എനിക്ക് ഒരു തരത്തിലും അയാളുമായി ഒത്തു പോകാൻ കഴിയുന്നില്ല അച്ഛാ… ഞാൻ പരമാവധി ക്ഷമിച്ചു…

രചന : Priya Biju Sivakripa

“അവർ വിളിക്കുമ്പോൾ ഞാനെന്തു പറയണം മോളെ…ഈ സൺ‌ഡേ വരാൻ പറയട്ടെ ” അച്ഛന്റെ സ്നേഹപൂർവ്വമുള്ള ചോദ്യം കേട്ട് വർഷയ്ക്ക് സങ്കടം വന്നു…. ഇതിപ്പോൾ എത്രാമത്തെ ആലോചന ആണെന്ന് അവൾക്കു തന്നെ അറിയില്ല…ജാതകം ചേരാത്തതും ജോലിയും ഒക്കെ ഇതിനുമുൻപ് വിഷയങ്ങളായി വന്നു… ഇതിപ്പോൾ പയ്യൻ ഡോക്ടർ ആണ്….. സിറ്റി യിലെ അറിയപ്പെടുന്ന ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ് പയ്യൻ…

പേര് അരവിന്ദ്…

വർഷ എറണാകുളത്തെ ഒരു ഐ. ടി. കമ്പനി യിലും …

വരാൻ പറയ് അച്ഛാ.. ഞാൻ ശനിയാഴ്ച വീട്ടിൽ എത്താം..

തിരുവനന്തപുരത്താണ് വർഷയുടെ വീട്..കുറച്ചു നേരം കൂടി വർത്തമാനം പറഞ്ഞിട്ട് അവൾ ഫോൺ വച്ചു…

” എന്തു പറഞ്ഞെടി അച്ഛൻ… “? റൂം മേറ്റുകളും കൂട്ടുകാരികളുമായ സ്വാതിയും പൂജയും ചോദിച്ചു…

അവൾ വിവരങ്ങൾ ഒക്കെ പറഞ്ഞു…അച്ഛന്റെയും അമ്മയുടെയും സങ്കടം അത്രത്തോളം ഉണ്ട്” ഇതെങ്കിലും നടന്നാൽ മതിയായിരുന്നു”.. അവൾ വിഷമത്തോടെ പറഞ്ഞു…. ” നടക്കും. നീ വിഷമിക്കാതെ…. ” പൂജ പറഞ്ഞു…. ”

അല്ലാ…. ജീന എവിടെ? ”

“അവൾ ഫോണിലാ…ചാറ്റ് ആവും ”

സ്വാതി ചിരിയോടെ പറഞ്ഞു.. “ഇന്ന് ഏതു പഞ്ചാരയാണാവോ? “… വർഷ പുഞ്ചിരിച്ചു…അപ്പോഴേക്കും ജീന അങ്ങോട്ടേക്കെത്തി… ഓ.. ഇന്നൊരു മരങ്ങോടൻ… ഒരു രസവുമില്ല… ഞാൻ ബൈ ബൈ പറഞ്ഞു.. അവൾ കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.. ഇത് ജീനയുടെ സ്ഥിരം പരിപാടി ആണ്…

മുഖപുസ്തകത്തിൽ കയറി ആർക്കേലും റിക്വസ്റ്റ് കൊടുക്കുക… അവരെ വട്ടം കറക്കുക..

ഇതൊക്കെ തന്നെ…

അവർ ഇണ പിരിയാത്ത കൂട്ടുകാർ.. ഇനിയുമുണ്ട് ഈ ചങ്ങാതിക്കൂട്ടതിലെ കൂട്ടുകാർ….

ദീപക്… രാഹുൽ… അഫ്സൽ… റയാൻ….

