സച്ചിയേട്ടന്റെ അച്ഛന്റെ പെരുമാറ്റം ശരിയല്ലെടീ.. എനിക്കയാളെ പേടിയാ മിഥു…

രചന : princy sajith

ദാമ്പത്യം

❤❤❤❤❤❤

പ്രൈമറി സ്കൂളിലെ ടീച്ചേർസ് ആണ് സാധികയും മിഥുനയും. സാധിക കല്ല്യാണത്തിന്റെ രണ്ട് മാസത്തെ ലോങ്ങ്‌ ലീവ് കഴിഞ്ഞ് ഇന്നാണ് വരുന്നത്.

വന്നപ്പോൾ തൊട്ട് അവൾക്ക് തന്നോടെന്തോ പറയാനുണ്ട് എന്ന് മിഥുനക്ക് തോന്നി.

ലഞ്ച് ബ്രേക്ക്‌നാണ് രണ്ടുപേർക്കും സ്വസ്ഥമായിട്ടൊന്നു സംസാരിക്കാൻ സാധിച്ചത്.

“എന്താണ് മോളെ സാധി മുഖത്തൊരു മ്ലാനത, വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ, കെട്ട്യോനെ വിട്ട് പോന്നിട്ടാണോ “കുസൃതി ചിരിയോടെ ആണ് മിഥു ചോദിച്ചത്.

“ഒന്നു പോടീ, അതൊന്നുമല്ല, എനിക്ക് നിന്നോട് സീരിയസ് ആയിട്ട് ഒരു കാര്യം പറയാനുണ്ട്, ആരോടാ പറയേണ്ടത് അറിയാതെ വിഷമിച്ചിരിക്കാർന്നു, നീ എന്റെ മുത്തല്ലേ അപ്പോൾ ഇതും നിന്നോട് പറയാ കരുതി ”

അവൾടെ മുഖഭാവത്തിൽ നിന്നും പറയാനുള്ളത് സീരിയസ് കാര്യം ആണെന്ന് മനസിലായി, വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വച്ചതേ ഉള്ളു തന്റെ കൂട്ടുകാരി, ചെറിയ ആശങ്കയോടെ അവൾക്ക് നല്ലൊരു കേൾവിക്കാരിയായി മിഥു ഇരുന്നു.

“ടാ സച്ചിയേട്ടന്റെ അച്ഛന്റെ പെരുമാറ്റം ശരിയല്ലേടാ, അടുത്ത ആഴ്ച്ച ഏട്ടൻ ജോലി സ്ഥലത്തേക്ക് പോവും, വൈകീട്ട് അമ്മ ക്ഷേത്രത്തിലേക്ക് പോകും ആ സമയം ഞാനും അയാളും മാത്രേ അവിടുണ്ടാവൂ, എനിക്കയാളെ പേടിയാ മിഥു, സച്ചിയേട്ടനോട് പറയാം എന്ന് കരുതിയതാ പക്ഷെ ഇന്നലെ കേറി വന്ന ഞാൻ അച്ഛനെ കുറ്റം പറഞ്ഞാൽ എന്നെ വിശ്വസിക്കുമോ ”

“സാധി അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ഇതൊന്നും മറച്ചു വക്കാൻ പറ്റില്ല, എന്താ ശരിക്കും അയാൾടെ പ്രശ്നം നിന്റെ ദേഹത്ത് അനാവശ്യമായി തൊടുകയോ മറ്റോ ചെയ്തോ ”

“അയ്യോ അങ്ങനെ അല്ല, ഒരു ദിവസം രാവിലെ ഞാൻ എണീറ്റ് അടുക്കളയിൽ ചെന്നപ്പോൾ അയാൾ അമ്മയെ കെട്ടിപിടിച്ചു ഉമ്മ വക്കുന്നു, അതും ചുണ്ടിലൊക്കെ, ന്റെ അച്ഛനേം അമ്മേനെക്കാളും പ്രായമുള്ളവരാ എനിക്ക് ആകെ എന്തോ പോലെ തോന്നി ”

സാധിയുടെ വാക്കുകൾ കേട്ട് മിഥുവിന്റെ കണ്ണ് മിഴിഞ്ഞു.

