നീ ഏതാടി, ഇത് ഞങ്ങളുടെ ഏരിയ.. പുതിയ ഓരോന്ന് വന്നു ശല്യം ചെയ്യും, നാളെ ഇവിടെ കണ്ടു പോകരുത്…

രചന : vijesh shankar

ശിവകാമി

************

“സേട്ടാ, ഒരു ടിക്കറ്റ് എടുത്ത് ഹെല്പ് സെയ്യാമോ

തമിഴ് കലർന്ന മലയാളത്തിൽ ആയിരുന്നു അവൾ സംസാരിച്ചത്

“ഇല്ല.. ഞാൻ ലോട്ടറി ടിക്കറ്റ് എടുക്കാറില്ല,

രാവിലെ തന്നെ ഓരോന്ന് വന്നോളും, ”

മധ്യ വയസ്കൻ ആയ അയാൾ അവളോട് ദേഷ്യത്തോടെ ആയിരുന്നു സംസാരിച്ചത്

അവൾ സങ്കടത്തോടെ കൂടെ ഉണ്ടായിരുന്ന തന്റെ അഞ്ചു വയസ്സ് ഉള്ള മകളെയും കൂട്ടി മുന്നോട്ട് നടന്നു…

കുറച്ച് മുന്നോട്ട് നടന്നപ്പോൾ അവിടെ കണ്ട ഒരു ചെറുപ്പക്കാരന്റെ നേർക്ക് തന്റെ കയ്യിൽ ഉള്ള ലോട്ടറി ടിക്കറ്റ് നീട്ടി.

അവൻ ടിക്കറ്റ് വാങ്ങി ,

വല്ലാത്ത ചിരിയോടെ ചുണ്ടുകൾ കടിച്ചു കൊണ്ട് അവളുടെ മുഖത്തു നോക്കി

“നീ സുന്ദരി ആണല്ലോ… എന്താടി നിന്റെ പേര്

“ശിവകാമി “അവൾ പറഞ്ഞു

“ഞാൻ ടിക്കറ്റ് എടുക്കാം ഒന്നല്ല ഇത് മുഴുവൻ പക്ഷെ ഞാൻ പറയുന്ന സ്ഥലത്ത് നീ വരണം ”

അവൻ ഒരു ചിരിയോടെ പറഞ്ഞപ്പോൾ

“സേട്ടാ,ഉപദ്രവിക്കരുത്,ജീവിച്ചു പൊയ്ക്കോട്ടേ നാൻ ”

“ഓ വലിയ ശീലാവതി,പകൽ ഇങ്ങനെ നല്ലവളായി അഭിനയിച്ചു രാത്രി നീ ബസ് സ്റ്റാൻഡിലോ റയിൽവേ സ്റ്റേഷൻ പരിസരത്തോ അല്ലെടി പോവുക.. എന്നിട്ട് നീ പലരുടെയും കൂടെ…”

അവൻ പറഞ്ഞു തീരും മുൻപേ അവൾ ആ ടിക്കറ്റ് വാങ്ങാതെ തന്നെ വേഗത്തിൽ അവിടെ നിന്നും പൊയ്ക്കളഞ്ഞു

കണ്ണുനീർ തുടച്ചു കൊണ്ട്.

ശിവകാമി തന്റെ കയ്യിൽ ഉള്ള ലോട്ടറി ടിക്കറ്റ് എടുക്കാൻ വേണ്ടി പലരോടും ചോദിച്ചെങ്കിലും ആരും വാങ്ങിയില്ല.

ലോട്ടറി ടിക്കറ്റ് വിൽക്കുന്ന ഒരുപാട് പേര് ഉണ്ടായിരുന്നു ആ ടൗണിൽ മലയാളികളായ ആളുകളുടെ കയ്യിൽ നിന്നാണ് കുറച്ച് പേരെങ്കിലും ടിക്കറ്റ് വാങ്ങുന്നുള്ളൂ.

ശിവകാമി തമിഴ് നാട്ടു കാരിയാണ്. കറുപ്പ് നിറം ആണെങ്കിലും കുറച്ച് ഭംഗി ഉള്ളവൾ.

ശിവകാമി ലോട്ടറി ടിക്കറ്റ് വിൽക്കാൻ ഇന്ന് ആദ്യമായാണ് തുടങ്ങുന്നത്.

ശിവകാമി വെയിലത്ത് തന്റെ മകളുടെ കയ്യും പിടിച്ചു യാത്ര തുടർന്നു.

ശിവകാമി ഒരു ബേക്കറിയുടെ അടുത്ത് കൂടെ ആയിരുന്നു നടന്നു പൊയ്ക്കൊണ്ടിരുന്നത്..

ആ ബേക്കറിയിലെ ചില്ലിലൂടെ കാണുന്ന പലഹാരത്തിൽ തന്നെ അവളുടെ മകൾ പഞ്ചമി നോക്കുന്നത് ശിവകാമി ശ്രദ്ധിച്ചു..

മുന്നോട്ട് പോയപ്പോഴും പഞ്ചമി തിരിഞ്ഞു വീണ്ടും കൊതിയോടെ നോക്കുന്നത് കണ്ടപ്പോൾ ശിവകാമിയുടെ കണ്ണ് നിറഞ്ഞു.

ഒരു മെഡിക്കൽ ഷോപ്പിന്റെ അടുത്ത് അവൾ എത്തി. മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി വന്ന 45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾക്ക് നേരെ അവൾ ആ ലോട്ടറി ടിക്കറ്റ് നീട്ടി.

“ഞാൻ ഇപ്പോൾ ടിക്കറ്റ് എടുത്തേ ഉള്ളൂ ”

അത് കേട്ട് ശിവകാമി നിരാശയോടെ മടങ്ങാൻ പോവുമ്പോൾ

“അല്ലെങ്കിൽ ഒരു ടിക്കറ്റ് തന്നേക്ക് ”

അവൻ അത് പറഞ്ഞപ്പോൾ സങ്കടം നിറഞ്ഞ മുഖം സന്തോഷം ആകുന്നത് അവൻ ശ്രദ്ധിച്ചു

അവൻ ഒരു ടിക്കറ്റ് എടുത്തു നൂറു രൂപ കൊടുത്തു.

“സാറെ ചില്ലറ ഉണ്ടോ.. എന്റെ കയ്യിൽ ബാക്കി തരാൻ ഇല്ല.. ഇന്നാണ് ഞാൻ ആദ്യമായി ടിക്കറ്റ് വിൽക്കുന്നത്.. ഒരാൾ ആദ്യം വാങ്ങിയിരുന്നു അയാൾ പൈസ തന്നില്ല, പിന്നെ ആരും വാങ്ങിയില്ല

അവൻ നൂറു രൂപ തിരികെ വാങ്ങി 50 രൂപ കൊടുത്തു.. ബാക്കി പത്തു രൂപ വച്ചോളൂ എന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു

“നീ എന്തിനാ കരയുന്നത് “എന്ന് അവൻ ചോദിച്ചു

“സന്തോഷം കൊണ്ടാ സാറേ.. ഇത് വരെ എന്നെ മനുഷ്യൻ ആയി കണ്ടത് സാറു മാത്രം ആണ് ”

“ഇപ്പോൾ ഒരുപാട് പേര് ഉണ്ട്‌ ലോട്ടറി വിൽക്കുന്നവർ, എല്ലാവരുടെ കയ്യിൽ നിന്നും വാങ്ങാൻ പറ്റില്ലല്ലൊ. ഇവിടെ നിന്ന് കുറച്ച് നടന്നു വലത്തോട്ട് നടന്നാൽ കോഫീ ഹൗസ് ഹോട്ടൽ ഉണ്ട്‌ അവിടെ ഒന്ന് പോയി നോക്ക് ”

“ഒരുപാട് നന്ദി സാറേ.. മറക്കില്ല “അവൾ കൈ കൂപ്പി

“സാറേ എന്നൊന്നും വിളിക്കണ്ട.. എന്താ പേര്

ശിവകാമി.. അവൾ പറഞ്ഞപ്പോൾ

“ആ ശിവകാമി ഞാൻ ഒരു സാധാരണക്കാരൻ ആണ്.. ഒരു മനുഷ്യൻ.. നിന്നെയും ഞാൻ അങ്ങനെയെ കാണുന്നുള്ളൂ ”

അവൾ പോകുമ്പോൾ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ.

അവൻ മുൻപ് സ്നേഹിച്ചിരുന്ന കാമുകിയുടെ മുഖം ആണ് ശിവകാമിയെ കണ്ടപ്പോൾ അവനു ഓർമ്മ വന്നത്, ഒരുപാട് സ്നേഹിച്ചിരുന്നു അവർ, പക്ഷെ ഒരുമിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായിരുന്നില്ല.

അവനെ വിട്ടു മറ്റൊരു ലോകത്തേക്ക് അവൾ പോയതിന് ശേഷം ആ ദുഃഖത്തോടെ ഇന്നും ജീവിക്കുന്നവൻ. അവളുടെ അതെ മുഖം പോലെ തോന്നി ശിവകാമിയുടെ മുഖം.

