ഇങ്ങളൊന്ന് അടങ്ങിയിരിക്കിൻ… രാത്രി നമുക്ക് സാവകാശം നോക്കാം…

കടിഞ്ഞൂൽ കണ്മണി….

രചന : K V A നാസർ അമ്മിനിക്കാട്

ട് ർ ണിം…..ട് ർ ണിം.. “my angel calling”…… “എന്താ സുമീ…? “ഇക്ക ഫ്രീ ആണോ..ഒരു കാര്യം പറയാനാ”..

“ങ്ഹാ..പറ..

വരുമ്പോൾ ഒരു പ്രഗ്നൻസി ടെസ്റ്റർ കൂടി കൊണ്ടുവരണം..

ഹൃദയത്തിൽ ആഹ്ലാദത്തിരതള്ളൽ.. ഉറപ്പിക്കാറായോ മോളേ..?

എനിക്കൊരു സംശയം..ഇങ്ങള് വന്നിട്ടിപ്പോ ഒന്നര മാസം കഴിഞ്ഞില്ലേ..വരുന്നതിന്റെ തലേന്നാ കുളിച്ചത്..പീരിയഡ്സ് വരേണ്ട സമയം കഴിഞ്ഞിട്ടിപ്പോ 3 വീക്സ് കഴിഞ്ഞു.

വൈകുന്നേരം വീട്ടിലെത്തിയ അൻസിൽ നേരെ അടുക്കളയിൽ ചെന്ന് പെങ്ങൾ ഷാദിയുമായി സംസാരിച്ചുകൊണ്ടിരുന്ന സുമിയെ കൈപിടിച്ചു ബെഡ്റൂമിലേക്ക് കൊണ്ടുപോയി. കാര്യം മനസ്സിലാകാതെ ഷാദി വായും പൊത്തി ചിരിക്കണത് സുമി കണ്ടു

“ഇങ്ങക്കിതെന്തിന്റെ സൂക്കേടാ മൻസാ..? ”

വർത്താനം പറയാനൊന്നും നേരം ല്യ..നമുക്കതൊന്ന് കൺഫേം ചെയ്യണം..

ഇങ്ങളൊന്ന് അടങ്ങിയിരിക്കിൻ…രാത്രി നമുക്ക് സാവകാശം നോക്കാം…അതുവരെ എന്റെ ചക്കരക്കുട്ടൻ ക്ഷമി….അവൾ കൊഞ്ചി..

“ന്നാ ഇവ്ടെ നീ കൊർച്ചേരം വെറുതെ ഇരിക്ക്…അൻസു അവളുടെ കൈ പിടിച്ചിരുത്താൻ ശ്രമിച്ചു..

“ഹയ്യട..ഇരിക്കാൻ പറ്റിയ ഒരു നേരം…എനിക്ക് അടുക്കളേൽ പിടിപ്പത് പണി ബാക്കി ണ്ട്..ഇങ്ങളെ ഈ ആക്രാന്തം കണ്ടപ്പോ ഷാദി എന്തു വിചാരിച്ചു കാണുമോ..ആവോ..? ”

എന്തു വിചാരിക്കാൻ..ന്നാ നീ പോയി പറഞ്ഞിട്ടു വാ “അതിനൊന്നും ” അല്ല എന്നെ പിടിച്ചോണ്ടു വന്നത് ..ന്ന്..”

” ശ്ശോ..ഇങ്ങനെ നാണമില്ലാത്ത ഒരു മനുഷ്യൻ..

കുതറിക്കൊണ്ടവൾ അടുക്കളായിലോട്ടോടി..

3 വർഷത്തെ കാത്തിരിപ്പിന്റെ ഫലം പോസിറ്റീവ് എന്നറിഞ്ഞ അൻസിൽ രാവിലെ തങ്ങളുടെ സന്തോഷം ഉമ്മയെ അറിയിച്ചു നേരെ ടൗണിലേക്ക് പോയി.

വൈകുന്നേരം തിരിച്ചെത്തിയ അൻസിൽ എന്നും തന്നെ കാത്തിരിക്കുന്ന സുമിയെ കാണാതെ നേരെ ബെഡ്റൂമിലെത്തി..ഉമ്മ പിന്നെ നിസ്കാരപ്പയേലാവും ന്ന് അറിയാവുന്നതാണല്ലോ..

