രമേച്ചി, സുമിമോളെ ഹോട്ടലിൽ വച്ച് കണ്ടു എന്ന് അപ്പുറത്തെ വീട്ടിലെ രമണി പറഞ്ഞു…

രചന : സുജ അനൂപ്

സാഹചര്യം (ചെറുകഥ)

**************

“രമേച്ചി, സുമിമോളെ ഹോട്ടലിൽ വച്ച് കണ്ടു എന്ന് അപ്പുറത്തെ വീട്ടിലെ രമണി പറഞ്ഞു.”

ഞാൻ വേവലാതിയോടെ അനിയത്തിയെ നോക്കി.

കേട്ടത് സത്യം ആകരുതേ എന്ന് പ്രാർത്ഥിച്ചു.

ഞാനും അനിയത്തിയും ഇങ്ങനെ ആയി. പക്ഷേ വേറെ ആർക്കും ഞങ്ങളുടെ വിധി ഉണ്ടാകരുത്.

കണ്ണ് തുടച്ചു, ആങ്ങളയുടെ വീട്ടിലേക്കു ഇറങ്ങിയ എന്നെ അനിയത്തി തടഞ്ഞു.

“രമേച്ചി അങ്ങോട്ട് പോകരുത്. അവർ നമ്മളെ മാത്രമേ കുറ്റം പറയൂ. അവർക്കു എല്ലാം അറിയാം എന്നാണ് പറഞ്ഞു കേട്ടത്. എന്നിട്ടും അവളെ അവർ കൂട്ടികൊണ്ടു വരുന്നില്ല പോലും.”

ഞാൻ നിന്നിടത്തു നിന്നും അനങ്ങിയില്ല.

“ശരിയാണ്, എന്നും കുറ്റം ഞങ്ങൾക്ക് മാത്രം ആയിരുന്നൂ. അവൾ അമ്മായിയെ കണ്ടു പഠിച്ചു എന്നേ നാത്തൂൻ പറയൂ.”

വഴിവക്കിൽ വച്ച് പകൽ വെളിച്ചത്തിൽ കാണുമ്പോൾ എല്ലാവർക്കും ഞങ്ങളോട് പുച്ഛമാണ്.

ഞങ്ങൾ ആരുടെ കൈയ്യിൽ നിന്നും ഒന്നും തട്ടി പറിച്ചിട്ടില്ല. ആരുടേയും മുന്നിൽ ഭിക്ഷ യാചിച്ചു ചെന്നിട്ടില്ല. നാട്ടുകാർക്കെല്ലാം രാത്രികാലങ്ങളിൽ ഞങ്ങളോട് സ്നേഹമാണ്. പകൽ കാണുമ്പോൾ അയല്പക്കകാർ വരെ തിരിഞ്ഞു നടക്കും.

ഞങ്ങൾ വേശ്യകൾ ആണത്രേ….

എനിക്കു എന്നോട് തന്നെ പലപ്പോഴും ദേഷ്യo തോന്നിയിട്ടുണ്ട്.

“വേറെ ഒരു പണിയും ഇല്ലാഞ്ഞിട്ടാണോ ഈ പണിക്കു ഇറങ്ങി തിരിച്ചിരിക്കുന്നത്” എന്ന് ചോദിക്കുന്നവരാണ് ചുറ്റിനും. അധ്വാനിച്ചു ജീവിക്കുമ്പോഴും ചീത്തപ്പേരിന് ഒരു കുറവും ഇല്ല.

ഒരിക്കൽ തെറ്റ് ചെയ്താൽ ജീവിതകാലം മുഴുവൻ അത് പിന്തുടരും.

“ഞാൻ ഈ പണി ചെ^യ്യുന്നത് കൊണ്ട് നിങ്ങളുടെ പെണ്മക്കൾ സുഖമായി ജീവിക്കുന്നൂ, അവരെ ആരും കയറി പിടിക്കുന്നില്ല. നിങ്ങളുടെ ആൺമക്കൾ ആണ് എന്നെ ഇങ്ങനെ ആക്കിയത്.

അവരോടു നിങ്ങൾ എന്തേ ചോദിക്കുന്നില്ല. രാത്രിയിൽ അവർ എവിടെ പോകുന്നൂ എന്ന് നിങ്ങൾക്ക് അന്വേഷിച്ചു കൂടെ.”

എന്നൊക്കെ അവരോടു പറയാനാണ് എനിക്ക് ഇഷ്ടം. പക്ഷേ അതിനുള്ള ധൈര്യം എനിക്കില്ല.

എന്നെ അറിയുന്നവർ പോലും “ഒരു നേരത്തെ ഭക്ഷണം വേണോ” എന്ന് ഇതുവരെ ചോദിച്ചിട്ടില്ല. കാലം എനിക്കായി കരുതി വച്ചത് ഞാൻ ഏറ്റു വാങ്ങി. അതാണ് സത്യം.

പാവപെട്ട വീട്ടിൽ ആയിരുന്നൂ ജനനം. അച്ഛനും അമ്മയും അസുഖം വന്നു മരിക്കുമ്പോൾ പ്രായം വെറും പതിനാലു വയസ്സ്. എനിക്ക് താഴെ ഒരു അനിയനും അനിയത്തിയും കൂടെ ഉണ്ട്.

അവരെ ചേർത്ത് പിടിച്ചു കരയുമ്പോൾ മുന്നിൽ ശൂന്യത ആയിരുന്നൂ.

ഞാനും അനിയത്തിയും സ്കൂളിൽ പോയിട്ടേയില്ല.

അല്ലെങ്കിൽ തന്നെ എല്ലാവരെയും കൂടെ സ്കൂളിൽ വിടുവാൻ അച്ഛന് സാധിക്കുമായിരുന്നില്ല.

ആങ്ങള സ്കൂളിൽ പോയെങ്കിലും എട്ടാം ക്ലാസ്സിലെ അവൻ പഠനം നിറുത്തി. അച്ഛനും അമ്മയും ഒത്തിരി സ്നേഹിച്ചു അവനെ വളർത്തിയെങ്കിലും നാടിനും വീടിനും കൊള്ളരുതാത്തവൻ ആയിട്ടാണ് അവൻ വളർന്നത്.

മാതാപിതാക്കളുടെ മരണത്തിനു ശേഷം ഞാനും അനിയത്തിയുo അയൽപക്കത്തുള്ള മുതലാളിമാരുടെ വീടുകളിൽ പണിക്കു പോയി തുടങ്ങി.

കഴുകൻ കണ്ണുകൾ മാത്രമേ എനിക്ക് ചുറ്റിനും ഉണ്ടായിട്ടുള്ളൂ. എന്നിട്ടും ഞങ്ങൾ പിടിച്ചു നിന്നൂ.

ഓരോ ദിവസവും പേടിച്ചു പേടിച്ചാണ് ഞങ്ങൾ ജീവിച്ചത്. ഞങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ ചോദിക്കാനും പറയുവാനും ആരുമില്ല. ആങ്ങള ഉള്ളതും ഇല്ലാത്തതും ഒരുപോലെ ആണ്. കുടിച്ചു കൂത്താടി നടക്കുന്ന അവന് ഭക്ഷണം കൊടുക്കുവാൻ ഞങ്ങൾ വേണം. അവൻ്റെ കൂട്ടുകാരെ കൂടെ ഞങ്ങൾ പേടിച്ചൂ.

കഷ്ടപ്പെട്ട് പണി എടുക്കുമ്പോഴും ഒന്നും കരുതി വയ്ക്കുവാനോ വയറു നിറയെ ഉണ്ണുവാനോ എനിക്കു സാധിച്ചിരുന്നില്ല.

ആ സമയത്താണ് പുര നിറഞ്ഞു നിൽക്കുന്ന എന്നെ പറ്റിയോ അനിയത്തിയെ പറ്റിയോ ആലോചിക്കാതെ അവൻ ഒരു പെണ്ണിനെ വീട്ടിലേയ്ക്കു കൂട്ടികൊണ്ടു വരുന്നത്.

