ഗോപേട്ടൻ മോളെ ഒന്ന് നോക്കിയത് പോലുമില്ല… സ്വന്തം കുഞ്ഞല്ലേ ഇത്.. അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് …

രചന : രമ്യ മണി.

“‘മോളെ മീനു നീയൊന്നു നോക്ക്, നമ്മുടെ കുഞ്ഞിടെ കാല് വളഞ്ഞാണല്ലോ വരുന്നത്.ഇതെന്താണാവോ ഇങ്ങനെ, അത് കൊണ്ടാ വയസ്സ് മൂന്നായിട്ടും കുഞ്ഞി നടക്കാത്തത്. ഈ പ്രായത്തിൽ കുട്ട്യോള് ഓടും”.

“നീ ഗോപനോട് പറഞ്ഞു ഒരു ഡോക്ടറിനെ കാണിക്കണം”

”ഓപ്പോള് പറയുന്നത് നിക്ക് തോന്നാതില്ല്യ . പക്ഷെ ആരോട് പറയാനാ, ഞാൻ ഗോപേട്ടനോട് പലവട്ടം പറഞ്ഞു നോക്കി.ആള് ശ്രദ്ധിക്കിണില്ല, അതൊക്കെ തനിയെ ശരിയായിക്കോളുംന്നാ പറയണേ. നാളെ ഞാനന്നെ കുഞ്ഞിയെ എടുത്തു പോയി നോക്കാം ആശുപത്രീല്” .

“എന്നാൽ ഓപ്പോളും വരാം നിന്റെ കൂടെ”.

” വേണ്ട ഓപ്പോളേ കുറച്ചു നടന്നാൽ ശ്വാസം മുട്ട് വരുന്നതാ, എനിക്ക് വയ്യാ ഓപ്പോളുടെ വല്ലായ്മ കാണാൻ”.

കുഞ്ഞിയുടെ മുടിയിൽ തലോടി മീനു നെടുവീർപ്പിട്ടു.

“നീ വിഷമിക്കാതെ മീനു , കുഞ്ഞി നല്ല മിടുക്കി കുട്ടി ആവും,അവള് നിന്നെക്കാൾ സുന്ദരിയാ.

എന്തു ചേലാ വെളുത്ത നിറോം, വട്ട മുഖോ ചുരുളൻ മുടീം ഒക്കെയായിട്ട് “.

അടുത്ത ദിവസം ആശുപത്രിയിൽ, …കുഞ്ഞിക്ക് ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ ആണെന്ന ഡോക്ടറുടെ വാക്കുകൾ ഇടിത്തീ പോലെയാണവളിൽ പതിച്ചത് . അവളുടെ കവിളിലൂടെ കണ്ണുനീർ ധാരയായി ഒഴുകികൊണ്ടേ ഇരുന്നു .

മീനു എണീറ്റ് കുഞ്ഞിയെ കിടത്തിയ ട്രീറ്റ്മെന്റ് റൂമിലേക്ക് നടന്നു. ചുറ്റുപാടുകൾ ഒന്നും അവളറിയുന്നുണ്ടായിരുന്നില്ല. മുറിയിൽ കട്ടിലിൽ കിടന്നു തല ഇളക്കി കളിച്ചുകൊണ്ടിരുന്ന ബുദ്ധിവളർച്ചയില്ലാത്ത, കാലനക്കാൻ വയ്യാത്ത കുഞ്ഞിയെ കണ്ടപ്പോൾ മീനു ഉറക്കെ കരഞ്ഞു.

കുഞ്ഞി പതുക്കെ വിരലുകൾ കൊണ്ടമ്മേടെ കവിളിൽ തലോടി. അവളേ കൊണ്ട് സാധിക്കും പോലെ സംസാരിക്കാൻ ശ്രമിച്ചു. പറ്റാതേ വന്നപ്പോൾ മീനുവിന്റെ മുടി പിടിച്ചു അമർത്തി വലിച്ചു.

എന്നിട്ട് എന്തൊക്കെയോ ആംഗ്യങ്ങൾ കാണിച്ചു .

ആ മുഖത്തെ നിഷ്കളങ്കത കണ്ടപ്പോൾ മീനുവിന്റെ സങ്കടം അധികരിച്ചു. അവൾ പതുക്കെ കുഞ്ഞിയെ എടുത്തു തോളിലിട്ട് കുട നിവർത്തി വെന്തു നിൽക്കുന്ന ഉച്ചവെയിലിലേക്കിറങ്ങി .

എന്റെ കുഞ്ഞിക്കു ഞാനേ ഉള്ളു ,അവൾക്കു തണലായി ജീവിച്ച പറ്റൂ. തള്ളക്കോഴി മക്കളെ പൊതിയും പോലെ അവൾ, മോളെ ചിറകിനടിയിൽ പൊതിഞ്ഞു പിടിച്ചു. വീടിന്റെ പടി കടന്നപ്പോളേക്കും അവൾ സാഹചര്യവുമായി പൊരുത്തപ്പെടാൻ തീരുമാനിച്ചു .

