ഇങ്ങനെ നിന്നെ കാണുമ്പോൾ നിന്നോടുള്ള കൊതി വല്ലാണ്ട് കൂടുന്നു പെണ്ണെ….

രചന : princy sajith

പതിവ്രത

*********

കുളി കഴിഞ്ഞ് കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി നന്നായി തുവർത്തി ഒരു ടവൽ എടുത്ത് മുടിയിൽ ചുറ്റി വച്ചു.

സിന്ദൂര ചെപ്പ് തുറന്ന് ഒരു നുള്ള് എടുത്ത് നെറുകയിൽ നീട്ടി വരച്ചു. സാരിക്കിടയിൽ കിടന്ന അഞ്ചു പവന്റെ താലി മാല പുറത്തേക്കെടുത്തിട്ടു, അവസാന മിനുക്കു പണി പോലെ ഒരു ഭസ്മ കുറിയും തൊട്ടു.

കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തെ നോക്കി പുഞ്ചിരിക്കുമ്പോൾ ആണ് കിടക്കയിൽ കിടന്ന് കണ്ണെടുക്കാതെ തന്നെ നോക്കുന്ന പ്രിയപെട്ടവനെ കാണുന്നത്.

“എന്താ സൂരജെട്ടാ ഇങ്ങനെ നോക്കണേ ”

അവൻ എഴുന്നേറ്റു വന്ന് അവളെ പിറകിലൂടെ ചുറ്റി പിടിച്ചു.

“ഇങ്ങനെ നിന്നെ കാണുമ്പോൾ നിന്നോടുള്ള കൊതി വല്ലാണ്ട് കൂടുന്നു പെണ്ണെ, എന്റെ വീട്ടിലും ഉണ്ട് ഒരുത്തി, ഭർത്താവിന്റെ വില അറിയാത്തവൾ, അവള് ഒരുങ്ങി കെട്ടി പോവുമ്പോൾ വല്ല ലെൻസും വച്ച് നോക്കിയാലെ കുങ്കുമം കാണൂ, താലീടെ കാര്യമാണെങ്കിൽ പറയെ വേണ്ട, ഞാൻ കെട്ടിയ താലി മാസം ഒന്ന് തികയുന്നേനും മുന്നെ അവൾ മാറ്റി, നൂല് പോലൊന്നിലേക്ക് ഇട്ടു, അതും ചുരിദാറിന്റെ ഉള്ളിലെ ഇടു,

ക ****** മോൾ, ജോലി ഉള്ളതിന്റെ അഹങ്കാരം, സ്വർണ്ണം ഇട്ടു നടക്കാൻ അവൾക്കിഷ്ടമല്ലത്രെ,

ഒന്നും പോരാഞ്ഞു അവൾടെ ഒരു പേര് വിളി…. ഏട്ടാ വിളിച്ചാൽ അവൾക്കെന്തോ അകൽച്ച ഫീൽ ചെയ്യുന്നൂ പോലും, നീയൊക്കെ ആണ് മോളെ യഥാർത്ഥ പെണ്ണ് ”

അവനവളെ ഒന്നൂടി ഇറുക്കെ പുണർന്നു.

“എന്റെ സൂരജേട്ടാ ഈ താലിയും സിന്ദൂരവും ഒഴിവാക്കീട്ടുള്ള ഒരു പരിഷ്‌കാരോം എനിക്ക് പറ്റില്ല അക്കാര്യത്തിൽ ഞാനിത്തിരി പഴഞ്ചനാ…..

അതേ ഏട്ടൻ വേഗം പോവാൻ നോക്കൂ മനുവേട്ടൻ വരാൻ നേരായി, ബാക്കി സംസാരം നാളെ ആവാം ”

💜💜💜💜💜

തന്നെയും കാത്തു ഒരു പുഞ്ചിരിയോടെ വാതിൽപ്പടിയിൽ നിൽക്കണ പെണ്ണിനെ മനു ഒരുപാട് പ്രണയത്തോടെ നോക്കി, കയ്യിലെ ബാഗ് അവളുടെൽ കൊടുത്ത്‌ അവളെ ചേർത്തു പിടിച്ചു തന്റെ ആയുസ്സിനായ് ചുവപ്പിച്ച നെറുകയിൽ ഒന്നു മുത്തി. അവളും തിരികെ അവനൊരു മുത്തം നൽകി.

“ആകെ ക്ഷീണിച്ചല്ലോ മനുവേട്ടാ, കുളിച്ചിട്ട് വരൂ ഞാൻ ഭക്ഷണം എടുക്കാം ”

അടുക്കളയിലേക്കു നടന്നവളെ അവൻ പിടിച്ചു നിർത്തി.

“എന്തിനാ മോളെ നീ എന്നും ഞാൻ വരാൻ നേരം കുളിക്കുന്നെ, അടുക്കളയിൽ കയറിയാൽ പിന്നേം മുഷിയില്ലെ, കിടക്കുമ്പോൾ ഒന്ന് മേലു കഴുകിയാൽ പോരെ ”

“ഒന്നു പോ മനുവേട്ടാ, ഈ അടുക്കളയിൽ ഉള്ള കരീം ചെളീം ആയിട്ട് ഞാൻ നിന്നാൽ മനുവേട്ടന് എന്നെ ഇങ്ങനെ ചേർത്തു പിടിക്കുമ്പോൾ മുഷിച്ചിൽ തോന്ന്യാലോ, എനിക്കറിയാലോ ഞാനിങ്ങനെ നിക്കണതാ ഏട്ടനിഷ്ടം എന്ന് ”

അവന്റെ കവിളിൽ ഒന്ന് തലോടി അവൾ അടുക്കളയിലേക്ക് നടന്നു.

അവൾ കണ്ണിൽ നിന്ന് മറയുന്ന വരെ അവൻ പ്രണയത്തോടെ നോക്കി നിന്നു.

ഉള്ളിലെ ചുളിഞ്ഞ കിടക്ക വിരികളുടെ പാതിവൃത്യം അവനെ നോക്കി പല്ലിളിച്ചു.

💜💜💜💜💜

“നോക്ക് രാജീവ്‌ ഇനി മേലിൽ ഇമ്മാതിരി വർത്താനം പറയാൻ എന്നെ വിളിക്കരുത്, എന്റെ ഭർത്താവിത്തിരി പഴഞ്ചനാ, കൂലി പണിക്കാരനാ, അൽപ്പം മദ്യപിക്കേം ചെയ്യും, എന്നു കരുതി മാറ്റി പുതിയതോന്നിനെ എടുക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല, ഈ ജന്മം എനിക്കെന്റെ സൂരജ് മാത്രം മതി ”

ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്ത്, രാജീവ്‌ എന്ന നമ്പർ ബ്ലോക്ക് ചെയ്തു. വീട്ടിലേക്ക് വേഗത്തിൽ നടന്നു. ഉമ്മറത്തു തന്നെ സൂരജ് ഉണ്ടായിരുന്നു.

“ഇന്ന് പണി ഇല്ലെങ്കിൽ ഒന്ന് ബസ്സ്റ്റോപ്പിൽ വന്നൂടെ സൂരജ്, എന്നാൽ ഞാനിത്രേം നടക്കണോ ”

“പിന്നെ.. നിന്റെ അഴിഞ്ഞാട്ടത്തിനു ചൂട്ടു പിടിക്കലല്ലേ എന്റെ പണി, കേറി പോടീ.. ****”

കേട്ടാലറക്കുന്ന തെറി പറഞ്ഞു ഇറങ്ങി പോകുന്നവനെ നിറമിഴികളോടെ നോക്കി നിന്നു ആ പരിഷ്കാരി പെണ്ണ്.

ശുഭം…

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : princy sajith

Leave a Reply

Your email address will not be published. Required fields are marked *