എല്ലാവരും ഗ്ലോബൽ ടെക് വില്ലേജിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മാരാണ്.. വർഷയും കൂട്ടുകാരും ഒരുവീടെടുത്തു താമസിക്കുകയാണ്…

ആൺകുട്ടികളും മറ്റൊരു വീടെടുത്തു താമസിക്കുന്നു…. ഒഴിവു ദിവസങ്ങളിൽ എല്ലാവരും ഒത്തു കൂടും.. പുറത്തൊക്കെ പോയി അടിച്ചുപൊളിച്ചു അവധി ദിവസങ്ങൾ ആഘോഷമാക്കും…

” നാളെ എന്താ പരിപാടി ” വർഷ ചോദിച്ചു. പിറ്റേന്ന് അവധിയാണ്.. അതാണ് അവൾ അങ്ങനെ ചോദിച്ചത്

” നാളെ നമ്മൾ പതിവ് പോലെ പുറത്തു പോകുന്നു.. അടിച്ചു പൊളിക്കുന്നു.. അല്ലാതെന്താ? സ്വാതി പറഞ്ഞു … ”

വർഷയുടെ മൊബൈൽ ബെല്ലടിച്ചു… അവൾ നോക്കിയപ്പോൾ ദീപക് ആണ്…. അവൾ വേഗം കാൾ അറ്റൻഡ് ചെയ്തു.. ” എന്താടി ഉറങ്ങിയില്ലെ?.”ഇല്ലടാ അച്ഛൻ വിളിച്ചു.. സംസാരിക്കുവായിരുന്നു ”

“ഉം ഓക്കേ… നാളെ കാണാം.. ഗുഡ് നൈറ്റ്‌..”അവൻ ഫോൺ വച്ചു…..

******************

പിറ്റേന്ന് അവർ ഒത്തുകൂടി..

ഒരു സിനിമ… പുറത്തു നിന്നു ഭക്ഷണം… ഒടുവിൽ മറൈൻ ഡ്രൈവിൽ വിശ്രമം… സായന്തന കാറ്റേറ്റ് വർഷയുടെ മുടി പാറി പറക്കുന്നത് ദീപക് നോക്കിയിരുന്നു.. തന്റെ മനസ്സിലുള്ള ഇഷ്ടം ഇതുവരെ അവളോട് പറയാൻ കഴിഞ്ഞിട്ടില്ല..കാരണം വേറെ ഒന്നുമല്ല.. അവൾക്കു അങ്ങനെ ഒരിഷ്ടം തന്നോട് ഉണ്ടെന്നു തോന്നിയിട്ടില്ല…

താൻ അങ്ങനെ പറഞ്ഞാൽ തങ്ങളുടെ സൗഹൃദം നഷ്ടപ്പെടുമോ എന്ന് ദീപക്കിന് ഭയമായിരുന്നു…

ഞായറാഴ്ച തന്നെ പെണ്ണുകാണാൻ ഒരാൾ വരുന്നുണ്ടെന്നു വർഷ പറഞ്ഞപ്പോൾ ദീപക് ഒഴികെ ബാക്കിയെല്ലാവരും ഹാപ്പി ആയി…

“ഇത്തവണ നമുക്കും കൂടി പോയാലോ ” റയാൻ ആണ് ആ ആശയം മുന്നോട്ട് വച്ചതു.. “അത് നല്ല ഐഡിയ ആണ് ” പൂജ അവനെ പിന്താങ്ങി… മറ്റുള്ളവർക്കും അത് സ്വീകാര്യമായി.. പക്ഷെ ദീപക് ഒഴിഞ്ഞു മാറി… ” നിങ്ങൾ പോയി വാ.. എനിക്കന്നു മറ്റൊരു ഫങ്ഷൻ ഉണ്ട് ”

“അത് പറ്റില്ല… വർഷ പറഞ്ഞു… എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് എല്ലാവരും എന്നോടൊപ്പം ഉണ്ടെങ്കിൽ എനിക്ക് വളരെ സന്തോഷം ഉള്ളൊരു കാര്യമാണ്..

മാത്രമല്ല.. നിങ്ങൾ എന്റെ നാടു കണ്ടിട്ടില്ലല്ലോ..അങ്ങനെ മനസ്സില്ലാ മനസ്സോടെ ദീപക് സമ്മതിച്ചു….

*****************************

ഗേറ്റ് കടന്നുവരുന്ന മകളെയും കൂട്ടുകാരെയും വർഷയുടെ മാതാപിതാക്കൾ സന്തോഷത്തോടെ സ്വീകരിച്ചു… അവരുടെ ഏക മകളാണ് വർഷ…

കൂട്ടുകാർ കൂടി വരുന്നത് കൊണ്ട് വരുമെന്ന് പറഞ്ഞതിനും ഒരുദിവസം മുൻപേ വെള്ളിയാഴ്ച അവർ വീട്ടിലെത്തി…

വർഷയുടെ അമ്മ നല്ലൊരു പാചക വിദഗ്ദ ആയതു കൊണ്ടു വിഭവസമൃദ്ധമായ ഉച്ചയൂണും ഒരുക്കിയിരുന്നു… വൈകുന്നേരം അവർ വർഷയുടെ നാട് കാണാനിറങ്ങി… സിറ്റി ലൈഫിൽ നിന്നും പെട്ടെന്ന് ഗ്രാമാന്തരീക്ഷത്തിലേക്ക് വന്നപ്പോൾ കൂട്ടുകാരൊക്കെ ആ ശാന്തത ശരിക്കും ആസ്വദിച്ചു…..പിറ്റേന്ന് അവർ ശംഖു മുഖത്തേക്ക് പോയി അവിടെ ഒക്കെ കറങ്ങി ഫോട്ടോസ് ഒക്കെ എടുത്തു… അപ്പഴേക്കും ദീപക് കുറെയൊക്കെ മനസ്സ് പാകപ്പെടുത്തി എടുത്തിരുന്നു..

എങ്കിലും അവളോട് മനസ്സൊന്നു തുറക്കാൻ അവൻ ആഗ്രഹിച്ചിരുന്നു

കൂട്ടുകാരൊക്കെ വെള്ളത്തിൽ തിരമാലകളോടൊപ്പം കളിക്കുന്നതും നോക്കി അവിടെ കുറച്ചു മാറിയുള്ള പടിക്കെട്ടിൽ വർഷ ഇരുന്നു.. അവൾക്കു തിരമാലകളെ പണ്ടേ പേടിയാണ്.. കടൽ കാണാൻ ഇഷ്ടമാണ്… പക്ഷെ അടുക്കാൻ പേടിയാണ്…

അവളുടെ അടുക്കൽ ദീപക് വന്നിരുന്നു..

” കല്യാണം കഴിഞ്ഞാൽ പിന്നെ നീ എറണാകുളം വരുമോ?” ദീപക് ചോദിച്ചു…

“പിന്നില്ലാതെ… ഞാൻ ജോലി ഉപേക്ഷിക്കുമോ?”അവൾ ചോദിച്ചു..

” ജോലിക്കു പോകേണ്ടെന്നു അവർ പറഞ്ഞാൽ? അതൊക്കെ പിന്നീട് ഹസ്ബൻഡന്റിന്റെ തീരുമാനം അല്ലേടി ” അവൻ വിഷാദത്തോടെ ചോദിച്ചു..

” അങ്ങനെ തീരുമാനിക്കുന്ന ഒരാളാണെങ്കിൽ ഞാൻ വേണ്ടെന്നു വയ്ക്കും “അവൾ പറഞ്ഞു…

” എന്നാൽപ്പിന്നെ ഞാൻ നിന്നെ കെട്ടിയാലോ ”

അവൻ പെട്ടെന്ന് ചോദിച്ചു. അവൾ ഉറക്കെ ചിരിച്ചു…

“പോടാ തമാശ പറയാതെ.. നിന്റെ മുറപ്പെണ്ണിനെ കൊണ്ടു നിന്നെ കെട്ടിക്കാനിരിക്കുന്ന നിന്റെ അച്ഛനുമമ്മയും അതിനൊക്കെ സമ്മതിക്കുമോ?”

ദീപക്കിന്റെ അച്ഛന്റെ സഹോദരിയുടെ മകൾ ശില്പയെ അവനെ കൊണ്ടു വിവാഹം കഴിപ്പിക്കാനാണ് വീട്ടുകാർ തീരുമാനിച്ചിരിക്കുന്നെ.. പക്ഷെ അവൻ ഇതുവരെ സമ്മതം മൂളിയിട്ടില്ല….

” പോടീ… എനിക്ക് അവളെ അങ്ങനെ കാണാൻ കഴിയുന്നില്ല… മാത്രമല്ല.. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് വർഷാ.. ” കേട്ടത് വിശ്വസിക്കാനാവാതെ വർഷ അവനെ നോക്കി…. ”

വേണ്ട ദീപക്.. ആരെയും വേദനിപ്പിച്ചു നമുക്കൊരു ലൈഫ് വേണ്ട… മാത്രമല്ല.. എന്റെ അച്ഛനുമമ്മയ്ക്കും ഈ പയ്യനെ ഒരുപാട് ഇഷ്ടമായി എന്നാ പറഞ്ഞെ… വീട് ഇവിടെ അടുത്തു തന്നെ ആയതും .. പത്തിൽ ഒൻപതു പൊരുത്തം ഉള്ളതുമൊക്കെ അവർക്കു ഒരു സമാധാനം ആയിരിക്കുവാ.”.

കൂട്ടുകാർ അങ്ങോട്ടേക്ക് വരുന്നത് കണ്ടു അവർ സംസാരം നിർത്തി…

****************

ഞായറാഴ്ച കൃത്യം പത്തുമണി ആയപ്പോൾ പെണ്ണുകാണൽ സംഘത്തിന്റെ കാർ വർഷയുടെ വീട്ടിൽ എത്തി… കാറിൽ നിന്നും അരവിന്ദ്…അച്ഛൻ ചന്ദ്രമോഹൻ.. അമ്മ സുമിത്ര.. സഹോദരി അനുപമ എന്നിവർ ഇറങ്ങി… വർഷയുടെ വീട്ടിലുള്ളവർ അവരെ സ്വീകരിച്ചു…

എല്ലാവരും പരസ്പ്പരം പരിചയപ്പെട്ടു…

വർഷ കൂട്ടുകാരെയൊക്കെ എല്ലാവർക്കും പരിചയപ്പെടുത്തി..

അരവിന്ദിനെ ഒറ്റ കാഴ്ചയിൽ തന്നെ എല്ലാവർക്കും ഇഷ്ടപ്പെട്ടു… വർഷയ്ക്ക് നന്നായി ചേരുമെന്ന് കൂട്ടുകാർ അഭിപ്രായം പറഞ്ഞു…

അരവിന്ദുമായി വർഷ തനിച്ചു സംസാരിച്ചു.. ആൾ വളരെ സിംപിൾ ആണെന്ന് അവൾക്കു തോന്നി…

പോകാൻ നേരം മൊബൈൽ നമ്പർ കൊടുത്തിട്ടാണ് അരവിന്ദ് പോയത്.. തങ്ങൾക്കു പ്രത്യേകിച്ചു ഡിമാൻഡ് ഒന്നുമില്ലെന്നും പെൺകുട്ടിയെ തങ്ങൾക്കു ഒരുപാട് ഇഷ്ടമായെന്നും അരവിന്ദിന്റെ അച്ഛനുമമ്മയും അറിയിച്ചു… രണ്ടു കാര്യങ്ങൾ മാത്രമേ അവർ ആവശ്യപ്പെട്ടുള്ളു….

ഒന്നു…. വർഷ വിവാഹശേഷം തിരുവനന്തപുരത്തു ജോലി നോക്കണം.. പിന്നെ വിവാഹം എത്രയും പെട്ടെന്ന് നടത്തണം…ഇത് രണ്ടും വർഷയുടെ വീട്ടുകാർക്ക് സ്വീകാര്യമായിരുന്നു…. വിവരം രണ്ടു ദിവസത്തിനകത്തു അറിയിക്കാമെന്നു അവർ അറിയിച്ചു…..

പിറ്റേന്ന് രാവിലെ തന്നെ വർഷയും കൂട്ടുകാരും എറണാകുളത്തേക്ക് മടങ്ങി… നിശ്ചയം നടത്തേണ്ടെന്നും അടുത്തതിന്റെ അടുത്ത മാസം അഞ്ചാം തീയതി വിവാഹം നടത്താമെന്നു തീരുമാനിച്ചെന്നും പിറ്റേന്ന് അച്ഛൻ അവളെ വിളിച്ചറിയിച്ചു… ഇനി കഷ്ടിച്ച് ഒന്നര മാസത്തോളം ഉണ്ടാവും കല്യാണത്തിന്……

*************************

അരവിന്ദുമായി ഫോണിൽ സംസാരിക്കാൻ ആദ്യമൊക്കെ വർഷയ്ക്ക് ഒരു ചമ്മൽ ഉണ്ടായിരുന്നു… പക്ഷെ രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ അകലം കുറഞ്ഞുവരുന്നതായി അവൾക്കു തോന്നി…. അരവിന്ദ് കുറച്ചു ഓവർ കെയറിങ് ആണെന്ന് അവൾക്കു തോന്നി…

അത് ഏതു പെണ്ണാണ് ആഗ്രഹിക്കാത്തത്..

ഇഷ്ടാനിഷ്ടങ്ങളൊക്കെ അവർ പരസ്പ്പരം പങ്കു വെച്ചു…

പിറ്റേ സൺ‌ഡേ കൂട്ടുകാരെല്ലാവരും ഔട്ടിങ്ങിലായിരിക്കുമ്പോൾ അരവിന്ദിന്റെ കാൾ വന്നു… അവർ സിനിമാ തിയ്യറ്ററിലായിരുന്നു…

ആദ്യം കാൾ വന്നപ്പോൾ അവൾ എടുത്തില്ല…

ഇന്റർവെൽ ആയപ്പോൾ അവൾ തിരിച്ചു വിളിച്ചു..

” നീയെന്താ കാൾ അറ്റൻഡ് ചെയ്യാതെയിരുന്നെ? അവന്റെ ശബ്ദത്തിലെ നീരസം അവൾ തിരിച്ചറിഞ്ഞു…. “അത് ഞങ്ങൾ ഒരു മൂവിയ്ക്ക് വന്നതാ…കാൾ എടുത്താലും കേൾക്കാൻ കഴിയില്ല അതാ എടുക്കാതിരുന്നേ…”

“ഓഹോ.. ആരൊക്കെയുണ്ട്..”

എന്റെ ഫ്രണ്ട്‌സ് എല്ലാവരും

“ഫ്രണ്ട്‌സ് എന്ന് പറയുമ്പോൾ ബോയ്സും ഉണ്ടോ ”

അവന്റെ ശബ്ദത്തിൽ പരിഹാസം ഉണ്ടായിരുന്നു..

“ഉണ്ട്.. അന്നു വീട്ടിൽ വന്നപ്പോൾ കണ്ടില്ലേ… അവരെല്ലാവരും ”

“അപ്പോൾ ഇതൊക്കെയാണ് പരിപാടി അല്ലെ… അവിടാവുമ്പോൾ എന്തു തോന്ന്യാസവും നടക്കുമല്ലോ അല്ലെ?”

“എന്താ അരവിന്ദേട്ടൻ ഇങ്ങനെ ഒക്കെ പറയുന്നേ…”

പെട്ടെന്ന് അപ്പുറത്ത് കാൾ കട്ടായി… അവൾ രണ്ടുമൂന്നു തവണ അങ്ങോട്ടേക്ക് വിളിച്ചു.. കാൾ എടുക്കാതെ ഒടുവിൽ ഫോൺ സ്വിച്ചഡ് ഓഫ്‌ ആയി..

പിന്നെ വർഷയ്ക്ക് ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല… കൂട്ടുകാർ ചോദിച്ചിട്ടും അവൾ ഒഴിഞ്ഞുമാറി…

മൂവി കഴിഞ്ഞതും തിരിച്ചു പോകാമെന്നവൾ പറഞ്ഞു… അങ്ങനെ അവർ തിരിച്ചു റൂമിലെത്തി..

അന്നു വൈകിട്ടും രാത്രിയിലും ഒക്കെ അവൾ അരവിന്ദിന്റെ ഫോണിൽ വിളിച്ചുനോക്കി കിട്ടിയില്ല…

വിവാഹം കഴിയുന്നതിനു മുൻപ് തന്നെ ഇത്രേം നിസ്സാര കാര്യത്തിന് ഇങ്ങനെ പിണങ്ങുന്നയാളുമായി ജീവിതകാലം മുഴുവൻ താനെങ്ങനെ ജീവിക്കുമെന്നവൾ ആശങ്കയോടെ ചിന്തിച്ചു

പിറ്റേന്ന് സന്ധ്യയ്ക്ക് അരവിന്ദിന്റെ കാൾ വന്നു…

സൗമ്യമായിരുന്നു സംസാരമൊക്കെ… പെട്ടെന്ന് അങ്ങനെ ഒക്കെ കേട്ടപ്പോൾ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന തനിക്കു ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും പിന്നീട് ചിന്തിച്ചപ്പോൾ താൻ ചെയ്തത് തെറ്റായെന്നു മനസ്സിലായെന്നും അയാൾ പറഞ്ഞു… ഒരുപാട് ക്ഷമ
പറഞ്ഞു .. അതൊക്കെ കേട്ടപ്പോൾ വർഷയ്ക്ക് കുറച്ചൊക്കെ സമാധാനമായി….

വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ ഒരാഴ്ച കൂടി കടന്നുപോയി… എങ്കിലും അരവിന്ദുമായി സംസാരിക്കുമ്പോൾ എവിടെയൊക്കെയോ ഒരു ചേർച്ചയില്ലായ്മ വർഷയ്ക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു..

അയാൾ ഒന്നുമല്ലെങ്കിലും ഒരു ഡോക്ടർ അല്ലെ…

വിദ്യാഭ്യാസമുള്ള ആളല്ലേ… എന്നിട്ടും..എങ്കിലും അയാളുടെ സ്നേഹകൂടുതൽ കൊണ്ടാണെന്നു കരുതി അവൾ അതൊക്കെ അവഗണിച്ചു…

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു.. തന്റെ കൂട്ടുകാരെ പിരിയുന്ന കാര്യം ഓർത്തപ്പോൾ അവൾക്കു സഹിക്കാൻ കഴിഞ്ഞില്ല… തിരുവനന്തപുരത്തു തനിക്കു വേണ്ടി അരവിന്ദ് ഒരു ജോലി ശരിയാക്കിയിട്ടുണ്ട് ..

വിവാഹശേഷം താനിനി അവിടെ ആയിരിക്കും

ഇനി രണ്ടാഴ്ച്ചയെ ഉള്ളു… നാളെക്കൂടിയേ താനിവിടെ കാണുകയുള്ളൂ.. പിറ്റേന്ന് അവരെല്ലാവരും കൂടി മറൈൻ ഡ്രൈവിൽ ഒത്തു കൂടി..

സെൽഫിയൊക്കെ എടുത്തു.. ദീപക് എല്ലാം മറന്ന മട്ടായിരുന്നു..

കാരണം അവനറിയാം.. താനെങ്ങനെ ശ്രമിച്ചാലും വർഷ തന്റെതാവില്ലെന്നു. …

കൂട്ടുകാരോടൊത്തുള്ള അവസാനത്തെ സെൽഫി എന്ന് ക്യാപ്ഷൻ നൽകി വർഷ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തു പത്തു മിനിറ്റ് കഴിഞ്ഞു അരവിന്ദിന്റെ കാൾ വന്നു… വളരെ ദേഷ്യത്തിലായിരുന്നു അവൻ…

” നീയെന്താടി അവനെ കെട്ടിപ്പിടിച്ചു നിൽക്കുന്നെ… ഓ.. പിരിയാൻ പോകുവല്ലേ അതിന്റെ സങ്കടത്തിലാകും… അല്ലെ.. എന്നാൽ പിന്നെ ഒരു ഉമ്മയും കൂടി കൊടുക്കമായിരുന്നില്ലേ “…

വർഷയുടെ സർവ്വ പിടിയും വിട്ടു…” അതെ വേണ്ടി വന്നാൽ കൊടുക്കും കാണണോ ” അവളുടെ ശബ്ദം ഉയർന്നു… ആത്മാഭിമാനത്തിന് മുറിവേറ്റ വർഷയ്ക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല.. “ഇത് ശരിയാവില്ല “… ഇങ്ങനെ പറഞ്ഞു കൊണ്ടു അവൾ കാൾ കട്ട് ചെയ്തു..

പെട്ടെന്ന് തോളിലൊരു കരം പതിഞ്ഞതറിഞ്ഞു അവൾ തിരിഞ്ഞു നോക്കി.. ദീപക്… പെട്ടെന്ന് അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി…. അവൻ ആകെ അന്ധാളിച്ചു ” എന്താടാ… നിനക്കെന്തു പറ്റി

അവൾ അവനോട് എല്ലാം പറഞ്ഞു.. തുടക്കം മുതലേയുള്ള അരവിന്ദിന്റെ പെരുമാറ്റത്തെ കുറിച്ച്…

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ദീപക് അവളെ ആശ്വസിപ്പിച്ചു… ഇതൊക്കെ സ്നേഹം കൂടുന്നത് കൊണ്ടുള്ള കുഴപ്പമാണ്.. കല്യാണം കഴിയുമ്പോൾ ഒക്കെ ശരിയാകും.. അവൻ ഒരുപാട് ആശ്വാസവാക്കുകൾ അവളോട് പറഞ്ഞു…

അപ്പോൾ അവൾ വെറുതെ ചിന്തിച്ചു.. അന്നു ദീപക് പ്രൊപ്പോസ് ചെയ്തപ്പോൾ താൻ സമ്മതം മൂളിയാൽ മതിയായിരുന്നു എന്ന്…അന്നു വൈകിട്ട് വീണ്ടും അരവിന്ദിന്റെ വക ക്ഷമാപണം..

പിറ്റേന്ന് എല്ലാവരോടും യാത്ര പറഞ്ഞു വർഷ നാട്ടിലേക്ക് തിരിച്ചു…….. കൂട്ടുകാരെല്ലാവരും വിവാഹത്തിന് രണ്ടു ദിവസം മുൻപ് എത്താമെന്നു വാക്ക് പറഞ്ഞിട്ടുണ്ട്…

ഇടയ്ക്കിടയ്ക്ക് അരവിന്ദ് വഴക്കുണ്ടാക്കും..

ഫേസ്ബുക് പ്രൊഫൈലിൽ ഫ്രണ്ട്സിന്റെ ഫോട്ടോ മാറ്റണം..

വാട്സാപ്പിൽ അരവിന്ദിന്റെ ഫോട്ടോ വെയ്ക്കണം..

ഇങ്ങനെ ഉള്ള നിസ്സാര കാര്യങ്ങൾ പറഞ്ഞു വഴക്കിട്ടിട്ടു രണ്ടു ദിവസത്തോളമൊക്കെ മിണ്ടാതിരിക്കും… ഒടുവിലൊരു ദിവസം രാത്രിയിൽ കൂട്ടുകാരുമായി കോൺഫറൻസ് കാൾ ചെയ്യുകയായിരുന്നു വർഷ… അന്നു ദീപക് ഉണ്ടായിരുന്നില്ല അവൻ നാട്ടിൽ പോയിരുന്നു…

അരവിന്ദിന്റെ കാൾ വന്നിട്ട് എടുത്തില്ല എന്ന ഒറ്റക്കാരണത്താൽ വർഷയെ ഒരു ചീത്തപെണ്ണായി അയാൾ ചിത്രീകരിച്ചു… ഒരുപാട് മോശം വാക്കുകൾ പറഞ്ഞു.. ഇതോടെ വർഷയ്ക്ക് മനസ്സിലായി അയാൾ ഒന്നാന്തരം മാനസിക രോഗിയാണെന്ന്.. അയാളോടൊപ്പം ജീവിച്ചാൽ തന്റെ ലൈഫ് പൊയ്പ്പോകുമെന്ന്…. അവൾ ഒരു ഭ്രാന്തിയെ പ്പോലെ ഫോൺ വലിച്ചെറിഞ്ഞു…

കട്ടിലിൽ കിടന്നു നിലവിളിച്ചു…

ബഹളം കേട്ട് അച്ഛനുമമ്മയും ഓടി വന്നു…

” മോളെ.. എന്തു പറ്റി.. നിനക്ക് ” അവൾ അവരോട് വിവരങ്ങളെല്ലാം പറഞ്ഞു… “എനിക്ക് ഒരു തരത്തിലും ഒത്തു പോകാൻ കഴിയുന്നില്ല അച്ഛാ… ഞാൻ പരമാവധി ക്ഷമിച്ചു”… അവൾ പറഞ്ഞു.

വർഷയുടെ അച്ഛൻ ആകെ പ്രതിസന്ധിയിലായി..

വിവാഹം തീരുമാനിച്ചു… എല്ലാവരെയും ക്ഷണിച്ചിട്ട് ഇനി വിവാഹം നടക്കില്ലെന്

വർഷയുടെ അമ്മാവന്മാർ അരവിന്ദിന്റെ വീട്ടിലേക്കു പോയി… അവിടെ ചെന്നപ്പോൾ വർഷയുടെ സ്വഭാവദൂഷ്യം കാരണം തങ്ങൾ ഈ ബന്ധം വേണ്ടെന്നു വയ്ക്കുകയാണെന്നു അരവിന്ദിന്റെ വീട്ടുകാർ..

അതറിയിക്കാനായി അന്നു വൈകുന്നേരം തങ്ങൾ അങ്ങോട്ട്‌ വരാനിരിക്കുകയായിരുന്നത്രെ…

അപമാനത്താൽ നീറി അമ്മാവന്മാരും അരവിന്ദിന്റെ വീട്ടുകാരും തമ്മിൽ വലിയ വഴക്ക് നടന്നു…

ഒടുവിൽ ആ ബന്ധം അവിടെ ഉപേക്ഷിക്കപ്പെട്ടു…..

**************************

ഒരാഴ്ച വർഷ മുറിക്കു പുറത്തിറങ്ങിയില്ല… ഫോൺ കംപ്ലയിന്റ് ആയതു കൊണ്ടു ആരുമായും കോൺടാക്ട് ചെയ്യാനും കഴിഞ്ഞില്ല… അവൾ റൂമിൽ നിന്നും ഇറങ്ങി താഴേക്കു ചെന്നു… ഹാളിൽ വിഷാദമഗ്രനായി ഇരിക്കുന്ന അച്ഛനെ കണ്ട് അവളുടെ നെഞ്ച് പൊട്ടി…

“അച്ഛാ….”

അവൾ മെല്ലെ വിളിച്ചു.

“ഞാൻ കാരണം… ഒരുപാട് സങ്കടം ആയി അല്ലെ.,…”

“ഒന്നും എന്റെ മോളുടെ തെറ്റല്ലല്ലോ.. സാരമില്ല.. എല്ലാം ശരി ആകും ”

എനിക്ക് അച്ഛനോടൊരു കാര്യം പറയാനുണ്ട്….

അവൾ ദീപക് തന്നെ പ്രൊപ്പോസ് ചെയ്തതും താൻ വേണ്ടെന്നു പറഞ്ഞതും ഒക്കെ അച്ഛനെ അറിയിച്ചു…. അത് കേട്ടപ്പോൾ അച്ഛൻ പറഞ്ഞു….

” നീ എന്നാൽ അവനെ വിളിച്ചു ഓക്കേ പറയു മോളെ.. നിശ്ചയിച്ച സമയത്തു നമുക്ക് വിവാഹം നടത്താം… അയാൾ പ്രതീക്ഷയോടെ പറഞ്ഞു..

അവൾ ആഹ്ലാദത്തോടെ അച്ഛന്റെ ഫോണിൽ നിന്നും ദീപക്കിനെ വിളിച്ചു…..

അവളുടെ സ്വരം കേട്ടതും ദീപക്കിന് സന്തോഷം ആയതു പോലെ തോന്നി…

” ഡി.. നിന്റെ ഫോണിന് ഇതെന്തു പറ്റി.. ഞാൻ നിന്നെ എത്ര ദിവസമായി വിളിക്കുന്നു.. ഞാൻ മാത്രമല്ല… പൂജയും സ്വാതിയുമൊക്കെ… കിട്ടുന്നുണ്ടായിരുന്നില്ല.. അച്ഛന്റെ നമ്പർ ആരുടെ കയ്യിലും ഉണ്ടായിരുന്നില്ല…

“എന്റെ ഫോൺ കംപ്ലയിന്റ് ആയി…. അതാ കിട്ടാതിരുന്നേ ”

നീ ഇപ്പോഴെങ്കിലും വിളിച്ചത് നന്നായി.. ഈ വരുന്ന സൺ‌ഡേ എന്റെയും ശിൽപയുടെയും എൻഗേജ്മെന്റ് ആണ്.. എല്ലാം വളരെ പെട്ടെന്നായിരുന്നു…വീട്ടുകാർ എന്നെ പൂട്ടിയെടി…

അവൻ ചിരിയോടെ പറഞ്ഞു….

വിധിയുടെ വികൃതികൾ ഓർത്തു വർഷ ചലനമില്ലാതെ നിന്നു……….

എന്തു ചെയ്യണമെന്നറിയാതെ…..

ശുഭം…..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Priya Biju Sivakripa

Leave a Reply

Your email address will not be published. Required fields are marked *