ആ പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കി വിടുവാൻ എനിക്കെന്തോ മനസ്സ് വന്നില്ല.

അതിനുള്ള കരുത്തു എനിക്കില്ല.

ഇടയിൽ എപ്പോഴോ അനിയത്തി ആരുമായോ പ്രണയത്തിലുമായി.

“അവൾ എന്തേ അങ്ങനെ ചെയ്തു” എന്ന് ഇന്നും എനിക്കറിയില്ല. ഒളിച്ചോടിപ്പോയ അവളെക്കുറിച്ചു പിന്നെ അറിവൊന്നും കിട്ടിയില്ല.

ഒടുക്കം മാസങ്ങൾക്കു ശേഷം നിറവയറുമായി വന്നു കയറിയ അനിയത്തിയെ ശുശ്രൂഷിക്കേണ്ട ചുമതല കൂടി എൻ്റെ ചുമലിൽ ആയി.

ഭാഗ്യത്തിനു ആ സമയത്തു നാത്തൂൻ പ്രസവത്തിനു അവളുടെ വീട്ടിലേയ്ക്കു പോയിരുന്നൂ.

ഇല്ലെങ്കിൽ അവൾ അനിയത്തിയെ വീട്ടിൽ നിന്നും ഇറക്കി വിട്ടേനെ.

ഒരിക്കൽ രാത്രിയിൽ കള്ളു കുടിച്ചു വന്നു കയറിയ ആങ്ങളയാണ് എന്നെ നശിപ്പിച്ചത്. എനിക്കും ഒത്തിരി സ്വപ്നങ്ങൾ ഉണ്ടായിരുന്നൂ. അവനാണ് അതെല്ലാം തല്ലി കെടുത്തിയത്. അവനെ എതിർക്കുവാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല.

അവൻ്റെ ഉപദ്രവം താങ്ങാൻ വയ്യാതെ വന്നപ്പോഴാണ് ഞാൻ മുതലാളിയുടെ ചായ്പ്പിലേയ്ക്ക് താമസം മാറ്റിയത്.

പക്ഷെ അവിടെയും വിധി എനിക്കായി നല്ലതൊന്നും കരുതി വച്ചിരുന്നില്ല. കൊച്ചമ്മ വീട്ടിൽ ഇല്ലാതിരുന്ന ദിവസങ്ങളിൽ മുതലാളിയുമായി കിടക്ക എനിക്കു പങ്കിടേണ്ടി വന്നൂ, അല്ലെങ്കിൽ അയാൾ ഞങ്ങളെ അവിടെ നിന്നും ഇറക്കി വിടുമായിരുന്നൂ.

“നിറവയറുമായി ഇരിക്കുന്ന അവളെയും കൂ^ട്ടി ഞാൻ എവിടെ പോകുവാനാണ്?. ചുറ്റിലുമുള്ള കണ്ണുകളിൽ ഞാൻ ദയ കണ്ടില്ല.

എല്ലാം എൻ്റെ വിധി എന്ന് ഞാൻ സമാധാനിച്ചൂ…

കുഞ്ഞു പിറന്നതിനു ശേഷം അനിയത്തി പുറത്തു ജോലിക്കു പോയി തുടങ്ങി. അവളുടെ മാർഗം തെറ്റാണെന്നു അറിഞ്ഞപ്പോൾ ഞാൻ വിലക്കി നോക്കി.

പക്ഷെ അവൾ അതൊന്നും തിരുത്തുവാൻ തയ്യാറായില്ല. അല്ലെങ്കിൽ തന്നെ എന്നേ അവൾ സ്വയം വെറുത്തു തുടങ്ങിയിരുന്നൂ. മുതലാളിയുടെ കൂടെ കിടക്കുന്ന ഞാൻ അവളെ നേർവഴിക്കു നടത്തുന്നത് എങ്ങനെ.

ഏതായാലും മുതലാളിയുടെ ചായ്‌പിൽ നിന്നും ഒരിക്കൽ കൊച്ചമ്മ ഞങ്ങളെ പുറത്താക്കി.

