ഗായത്രി എന്ന നോവലിൻ്റെ ഒന്നാം ഭാഗം ഒന്ന് വായിച്ചു നോക്കൂ…..

രചന: മഴ

ഇന്ന് എന്റെ വിവാഹമാണ്……. സർവാഭരണ വിഭൂഷിതയായി മനസ്സും രൂപവും ഒരുങ്ങി ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിലേക്കുള്ള കാൽവെയ്പ്പ്…. ഉള്ളം നടുങ്ങുന്നു… ചെന്നിയിൽ നിന്നുള്ള വിയർപ്പ് കവിളിലൂടെ അരിച്ചിറങ്ങി….. ഈ മാറ്റം കൈക്കൊള്ളാൻ കഴിയാത്ത പോലെ…

“ഗായത്രി “……… വാ മോളെ…

മുഹൂർത്തമായി….

ആരൊക്കെയോ ചേർന്നു ക്ഷേത്രനടയിൽ എത്തിച്ചു….മനസ്സും ശരീരവും രണ്ടു ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്നു…. ചുറ്റിനും ഒന്നു നോക്കി….. എല്ലാവരും സന്തോഷത്തിലാണ് …

കൂട്ടുകാർക്കിടയിൽ നിൽക്കുന്ന സഞ്ജുവിനെ ഒന്ന് പാളി നോക്കി…ആരോ പറയുന്ന തമാശകേട്ടിട്ടാകാം പൊട്ടിചിരിക്കുന്നുണ്ട്… കൂടെ നിന്ന ആരോ അവനോട് എന്നെ പറ്റി പറഞ്ഞു എന്ന് തോന്നുന്നു…. തിരിഞ്ഞൊരു നോട്ടം മാത്രം……

എന്നെ ജീവനോടെ ദഹിപ്പിക്കുന്ന പോലെ….

“മുഹൂർത്തമായി…. ”

മഞ്ഞ നൂലിൽ കൊരുത്ത താലി ചാർത്തി… സീമന്ത രേഖയിൽ കുങ്കുമം ചാർത്തപ്പെട്ടു….അറിയാതെ ഞാനും കണ്ണുകളടച്ചു… രണ്ടു തുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി… ഞാനും ഒരു ഭാര്യയായി….

അപ്രതീക്ഷിതമായി……

ഫോട്ടോ എടുക്കുമ്പോഴും വീഡിയോ എടുക്കുന്നവർക്ക് മുന്നിൽ റൊമാന്റിക് ആയി പോസ് ചെയ്യുമ്പോഴും ഞങ്ങൾ തമ്മിലെ നീണ്ട പതിനെട്ടു വർഷത്തെ സൗഹൃദം അപരിചിതത്വത്തിലേക്ക് വഴി മാറുന്നത് ഞാൻ ഒരു നോവോടെ അറിഞ്ഞു…….

യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉള്ളിൽ അടക്കിപ്പിടിച്ചിരുന്ന സങ്കടങ്ങളെല്ലാം പൊട്ടിക്കരച്ചിലായി പുറത്തു വന്നു.

“ഇന്നീ നാടകത്തിനൊടുവിൽ അപമാനിതയായി തിരികെ എന്റെ വീട്ടിൽ തന്നെ തിരിച്ചു പോകാം എന്നാശ്വസിച്ചു വന്ന എനിക്ക് ഏറ്റ ആദ്യ പ്രഹരം ”

ഞാൻ എന്നെ സ്വയം നിയന്ത്രിക്കാൻ പഠിക്കേണ്ടി ഇരിക്കുന്നു….

“സഞ്ജുവിന്റെ വീട്ടിലേക്ക് നിലവിളക്കുമായി വലത് കാല് വെച്ചു കയറി….. അവന്റടുത്തേക്ക് ഇരുത്തുമ്പോൾ ഒരു അകലം ഞാൻ പാലിച്ചു…. ”

സഞ്ജുവിന്റെ പെങ്ങൾ വന്നു ഒരു റൂമിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി….

