അവൾ പോയിട്ട് അഞ്ച് വർഷമായി, അതിനുശേഷം എന്റെ മക്കളെന്നെ തിരിഞ്ഞുനോക്കിയിട്ടില്ല…

രചന : സുഭാഷ് കെപി

രവിയേട്ടൻ

****************

ഓപ്പിയിൽ നല്ല തിരക്കുണ്ട്..

നേഴ്സ് ഓരോരുത്തരെയായി വിളിച്ചു,

“എൻറെ നമ്പർ ആയോ മോളെ..?

സീറ്റിൽ നിന്നും എണീക്കാൻ ശ്രമിച്ച രവിയേട്ടൻ ചോദിച്ചു.

“അടുത്തത് അച്ഛനാണ്..

അവിടെ ഇരുന്നോളൂ.. ഞാൻ വിളിക്കാം.

നേഴ്സ് വളരെ ആക്റ്റീവാണ്

മുഖത്തെ ചിരി മായാതെ പതിഞ്ഞ സ്വരത്തിൽ അവൾ എല്ലാവരെയും വിളിക്കുന്നു ..

ഡോക്ടറുടെ എല്ലാവരോടും ഉള്ള പെരുമാറ്റമാണ് നേഴ്സിന്റെ മുഖത്തും പ്രതിഫലിപ്പിക്കുന്നത്..

“അച്ഛൻ വാ..സമയമായി..”

പേര് വിളിക്കാതെ തന്നെ നഴ്സ് രവിയേട്ടന്റെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു.

” എന്റെ രവിയേട്ടാ.. ഒരു മാസത്തിനുള്ള മരുന്ന് ഞാൻ തന്നതല്ലേ… ഇപ്പോൾ രണ്ടാഴ്ചയല്ലേ ആയുള്ളൂ ..ഈ വയ്യാത്ത കാലും കൊണ്ട് എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് വരുന്നത്..?

കയറിവരുന്ന രവിയേട്ടനെ ചെയറിലേക്ക് ഇരുത്തിക്കൊണ്ട് ഡോക്ടർ ചോദിച്ചു.

“അവിടെ അങ്ങനെ ചടഞ്ഞു കൂടിയിരുന്നാൽ എൻറെ അസുഖം കൂടുകേയുള്ളൂ ഡോക്ടറെ…”

കയ്യിൽ പിടിച്ച തോർത്ത് തോളിലേക്കിട്ട് രവിയേട്ടൻ പറഞ്ഞു.

‘ ആകെയൊരു ആശ്വാസം കിട്ടുന്നത് ഡോക്ടറെ വന്ന് കണ്ട് സംസാരിക്കുമ്പോഴാണ്..

ഈ റൂമിനുള്ളിലേക്ക് കടന്നാൽ തന്നെ എന്റെ പകുതി അസുഖം മാറും..

ഡോക്ടർക്കറിയാല്ലോ അവള് പോയിട്ട് അഞ്ച് വർഷമായി..

അതിനുശേഷം എൻറെ മക്കളെന്നെ തിരിഞ്ഞുനോക്കിയിട്ടില്ല..

ആയകാലത്ത് അന്നം മുട്ടാതെ ജീവിക്കാനുള്ള വക ഉണ്ടാക്കിയിട്ടതുകൊണ്ട് സ്വന്തം മക്കളുടെ മുന്നിൽ പോലും കൈനീട്ടിയിട്ടില്ലാ..

അവരെ പഠിപ്പിച്ചു ഒരു നിലയിലാക്കി ജോലി നേടി അവരവരുടെ കാര്യം നോക്കാൻ ആയപ്പോൾ കല്യാണം കഴിച്ച് ഞങ്ങളെ രണ്ടാളെയും ഒറ്റയ്ക്കാക്കിയാണ് അവർ വിദേശത്തേക്ക് പോയത്.. ഞങ്ങൾക്ക് രണ്ടുപേർക്കും വല്ലപ്പോഴും വരുന്ന വിരുന്നുകാർ മാത്രമായിരുന്നു അവർ..

