നിഴലായ്, നോവൽ, ഭാഗം 16 വായിച്ചു നോക്കൂ…..

രചന : Thasal

അവളുടെ കണ്ണുകൾ ചെറുതിലെ നനഞ്ഞുവോ…അവൾ എന്തോ മറക്കും മട്ടെ വേഗം തന്നെ ഉള്ളിലേക്ക് നടന്നു,,, കുടുക്കയിൽ വെളളം എടുത്തു അടുപ്പത്തു വെച്ചു തീ കത്തിച്ചു….

അതിലേക്കു തന്നെ ആയിരുന്നു അവളുടെ നോട്ടം…

അവന് എന്തോ ഒരു സങ്കടം കുമിഞ്ഞു കൂടി…

ശരിയാണ്….. നന്ദേട്ടാ എന്ന് വിളിച്ചു പിറകെ നടന്ന തന്റെ മണിക്കുട്ടിയെ മറന്നു പോയിരുന്നു…

വർഷങ്ങളോളം… തന്റെ ജീവിതത്തിൽ മുകിൽ കടന്നു വന്ന ശേഷം അവളെ ഓർത്തിട്ടില്ല എന്നത് കള്ളം ആകും എങ്കിലും ഓർക്കാൻ ആഗ്രഹിച്ചില്ല….

പക്ഷെ…. ഇന്ന്… എല്ലാത്തിനെക്കാളും വില അവൾക്ക് നൽകുമ്പോഴും അവളെ മനസ്സിലാക്കാൻ ഒരിക്കൽ പോലും താൻ ശ്രമിച്ചിട്ടില്ലല്ലോ എന്നോർത്തപ്പോൾ എന്തോ ഒരു സങ്കടം അവനെ പൊതിഞ്ഞു….

ആളി കത്തുന്ന തീയിലേക്ക് നോക്കി നിൽക്കുമ്പോഴും അവളുടെ ഓർമകളിൽ ആ പൊടി മീശക്കാരൻ മാത്രം ആയിരുന്നു… മെല്ലെ അവനിൽ ഉണ്ടായ വളർച്ചയും അതിലൂടെ തങ്ങളിൽ ഉണ്ടായ അകൽച്ചയും….കാലങ്ങൾ കാത്തിരുന്നു ആണെങ്കിലും തന്റെ പ്രണയം സത്യമാണ് എന്ന് തെളിഞ്ഞിരിക്കുന്നു…..

അവളുടെ ഉള്ളം സന്തോഷം കൊണ്ട് പൊതിഞ്ഞിരുന്നു… തൊട്ടു പിന്നിൽ അവന്റെ സാമിപ്യം അവൾ അറിഞ്ഞു…. അവന്റെ കൈകൾ പിന്നിലൂടെ അവളുടെ വയറിൽ ചുറ്റി നിന്നതും അവൾ ആദ്യം ഒന്ന് ഞെട്ടി ശ്വാസം പോലും നെഞ്ചിൽ തങ്ങി നിന്നു….

“സോറി…. ”

അവനിൽ നിന്നും അങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൾ നെറ്റി ചുളിച്ചു…

അവന്റെ ചുണ്ടുകൾ അവളുടെ മുടിയിൽ ചെറുതിലെ പതിഞ്ഞു….

“ഒരിക്കലും നിന്നെ ഞാൻ മനസ്സിലാക്കിയില്ല….

എന്റെ കണ്മുന്നിൽ എന്റെ കയ്യിലേക്ക് ജനിച്ചു വീണവളാണ് നീ…. എന്റെ കൈ പിടിച്ചു നടക്കാൻ പഠിച്ചവൾ…. ചെറിയ കാര്യങ്ങൾ പോലും പങ്ക് വെച്ചവൾ… പക്ഷെ… നിന്റെ മനസ്സ് മാത്രം കാണാൻ എനിക്ക് സാധിച്ചില്ല…. വളർന്നു വന്നപ്പോൾ പ്രായത്തിന്റെ ചാപല്യം കാരണം ആകാം… മനസ്സ് പലതിലേക്കും പോയി…

അവിടെയും നിന്റെ നിറഞ്ഞ കണ്ണുകൾ എനിക്ക് കാണാൻ സാധിച്ചില്ല…..