ശിവകാമി സന്തോഷത്തോടെ നേരത്തെ വന്ന ബേക്കറിയിലേക്ക് പോയി, അവിടെ നിന്നും ഒരു ബന്ന് പഞ്ചമിക്ക് വാങ്ങി കൊടുത്തു.

ശിവകാമി അവൻ പറഞ്ഞത് പോലെ കോഫീ ഹൗസ് ലക്ഷ്യമാക്കി നടന്നു.

കോഫീ ഹൗസിന്റെ സ്റ്റെയർ കേസിനു താഴെ അവൾ നിന്നു. മുകളിൽ നിന്നും ചായ കുടിച്ചു ഇറങ്ങി വന്നവർക്ക് നേരെ അവൾ ലോട്ടറി ടിക്കറ്റ് നീട്ടി.

ഒരു മണിക്കൂർ നിന്നപ്പോൾ മൂന്നു നാല് പേര് ടിക്കറ്റ് വാങ്ങി.

“ഇവൾ കൊള്ളാലോ.. ആളു സുന്ദരി ആണ്.

നമുക്ക് ഇവളെ പൊക്കണം.. ഇവൾ ഇവിടെ സ്ഥിരം ഉണ്ടാവാൻ സാധ്യത ഉണ്ട്‌, നാളെ നോക്കാം

അവളോട് ടിക്കറ്റ് വാങ്ങി ആർത്തിയോടെ നോക്കി ചിരിച്ച രണ്ടു പേര് മുന്നോട്ടു പോയപ്പോൾ പറഞ്ഞു.

പന്ത്രണ്ട് മണി ആയപ്പോൾ ലോട്ടറി വിൽക്കുന്ന നാലു സ്ത്രീകൾ അവളുടെ അടുത്ത് വന്നു. 18 വയസുള്ള രണ്ടു പേരും 35 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ടു പേരും

“നീ ആര് പുതുസാ.. ഇത് വരേക്കും കണ്ടതെ ഇല്ലയെ ” ഒരുവൾ ചോദിച്ചു

അവൾക്കു ഒന്നും പറയാൻ കിട്ടിയില്ല

“ഇത് ഞങ്ങളുടെ ഏരിയ.. പുതിയ ഓരോന്ന് വന്നു ശല്യം ചെയ്യും, നാളെ ഇവിടെ കണ്ടു പോകരുത് ” തെലുങ്കിൽ ദേഷ്യത്തോടെ വേറൊരുത്തി അവളോട് പറഞ്ഞത് അവൾക്ക് മനസ്സിലായില്ല

അവൾ പറഞ്ഞ കാര്യം തമിഴത്തി പറഞ്ഞു കൊടുത്തപ്പോൾ ശിവകാമിക്ക് ഭയം ഉണ്ടായി. അവൾ കരയാൻ തുടങ്ങി

മുകളിൽ നിന്നും ഇറങ്ങി വന്ന ഒരാൾ അവൾ കരയുന്നത് കണ്ട്, അവൾക്ക് ചുറ്റും ആ നാല് പേര് കൂടിയതും കണ്ട്

എന്താണ് പ്രശ്നം.. വേഗം ഇവിടുന്നു പൊയ്ക്കോളണം എന്ന് പറഞ്ഞപ്പോൾ ശിവകാമി ഒഴിച്ച് ബാക്കി നാല് പേര് അവിടെ നിന്നും പൊയ്ക്കളഞ്ഞു

“അവര് നിന്നെ ഉപദ്രവിച്ചോ.. കുറച്ചു പ്രശ്നക്കാർ ആണ് അവർ ഇതിന് മുൻപും ഞാൻ വിരട്ടിയതാണ്, ഒരു ടിക്കറ്റ് തരൂ ”

അയാൾ ടിക്കറ്റ് വാങ്ങി പോയി.

വിശക്കുന്നുണ്ടായിരുന്നു ശിവകാമിക്ക്. അവൾ മകളെയും കൂട്ടി മുകളിൽ ചോറുണ്ണാൻ പോയി ചോറ് തിന്നു കൊണ്ടിരിക്കുമ്പോൾ ഇവിടെ വരാൻ പറഞ്ഞ ആ 45 കാരനെ ഓർക്കുകയായിരുന്നു അവൾ,

അയാൾ കാരണം ആണ് കുറച്ച് ടിക്കറ്റ് വിറ്റു പോയത്

“അയാളെ ഇനിയും കാണാൻ കഴിയണേ പഴനി ആണ്ടവാ “അവൾ മനസ്സിൽ പ്രാർഥിച്ചു.

ഊണ് കഴിച്ച ശേഷം ശിവകാമി അവിടെ നിന്നും നടന്നു. 3:മണി ആയപ്പോൾ അവൾ അന്ന് എടുത്ത പത്തു ടിക്കറ്റും വിറ്റു.. അവൾക്ക് ഒരുപാട് സന്തോഷം ആയി.നാളെ വിൽക്കാൻ ഉള്ള ലോട്ടറി ടിക്കറ്റും വാങ്ങി

വൈകുന്നേരം അവളുടെ വാടക വീട്ടിൽ എത്തി..

ആ സമയം ആണ് വീടിന്റെ ഹൗസ് ഓണർ എത്തിയത്..

“ശിവകാമി, വാടക ആറു മാസത്തെ ഉണ്ട്‌ തരാം എന്ന് പറഞ്ഞു നിന്റെ കെട്ടിയോൻ എന്നെ കുറെ പറ്റിച്ചു. അത് അവനെ പേടിച്ചിട്ട് ഒന്നുമല്ല. നിന്നെ ഓർത്തു ആണ്,ഭർത്താവ് ഇല്ലാത്ത ഒരു ഭാര്യയുടെ വിഷമം ഞാൻ ഓർത്തിട്ടാണ് ”

അയാൾ ശിവകാമിക്ക് കുറച്ച് അടുത്തായി വന്നു.

മദ്യത്തിന്റെ മണം അവളുടെ മൂക്കിൽ എത്തി

“ഒരാഴ്ച കൊണ്ട് തന്നില്ലെങ്കിൽ, പിന്നെ എനിക്ക് അറിയാം അത് മുതലാക്കാൻ ”

അയാൾ പോയിക്കഴിഞ്ഞപ്പോൾ വേഗം വാതിൽ അടച്ചു. ശിവകാമി കരഞ്ഞു.എന്ത് ചെയ്യണം എന്നറിയാതെ അവളുടെ മകളെ കെട്ടിപിടിച്ചു ഏങ്ങി കരഞ്ഞു.

പിറ്റേ ദിവസം രാവിലെ അവൾ പതിവ് പോലെ ടിക്കറ്റ് വിൽക്കാൻ പോയി നേരെ കോഫീ ഹൌസിലെ അതെ സ്ഥലത്ത് അവൾ നിന്നു. അന്ന് മുകളിൽ നിന്ന് ഇറങ്ങിയ ഒരാളും വാങ്ങിയില്ല കുറച്ചു കഴിഞ്ഞപ്പോൾ ഇന്നലെ അവളെ ആർത്തിയോടെ നോക്കിയ ആ രണ്ട് ചെറുപ്പകാർ അവളെ കണ്ടു

അവളോട് ഒരു ടിക്കറ്റ് വാങ്ങി.

“ടിക്കറ്റ് ഇന്ന് അങ്ങനെ വിറ്റില്ല അല്ലെ. ഞങ്ങൾ ഹെല്പ് ചെയ്യാം, ആ റയിൽവേ ഓവർ ബ്രിഡ്ജ് കഴിഞ്ഞപാടെ ഒരു സ്ഥലം ഉണ്ട്‌ അവിടെ ഒക്കെ ഞങ്ങൾക്ക് അറിയുന്ന സ്ഥിരം ലോട്ടറി എടുക്കുന്ന ആൾക്കാർ ഉണ്ട്‌. ഞങ്ങൾ വാങ്ങി തരാം പെങ്ങൾ വാ ”

വളരെ വിനയത്തോടെ, നല്ല രീതിയിൽ പറഞ്ഞപ്പോൾ ശിവകാമി തെറ്റായി ഒന്നും ധരിക്കാതെ, വിശ്വസിച്ചു അവർ രണ്ടു പേരുടെ കൂടെ പോയി.

ബ്രിഡ്ജിന്റെ താഴേ വഴിയിൽ അവർ എത്തി.

മുന്നോട്ട് കാട് നിറഞ്ഞ ബ്രിഡ്ജിന്റെ അടിഭാഗം ആണ്.. പെണ്ണുങ്ങൾ പോവാത്ത വളരെ ചുരുക്കം ആണുങ്ങൾ മാത്രം പോകുന്ന വഴി ആണത്. ആ രണ്ടു ചെറുപ്പക്കാരും ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി. ആരും ഇല്ല എന്ന് മനസ്സിലായതോടെ ഒരുത്തൻ ശിവകാമിയുടെ വായും, മറ്റൊരുത്തൻ പഞ്ചമിയുടെ വായും പൊത്തി കാടു നിറഞ്ഞ ബ്രിഡ്ജിന്റെ അടി ഭാഗത്തേക്ക്‌ കൊണ്ട് പോയി.

ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ആ രണ്ടു ചെറുപ്പക്കാരുടെ മുഖത്തു അടി വീണതും അവർ ഓടിപോകുന്നതും ശിവകാമി കണ്ടു.

മുന്നിൽ ശിവകാമി ഇന്നലെ മെഡിക്കൽ ഷോപ്പിൽ കണ്ട 45 കാരൻ.

“ഇത് വഴി ആണ് ബസ്സ്‌ സ്റ്റാൻഡിലേക്ക് പോകാറ്..

ഇത് ഷോർട് കട്ട് ആണ് അപ്പോൾ ആണ് ഞാൻ നിന്നെയും മോളെയും കൊണ്ട് പോകുന്നത് കണ്ടത്

ബസ് സ്റ്റാൻഡിലെ ഒരു ചായക്കടയിൽ ഇരുന്നു അവൻ ശിവകാശിയോട് പറഞ്ഞു

“എന്റെ പേര് സുജിത് ദാമോദരൻ, ഇവിടെ ടൗണിലെ മാർക്കറ്റിലെ ലോഡ് വർക്കർ ആണ് ”

ശിവകാമി തന്റെ കഥ പറഞ്ഞു

തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് ജോലിക്ക് വന്ന ഞാനവേൽ,കൂടെ ശിവകാമി മകൾ,ജോലിക്ക്‌ പോയാലും എന്നും കുടിച് പണം സാമ്പാദിക്കാത്ത ഭർത്താവ്.ആക്‌സിഡന്റിൽ ഉള്ള അപ്രതീക്ഷിത മരണം അവളെ തളർത്തി,ആരോ പറഞ്ഞത് അനുസരിച് ആണ് അവൾ ലോട്ടറി വിൽക്കാൻ ഇറങ്ങിയത് അന്നത്തെ ഭക്ഷണത്തിനു വേണ്ടി,തന്റെ കയ്യിൽ ഒന്നുമില്ല.

“ശിവകാമി,നിനക്ക് ഒരു ജോലി ഞാൻ ശരിയാക്കി തരാം.. എന്റെ കൂടെ വാ ”

ശിവകാമിയും മകളും സുജിത്തിനൊപ്പം യാത്രയായി.

അവർ ബസ്സിൽ കയറി.അരമണിക്കൂർ കഴിഞ്ഞു ഒരു സ്റ്റോപ്പിൽ എത്തിയപ്പോൾ അവർ ഇറങ്ങി

ഓട് മേഞ്ഞ ചെറിയ വീട്ടിൽ അവർ കയറി

അവിടെ കട്ടിലിൽ കിടക്കുന്ന 80 വയസ്സ് പ്രായം ഉള്ള ഒരു സ്ത്രീയെ ചൂണ്ടി കാട്ടി

“ഇവരെ നോക്കാൻ പറ്റുമോ ശിവകാമിക്ക്,തളർന്നു കിടക്കുകയാണ്.

എന്റെ..എന്റെ അമ്മയാണ്,ഞാൻ ഇത് വരെ വിവാഹം കഴിച്ചിട്ടില്ല.ഇവിടെ ശിവകാമി സുരക്ഷിതആയിരിക്കും ”

ശിവകാമി അവന്റെ കാലിൽ തൊട്ടു

“ഞാൻ ജീവിച്ചിരിക്കുന്ന വരെ,ഈ അമ്മയെ ഞാൻ നോക്കും,നിങ്ങൾ എന്റെ ദൈവമാണ് ”

അവൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു

“ശിവകാമി,ഇനി നീ ഭയപ്പെടണ്ട,നീ ഇനി സന്തോഷതോടെ ജീവിക്കും ഇവിടെ.. നിനക്ക് സമ്മതം ആണെങ്കിൽ എന്റെ പൊണ്ടാട്ടി ആയിട്ട് ”

അത് കേട്ടപ്പോൾ അവളുടെ മുഖത്ത് സന്തോഷം ഉണ്ടാവുന്നത് അവൻ കണ്ടു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക്‌ മെസ്സേജ് ചെയ്യൂ..

രചന : vijesh shankar

Leave a Reply

Your email address will not be published. Required fields are marked *