സങ്കടങ്ങൾ പറഞ്ഞു മടുത്തപ്പോൾ എന്നെ വിട്ട് അവൾ പോയി.. ഇപ്പോൾ എൻറെ ഉള്ളുരുകുന്നത് കാണാൻ ആരാണുള്ളത്..?

എന്റെ മക്കൾ ഒരിക്കലെങ്കിലും എൻറെ മുന്നിൽ വന്നിരുന്നെങ്കിൽ ചോദിക്കാമായിരുന്നു.. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന്..?

രവിയേട്ടന്റെ കണ്ണ് നിറഞ്ഞൊഴുകി

വിനോദ് ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു

എല്ലാപ്രാവശ്യം വരുമ്പോഴും രവിയേട്ടന് പറയാനായിട്ട് ഈ ഒരു സങ്കട കഥ മാത്രമാണുള്ളത്.

അദ്ദേഹത്തിന് ആവശ്യം മരുന്നല്ല..

തൻറെ കൊച്ചു കൊച്ചു സങ്കടങ്ങളും പരിഭവങ്ങളും കേൾക്കാൻ ഒരാൾ മാത്രമാണ്..

തോളിലിട്ട തോർത്തിനെ കണ്ണീരിന്റെ നനവ് നൽകാതെ രവിയേട്ടനീ മുറിവിട്ട് പുറത്തുപോയിട്ടില്ല..

“നിങ്ങൾ വിഷമിക്കാതെ രവിയെട്ടാ.. അവർ തിരിച്ചു വരും..

ഈ ഓണത്തിന് എന്തായാലും അവർ വരും..

നോക്കിക്കോ..

‘പിന്നെ എന്തിനും ഞങ്ങളൊക്കെ കൂടെയുണ്ടല്ലോ.

ഒരു നെടുവീർപ്പോടുകൂടി രവിയേട്ടൻ ഡോക്ടറുടെ ആശ്വാസവാക്കുകൾ സ്വീകരിച്ചു..

” അതൊക്കെ പോട്ടെ..എന്താ ഡോക്ടറുടെ വിശേഷം..?

“വിശേഷം ഉണ്ടല്ലോ രവിയെട്ടാ.. കഴിഞ്ഞ ആഴ്ചയായിരുന്നു വൈഫിന്റെ ഡെലിവറി.. ആണ്കുഞ്ഞാണ്.. മീനുമോൾക്ക് ഒരു കുഞ്ഞനുജനെയാണ് ദൈവം ഞങ്ങൾക്ക് തന്നത്..

വിനോദിന്റെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു..

“നന്നായിരിക്കട്ടെ.. രവിയേട്ടൻ നെഞ്ചിൽ കൈവെച്ച് പറഞ്ഞു.

“രവിയേട്ടൻ ഒരു കാര്യം ചെയ്യ്.. പോയിട്ട് 15 ദിവസം കഴിഞ്ഞ് വരൂ.. ഇപ്പോൾ മരുന്ന് ഒന്നും എഴുതുന്നില്ല, ഒരു മാസത്തേക്കുള്ളത് ഇരിപ്പില്ലേ..

അത് കഴിഞ്ഞു കാണാം..

” സിസ്റ്റർ..ഈ ലിസ്റ്റ് കൊടുത്തിട്ട് ക്യാൻസൽ ചെയ്യാൻ പറയൂ. എന്നിട്ട് ആ പണം രവിയേട്ടനെ ഏൽപ്പിക്കണം..”

“ധൈര്യമായി പോയി വരൂ.. എല്ലാം ശരിയാകും..”

യാത്ര പറഞ്ഞു പതിയെ ചുവടുവെച്ച് രവിയേട്ടൻ നടന്നുപോകുമ്പോൾ വിനോദ് നോക്കിക്കൊണ്ടേയിരുന്നു.

“ദൈവമേ ഈ രവിയേട്ടന്റെ മക്കൾക്ക് തിരിച്ചറിവ് തോന്നി ഈ അച്ഛൻറെ അടുത്തേക്ക് അവർ മടങ്ങിവന്നെങ്കിൽ..