നിനക്ക് അനുകൂലമായ ഒരു നോട്ടം പോലും നൽകിയില്ല… പിന്നെ എങ്ങനെയാ നിനക്ക് എന്നെ ഇത്രയും സ്നേഹിക്കാൻ കഴിയുന്നെ…. അതിനുള്ള യോഗ്യതയുണ്ടോ എനിക്ക്….. ”

പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു…

അവളുടെ കണ്ണുകൾ നീർകണം ഉരുണ്ടു കൂടി…

ചുണ്ടിൽ ആരെയും മയക്കാൻ പാകത്തിന് ഉള്ള പുഞ്ചിരിയും…. അവൾ അവന്റെ കൈക്കുള്ളിൽ നിന്ന് തന്നെ ഒന്ന് തിരിഞ്ഞു..കൈകൾ രണ്ടും അവന്റെ കഴുത്തിലൂടെ ഇട്ടു കൊണ്ട് അവന്റെ കണ്ണുകളിലേക്ക് നോക്കിയതും ആ പുഞ്ചിരി എന്ത് കൊണ്ടോ അവന്റെ ചുണ്ടിലും തെളിഞ്ഞു….

“നന്ദേട്ടൻ കേട്ടിട്ടുണ്ടോ… സ്നേഹിക്കുന്നതിനേക്കാൾ സ്നേഹിക്കപ്പെടുന്നതാണ് മനോഹരം എന്ന്… അത് പോലെ ഞാൻ സ്നേഹിച്ചു…. എന്നെ ഒന്ന് സ്നേഹിക്കപ്പെടാൻ കൊതിച്ചു…. എനിക്കും അറിയണമായിരുന്നു പ്രണയത്തിന്റെ മധുരം….പത്ത് വർഷം കാത്തിരിക്കേണ്ടി വന്നു എങ്കിലും എന്റെ കള്ള കൃഷ്ണൻ നിങ്ങളെ എനിക്ക് തന്നെ തന്നു….

ഞാൻ പ്രാർത്ഥിച്ചു ഒരു സ്വസ്ഥത കൊടുക്കാഞ്ഞത് കൊണ്ടാകും… ആ പ്രണയത്തിന്റെ യോഗ്യതയുടെയോ യോഗ്യത കേടിന്റെയോ ആവശ്യം ഇല്ല… എന്നെ സംബന്ധിച്ച് ഇത് എന്റെ പ്രണയം ആണ്…. എനിക്ക് മാത്രം അവകാശപ്പെട്ടത്…”

അവൾ ഒരു കള്ള ചിരിയോടെ പറയുന്നത് കേട്ടു അവൻ അവളുടെ മുടി ഇഴകളിൽ വാത്സല്യത്തോടെ അതിനേക്കാൾ പ്രണയത്തോടെ തലോടി….അവളും അവനെ നോക്കി നിൽക്കുകയായിരുന്നു….അവൾ ഒന്ന് പെരുവിരലിൽ ഉയർന്നു പൊങ്ങി കൊണ്ട് അവന്റെ വലതു കവിളിന്റെ സൈഡിൽ ആയി ഒന്ന് ചുണ്ട് ചേർത്തു… ഓർമയിലെ രണ്ടാമത്തെ ചുംബനം…

അവളിൽ നിന്നും പ്രതീക്ഷിക്കാത്ത പ്രതികരണം ആയത് കൊണ്ട് അവൻ ആദ്യം ഒന്ന് തരിച്ചു എങ്കിലും അത് മെല്ലെ പുഞ്ചിരിയിലേക്ക് മാറി….