ആങ്ങള, വേശ്യകൾ എന്ന് വിളിച്ചു ഞങ്ങളെ രണ്ടുപേരെയും വീട്ടിൽ കയറ്റിയില്ല. അങ്ങനെ പുറമ്പോക്കിൽ ഒരു കൊച്ചു വീട് വച്ച് ഞങ്ങൾ താമസം മാറ്റി. അധ്വാനിച്ചു ജീവിക്കുവാൻ ശ്രമിക്കുമ്പോഴും രാത്രിയിൽ വീട് തേടി വരുന്ന മാന്യൻമാർ ജീവിതത്തിനു തടസ്സമായി. അവരിൽ ചിലരെ എങ്കിലും വെറുപ്പിക്കുവാൻ ഞാൻ ഭയപ്പെട്ടു.

എന്നും സ്വന്തം കാര്യം മാത്രം നോക്കി നടന്നിരുന്ന ആങ്ങളയും ഭാര്യയും ഇടയ്ക്കു വന്നു പൈസ മാത്രം വാങ്ങുവാൻ മറന്നില്ല.

വേശ്യകളെ പകൽ വെളിച്ചത്തിൽ കാണുന്നത് അവർക്കു പുച്ഛമാണ്. പക്ഷെ മാംസം വിറ്റു കിട്ടുന്ന ആ നോട്ടുകൾക്കു വിലയുണ്ട്. ജോലിക്കു പോകാതെ പെങ്ങൾ ശരീരം വിറ്റു കിട്ടുന്ന പൈസ കൈപറ്റുവാൻ അവൻ മക്കളെ പറഞ്ഞയക്കുന്നൂ. അവൻ്റെ പാവം കുട്ടികളെ ഓർത്തു ഞാൻ പൈസ കൊടുത്തുകൊണ്ടിരിക്കുന്നൂ.

ഞാൻ ഒരു തെറ്റാണെങ്കിലും ഒരു നേരത്തെ അന്നത്തിനു വേണ്ടി ഇങ്ങനെ ആയി തീർന്നതാണ്.

സാഹചര്യങ്ങൾ എന്നെ തെറ്റിലേയ്ക്ക് നയിച്ചതാണ്.

ഒരു പക്ഷെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ആവുമായിരുന്നില്ല.

അടച്ചുറപ്പുള്ള ഒരു മുറി എനിക്ക് ഉണ്ടായിരുന്നെങ്കിൽ. ഒരു നേരം വയറു നിറച്ചു കഴിക്കുവാൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ആവുമായിരുന്നില്ല.

ഇവിടത്തെ പകൽമാന്യന്മാരെ എനിക്കറിയാം.

നിങ്ങൾക്ക് അവർ ദൈവങ്ങൾ ആയിരിക്കും.

പക്ഷെ അവരെല്ലാമാണ് എന്നെ ഇങ്ങനെ ആക്കി തീർത്തത്. ഏതൊരു സ്ത്രീയെയും പോലെ എനിക്കും ഒത്തിരി ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ….

വിവാഹം, കുട്ടികൾ…

ആങ്ങളയുടെയും അനിയത്തിയുടെയും കുട്ടികളെ സ്നേഹിച്ചു ഞാൻ ദുഃഖങ്ങളെല്ലാം മറക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നൂ. പണക്കാരി ആകുവാൻ വേണ്ടിയോ ജോലിക്കയറ്റം കിട്ടുവാൻ വേണ്ടിയോ സിനിമയിൽ ഭ്രമം മൂത്തു അഭിനയിക്കുവാൻ വേണ്ടിയോ ഞാൻ ഒരിക്കലും ശരീരം വിറ്റിട്ടില്ല….

ഒരിക്കലെങ്കിലും മനസ്സ് തുറന്നു ചിരിക്കുവാൻ എനിക്ക് സാധിചിട്ടില്ല. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് അത് വേണ്ട. ഈ ജന്മത്തിലെ കഷ്ടപ്പാടുകൾ തന്നെ അത്രയധികം ഉണ്ട്.

ആങ്ങളയുടെ മകൾ സുമിയെ ഞാൻ ഒത്തിരി സ്നേഹിച്ചു. അവളിൽ ഞാൻ എന്നെ കണ്ടിരുന്നൂ.

അവൾ വളർന്നു വന്നപ്പോൾ ഞങ്ങൾ ഇനി തെറ്റ് ചെയ്യില്ല എന്ന് തീരുമാനിച്ചു. അവൾക്കു നല്ലൊരു ജീവിതം വേണം, അമ്മായിമാർ മൂലം അവർക്കു ചീ^ത്തപ്പേര് വരരുത്. അങ്ങനെ ഞങ്ങൾ മാറി.

എന്നിട്ടും പഴയ പേര് നാട്ടുകാർ മറന്നില്ല.

അവൾ ഒരാളെ പ്രണയിച്ചപ്പോൾ ഞാൻ അത് എതിർത്തൂ. പണക്കാരൻ ആയ ഒരാളെ അവൾക്കു കിട്ടിയതിൽ എനിക്ക് അസൂയ ആണെന്നു നാത്തൂൻ പറഞ്ഞു. അവൻ അവളെ വി^വാഹം കഴിക്കുമെന്ന് അവർ വിചാരിച്ചൂ. അവളുടെ വിവാഹം അവർ ഉറപ്പിച്ചൂ, അവനെ പറ്റി ഒന്നും അവർ അന്വേഷിച്ചില്ല. വിവാഹത്തിന് വേണ്ടി എൻ്റെ കൈയ്യിൽ ഉണ്ടായിരുന്ന അവസാനതരി പൊന്നു കൂടെ നാത്തൂൻ വാങ്ങി. എന്നിട്ടും കല്യാണ മണ്ഡപത്തിൽ വരരുത് എന്നവൾ പറഞ്ഞു.

പിന്നീട് എപ്പോഴോ അറിഞ്ഞു

“സുമിമോളെ വിവാഹം ചെയ്ത പയ്യൻ ഒരു വിവാഹ തട്ടിപ്പുകാരൻ ആയിരുന്നൂ എന്ന്.” അവളെ ഞാൻ കൂടെ വിളിച്ചെങ്കിലും അവൾ വന്നില്ല.

**************

അനിയത്തിയുടെ കൈ തട്ടിമാറ്റി ഞാൻ നേ^രെ സുമിമോളുടെ വീട്ടിലേക്കു നടന്നൂ. ആങ്ങള എന്നോട് തെറ്റ് ചെയ്തു. പക്ഷേ അതിൻ്റെ ശിക്ഷ അവൻ്റെ മകൾ അനുഭവിക്കണം എന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അവളെയും അവളുടെ കുഞ്ഞിനേയും ഞാൻ നോക്കും. അവർക്കും കൂടെ ജീവിക്കാനുള്ള സ്ഥലം എൻ്റെ വീട്ടിലുണ്ട്.

“മോളെ, സുമി.”

“അമ്മായി എന്തേ ഇവിടെ”.

അത് പറയുമ്പോൾ അവളുടെ കണ്ഠം ഇടറിയിരുന്നൂ.

“നമുക്ക് എൻ്റെ വീട്ടിലേക്കു പോകാം.”

“വേണ്ട അമ്മായി, ഞാൻ ഇവിടെ കഴിഞ്ഞോളം. അദ്ദേഹം അമ്മായിയെ ഉപദ്രവിക്കും.”

“അത് മോൾ നോക്കണ്ട. അവനെ ഞാൻ കൊന്നു കളയും. നിന്നെ അവൻ വിറ്റു ജീവിക്കുന്നത് ഞാൻ അറിഞ്ഞില്ല മോളെ, നീ എന്നോട് ക്ഷമിക്കൂ. ”

അവളുടെ കുഞ്ഞിനെ കൈയ്യിൽ എടുത്തു ഞാൻ നടന്നൂ. പുറകെ അവളും.

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : സുജ അനൂപ്

Leave a Reply

Your email address will not be published. Required fields are marked *