നാളെ എന്റെ അരികിൽ ശ്യാം ഏട്ടൻ ഉണ്ടാകും.. നാണത്തോടെ അവൾ മുറിയിലെ ഇരുട്ടിലും കൈവിരൽ കൊണ്ട് മുഖം മറച്ചു…

രചന : അനിത പൈക്കാട്ട്.

അബല (ചെറുകഥ)

**************

ഊർമ്മിള ബാഗ് ഒക്കെ ഒരുക്കി വെച്ചു,

ഒരു സാരി മാത്രമെ എടുത്തു വെക്കാൻ ഉണ്ടായിരുന്നത് ബാക്കി രണ്ടോ മുന്നോ ഉണ്ടായിരുന്നുള്ളു അത് ഇവിടെ ചിലർക്കായി കൊടുത്തു.

“നിന്റേതായ ഒന്നും നീ എടുത്തു കൊണ്ട് വരണ്ട എല്ലാം അവിടെയാർക്കെങ്കിലും കൊടുത്തൊളു,

നിനക്ക് വേണ്ടുന്നത് ഞാൻ ഇവിടെ വാങ്ങിവെക്കും ബാക്കി ഒക്കെ നീ വന്നിട്ട് നമുക്ക് പോയി വാങ്ങിക്കാം…”

“അല്ല നീ ഇപ്പഴെ ഒരുങ്ങി കഴിഞ്ഞോ ഊർമ്മി.?.”

സേതു ഏടത്തിയുടെ ചോദ്യം കേട്ടു അവൾ ഒന്ന് ഞെട്ടി. ഒരുങ്ങാൻ എന്തിരിക്കുന്നു ഏടത്തി.

“ഊർമ്മി നിനക്ക് നല്ലതെ വരൂ കുട്ടി.. നീ ഇവിടെ വന്നിട്ട് ഇപ്പോ അഞ്ച് കൊല്ലമായി നീ വന്ന അന്ന് തൊട്ട് നിന്നെ എന്റെ മകളായി കണ്ടതാ ഞാൻ..”

അത് പറഞ്ഞപ്പോൾ അവരുടെ സ്വരം ഇടറി..

“നിനക്ക് ഒരു നല്ല ജീവിതം കിട്ടുന്നതിൽ എറ്റവും കൂടുതൽ സന്തോഷിക്കുന്നതും ഈ ഞാനാണ്.”

അവർ ഊർമ്മിളെയെ ചേർത്തുപിടിച്ചു അവളുടെ കണ്ണും നിറഞ്ഞു പോയി.

എല്ലാവർക്കും ഭക്ഷണം കൊടുത്തു പാത്രങ്ങൾ കഴുകാൻ കൊണ്ടു വെച്ചു, മരുന്നുകൾ കൊടുക്കാൻ ആയി ഊർമ്മിള മുറികളിലേക്ക് പോയി.

ഓരോരുത്തർക്കായി ഗുളികയും കുടിക്കാനുള്ള വെള്ളവും നൽകുമ്പോൾ അവൾക്ക് വല്ലാത്ത നൊമ്പരം തോന്നി. നാളെ ഞാൻ ഉണ്ടാവില്ല ചിലർക്കത് മനസ്സിലാകും ചിലർക്ക് മറവി വന്നു അവരുടെ ഓർമ്മകളെ പൊതിഞ്ഞു വെച്ചു എന്നാലും അവൾ പറഞ്ഞു

“നാളെ ഞാൻ ഉണ്ടാകില്ല കേട്ടോ.. ഞാൻ പോയാലും എന്നെ ഓർക്കില്ലേ നിങ്ങളെല്ലാരും?”

രുക്കു അവളുടെ കൈയ്യിൽ പിടിച്ചു ചോദിച്ചു..

“നീ എവിടേക്ക് പോകുന്നു മോളെ?..”

“ഞാൻ..” അവൾ തെല്ല് നാണത്തോടെ പറഞ്ഞു

“എനിക്ക് കല്യാണമാണ് ഈ വയസ്സാൻ കാലത്ത്..” അതും പറഞ്ഞവൾ ചിരിച്ചു.

“ആന്നോ.. ”

അവർ അവളുടെ കൈയ്യ് കൂട്ടി പിടിച്ചു.

“നന്നായി വരട്ടെ ..നിനക്ക് ഒരു ജീവിതം കിട്ടിയല്ലോ അത് മതി..

“എപ്പോഴാണ് മോളെ കല്യാണം?..”

യശോദാമ്മ ചോദിച്ചു.

”നാളെ ഇവിടെ അടുത്തുള്ള ഒരമ്പലത്തിൽ വെച്ച്..”

