കീർത്തന തുടർക്കഥയുടെ ആറാം ഭാഗം വായിച്ചു നോക്കൂ…..

രചന: Chilanka Rifu

ടേബിളിൽ തല ചായ്ച്ചു ആദിയേട്ടനെ കാത്തു കിടന്നു….

ഇന്നത്തോടെ പത്താം ദിവസം തീരും,,,ഇന്നലെ സന്ധ്യക്ക്‌ എന്തോ അത്യാവിശ്യത്തിന് ഇറങ്ങി പോയതാ…

എത്തിയിട്ടില്ല.

കണ്മുന്നിൽ ആദിയേട്ടനെ കണ്ടത് മുതലുള്ള ഓരോന്നും തെളിഞ്ഞു വരുന്നു..

അദ്ദേഹത്തെ ആയിട്ടൊരു ജീവിതം തുടർന്നാൽ ഇത്രയും കാലം എന്നെ നോക്കി വളർത്തിയ അച്ഛനും അമ്മയും നഷ്ടപ്പെടും… അവരെ രക്ഷിക്കാൻ വേണ്ടി ആദിയേട്ടനിൽ നിന്നകന്നാൽ അതോടെ ആ ഹൃദയം വീണ്ടും ഒറ്റപ്പെടലിന്റെ പടുകുഴിയിലേക്ക് ആഴ്ന്നു പോവും.

എന്തുചെയ്യണം എന്ന് കൃത്യമായി ഇപ്പോഴും അറിയില്ല, എല്ലാ സത്യങ്ങളും ആദിയേട്ടനോട് തുറന്ന് പറയണം എന്ന് തോന്നുന്നുണ്ട് എങ്കിലും അച്ഛന്റെയും അമ്മയുടേയും ജീവൻ വച്ചൊരു കളി…അതുവേണ്ട….

പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടിട്ടും എഴുന്നേറ്റില്ല… എഴുന്നേൽക്കാൻ കഴിയുന്നില്ല എന്ന് പറയുന്നതാവും ശെരി…അത്രക്ക് തളർന്നു പോയിരുന്നു,കണ്ണുനീർ വറ്റി വരണ്ടിരുന്നു.

കാലടി ശബ്ദം അടുത്തെത്തിയപ്പോൾ തല ഉയർത്തി നോക്കിയതെ ഓർമയുള്ളൂ…ശക്തമായ പ്രഹരം മുഖത്തേറ്റു ഞാൻ നിലത്തേക്ക് മറിഞ്ഞിരുന്നു.

“ആദിയേട്ടാ…..”

ക്രോധത്താൽ കത്തി ജ്വലിച്ചു നിൽക്കുന്ന അദ്ദേഹത്തിന്റെ കണ്ണിലേക്ക് നോക്കാൻ പോലും ഭയന്നു.മുടികുത്തിന് പിടിച്ചു ഉയർത്തി മറുകവിളിലും ഒരടി തന്നു.വീഴാതിരിക്കാൻ ആ കൈകൾ കൊണ്ട് തന്നെ താങ്ങി…പക്ഷെ അതിൽ ഒരിറ്റ് സ്നേഹം പോലുമില്ലായിരുന്നു.

“നീയാണോടി അന്ന് ലോഡ്ജിൽ നിന്ന് പോലീസിനെ വിവരം അറിയിച്ചത്????”

ദേഷ്യം കടിച്ചമർത്തി അദ്ദേഹം ചോദിക്കുമ്പോൾ മദ്യത്തിന്റെ മണം തീരെ ഇല്ലായിരുന്നു…

സ്വബോധത്തിൽ തന്നെയാണ്..തെറ്റിദ്ധരിക്കപ്പെട്ടോ???

നെഞ്ചിലൊരു കൊള്ളിയാൻ മിഞ്ഞി.

“നിന്നോടാ ചോദിച്ചത്….പറയെടി….”

“അത് ആദിയേട്ടാ… ഞാൻ…..”

“ചോദിച്ചതിന് മാത്രം ഉത്തരം തന്നാൽ മതി ….നീയാണോ പോലീസിന് വിവരം അറിയിച്ചത്????”

“മ്…..”