കട്ടിലിന്റെ അറ്റത്തെ ചുവരിലേയ്ക്ക് മുഖം തിരിഞ്ഞു കിടക്കുന്ന സുമിയുടെ അടുത്തേയ്ക്ക് ചെന്ന് പതുക്കെ അവളുടെ പിൻകഴുത്തിൽ ചുണ്ടമർത്തി തന്നിലേക്ക് തിരിച്ചു..കരഞ്ഞു കലങ്ങിയിരിക്കുന്ന കണ്ണുകൾ..

“ഇതെന്തു പറ്റിയെടീ..? അവന് ആധിയായി..കുറെയേറെ നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞു..

“ഉച്ചയ്ക്ക് നിങ്ങടെ എളേമ്മ വിളിച്ചിരുന്നു..കുറേ വർത്താനം പറഞ്ഞ കൂട്ടത്തിൽ ഉമ്മ നിങ്ങളെ കുറ്റപ്പെടുത്ത്ണ കേട്ടു…ഇനിയിപ്പോ അവളെ പേറ്റിന് കൂട്ടിക്കൊണ്ടു പോകലും പ്രസവ ചെലവും ശുശ്രൂഷയും മുടി കളച്ചിലും പണ്ടം ഉണ്ടാക്കലും എല്ലാമായി അവനു ചെലവോട് ചെലവാകും..

അതിനിടയിൽ പെങ്ങളൊരുത്തിയെ കെട്ടിക്കാനോ വീടുണ്ടാക്കാൻ ഉപ്പയെടുത്ത ലോണിന്റെ ബാക്കി അടക്കാനോ അവനു കഴിയും ന്ന് തോന്നുന്നില്ല…മരിക്കുന്നതിന് മുമ്പ് ഉപ്പാക്ക് കൊടുത്ത വാക്കല്ലേ അത്..

അപ്പോൾ തുടങ്ങിയ സങ്കടാ എനിക്ക്…പോരാത്തതിന് ഒടുക്കത്തെ തലവേദനേം..

ഉമ്മാനെ കുറ്റം പറഞ്ഞിട്ട് കാര്യല്ല…രണ്ടു വർഷം മുൻപ് ഒരസുഖോമില്ലാതിരുന്ന ഉപ്പ പെട്ടെന്നല്ലേ തങ്ങളെ വിട്ടുപോയത്.. അതിന് മുമ്പ്‌ പ്ലസ് ടു കഴിഞ്ഞ പെങ്ങൾക്ക് ഒത്തിരി കല്യാണാലോചനകൾ വന്നെങ്കിലും ബി ടെക്ക് കഴിയാതെ വേണ്ടെന്നവൾ വാശി പിടിക്കുകയായിരുന്നു..ഇപ്പോൾ അവൾ മൂന്നാം വർഷമായി..

ടൗണിൽ ബാപ്പയ്ക്കുണ്ടായിരുന്ന കട നടത്താൻ അമ്മോനെ ഏല്പിച്ചിരിക്കുകയാണെങ്കിലും ലീവിന് വന്നു കഴിഞ്ഞാൽ താൻ ഇടക്കൊക്കെ ചെല്ലുന്നത് അമ്മോന് വല്യ കാര്യമാണ്..

ഗൾഫിലെ അടുത്ത മാസത്തെ ചിട്ടി തനിക്കല്ലേ..3 ലക്ഷം ഉണ്ട്…ഷെഫീഖിനെ നാളെ വിളിച്ചു അത് കിട്ടിയാൽ അയച്ചു തരാൻ പറയണം..ലോൺ ക്ലോസ് ചെയ്താൽ തന്നെ പാതി സമാധാനമായി.

പണ്ടങ്ങൾ പെങ്ങൾക്ക് അത്യാവശ്യം ഉണ്ട് ..ഇവൾടെ പ്രസവത്തിന് മുമ്പ്‌ അതിനൂടി ഒരു തീരുമാനം ഉണ്ടാക്കണം..നാളെ ഉമ്മാനോട് വിശദമായി സംസാരിക്കണം..സുമിയെ സമാധാനിപ്പിച്ചു അവൻ.

പിറ്റേന്ന് രാവിലെ തന്നെ ഷെഫീഖിനെ വിളിച്ചു .തന്നെപ്പോലെ മറ്റൊരു കമ്പനിയിൽ അക്കൗണ്ടന്റ്ആണ്. .താമസവും ഒന്നിച്ച്..എല്ലാ കാര്യങ്ങളും പരസ്പരം അറിയാം…

വിളിച്ചു ചിട്ടിയുടെ കാര്യം പറഞ്ഞു..ചങ്കിടറിയോ ന്നൊരു സംശയം.. എന്താടാ ഒരു വിഷമം ന്ന് ചോയ്ച്ചപ്പോ എല്ലാ കാര്യോം പറഞ്ഞു..

ആഹാ…സന്തോഷിക്കേണ്ട സമയല്ലേടാ ഇത്..എന്തായാലും നിനക്ക് സന്തോഷാകുന്ന ഒരു കാര്യം കൂടി ഉടൻ നടക്കും..സസ്പെൻസ് ഇട്ട് അവൻ ഫോൺ വെച്ചു..

2 കല്യാണ പാർട്ടികളുടെ ഓർഡറും സ്‌പെഷ്യൽ പർച്ചേഴ്‌സും ഉള്ളതുകൊണ്ട് അന്ന് അൻസിൽ വൈകിയാണ് വീടെത്തിയത്..നാളെ ഏതായാലും ഉമ്മാനോട് എല്ലാ കാര്യങ്ങളും പറയാം ന്ന് കരുതി നേരത്തെ ഉറങ്ങുകയും ചെയ്തു..

തലയിലാരോ മൃദുവായി തലോടുന്ന പോലെ തോന്നിയാണ് അൻസു കണ്ണു തുറന്നത്..ഉമ്മയാണ്…കണ്ണു നിറഞ്ഞിരിക്കുന്നു…പിടഞ്ഞെഴുന്നേറ്റു.

“ഉമ്മാ..ഇങ്ങളെന്തിനാ കരയുന്നെ?..ഇങ്ങള് കരയാൻ ഞാൻ സമ്മതിക്കില്ല…ഉമ്മയുടെ തന്നെ മക്കന കൊണ്ട് ഉമ്മാന്റെ കണ്ണുനീർ തുടച്ചു കൊണ്ട് ചോദിച്ചു..

“മോനെന്നോട് പൊറുക്കണം..രണ്ടു ദിവസം ന്റെ മോൻ വല്ലാതെ വിഷമിച്ചൂന്ന് ഉമ്മയ്ക്കറിയാം..എന്റെ മനസ്സിന്റെ ഒരാധി കൊണ്ട് ഞാനെന്തൊക്കെയോ പറഞ്ഞു..എല്ലാ ഉമ്മാരും അങ്ങനൊക്കെയേ ചിന്തിക്കൂ..

“ഇന്നലെ മോന്റെ ചങ്ങായി ഷഫീഖിന്റെ ഉമ്മ റസിയ ടീച്ചർ ഇവിടെ വന്നിരുന്നു..ഷാദിയ യെ അവർക്ക് മരുമോളായി കൊടുക്ക്വോ ന്ന് ചോയ്ക്കാൻ..അവന്റെ വല്യ ആഗ്രഹാണത്രെ…നിന്നോട് ഇതുവരെ പറഞ്ഞിട്ടില്ലാന്നും അവൻ പറഞ്ഞത്രേ…പൊന്നും പണോം ഒന്നും വേണ്ടാന്ന്…..

അവസാന കാലത്ത് മക്കളേക്കാൾ ഇങ്ങനെയുള്ള മരുമക്കളെ ഉണ്ടാകൂ ന്നും പറഞ്ഞു…നിന്നോട് ചോയ്ക്കട്ടെന്ന് ഞാൻ പറഞ്ഞു..

മനസ്സിലെങ്കിലും ഇങ്ങളോട് ചെറിയൊരു പരിഭവം എനിക്കും തോന്നിയിരുന്നുമ്മാ…ഉമ്മ എന്നോടും പൊറുക്കണം..ന്നാലും ഷെഫീഖ്….സ്നേഹം കൊണ്ട് എല്ലാരും ന്നെ തോല്പിക്കുകയാണല്ലോ ഉമ്മാ..

” ഇക്കാ..ചായ…സുമി തനിക്കുള്ള ചായയുമായി കേറി വന്നതാണ്..ന്റെ പൊന്നുമോളൊന്ന് ഇങ്ങോട്ട് വന്നേ.. ഞാനൊന്ന് കാണട്ടെ…ഉമ്മയുടെ ചേർത്തുപിടിക്കലിൽ അവളുടേം നിയന്ത്രണം വിട്ടു…

“ഒരാളെക്കൂടി കരയാൻ കൂട്ടുവോ…ഷാദിയാണ്..ആരെയും കാണാത്തപ്പോ കേറി വന്നതാണ്….

വാ നീയും കൂടിക്കോ…എല്ലാരുടേം കരച്ചിൽ പെട്ടെന്ന് ആനന്ദക്കണ്ണീരായി..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : K V A നാസർ അമ്മിനിക്കാട്

Leave a Reply

Your email address will not be published. Required fields are marked *