ഗായത്രി ചേച്ചിക്ക് ഈ വിവാഹത്തിന് സമ്മതമല്ലാ എന്ന് പറഞ്ഞുകൂടായിരുന്നോ …

ചേട്ടന്റെ ഉദ്ദേശം എന്താണെന്ന് പോലും ആർക്കും പിടിയില്ല…. എന്തിനാ ചേച്ചി സ്വയം തീയിലേക്ക് എടുത്തു ചാടിയത്…

മറുപടിയായി അമ്മുവിനെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു….

അതെ….. സ്വയം തീയിലേക്ക് എടുത്തു ചാടിയിരിക്കുന്നു…ഇനി അഗ്നിശുദ്ധി വരുത്തിയിട്ടേ ഗായത്രി തിരിച്ചു കയറു ………

ചേച്ചി കുളിച്ചിട്ട് പോന്നോളൂ…. ഡ്രസ്സ്‌ ഏട്ടന്റെ റൂമിലാണ്… ഞാൻ ഇപ്പോൾ എടുത്തു കൊണ്ട് വരാം….

അമ്മു പറഞ്ഞിട്ട് മുറിയിൽ നിന്നും പുറത്തേക്ക് പോയി… ആഭരണങ്ങൾ എല്ലാം അഴിച്ചു വെച്ചു..

കഴുത്തിലെ താലി മാത്രം അവശേഷിച്ചു…. കണ്ണാടിയിൽ എന്റെ രൂപം ഒന്ന് വീക്ഷിച്ചു…. നെറുകയിലെ സിന്ദൂരത്തിനു ആയിരം കഥകൾ പറയാനുള്ളത് പോലെ….

സൗഹൃദത്തിന്റെ, പകയുടെ, പ്രതികാരത്തിന്റെ ഇനി അതിന്റെ കൂടെ ഒരിക്കലും ജനിക്കാത്ത പ്രണയത്തിന്റെയും…

ഷവർ ഓൺ ചെയ്തു അതിന്റെ കീഴിൽ നിന്നു….

നെറ്റിയിലെ സിന്ദൂരം ഒലിച്ചു പോയി…. തലയിലെ ചൂട് കുറഞ്ഞു.. ശരീരവും തണുക്കാൻ തുടങ്ങി….

കുളി കഴിഞ്ഞു പുറത്തേക്കിറങ്ങി….. പക്ഷെ അമ്മുവിന് പകരം എന്നെ കാത്തു നിന്നത് സഞ്ജു ആയിരുന്നു…. എന്റെ അർദ്ധനഗ്നത അവന്റെ മുന്നിൽ അനാവൃതമായി….. മാറുകൾക്ക് മീതെ കൈകൾ പിണച്ചു കൊണ്ട് തിരികെ ബാത്‌റൂമിലേക്ക് തന്നെ ഓടിക്കയറി……. ഉള്ളിലെക്ക് സങ്കടം ഇരച്ചു കയറി….. എല്ലാ പെൺകുട്ടികളെ പോലെ തനിക്കും ഉണ്ടായിരുന്നു ഈ ദിവസത്തെ കുറിച്ച് സ്വപ്‌നങ്ങൾ… ഒരിക്കലും തന്റെ പാതിക്ക് സഞ്ജുവിന്റെ മുഖമല്ലായിരുന്നു….

ബാത്റൂമിന്റെ ഡോറിൽ തുടർച്ചയായ തട്ട് കേട്ടപ്പോഴാണ് കതക് തുറന്നത്… അമ്മുവിനെ കണ്ടപ്പോൾ പകുതി ആശ്വാസം തോന്നിയെങ്കിലും കണ്ണുകൾ ആ മുറി മുഴുവനും പരതി നടന്നു….

“ഏട്ടൻ പോയി ചേച്ചി…. ”

ആശ്വാസം തോന്നി ആ വാക്കുകൾ കേട്ടപ്പോൾ…

കൊണ്ട് വെച്ചിരുന്ന ചുരിദാർ എടുത്തു ധരിച്ചു…..

ഒന്ന് റെഡി ആയി റൂമിന് പുറത്തേക്ക് ചെന്നു….

ഹാളിൽ സോഫയിൽ സഞ്ജുവിന്റെ അച്ഛൻ അനിൽ അങ്കിൾ ഇരിപ്പുണ്ടായിരുന്നു… എന്നെ കണ്ടതും അരികിലേക്ക് വിളിച്ചു….

“മോള് ചായ കുടിച്ചായിരുന്നോ ”

“ഇല്ല അങ്കിൾ… ”

“സന്ധ്യയോട് ഇങ്ങോട്ടേക്കു കൊണ്ട് വരാൻ പറയാം… മോളിരിക്ക്…… ”

“വേണ്ട അങ്കിൾ… ഞാൻ അവിടെ പോയി വാങ്ങി കൊള്ളാം…. ”

“മോൾടെ ഇഷ്ടം “…..

അത് പറഞ്ഞു കഴിയുന്നതിനു മുന്നേ സഞ്ജു ഹാളിലേക്ക് കടന്നു വന്നു….. മുഖം തിരിച്ചു നോക്കാൻ കൂടി നിൽക്കാതെ ഞാൻ അടുക്കളയിലേക്ക് ചെന്നു…. സന്ധ്യ ആന്റിയും അമ്മുവും അടുക്കളയിൽ ഉണ്ടായിരുന്നു….

അവരുടെ പുറകെ ചെന്നു നിന്ന് മുരടനക്കി……

“അമ്മേ എന്നൊന്ന് വിളിച്ചൂടായിരുന്നോ മോൾക്ക്…”

ഒരു പുഞ്ചിരിയിൽ മറുപടി കൊടുത്തു കൊണ്ട് അമ്മുവിന്റടുത്തേക്ക് ചെന്നിരുന്നു….

രാത്രിയിലേക്കുള്ള കറിയ്ക്ക് വേണ്ടിയാ… അവൾ തന്നെ ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു….

അവൾ എഴുന്നേറ്റ് പോയ തക്കത്തിന് അതിൽ നിന്നും ഒരു ചെറിയ ഉള്ളി കയ്യിൽ ഒളിപ്പിച്ചു വെച്ചു…..

“ചേച്ചി വാ… നമുക്ക് റൂമിൽ പോകാം…. എന്നെ മനസ്സിലാക്കിയത് പോലുള്ള അവളുടെ പെരുമാറ്റം എനിക്കൊരു ആശ്വാസമായിരുന്നു… എനിക്ക് മുന്നേ ഈ കടമ്പ ചാടിക്കടന്നവൾ ആയത് കൊണ്ടാകാം….. റൂമിൽ പോയി കുറച്ചു സമയം അവിടെ ഇരുന്നു ….

ചേച്ചി ഒന്ന് കിടന്നോ…. ഞാൻ ഇപ്പോൾ വരാം….

അവൾ പോയപ്പോൾ ആകെ ഒരു അസ്വസ്ഥത…

സഞ്ജു എങ്ങാനും വരുമോ …… കയ്യിലിരുന്ന ഉള്ളിയിലേക്ക് നോക്കി …. ഇനി സമയം അധികമില്ല…

എവിടെയോ വായിച്ച ഒരറിവാണു….

ഇന്ന് ഇത്‌ പ്രായോഗികമായില്ലെങ്കിൽ എന്റെ അവസ്ഥ

അത് ആലോചിക്കുമ്പോൾ തന്നെ ശരീരം വിയർക്കുന്നു…..

രാത്രി ഫുഡ്‌ കഴിക്കാൻ എല്ലാവരും ഇരുന്നു കഴിഞ്ഞിരുന്നു…. ശരീരത്തിലെ ചൂട് കൂടിയിരിക്കുന്നു.

പനിയ്ക്കാൻ തുടങ്ങിയിരിക്കുന്നു എന്നെനിക്ക് മനസ്സിലായി…. കഴിച്ചു എഴുന്നേൽക്കുമ്പോൾ കണ്ണിലേക്കു ഇരുട്ട് കയറി…

ബോധം മറഞ്ഞിരുന്നു …..

കണ്ണ് തുറന്നു നോക്കുമ്പോൾ ബെഡിലാണ്….

നെറ്റിയിൽ കോട്ടൺ നനച്ചു ഇട്ടേക്കുന്നു…. ചുറ്റിനും എല്ലാവരുമുണ്ട്….. അവരുടെ സങ്കടം കാണുമ്പോൾ ചെയ്തത് ശെരിയായില്ല എന്നൊരു കുറ്റബോധവും…

മോള് കിടന്നോളു….. അമ്മു കൂടെ ഉണ്ടാകും…

കുറവില്ലെങ്കിൽ നാളെ ഹോസ്പിറ്റലിലേക്ക് പോകാം….

റൂമിന് പുറത്തേക്കിറങ്ങാൻ നിന്ന അമ്മയുടെ മുന്നിലേക്ക് സഞ്ജു വന്നു നിന്നു….

അവനെന്നെയൊന്നു രൂക്ഷമായി നോക്കി….

“അമ്മയൊന്നു നിന്നേ…. ഇന്ന് ഇവൾ ഇവിടെയാണോ കിടക്കുന്നത്….. ”

“അതെ,,, ആ കുട്ടിക്ക് സുഖമില്ലാ എന്നുള്ളത് നീയും കണ്ടതല്ലേ…. ബോധം പോയപ്പോൾ നീയല്ലേ അവളെ എടുത്തു കിടത്തിയത്…. പിന്നെന്താ…. ”

അതെനിക്കൊരു പുതിയ അറിവായിരുന്നു . പക്ഷെ അവൻ എന്നെ എടുത്തു എന്നറിഞ്ഞപ്പോൾ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി പോയി……

“അതൊക്കെ ശെരിയായിരിക്കും… ഇപ്പോൾ കുറവുണ്ടല്ലോ .. അവൾ ഇപ്പോൾ വരണം ആ റൂമിലേക്ക്…. പത്തു മിനിറ്റ് ഞാൻ നോക്കും….

i want her in my room റൈറ്റ് നൗ….. അതും പറഞ്ഞു അവൻ ദേഷ്യത്തിൽ പുറത്തേക്ക് പോയി..

എന്ത് ചെയ്യണം എന്നറിയാതെ ഞാനും….

“അത് നടക്കില്ല സഞ്ജു, ഇന്നവൾ ഇവിടെ കിടക്കും…”

“ഹാ, അത് കൊള്ളാം… കല്യാണം കഴിഞ്ഞാൽ ഭാര്യ കിടക്കേണ്ടത്‍ ഭർത്താവിന്റെ റൂമിലല്ലെ….”

അതാണല്ലോ നാട്ടുനടപ്പ്…..

“അത് ബാക്കിയുള്ള ഭർത്താക്കന്മാർക്ക്… എന്റെ പൊന്നുമോൻ സ്നേഹിക്കാനല്ലല്ലോ അവളെ വിളിക്കുന്നത്…. ” തർക്കത്തിനിടയിൽ സഞ്ജുവിന്റെ അച്ഛന്റെ ശബ്ദം ചെവിയിൽ മുഴങ്ങി…..

അവിടെ നീണ്ടൊരു നിശബ്ദത പരന്നു..

“ഇന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ്…. അത് കൊണ്ട്……. ”

“അവൾ ഇന്നവിടെ കിടക്കും…. കൂട്ടിനു നിന്റെ അമ്മയും അമ്മുവും ഉണ്ടാകും…. ബാക്കി നാളെ നേരം വെളുത്തിട്ട്…. ” അവസാനതീരുമാനം എന്നവണ്ണം സഞ്ജുവിനെ രൂക്ഷമായി നോക്കിയിട്ട് സമാധാനമായി ഉറങ്ങിക്കോ മോള് എന്ന് കണ്ണ് കാണിച്ചിട്ട് അച്ഛൻ കടന്നു പോയി…..