പാവം രവിയേട്ടൻ..

വിനോദ് മനസ്സിൽ പറഞ്ഞു.

ഒരു മാസത്തിനുശേഷം ഡോക്ടർ വിനോദിന്റെ ഫോണിലേക്കൊരു കാൾ,

പോലീസ് സ്റ്റേഷനിൽ നിന്നാണ്,

“ഡോക്ടർ..എസ്‌ഐ ആണ് സംസാരിക്കുന്നത്..

ഡോക്ടർക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ട്..

ഒരാളെ അപായപ്പെടുത്തി സ്വത്ത് തട്ടിയെടുത്തു എന്നാണ് പരാതി..”

“സർ എന്താണീ പറയുന്നത്..? എന്നെത്തന്നെയാണോ വിളിച്ചത്..?

വിനോദ് അമ്പരപ്പോടെ ചോദിച്ചു.

” അതേ സർ.. എത്രയും പെട്ടെന്ന് വരണം..

” ഒരു മണിക്കൂറിനു ശേഷം എൻറെ ഓപി തീരും അതുകഴിഞ്ഞ് വരാം..”

“ഒക്കെ ഡോക്ടർ..”

ഫോൺ കട്ടായി..

കാറിന്റെ ഡോർ വലിച്ചടച്ച് അതിവേഗം എസ്‌ഐ യുടെ ക്യാബിൻ ലക്ഷ്യമാക്കി വിനോദ് നടന്നടുത്തു.

എസ് ഐ ക്കു മുന്പിലിരിക്കുന്ന രണ്ടു ചെറുപ്പക്കാരെ മാറി മാറി നോക്കി കൊണ്ട് വിനോദ് ചെയറിലിരുന്നു.

“ഈ ചെറുപ്പക്കാരാണ് പരാതിക്കാർ..

“ഇവരുടെ അച്ഛൻ രവിയേട്ടനെ ഡോക്ടർക്ക് അറിയും, അദ്ദേഹം രണ്ടാഴ്ച മുമ്പ് മരണപ്പെട്ടു..

“എന്ത്.. രവിയേട്ടൻ മരിച്ചെന്നോ..!

തലയിൽ കൈവെച്ച് കസേരയിൽ ചാരിയിരുന്ന് വിനോദ് ചോദിച്ചു.

“മരണശേഷം വിൽപത്രത്തിൽ അദ്ദേഹത്തിൻറെ പേരിലുള്ള വീടും സ്ഥലവും അങ്ങയുടെ പേരിലാണ് എഴുതി വെച്ചിട്ടുള്ളത്…”

അതുകൂടി കേട്ടപ്പോൾ വിനോദിന് സ്വയം നിയന്ത്രിക്കാനായില്ല.. വലതു കൈ നെറ്റിയിൽ താങ്ങി നിർത്തി അദ്ദേഹം പൊട്ടിക്കരഞ്ഞു..

തന്റെ പ്രിയതമ പോയതിനുശേഷം ബാക്കിയായ സങ്കടങ്ങൾ പറയാനായി ദേഹം വെടിഞ്ഞ് അദ്ദേഹം യാത്രയായി..

അദ്ദേഹത്തിന് തിരിച്ചുകിട്ടിയ സ്നേഹത്തിൻറെ ആകെയുള്ള അവശേഷിപ്പായിരുന്നു ഞാൻ..

വിനോദിന്റെ മനസ്സിൽ മിന്നി മറഞ്ഞ രവിയേട്ടന്റെ ഓർമ്മകൾക്ക് കിനിഞ്ഞിറങ്ങിയ കണ്ണുനീർ സാക്ഷി

” പക്ഷേ ഡോക്ടർ ഇവര് പറയുന്നത് ഡോക്ടർ രവിയേട്ടനെ ഭീഷണിപ്പെടുത്തിയാണ് സ്വത്ത് എഴുതി വാങ്ങിയതെന്നാണ്.. ”

വിനോദിന്റെ കലങ്ങിയ കണ്ണുകൾ രോഷം കൊണ്ട് ചുവന്നു,

മനക്കരുത്ത് വീണ്ടെടുത്ത് അദ്ദേഹം പറഞ്ഞു ”

എനിക്ക് രവിയേട്ടൻ വെറുമൊരു പേഷ്യന്റ് അല്ല..

