ഒരു പാഡ് വാങ്ങാൻ പറഞ്ഞിട്ട് മറന്ന് പോയി. ദിവസവും മദ്യം വാങ്ങാൻ നിങ്ങൾ മറക്കുന്നില്ലാല്ലോ…

രചന : മഹാദേവൻ

” ഏട്ടാ… പാഡ് വാങ്ങിയോ ”

വൈകീട്ട് ജോലി കഴിഞ്ഞ് കേറിവരുന്ന ഋഷിയെ പ്രതീക്ഷയോടെ കാത്തിനിന്നിരുന്ന രേണുക അടിവയറിൽ കൈ അമർത്തി ചോദിക്കുമ്പോൾ നിസ്സാരമട്ടിൽ അവൻ പറയുന്നുണ്ടായിരുന്നു

” അയ്യോ… ഞാൻ മറന്നുപോയി…. എന്നാൽ ജോലി കഴിയാൻ നേരം നിനക്കൊന്ന് ഓർമ്മിപ്പിച്ചീടായിരുന്നോ രേണു ” എന്ന്.

വളരെ നിസ്സാരമട്ടിലുള്ള അവന്റ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് സങ്കടമാണ് വന്നത്. “രാവിലെ പിരീഡ് ആയത് മുതൽ തുടങ്ങിയ വേദനയാണ്.

ഉച്ചയ്ക്ക് ഋഷിയെ വിളിച്ചുപറഞ്ഞതും ആണ്.

പിന്നെ ആ വേദനയിൽ ഒന്ന് മയങ്ങിപ്പോയി.

എണീക്കുമ്പോഴും കരുതി ഇടക്കിടെ വിളിച്ച് ശല്യം ചെയ്യണ്ട, ഇനി അതിന്റ പേരിൽ വഴക്കിട്ട് വാങ്ങാതെ വരേണ്ടെന്ന്. പക്ഷേ, ഇപ്പോൾ ഓർമ്മിപ്പിക്കാത്തത് കൊണ്ട് വാങ്ങാൻ മറന്നെന്നും പറഞ്ഞ് ലാഘവത്തോടെ അകത്തേക്ക് പോയിരിക്കുന്നു. ഒന്നുങ്കിൽ അവസ്ഥ എങ്കിലും മനസ്സിലാക്കണ്ടെ ”

അവൾ കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് റൂമിലേക്ക് കേറാൻ തുടങ്ങുമ്പോൾ റൂമിൽ നിന്നും തോർത്തുമെടുത്തു കുളിക്കാൻ പുറത്തേക്കിറങ്ങുമ്പോൾ ഋഷി പറയുന്നുണ്ടായിരുന്നു

” ന്റെ ബാഗിൽ മുട്ടയുണ്ട്. അതിൽ നിന്നും നാലെണ്ണം എടുത്ത് പൊരിച്ചുവെയ്ക്ക്. അപ്പോഴേക്കും ഞാൻ കുളിച്ചേച്ചും വരാം ” എന്ന്.

അതും പറഞ്ഞവൻ പുറത്തെ കിണറ്റിനരികിലേക്ക് പോയപ്പോൾ അവൾക്ക് ദേഷ്യവും സങ്കടവും കാരണം വീർപ്പുമുട്ടുകയായിരുന്നു.

മനുഷ്യന്റെ അവസ്ഥ മനസ്സിലാക്കാതെ ഉള്ള ഈ ആജ്ഞ കേട്ട് കേട്ട് മടുത്തു. പലപ്പോഴും മറുത്തു പറയാൻ തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ അമ്മ പറഞ്ഞ വാക്കായിരുന്നു മൗനം പാലിക്കാൻ പ്രേരിപ്പിച്ചത്.

” മോളെ. വിവാഹം കഴിഞ്ഞാൽ നമ്മള് പെണ്ണുങ്ങള് വേണം ഭർത്താവിന്റെ കാര്യങ്ങൾ നോക്കാൻ…

അവർ ചെയ്യുന്നതിനും പറയുന്നതിനും ഒക്കെ തലയാട്ടി സമ്മതിച്ചാൽ തീരാവുന്നതേ ഉളളൂ പകുതി പ്രശ്നം.

ഇനി മുതൽ ഭർത്താവിന്റെ വീടാണ് നിന്റ വീട്…

അത് മറക്കണ്ട

ഓർക്കുമ്പോൾ അവൾക്കിപ്പോ ദേഷ്യമാണ് വരാറ്..

പക്ഷേ, സംയമനം പാലിക്കാൻ ശ്രമിക്കും എപ്പോഴും.

അത് വേറെ ഒന്നും കൊണ്ടല്ല.

മൗനം ശാന്തയാണ്.. ഒന്ന് പ്രതികരിച്ചാൽ അത് പിന്നെ വീട്ടിലെ സമാധാനം കൂടി ഇല്ലാതാക്കിയാലോ എന്നോർത്തു മാത്രം.

അവൾ പതിയെ അടുക്കളയിലേക്ക് നടന്നു. പിന്നെ മുട്ട പൊരിച്ചെടുത്തു ഡൈനിങ് ഹാളിലെത്തുമ്പോൾ കുളികഴിഞ്ഞെത്തിയ ഋഷി അവൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.

” ന്താ രേണു.. എത്ര നേരായി രണ്ട് മുട്ട പൊരിക്കാൻ പറഞ്ഞിട്ട്. ” എന്നും ചോദിച്ചുകൊണ്ട് കയ്യിൽ കരുതിയ മദ്യക്കുപ്പി ടേബിളിൽ വെക്കുമ്പോൾ അവൾക്ക് അരിശമാണ് വന്നത്.

” ഓഹ്, ഇത് വാങ്ങാൻ മറന്നില്ലല്ലേ.. ഭാര്യയ്ക്ക് വെക്കാൻ പാഡ് വേണണെന്ന് പറഞ്ഞത് മറക്കാം..

മദ്യമാകുമ്പോൾ പിന്നെ ആരും ഓർമ്മിപ്പിക്കേണ്ട ആവശ്യം ഇല്ലല്ലോ ” എന്ന് മനസ്സിൽ പറഞ്ഞവൾ പതിയെ വേദനയോടെ കസേരയിലേക്ക് ഇരുന്നു.

ഋഷിയാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ മുട്ട പൊരിച്ച പ്ളേറ്റ് മുന്നിലേക്ക് വെച്ച ഉടനെ ദേഷ്യത്തോടെ രേണുവിന്റ മുഖത്തേക്ക് ഒന്ന് നോക്കി.

” ഇതെന്തു കോപ്പാടി. ” എന്നും ചോദിച്ചുകൊണ്ട് പൊരിച്ച മുട്ടയിൽ നിന്നും വലിയൊരു മുടി പുറത്തേക്കെടുക്കുമ്പോൾ വേദന കടിച്ചമർത്തുന്ന മുഖഭാവത്തോടെ അവൾ പറയുന്നുണ്ടായിരുന്നു

” എന്റെ ഏട്ടാ…. മനപ്പൂർവം ഒന്നും ചെയ്തതല്ലല്ലോ… ഒരു മുടിയല്ലേ. അതങ്ങ് എടുത്ത് കളഞ്ഞാൽ പോരെ ” എന്ന്.

അത് കേൾക്കേണ്ട താമസം, മുന്നിലെ പ്ളേറ്റ് തട്ടിത്തെറിപ്പിച്ചുകൊണ്ട് അവൻ അവളെ രൂക്ഷമായി നോക്കി,

” നിന്റ മുടി തിന്നാൻ ആണോടി മറ്റവളെ ഞാൻ. കഴിക്കുന്ന ഭക്ഷണത്തിൽ മുടി കിടക്കുന്നത് കണ്ടാലേ അറയ്ക്കും. അപ്പഴാ അവളുടെ മറ്റേടത്തെ ഒരു……..

നിന്റ തന്ത ഉണ്ടാക്കികൊണ്ട് തന്നതിൽ നിന്നൊന്നും അല്ലല്ലോ ഞാൻ വെച്ചുവിളമ്പാൻ പറയുന്നത്.

ഇത്രയ്ക്ക് നിസ്സാരമായി മുടി എടുത്തുകളഞ്ഞ് കഴിക്കാൻ പറയാൻ. ഞാൻ അധ്വാനിച്ചു ഉണ്ടാക്കുന്നതല്ലെടി. ”

ഒരു നിമിഷം പോലും തന്റെ അവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കാതെ , വയ്യാതെ പോലും ഉണ്ടാക്കി മുന്നിൽ വെച്ചുകൊടുത്തപ്പോൾ ഉള്ള ഋഷിയുടെ പ്രതികരണം അവളുടെ കണ്ണുകളെ ഈറനണിയിച്ചു.

അതിനേക്കാൾ കൂടുതൽ അവളെ സങ്കടപ്പെടുത്തിയത് എന്ത് കാര്യത്തിനും ഓടിവരാറുള്ള അച്ഛനെ കൂടി ഇതിലേക്ക് വലിച്ചിട്ടതിൽ ആയിരുന്നു.

ആ സങ്കടം സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു രേണുവിന്.

അതുകൊണ്ട് തന്നെയാണവൾ പ്രതികരിച്ചതും.

” ഏട്ടാ… ന്തേലും പറയാൻ ഉണ്ടേൽ അത് എന്നോട് പറയാ.. അല്ലാതെ വീട്ടിൽ ഇരിക്കുന്ന എന്റെ അച്ഛനെ വിളിക്കാൻ നിൽക്കരുത്, പറഞ്ഞേക്കാം ”

അവളുടെ പെട്ടന്നുള്ള പ്രതികരണത്തിൽ അവനൊന്ന് അന്താളിച്ചെങ്കിലും ആ പറച്ചിൽ ഇഷ്ട്ടപെടാത്തപോലെ പുച്ഛത്തോടെ അവൻ ചോദിക്കുന്നുണ്ടായിരുന്നു

” നിന്റ തന്തയെ പറഞ്ഞാൽ നീ എന്ത് ചെയ്യുമെടി ” എന്ന്.

” ഇനി എന്റെ അച്ഛനെ പറഞ്ഞാൽ ഞാൻ തിരിച്ചു നിങ്ങടെ അച്ഛനും വിളിക്കും… ഉള്ളത് പറഞ്ഞേക്കാം.

നിങ്ങൾക് ഇങ്ങോട്ട് വിളിക്കാമെങ്കിൽ എനിക്ക് എന്തുകൊണ്ട് അങ്ങോട്ടും വിളിച്ചുകൂടാ.. പെണ്ണുങ്ങളുടെ തന്തയ്ക്ക് വിളിച്ചോളാൻ നിങ്ങൾ ആണുങ്ങൾക്ക് ആരും തീറെഴുതി തന്നിട്ടൊന്നും ഇല്ലല്ലോ… ”

അവളുടെ ചോദ്യം അവന്റ വായടപ്പിക്കുന്നതായിരുന്നു. അവൾ അങ്ങനെ പ്രതികരിക്കുമെന്ന് കരുതാത്തത് കൊണ്ട് തന്നെ കൂടുതൽ അതിൽ പിടിച്ചുതൂങ്ങാൻ നിൽക്കാതെ അവളോടുള്ള ദേഷ്യത്തിൽ മദ്യം ഗ്ളാസ്സിലേക്ക് ഒഴിച്ചു അവൻ.

പെട്ടന്നായിരുന്നു അവൾ ആ ഗ്ലാസ് എടുത്തതും മദ്യം വാഷ്ബേസിനിലേക്ക് ഒഴിച്ചതും.

Q നിന്ന് കഷ്ടപ്പെട്ട് വാങ്ങിയ മദ്യം അവൾ ഒരു ദയയുമില്ലാതെ വാഷ്ബേസിനിലേക്ക് കമിഴ്ത്തുന്നത് കണ്ടപ്പോൾ അവന്റ കണ്ണുകൾ ചുവന്നു.

കുറച്ചു മുന്നേ തോന്നിയ ദേഷ്യം കൂടി അവൾക്ക് നേരെ വാക്കാൽ പ്രയോഗിക്കുമ്പോൾ രേണു വളരെ സൗമ്യതയോടെ പറയുന്നുണ്ടായിരുന്നു

” ദേ, ഗ്ളാസ്സിൽ രണ്ട് മുടി കിടക്കുന്നത് കണ്ടില്ലേ നിങ്ങൾ. എന്റെ അല്ലാട്ടോ.. നിങ്ങടെ തന്നെയാ….

കണ്ടില്ലേ, ചെറിയ മുടിയാ… ന്നാലും നിങ്ങടെ ആയാലും കഴിക്കുന്ന സാധനത്തിൽ മുടി കിടക്കുന്നത് നിങ്ങള്ക്ക് അറപ്പ് അല്ലെ… അങ്ങനെ അറച്ചുകുടിക്കേണ്ട എന്ന് കരുതി കളഞ്ഞതാ ഞാൻ ” എന്ന്.

അവളുടെ മറുപടിക്ക് മുന്നിൽ ഒന്നും പറയാൻ കഴിയാതെ കയ്യിൽ ബാക്കിയുള്ള മദ്യവുമായി അവളോടുള്ള ദേഷ്യം മേശയിൽ ഒന്ന് അടിച്ച് തീർത്തു പുറത്തേക്ക് നടന്നു അവൻ പിറുപിറുത്തുകൊണ്ട്.

കുറെ നേരം അവൾ അതെ ഇരിപ്പിരുന്നു. പിന്നെ പോയി മേല് കഴുകിവന്നപ്പോഴും ഋഷിയെ കാണുന്നില്ലായിരുന്നു. കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം അവൾ ഭക്ഷണം എടുത്തുകഴിച്ച് പാത്രവും കഴുകി അവനുള്ള ഭക്ഷണം മേശപ്പുറത്തേക്ക് എടുത്തുവെച്ചു.

കയ്യിലെ ബാക്കിയുള്ള മദ്യം കുടിച്ചുതീർത്തു അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ ഭക്ഷണം എടുത്ത് കഴിച്ച് എഴുന്നേൽക്കുമ്പോൾ അവളെ ഒന്ന് പുച്ഛത്തോടെ നോക്കി അവൻ.

ആ നോട്ടം കണ്ട് വന്ന ചിരി അടക്കിപിടിച്ചവൾ പറയുന്നുണ്ടായിരുന്നു

” ആ പാത്രവും എടുത്ത് ഒന്ന് കഴുകിവെക്കൂ ”

എന്ന്.

“അതെന്താ… എന്നും നീയല്ലേ കഴുകുന്നെ.. ഇന്നെന്താ ഇത്ര പ്രത്യേകത. ഇത് കഴുകിവെച്ചാൽ ഇന്ന് നിന്റ കയ്യിലെ വള ഊരിപോകോ? ”

പുച്ഛത്തോടെയുള്ള അവന്റ ചോദ്യം കേട്ട് അവളും പറയുന്നുണ്ടായിരുന്നു

” സ്വന്തം കഴിച്ച പാത്രം കഴുകിയെന്നു വെച്ച് നിങ്ങൾ ആണുങ്ങൾക്ക് ഒന്നും സംഭവിക്കില്ല…

പെണ്ണുങ്ങൾക്ക് അടിച്ചേൽപ്പിച്ചുതന്നിട്ടൊന്നുമില്ല ഇത്.. നിങ്ങൾ കഴുകിയാലും വൃത്തിയാക്കും ”

എന്ന്.

അതും പറഞ്ഞവൾ എഴുനേറ്റ് റൂമിലേക്ക് നടക്കുമ്പോൾ പാത്രവുമായി അടുക്കളയിലേക്ക് നടക്കുന്ന അവൻ ചിന്തിക്കുകയായിരുന്നു

” ഇവൾക്കിതിന്ന് എന്ത് പറ്റി ” എന്ന്.

എല്ലാം കഴിഞ്ഞ് റൂമിലെത്തുമ്പോൾ രേണു കിടന്നിരുന്നു. ഋഷി പതിയെ അവൽക്കരികിലേക്ക് ചേർന്ന് കിടന്ന് ലൈറ്റ് ഓഫ്‌ ചെയ്ത് പിന്നിൽ നിന്നും ചേർത്തുപിടിക്കാൻ ശ്രമിച്ചു. അവൾ കുതറികൊണ്ട് പ്രതിഷേധം അറിയിക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന ദേഷ്യം മറക്കുമ്പോലെ അവളുടെ മുടിയിഴകളിലൂടെ കയ്യോടിച്ചുകൊണ്ട് പതിയെ വാസനിച്ചു.

” ഇന്നും നീ കാച്ചെണ്ണയാണോ രേണു തേച്ചേ? ഈ മണമാണ് എന്നെ വല്ലാതെ മത്ത്‌ പിടിപ്പിക്കുന്നത്

അതും പറഞ്ഞവൻ അവളെ ഇറുക്കെ പുണരുമ്പോൾ അവനെ കുതറിമാറ്റികൊണ്ട് അവൾ ലൈറ്റ് ഇട്ട് അവനു നേരെ തിരിഞ്ഞു.

” നാണമില്ലേ മനുഷ്യ നിങ്ങൾക്ക്. ഇപ്പോൾ മുടിക്ക് കാച്ചെണ്ണയുടെ മണം.. ഈ മുടി തന്നെ അല്ലെ നിങ്ങൾക്ക് അല്പം മുന്നേ വെറുപ്പ് തോന്നിയത്. റൂമിലെത്തിയാൽ പിന്നെ പെണ്ണിന് എന്തൊക്ക മണമാണ്.

പകൽ അവൾ ഈ വീട്ടിലുണ്ടെന്ന് പോലും അറിയില്ല.

എന്തിന് എനിക്കിന്ന് ഡേറ്റ് ആണെന്ന് അറിഞ്ഞിട്ടും നിങ്ങൾ കാണിക്കുന്ന ഈ ആക്രാന്തം ഉണ്ടല്ലോ..

അതുമതി നിങ്ങൾ എത്രത്തോളം ഭാര്യയെ മനസ്സിലാക്കുന്നുണ്ട് എന്നറിയാൻ..

എന്തിന് ഒരു പാഡ് വാങ്ങാൻ പറഞ്ഞിട്ട് മറന്ന് പോയി. ദിവസവും മദ്യം വാങ്ങാൻ മറക്കുന്നില്ലാല്ലോ?

ഉണ്ടോ?

അവിടെ പോയി Q. നിൽക്കാൻ ഒരു നാണക്കേടും ഇല്ല.. കൂടെ കിടക്കുന്ന ഭാര്യയ്ക്ക് ഒരു പാഡ് വാങ്ങാൻ പോയി ചോദിക്കാൻ മടി.

ഇതൊക്കെ എന്താന്ന് അറിയോ… നിങ്ങളുടെ താളത്തിനൊത്തു എന്നെ പോലുള്ള പെണ്ണുങ്ങൾ തുള്ളുന്നത് കൊണ്ടാ.. ഇനി അത് പ്രതീക്ഷിക്കണ്ട..

ഇനി നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾ തന്നെ അങ്ങ് ചെയ്തേക്കണം. ഇവിടെ ഒന്നിനെ കെട്ടിക്കൊണ്ട് വന്നിട്ടുണ്ടല്ലോ എന്ന് കരുതി ഇരുന്നാൽ അങ്ങനെ ഇരിക്കെ ഉളളൂ… പറഞ്ഞേക്കാം….

നിങ്ങളെ പോലെ ഉള്ള ഭർത്താക്കന്മാർ ഉള്ള ഭാര്യമാരുടെ ഒരു ഗതികേട് ആണ് ഇതൊക്കെ.

എന്നും പറഞ്ഞു ലൈറ്റ് ഓഫ്‌ ചെയ്ത് അവൾ തിരിഞ്ഞു കിടക്കുമ്പോൾ അവനു പറയാൻ മറുപടി ഒന്നുമില്ലായിരുന്നു.

ഒന്ന് മാത്രം അവന് മനസ്സിലായി… വെറുതെ അല്ല പാത്രം കഴുകിപ്പിച്ചത്.. നാളെ മുതൽ ശീലമാകാൻ വേണ്ടി ആയിരുന്നെന്ന്.

അതോർക്കുംബോൾ കൂടെ പണ്ടാരോ പറഞ്ഞ ഒരു കാര്യം കൂടി അവന്റ മനസ്സിലേക്ക് ഓടിവന്നു.

പെണ്ണൊരുമ്പെട്ടാൽ ബ്രമ്മനും തടുക്കാൻ കഴിയില്ല

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : മഹാദേവൻ

Leave a Reply

Your email address will not be published. Required fields are marked *