ബന്ധങ്ങൾ തമ്മിൽ ഉലയുന്നത് നിറകണ്ണുകളോടെ ഞാൻ നോക്കി നിന്നു…. സഞ്ജുവിനു എന്നെ പച്ചയ്ക്ക് കൊളുത്താനുള്ള ദേഷ്യം ഉണ്ടെന്ന് ഞാൻ ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു…. ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നില്ല…. കഴിഞ്ഞ ആറു മാസങ്ങളായി സമാധാനം എന്താണെന്ന് അറിഞ്ഞിട്ട്…

നഴ്സറി ക്ലാസ് മുതൽ എനിക്ക് സഞ്ജുവിനെ അറിയാം…. അതിനു മുന്നേ തന്നെ അമ്മമാർ തമ്മിലുള്ള സൗഹൃദം പല കൂടിക്കാഴ്ചകളും സമ്മാനിച്ചിരുന്നുവെങ്കിലും മൂന്നാം ക്ലാസ്സ്‌ മുതൽക്കേയാണ് ഞങ്ങളുടെ സൗഹൃദം ശക്തമാകുന്നത്….

വെളുത്തു സുന്ദരൻ ആയിരുന്ന അവന്റെ സൗഹൃദം കുഞ്ഞു നാളിലെ പെൺകുട്ടികൾക്ക് ഹരമായിരുന്നു…

എല്ലാവരും പരസ്പരം മത്സരിച്ചിരുന്നു…. അവനോടൊപ്പം ഇരിക്കാനും സംസാരിക്കുവാനും എല്ലാം…..

അൽപ്പം കറുത്ത് പരാബോള ഷേപ്പ് ഇൽ ഇരുന്ന എന്നോട് അവൻ ചിരിക്കുന്നത് തന്നെ എനിക്ക് അത്ഭുതം ആയിരുന്നു… കറുമ്പി, മത്തങ്ങാ എന്നൊക്കെയുള്ള പരിഹാസങ്ങൾ കേട്ടു കരയുന്ന എന്റെ മുന്നിലേക്ക് സൗഹൃദത്തിന്റെ കരങ്ങൾ നീട്ടിയതും അവൻ തന്നെ…. മറ്റുള്ളവർക്ക് മുന്നിൽ അവന്റെ കയ്യും പിടിച്ചു നടക്കുമ്പോൾ അൽപ്പം അഹങ്കാരം കാണിച്ചിരുന്നു…..

8 വയസ്സിൽ അതൊക്കെ നിഷ്കളങ്ക മനസ്സിന് വല്ലാത്തൊരു സംഭവം ആയിരുന്നു എന്നതാണ് സത്യം…..

ഞങ്ങൾക്കിടയിലേക്ക് ലച്ചു വരുന്നത് ആ സമയത്താണ്…. ലക്ഷ്മി…. വേറൊരു സ്കൂളിൽ നിന്നും ടിസി വാങ്ങി നാലാം ക്ലാസ്സിലേക്ക് വന്നവൾ….. ഞങ്ങൾക്കിടയിൽ യാതൊരു അപരിചിതത്വവും കൂടാതെ കടന്നു വന്നു ഞങ്ങളിൽ ഒരാളായി മാറിയവൾ…..

മോളിത് വരെ ഉറങ്ങിയില്ലേ? സന്ധ്യ ആന്റിയുടെ ശബ്ദം നിശബ്ദത ഭേദിച്ചു കൊണ്ട് പുറത്തു വന്നു….

ഇല്ല ആന്റി…. എന്തോ ഉറക്കം വരുന്നില്ല….

“ഓരോന്നും ആലോചിച്ചു കൂട്ടിയിട്ടാണ്… കണ്ണടച്ചു ഉറങ്ങാൻ നോക്ക് മോളെ….. ഞാൻ കാരണമാണ് ഇപ്പോൾ മോളും കൂടി…. ” ആന്റിയുടെ വാക്കുകൾ മുറിഞ്ഞു…. കരയുവാണ് പാവം …

“അനുഭവിക്കാൻ വിധി ഉണ്ടെങ്കിൽ അനുഭവിച്ചേ തീരു…. ഈ കഴുത്തിലേ താലി ഞാൻ തിരിച്ചു നൽകാൻ തയ്യാറാണ്…. സഞ്ജു പഴയത് പോലെ ആകാൻ….. ”

“കെട്ടിയ അന്ന് തന്നെ അത് ഉപേക്ഷിക്കാൻ തയ്യാറാകുന്ന പെണ്ണ് നീ മാത്രമേ ഉണ്ടാകുള്ളൂ….”

മോളെ താലിയ്ക്ക് ഒരു പവിത്രത ഉണ്ട്… ഇനി നീ സഞ്ജുവിനെ എത്ര വെറുത്താലും അത് നിന്റെ ജീവിതത്തിൽ നിന്നും മുറിച്ചെറിയാൻ കഴിയില്ല മോളെ….

മോള് ഉറങ്ങാൻ നോക്ക്…. നാളെ റിസപ്ഷൻ ഒക്കെ ഉള്ളതല്ലേ… ഉറക്കമിളക്കാൻ നോക്കണ്ട….

കണ്ണുകളടച്ചിട്ടും ഉറക്കം വന്നില്ല…

ഓരോന്നാലോചിച്ചു കൊണ്ട് കിടന്നു എപ്പോഴോ ഉറങ്ങി പോയി….. രാവിലെ കണ്ണ് തുറന്നു നോക്കിയപ്പോൾ രാവിലെ ആരെയും കണ്ടില്ല…..

കുളിച്ചു ഫ്രഷ് ആയി ഒരുങ്ങി ഡോർ തുറന്നതും എന്തിലോ വന്നു നെറ്റി ഇടിച്ചു…. നെറ്റി തിരുമ്മിക്കൊണ്ട് തല ഉയർത്തി നോക്കി…..

സഞ്ജു……. ഒരു രക്ഷയ്ക്കെന്നോണം ചുറ്റിനും നോക്കി….. ഇല്ല… ആരുമില്ല….

“മാറു… എനിക്ക് പോണം…. ”

ഒരു വിധം പറഞ്ഞൊപ്പിച്ചു കൊണ്ട് വാതിലിന് ഇടയിലൂടെ പുറത്തേക്ക് പോകാൻ ശ്രെമിച്ചു….

പക്ഷെ ശ്രെമം വിഫലമായി….. സഞ്ജുവിന്റെ കൈകൾ ഭേദിച്ചു പുറത്തോട്ട് പോകുക അനായാസമായിരുന്നു…..ബലം പ്രയോഗിക്കുക എന്നത് അവനെ പോലൊരു കരുത്തുറ്റ ആണിന് മുന്നിൽ പ്രയാസവും….. ദേഷ്യം കൊണ്ട് അവൻ എന്നെ പുറകിലേക്ക് പിടിച്ചു തള്ളി…. ഞാൻ ചുവരിൽ ചെന്നിടിച്ചു നിന്നു…. ഡോർ ലോക്ക് ചെയ്തു കൊണ്ട് അവൻ എനിക്കരികിലേക്ക് നടന്നടുത്തു…….

ഒന്നുറക്കെ വിളിക്കാൻ ആയി ആഞ്ഞു ശ്രെമിച്ചു… നാവ് ഉയരുന്നില്ല എന്ന സത്യം ഞാൻ അറിഞ്ഞു…

ലൈക്ക് കമന്റ് ചെയ്യൂ, അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കൂ, അടുത്ത ഭാഗം മിസ്സ് ചെയ്യാതെ വായിക്കുവാൻ കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യണേ…

തുടരും…

രചന: മഴ

Leave a Reply

Your email address will not be published. Required fields are marked *