ചെമ്പകം പൂക്കുമ്പോൾ, ഭാഗം 23

രചന :-അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 23

❤️❤️❤️❤️❤️❤️❤️❤️❤️

“ശ്രീ നന്ദ… നിഹാൽ..
കാവേരി നിഹാൽ
ചഞ്ചല നിഹാൽ…. കൂട്ടിയും  കിഴിച്ചും  നോക്കിയാലും ഹരിച്ചും  ഗുണിച്ചും  നോക്കിയാലും എന്റെ പൊട്ടി പെണ്ണിന്റെ തട്ട് താണു തന്നെ ഇരിക്കും… കരയുന്നുണ്ടാകും  ഇപ്പോഴും… !! ഒരു യാത്ര പോലും പറയാതെ പോന്നതിൽ  സങ്കടം ഉണ്ടാവും പാവത്തിന്”!!…കണ്ണാടിക്ക് മുൻപിൽ വാച്ച് അഴിച്ചു വെക്കുമ്പോൾ അവൻ കിങ്ങിണിയെ ഓർത്തു.

കബോർഡ് തുറന്നു കുളിക്കാൻ വേണ്ടി ബോഡി വാഷ് എടുക്കുമ്പോൾ കൈ തട്ടി ഒരു ബോക്സ്‌ താഴെ വീണു. ആ ബോക്സിൽ നിന്നും കിങ്ങിണിയുടെ മാല പുറത്തേക്കു ചാടി.

ചൂണ്ടു വിരലും തള്ള വിരലും കോർത്തു അവൻ അത് കയ്യിൽ എടുത്തു കുറച്ച് നേരം നോക്കി ഇരുന്നു.

“എത്രയൊക്കെ ഞാൻ മറക്കാൻ നോക്കിയാലും നീ ഓർമിപ്പിച്ചു കളയുമല്ലോ  പെണ്ണേ… “…അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

“നിന്നെ ഈ നെഞ്ചിൽ ചേർത്ത് നിർത്താൻ എനിക്ക് കഴിഞ്ഞില്ല. നിന്റെ മാല എന്റെ കല്യാണം കഴിയും വരെ എങ്കിലും എന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടന്നോട്ടെ !! അത്ര എളുപ്പം നിന്നെ എനിക്ക് പറിച്ചു മാറ്റണ്ട… “….കിങ്ങിണിയുടെ മാലയിൽ മൃദു ആയി ഒന്ന് ചുംബിച്ച ശേഷം അവൻ അത് കഴുത്തിൽ അണിഞ്ഞു. ശേഷം കുളിക്കാൻ കയറി.

**********************

“മോള് എഴുന്നേറ്റോ”??… കൃഷ്ണ പ്രസാദ്‌ ലളിതയോട് ചോദിച്ചു.

“അറിയില്ല… എഴുന്നേൽക്കാൻ സമയം ആയി…”

“മ്മ്… എങ്ങനെയാ അവളോട്‌ പറയുക”??…

“പറയാതെ പറ്റില്ലല്ലോ ഏട്ടാ… “..

“മ്മ്… പക്ഷെ മോള് എന്തേലും അവിവേകം വല്ലോം കാണിച്ചാലോ ??എനിക്ക് നല്ല ഭയം ഉണ്ട്… ”

“ഏയ്… അവൾ അങ്ങനെ ഒന്നും ചെയ്യില്ല. അവളുടെ നല്ലതിന് വേണ്ടി അല്ലേ നമ്മൾ ഇത് ചെയ്യുന്നത്…. ”

“എന്നാലും… “..

“ഒരു എന്നാലും ഇല്ലാ. എന്നെ കെട്ടിച്ച പ്രായം ആയി അവൾക്കും. ആ പ്രായത്തിൽ അവളെയും കെട്ടിക്കുന്നു.  അത്രേ ഉള്ളു…. “… ലളിത അല്പം ശബ്ദം ഉയർത്തി പറഞ്ഞത് അങ്ങോട്ട്‌ കണ്ണും തിരുമി വന്ന കിങ്ങിണി അത്  കേട്ടു. അവളുടെ കൊലുസിന്റെ അടി വെച്ചു ഉയരുന്ന ശബ്ദം കേട്ടു എല്ലാവരും അവളെ നോക്കി.

കേട്ടത് എന്തോ വലിയ മഹാ അപരാധം ആണെന്ന രീതിയിൽ കണ്ണും മിഴിച്ചു തറഞ്ഞു നിൽക്കുക ആണ് അവൾ.

“മോള് എഴുന്നേറ്റോ”??,… അച്ഛൻ അവളോട്‌ ചോദിച്ചു.

“അച്ഛാ അമ്മ ഇപ്പോ എന്താ പറഞ്ഞെ ??ആരെ കല്യാണം കഴിപ്പിക്കുന്ന  കാര്യമാ പറഞ്ഞെ”??

“അത്…. അത്… വേറെ അത്… “… അച്ഛൻ അവളുടെ ചോദ്യത്തിന് മുൻപിൽ തപ്പി തടഞ്ഞു.

“അച്ഛൻ എന്നോട് കള്ളം പറയാൻ പോകുവാണേൽ എനിക്ക് അത് കേൾക്കണ്ട… എന്താ കാര്യം എന്ന് ആർക്കെങ്കിലും സത്യം പറയാം എങ്കിൽ പറഞ്ഞാൽ മതി”… കിങ്ങിണി കുസൃതിയോടെ  പറഞ്ഞു.

“അത് മോളെ… തൃപ്പൻകോട്ട് തിരുമേനി ഇല്ലേ”??.. ശ്രീദേവി കല്യാണ കാര്യം വേറെ ഒരു രീതിയിൽ പറഞ്ഞു തുടങ്ങി.

“മ്മ്”…

“തിരുമേനി…. വിളിച്ചിരുന്നു”…

“എന്തിന്”??

“അത്… അത്… അത് പിന്നെ… മോൾക്ക്‌ ഒരു നല്ല ആലോചന തിരുമേനി കൊണ്ട് വന്നിട്ടുണ്ട്”…

“എന്നിട്ട്”??

“എന്നിട്ട് എന്താ… ഞങ്ങൾ മോളോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു. അല്ലേ ചന്ദ്രേട്ടാ “…. ??

“അഹ്… അഹ്… അതേ അതേ… “… ചന്ദ്രൻ വിക്കി കൊണ്ട് പറഞ്ഞു.

“എങ്കിൽ തിരുമേനിയോട് പറഞ്ഞേക്ക് ചഞ്ചലയെ ഇപ്പോൾ ഒന്നും കെട്ടിക്കുന്നില്ല  എന്ന്… “…. കിങ്ങിണി അല്പം അരിശത്തോടെ പറഞ്ഞു. അവിടെ നിന്നും പോകാൻ തുനിഞ്ഞു.

“അത് നീയാണോ തീരുമാനിക്കുന്നെ “??…അമ്മ ചോദിച്ചു.

“അഹ് ഇപ്പോ ഞാൻ തീരുമാനിച്ചാൽ മതി “….

“മോളെ….. “….അച്ഛന്റെ വിറച്ചു കൊണ്ടുള്ള സ്വരം ആണ് അവളെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചത്. അച്ഛൻ എഴുന്നേറ്റു അവളുടെ അടുത്ത് വന്നു തോളിൽ പിടിച്ചു.

“ഇവർ എല്ലാവരും പറയുന്ന പോലെ അല്ല…കാര്യങ്ങൾ”….

“പിന്നെ”??

“ഞങ്ങൾക്ക് മുൻപിൽ വേറെ വഴി ഇല്ലാരുന്നു അതുകൊണ്ട് ഞങ്ങൾ മോളുടെ വിവാഹം ഉറപ്പിച്ചു”….

“ഏഹ് “??എന്തുവാ”??,…കിങ്ങിണി ചിരിച്ചു കൊണ്ട് എളിയിൽ കൈ കുത്തി ചോദിച്ചു.

“മോളെ… ഈ അച്ഛന് മോളോട് ഒരിക്കലും കള്ളം പറയാൻ ആകില്ല അതാ അച്ഛൻ സത്യം പറഞ്ഞെ. വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ടാ… “….അച്ഛന്റെ വാക്കുകൾ ചാട്ടുളി  പോലെ ആണ് കിങ്ങിണിയുടെ കാതിൽ മുഴങ്ങി കേട്ടത്.അവൾ കാലടി വെക്കാൻ പോലും മറന്നു നിന്നു പോയി.

“അപ്പൊ… അപ്പൊ എന്റെ… എന്റെ പടുത്തം ! ഡിഗ്രി”!!…വിതുമ്പുന്ന ചുണ്ടുകളോടെ അവൾ ചോദിച്ചു.

“അത് കല്യാണം കഴിഞ്ഞും ആകാല്ലോ മോളെ… “…ശ്രീദേവി അവളെ സമാധാനിപ്പിക്കാൻ അടുത്തേക്ക് ചെന്നു.

“വേണ്ട… ആരും വരണ്ട എന്റെ അടുത്തേക്ക്… എനിക്ക് എനിക്ക് ഇപ്പോ കല്യാണം വേണ്ട…. നിക്ക് നിക്ക് പഠിക്കണം. ജോലി മേടിക്കണം….. ഞാൻ ഞാൻ സമ്മതിക്കില്ല”…കിങ്ങിണി എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.

“ഞങ്ങൾ വാക്ക് കൊടുത്തു ഉറപ്പിച്ചു മോളെ”….അമ്മ പറഞ്ഞു.

“എന്നോട് ചോദിക്കാതെ എന്റെ കല്യാണം തീരുമാനിക്കാൻ നിങ്ങളോട് ആരാ പറഞ്ഞത്”??….കിങ്ങിണി അഗ്നി പർവതം പോലെ പൊട്ടി തെറിച്ചു. അവളുടെ കത്തുന്ന നോട്ടത്തിനു തന്നെ ഭസ്മം ആക്കുവാൻ ഉള്ള കഴിവ് പോലും ഉണ്ടെന്നു കൃഷ്ണ പ്രസാദ്‌ ഓർത്തു പോയി.

“കിങ്ങിണി… മോളെ ഞങ്ങൾ…. “…ചെറിയച്ഛൻ അവളുടെ അടുത്തേക്ക് വന്നു.

“വേണ്ടാ ആരും അടുത്തേക്ക് വരരുത്… എന്നെ തൊടരുത്… എനിക്ക് എനിക്ക് നിങ്ങളെ ആരേം കാണണ്ട…. “…അവൾ പതിയെ അച്ഛന്റെ അടുത്തേക്ക് വന്നു നിന്നു.

കിങ്ങിണിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണാൻ ശക്തി ഇല്ലാതെ അച്ഛൻ തല കുനിച്ചു നിന്നു.

“അച്ഛൻ പറ… അച്ഛനും എല്ലാത്തിനും സമ്മതിച്ചോ ??അത്രക്ക് ഭാരം ആണോ അച്ഛക്ക് ഞാൻ”??….അവൾ എങ്ങി കരഞ്ഞു ചോദിച്ചു പോയി.

“ന്റെ പൊന്നു മോളെ…. “….അച്ഛൻ ഒരു തേങ്ങലോടെ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു.

“അച്ഛന്റെ പൊന്നു മോള് ഒരിക്കലും അച്ഛക്ക് ഒരു ഭാരം അല്ലടാ… നീ എന്റെ പൊന്നല്ലേ…. !!!നിന്റെ ജീവൻ രക്ഷിക്കാൻ അച്ഛന്റെ മുന്നിൽ ഈ ഒരു വഴിയേ ഉള്ളു. അച്ഛന് നിന്റെ ജീവൻ വെച്ച് ഒരു പരീക്ഷണം നടത്താൻ വയ്യ അതാ മോളെ ഞാൻ”…..

“അച്ഛാ എനിക്ക് ഇപ്പോ കല്യാണം വേണ്ട എനിക്ക് പഠിക്കണം അച്ഛാ…. കുറച്ച് നാളൂടെ എല്ലാവരുടെയും കിങ്ങിണി ആയി എനിക്ക് ഇവിടെ ജീവിക്കണം”….

“ന്റെ പൊന്നു മോള് ദാ ഇങ്ങ് നോക്കിക്കേ…. “…അച്ഛൻ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.

“കല്യാണം കഴിഞ്ഞും മോൾക്ക്‌ പഠിക്കാം… അത് അവർ ഉറപ്പ് പറഞ്ഞിട്ടുണ്ട്. നല്ല പയ്യനാ ജഗത് കുമാർ എന്നാ പേര്.   വിദേശത്ത് ആണ് ജോലി. പൈലറ്റ് ആണ്. നല്ല കുടുംബം നല്ല ചുറ്റുപാടും നമുക്ക് ചേരും”……

“അച്ഛാ അപ്പോൾ എല്ലാം തീരുമാനിച്ചു അല്ലേ!! ഇത്രേം ഉള്ളു അല്ലേ അച്ഛാ….. അച്ഛന്റെ ആദർശം…. നോക്കിക്കോ ഈ കല്യാണം നടക്കില്ല… ചിത്തിരപുരം വീട്ടിൽ കൃഷ്ണ പ്രസാദിന്റെ മകൾ ഈ ചഞ്ചല ആണെങ്കിൽ എന്റെ ശവത്തിനെയെ അയാൾ  കെട്ടൂ ….. നിങ്ങൾ എല്ലാവരും കാണൂ”….അത്രയും രൂക്ഷമായി അച്ഛനോട് പറഞ്ഞു പോയതിൽ അവൾക്ക് തെല്ലും കുറ്റബോധം തോന്നി ഇല്ലാ.

കാരണം വിദ്യാഭ്യാസം നേടണം എന്നുള്ളതും ആരുടെ കൂടെ എങ്ങനെ ജീവിക്കണം എന്നുള്ളതും ഓരോ വ്യക്തിയുടെയും സ്വന്തം അവകാശം ആണെന്ന് അവൾക്ക് പറഞ്ഞു കൊടുത്തത് അവളുടെ അച്ഛൻ തന്നെ ആയിരുന്നു.

ആർക്കും മുഖം നൽകാതെ കിങ്ങിണി മുറിയിൽ കയറി വാതിൽ അടച്ചു.

“മോളെ…. ഞാൻ… “… അച്ഛന്റെ ഹൃദയം വല്ലാതെ വിങ്ങി പൊട്ടി പോയി. അദ്ദേഹം അറിയാതെ വാ വിട്ട് കരഞ്ഞു പോയി.

“ഒരു ഭാഗത്ത്‌ എന്റെ കുട്ടീടെ കണ്ണീർ മറുഭാഗത്തു  അവളുടെ ജീവൻ… ഞാൻ എന്താ എന്റെ ഭഗവതി ചെയ്യുക”!!…. കണ്ടു നിൽക്കുന്ന അത്രയും പേരുടെ നെഞ്ചും പൊള്ളി പറിക്കുന്ന ആ കരച്ചിൽ കണ്ടു നിൽക്കാൻ ആർക്കും കഴിഞ്ഞില്ല.

“ഏട്ടാ…. ഏട്ടാ… കരയാതെ അവള് സമ്മതിക്കും. നമ്മൾ ഈ വിവാഹം നടത്തും. അവള് നമ്മുടെ കുട്ടിയാ നമുക്ക് നാണക്കേട് ഉണ്ടാക്കുന്ന ഒന്നും അവൾ ചെയ്യില്ല”…. ചന്ദ്രൻ ഏട്ടനെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു.

“ഏട്ടൻ പോകാൻ തയ്യാർ ആയിക്കോ…. ഇനിം നിന്നാൽ താമസിക്കും തിരുമേനിയുടെ അടുത്ത് എത്താൻ”….

“എന്റെ മോള്”…

“പേടിക്കണ്ട ഏട്ടാ….. ഞങ്ങൾ ഇവിടെ ഉണ്ടല്ലോ ശ്രെദ്ധിച്ചോളാം…. ”

“ഏട്ടാ….ദാ മോളുടെ പത്രിക… ഇനി വൈകണ്ട ഇപ്പോ പോയാൽ അല്ലേ ഉച്ചക്ക് എത്തൂ…. “…ശ്രീദേവി പത്രിക നൽകി കൊണ്ട് പറഞ്ഞു.

“മ്മ്…. ”

“ഏട്ടൻ ധൈര്യം ആയിട്ട് പോയി വാ അവൾക്ക് ഒന്നുമില്ല… നമ്മുടെ മനസ്സ് നമ്മുടെ മോൾക്ക്‌ അറിയാം…നമ്മൾ അവൾക്ക് തെറ്റായി വരുന്ന ഒന്നും ചെയ്യില്ല എന്ന് അവൾ മനസിലാക്കും.  അവൾ സമ്മതിക്കും കല്യാണത്തിന്.ഏട്ടൻ പോയിട്ട് വാ…. ”

ഒരു വിധം ചന്ദ്രൻ ഏട്ടനെ സമാധാനപ്പെടുത്തി തൃപ്പൻകോട്ടേക്ക് അയച്ചു.

“നിങ്ങൾ ആരേലും കിങ്ങിണി മോളുടെ അടുത്ത് എപ്പോഴും  ഉണ്ടാകണം… അവളെ ഒറ്റക്ക് ഇരുത്തരുത് “…. ചെറിയച്ഛൻ ശ്രീ ദേവിക്കും ഏട്ടത്തിക്കും നിർദേശം കൊടുത്തു.

“എനിക്ക് എന്തോ വല്ലാത്ത പേടി തോന്നുന്നു”….ശ്രീദേവി അവളുടെ ആശങ്ക പങ്ക് വെച്ചു.

“മ്മ്…. പേടിക്കണ്ട… ആ വാതിൽ കുറ്റിയിട്ടു അവളെ ഒറ്റക്ക് ഇരുത്താതെ  ഇരുന്നാൽ മാത്രം മതി…. പൊട്ട ബുദ്ധിക്കു എന്തേലും ചെയ്തു പോയാൽ നഷ്ടം നമുക്ക് മാത്രാ…. ”

“മ്മ്…. “…അതും പറഞ്ഞു ചന്ദ്രൻ പുറത്തേക്കു പോയി.

കിങ്ങിണി അവളുടെ മുറി കുറ്റിയിട്ടു കട്ടിലിൽ കിടന്നു വാ വിട്ട് കരഞ്ഞു.

“എനിക്ക് മാത്രം എന്താ ഇപ്പോ എല്ലാം ഇങ്ങനെ !! എന്റെ സ്വപ്നം മാത്രം എന്താ നടക്കാതെ ??ഞാൻ എന്താ പാവ ആണോ ??…ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല…” കിങ്ങിണി സ്വയം പറഞ്ഞു കൊണ്ടിരുന്നു.

“ഞാൻ പഠിക്കാൻ വേണ്ടിയും വലിയ നിലയിൽ എത്താൻ വേണ്ടിയും അല്ലേ നിഹാൽ ഏട്ടൻ എന്നെ വേണ്ടാ എന്ന് വെച്ചത്. എന്നിട്ട് ഇപ്പോ ഇവിടെ ആ മനുഷ്യന് എന്നോട് തോന്നിയ കരുണ പോലും വേറെ ആർക്കും തോന്നുന്നില്ലല്ലോ… “…ഓരോന്നൊക്കെ ഓർത്ത് കിങ്ങിണിയുടെ നെഞ്ച് വിങ്ങി പൊട്ടി.

അവൾ മെല്ലെ എഴുന്നേറ്റു പുറത്തേക്കു നോക്കി ഇരുന്നു. പിന്നെ കയ്യിൽ തടഞ്ഞ നിറ ചായങ്ങൾ  എടുത്തു അത് കാൻവാസിലേക്ക്  പകർത്താൻ  തുടങ്ങി.

“ലാലേ…. നീ ഫൈസലിന്റെ വീട്ടിൽ വെച്ച് ആ കുട്ടിയെ എങ്ങനെയാ കണ്ടേ”??…വിദ്യ ഏട്ടത്തി ചോദിച്ചു.

“ഏത് കുട്ടി “??…അവൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു.

“അന്ന് ഓഡിറ്റോറിയത്തിൽ പെട്ടു പോയ “…

“അത് ഫൈസലിന്റെ പെങ്ങളുടെ കൂട്ടുകാരിയാ ആ കൊച്ചു…. ”

“മ്മ്…. നീയും ആയിട്ട് എങ്ങനാ ??നല്ല കുട്ടി ആണോ”??…

“ഞാനും ആയിട്ട് നല്ല കൂട്ടാ …. നല്ല കുട്ടിയ…. “….നിഹാൽ എന്തൊക്കെയോ ഓർത്ത് ചിരിച്ചു. അത് എല്ലാവരും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. നിഹാൽ പാത്രത്തിൽ നിന്നും  ഓമ്പ്ലേറ്റ്  വായിലേക്ക് വെക്കാൻ തുടങ്ങുമ്പോൾ നികേഷ് പറഞ്ഞു.

“ഈ കല്യാണം ഉറപ്പിച്ചില്ലാരുന്നു  എങ്കിൽ നമുക്ക് ആ കുട്ടിയെ ഇവന് വേണ്ടി ആലോചിക്കാമായിരുന്നു “…..

പെട്ടെന്ന് നിഹാലിന്റെ കയ്യിൽ നിന്ന് ബുൾസൈ പാത്രത്തിലേക്ക് വീണു. അവൻ ഒന്ന് ഞെട്ടിയത് എല്ലാവരും കണ്ടു.

“പിന്നെ….. പിന്നെ അതൊരു ചെറിയ കുട്ടിയ…. പോരാത്തതിന് ഒരു പാവവും.  എന്തിനാ അതിന്റെ ലൈഫ് കളയുന്നെ”!!….നിഹാൽ അല്പം പതർച്ചയോടെ  പറഞ്ഞു.

“ഡാ നിന്നോട് ആ കൊച്ചിനെ കെട്ടാൻ അല്ല പറഞ്ഞെ…. ആലോചിക്കാം എന്നൊരു സജഷൻ  വെച്ചതാ ഞങ്ങൾ…. ”

“ഓ…. വല്യ കാര്യം ആയി പോയി”…നിഹാൽ കഴിപ്പും മതിയാക്കി എഴുന്നേറ്റു റൂമിലേക്ക്‌ പോയി.

“ഹോ ഇത് എന്ത് കഥയാ. മറക്കാൻ വേണ്ടി പഠിച്ച പണി 18, നോക്കി എന്നിട്ടും ന്റെ കിങ്ങിണി നീ എന്തിനാ എന്നെ ഇങ്ങനെ വേട്ടയാടുന്നത് !! നിനക്ക് വല്ലതും അറിയണോ !! എന്താ സുഖം !!ഞാൻ ഇവിടെ ഉരുകി ഇല്ലാതെ ആയി പോകുവാ. നിന്നോട് ആരും എന്തായാലും എന്നെ കുറിച്ച് ചോദിച്ചു ശല്യം ചെയ്യില്ലല്ലോ”!!….നിഹാൽ പതിയെ ബാൽക്കണിയുടെ അങ്ങോട്ട്‌ ഉള്ള വാതിൽ തുറന്നു. ഇളവെയിലിൽ മിന്നി തിളങ്ങി നിൽക്കുക ആണ് മുല്ല വള്ളികൾ.

വിരിഞ്ഞു നിൽക്കുന്ന കുടമുല്ല പൂവിന്റെ ഒരു തണ്ടും കുലയും  കയ്യിൽ എടുത്തു അവൻ അതിലേക്കു നോക്കി നിന്നു.

അന്ന് അമ്പലത്തിൽ വെച്ച് അവൾക്ക് കൈ മാറിയ മുല്ല പൂക്കളെ കുറിച്ച് നിഹാൽ ഓർത്തു.

“എനിക്ക് ചെമ്പക പൂക്കൾ ആണ് ഏറെ ഇഷ്ടം”….ആരോ അവന്റെ കാതിൽ മന്ത്രിക്കും പോലെ അവന് തോന്നി. നിഹാൽ കുറച്ചു നേരം കൂടെ അവിടെ നിന്നു. പിന്നെ എന്തോ ഓർത്ത പോലെ താഴേക്കു ഓടി ഇറങ്ങി.

“അമ്മേ… അമ്മേ…”…നിഹാൽ അമ്മയെ വിളിക്കാൻ തുടങ്ങി.

” എന്താടാ”??

“ഈ ചെമ്പക പൂവ് എവിടെയാ കിട്ടുക”??

“അത് അതിന്റെ ചെടിയിൽ… ”

“ഓ സന്ദർഭത്തിനു  ചേരുന്ന കോമഡി പറ എന്റെ അമ്മേ… ”

“നിനക്ക് ഇപ്പോൾ എന്തിനാ ചെമ്പക പൂവ്”??…

“കാര്യം ഉണ്ട്”…

“ചെമ്പരത്തി പൂവ് വേണേൽ മുറ്റത്ത്‌ നിൽപ്പുണ്ട്… ചെമ്പക പൂവ് ഇപ്പോ എവിടെ കിട്ടാനാ ??പക്ഷെ, അതിന്റെ ഒരു ഭംഗി കാണണം. വെള്ള ചെമ്പക പൂവിനു ഒരുപാട് ഗുണങ്ങൾ ഉള്ളതാ. അതുപോലെ ദേവി ക്ഷേത്രത്തിൽ നിന്ന് പ്രസാദം ആയി വെള്ള ചെമ്പക പൂവ് കിട്ടിയാൽ ഇഷ്ട പുരുഷനെ സ്വന്തം ആക്കും എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്…. ”

“അമ്മയോട് ഞാൻ ചെമ്പക പൂവ് എവിടെ കിട്ടും എന്നല്ലേ ചോദിച്ചുള്ളൂ അല്ലാണ്ട് അതിന്റെ കൃഷി തുടങ്ങാൻ ഒന്നും പറഞ്ഞില്ലല്ലോ”….നിഹാൽ അതും പറഞ്ഞ് കാറിന്റെ കീ എടുത്തു പുറത്തേക്കു പോകാൻ തുടങ്ങുമ്പോൾ ആണ് ടീവിയിൽ നിന്നും അത് കേട്ടത്.

“കുറുനരി മോഷ്ടിക്കരുത്  കുറുനരി മോഷ്ടിക്കരുത്  കുറുനരി മോഷ്ടിക്കുകയെ  ചെയ്യരുത്…. ”

“എന്ത് ??ഞാൻ മോഷ്ടിക്കും  എന്നോ…ഹഹഹഹ… “!!

“എടി കള്ളി അപ്പോ ഇതാണല്ലേ നീ എന്നെ കുറുനരി എന്ന് വിളിച്ചത് !! നിന്നെക്കൊണ്ട് തോറ്റു ഞാൻ… “…നിഹാൽ തന്നെ നിന്നു ചിരിച്ചു.

“ഇവൻ ഇത് എന്ത് പറ്റി അമ്മേ”??….വിദ്യ നിഹാലിന്റെ ഒറ്റക്ക് നിന്നുള്ള ചിരി കണ്ടു ചോദിച്ചു.

“ആർക്കറിയാം…. കല്യാണ വീട്ടിൽ നിന്ന് വല്ല തേങ്ങാക്കും ഏറു കിട്ടിയോ ആവോ”!!….അമ്മ പറയുന്നത് കേട്ടു വിദ്യ ചിരിച്ചു.

നിഹാൽ കാറും എടുത്തു പുറത്തേക്കു പോയി.

******************

കുറെ നേരം കഴിഞ്ഞും കിങ്ങിണിയുടെ മുറിയുടെ വാതിൽ തുറക്കാതെ ആയപ്പോൾ ആണ് ശ്രീ ദേവിയും ലളിതയും കൂടെ അവളുടെ വാതിലിൽ തട്ടി വിളിച്ചത്.

“കിങ്ങിണി മോളെ… വാതിൽ തുറക്ക് … ”

“മോളെ വാതിൽ തുറക്ക്… ചെറിയമ്മയാ….”

കുറെ നേരം വിളിച്ചിട്ടും അനക്കം ഒന്നും ഉണ്ടായില്ല. അവർ ആകെ പേടിച്ചു കരച്ചിലിന്റെ വക്കോളം എത്തി.

ഒരുപാട് നേരം വിളിച്ചു കഴിഞ്ഞപ്പോൾ ആണ് കിങ്ങിണി  വാതിൽ തുറന്നത്. അവൾ അവരുടെ മുഖത്ത് നോക്കാതെ കട്ടിലിൽ പോയി കിടന്നു. എങ്ങി എങ്ങി കരഞ്ഞു.

പെട്ടെന്ന് ലളിതയുടെ കണ്ണുകൾ കിങ്ങിണിയുടെ പടം വരയ്ക്കുന്ന കാൻവാസിൽ തട്ടി നിന്നു.നിഹാലിന്റെ ചിത്രം. ലളിത  കത്തുന്ന നോട്ടത്തോടെ കിങ്ങിണിയെ വലിച്ച് എഴുന്നേൽപ്പിച്ചു തലങ്ങും വിലങ്ങും തല്ലി.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……

ഞാൻ അന്നേ പറഞ്ഞതല്ലേ വേറെ ഇറക്കുമതികൾ ഉണ്ടെന്നു. അപ്പോ പൂരത്തിന് ഞാൻ തിരി കൊളുത്തിയിട്ടുണ്ട്. ബാക്കി പുറകെ വരും…

രചന :-അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *