എന്റെ മുത്തശ്ശാ എന്ന വിളി അദ്ദേഹത്തെ സന്തോഷവാനാക്കി എന്ന് തോന്നുന്നു. ആ മുഖത്തു പുഞ്ചിരി തെളിഞ്ഞു…

രചന : നെസ്‌ല. N

എന്റെ സ്വപ്നക്കൂട്….

****************

ഞാൻ പോകുന്ന വഴികളിൽ സ്ഥിരമായി കണ്ടു മുട്ടാറുള്ള ഒരു മുഖമായിരുന്നു ആ വൃദ്ധന്റേത്. ഇടവഴിയിൽ നിന്നും ടാറിട്ട റോഡിലേക്ക് കയറുമ്പോൾ ഞാൻ വണ്ടിയുടെ ഗ്ലാസ്സിലൂടെ അയാളെ ശ്രദ്ധിക്കുമായിരുന്നു. എന്താണ് ആ മനുഷ്യനെ ഇത്ര ആകർഷിക്കാൻ തോന്നിയത്. നര ബാധിച്ച തലമുടിയും നെഞ്ചിലെ രോമക്കൂടും മെലിഞ്ഞൊട്ടിയ ശരീരം, നേർത്ത കൈ കാലുകളും.ഏതാണ്ട് എഴുപതിനോട് അടുത്ത് പ്രായം വരും.എന്തോ മനസ്സിന് വല്ലാത്ത വിഷമം തോന്നി.ഞാൻ എപ്പോൾ അതു വഴി പോകുമ്പോഴും ആ മനുഷ്യൻ അവിടെ ഉണ്ടാകും. ചെറിയൊരു പച്ചക്കറി തട്ടാണ്. അതു നടത്തുന്നത് നമ്മുടെ കാണാരേട്ടനാണ്.അയാളുടെ ഭാര്യ മരിച്ചപ്പോൾ വീട്ടിൽ ഒറ്റക്കിരുന്നു വിഷമിക്കണ്ട എന്നോർത്തു മകൻ ചെറിയ തട്ടിട്ട് കൊടുത്തു. രാവിലെ 10 മണിക്ക് ശേഷം വന്നു തുറക്കും. വൈകിട്ട് 7,8 മണിയാകുമ്പോൾ അടക്കുകയും ചെയ്യും.
അതിനിടയിലെപ്പോഴോ ഒരിക്കൽ കാണാരേട്ടൻ കട തുറക്കാൻ വന്നപ്പോൾ തട്ടിനു താഴേ ആ വൃദ്ധൻ കിടക്കുകയായിരുന്നു. അന്ന് മുതൽ ഇവിടെയാണ് കിടപ്പ്. വേറെ എങ്ങോട്ടും പോകാൻ പുള്ളിക്ക് ആരുമില്ല പോലും. ഭക്ഷണമൊക്കെ കാണാരേട്ടന്റെ വീട്ടിൽ നിന്നും കൊടുക്കും. ഇടക്കൊക്കെ ഞാൻ വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങുന്നത് ഇവിടെ നിന്നുമാണ്. ഇത്രയും കാര്യങ്ങൾ അപ്പോൾ അറിഞ്ഞതാണ്.അപ്പുറത്തേക്ക് മാറി ചെറിയ പൊരിക്കടകളും മീൻ തട്ടുമൊക്കെ ഉണ്ട്. മിക്കവാറും ഞാൻ രാവിലെ പോകുമ്പോൾ പൈപ്പിൻ ചുവട്ടിൽ നിന്നും വസ്ത്രം കഴുകുകയായിരിക്കും.അങ്ങനെ ഒരിക്കൽ കാണാരേട്ടനോട് വിശദമായി തന്നെ ചോദിച്ചു.
‘അല്ല കാണാരേട്ടാ,ഇദ്ദേഹം ശരിക്കും എവിടെ ഉള്ളതാ? ആരും തിരക്കി വന്നില്ലേ?’
ഈ സമയം ആളു അപ്പുറത്തെ തട്ടുകടയിൽ ചായ കുടിക്കാൻ പോയിരുന്നു.
‘ഇല്ല മോളെ, ഇപ്പൊ ഇവിടെ വന്നിട്ട് മൂന്നുമാസത്തിലേറെയായി. ആരും തിരക്കി വന്നില്ല. നാട്ടിലറിയിക്കാമെന്നു വെച്ചാൽ അങ്ങനെ ആരും ഇല്ലെന്നും പറയുന്നു. എന്റെ വീട്ടിലേക്ക് വിളിച്ചപ്പോൾ മൂപ്പർക്ക് അതു താല്പര്യം ഇല്ലത്രെ. ഈ തട്ടിന്റെ കീഴെ കിടന്നോളാം എന്ന്.അങ്ങനെ മൂപ്പര് ഇവിടെ കൂടി. എനിക്ക് പകൽ ഒരു കൂട്ടായി.’
‘എന്താ ആളുടെ പേര്?’
ഗോപി, ഗോപാലൻ. തെക്ക് എവിടെയോ ആണ് നാട്.
‘മോളോടായതു കൊണ്ടു പറയാം.’
‘എന്താപ്പാ ഇത്ര വലിയ രഹസ്യം.’
അതെ പുള്ളിക്കാരൻ ആളു അത്ര നിസാരനല്ല,
‘എന്തേ?’
‘ഓൻ ആളുടെ കാമുകിയെ തപ്പി ഇറങ്ങിയതാ..’
കാണാരേട്ടന്റെ മോണ കാട്ടിയുള്ള ചിരി കണ്ടപ്പോൾ എനിക്കും ചിരി വന്നു.
‘ഈ പ്രായത്തിലോ’?
മ്മ്. അതേന്നു.
എന്നിട്ടു കിട്ടിയോ?
‘എവിടുന്നു.’
‘കാണാരേട്ടന് എന്തു തോന്നുന്നു.’
‘വയസാൻ കാലത്തു ഓരോ വട്ട് അല്ലാണ്ട് എന്താ.’
വേറെ ആളുകൾ വന്നപ്പോൾ ഞാൻ കടയിൽ നിന്നും ഇറങ്ങി.
വീട്ടിൽ ചെന്നിട്ടും ഞാൻ ആ മനുഷ്യനെ കുറിച്ചോർത്തു.. എന്നാലും കാണാരേട്ടൻ പറഞ്ഞത് ശെരിയാണോ.
ചെറുപ്പകാലത്തെ ഓർമകൾ തേടിയുള്ള വരവാണോ. എങ്കിൽ അതൊന്നറിയണമല്ലോ.
പിറ്റേന്ന് ജോലി കഴിഞ്ഞു വരുമ്പോൾ നമ്മുടെ ഗോപിയാശാൻ ചായ കുടിക്കുന്നു.
‘അല്ല തിരക്കി വന്ന ആളെ കണ്ടോ.’?
മൂപ്പര് എന്നെ ഒന്ന് നോക്കി, ചായ നെറുകയിൽ കയറി എന്ന് തോന്നുന്നു. വല്ലാണ്ട് ചുമച്ചു. ഞാൻ ചെന്നു തലയിൽ ചെറുതായി കൊട്ടി. അപ്പോൾ എന്റെ കൈ പിടിച്ചു മാറ്റി.
പതിയെ എഴുന്നേറ്റു.
“കണാരേട്ടാ നമുക്ക് ഒന്ന് തിരക്കിയാലോ.”
‘എന്താ കുട്ടി നീ കളിയാക്കുകയാണോ’?
‘അല്ല, മുത്തശ്ശാ ഞാൻ കാര്യായി പറഞ്ഞതാ.’
എന്റെ മുത്തശ്ശാ എന്ന വിളി അദ്ദേഹത്തെ സന്തോഷവാനാക്കി എന്ന് തോന്നുന്നു.
ആ മുഖത്തു പുഞ്ചിരി തെളിഞ്ഞു.
എന്നിട്ട് എന്റെ അരികിൽ വന്നു നെറുകയിൽ തലോടി.
‘അവളെ തിരക്കി ഞാൻ ചെന്നതാ. പക്ഷെ ഇന്ന് ഈ ലോകത്ത് അവളില്ല മോളെ.
പാവം എന്റെ കാത്തു. ഒരു നെടുവീർപ്പോടെ അയാൾ പറഞ്ഞു നിർത്തി.
ഞാനും കാണാരേട്ടനും മുഖത്തോട് മുഖം നോക്കി.
കൗമാരത്തിൽ തോന്നിയ ഇഷ്ടമായിരുന്നു. അവരുടെ വീട്ടിലെ അടുക്കളയിലെ ജോലിക്കാരി ആയിരുന്നു അമ്മ. അതുകൊണ്ട് എപ്പോഴും ഞാനും അമ്മയോടൊപ്പം പോകും. പഠിക്കാൻ മിടുക്കാനായിരുന്നു.’
പക്ഷെ അമ്മ മഞ്ഞപ്പിത്തം വന്നു മരിച്ചപ്പോൾ എനിക്ക് ആരുമില്ലാതെയായി.
ഞങ്ങളുടെ ബന്ധം അറിഞ്ഞ കാത്തുവിന്റെ അച്ഛൻ എന്നെ അവിടെ നിന്നും പുറത്താക്കി.
എന്നോടൊപ്പം വരാൻ അവൾ തയ്യാറായിരുന്നു പക്ഷെ എല്ലാ നേടി തിരികെ വരാം എന്ന് പറഞ്ഞു ഞാൻ നാട് വിട്ടു. പല സ്ഥലങ്ങളിൽ അലഞ്ഞു നടന്നു. പല പ്രാവശ്യം നാട്ടിലേക്ക് പോകാൻ ഒരുങ്ങി. പക്ഷേ അവൾ മാറ്റാരുടേതെങ്കിലും ആയിക്കാണും എന്നുള്ള ചിന്ത എന്റെ നാട്ടിലേക്കുള്ള യാത്രക്ക് തടസമായി. തിരികെ നാട്ടിലെത്തിയത് ഈ പ്രായത്തിൽ.അവിടെ ചെന്നപ്പോൾ എന്റെ നാടാകെ മാറി. എങ്കിലും ഞാൻ അവളുടെ വീട് നിന്ന സ്ഥലം കണ്ടെത്തി.ഇന്നുള്ളവർക്ക് അവരെ കുറിച്ച് കൂടുതലൊന്നും അറിയാമായിരുന്നില്ല. ലക്ഷ്യമില്ലാതെ കുറേ അലഞ്ഞു. ഒടുവിൽ ഇവിടെ എത്തി. നിർവികാരതയോടെ ആ മനുഷ്യൻ പറഞ്ഞു നിർത്തി.
അപ്പോൾ കടയിൽ ആരും ഉണ്ടായിരുന്നില്ല.
മഴ പെയ്യാൻ തുടങ്ങി. ഞാൻ സൈഡിലേക്ക് നീങ്ങി നിന്നു. മഴയിൽ നോക്കി നിൽക്കുന്ന ആ മനുഷ്യന്റെ കണ്ണും നിറഞ്ഞുവോ?
അറിയില്ല.
ഞാൻ പതിയെ വീട്ടിലേക്ക് പോയി. രാത്രി ശക്തമായ മഴയായിരുന്നു. എനിക്ക് ആ മനുഷ്യനെ കുറിച്ച് ഓർമ്മ വന്നു. ഞാൻ സ്കൂട്ടറെടുത്ത് ആ കടയെ ലക്ഷ്യമാക്കി പോയി. തിരികെ വീട്ടിലേക്ക് വരുമ്പോൾ
എന്റെ വണ്ടിയുടെ പുറകിൽ ആ മനുഷ്യനും ഉണ്ടായിരുന്നു.
എന്റെ ആഗ്രഹം അറിയാമായിരുന്ന അച്ഛൻ എന്നെ ഒരു വിവാഹത്തിനും നിർബന്ധിച്ചില്ല. വിവാഹത്തിന് സമ്മാനമായി കരുതിവെച്ച പണം ഉപയോഗിച്ച് ഞാൻ അച്ഛൻ തന്ന അഞ്ചേക്കറിൽ ഒരു വീട് വെച്ചു.
ഈ മനുഷ്യനെയും എന്റെ അരികിലേക്ക്, എന്റെ സ്വപ്നകൂടിലേക്ക് കൊണ്ടു പോയി. അവിടെ അയാൾക്കായി വലിയൊരു സമ്മാനം ഞാൻ കരുതിയിരുന്നു. കൗമാരത്തിൽ നഷ്ടപ്പെട്ട അയാളുടെ സ്നേഹം. തന്റെ സ്നേഹക്കൂട്ടിലേക്കു വന്ന ആദ്യത്തെ അഥിതിയായിരുന്നു കാത്തു മുത്തശ്ശി. ഇങ്ങനെ അവരുടെ കൂടിച്ചേരലിനു സാക്ഷിയാകാൻ ദൈവം നിയോഗിച്ചതാവും എന്നെ.അല്ലെങ്കിൽഒരുപാട് ആളുകളെ ദിവസം കാണുന്ന ഞാൻ ആ മനുഷ്യനെ മാത്രം ശ്രദ്ധിക്കാൻ കാരണം എന്തായിരിക്കും? കാത്തു മുത്തശ്ശിയുടെ സംഭാഷണങ്ങളിൽ നിറഞ്ഞു നിന്ന തന്റെ പ്രാണനായ ഗോപിയേട്ടൻ. അങ്ങനെ ഈ പ്രായത്തിൽ അവരുടെ ഒത്തു ചേരലിന് ഞാൻ സാക്ഷിയായി.
ഇന്നു അറുപതോളം പേര് എന്റെ സ്വപ്നക്കൂട്ടിലുണ്ട്.മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും, ആരുമില്ലാത്തവരുമായവർ…. അങ്ങനെ ഞങ്ങൾ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. 🥰

രചന : നെസ്‌ല. N

Leave a Reply

Your email address will not be published. Required fields are marked *