അല്ലെങ്കിലും അമ്മമാർ അങ്ങനെയാണ്, മക്കൾ അവരോട് എന്ത് ചെയ്താലും അത് ക്ഷമിക്കും, സഹിക്കും, ന്യായീകരിക്കും…

രചന : കൃഷ്ണ

അമ്മക്കിളി,

***********

എന്തായിരിക്കും അവൾ വരാൻ താമസിക്കുന്നത്?

എത്ര നേരമായി താനിവിടെ കാത്തു നിൽക്കുന്നു?

ജോസഫ് അക്ഷമനായി ICUന് മുന്നിൽ കാത്തുനിന്നു

പെട്ടെന്ന് നനുത്ത കാൽ പെരുമാറ്റം കേട്ട ഭാഗത്തേക്ക് അയാൾ നോക്കി, സന്തോഷം കൊണ്ട് അയാളുടെ കണ്ണുകൾ വിടർന്നു. ചുളിവ് വീണ മുഖത്ത് എന്തെന്നില്ലാത്ത ആഹ്ലാദം….

ങാ, നീ വന്നോ മേരിക്കൊച്ചേ,

”ഇച്ചായാ “….

വന്നയാൾ ജോസഫിനെ വാരിപ്പുണർന്നു, അവളുടെ കണ്ണുനീരിന് വർഷങ്ങളുടെ ഏകാന്തതയുടെ രുചിയുണ്ടായിരുന്നു. മേരി, ജോസഫിന്റെ ഭാര്യ….

എന്നതാ എന്റെ മേരിക്കൊച്ചേ, ഇപ്പോഴും നിനക്കീ കണ്ണീര് തന്നെയാണോടീ… നീ ഇപ്പോൾ എന്റെടുത്തല്ലേ, ഇനിയുമെന്തിനാ ഈ കണ്ണീര്?

ജോസഫ് അവളുടെ കണ്ണുനീര് തുടച്ചു.

മേരി അപ്പോഴും ജോസഫിനെ നോക്കി നിൽക്കുകയായിരുന്നു…

എന്നാടീ, നീ ഇങ്ങനെ നോക്കുന്നേ…?

ഇച്ചായാ, ഇച്ചായന് ഒരു മാറ്റോം ഇല്ല, എന്നെ വിട്ട് പോയ സമയത്തേപ്പോലെ തന്നെ ഇപ്പോഴും..

കണ്ണുകളിൽ അതേ തിളക്കം..പക്ഷേ, ശരീരം മാത്രം തണുത്തിരിക്കുന്നു,

ജോസഫ് ഒന്ന് പുഞ്ചിരിച്ചു,അപ്പോഴാണ് മേരി ആ സത്യം മനസിലാക്കിയത്, തന്റെ ശരീരത്തും അതേ പ്രതീതി… അവളുടെ മുഖത്ത് പെട്ടെന്നൊരു വിഷാദം നിഴലിച്ചു.

പെട്ടെന്ന് എന്തു പറ്റി എന്റെ മേരിക്കൊച്ചിന് ഒരു വിഷമം?

ഇച്ചായ നമ്മുടെ മക്കൾ? ഞാനും കൂടി പോന്നാൽ അവർ ഒറ്റക്കായി പോവില്ലേ? അവർക്ക് പിന്നെ ആരാ ഉള്ളത്?

ICUന് വെളിയിൽ അക്ഷമരായി കാത്തിരിക്കുന്ന തന്റെ മക്കളെയും മരുമക്കളെയും പേരക്കുട്ടികളെയും നോക്കി മേരി പറഞ്ഞു.

ജോസഫ് വീണ്ടും ചിരിച്ചു, ആ ചിരിയുടെ അർഥം മനസിലാക്കിയിട്ടെന്ന പോലെ മേരി തുടർന്നു, എന്നെ വേണ്ടാഞ്ഞിട്ടല്ല ഇച്ചായാ, അവരെന്നെ ഓൾഡ് ഏജ് ഹോമിലാക്കിയത്.. അവരുടെ തിരക്കിനിടയിൽ എനിക്ക് വേണ്ട ശ്രദ്ധ കിട്ടിയില്ലങ്കിലോന്ന് പേടിച്ചിട്ടാ..

തന്റെ കണ്ണുനീർ ജോസഫ് കാണാതെ അവൾ തുടച്ചു…

നീ എത്ര ഫാഷനിൽ പറഞ്ഞാലും വൃദ്ധസദനം ,

അത് എന്താണെന്നും എന്തിനുള്ളതാണെന്നും എനിക്കറിയാം മേരി, നിനക്ക് എന്നെ കാണാൻ കഴിയില്ലായിരുന്നെങ്കിലും, എനിക്കെല്ലാം കാണാമായിരുന്നു, നീ കാണാത്തത് പലതും ഞാൻ കണ്ടു, അറിഞ്ഞു.

ജോസഫ് ദീർഘമായി ഒന്ന് നിശ്വസിച്ചു.