അദ്ദേഹം എന്നെ കാണാൻ വന്നിരുന്നത് രോഗം മൂർച്ഛിച്ചത് കൊണ്ടല്ല.. ഇവന്മാരെ പോലുള്ളവരെ ജനിപ്പിച്ച സങ്കടം കരഞ്ഞു തീർക്കാൻ വന്നതാണ്

“സാറിന് അറിയാമോ.. രവിയേട്ടന്റെ ഭാര്യ മരിച്ചതിനുശേഷം മക്കൾ എന്ന് പറയുന്ന ഇവർ ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല..

“അദ്ദേഹം ഒഴുക്കിയ കണ്ണീരിന്റെ വില ഈ ജന്മത്തിൽ ഇവർക്ക് മനസ്സിലാവില്ല…

അദ്ദേഹം ചെയ്ത തെറ്റെന്താണ്..? ഇവന്മാരെ പോലുള്ളവരെ വളർത്തി വലുതാക്കിയതോ..

എന്നിട്ടിപ്പൊ വിൽപത്രം വായിക്കാൻ വന്നിരിക്കുന്നു

പിലോസഫി പറഞ്ഞു ഉപദേശിക്കാൻ ഒന്നും എനിക്ക് താല്പര്യമില്ല..

പോത്ത് പോലെ വളർന്നു വലുതായില്ലേ..

ആ അച്ഛന്റെ നന്മ കുറച്ചെങ്കിലും നിങ്ങളിൽ ബാക്കിയുണ്ടെങ്കിൽ മനസ്സുരുകി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്ക്‌..

“എത്ര പറഞ്ഞാലും കേട്ടാലും ഇവന്മാരുണ്ടോ പഠിക്കുന്നു..”

“പിന്നെ.. അദ്ദേഹം എൻറെ പേരിൽ സ്വത്ത് എഴുതി വച്ചിട്ടുണ്ടെങ്കിൽ അതും മോഹിച്ചു ഇവിടെ ആരുമടയിരിക്കണമെന്നില്ല..

“സ്വന്തം പാരൻസിന്റെ ചികിത്സയ്ക്ക് വേണ്ടി കിടപ്പാടം പോലും വിറ്റ് പണം കണ്ടെത്തുന്ന നല്ലവരായ മക്കളെ ഒരുപാട് കണ്ടിട്ടുണ്ട് ഞാൻ..

രവിയേട്ടന്റെ ഇഷ്ടദാനമായി ഞാനത് അവർക്ക് കൊടുക്കും..

അദ്ദേഹത്തിന് വേണ്ടി അത് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണ്‌..

അതുകൊണ്ട് മക്കളൊരു കാര്യം ചെയ്യ് ,ഇവിടിരുന്ന് ന്യായീകരണത്തിന്റെ കെട്ടഴിച്ച് കനത്തിൽ ഒരു കേസു കൊടുക്ക്.

” ഞാൻ പൊക്കോട്ടെ സാറേ.. എനിക്ക് ഡ്യൂട്ടി ഉണ്ട്

” ഓക്കേ ഡോക്ടർ.. ഞാൻ വിളിക്കാം..”

ജാള്യത നിറഞ്ഞ രവിയെട്ടന്റെ മക്കളുടെ മുഖത്തേക്ക് പുച്ഛഭാവത്തോടെ നോക്കി വിനോട് തിരിഞ്ഞു നടന്നു..രവിയേട്ടനു പറയാനുള്ളത് പറഞ്ഞെന്ന സംതൃപ്തിയോടെ.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സുഭാഷ് കെപി

Leave a Reply

Your email address will not be published. Required fields are marked *