തല താഴ്ത്തി ഞാനൊന്ന് മൂളി…ഒരടി കൂടി പ്രതീക്ഷിച്ച എനിക്ക് വീണ്ടും തെറ്റി…കട്ടിലിലേക്ക് തളർന്നിരിക്കുന്ന അദ്ദേഹത്തിന്റെ അടുക്കലേക്ക് ഓടി.

“ചതിക്കുവായിരുന്നല്ലേഡീ…പോലീസ് വന്നു, കല്യാണം നടന്നു, എന്റെ അമ്മക്ക് പ്രിയപ്പെട്ടവൾ ആയി,എന്നെ വശീകരിച്ചു….എല്ലാം എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്തത് ആയിരുന്നല്ലേ!!!!

എന്തിന്????പണത്തിനൊ?????അതിനാണോ കുന്നോളം ആശ തന്നെന്നെ ഇരുട്ടിലേക്ക് തള്ളിയിട്ടത്????”

“ഏട്ടാ..ഞാൻ പറയുന്നതൊന്നു കേൾക്കൂ…”

കൈകൾ ഉയർത്തിയെന്നെ എതിർത്തു.

“ഇനി ഒരു ന്യായീകരണവും എനിക്ക് വേണ്ട കീർത്തി…ഒരു ചോദ്യം ചോദിച്ചോട്ടെ…എന്നോട് കാണിച്ച സ്നേഹവും പ്രണയവും എല്ലാം അഭിനയമായിരുന്നോ????

എന്റെ ബലഹീനത മുതലെടുക്കുകയായിരുന്നോ???”

സ്തംഭിച്ചു പോയി….ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ചോദ്യം,,തന്റെ പ്രണയത്തിലെ സത്യസന്ധത ചോദ്യം ചെയ്തിരിക്കുന്നു..ശക്തമായി എതിർക്കണം എന്നുണ്ട്…

അദ്ദേഹത്തോടുള്ള സ്നേഹം വിളിച്ചു പറയണം എന്നുണ്ട്, പക്ഷെ…

പക്ഷെ തൊണ്ടക്കുഴിയിലൊരു കനം… ശബ്ദം പുറത്തേക്ക് വരുന്നില്ല… സങ്കടവും നിരാശയും അത്രത്തോളം കുമിഞ്ഞു കൂടി മൗനമായി ആ കണ്ണുകളിലേക്ക് നോക്കി….ആ മൗനത്തിൽ അദ്ദേഹം അദ്ദേഹത്തിന്റേതായ ഉത്തരങ്ങൾ കണ്ടെത്തി

“അഭിനയം ആയിരുന്നല്ലേ!!!!പണം അല്ലെ നിനക്ക് വേണ്ടത്…ഞാൻ തരാം,,,പക്ഷെ ഇനി നിന്നെ എന്റെ ജീവിതത്തിൽ കണ്ടു പോവരുത്…നീ എനിക്ക് വെറും ഓർമയാവണം….കാലം നിന്റെ ഓർമ പോലും എനിക്ക് അന്യമാകണം.. അതുകൊണ്ട്,i need divorce….

ഇന്നലെ രാത്രി മുഴുവൻ ആലോചിച്ച ശേഷമെടുത്ത തീരുമാനമാണ്…”

ശാന്തമായിരുന്നു ആ മറുപടി,ഞെട്ടൽ കൊണ്ട് പിന്നിലേക്ക് രണ്ടടി വേച്ചു പോയി…പിടിച്ചു വെച്ച കണ്ണീരെല്ലാം അണപൊട്ടി ഒഴുകി,അതിനെ വരവേൽക്കാൻ ഈ പ്രാവിശ്യം ആ നെഞ്ചകം തയ്യാറല്ലായിരുന്നു…

“ഞാനല്ലാതെ പറ്റുവോ നിങ്ങൾക്ക്???എന്നെ വേണ്ടേ????പക്ഷെ…പക്ഷെ എനിക്ക് വേണം നിങ്ങളെ….

എനിക്ക്….”

ഓടി ചെന്നാ കോളറിൽ പിടിച്ചു കുലുക്കിയ കൈകൾ ഭലമായി വിടുവിച്ചു.

“വേണ്ട കീർത്തന….അഭിനയം വേണ്ട,ഞാൻ പറഞ്ഞല്ലോ…പണം തരാം….ഇല്ലെങ്കിലും വേശ്യ ആയ നിനക്ക് ഒരു ഭർത്താവിൽ സംതൃപ്തി കണ്ടെത്താൻ കഴിയില്ലല്ലോ!!!”

“ഛീ….”

മുഖം തിരിച്ചു പോയി.

“കിടന്ന് പ്രസംഗിക്കാതെ പറയാൻ ഉള്ളത് കേൾക്ക് ആദിയേട്ടാ… ഇല്ലേൽ വേണ്ട,ഇപ്പൊ ഈ മുഖത്ത് പുച്ഛം കണ്ടാൽ മനസിലാവും ഞാൻ പറയുന്നതൊന്നും നിങ്ങളിനി അംഗീകരിക്കില്ല എന്നത്…നിങ്ങളീ പറഞ്ഞ വേശ്യയാണ് ജീവനെ പേടിച്ചു ഓടിയൊളിച്ച എനിക്ക് ആഹാരവും കിടക്കാൻ ഒരു സ്ഥലവും തന്ന് കഴുകൻ കണ്ണ് പോലും എന്റെ മേൽ പതിയാതെ മാസങ്ങളോളം കാത്തത്…”

ഒന്നും മനസ്സിലാവാതെ ആദിയേട്ടൻ നോക്കി.ദേഷ്യവും സങ്കടവും എന്നെ കീഴടക്കിയിരുന്നു..

നിഷ്കളങ്കമായ സുജാത ചേച്ചിയുടെ മുഖം മുന്നിൽ തെളിയുന്നു..

ആ മുഖത്ത് ആരൊക്കെയോ ചേർന്ന് കരി വാരി തേക്കുന്നു, അവരെയെടുത്ത് ചെളി കുണ്ടിലേക്ക് എറിയുന്നു..

“പിന്നെ,എനിക്കറിയാത്തത് കൊണ്ട് ചോദിക്കുവാ..പട്ടിണി കിടക്കാതെ നിൽക്കാൻ സ്വന്തം ശരീരം വിറ്റവരെ ഇത്രയും പുച്ഛിക്കാൻ നിങ്ങൾക്കെന്ത് അധികാരമാണുള്ളത്…

മാസങ്ങൾക്ക് മുമ്പ് ഈ വേശ്യയുടെ ശരീരത്തിനോടുള്ള കൊതിയോടെ അല്ലായിരുന്നോ നിങ്ങളാ ലോഡ്ജിൽ എത്തിയത്???”

പറഞ്ഞു തീർന്നില്ല കവിളിലേക്ക് വീണ്ടും കിട്ടി ആഞ്ഞൊരു അടി.

“ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്…”

ഭലം കിട്ടാൻ സാരിതലപ്പ് കൈയിൽ ചുരുട്ടി പിടിച്ചു..

എനിക്ക് പിന്നിൽ സ്വർഗ്ഗത്തിന്റെ വാതിൽ കൊട്ടിയടഞ്ഞ ശബ്ദം കേൾക്കാം…തെറ്റിധാരണ കാരണം രാമൻ സീതയെ വനത്തിൽ ഉപേക്ഷിച്ചപ്പോൾ ആ ഹൃദയം എത്രത്തോളം വേദനിച്ചെന്ന് എനിക്കിപ്പോൾ പറയാൻ കഴിയും….

ഞാനാണ് സീത എന്ന് തോന്നി,,എന്നെ ജീവനോളം സ്നേഹിച്ചിട്ടും ചേർത്ത് പിടിക്കാൻ കഴിയാത്ത രാമൻ അകത്തുണ്ടെന്നും…

ആ പടി ഇറങ്ങുമ്പോൾ പ്രിയപ്പെട്ടത് എന്തോ ഉപേക്ഷിക്കും പോലെ…

ചെയ്യാൻ പാടില്ലാത്തത് എന്തോ ചെയ്ത പോലെയും…

വാസുദേവൻ പറഞ്ഞതനുസരിച്ചു എനിക്കെന്റെ പഴയ വീടും അച്ഛനും അമ്മയും തിരിച്ചു കിട്ടി..പക്ഷെ വീടിനും എന്റെ റൂമിനും ഒന്നും പണ്ടത്തെ ഭംഗി തോന്നിച്ചില്ല,,

ഞങ്ങളുടെ ആ കൊച്ചു സ്വർഗം…..അതിൽ അടങ്ങിയിട്ടുണ്ടായിരുന്നു എല്ലാ ഭംഗിയും…ഓരോ നിമിഷവും ആദിയേട്ടന്റെ ഓർമകൾ വീണ്ടും വീണ്ടും തെളിയുന്നു… അത്ര കണ്ട് ഞാനാ സാമിപ്യം വീണ്ടും ആഗ്രഹിക്കുന്നു.

അച്ഛൻ ഒരു ഞെട്ടലോടെയാണ് കാര്യങ്ങൾ എല്ലാം അറിഞ്ഞത്.

“നിനക്കവനെ അത്രക്ക് ഇഷ്ടമായിരുന്നോ മോളേ????”

എന്ന ചോദ്യത്തിന് മറുപടിയായി തലയാട്ടി…

കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി…

“അച്ഛൻ പോയി സംസാരിക്കണോ????”

വേണ്ടെന്ന് നിഷേധിച്ചു.. അങ്ങോട്ട് ചെന്ന് സത്യങ്ങൾ ബോധിപ്പിച്ചാൽ എന്നെ വീണ്ടും ചേർത്ത് പിടിക്കേണ്ടത് ആദിയേട്ടന്റെ കടമയായി മാറും,എത്ര പറഞ്ഞാലും വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നും…

ഞാൻ സ്വയം ന്യായീകരിക്കുകയാണെന്ന് കരുതും..പിന്നീടുള്ള ജീവിതത്തിൽ ദാമ്പത്യത്തിന്റെ അടിത്തറ ഇളക്കി മറിക്കാൻ കെൽപ്പുള്ള സംശയരോഗം പിടിപെടും…

എനിക്കതല്ല വേണ്ടത്, ഇന്നല്ലെങ്കിൽ നാളെ ആദിയേട്ടൻ സത്യം മനസ്സിലാക്കും..അന്നും എന്നെ പ്രണയിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹം ഇവിടെയെത്തും.

അങ്ങോട്ട് ചെന്ന് കാലു പിടിച്ചാൽ വീണ്ടും എന്നെ കുറിച്ചുള്ള അപരാദം കേൾക്കുമ്പോൾ തള്ളി പറയില്ലെന്നാര് കണ്ടു…

മനസ്സ് എന്റെ വാശിക്ക് അഭിമാനബോധത്തിന് അനുകൂലമായ നൂറ് കാരണങ്ങൾ നിരത്തി.

പക്ഷെ അപ്പോഴും ആ നെഞ്ചിലൊന്ന് ചായാൻ..ഇത്രയും കാലത്തെ പരിഭവം പറഞ്ഞു തീർക്കാൻ അടക്കാൻ കഴിയാത്ത ആഗ്രഹം.!!

ഒരു തരം കൊതി!!!

എന്നെ വെറുക്കാൻ ശ്രമിക്കുകയാണോ ആദിയേട്ടാ??

അതിന് നിങ്ങൾക്ക് കഴിയില്ലെന്ന് ഞാൻ വിശ്വസിച്ചോട്ടെ!ഒന്ന് കാണാൻ വല്ലാത്ത മോഹം തോന്നുന്നുണ്ട്….എന്നെ ഒട്ടും വേണ്ടാതായോ!!!

ദിവസങ്ങൾ തള്ളി നീക്കിയത് ആദിയേട്ടനോടൊപ്പം ഉള്ള നിമിഷങ്ങൾ ഓർത്തും അദ്ദേഹത്തേ കാത്തിരുന്നും ആണ്… എനിക്കുറപ്പായകരുന്നു സത്യങ്ങൾ മനസ്സിലാക്കുന്ന അന്ന് നെഞ്ചു പൊട്ടുമാറുച്ചതിൽ *’കീർത്തുമ്മാ’* എന്ന് വിളിച്ചീ പടി കയറി വരും.

അതും കാത്തിരുന്ന എനിക്ക് മാസങ്ങൾക്കു ശേഷം ആദിയേട്ടൻ അയച്ചു തന്ന സമ്മാനം ആയിരുന്നു divorce notice….

വിശ്വസിക്കാനാവാതെ അതിലെ വരികൾ വീണ്ടും വീണ്ടും വായിച്ച ഞാൻ വേദനയോടെ എന്നെ ചേർത്തു പിടിച്ച അമ്മയുടെ കൈകളിലേക്ക് ബോധം നഷ്ട്ടപ്പെട്ടു വീണിരുന്നു.മരിച്ചെന്നാണ് കരുതിയത്…

അല്ല, അതിന് വേണ്ടിയാണ് കൊതിച്ചത്..

കണ്ണ് തുറന്നപ്പോൾ തന്റെ മുമ്പിൽ പുഞ്ചിരിച്ചു നിൽക്കുന്ന ഡോക്ടർ ആണ്.

“Are you ok now???”

മറുപടി കൊടുക്കും മുമ്പ് ചുറ്റുമൊന്ന് കണ്ണോടിച്ചു..പിന്നെ പതിയെ തലയാട്ടി.

“Congratulations…You are pregnant…”

കൈകൾ പതിയെ വയറിലേക്ക് നീണ്ടു…ഉള്ളിൽ നിന്നൊരു തുടിപ്പ് അനുഭവപ്പെടുന്നുവോ!!

സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു…എത്രയും പെട്ടന്ന് ആദിയേട്ടനെ കാണാൻ തോന്നി!!പക്ഷെ….

പൊടുന്നനെ ചിന്തകൾ നിശ്ചലയമായി.. ഇനിയും വാശിയെ കെട്ടിപിടിച്ചു നിന്ന് കൂടാ,,, എല്ലാം തുറന്ന് പറയണം….വരുന്നത് വരട്ടെ….

വിശ്വസിക്കുമെങ്കിൽ വിശ്വസിക്കട്ടെ,,, ചേർത്തു പിടിക്കാൻ അദ്ദേഹത്തിന്റെ കൈകൾ ഉയരില്ലെങ്കിൽ കാലിലേക്ക് വീഴും ഞാൻ…മനസ്സ് ഭ്രാന്തമായി പുലമ്പി.

അച്ഛനും അമ്മയും സന്തോഷം പങ്കു വെക്കുമ്പോൾ യാന്ത്രികമെന്നോണം നിന്നു കൊടുത്തു…കണ്ണുകളും ഹൃദയവും ആദിയേട്ടനെ കാത്തിരിക്കുകയായിരുന്നു

വിവരം അറിഞ്ഞു എവിടുന്നോ ഓടി കിതച്ചെത്തിയ ആദിയേട്ടനെ മാസങ്ങൾക്ക് ശേഷം കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

കണ്ണെല്ലാം ചുവന്ന് മുടിയും താടിയും എല്ലാം വളർത്തി,സത്യത്തിൽ ഞാൻ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കയറി വന്നപ്പോൾ എന്തായിരുന്നു അതിനേക്കാൾ രണ്ടിരട്ടി മോശമായിരുന്നു ആ അവസ്ഥ.

ഓടി വന്നെന്റെ വയറിലേക്ക് കൈ വെച്ചു.

“എന്റെ മോളാ…”

എന്ന് കണ്ണീരോടെ പറഞ്ഞപ്പോൾ നമ്മുടെ മോളാ എന്ന് ഞാൻ കുസൃതിയോടെ തിരുത്തി.വീണ്ടും വീണ്ടും ആ കൈകൾ വയറിൽ തലോടി എന്നാൽ ഒരു തവണ പോലും ആ തലോടൽ എന്റെ മുഖത്തേക്ക് നീണ്ടില്ല..

“എനിക്കെന്റെ കുഞ്ഞിനെ എങ്കിലും തരുമോ കീർത്തനാ….”

ഞാൻ അദ്ദേഹത്തിന്റെ നോട്ടത്തിൽ എന്നോടുള്ള പ്രണയം തിരയുകയായിരുന്നു, ഒരു അച്ഛന്റെ വാത്സല്യത്തിനു അപ്പുറം ഞാൻ കണ്ടു മറച്ചു പിടിക്കാൻ കഴിയുന്നതും ശ്രമിക്കുന്ന അദ്ദേഹത്തിന്റെ പ്രണയത്തെ…. എന്നോടുള്ള പ്രണയത്തെ….

“കീർത്തനാ…..”

“ആഹ്… എന്താ ആദിയേട്ടാ???”

“എനിക്കെന്റെ മോളേ തരണേ….”

“അപ്പോ എന്നെ വേണ്ടേ??”

സങ്കടം ചുണ്ടുകളിൽ കടിച്ചമർത്തി ആ മുഖത്തേക്ക് നോക്കി…

ഒന്നും പറയാതെ വയറിലേക്ക് അമർത്തിയൊന്ന് മുത്തി റൂമിന് വെളിയിലേക്ക് നടന്നു.

“ആദിയേട്ടാ….. പോവല്ലേ ആദിയേട്ടാ…

എനിക്ക്… എനിക്ക് നിങ്ങളില്ലാതെ പറ്റില്ലാ….”

എന്നാർത്തു കരഞ്ഞു, അമ്മ വന്നെഞ്ഞേ ആശ്വസിപ്പിച്ചില്ലായിരുന്നു എങ്കിൽ ചങ്ക് പൊട്ടി മരിച്ചേനെ..

ഒന്നും പറയാൻ പറ്റിയില്ല, ആ മുഖം അടുത്ത് കണ്ടപ്പോൾ മനസ്സ് മറ്റെല്ലാം മറന്നു..

പിന്നേ ഇടക്കിടക്ക് ആദിയേട്ടൻ വീട്ടിലെ ഒരു സന്ദർഷകൻ ആയി….

“ആദിയേട്ടാ… എനിക്കൊന്ന് സംസാരിക്കണം….”

എന്ന് പലതവണ ഞാൻ തുടക്കം കുറിക്കുമ്പോഴേക്കും പഴയതൊന്നും ഓർക്കാൻ ഇഷ്ടപ്പെടാത്ത പോലെ ദേഷ്യത്തോടെ പല്ലിറുമ്പി അദ്ദേഹം പോയിട്ടുണ്ടാവും..

പിന്നേ പിന്നേ എനിക്ക് പേടിയായി തുടങ്ങി,, വീണ്ടും പറയാൻ ശ്രമിച്ചാൽ ആദിയേട്ടൻ വരവ് നിർത്തിയാലോ..ഭയമായി…

സ്വാർത്ഥതയായി…അതോടെ കിട്ടുന്ന സമയം ആദിയേട്ടനോട് ചേർന്നിരിക്കും,,, പ്രണയത്തോടെ നോക്കിയിരിക്കും.

അമ്മയ്ക്കും അച്ഛനും അദ്ദേഹത്തോട് ചെറിയൊരു ദേഷ്യമുണ്ട്.ഏകദേശം വൈകുന്നേരമാവുമ്പോഴായിരിക്കും അദ്ദേഹം എത്തുന്നത്… എന്നും രാവിലെ ഞാൻ ഉണരുന്നത് അന്ന് വൈകുന്നേരത്തിനുള്ള സമയം എണ്ണി കൊണ്ടാണ്…അമ്മയും (ആദിയുടെ അമ്മ )ഇടക്കിടക്ക് വന്നിരുന്നു

ആദിയേട്ടന്റെ കൂടെ,, ഒരുപാട് സംസാരിക്കും അമ്മ…കാലങ്ങൾക്ക് ശേഷം തിരിച്ചു കിട്ടിയ മോനെ കുറിച്ച്…ആകാഷിനെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഒരു ഏട്ടനെ കുറിച്ച്… പ്രിയപ്പെട്ട മരുമകളെ തെറ്റിദ്ധാരണ കൊണ്ട് അകറ്റിയ ഒരു ഭർത്താവിനെ കുറിച്ച്…

സത്യങ്ങൾ സംസാരിക്കാൻ അവർ പല പ്രാവിശ്യം തുനിഞ്ഞെങ്കിലും ആദിയേട്ടൻ കോപത്തോടെ അവരെ അകറ്റുമല്ലോ!!!

ഒരിക്കൽ താക്കീതെന്ന പോലെ പറഞ്ഞല്ലോ

“അവൾക്ക് വേണ്ടിയുള്ള വക്കാലത്തും ആയി ആരെങ്കിലും ഇനി വന്നാൽ…ആദിത്യൻ വർമയെ ആരും പിന്നീട് കാണില്ല….”

അതോടെ അവരെല്ലാം ആ ശ്രമം ഉപേക്ഷിച്ചു…

എന്തൊക്കെയായാലും ആദിയേട്ടനിപ്പോൾ അമ്മയെ കിട്ടി… അനിയനെ കിട്ടി…

അദ്ദേഹത്തിന് എല്ലാവരെയും തിരിച്ചു കിട്ടിയപ്പോൾ എനിക്കെന്റെ പ്രാണൻ നഷ്ടപ്പെട്ടു.

എന്നോട് ഒന്നും സംസാരിക്കില്ലെങ്കിലും കുഞ്ഞിനോട് വലിയ കൂട്ടാ…വയറ് ചെറുതായി ഉന്തി നിൽക്കാൻ തുടങ്ങിയപ്പോൾ കുഞ്ഞിന്റെ കാലിവിടെ കയ്യിവിടെ എന്നൊക്കെ പറഞ്ഞായി കുസൃതി.ഏട്ടൻ വന്ന് പോവുന്നത് വരെ ഞാൻ ആ മുഖത്തേക്ക് നോക്കി നിൽക്കും…ഒന്നും പറയാതെ…നോക്കി മതിയാവാത്ത പോലെ….

“നിനക്കെന്തെങ്കിലും വേണോ??അമ്മ പറഞ്ഞിരുന്നു ഈ സമയത്ത് നിങ്ങൾക്ക് പലതിനും ആഗ്രഹം ഉണ്ടാവും എന്ന്…”

മനസ്സിൽ ഒരാഗ്രഹം തഴച്ചു നിന്നെങ്കിലും ധൈര്യമില്ലാത്തവളെ പോലെ മിണ്ടിയില്ല..

ഒരു കവർ നിറയെ പച്ച മാങ്ങയും,മസാല ദോശയും ആ കയ്യിൽ പതിവായി…പാവത്തിന് വേറെന്താണ് ഗർഭിണിയായ ഒരു സ്ത്രീക്ക് ആഗ്രഹം എന്ന് അറിവില്ലായിരിക്കും.

ചെക്ക് അപ്പിന് എല്ലാം കൂടെ തന്നെയുണ്ടാവും….

മോണിറ്ററിൽ കാണുന്ന കുഞ്ഞിന്റെ മങ്ങിയ ദൃശ്യത്തിൽ കൗതുകത്തോടെ നോക്കുന്ന ആ കണ്ണുകളിൽ പതിയെ ചുണ്ടുകൾ ചേർക്കാൻ മോഹം തോന്നും..വെറും മോഹം…

അടുത്തുണ്ടായിട്ടും ഒരുപാട് അകലെയാണ് ഞങ്ങൾ …. ഞങ്ങൾക്കിടയിൽ വലിയൊരു മതിൽ ഉയർന്നു നിൽക്കുന്നു…

തെറ്റിദ്ധാരണയുടെ മതിൽ,, വാശിയുടെ മതിൽ…

“ആദിയേട്ടാ… “എന്ന് ഞാൻ അലറി വിളിക്കുന്നുണ്ടെങ്കിലും ആ മതിൽ കടന്നു ശബ്ദം അപ്പുറത്തേക്കെത്തില്ല…

ആരാലോ കെട്ടിപടുത്ത മതിൽ…. തറയിട്ടത് അനന്തപുരത്തെ രാജാവ് വാസുദേവൻ വർമ…

ഒരിക്കൽ വന്നപ്പോൾ കൂടെ ആകാശും അമ്മയും ഉണ്ടായിരുന്നു…അപ്പോഴേക്കും കുഞ്ഞ് തൊഴിയും തുങ്ങിയിട്ടുണ്ട്…. ആ തൊഴി കിട്ടുമ്പോൾ ഉള്ള വേദനക്കിടയിൽ ഓർമ വരുക ആദിയേട്ടൻ പണ്ട് ഞാൻ റൂമിൽ കിടക്കുമ്പോൾ ചവിട്ടുന്നതാണ്.

“ചെറിയച്ഛന്റെ ചുന്ദരികുട്ടി…സുഖല്ലെടി നിനക്ക്…ഇത് എന്താ കൊണ്ട് വന്നത് എന്ന് നോക്കിക്കേ….

Chocalate,,, ഇതാ ഞാൻ അങ്ങോട്ടേക്ക് അയച്ചേക്കാം….”

എന്ന് വയറിൽ നോക്കി പറഞ്ഞു ആകാശ് ചോക്ലേറ്റ് എന്റെ വായിലേക്ക് കുത്തികയറ്റി.

“ഏട്ടത്തീ…. ഇപ്പൊ ഏട്ടൻ എന്നോട് മിണ്ടാറുണ്ട്….”

ഉത്സാഹത്തോടെ അവന്റെ പറഞ്ഞു..വരണ്ട ഒരു പുഞ്ചിരി നൽകി, എന്തെങ്കിലും മിണ്ടിയാൽ കരഞ്ഞു പോവും എന്നറിയായിരുന്നു.

“എന്താണ് ഏട്ടത്തീ ശെരിക്കും ഏട്ടനുമായിട്ടുള്ള പ്രശ്നം????”

“നിന്റെ ഏട്ടന് എന്റെ പഴയ കാലം ഒന്നും അറിയില്ല ആകാഷേ… അതാണ്, അതാണ് പ്രധാന പ്രശ്നം…”

“അപ്പൊ ഏട്ടത്തിയമ്മ ഒന്നും പറഞ്ഞിട്ടില്ലേ???”

കണ്ണും തള്ളിയവൻ എന്നെ സൂക്ഷിച്ചു നോക്കി…

ഇല്ലെന്ന് തലയാട്ടുമ്പോൾ ചുണ്ടുകൾ വിതുമ്പിയിരുന്നു.

“പറയാൻ പറ്റിയില്ല…വാസുദേവൻ അങ്കിളിന് സുഖവല്ലേ???”

“ഏട്ടത്തി ഒന്നും അറിഞ്ഞില്ലേ???”

“എന്തറിയാൻ???”

“അച്ഛൻ മരിച്ചു…. ഒരു മാസമായി…ആക്‌സിഡന്റ് ആയിരുന്നു.. അന്ന് അച്ഛന് വേണ്ടി ഓടി നടന്നതും വേണ്ടതെല്ലാം ചെയ്തതും രണ്ട് മൂന്ന് ദിവസം ആശുപത്രിയിൽ ഉറക്കമില്ലാതെ നിന്നതും ചേട്ടനാണ്..മരിച്ചപ്പോൾ ഏട്ടനോട് കരഞ്ഞു കൊണ്ട് മാപ്പ് പറയുന്നത് കണ്ടു,, അതിന് ശേഷമാ ഞങ്ങളോടൊക്കെ കൂടുതൽ അടുക്കാൻ തുടങ്ങിയെ…”

ഞെട്ടിതരിച്ചു..

“എന്നിട്ടെന്തേ ആരും എന്നോട് പറയാതിരുന്നത്…

ആദിയേട്ടൻ എന്തെ മിണ്ടാഞ്ഞത്!!!”

“ചിലപ്പോ ഏട്ടത്തിക്ക് വിഷമം ആവും എന്ന് കരുതിയിട്ടായിരിക്കാം ആരും അറിയിക്കാതെ ഇരുന്നത്…”

നിഷ്കളങ്കമായുള്ള അവന്റെ മുഖത്തേക്ക് നോക്കി ഞാൻ മുഖം കോട്ടി,വിഷമമോ??? എന്റെ പ്രണയത്തെ എന്നിൽ നിന്നകറ്റിയ, ആദിയേട്ടന് ദുരിതങ്ങൾ മാത്രം നൽകിയ അയാളോട് എനിക്ക് സ്നേഹമോ!!!

“ആകാഷേ… എനിക്കൊരു ആഗ്രഹം ഉണ്ട്…”

അവനോടായി പറഞ്ഞതും പെട്ടന്നാണ് ഏട്ടൻ അകത്തേക്ക് കയറി വന്നത്.

“നിനക്ക് ആഗ്രഹം ഉണ്ടെങ്കിൽ എന്നോടാണ് പറയേണ്ടത്… എത്ര തവണ ഞാൻ ചോദിച്ചിട്ടുണ്ട്… എന്താ വേണ്ടത് എന്താ വേണ്ടതെന്ന്??”

ഒരു നിമിഷം ആലോചിച്ചു, എന്തായിരിക്കും പ്രതികരണം… ആഗ്രഹം നടത്തി തരുമോ!!!

പതിയെ മുഖം ഉയർത്തി വാത്സല്യം നിറഞ്ഞ ആ കണ്ണുകളിലേക്ക് നോക്കി.

“നമ്മുടെ കുഞ്ഞിന്റെ ആഗ്രഹമാണ്… സാധിച്ചു തരും എന്ന് വാക്ക് തരൂ….”

“അനന്തപുരത്തെ ആദിത്യൻ വർമ്മക്ക് വാക്ക് ഒന്നേ ഒള്ളൂ…”

തുടരും…

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Chilanka Rifu

Leave a Reply

Your email address will not be published. Required fields are marked *