ഇവളാണ് പെണ്ണ് ശരിയ്ക്കും പറഞ്ഞാൽ ഇവളാണ് എനിയ്ക്കായി കാത്തിരുന്നവൾ..

രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ

വൈകി വന്ന വസന്തം… “ഡാ മനു .. നിനക്ക് അവളോട്‌ ദേഷ്യമുണ്ടോ” . ..

“ആരോട്…”

“ഗായത്രിയോട്.. അവൾക്ക് വേണ്ടിയല്ലേ നീ ഈ നാട് വിട്ടു പോയതും ഇത്രയധികം സമ്പാദിച്ചു തിരിച്ചു വന്നതും….”

“എന്തിനാ ദേവാ അതിനിയും സംസാരിയ്ക്കുന്നത്.. എല്ലാം മറക്കാൻ നോക്കുവാണ് ഞാൻ…”

“നിനക്കായി അവൾ കാത്തിരുന്നില്ലല്ലോ മനു അതാണ് എനിയ്ക്ക് വിഷമം. നീ തിരിച്ചു വന്ന ദിവസം തന്നേ ആയല്ലോ അവളുടെ കല്യാണവും..”

“ശരിയാണ് നീ പറഞ്ഞത്.. ഞാൻ നാട് വിട്ടതും സമ്പാദിച്ചതുമെല്ലാം അവൾക്കൊപ്പം നല്ലൊരു ജീവിതം സ്വപ്നം കണ്ടു തന്നെയാണ്…. പക്ഷേ അതെല്ലാം വെറുതെ ആയില്ലേ…”

“പെണ്ണിന്റെ മനസ്സ് അങ്ങനെയാടാ പെട്ടെന്ന് മാറി ചിന്തിയ്ക്കും.. നീ വിഷമിക്കരുത്…..”

“എന്തിനാടാ വിഷമം ശരിയും തെറ്റും മനസ്സിലാക്കാൻ ഞാൻ അല്പം വൈകിപ്പോയി സാരമില്ല അത് വിട്ടേക്കാം…”

“നീ അപ്പോൾ പോകുന്നുണ്ടോ അവളുടെ കല്യാണം കൂടാൻ..?”

“പോകണം ഒന്നുമല്ലെങ്കിലും എൻ്റെ മുറപ്പെണ്ണ് അല്ലേ.. നീയും കൂടേ വരണം…”

“എന്തിനാടാ….”

“പോകണം. എനിയ്ക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്…”

“എന്നാൽ വാ പോകാം അങ്ങോട്ട്…”

അങ്ങനെ ഞങ്ങൾ തറവാട്ട് വീട്ടിലെത്തി…

“ഇതാരാ മനുവോ.. ഞാൻ കരുതി നീ വരില്ല എന്ന്.. അമ്മാവന് സന്തോഷം ആയി നീ വന്നതിൽ …..”

“നിനക്ക് എന്നോട് ദേഷ്യമുണ്ടോ മോനേ സ്വന്തം മോൾക്ക്‌ നല്ലൊരു ഭാവി ഉണ്ടാകാനല്ലേ ഏതൊരു അച്ഛനും ആഗ്രഹിയ്ക്കൂ… മോൻ എന്നോട് ക്ഷമിക്കണം…”

“അതിനു അമ്മാവൻ എന്നോട് തെറ്റൊന്നും ചെയ്തില്ല. എനിക്ക് ആരോടും ദേഷ്യമില്ല. തെറ്റ് ചെയ്തത് ഞാനാണ്.. അർഹത ഇല്ലാത്തതു ആഗ്രഹിച്ചു…. ആ തെറ്റ് തിരുത്തണം….”

“ഞാൻ അവളേ ഒന്ന് കാണട്ടേ…”

മുകളിൽ അവളുടെ മുറിയിൽ ഞാൻ അവളുമായി അവസാന കൂടിക്കാഴ്ച നടത്തുമ്പോൾ എൻ്റെ മുഖത്തേയ്ക്ക് നോക്കാൻ അവൾക്ക് കഴിഞ്ഞില്ല..

“എന്ത് പറ്റി ഗായത്രി നിനക്ക് എൻ്റെ മുഖത്തേയ്ക്ക് നോക്കാൻ കഴിയുന്നില്ല ല്ലേ..?”

“ഇത് കുറ്റബോധം ആകുമല്ലേ ശരിയാണ് ഞാൻ ഇവിടുന്ന് പോകുമ്പോൾ നിന്നോട് കാത്തിരിക്കാൻ പറഞ്ഞില്ല..

പക്ഷേ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു നീ കാത്തിരിയ്ക്കുമെന്നു.. ആ വിശ്വാസമാണ് ഇന്നിവിടെ തകർന്നു വീണത്…”

“മനുവേട്ടൻ എന്നോട് ക്ഷമിയ്ക്കണം അച്ഛൻ നിർബന്ധം പിടിച്ചപ്പോൾ എനിയ്ക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല…”

“സാരമില്ല.. ഇനിയും പഴയ കാര്യങ്ങൾ മനസ്സിൽ കൊണ്ടു നടക്കാൻ എനിയ്ക്ക് താല്പര്യമില്ല… നിന്റെ ജീവിതം നല്ലതാകട്ടെ..

പക്ഷേ ഞാൻ ഇവിടുന്ന് പോകുമ്പോൾ
ഒരാളേ കൂടേ കൂട്ടും.. എന്റെ ജീവിതം എന്നേ പഠിപ്പിച്ചതാണ്..

നമ്മൾ സ്നേഹിയ്ക്കുന്നവരെയല്ല തിരിച്ചു നമ്മളേയും സ്നേഹിയ്ക്കുന്നവരെയാണ് കൂടേ ചേർത്ത് നിർത്തേണ്ടതെന്നു..

അത് കൊണ്ട് ഇവിടെ നിങ്ങൾക്കാർക്കും വേണ്ടാത്ത ഒരാളേ ഞാൻ കൂടേ കൂട്ടുന്നു … ഈ വീടിന്റെ അടുക്കളയിൽ ഒതുങ്ങി പോയ ഒരു ജന്മമുണ്ട്…

അവളാണ് ഇനി എനിക്ക് ജീവിതത്തിൽ എല്ലാം..

രക്തബന്ധം കൊണ്ട് നിങ്ങളുടെ കുടുംബത്തിലെ അംഗമായ അവളേ നിങ്ങൾ ആരെങ്കിലും ഒരു മനുഷ്യ ജീവിയായി എന്നെങ്കിലും പരിഗണിച്ചിട്ടുണ്ടോ….

നിങ്ങൾക്കതിന്റെ ആവശ്യമില്ല.

കാരണം ഇളയ അമ്മാവനെയും അമ്മായിയേയും നിങ്ങൾക്കെല്ലാം വെറുപ്പായിരുന്നല്ലോ..

രണ്ടു പേരുടെയും മരണ ശേഷം ഇവളെ ഇങ്ങോട്ട് കൂട്ടിയത് സ്നേഹിയ്ക്കാനായിരുന്നില്ല എനിക്കറിയാമായിരുന്നു…

വീട്ടിൽ ഒരു അടുക്കളക്കാരിയുടെ സ്ഥാനം. അതല്ലേ ഈ വീട്ടിൽ എന്നും അവൾക്കുണ്ടായിരുന്നുള്ളൂ..

നീ ഒന്ന് മനസ്സിലാക്കണം അവളും എൻ്റെ മുറപ്പെണ്ണ് തന്നെയാണ്.. ഇനിയെനിക്ക് കൂട്ടായി അവൾ മതി..

അമ്മു …..

എന്റെ വിളി കേട്ടു. അവൾ അങ്ങോട്ട്‌ വന്നു…

നിനക്കറിയാമോ .. ഒരുപാട് ഇഷ്ടം എന്നോട് ഉണ്ടായിട്ടും നിനക്കായി ഒഴിഞ്ഞു മാറി തന്നവളാണ് ഇവൾ..

പക്ഷേ ഒന്നുണ്ടായിരുന്നു ഇവളുടേതു യഥാർത്ഥ സ്നേഹമായിരുന്നു പക്ഷേ നീ എന്നേ സ്നേഹിയ്ക്കുന്നതായി അഭിനയിച്ചു …..

സോറി അമ്മു നിന്റെ സ്നേഹം തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി.. ..

എന്തിനാണ് മനുവേട്ടാ ഒരുപാട് തവണ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് മനസ്സിൽ മനുവേട്ടനോട് സ്നേഹം തുറന്നു പറയണമെന്ന്…

എന്നിട്ട് നീ എന്തേ അന്ന് പറഞ്ഞില്ല അതൊന്നും..

ഞാൻ കാരണം ഗായത്രിയുടെ ജീവിതം നഷ്ടമാകുമോ എന്നൊരു തോന്നൽ.. പിന്നേ മനുവേട്ടന് എന്നോട് സ്നേഹമുണ്ടാകുമോ എന്നൊരു പേടിയുണ്ടായിരുന്നു…

കേട്ടില്ല ഗായത്രി. അവളുടെ വാക്കുകൾ.. ഇവളാണ് പെണ്ണ് ശരിയ്ക്കും പറഞ്ഞാൽ ഇവളാണ് എനിയ്ക്കായി കാത്തിരുന്നവൾ..

എന്നേ കിട്ടുമോ എന്നുറപ്പു പോലുമില്ലാഞ്ഞിട്ടും ഇവൾ
എനിയ്ക്കായി കാത്തിരുന്നു….

പക്ഷേ നിന്നോട് എനിയ്ക്ക് നന്ദിയുണ്ട്.. ഗായത്രി നമ്മൾ തമ്മിൽ ഒരിക്കലും ചേരില്ല എന്ന് എനിയ്ക്ക് തെളിയിച്ചു തന്നതിന്…

ഇനി ഒരിയ്ക്കലും നമ്മൾ തമ്മിൽ കാണില്ല.. ഞാൻ പോകുന്നു.

ഒറ്റയ്ക്കല്ല ഇവിടുന്ന് പോകുന്നത് കൂടേ എന്റെ ജീവിതത്തിൽ വൈകി വന്ന ഈ വസന്തവും ഉണ്ടാകും.

ഇനി നിങ്ങളുടെയെല്ലാം അവഗണനയും പരിഹാസവും കേൾക്കാൻ ഇവൾ ഉണ്ടാകില്ല.ഇന്ന് മുതൽ എൻ്റെ പെണ്ണാണിവൾ..

ഇവളെ കൂടേ കൂട്ടാനാണ് ഞാൻ ഇങ്ങോട്ട് വന്നത് അല്ലാതെ നിന്റെ കല്യാണം കൂടാനല്ല…. നിനക്ക് നല്ലത് വരാൻ ഞങ്ങൾ പ്രാർത്ഥിക്കാം..

അമ്മുവിന്റെ കൈയ്യും പിടിച്ചു തറവാടിന്റെ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ എന്റെ ജീവിതത്തിന് ഒരുപാട് അർഥങ്ങൾ കൈ വന്നിരുന്നു…

രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *