിയൂന്നി ഇരുന്നു…

“അമ്മൂ…”

എന്തോ പറയാൻ വന്ന അലക്സിനെ അനന്യ കൈ ഉയർത്തി തടഞ്ഞു…

“അമ്മു അല്ല..അനന്യ…അങ്ങനെ വിളിച്ചാൽ മതി…. mr.അലക്സ്…”

അനന്യയുടെ വാക്കുകൾ അലക്സിന് വേദന നൽകിയെങ്കിലും അവനത് അർഹിക്കുന്നതായതിനാൽ അവൻ തലതാഴ്ത്തി നിന്നു…..

“അമ്മൂ…ഞാൻ..അന്ന് അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു….ക്ഷമിക്കണം എന്ന് പറയാനെ എനിക്കിപ്പോ കഴിയൂ….”

“നന്നായിട്ടുണ്ട് അഭിനയം… ഇനിയും എന്നെ പറഞ്ഞ് വിശ്വസിപ്പിക്കുന്നത് എന്തിനാ…?

എന്റെ ശരീരത്തോടുള്ള താൽപര്യം കൊണ്ടാണോ..?

അതിന് ഇതുപോലെ അഭിനയിക്കേണ്ട ആവശ്യമൊന്നുമില്ല വിളിച്ചാൽ മതി ഞാൻ വന്നോളാം…അല്ലെങ്കിലും അന്തിക്കൂട്ടിന് കിടക്കുന്ന എന്നെപോലെയുള്ളവർക്ക് പറ്റിയ പണി അതാ…

പ്രോസ്റ്റിറ്റ്യൂട്ട്…പച്ച മലയാളത്തിൽ പറഞ്ഞാൽ വേശ്യ..”

അനന്യ ഒരു കിതപ്പോടെ പറഞ്ഞ് നിർത്തിയതും അലക്സ് ദേഷ്യത്തോടെ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു…..

“എന്നോടുള്ള ദേഷ്യം തീർക്കാനാണെങ്കിൽ നീ എന്നെ ചീത്ത പറഞ്ഞൊ.. കള്ളു കുടിയനെന്നൊ പെണ്ണുപിടിയനെന്നോ തെമ്മിടിയെന്നോ പറഞ്ഞോ…. അത് കേൾക്കാൻ ഞാൻ അർഹനാണ്……… പക്ഷേ എന്നെ തോൽപ്പിക്കാനാണെങ്കിൽ കൂടി ഇതുപോലെ വല്ലതും നീ പറഞ്ഞാൽ ഞാൻ ക്ഷമിച്ചെന്ന് വരില്ല….”

അനന്യയുടെ കണ്ണുകൾ നിറഞ്ഞ് വന്നു…അവളൊരു ഏങ്ങലോടുകൂടെ അലക്സിനെ വരിഞ്ഞ് മുറുക്കി….

“ആരൂല്ല ഇച്ചായാ എനിക്ക്…ഞാൻ ഒറ്റക്കായി…എന്റെ അച്ഛനും എന്നെ വിട്ടു പോയി…..മരിക്കാൻ തോന്നി പോവാ…”

അലക്സ് അനന്യയുടെ മുഖം കൈകുമ്പിളിൽ ഏടുത്തു…

“ആരുല്ലേ നിനക്ക്…അപ്പോ ഞാൻ നിന്റെ ആരും അല്ലേ..? എന്നെ വിട്ട് നിനക്ക് പോയി മരിക്കണമെങ്കിൽ പൊയ്ക്കോ….ഞാൻ തടയില്ല…പക്ഷേ നിന്റെ കൂടെ തന്നെ ഞാനും വരും….മരണത്തിന് പോലും നിന്നെ ഒറ്റക്ക് വിട്ടുകൊടുക്കാൻ ഞാൻ ഉദ്ധേശിച്ചിട്ടില്ല….”

അനന്യ അലക്സിനെ ഇറുകെ പുണർന്നു….അലക്സ് തിരിച്ചും…

അനന്യ അവളുടെ സങ്കടങ്ങളൊക്കെ അലക്സിന്റെ നെഞ്ചിൽ പെയ്തൊഴുക്കി….

ഇനി ഒരിക്കലും അവളുടെ കണ്ണുകൾ നിറക്കില്ല എന്ന ഉറപ്പോടു കൂടെ അവനാ കണ്ണുനീരിനെ ഏറ്റുവാങ്ങി…..

“അമ്മൂ….ഞാൻ നിനക്കൊരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്…”

അനന്യ എന്താണെന്ന ഭാവത്തിൽ അലക്സിന് നേരെ മിഴികൾ നട്ടു…

അലക്സ് പോക്കറ്റിൽ നിന്നും ആ സമ്മാനമെടുത്ത് അവളുടെ വലതു കയ്യിലേക്ക് വെച്ച് കൊടുത്തു…

അനന്യയുടെ മുഖം സന്തോഷത്താൽ വിടർന്നു….

“ഇച്ചായാ….അച്ഛൻ..?”

അനന്യ കണ്ണുകൾ നിറച്ച് ചോദിച്ചു…

“അച്ഛന്റെ അനുഗ്രഹം എപ്പഴും നമ്മുടെ കൂടെ ഉണ്ടാകും…. എന്റെ കൊച്ചിന്റെ കണ്ണുകൾ ഇനി നിറയരുത്…. നമ്മുടെ അച്ഛന്റെ ആത്മാവിന് അത് സഹിക്കില്ല….”

അലക്സ് അവളുടെ കണ്ണിലൂറിയ മിഴിനീരിനെ തുടച്ച് കൊടുത്തു….

“അപ്പോ എങ്ങനെയാ…പോരുകയല്ലേ എന്റെ കൂടെ ഈ അലക്സിന്റെ പെണ്ണായിട്ട്…. അപ്പച്ചൻ മരുമോൾക്ക് വേണ്ടി വീട്ടിൽ കാത്തിരിക്കുന്നുണ്ട്….”

അനന്യ നാണത്തോടെ തലയാട്ടി അവന്റെ നെഞ്ചിൽ മുഖമമർത്തി കിടന്നു….

അലക്സ് അവളെ ചേർത്തു പിടിച്ചു…..

അലക്സിന്റെ കൈ അനന്യയുടെ വലത് കൈയിൽ പൊതിഞ്ഞ് പിടിച്ചു….

അവരുടെ കൈകൾക്കിടയിലായി അലക്സ് സമ്മാനിച്ച മഞ്ഞചരടിൽ കോർത്ത ആലിലത്താലിയും……

അവസാനിച്ചു

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ഫാത്തിമ അലി, Fabi

Leave a Reply

Your email address will not be published. Required fields are marked *