“ന്റെ മിഥു അങ്ങേര് അങ്ങേരുടെ ഭാര്യക്ക് ഉമ്മ കൊടുത്തതാണോ മുത്തേ നിന്റെ പ്രശ്നം”

“ഈ പ്രായത്തിലാണോ ഇങ്ങനൊക്കെ.. സച്ചിഏട്ടന്റെ ചേച്ചീടെ മോൾക്ക് 15 വയസ്സാ…ഇത്രേം വലിയ പേര കുട്ടി ഉണ്ട് എന്നിട്ടാ.. അതു മാത്രല്ലടീ, അവിടെ വീട്ടിലെ പറമ്പിൽ ഒരു കുളമുണ്ട് രണ്ടാളും വൈകുന്നേരം ഒരു മൂന്ന് മണിക്ക് പോയാൽ പിന്നെ മണിക്കൂർ ഒന്ന് കഴിഞ്ഞാ വരൂ, ഒരു ദിവസം കാണാഞ്ഞിട്ട് ഞാനൊന്ന് പോയി നോക്കി അപ്പോൾ അയാൾ അമ്മക്ക് മഞ്ഞൾ തേച്ചു കൊടുക്കുന്നു കെട്ടിപിടിക്കുന്നു…. അയ്യേ ഞാൻ വേഗം പോന്നു…”

“ഇതൊക്കെ ഒരു പ്രശ്നാണോ സാധി “താടിക്ക് കൈ കൊടുത്ത് ചോദിച്ചു മിഥു.

“പിന്നെന്താ ഈ പ്രായത്തിലും ഇമ്മാതിരി സൂക്കേട് ഉള്ള ആൾടെ കൂടെ ഞാനെങ്ങനെ നിൽക്കും, അയാൾക്ക്‌ സൂക്കേട് മൂത്ത് ന്നെ വല്ലോം ചെയ്താലോ, എനിക്കും ഉണ്ട് അച്ഛനും അമ്മയുമൊക്കെ ന്റെ അച്ഛൻ അമ്മേടെ കൈയ്യിലൊന്നു തൊടുന്നതു പോലും ഞാൻ കണ്ടിട്ടില്ല ”

“സാധി ഞാൻ നിന്നോട് വേറൊരു കാര്യം ചോദിക്കട്ടെ, സച്ചി അച്ഛനും അമ്മയും ആയിട്ടെങ്ങനാ നല്ല അടുപ്പമാണോ ”

“അതിനെ പറ്റി പറയാതിരിക്കുന്നതാ നല്ലത്, നല്ല അടുപ്പമൊക്കെ ഉണ്ട് ഫ്രണ്ട്‌സ്നെ പോലെയാ, പക്ഷെ അച്ഛനോടും അമ്മയോടും എന്താ പറയേണ്ടത് ന്ന് സച്ചി ഏട്ടനും മക്കളോടെന്താ പറയേണ്ടത് ന്ന് അച്ഛനും അമ്മക്കും അറിയില്ല… കല്ല്യാണം കഴിഞ്ഞ അന്ന് ഞങ്ങൾ റൂമിലേക്ക് പോവുമ്പോ ആ കിളവൻ ഏട്ടനോട് പറയാ… ഡൌട്ട് ഉണ്ടെങ്കിൽ ചോദിച്ചോ മോനെ ഒടുക്കം സ്ലീവാചൻ ആകരുതെന്ന്… ന്റെ തൊലി ഉരിഞ്ഞു പോണ പോലാ തോന്ന്യേ… സംസാരിക്കുന്നിടത് ഒരു ലൈസൻസും ഇല്ല അവിടാർക്കും ”

“സാധി, ഇനി ഞാൻ വേറൊരു ചോദ്യം ചോദിക്കട്ടെ… നിന്നോട് സച്ചി എങ്ങനാ.. ആള് റൊമാന്റിക് ആണോ ”

മിഥുവിന്റെ ചോദ്യം കേട്ടതും സാധിയുടെ ചുണ്ടിൽ നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു,

കവിളിലേക്ക് ചുവപ്പ് ഇരച്ചു കയറി.

തന്റെ പ്രിയപ്പെട്ടവന്റെ ഓർമയിൽ ചുവന്നു തുടുത്തു ഇരിക്കുന്ന കൂട്ടുകാരിയെ ചിരിയോടെ കുറച്ചു സമയം നോക്കി ഇരുന്നു മിഥു.

“നിന്റെ ഈ നാണത്തിൽ നിന്ന് തന്നെ ആള് എങ്ങനെയാണെന്ന് മനസിലായി, ഇനി നീ ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം ”

സാധി അനുസരണയോടെ തലയാട്ടി

“സച്ചി ഇപ്പോൾ എപ്പോഴും നിന്റെ കൂടെ തന്നെ അല്ലേ, നിന്നോട് സംസാരിച്ചും ഇടക്കൊക്കെ ചുംബനങ്ങളിലൂടെയും ചേർത്ത് പിടിക്കളിലൂടെയും പ്രണയം പകരാൻ ശ്രമിക്കാറില്ലേ, കുറുമ്പും കുസൃതിയും പ്രണയവും കാമവും എല്ലാം ചേർന്ന് നിങ്ങളുടെ ദാമ്പത്യത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ അല്ലേ നിങ്ങൾ ഇപ്പൊ കടന്നു പോകുന്നത് ”

“മ്മ് മ്മ് “നാണത്തിൽ പൊതിഞ്ഞ ഒരു മൂളൽ മാത്രമായിരുന്നു സാധിയുടെ മറുപടി.

“സാധി, ഇന്ന് നിന്നെ പ്രണയം കൊണ്ട് മൂടുന്ന നിന്റെ സച്ചി നാളെ നിങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവുമ്പോൾ, നീ തടിവെക്കുകയും നിന്റെ സൗന്ദര്യം കുറയുകയും ചെയ്യുമ്പോൾ നിന്നിൽ നിന്ന് അകലുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ, ഇന്ന് നിന്നെ നെഞ്ചിൽ ചേർത്ത് ഉറങ്ങുന്നവൻ നാളെ നിന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു കിടക്കുന്നതിനെ പറ്റി ചിന്തിച്ചു നോക്കൂ,

നീ ഓരോ ജോലി ചെയ്യുമ്പഴും കുറുമ്പു കാട്ടി നിന്റെ കൂടെ നിൽക്കുന്നവൻ നിന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ചായക്കും ചോറിനും ഓർഡർ ചെയ്യുന്നത് നിനക്ക് സങ്കൽപ്പിക്കാൻ പറ്റോ, നീ ഒരുങ്ങി ഇറങ്ങുമ്പോൾ, ചെവിയിൽ സ്വകാര്യമായ് സുന്ദരി ആയിട്ടുണ്ടെന്ന് പറയാത്ത, നീ വന്നാലും പോയാലും ഒരുങ്ങിയാലും ഇല്ലേലും ഒരഭിപ്രായവും ഇല്ലാത്ത ഒരു സച്ചിയെ സങ്കൽപ്പിച്ചു നോക്കൂ ”

“നിന്റെ സങ്കടവും സന്തോഷവും പങ്കുവെക്കാൻ കഴിയാതെ നീ ആഗ്രഹിക്കുമ്പോളൊക്കെ നിന്നെ ചേർത്തു പിടിക്കാത്ത നാലു ചുവരുകൾക്കുള്ളിൽ കാര്യം കഴിഞ്ഞ് തിരിഞ്ഞു കിടന്നുറങ്ങുന്ന ഒരു സച്ചിയുടെ ഭാര്യയാവാൻ നിനക്ക് കഴിയുമോ ”

ആ ചിന്തകൾ പോലും അവളുടെ കണ്ണുകൾ നിറച്ചു, നിഷേധിച്ചു കൊണ്ട് തല ഇരുവശത്തേക്കും ചലിപ്പിച്ചു.

ഒരു നിമിഷം മനസ്സ് ശാന്തമാവാൻ വേണ്ടി കണ്ണടച്ചിരുന്നു.

കണ്ണടച്ചിരിക്കുന്ന സാധിയെ തന്നെ വീക്ഷിക്കുകയായിരുന്നു മിഥു.

“സാധീ…. പക്ഷെ അങ്ങനൊരു അവസ്ഥ നിനക്ക് ഒരിക്കലും ഉണ്ടാകില്ല, കാരണം നിന്റെ സച്ചി ചെറുപ്പം മുതൽ മനോഹരമായ ഒരു പ്രണയം കണ്ടു വളർന്നവനാണ്, നിന്റെ കുഴപ്പം നീ അതെന്താണെന്ന് ഇന്നുവരെയും അറിഞ്ഞിട്ടില്ല എന്നതാണ് ”

സാധി മിധുവിനെ മനസിലാവാത്ത രീതിയിൽ നോക്കി

“മക്കളുടെ മുന്നിൽ വച്ച് ഒന്ന് കെട്ടിപിടിക്കുന്നതും ഉമ്മവക്കുന്നതും ഒക്കെ വല്ല്യേ എന്തോ കുറ്റമാണെന്ന് കരുതുന്ന കുടുംബത്തിൽ ആണ് നീ വളർന്നു വന്നത്, നീ മാത്രമല്ല നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്ക രക്ഷിതാക്കളും ഇതേ ചിന്താഗതി ഉള്ളവരാണ്, പ്രണയവും സ്നേഹവും നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടതാണെന്നു വിശ്വസിക്കുന്നവർ,

എന്നാൽ ഇതേ ചിന്താഗതി ഉള്ളവർ തന്നെ ആണ് മക്കളുടെ മുന്നിൽ വച്ച് വഴക്കുകൂടുന്നതും മറ്റും, മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ ചുംബിക്കാൻ മടി കാണിച്ചാലും മർദിക്കാൻ ഇക്കൂട്ടർക്ക് ഒരു മടിയും കാണില്ല.

സ്നേഹത്തെ അല്ല ഇത്തരം വഴക്കുകളെ ആണ് ബെഡ്റൂമിലെ നാല് ചുവരുകൾക്കുള്ളിൽ തളക്കേണ്ടത്‌, മക്കളുടെ മുന്നിൽ മറച്ചു വെക്കേണ്ടത്.

സച്ചിയുടെ മാതാപിതാക്കളുടെ സ്ഥാനത്ത് നീ നിന്നെയും സച്ചിയേയും ചിന്തിച്ചു നോക്കൂ, ആ പ്രായത്തിലും നിന്റെ സൗന്ദര്യം മുഴുവൻ പോയിട്ടും നിന്റെ മുടി നരച്ചു തൊലി ചുക്കിചുളിഞ്ഞിട്ടും അവന് നിന്നെ ഇന്നത്തെ അതേ പ്രണയത്തോടെ ചേർത്ത് നിർത്താനും ചുംബിക്കാനും കഴിഞ്ഞാൽ ആ ജീവിതം എത്ര മനോഹരമായിരിക്കും..

അങ്ങനെ നോക്കുമ്പോൾ അവരുടെ സ്നേഹം നിന്നെ അസ്വസ്ഥമാക്കില്ല പകരം ഒരുപാട് നല്ല ഗുണങ്ങൾ പഠിക്കാൻ പറ്റും. ”

ഏറെ നേരം നിശബ്ദമായിരുന്നതിനു ശേഷം മനസ്സിൽ ചില തീരുമാനങ്ങൾ എടുത്ത് സാധിക എഴുന്നേറ്റു, എന്നും തന്റെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു തരുന്ന പ്രിയ കൂട്ടുകാരിയെ നോക്കി മനോഹരമായി ഒന്നു പുഞ്ചിരിച്ചു, ഒരു നന്ദി പറച്ചിലിനേക്കാൾ അവൾക്ക് നൽകാൻ കഴിയുന്ന സമ്മാനം.

തിരിഞ്ഞു നടന്ന സാധിയെ മിഥു വിളിച്ചു.

“ടീ.. പിന്നെ നിന്നെ അങ്ങേര് വല്ലോം ചെയ്യോ എന്ന പേടി വേണ്ട ട്ടൊ നീ എന്നല്ല ഇനി സണ്ണി ചേച്ചി അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് ഐറ്റം ഡാൻസ് കളിച്ചാലും ഒന്നും സംഭവിക്കില്ല, അയാൾടെ പ്രണയം എന്നും അയാൾടെ പാതി തന്നെ ആവും ”

അന്ന് വൈകീട്ട് വീട്ടിൽ ചെല്ലുമ്പോൾ അവൾടെ മനസ്സ് ശാന്തമായിരുന്നു.

വീടിന്റെ പടിയിൽ തന്നെ അച്ഛനും അമ്മയും ഉണ്ടായിരുന്നു, അവരെ നോക്കി ഒന്ന് ചിരിച്ച് അകത്തേക്ക് കയറി, വീണ്ടും അവരെ തിരിഞ്ഞു നോക്കി.

അമ്പലത്തിൽ പോവാൻ വേണ്ടി കുളിച്ചു വന്നിരിക്കാണ് അമ്മ, നനഞ്ഞ നരച്ച മുടിയിഴകളിലൂടെ അച്ഛന്റെ ചുളിഞ്ഞ വിരലുകൾ ഓടി നടക്കുന്നു, ജഡ വിടർത്തി മുടയുകയാണ്, ഒടുവിൽ ഒരു തുളസിക്കതിർ ചൂടി, അതിന്റെ മണം ആസ്വദിക്കുകയാണ് അച്ഛൻ….

ആ മനോഹര ദൃശ്യം നോക്കി നിൽക്കുമ്പോഴാണ് പുറകിലൂടെ രണ്ട് കൈ വന്ന് പുണർന്നത്

“എന്തിനാടീ വെറുതെ അവരെ കണ്ണു വക്കുന്നെ, നിനക്ക് നോക്കാൻ ഞാനില്ലേ ”

മറുപടി പറയാൻ ഒരുങ്ങിയവളുടെ വായ ഒരു കൈ കൊണ്ട് പൊത്തി, മറ്റേ കൈ കൊണ്ട് അവളെ തൂക്കിയെടുത്തു, റൂമിലേക്ക് പോന്നു അവൻ,

മുറിയിൽ അവരുടെ പ്രണയ നിശ്വാസങ്ങൾ ഉയർന്നപ്പോൾ..

പുറത്ത് തന്റെ പ്രണയിനിയുടെ ചുളിഞ്ഞ വിരലുകളിൽ നേർമയോടെ തലോടുകയായിരുന്നു ആ വൃദ്ധൻ.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : princy sajith

Leave a Reply

Your email address will not be published. Required fields are marked *