കാത്തിരിക്കുമോ ടോ താൻ എനിക്കായ്…..?

രചന: Akhil Krishna

ഭഗവതിക്കാവിന്റെ ആൽമരച്ചുവട്ടിൽ അവൾ എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. അവൾ എന്നു പറഞ്ഞാൽ അനു. നാട്ടിലെ കോടീശ്വരനായ വിശ്വനാഥന്റെ മകൾ അനുശ്രീ ബൈക്ക് നിർത്തി അവളുടെ അടുത്തേക്ക് നടക്കുമ്പോഴും എന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു.

“എന്താ കിച്ചേട്ടാ.. എന്തിനാ കാണണമെന്ന് പറഞ്ഞത് ”

“എടോ അത് …. ഞാൻ പോവുകയാണെടോ ”

“പോവുകയാണെന്നോ, എങ്ങോട്ട് ”

“ഗൾഫിൽ നല്ലൊരു ജോലി ശരിയായിട്ടുണ്ട്. ”

” അതു വേണ്ട കിച്ചേട്ടാ… എനിക്ക് പറ്റില്ല കിച്ചേട്ടനെ കാണാതെയിരിക്കാൻ ”

“തനിക്കറിയാലോ ഒരു പാട് പ്രാരാബ്ദങ്ങൾ ഉണ്ടെടോ എനിക്ക്. ചേച്ചിയെ കെടിച്ചു വിട കടം പോലും തീർന്നിട്ടില്ല. ബാങ്കിൽ നിന്നും നോട്ടീസ് വന്നിരുന്നു. എത്രയും വേഗം പണമടച്ചില്ലെങ്കിൽ വീടു പോലും നഷ്ടപ്പെട്ടു പോകും. നല്ലൊരു ജോലി ഇല്ലാതെ വന്നാൽ നിന്റെ അച്ഛൻ പോലും നമ്മുടെ കാര്യത്തിനു സമ്മതിക്കുമോ.ഞാൻ പോകുന്നത് നമ്മൾക്ക് കൂടി വേണ്ടിയല്ലേ ”

അപ്പോഴും അവൾ എന്നെ നിറഞ്ഞ കണ്ണാലെ നോക്കി നിൽക്കുകയായിരുന്നു.

” കാത്തിരിക്കുമോ ടോ താൻ എനിക്കായ് ”

“എന്റെ നെഞ്ചിലെ അവസാനത്തെ മിടിപ്പ് വരെ ഞാൻ കാത്തിരിക്കും ”

”ഹലോ എടാ കിച്ചു നീ കേൾക്കുന്നില്ലേ …. ഹലോ ”

വിഷ്ണുവിന്റെ വാക്കുകളാണ് എന്നെ പഴയ ചിന്തകളിൽ നിന്നുമുണർത്തിയത്.

“ഹലോ വിഷ്ണു നീ പറയെടാ ”

“എടാ നീ വിഷമിക്കരുത് .ഈ വരുന്ന ഞായറാഴ്ചയാണ് അവളുടെ വിവാഹ നിശ്ചയം. ചെക്കൻ നേവി ഓഫീസർ ആണെന്നാണ് കേട്ടത് ”

“ഹലോ കിച്ചു നീ എന്താടാ ഒന്നും പറയാത്തത് … ഹലോ ”

“ഏയ് ഒന്നുമില്ലെടാ ഇവിടെ കുറച്ച് തിരക്കുണ്ട് ഞാൻ പിന്നെ വിളിക്കാം”

ഫോൺ കട്ട് ചെയ്ത് കസേരയിലേക്ക് ഇരിക്കുമ്പോൾ മനസ്സാകെ മരവിച്ച അവസ്ഥയായിരുന്നു. ഇവിടെ വന്നിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു. എങ്കിലും എല്ലാ ദിവസവും ഞാൻ അവളുമായി സംസാരിക്കാറുണ്ടായിരുന്നു.എന്നാൽ ഇങ്ങനെ ഒരു വാർത്ത അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാലും അവൾ ചെയ്തതല്ലേ ശരി. എത്ര നാൾ അവൾ എനിക്കായി കാത്തിരിക്കും. എവിടെയായാലും നന്നായി ജീവിക്കട്ടെ. പക്ഷെ അവൾ മറ്റൊരാളുടെതായി തീരുവാൻ പോകുന്നത് ഓർത്തപ്പോൾ നെഞ്ച് പിടയുന്നു.

അവൾ മറ്റൊരാളുടെതായ വാർത്ത ഒരിക്കലും ഞാനറിയാതെ ഇരിക്കാനാണ് പഴയ നമ്പർ മാറ്റിയതും നാട്ടിലെ എല്ലാവരുമായുള്ള സംസാരം നിർത്തിയതും .എല്ലാ വെള്ളിയാഴ്ചയും അമ്മയെ മുടങ്ങാതെ വിളിക്കും.പക്ഷെ അപ്പോഴും അവളുടെ വിവരങ്ങൾ ഞാൻ തിരക്കാറില്ല. അതും ഒരു ഒളിച്ചോട്ടം തന്നെയായിരുന്നില്ലേ അവളുടെ ഓർമ്മകളിൽ നിന്നും.

ദിവസങ്ങൾ വേഗത്തിൽ പോയ് മറഞ്ഞു കൊണ്ടിരുന്നു.

“കിച്ചു. തന്റെ ലീവ് ശരിയായിട്ടുണ്ട് “ഓഫീസിലെ എന്റെ ഹെഡ് വിനോദേട്ടൻ ആണത് പറഞ്ഞത്.

” അതിന് ഞാൻ ലീവ് ചോദിച്ചില്ലല്ലോ വിനോദേട്ടാ ”

“രണ്ടു വർഷമായില്ലെ നീ ഇവിടെ വന്നിട്ട് .പോയി നിന്റെ അമ്മയെ ഒക്കെ ഒന്നു കണ്ടിട്ട് വാടാ. ഒരു പെണ്ണു പോയി എന്നു കരുതി ജീവിതം അങ്ങനെയൊന്നുമില്ലാതായില്ലെടോ ”

അതിനുത്തരം ഒരു പുഞ്ചിരിയായിരുന്നു കാരണം അവളായിരുന്നു എന്റെ ജീവിതം.

നാട്ടിലെത്തി എയർപോർട്ടിന്റെ പുറത്തേക്കിറങ്ങുമ്പോൾ എന്നെ കാത്തു നിൽക്കുന്ന അമ്മയെ കെട്ടി പിടിച്ചു കരയുമ്പോഴും മനസ്സ് ശാന്തമായിരുന്നില്ല.

കാറിലിരുന്ന് പുറം കാഴ്ചകളിലേക്ക് കണ്ണാടിക്കുമ്പോഴാണ് കാർ ഭഗവതിക്കാവിന്റെ മുൻപിൽ പോയി നിന്നത് .

“കിച്ചു. ”

“എന്താ അമ്മേ”

” പോയി ഒന്നു ദേവിയെ തൊഴുതിട്ട് വാ മോനെ .ഇവിടെ നിന്നുമാകട്ടെ നിന്റെ ഒരു പുതിയ ജീവിതത്തിന്റെ തുടക്കം”

ഡോർ തുറന്ന് പുറത്തിറങ്ങുമ്പോഴും കാലുകൾക്ക് ആ പഴയ വേഗത ഉണ്ടായിരുന്നില്ല. ഇവിടെ വച്ചായിരുന്നു അനുവിനെ ഞാൻ ആദ്യമായി കണ്ടതും എന്റെ ഇഷ്ടം തുറന്നു പറഞ്ഞതും. ഇവിടെ വച്ചു തന്നെയാണ് ഞങ്ങൾ അവസാനമായി കണ്ടതും.

അമ്പലമുറ്റത്തിറങ്ങിയപ്പോഴും ഒരു ഇളം തെന്നൽ എന്നെ തഴുകി കടന്നു പോയി.

ദേവിയുടെ മുൻപിൽ തൊഴുതു തിരിഞ്ഞു നടക്കുമ്പോൾ ആണ് ആ വിളി ഞാൻ വീണ്ടും കേൾക്കുന്നത്

” കിച്ചേട്ടാ…. ”

അതെ അത് അവളായിരുന്നു. അനു. പെട്ടെന്ന് ഉയർന്ന ഹൃദയമിടിപ്പിന്റെ വേഗതയിലും ഞാനവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.

“സുഖമാണോ കിച്ചേട്ടന് ”

“മം .തനിക്കോ ”

അവളും ഒന്നു മൂളുക മാത്രം ചെയ്തു.

” കിച്ചേട്ടന് എന്നോട്ട് ദേഷ്യമാണോ”

“ഏയ് ,താൻ എന്താ എന്നെ കല്യാണത്തിനു ക്ഷണിക്കാതിരുന്നത്. ”

” നടക്കാത്ത വിവാഹത്തിന് ആരെ ക്ഷണിക്കാനാണ് ”

ഒന്നും മനസ്സിലാകാതെ അവളെ തന്നെ നോക്കുമ്പോൾ അവൾ എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു.

” വീട്ടുകാർ എന്റെ വിവാഹം നിശ്ചയിച്ചു എന്നത് ശരിയാണ്. അവർ എന്നെ ഒരു പാട് നിർബന്ധിച്ചു എങ്കിലും ഞാൻ എന്റെ തിരുമാനത്തിൽ ഉറച്ചു നിന്നു. അവസാനം എല്ലാവരും എന്റെ ഇഷ്ടത്തിനു ഒപ്പം നിന്നു.. ‘

” എടോ അപ്പോ താൻ ”

” ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ഹൃദയത്തിന്റെ അവസാന മിടിപ്പ് വരെ ഞാൻ എന്റെ കിച്ചേട്ടന്റെ മാത്രമായിരിക്കുമെന്ന് ”

നിറഞ്ഞ കണ്ണാലെ അവളെ നോക്കുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

” എല്ലാ പ്രാരാബ്ധങ്ങളും മാറിയില്ലേ ഇനിയെങ്കിലും എന്നെ കൂടെ കൂട്ടിക്കൂടെ കിച്ചേട്ടാ ” ഇടറിയ ശബ്ദത്താൽ അവളത് ചോദിച്ചതും ഞാനവളെ വലിച്ചു എന്റെ നെഞ്ചിലേക്ക് ചേർത്തു. അവളുടെ മൂർദ്ധാവിലേക്ക് എന്റെ ചുണ്ടുകൾ ചേർക്കുമ്പോൾ എന്റെ കണ്ണുകളും പെയ്തു തുടങ്ങിയിരുന്നു. അപ്പോഴും ഞാൻ കണ്ടു കാറിൽ ഇരുന്നു എന്നെ നോക്കി പുഞ്ചിരിക്കുന്ന എന്റെ അമ്മയെ .

ചില ഇഷ്ടങ്ങൾ അങ്ങനെയാണ് എത്രയൊക്കെ പറിച്ചെറിഞ്ഞുവെന്ന് പറഞ്ഞാലും വീണ്ടും മുളച്ചു വരും ജീവിതത്തിൽ പുതുവസന്തങ്ങൾ തീർക്കാനായ്.ആ ഇഷ്‌ടങ്ങളെയൊക്കെ അങ്ങ് ചേർത്ത് പിടിച്ചോളണം ജീവിതാവസാനം വരെ.

രചന: Akhil Krishna

Leave a Reply

Your email address will not be published. Required fields are marked *