അല്ലെങ്കിലും അമ്മമാർ അങ്ങനെയാണ്, മക്കൾ അവരോട് എന്ത് ചെയ്താലും അത് ക്ഷമിക്കും,

സഹിക്കും, ന്യായീകരിക്കും…. എന്റെ മേരിയെപ്പോലെ…

ഞാനവളെ നെഞ്ചോട് ചേർത്തു… അപ്പോഴും അവളുടെ ശ്രദ്ധ മക്കളിലായിരുന്നു, അവളിങ്ങ് പോന്നത് ആരും അറിഞ്ഞിട്ടില്ല…

പെട്ടെന്ന് ICU ന്റെ വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു. മക്കളോട് എന്തോ പറയുന്നുണ്ട്…

മൂത്ത മകൻ ആൽബിയുടെ തോളിൽ തട്ടിയിട്ട് ഡോക്ടർ പോയി, എല്ലാവരുടെയും മുഖഭാവത്തിൽ നിന്ന് തന്നെ ,മേരി പോയ കാര്യം അവരറിഞ്ഞുവെന്ന് മനസിലാക്കാം.. ഇളയവൾ മെറിൻ മാത്രം അലമുറയിട്ട് കരയുന്നുണ്ട്..

അതല്ലാതെ വേറെ ബഹളമൊന്നൂല്ല..

മേരിയുടെ കണ്ണുകൾ ഇപ്പോഴും അവരിൽ തന്നെയാണ്.. ആൽബി രണ്ടാമത്തവൻ ജോയലിനോട് എന്തോ പറയുകയാണ്..

”എന്നതാണേലും നന്നായി ഒരുപാട് കിടന്ന് നരകിക്കാതെ അമ്മച്ചിയങ്ങ് പോയല്ലോ.. ഇതിപ്പോൾ ബോഡി നാട്ടിലോട്ടൊന്നും കൊണ്ടുപോവാൻ പറ്റത്തില്ല.. ഇപ്പോൾ സീസണല്ലേ മുടിഞ്ഞ ഫ്ലൈറ്റ് ചാർജാടാ..”

അതിപ്പോൾ എങ്ങനാ ആൽബിച്ചാ, അമ്മച്ചീടെ ആഗ്രഹം നാട്ടിൽ അപ്പച്ചന്റെ കല്ലറയുടെ അടുത്ത് തന്നെ അടക്കണോന്നല്ലാരുന്നോ? ജോയൽ ഇടക്ക് കയറി ചോദിച്ചു.

അതൊക്കെ ശരിയാടാ, ഫ്ലൈറ്റ് ചാർജ് പോട്ടെ..

പിള്ളേർക്ക് എക്സാം നടക്കുന്ന സമയത്തിപ്പോൾ നമുക്ക് ലീവെടുത്ത് നാട്ടിൽ പോവാൻ പറ്റുവോ?

ആൽബി കൂട്ടിച്ചേർത്തു.

ചേട്ടൻ പറയുന്നതാ ശരി, എവടായാലും അടക്കിയാൽ പോരെ, അത് ഇവിടെ നമുക്ക് ഗ്രാൻഡ് ആയിട്ട് നടത്താം, അമ്മച്ചീടെ മക്കളൊക്കെ ഇവിടെ തന്നെ ഉണ്ടല്ലോ.. നമ്മുടെ ബുദ്ധിമുട്ടൊക്കെ അമ്മച്ചിക്ക് മനസിലാവും.. അവൾ ജോയലിനെ കണ്ണുരുട്ടി കാണിച്ചു

ഈ പറഞ്ഞത് ജോയലിന്റെ ഭാര്യ ഡെയ്സിയാണ്..

അല്ലേലും അവന് അവളെ പേടിയാ, ഡെയ്സി പറയുന്നതിനപ്പുറം ജോയലിന് വേറൊരു വാക്കില്ല..

അമ്മച്ചിയെ വൃദ്ധസദനത്തിലാക്കാനുള്ള തീരുമാനവും അവളുടെ ബുദ്ധി ആയിരുന്നല്ലോ..

ഇതൊക്കെ കണ്ട് നിശബ്ദയായി നിൽക്കുകയാണ് എന്റെ മേരി….

മേരിക്കൊച്ചേ…. ഇതാണോ നീ പറഞ്ഞ സ്നേഹനിധിയായ മക്കൾ?

അവൾ എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു,

പോട്ടെ ഇച്ചായാ, നമ്മുടെ മക്കളല്ലേ…

വാത്സല്യം നിറഞ്ഞ വാക്കുകളിലും അവളുടെ നോവ് ഞാനറിഞ്ഞു, നൊന്തു പെറ്റ ഒരമ്മയുടെ ഹൃദയവേദന…

മേരിക്കൊച്ചേ….

എന്നാ ഇച്ചായാ?

വയസ് 70 കഴിഞ്ഞിട്ടും നിന്റെയീ പുഞ്ചിരിക്ക് പണ്ടത്തെ മധുരപ്പതിനേഴ് കാരിയുടെ അതേ ചേലാടീ…

നാണത്തോടെ അവളെന്നെ പുണരുമ്പോൾ സ്വർഗ്ഗത്തിന്റെ വാതിൽ ഞങ്ങൾക്ക് മുന്നിൽ മലർക്കെ തുറക്കുകയായിരുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക്‌ മെസ്സേജ് ചെയ്യൂ..

രചന : കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *