തേൻനിലാവ്, നോവലിൻ്റെ ഭാഗം 44 വായിക്കുക…

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

“ഇരുന്ന് ഉറക്കം തൂങ്ങാതെ പഠിക്കാൻ നോക്കെടാ….. ”

“പ്ലീസ്… പ്ലീസ്… പ്ലീസ്….. ഒരു പത്തു മിനിട്ടു കിടക്കട്ടേടി….. വെളുപ്പിനെ തുടങ്ങിയ വധമല്ലേ…..എനിക്ക് മടുത്തു……”

ബെഡിൻെറ ഹെഡ് ബോർഡിലിലേക്ക് ചാരി ഇരുന്നു ഉറക്കം തൂങ്ങുകയാണ് ശിവ.

“പറ്റില്ല മോനെ….. പരീക്ഷക്ക് ഇനി വിരലിൽ എണ്ണാവുന്ന ദിവസമേ ഒള്ളു….. ”

മേഘ അവനെ കുത്തി എഴുന്നേൽപ്പിച്ചു.

“വിരലിൽ ഇപ്പോ എത്ര വേണേലും എണ്ണാലോ… നീ എന്നെ ഒന്നു ഉറങ്ങാൻ വിട്….. ”

ഗതികെട്ടവൻ അവളുടെ കാലു പിടിച്ചു.

“വിടെടാ തെണ്ടി… എന്നെ…… ”

“മ്… ഹ്…. ഞാൻ വിടൂല…… ”

“ഫ്ഭാാ…. വിട്….. എടാ പട്ടി നിന്നോടാ… വിടാൻ……. ”

“ഞാൻ വിടൂലാന്നല്ലേ ഞാൻ ആദ്യമെ പറഞ്ഞത്… എന്നെ ഉറങ്ങാൻ സമ്മതിച്ചാൽ വിടാം….. ”

മേഘ ആവുന്നതും നോക്കിയിട്ടും ശിവ അനങ്ങിയില്ല. പിടിച്ച പിടിയാലെ കിടപ്പാണ്.

“നീ ഉറങ്ങുവോ… തല കുത്തി നിൽക്കോ…. എന്താന്ന് വച്ചാ ചെയ്യ്… എൻെറ കാലീന്ന് വിടെടാ നാറി….. ”

ശക്തിയിൽ കാലു കുടഞ്ഞുകൊണ്ടവൾ അവനെ തള്ളി മാറ്റി.

“താങ്ക്യു മുത്തേ…… അപ്പോ ശരി ഗുഡ് നൈറ്റ്….. ”

തലയിണയും കെട്ടിപ്പിടിച്ചു അവൻ ഉറങ്ങാൻ തുടങ്ങിയതും മേഘ അവനെ ഒറ്റ ചവിട്ടായിരുന്നു.

“ഹമ്മേ……”

നടുവിന് കയ്യും കൊടുത്തവൻ എഴുന്നേൽക്കുമ്പോഴേക്കും അവൾ മുറിയിൽ നിന്നുമിറങ്ങി ഓടിയിരുന്നു.

“നിക്കെടി ഹിമാറേ….. ”

“നിക്കില്ലാ……. ”

വിളിച്ചു കൂവിക്കൊണ്ടവൾ സ്റ്റെപ്പിറങ്ങി ഓടി…

പിന്നാലെ ശിവയും… കൈ എത്തിച്ചവൻ പിടിക്കാൻ നോക്കുന്നുണ്ടെങ്കിലും മേഘ പിടി കൊടുക്കാതെ ഓടിക്കൊണ്ടിരുന്നു. കുപ്പിവള കിലുക്കം പോലെയുള്ള അവളുടെ പൊട്ടിച്ചിരി വീടാകെ മുഴങ്ങി കേട്ടു.

വീടു മുഴുവൻ ഓടിയവൾ മുൻവാതിൽ വഴി പുറത്തേക്കിറങ്ങി. ഗൈറ്റു കടന്നു വരുന്ന ആളുകളെ കണ്ടവളുടെ കാലുകൾ ചലനമറ്റു നിന്നു.

“കിട്ടിയെടി നിന്നെ……. ”

പുറകെ ഓടി വന്ന ശിവ അവളെ എടുത്തുയർത്തി.