മെല്ലെ അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു…

“എന്താ മേഡം… സാധാരണ ഇങ്ങനെ ഒന്നും അല്ലല്ലോ… ഞാനെങ്ങാനും ഒന്ന് ഉമ്മ വെച്ചാൽ എന്നെ ചീത്ത വിളിക്കുന്ന മണി തന്നെ ആണോ ഇത്…. ”

അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു…

“അതേലോ തമ്പ്രാ…. ഇന്ന് ഇച്ചിരി നല്ല മൂഡിൽ ആയി പോയി… അല്ലേൽ കെട്ടിപിടിച്ചതിന് തല വഴി വെളളം ഒഴിച്ചെനെ… പിന്നെ… ”

“പിന്നെ…. ”

“പിന്നെ….നന്ദേട്ടൻ അല്ലേ…. മൂന്നു വർഷം ആയിട്ട് എന്നെ സ്നേഹിക്കുന്നതല്ലേ… ഒന്നും ഇല്ലേലും എന്നെ തല്ലുന്നതല്ലേ എന്നൊക്കെ ഓർത്തപ്പോൾ എവിടെ നിന്നോ ഒരു സ്നേഹം…

അതോണ്ട് ഉമ്മ വെച്ചതാ… ഇഷ്ടപ്പെട്ടില്ലേ….

ഇല്ലേൽ ഇങ്ങ് തിരിച്ചു തന്നേക്ക്… ”

അവൾ കുസൃതിയോടെ പറഞ്ഞു… അവൻ മൂക്ക് ചുളിച്ചു കൊണ്ട് അവളെ നോക്കി ചിരിച്ചു…

“അത് അങ്ങ് ഇഷ്ടപ്പെട്ടു… എന്നാലും വേറെ ഒന്ന് തിരികെ തന്നില്ലേൽ മോശം അല്ലേ….എന്റെ മണി കുട്ടിക്ക് എവിടെയാ വേണ്ടേ… ”

“നിക്ക്… ഇവിടെ മതി…”

സ്വയം നെറ്റിയിൽ തൊട്ടു കൊണ്ട് അവൾ പറഞ്ഞതും അവൻ ചെറു ചിരിയോടെ തന്നെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു… അങ്ങേ അറ്റം സ്നേഹത്തോടെ… വാത്സല്യത്തോടെ… അവൾ അത് കണ്ണടച്ച് കൊണ്ട് ഏറ്റു വാങ്ങി…

“എന്നെ പണ്ടും നന്ദേട്ടൻ ഇവിടെയാ ഉമ്മ വെക്കാ….ഞാൻ കരയുമ്പോൾ സാരല്യ എന്നും പറഞ്ഞു നെറ്റിയിൽ ഉമ്മ വെക്കും…. എനിക്ക് എന്തോരം ഇഷ്ടായിരുന്നെന്ന് അറിയോ… ”

അവളുടെ ഓരോ വാക്കുകളും അവന് പുതിയ അനുഭവങ്ങൾ ആയിരുന്നു.. അവൻ അത്ഭുതത്തോടെ അവളെ നോക്കി…. വേറൊരാൾ അനുഭവിച്ചിട്ടില്ലാത്ത പ്രണയത്തിന്…സ്നേഹത്തിന്….ലഹരിയെക്കാൾ വീര്യം കാണും എന്നുള്ള വാക്കുകൾ എത്ര സത്യം ആണെന്ന് അവൻ ചിന്തിച്ചു പോയി….

“നിനക്ക് ഇപ്പോഴും അതൊക്കെ… ”

“മ്മ്മ്…. ഓർമയുണ്ട്…എനിക്ക് എന്തോ അതൊന്നും മറക്കാൻ തോന്നിയില്ല… പിന്നെ മുത്തശ്ശി ഇടയ്ക്കിടെ കഥകൾ പറഞ്ഞു തരുമ്പോൾ കൂടെ ഉണ്ടാകും….നന്ദൻ പുരാണങ്ങൾ…. ”

അവൾ ചിരിയോടെ പറഞ്ഞു.. അവന് എന്തോ വാക്കുകൾ ഇല്ലായിരുന്നു… അവൻ മെല്ലെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിർത്തി…

“മണിയെ…. മോളെ നീ ആരോടാ സംസാരിക്കുന്നേ….,”

പെട്ടെന്ന് മുത്തശ്ശിയുടെ ശബ്ദം കേട്ടതും അവൾ ഞെട്ടി കൊണ്ട് അവനിൽ നിന്നും വിട്ട് മാറി…

നടുമുറിയിൽ നിന്നും മുത്തശ്ശി വരുന്ന കാൽപെരുമാറ്റം കേൾക്കാൻ പാകത്തിന് ഉള്ളതായിരുന്നു.. അവൾ നഖം കടിച്ചു ചുറ്റും നോക്കി കൊണ്ട് എന്തോ പെട്ടെന്നുള്ള ബുദ്ധിയിൽ ഒരു സ്റ്റീൽ പത്രം എടുത്തു നിലത്ത് ഇട്ടു,,,

“അത് കുഞ്ഞിയാ മുത്തശ്ശി…. എല്ലാം തട്ടി മറിച്ചു….. കുഞ്ഞി… നിനക്ക് നല്ലോണം കൂടുന്നുണ്ട്ട്ടൊ…. ”

മാരക അഭിനയം കാഴ്ച വെച്ചു കൊണ്ടുള്ള അവളുടെ സംസാരം കേട്ടു നന്ദൻ വാ പൊത്തി കൊണ്ട് അവളെ നോക്കി പോയി… മണി ആണെങ്കിൽ വല്ല കള്ളൻമാരെയും പോലെ അവനെയും പിടിച്ചു ഉന്തി വീടിനു വെളിയിൽ ആക്കി…

“പോയി ആ പറമ്പിൽ എന്തെങ്കിലും ചെയ്തു നിൽക്ക്…. അല്ലേൽ മുത്തശ്ശിയുടെ മുന്നിൽ നാണം കേടും.. ചെല്ല്… ”

അവൾ കൈ കൂപ്പി കൊണ്ട് പറയുന്നത് കേട്ടു അവൻ ആകെ അന്തം വിട്ട് കൊണ്ട് അവളെയും നോക്കി കൊണ്ട് തിരിഞ്ഞു നടന്നു…

“മ്യാവൂ…. ”

പെട്ടെന്ന് കുഞ്ഞി കരഞ്ഞതും മണി ചുറ്റും ഒന്ന് നോക്കിയതും അമ്മിതിണ്ടിൽ പതുങ്ങി ഇരിക്കുന്നുണ്ട് കുഞ്ഞി…

“കുഞ്ഞി… ക്ഷമിക്കണേ…. ഇന്ന് ഈ നുണക്ക് പകരം ഒരു പാത്രം പാല് തരാട്ടൊ…. ”

അവൾ ചിരിയോടെ പറയുന്നത് കേട്ടിട്ടും കുഞ്ഞി ശബ്ദം കൂട്ടി കരഞ്ഞു കൊണ്ടിരുന്നു…

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“നമുക്ക് ഒന്ന് നടന്നാലോ…. ”

ഗൗതമിനെ നോക്കി വിച്ചു ചോദിച്ചതും ഗൗതം ഒന്ന് തലയാട്ടി കൊണ്ട് അവനോടൊപ്പം ആ വരാന്തയിലൂടെ നടന്നു….വിച്ചുവിന് എന്തോ അവനോട് പറയാൻ ഉണ്ടെന്ന് അവനും മനസ്സിലായിരുന്നു…

“നീ എല്ലാരിൽ നിന്നും എന്തെങ്കിലും ഒളിച്ചു വെക്കുന്നുണ്ടോഡാാ… ”

വിച്ചു ഒരു കുസൃതിയോടെ ചോദിച്ചു… ഗൗതമിൽ അതിന്റെ ഞെട്ടൽ കാണാൻ സാധിക്കുന്നുണ്ട് എങ്കിലും അവൻ അത് പെട്ടെന്ന് മറച്ചു വെച്ചു കൊണ്ട് സംശയത്തോടെ അവനെ നോക്കി….

“എന്തോ എനിക്കങ്ങനെ തോന്നി….നിന്നെ കാണാൻ തുടങ്ങിയിട്ട് കുറെ കാലം ആയല്ലോ… നിനക്ക് എന്തോ ഒരു മാറ്റം… അത് കൊണ്ട് ചോദിച്ചതാ.. ”

അവൻ പറഞ്ഞതും ഗൗതം ഒന്ന് ചിരിച്ചതെയൊള്ളു…

“ഏട്ടാ… ”

പെട്ടെന്ന് പാറുവിന്റെ ശബ്ദം കേട്ടു രണ്ട് പേരും ഒരുപോലെ തിരിഞ്ഞു നോക്കിയതും കയ്യിൽ എന്തോ ലിസ്റ്റുമായി അവരുടെ ഇടയിലേക്ക് ഓടി വന്നു പാറു…

“ഇത് അമ്മയുടെ മരുന്നിന്റെതാണ് വാങ്ങി കൊണ്ട് വരാൻ പറഞ്ഞു… ”

അവൾ ഒന്ന് അണച്ചു കൊണ്ട് പറഞ്ഞതും എന്ത് കൊണ്ടോ ഗൗതമിന്റെ നോട്ടം വിച്ചുവിൽ എത്തി നിന്നു… പാറുവിൽ തളഞ്ഞു നിൽക്കുന്ന അവന്റെ നോട്ടവും ആ പുഞ്ചിരിയും എന്നാദ്യമായി ഗൗതമിന് ഒരു പ്രയാസം ആയി തോന്നി….

“മ്മ്മ്… ഞാൻ വരുമ്പോൾ വാങ്ങി കൊണ്ട് വന്നോളാം… നീ പോകാൻ നോക്ക്… ”

ഗൗതം അല്പം കടുപ്പത്തിൽ പറഞ്ഞതും ഒന്ന് ചുണ്ട് കൂർപ്പിച്ചു കൊണ്ട് പാറു തിരിഞ്ഞു നടക്കുന്നതും നോക്കി ഗൗതം ലിസ്റ്റ് പോക്കറ്റിലേക്ക് ഇട്ടു…

“വിച്ചു…. നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ… അതിനാണോ ഈ മുഖവുര…”

എന്തോ ഇനിയും അധിക നേരം പിടിച്ചു വെക്കാൻ കഴിയില്ല എന്ന് തോന്നിയത് കൊണ്ട് തന്നെ ഗൗതം തന്നെ ആ ചോദ്യം മുന്നിലേക്ക് വലിച്ചിട്ടു… വിച്ചു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പിറകിലേക്ക് കൈ കെട്ടി കൊണ്ട് മുന്നോട്ട് നടന്നു….

“പറയാൻ ഉണ്ടായിരുന്നു… എന്തോ മനസ്സ് അനുവദിക്കുന്നില്ല…. എന്ന ഞാൻ പോയി… അമ്മ തനിച്ചാണ്,,,, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം…. മ്മ്മ്… ”

വിച്ചു പറയുന്നത് കേട്ടു ഗൗതം ഒന്ന് തലയാട്ടി..

അവന്റെ തോളിൽ മെല്ലെ തട്ടി കൊണ്ട് നടന്നകലുന്ന വിച്ചുവിനെ ഗൗതം അലിവോടെ നോക്കി… എന്തോ ഉള്ളിൽ ഒരു സങ്കർഷം ഉണ്ടായി തുടങ്ങിയിരുന്നു….

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“ന്റെ കുട്ട്യേ…. ഞാൻ വിരിച്ചോളാം ഇതൊക്കെ…”

മുത്തശ്ശിക്കുള്ള ബെഡ് ശരിയാക്കി കൊടുക്കുന്നതിനിടെയുള്ള മുത്തശിയുടെ വാക്കുകൾ കേട്ടു അവൾ അവരെ ഒന്ന് കൂർപ്പിച്ചു നോക്കി…

“അതെന്താ ഞാൻ വിരിച്ചാൽ,,,,, അടങ്ങി ഇരുന്നാൽ മതി… ബാക്കി ഞാൻ നോക്കിക്കോളാം… ”

അല്പം കടുപ്പത്തിൽ തന്നെ പറഞ്ഞു കൊണ്ട് ബെഡ് വിരിച്ചു….

“പിന്നെ പേരക്കുട്ടിയോട് പറഞ്ഞെക്ക് ഏട്ടന്റെ റൂമിൽ കിടക്കാൻ… മഞ്ഞു കൂടുതലാ… മാനം നോക്കി നിന്നാൽ വല്ല അസുഖവും പിടിക്കും എന്നും പറഞ്ഞേക്ക്….”