“ഡോക്ടറിനെ കണ്ടിട്ട് എന്ത് പറഞ്ഞു” ? ചോദിച്ചു കൊണ്ട് ഓപ്പോൾ പുറത്തിറങ്ങി വന്നു,ഒപ്പം ഗോപനും

മീനു സംഭവങ്ങൾ എല്ലാം വിശദീകരിച്ചു. കേട്ടപ്പോൾ ഗോപന്റെ മുഖം ചുളിഞ്ഞു.

അയാൾ പുറത്തേക്കിറങ്ങി നടന്നു പോയി.

”ന്റെ ഓപ്പോളെ , ഞാൻ എന്ത് പാപമാ ഇതിനും മാത്രം ചെയ്തത് , ഇങ്ങനെ ഒക്കെ അനുഭവിക്കാൻ .എൻ്റെ കുട്ടി ഒരിക്കലും സാധാരണ കുട്ടികളെപ്പോലെ ആവില്ലത്രേ .ഗോപേട്ടൻ മോളെ ഒന്ന് നോക്കിയേ പോലുമില്ല. സ്വന്തം കുഞ്ഞല്ലേ ഇത് ”.

വിങ്ങിപ്പൊട്ടുന്ന മീനുവിനെ എന്തു പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ ഓപ്പോൾ നിന്നു.

പിന്നീട്, ഓരോ നിമിഷവും മീനു കുഞ്ഞിയെ കൈ വെള്ളയിൽ കാത്തു വച്ചാണ് നടന്നത്. കുഞ്ഞിയുടെ വയസ്സ് അഞ്ചായപ്പോൾ, മീനു അകലെയുള്ള സ്പെഷ്യൽ നീഡ്‌സ് സ്കൂളിൽ മോളെ ചേർത്തി .

എന്നും കുഞ്ഞിയെ തോളത്തിട്ടു സ്കൂളിൽ പോവും. തീരുന്നത് വരെ അവളുടെ ക്ലാസ്സിലേക്ക് നോക്കി മീനു കാറ്റാടിച്ചോട്ടിൽ കാത്തിരിക്കും.

”കരുണ ചെയ്യാൻ എന്തു… താമസം.. കൃഷ്ണാ”

മീനു കണ്ണീരോടെ പ്രാർത്ഥിക്കും.

ഒരവധി ദിവസം കുഞ്ഞിയോടൊപ്പം ഉച്ച മയക്കത്തിൽ ആയിരുന്ന മീനു വണ്ടി വന്ന ശബ്ദം കേട്ടാണ് വാതിൽ തുറന്നത്.

ഒരു വലിയ പാർസലുമായി ഒരാൾ മുറ്റത്തു നിൽക്കുന്നുണ്ടായിരുന്നു. മീനുവിന്റെ ഒപ്പു വാങ്ങി,

ആ പൊതി വീടിന്റ തിണ്ണയിൽ വച്ചു അയാൾ തിരിച്ചു പോയി. മീനു അതു തുറന്നപ്പോൾ, അതിനുള്ളിൽ ഒരു വീൽ ചെയർ ആയിരുന്നു .ഒപ്പം ഒരു കുറിപ്പും.

”എന്റെ ഏറ്റവും പ്രിയമുള്ള കൂട്ടുകാരിക്ക്,

നിനക്കേറെ ആവശ്യം ഇപ്പോൾ ഇതാണെന്നു എനിക്കറിയാം.സ്വീകരിക്കുമല്ലോ”,

സ്നേഹപൂർവ്വം..നിന്റെ ഗൗരി.

വായിച്ചപ്പോൾ മീനുവിൽ ഒരു നനുത്ത പുഞ്ചിരി തെളിഞ്ഞു.നനഞ്ഞ മേഘങ്ങൾ പോലെ ..

ബാല്യം മൂതൽ ഗൗരി എന്നും അതിശയിപ്പിച്ചിട്ടേ ഉള്ളു, ഈ ജീവിതത്തിൽ ദൈവം തന്ന ഏക നന്മ

വിവാഹ ശേഷം അവൾ കുടുംബമായി വിദേശത്തു പോയി .

മീനു അകത്തു പോയി കുഞ്ഞിയെ എടുത്തു സെറ്റ് ചെയ്തു വച്ച ചെയറിൽ ഇരുത്തി. ആ യാത്ര അവളെ ഒരു പുതിയ ലോകത്തേക്ക് ഉയർത്തി.

രാവിലെ, പതിവ് പോലെ ഉണർന്നെണീറ്റു മീനു അടുക്കളയിലേക്കു നടന്നു .

”ആഹാ ഓപ്പോൾ ഇന്ന്, ന്നേക്കാൾ മുന്നേ എണീറ്റുവോ” .