അവൾ ചിലരെ കിടക്കാൻ സഹായിച്ചു, പുതപ്പ് എടുത്തു പുതപ്പിച്ചു, രാവിലെ കാണാട്ടോ എന്നും പറഞ്ഞു ലൈറ്റും അണച്ചു അവൾ മുറിയിൽ നിന്നു ഇറങ്ങി. അഞ്ച് വർഷമായി സ്നേഹവീട്ടിൽ ആരുമില്ലാത്തവരുടെ കൂടെ കൂടിയിട്ട്, അവരിൽ ഒരാളായി മാറി.

ഒരു ജീവിതം സ്വപ്നം പോലും കാണാൻ ഭാഗ്യമില്ലാത്തവളായിരുന്നു.. എങ്ങിനെ കാണും ചോർന്നൊലിക്കുന്ന കൂരയിൽ അമ്മയെ ചേർത്തു പിടിച്ചു മഴവെള്ളം വിഴാത്ത ഭാഗത്ത് പായ വിരിച്ചു അമ്മയെ കെട്ടിപ്പിടിച്ചു കിടന്ന ബാല്യവും, കൗമാരവും. കൗമാരത്തിന്റെ പടിയിറക്കത്തിൽ അമ്മയും അവളെ തനിച്ചാക്കിപ്പോയി അമ്മയുടെ വകയിലെ ഒരു ചേച്ചിയായിരുന്നു പിന്നെ അവൾക്ക് തുണയായത്. രോഗിയായ അവരെ സംരക്ഷിക്കുക അതായിരുന്നു അവരുടെ ഉദ്ദേശ്യം എന്തായാലും അവർ സ്നേഹത്തോടെയാണ് അവളോട് പെരുമാറിയത് മകളെ പോലെ തന്നെ കരുതി അവരുടെ മരണത്തോടെ വീണ്ടുമവൾ തനിച്ചായി.

പിന്നെ അയൽവക്കത്തെ ഒരു ചേച്ചിയാണ് അവളെ ഇവിടേക്ക് കൊണ്ടുവന്നത് ആരോരുമില്ലാത്ത പ്രായം ചെന്നവരെ നോക്കുക, കുളിപ്പിക്കുക, നടക്കാൻ കഴിയാത്തവരെ നടത്തിക്കുക, അവരുടെ എല്ലാ കാര്യങ്ങളും നോക്കി അവരുടെ പ്രിയപ്പെട്ട ഊർമ്മിയായി അവൾ ഇവിടെ കഴിഞ്ഞു വരുന്നതിനിടയിലാണ് ഇവിടെത്തെ ഒരമ്മയ്ക്ക് അസുഖമായതിനാൽ ഹോസ്പിറ്റലിലാക്കിയത്.. ഇരുപത് ദിവസം അവിടെ കിടന്നിരുന്നു അപ്പോഴാണ് ശ്യാംപ്രസാദിനെ പരിചയപ്പെടുന്നത്,

അയാളുടെ അമ്മയും അവരുടെ അതേ വാർഡിലായിരുന്നു കിടന്നിരുന്നത് ആ അമ്മക്ക് ഈ ഒരു മകൻ മാത്രമെ ഉണ്ടായിരുന്നുള്ളു. പുറത്തുപോയി മരുന്നു വാങ്ങാനും ഭക്ഷണം വാങ്ങാനും ശ്യാംപ്രസാദ് അവളെ സഹായിച്ചിരുന്നു അയാളുടെ അമ്മ ഡിസ്ചാർജ് ചെയ്ത് പോയിട്ടും അയാൾ എന്നും ഊർമ്മിളയെ കാണാൻ വരുമായിരുന്നു എല്ലാ സഹായവും ചെയ്തു കൊടുക്കുമായിരുന്നു സ്നേഹ വീട്ടിലെ അമ്മയെ ഡിസ്ചാർജ് ചെയ്തു സ്നേഹ വീട്ടിലെക്ക് വരുമ്പോൾ യാത്ര അയക്കാൻ ശ്യാംപ്രസാദും ഉണ്ടായിരുന്നു

യാത്ര പറയാൻ നേരം ഊർമ്മിളയുടെ ഹൃദയം വല്ലാതെ പിടച്ചു

തൊണ്ട വിറച്ചു കണ്ണുകൾ ഈറനായി. അവർ കയറിയ കാർ മുന്നോട്ട് നീങ്ങിയിട്ടും ഊർമ്മിള തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

ശ്യാമിനെ കുറിച്ചു ഓർക്കുമ്പോൾ അവളുടെ ജീവിതത്തിൽ ഒരു പൊൻ സൂര്യൻ ഉദിച്ചത് പോലെയായിരുന്നു. കൺമഷി പുരളാത്ത മിഴികളിൽ നക്ഷത്രത്തിളക്കം എവിടെ നിന്നാണ് വരുന്നത്

കവിളിൽ ചെമ്പകം പൂത്തത് അവൾ പോലും അറിയുന്നില്ല

പുഞ്ചിരിയിൽ പോലും മഴവില്ലിന്റെ ഏഴഴക് വിരിയിച്ചത് അവൾ അറിഞ്ഞതേയില്ല. അതേ പ്രണയിക്കപ്പെടുന്ന പെണ്ണിന്റെ ഭംഗി പുതുമഴ നനഞ്ഞ പ്രഭാതത്തെ പോലെ ആയിരിക്കും. ധനു മാസത്തെ കുളിരുള്ള പ്രഭാതത്തിലും അവളുടെ മിഴികളിൽ ഉറക്കം നഷ്ടപെട്ടിരുന്നു. ജീവിതത്തിന്റെ പകുതിയിൽ കാൽ എടുത്തു വെച്ചവൾക്ക് നാൽപതിന്റെ നിറവിലും മധുരപ്പതിനെഴുകാരിയുടെ ഹൃദയമായിരുന്നു.

അവളുടെ പിറന്നാൾ ദിവസം ഒരു സാധാരണ ദിവസം പോലുമായിരുന്നു അവൾക്ക് വെറുക്കപ്പെട്ട ഒരു ദിവസം എന്നായിരുന്നു അവൾ പറയുക.

അവളുടെ നാൽപതാം പിറന്നാളിന് ഒരത്ഭുതം സംഭവിച്ചു അവൾക്ക് ഒരു പിറന്നാൾ സമ്മാനം കിട്ടി ജീവിതത്തിലെ ആദ്യത്തെ അനുഭവം ശ്യാംപ്രസാദ് അവൾക്ക് ഒരു മൊബൈൽ ഫോൺ പിറന്നാൾ സമ്മാനമായി നൽകി ഓരോ ദിനങ്ങൾ കടന്നു പോകുന്തോറും അവർ കൂടുതൽ അടുക്കുകയായിരുന്നു.

അവളെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാൻ ശ്യാംപ്രസാദ് ആഗ്രഹിച്ചു പിന്നെയെല്ലാം പെട്ടന്നായിരുന്നു സ്നേഹ വീട്ടിലെ എല്ലാരുടെയും അനുവാദത്തോടെ തന്നെ വിവാഹം ഉറപ്പിച്ചു.

നാളെയാണ് വിവാഹം…

അടുത്തുള്ള ഒരു ദേവി ക്ഷേത്രത്തിൽ വെച്ച് താലികെട്ട്, ഭക്ഷണം സ്നേഹവീട്ടിൽ വെച്ചും,

അവൾക്ക് ഒരു നല്ല ജീവിതം കിട്ടുന്നതിൽ എല്ലാവരും ഒരുപോലെ സന്തോഷിച്ചു. ഊർമ്മിളക്ക് ഉറങ്ങാനെ കഴിഞ്ഞില്ല നാളെ ഞാൻ മറ്റൊരു വീട്ടിലേക്ക് ഒരു ഭാര്യയായി കടന്നുചെല്ലുന്നു..

“ഭാര്യ… ഈ സുന്ദര പദം!!” സ്വപ്നം കാണാൻ പോലും ഭാഗ്യമില്ലാത്തവളായിരുന്നില്ലേ ഞാൻ എന്ന് അവൾ നിറകണ്ണുകളോടെ ഓർത്തു.

ശ്യാംപ്രസാദിനെപ്പറ്റി ഓർത്തപ്പോൾ അവൾക്ക് സ്ത്രീസഹജമായ നാണം വന്നു, നാളെ എന്റെ അരികിൽ ശ്യാം ഏട്ടൻ ഉണ്ടാകും.. അവൾ മുറിയിലെ ഇരുട്ടിലും കൈവിരൽ കൊണ്ട് മുഖം മറച്ചു.

പിന്നീട് എപ്പഴോ അവൾ ഒന്ന് മയങ്ങി അഞ്ച് മണിക്ക് പതിവ് പോലെ എഴുന്നേറ്റു അവൾ കുളിക്കാൻ പോയി. കുളി കഴിഞ്ഞു മുറിയിലെ പഴയ തടി അലമാരയിലെ പുകപിടിച്ച കണ്ണാടിയിൽ നോക്കി അവൾ നിന്നു എട്ട് മണിക്ക് ഇവിടെ നിന്ന് ഇറങ്ങണം എന്ന് വാസന്തി ചേച്ചി പറഞ്ഞതവൾ ഓർത്തു

കല്യാണസാരിയുടെ കവർ തുറന്നു സാരിയിൽ അവൾ വെറുതെ തലോടി..

ഇന്നലെ രാത്രി ശ്യാമേട്ടൻ വിളിച്ചില്ല

തിരക്കായിക്കാണും അതാവും… അവൾ ഓർത്തു.

ആരോ വാതിലിന് തട്ടുന്ന ശബ്ദം കേട്ടവൾ വാതിൽ തുറന്നു. സേതു ഏടത്തിയും വാസന്തി ചേച്ചിയും വാതിൽക്കൽ നിൽക്കുന്നു സേതു ഏടത്തി വേഗം മുറിയിലേക്ക് കടന്നു വന്നു,

വേറേയും ആരോക്കയോ വാതിൽക്കലേക്ക് വന്നിട്ടുണ്ടായിരുന്നു.

“മോളെ….”

സേതു ഏടത്തി അവളെ ചേർത്തുപിടിച്ചു

നമുക്ക് ഒരിടംവരെ പോകണം. ഊർമ്മിളക്ക് ഒന്നും മനസ്സിലായില്ല വാസന്തി ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞത് അവൾ കണ്ടു.

“എന്ത് പറ്റി..” ഊർമ്മിള ചോദിച്ചു.

“ശ്യാമിന് നല്ല സുഖമില്ല ഹോസ്പിറ്റലിലാണ്..”

തലയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച പോലെ തോന്നിയവൾക്ക്. അവൾ തളർന്നു കട്ടിലിൽ ഇരുന്നു.. അവളെയും കൊണ്ട് കാറിൽ നേരെ ശ്യാമിന്റെ വീട്ടിലായിരുന്നു പോയത്, അവിടെ മുറ്റത്ത് നേരിയ ആൾക്കൂട്ടം കണ്ടപ്പോഴെ അവളുടെ സമനില തെറ്റിയിരുന്നു

അവൾ ഓടി ചെന്നു നോക്കിയപ്പോൾ ഹാളിൽ വെള്ള പുതപ്പിച്ചു കിടത്തിയ ശ്യാമിനെ കണ്ട് അവൾ അലറി വിളിക്കാൻ വാ തുറന്നു പക്ഷേ ശബ്ദം പുറത്തു വന്നില്ല.

അവൾ കുഴഞ്ഞു നിലത്തു അയാൾക്ക് അരുകിലായി വീണു.

“ഇന്നലെ സന്ധ്യ കഴിഞ്ഞപ്പോൾ നെഞ്ച് വേദന തോന്നിയിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയതാ

പക്ഷേ അവിടം എത്തിയപ്പോഴെക്കും ആൾ തീർന്നിരുന്നു..”

അയാളെ ചിതയിലേക്ക് എടുക്കുമ്പോഴേക്കും അവൾക്ക് ബോധം വന്നിരുന്നു.. ആദ്യമായി അവൾ തന്റെ പ്രിയപ്പെട്ടവന് ചുംബനം നൽകി

അയാളുടെ നെറ്റിയിലും ഇരു കവിളുകളിലും മാറി മാറി ഉമ്മ വെച്ചു. കല്യാണ ദിവസം തന്നെ അന്ത്യ ചുംബനം നൽകേണ്ടി വന്ന ഹതഭാഗ്യ.

പലരും തേങ്ങിക്കരഞ്ഞു ആളുകൾ എല്ലാം പോയി കഴിഞ്ഞപ്പോൾ സ്നേഹ വീട്ടിലുള്ളവർ ഊർമ്മിളയെ കൊണ്ടുപോകാനായി എഴുന്നേൽപ്പിച്ചു,

അവൾ പൊട്ടിക്കരഞ്ഞു കൊണ്ടവിടെ നിന്ന് ഇറങ്ങുമ്പോൾ, “മോളെ..” എന്ന ഒരു വിളി കേട്ടു.

ശ്യാമിന്റെ അമ്മ ആരുടെയൊ കൈയ്യിൽ പിടിച്ച് ഊർമ്മിളയുടെ അടുത്തേക്ക് വന്നു

“നീ ഈ അമ്മയെ ഇട്ടിട്ട് പോകുകയാണോ

എന്റെ മോനും പോയി നീയും പോയാൽ അമ്മക്കാരുണ്ട് മോളെ..”

അവർ അവളുടെ കൈ പിടിച്ചു തന്റെ ശരീരത്തോട് ചേർത്ത് നിറുത്തി മെല്ലെ അവളുടെ കൈയും പിടിച്ച് വീട്ടിനുള്ളിലേക്ക് കൊണ്ട് പോയി.

“എന്റെ മോൾ ഇനി മുതൽ ഇവിടെ എന്റെ കൂടെ വേണം എന്റെ ശ്യാമിന്റെ പെണ്ണായി എന്റെ മകളായി എന്റെയൊപ്പം കഴിയണം…”

ആ അമ്മ അവളെ മുറുകെ ചേർത്തുപിടിച്ചു

അവളെ ഇനി ഈ കരങ്ങളിൽ നിന്ന് വിടില്ല എന്ന മട്ടിൽ

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

ശുഭം.

രചന : അനിത പൈക്കാട്ട്.

Leave a Reply

Your email address will not be published. Required fields are marked *