അത്രയും പറഞ്ഞു കൊണ്ട് അവൾ മുകളിലേക്ക് കയറി…. മുടി ഒന്ന് ഉയർത്തി കെട്ടി കൊണ്ട് റൂമിൽ ഒരു മൂലയിൽ ഇട്ടിട്ടുള്ള കുഞ്ഞ് മേശക്കടുത്തേക്ക് കസേര വലിച്ചു ഇരുന്നു…. മേശയിൽ ഒരുപാട് പേപ്പറുകൾ വാരി വലിച്ചു ഇട്ടിട്ടുണ്ട്…. ചിലതിൽ എല്ലാം എന്തൊക്കെയോ കുത്തി കുറിക്കുകയും പേന കൊണ്ട് വെട്ട് തീർത്തിട്ടും ഉണ്ട്… അവൾ പാതി എഴുതി വെച്ച ഒരു കുറച്ചു പേപ്പറുകൾ എടുത്തു…

അതിലെ ഓരോ വരികളും ചിന്തകളെ തൊട്ടുണർത്താൻ എന്ന പോലെ വീണ്ടും വീണ്ടും വായിച്ചു….

മനസ്സിൽ ഓരോന്ന് കടന്നു വന്നതും അതിന് തുടർച്ച എന്ന പോലെ ഓരോന്ന് എഴുതി… സംതൃപ്തി ആകാതെ അത് വെട്ടിയും ചുരുക്കിയും… ചില നേരത്ത് ദേഷ്യത്തോടെ പേപ്പർ ചുരുട്ടി എറിയുന്നുമുണ്ട്…

അവൾ ദേഷ്യത്തോടെ ഒരു പേപ്പർ കൂടി ചുരുട്ടി എറിഞ്ഞതും അത് വാതിൽ പടിയിൽ ഉള്ളിലേക്ക് കടക്കാൻ നിന്ന നന്ദന്റെ കാലുകൾക്കടിയിലേക്ക് ആണ് വീണത്… അവൻ ചിരിയോടെ അത് കയ്യിൽ എടുത്തു… മെല്ലെ നിവർത്തി…

അതിലേക്കു കണ്ണുകൾ നാട്ടി കൊണ്ട് ഉള്ളിലേക്ക് കടന്നു…

“മനസ്സ് ശാന്തം അല്ല…. ഉള്ളിൽ ഒരായിരം ചിന്തകൾ കടന്നു കൂടുന്നു… പിന്നെ എങ്ങനെ എഴുതും.

അവൻ സൗമ്യമായി ചോദിച്ചതും അവളിൽ നിന്നും അവന് ലഭിച്ചത് കത്തുന്ന ഒരു നോട്ടം ആയിരുന്നു…

“നന്ദേട്ടാ…. അത്ര നല്ല മൂഡ് തോന്നുന്നില്ല…”

അവൾ നെറ്റിയിൽ ഉഴിഞ്ഞു കൊണ്ട് കസേരയിലേക്ക് ചാരി ഇരുന്നു കൊണ്ട് പറഞ്ഞതും അവൻ ചിരിയോടെ അവളുടെ മുടിയിൽ ഒന്ന് തലോടി….

“എനിക്ക് പരിജയം ഉള്ള ഒരു മണിക്കുട്ടിയുണ്ട്….കുളപടവിലും തൊടിയിലേ ഊഞ്ഞാലിലും എല്ലാം ഇരുന്നു തന്റെ തൂലിക കൊണ്ട് വസന്തം തീർത്ത മണിക്കുട്ടി…. ജാൻവി വിശ്വനാഥൻ…. അവളുടെ ഓരോ പുസ്തകങ്ങളും വായിക്കാൻ കൊതിയോടെ കാത്തിരുന്നിട്ടുണ്ട്…അതിലൂടെ പ്രണയം..വിരഹം…

സ്നേഹം…. മുതൽ എല്ലാ വികാരങ്ങളും അറിഞ്ഞിട്ടുണ്ട്…. നീ ജാൻവി അനന്ദൻ ആയല്ല…

ജാൻവി വിശ്വനാഥൻ ആയി ആലോചിച്ചു നോക്ക്…

അവൾക്കേ എഴുത്തിനോട് പ്രണയം ഒള്ളൂ… ആവേശം ഒള്ളൂ… ഭ്രാന്ത് ഒള്ളൂ…….. ആ ഭ്രാന്ത് കൊണ്ട് പൂക്കുന്ന ഓരോ വരിക്കും ലഹരി ആയിരിക്കും…

പ്രണയം പോലെ തന്നെ…. ”

അവൻ ആവേശത്തോടെ ഓരോന്ന് പറയുമ്പോഴും അവളുടെ ഉള്ളിൽ എന്തോ ഒരു ഊർജം വന്നു നിറയുകയായിരുന്നു… അവൾ കസേരയിൽ നിവർന്നിരുന്നു… നന്ദൻ ചിരിയോടെ അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു കൊണ്ട് മേശയിൽ അവൾക്ക് വേണ്ടി മാത്രം വാങ്ങിച്ച ഡയറി വെച്ചു കൊണ്ട് തിരിഞ്ഞു നടന്നു…. അവൾ അത്ഭുതത്തോടെ അവനെ നോക്കുകയായിരുന്നു…

അവൻ തിരിഞ്ഞു നിന്ന് കണ്ണിറുക്കി ചിരിച്ചു…

അവളുടെ ചൊടികളിലും ആ പുഞ്ചിരി നിറഞ്ഞു…

അവൻ പോകുന്നതും നോക്കി കുറച്ചു നിമിഷങ്ങൾ അവൾ ഇരുന്ന് പോയി….

തന്റെ മനസ്സറിഞ്ഞു പ്രവർത്തിക്കുന്നവനോട് തളർന്നു നിൽക്കുന്ന സമയം വാക്കുകൾ കൊണ്ട് ഊർജം നൽകുന്നവനോട് അവൾക്ക് പ്രണയം ആയിരുന്നു….

അവളുടെ മനസ്സിൽ തെളിഞ്ഞു നിന്നിരുന്നത് അവന്റെ മുഖം ആയിരുന്നു… അവളുടെ തൂലിക ചലിച്ചു…

അവന് വേണ്ടി മാത്രം…. തന്റെ പ്രണയത്തിന്റെ ആഴം അളക്കാൻ വേണ്ടി മാത്രം….

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“നന്ദേട്ടാ…. എണീറ്റെ….. ഇന്ന് സ്കൂളിൽ പോകണ്ടായോ… എണീക്കാൻ… അവരൊക്കെ തറവാട്ടിൽ എത്തിയിട്ടുണ്ടെ…. ”

മണി പുതപ്പ് മടക്കി വെച്ച് കൊണ്ട് അവനെ വിളിച്ചു എങ്കിലും നോ റെസ്പോൺസ്…രാവിലെ തന്നെ എത്തിയ ഗൗതം എന്തോ ചിന്തയിൽ എന്ന പോലെ ബ്രെഷും എടുത്തു കുളത്തിലേക്ക് പോകുന്നുണ്ട്…

“ഏട്ടാ… ആ കട്ടിലിൽ കിടക്കുന്ന ആളെ കൂടി വിളിച്ചോ… ഞാൻ വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല..”

മണി പരാതി കണക്കെ പറഞ്ഞതും ഗൗതം ഏതോ ഓർമ്മയിൽ എന്ന പോലെ നടക്കുകയാണ്…

“ഏട്ടാ… ”

മണിയുടെ വിളി എത്തിയതും അവൻ ഓർമയിൽ നിന്നും ഞെട്ടി ഉണർന്നു… അവന്റെ ഭാവവ്യത്യാസങ്ങൾ കണ്ണുകളാൽ ഒപ്പി എടുക്കുകയായിരുന്നു മണി…

“എന്ത് പറ്റി ഏട്ടാ….പനി വല്ലതും ഉണ്ടോ… ”

അവൾ ആധിയോടെ അവന്റെ കഴുത്തിൽ കൈ വെച്ച് കൊണ്ട് ചോദിച്ചതും ഗൗതം ഒന്ന് ചിരിച്ചു…

“ഒന്നും ഇല്ലടി… ഞാൻ വെറുതെ ഓരോന്ന്… അല്ല അവൻ എഴുന്നേറ്റില്ലേ… ഞാൻ വിളിച്ചോളാം… നീ അപ്പച്ചിയുടെ അടുത്തേക്ക് പൊയ്ക്കോ….”