”ന്റെ മോളെ രാവിലെ തൊണ്ടക്കു വല്ലാത്ത വരൾച്ച ഒരു കട്ടൻ ചായ ഉണ്ടാക്കി. ഇത് മോള് കുഞ്ഞിക്കു കൊടുക്കൂ”…..

ബാക്കി ഉള്ള ചായ ഗ്ലാസിൽ ഒഴിച്ച് ഓപ്പോൾ മീനുവിനോട് പറഞ്ഞു .

ഒച്ചയുണ്ടാക്കാതെ മീനു കുഞ്ഞിയുടെ മുറിയുടെ മുന്നിലെത്തി പതുക്കെ വാതിൽ തുറന്നു. അവിടെ വിസ്മയിപ്പിക്കുന്ന കാഴ്ച ആണവളെ വരവേറ്റത്

കുഞ്ഞി കസേരയിൽ ഇരുന്നു ചുമരാകെ കണ്മഷിയാൽ വരച്ചു വച്ചിരിക്കുന്നു. വിരലിലും കവിളിലും നിറയെ കണ്മഷി പരന്നു കിടക്കുന്നു.

മുറിയാകെ പൂമ്പാറ്റകൾ നിറഞ്ഞ പോലെ മീനുവിന് തോന്നി.

അതൊരു പുതു ജന്മമായിരുന്നു ആ അമ്മയ്ക്കും കുഞ്ഞിനും.

പതുക്കെ, ഗോപനും അവരെ അംഗീകരിച്ചു .

സൂര്യൻ വീണ്ടും കിഴക്കുദിക്കുകയും പടിഞ്ഞാറസ്തമിക്കുകയു ചെയ്തു, മീനുവിന്റെ മുടിയും നര കേറി വന്നു. ഓപ്പോൾ അവരെ വിട്ടു പോയി.

മലയാളി സംഘടനയുടെ സെക്രട്ടറി ആയ ഗൗരിയുടെ ക്ഷണം സ്വീകരിച്ചു വിദേശത്തു വന്നതാണവർ .!!!!

കുഞ്ഞി വരച്ച ചിത്രങ്ങളുടെ എക്സിബിഷൻ നടക്കുകയാണവിടെ.

” എടോ മീനു, നിറയെ ആവശ്യക്കാർ ഉണ്ടുട്ടോ കുഞ്ഞിടെ ചിത്രങ്ങൾക്ക്,

അവളുടെ മാതാപിതാക്കൾ ആവാൻ കഴിഞ്ഞതിൽ നിങ്ങൾക്ക് അഭിമാനിക്കമെടോ ”.

ഗൗരി ചിരിയോടെ മീനുവിനോട് പറഞ്ഞു.

മീനു ആനന്ദക്കണ്ണീരോടെ ഗൗരിയെ കെട്ടിപ്പിടിച്ചു.

” ഗൗരീ …നിന്നോട് ഞാൻ എങ്ങനെ നന്ദി പറയാ”.

“മീനു, നന്ദി പറഞ്ഞു നീയെന്നെ ചെറുതാക്കല്ലേ..

മോൾക്ക് ഈ വിരലുകൾ സമ്മാനിച്ച ദൈവത്തിനോടല്ലേ നന്ദി പറയേണ്ടത്. ”

“നിനക്കറിയോ .. ദൈവത്തിനു എല്ലാ കുട്ടികളും പ്രിയപ്പെട്ടവർ ആണ്. കുഞ്ഞിയെ പോലെ ഓട്ടിസം ബാധിച്ച കുട്ടികളോട് ഒരു പടി മേലെയാണിഷ്ടം, അവരിൽ എന്തെങ്കിലും ഒരു കയ്യൊപ്പു പതിപ്പിച്ചാ ഭൂമിയിലേക്കയക്കുന്നതു.

അവരെ മുറിയിൽ അടച്ചിടാതെ നമ്മൾ അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം.”

“പിന്നെ സുരക്ഷിതരായിരിക്കും എന്നുറപ്പുള്ള അമ്മമാരിലേക്കാണ് അവരെ എത്തിക്കുന്നത്.

നിന്നെയാണ് കുഞ്ഞിക്കായി തിരഞ്ഞെടുത്തത്.

സന്തോഷിക്കേടോ “..

അം ….മ്മാ …അം ..അവ്യക്തമായി കുഞ്ഞി പുറകീന്നവളെ വിളിച്ചു ..നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടു, തുടിക്കുന്ന ഹൃദയത്തോടെ മീനു

വീണ്ടും വീണ്ടും പൊന്നുമകളുടെ ആ വിളിക്കായി കാതോർത്തു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക്‌ മെസ്സേജ് ചെയ്യൂ..

രചന : രമ്യ മണി.

Leave a Reply

Your email address will not be published. Required fields are marked *