“താഴെ ഇറക്ക് ശിവ…… ”

മേഘയുടെ മുഖഭാവത്തിലും സ്വരത്തിലും പൊടുന്നനെയുണ്ടായ മാറ്റത്തിൻെറ കാരണമറിയാൻ അവളുടെ മിഴികൾ സഞ്ചരിച്ച വഴിയിലൂടെ അവൻെറതും ചലിപ്പിച്ചു.

“ഹ… ചെറിയച്ഛനോ…. ഇതെന്താ അവിടെ നിൽക്കുന്നത് കയറി വാ…. ചെറിയമ്മക്കൊച്ചേ…

സുഖമല്ലേ……. ”

മേഘയെ താഴെ നിർത്തിയവൻ അവരുടെ അടുത്തേക്കു പോയി.

“മ്…. പരീക്ഷക്ക് പഠിക്കുന്നൊക്കെ ഉണ്ടോടാ….”

വാത്സല്യപ്പൂർവ്വം വസുന്ധര അവൻെറ മുടിയിൽ തലോടി.

“ആ… ബെസ്റ്റ്…. ഒരെടത്തു നിന്ന് രക്ഷപ്പെട്ട് വന്നതേ ഒള്ളു… അപ്പോ ദേ വീണ്ടും….. ”

ശിവ തലയിൽ കൈ വച്ചു പോയി.

അവനെ നോക്കി ഒന്നു പുഞ്ചിരിച്ച് ദീപൻ തല കുനിച്ചു മാറി നിൽക്കുന്ന മേഘയുടെ അടുത്തേക്കു ചെന്നു. അവളുടെ കുനിഞ്ഞ മുഖം പിടിച്ചുയർത്തി.

“ആരുടെ മുന്നിലും എൻെറ മോളുടെ തല ഇനി കുനിയാൻ പാടില്ല…. സ്വന്തം തീരുമാനത്തിൽ ഉറച്ചു നിന്ന് തല ഉയർത്തി തന്നെ നടക്കണം…. നിന്നെ തിരിച്ചു വിളിക്കാനാ ഞങ്ങൾ വന്നത്…… ”

കേട്ടതു വിശ്വസിക്കാനാവാതെ നിറമിഴികളോടെ അവൾ ദീപൻെറ മുഖത്തേക്കു ഉറ്റു നോക്കി.

“അച്ഛാ….”

അവളുടെ ശബ്ദം ഇടറി.

“ഒന്നും പറയണ്ട…. അച്ഛന് എല്ലാം മനസ്സിലായി… ഇനി ആരും ഒന്നിനും നിന്നെ നിർബന്ധിക്കില്ല…..

നിൻെറ തീരുമാനമാണ് ശരി…. ജീവിതകാലം മുഴുവനും സ്വന്തം വ്യക്തിത്വം മറച്ചു പിടിച്ചു ജീവിക്കുന്നതിൽ ഒരു അർത്ഥവുമില്ല… എൻെറ മോളെ ഓർത്ത് അച്ഛന് എന്നും അഭിമാനമാണ്….”

മേഘയെ ചേർത്തു പിടിച്ച് മൂർദ്ധാവിൽ അമർത്തി ചുംബിക്കുമ്പോൾ ഒരിറ്റു കണ്ണുനീർ അവളുടെ നെറുകിൽ വീണു ചിതറി.

“ഞങ്ങൾ ഒക്കെ പഴയ ആളുകൾ അല്ലേ മോളെ… പെട്ടെന്ന് കേട്ടപ്പോൾ ഉൾക്കൊള്ളാൻ പറ്റിയില്ല…

എൻെറ കുഞ്ഞ് അച്ഛനോടും അമ്മയോടും ക്ഷമിക്ക്….. ”

വസുന്ധരയും അവളെ ചേർത്തു പിടിച്ചു.

മൂവരും ചേർന്നു നിന്ന് കണ്ണുനീർ പൊഴിച്ചു.

സങ്കടമോ സന്തോഷമോ… ഉള്ളിലെ വികാരങ്ങൾ അശ്രുക്കളായി പുറത്തു വന്നു.

“ആ… മതി… മതി…. സെൻെറിമെൻസൊക്കെ മതിയാക്കിക്കോ…. കയ്യോടെ കൊണ്ടുപോയ്ക്കോ ഈ സാധനത്തെ… മനുഷ്യന് മനസ്സമാധാനായിട്ട് കിടന്ന് ഉറങ്ങാലോ……. ”

നെഞ്ചിൽ കൈ വച്ച് മുകളിലേക്കു നോക്കിയുള്ള ശിവയുടെ പറച്ചിൽ കേട്ട് അവരുടെ ചുണ്ടുകളിൽ പുഞ്ചിരി വരിഞ്ഞു.

***************

“”””താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബർ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്… ദയവായി അല്പം സമയം കഴിഞ്ഞ് വീണ്ടും വിളിക്കുക…. The subscriber…. “”””

ജിത്തു നെറ്റി ചുളിച്ചുകൊണ്ട് ഫോൺ കട്ടാക്കി.

“ഇവളെന്താ പതിവില്ലാതെ ഫോൺ ഓഫാക്കി വച്ചിരിക്കുന്നത്…… ”

കുറച്ചു നേരം ഫോണിലേക്കു നോക്കി ഇരുന്നിട്ട് ജിത്തു പഠിക്കാൻ തുടങ്ങി. പുസ്തക താളുകളിലെ അക്ഷരക്കൂട്ടങ്ങൾക്കൊപ്പം അപ്പുവിൻെറ മുഖവും തെളിഞ്ഞു വരുന്നുണ്ടായിരുന്നു. അത് അവൻെറ ചുണ്ടിൽ പുഞ്ചിരിയായി തെളിഞ്ഞു നിന്നു.

പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടേ ഇരുന്നു. അപ്പുവിൻെറ ഫോൺ അപ്പോഴും സ്വിച്ച് ഓഫ് തന്നെ ആയിരുന്നു.

*************

“ഈ അപ്പു ഇത് എവിടെ പോയി… സെൻെറ് ഓഫിനു ശേഷം കോളേജിൽ വന്നിട്ടില്ലാന്നാ ദേവമ്മ പറഞ്ഞത്…. ഒരായിരം തവണ വിളിച്ചു…. ഒരു വിവരവും ഇല്ല…. നിന്നോടും ഒന്നു പറഞ്ഞില്ലേ ജിത്തു…… ”

പരീക്ഷയുടെ ആദ്യ ദിനം കോളേജിൽ എത്തിയ ഉടനെ ശിവ തിരക്കിയത് അപ്പുവിനെ കുറിച്ചായിരുന്നു.

“അറിയില്ലാടാ… ഞാനും കുറേ ട്രൈ ചെയ്തു…. സ്വിച്ച് ഓഫ് ആണ്… ലാൻെറ് ലൈനും കണക്ട് ആവുന്നില്ല…… ”

ജിത്തുവിൻെറ വാക്കുകളിൽ നിരാശ പടർന്നു.

“ഇനി ഫാമിലിയോടെ വല്ല ടൂറും പോയി കാണുവോ…….. ”

മനു നെറ്റി ചുളിച്ചു.

“പിന്നെ ഈ പരീക്ഷാ സമയത്തോ… നമ്മുടെ എക്സാം കഴിഞ്ഞാൽ അടുത്തത് അവരുടെയാ… അതു മാത്രമല്ല അവളങ്ങനെ പറയാതെ പോവില്ല… പോയാൽ തന്നെ മിനിറ്റിന് മിനിറ്റിന് സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കുന്ന ഐറ്റമാണ്….. ”

പറയുമ്പോൾ അവനറിയാതെ ചിരിച്ചു പോയി.

“അത് ശരിയാ… ഫോണും വാട്സാപ്പുമില്ലാതെ അപ്പുവില്ല….. ”

മനുവും അത് ശരി വച്ചു.

“എന്തായാലും എക്സാം കഴിഞ്ഞ് നമുക്കൊന്നു ഒന്ന് പോയി നോക്കാം…..”

“മ്…. ”

മൂവരും അവരവരുടെ ക്ലാസ്സുകളിലേക്ക് കയറി.

പരീക്ഷ കഴിഞ്ഞ് അഞ്ചുപേരും കൂടി നേരെ അപ്പുവിൻെറ വീട്ടിലേക്കാണ് പോയത്. വീടും പരിസരവും ആകെ മാറിപ്പോയിരുന്നു. ദിവസങ്ങളായി വൃത്തിയാക്കാതെ ചപ്പു ചവറുകളും ചെടികളും വളർന്നിരിക്കുന്നു. തോട്ടത്തിലെ പച്ചക്കറികൾ മൂത്തു പഴുത്തു ചീഞ്ഞു കിടപ്പുണ്ട്. ഒറ്റ നോട്ടത്തിൽ ആൾതാമസമില്ലാത്ത വീടുപോലെ തോന്നിക്കും വിധം മാറ്റം സംഭവിച്ചിരുന്നു.

“ഇവിടെ ആരും ഇല്ലാന്ന് തോന്നുന്നു…. എല്ലാവരും കൂടി എങ്ങോട്ടോ പോയത് തന്നെയാവും…… ”

ശില്പ വീടിനു ചുറ്റും കണ്ണോടിച്ചു.

“എന്നാലും ഒരു വാക്കുപോലും പറയാതെ ഇവളിത് എവിടേക്ക് പോയതാ…… ”

(മേഘ)

“ഇനി എന്തിനാ ഇവിടെ നിൽക്കുന്നത് വാ പോവാം…. ”

“എടാ… എന്നാലും… ഒന്നുകൂടി നോക്കിയിട്ട് പോയാൽ പോരേ….. ”

ജിത്തുവിന് പോകാൻ മനസ്സു വരുന്നുണ്ടായിരുന്നില്ല.

“ഇനി എന്ത് നോക്കാനാടാ… കണ്ടാൽ അറിഞ്ഞൂടെ ആരുമില്ലാന്ന്… നീ വന്നേ… ”

മടിച്ചു നിൽക്കുന്ന ജിത്തുവിൻെറ കയ്യും പിടിച്ചവർ തിരിച്ചിറങ്ങുമ്പോഴാണ് വാതിൽ തുറക്കുന്ന ശബ്ദം കേൾക്കുന്നത്. എല്ലാവരും സംശയത്തോടെ മുൻവാതിലിലേക്കു നോക്കി നിൽക്കേ പാതി തുറന്ന വാതിലിലൂടെ ചന്തു ഓടി വരുന്നത്. എത്തിപ്പിടിച്ചും വാലാട്ടിയും അത് അവരോടുള്ള സ്നേഹം പ്രകടപ്പിച്ചു…

തൊട്ടു പുറകെ മൂക്കിലിരിക്കുന്ന കണ്ണട നേരെയാക്കി ഇറങ്ങി വരുന്ന വാസുദേവനെ കണ്ട് അവരെല്ലാം അമ്പരന്നു പോയി.

“മുത്തശ്ശാ…….. ”

ശബ്ദം കേട്ടയാൾ തല ഉയർത്തി നോക്കി.

വീട്ടുപടിക്കൽ നിൽക്കുന്ന ജിത്തുവിനേയും കൂട്ടരെയും കണ്ട് ആ വൃദ്ധമിഴികൾ എന്തിനോ വേണ്ടി നിറഞ്ഞു.

“എന്താ മുത്തശ്ശാ ഇത്…. എന്താ വീടൊക്കെ ഇങ്ങനെ… അപ്പു…. അപ്പു എവിടെ…… ”

മറുപടി പറയാതെ വാസുദേവൻ ജിത്തുവിൻെറ കയ്യിൽ മുറുക്കി പിടിച്ചു. ആ കണ്ണുകളിലെ ഭാവം അവരെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

“മുത്തശ്ശാ…. അപ്പു….. ”

ജിത്തുവിൻെറ ശബ്ദം വിറകൊണ്ടു.

“പോയി…. കൊണ്ടു പോയി അവര്….. ”

“ആര്……. ”

“അവളുടെ അച്ഛനും അമ്മയും തന്നെ…. പോവാൻ തീരെ താത്പര്യമുണ്ടായിരുന്നില്ല എൻെറ കുട്ടിക്ക്…. വരുന്നില്ല എന്നത് കെഞ്ചി പറഞ്ഞതാ…. കേട്ടില്ല… പത്തൊന്പത് വർഷം തിരിഞ്ഞു നോക്കാത്തവർക്ക് പെട്ടെന്ന് മകളോടൊരു സ്നേഹം….. ”

ജിത്തു അനങ്ങാനാവാതെ നിന്നു പോയി.

“അവൻെറ കാലു പിടിച്ചു പറഞ്ഞതാ എൻെറ കുഞ്ഞിനെ കൊണ്ടുപോവല്ലേന്ന്… കേട്ടില്ല….

അവള് പോയ നിമിഷം മനസ്സു മരിച്ചതാ ഞങ്ങളുടെ…. മുത്തശ്ശാ… മുത്തശ്ശാ.. എന്ന് വിളിച്ചു പുറകീന്നു മാറാത്ത കുട്ടിയാ… ആ ശബ്ദം ഒന്ന് കേട്ടിട്ട് ദിവസം എത്ര ആയീന്നോ…. ശാരദ അകത്തു തളർന്നു കിടപ്പാ…. പറ്റിണില്ല ഞങ്ങൾക്ക്……. ”

നിയന്ത്രണം വിട്ടയാൾ പൊട്ടിക്കരഞ്ഞു പോയി.

“ഒന്നൂല മുത്തശ്ശാ… നിങ്ങൾ വിഷമിക്കേണ്ട… അവൾ വരും…. അവളോടുള്ള സ്നേഹം കൊണ്ടല്ലേ അവരിപ്പോ അന്വേഷിച്ചു വന്നത്…. കുറച്ചു ദിവസം കൂടെ നിർത്താനായിരിക്കും….

അപ്പു വരും… ഉറപ്പാ…. ”

അവരെ ആശ്വസിപ്പിക്കാനായി പറയുമ്പോൾ അവൻെറ ശബ്ദത്തിന് തീരെ ഉറപ്പില്ലായിരുന്നു.

വേണ്ടപ്പെട്ടതെന്തോ തട്ടിപ്പറിച്ചെടുത്തപോലെ അവൻെറ ഉള്ളം വിങ്ങുകയായിരുന്നു. അത് പുറത്തു കാണിക്കാതെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം അല്പനേരം ചിലവഴിച്ചാണ് അവർ മടങ്ങിയത്.

“അവള് വരുമെടാ…. അധിക നാൾ നമ്മളെ വിട്ടു നിൽക്കാൻ പറ്റോ നമ്മുടെ അപ്പുവിന്….. ”

ശിവയുടെ സ്വരത്തിൽ സങ്കടം കുമിഞ്ഞു കൂടി.

തീരെ തെളിച്ചമില്ലാത്തൊരു പുഞ്ചിരി മാത്രമായിരുന്നു അതിന് അവൻെറ മറുപടി.

***********

പിന്നീടുള്ള ഓരോ ദിവസവും ജിത്തുവിൻെറ മനസ്സ് തളരുകയായിരുന്നു. ഒരു നോക്കു കാണാൻ…

ആ ശബ്ദമൊന്നു കേൾക്കാൻ വല്ലാതെ കൊതിച്ചു പോയി അവൻ. അച്ഛൻെറ മാറ്റവും ജാനുവിൻെറ വരവുമെല്ലാം ഒരുവിധം പിടിച്ചു നിൽക്കാനുള്ള കരുത്തവന് നൽകി.

പണ്ടത്തെപ്പോലെ അവൻ തളർന്നു പോകാതിരിക്കാൻ മനുവും ജാനുവും ഇടം വലം അവനോടൊപ്പം നിന്നു. അപ്പുവിനെക്കുറിച്ചുള്ള ചിന്തകൾ പഠനത്തെ ബാധിക്കാതിരിക്കാൻ അവൻ നന്നേ പാടുപെട്ടു. കണ്ണടച്ചാലും തുറന്നാലും അവളുടെ രൂപം മാത്രമാണവന് കാണാൻ കഴിഞ്ഞൊള്ളു.

കുന്നോളം ആശിച്ചു കൂട്ടി… വാനോളം സ്വപ്നം കണ്ട് അവസാനം ഒറ്റ നിമിഷം കൊണ്ടതെല്ലാം നഷ്ടമാകുന്ന അവസ്ഥയിലൂടെ ഒരിക്കൽ കടന്നു പോയതാണ്. വീണ്ടുമത് ആവർത്തിക്കുമോ എന്ന ഭയം അവനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

എങ്കിലും കുറ്റാകൂരിരുട്ടിലെ മിന്നാമുനുങ്ങ് വെളിച്ചം പോലെ അവൾ തിരിച്ചു വരുമെന്ന പ്രതീക്ഷ അവൻെറ ഉള്ളിലെവിടെയോ അപ്പോഴും നിലകൊള്ളുന്നുണ്ടായിരുന്നു.

(തുടരും…….)

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : അഞ്ജു (നക്ഷത്രപ്പെണ്ണ്)

Leave a Reply

Your email address will not be published. Required fields are marked *