ഗൗതം എന്തോ ഒളിച്ചു വെക്കും പോലെയുള്ള സംസാരത്തിൽ മണി ഒന്ന് കണ്ണ് കൂർപ്പിച്ചു അവനെ നോക്കി…

“വാധ്യാർക്ക് എന്തോ കള്ള ലക്ഷണം ഉണ്ടല്ലോ….ഇന്ന് വന്നത് മുതൽ എന്തോ ചിന്തയും പരസ്പര ബന്ധം ഇല്ലാത്ത സംസാരവും… എന്താ കാര്യം… എന്നോട് ഒളിപ്പിച്ചു വെക്കുന്ന എന്തെങ്കിലും ഉണ്ടോ.. ”

ഊരയിൽ കയ്യൂന്നി കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടു അവൻ ആദ്യം ഒന്ന് പരുങ്ങി എങ്കിലും പിന്നീട് അവളെ നോക്കി ഒന്ന് ചിരിച്ചു…

“ഏയ്‌…. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ ആലോചിച്ചു മറുപടി പറയണം… ”

അവളുടെ തോളിലൂടെ കയ്യിട്ട് കൊണ്ട് കുറച്ചു മുന്നോട്ട് നടന്നു കൊണ്ട് ഗൗതം പറഞ്ഞതും അവൾ എന്തോ ആലോചിച്ചു കൊണ്ട് തലയാട്ടി…

“എന്താ ഏട്ടാ…. ”

“അത്… നീയും പാറുവും കോളേജിൽ പോകുന്ന സമയത്തൊ….വരുന്ന സമയത്തൊ…അങ്ങനെ ഏതെങ്കിലും ടൈമിൽ സ്ഥിരമായി വിച്ചുവിനെ കാണാറുണ്ടോ…. !!???”

അവൻ അല്പം മടിച്ചാണ് അത് ചോദിച്ചത്….മണി സംശയത്തോടെ അവനെ നോക്കി കൊണ്ട് ഒന്ന് ആലോചിച്ചു… ഗൗതം ആകാംഷയോടെ അവളെ നോക്കുന്നുണ്ടായിരുന്നു….

“വിച്ചേട്ടനെയോ…. അങ്ങനെ ചോദിച്ചാൽ….

ആ….. ഞങ്ങൾ കോളേജ് വിട്ട് വരുമ്പോൾ കാണാറുണ്ട്… ആ കിണർ ഇല്ലേ അവിടെ ഉണ്ടാകും… ഇടക്ക് ഞങ്ങൾക്ക് തെൻനെല്ലിക്ക ഒക്കെ വാങ്ങി തരും….”

അവൾ ആവേശത്തോടെ പറഞ്ഞതും അവന്റെ സംശയങ്ങൾക്കുള്ള ഉത്തരം അത് തന്നെ ആയിരുന്നു…

“എന്നിട്ട് എന്താ ഇത് നീ എന്നോട് പറയാഞ്ഞത്… ”

“എന്ത് പറയാൻ… തെൻനെല്ലിക്ക വാങ്ങി തരുന്നതോ…ഏട്ടനോ വാങ്ങി തരാൻ തോന്നുന്നില്ല… വാങ്ങി തരുന്നോരെ കൂടി മുടക്കാൻ ആണോ…. ആ പൂതി അങ്ങ് മനസ്സിൽ വെച്ചാൽ മതി…. മ്മ്മ്… മാറിക്കേ… പോയിട്ട് വേറെ പണി ഉള്ളതാ… ”

മണി അവനെ ഉന്തി മാറ്റി കൊണ്ട് പോയതും അവൻ ചിന്തയിലേക്ക് വീണു…. അവന്റെ തോളിൽ ആരോ കൈ വെച്ചപ്പോൾ ആണ് അവൻ അതിൽ നിന്നും മോചിതൻ ആയത്…

തുടരും…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Thasal

Leave a Reply

Your email address will not be published. Required fields are marked *