അവൾ പറയുന്നതൊന്നും അവൻ ശ്രദ്ധിച്ചില്ല… അവന്റെ നോട്ടം മുഴുവൻ അവളിലായിരുന്നു

രചന : Saji Mananthavady.

കൈ നോട്ടക്കാരി

❤❤❤❤❤❤❤❤

“എടാ മോനെ എനിക്ക് മുറ്റമടിക്കാൻ വയ്യടാ , നീ ഇനി ജാതിയും മതവുമൊന്നും നോക്കണ്ട,

നീയൊരു കല്യാണം കഴിക്ക് എനിക്ക് വയ്യാതായി. ഇനി അധികകാലം ഞാനുണ്ടാവില്ല മോനെ.

നിനക്കും ഒരു കൂട്ടു വേണ്ടേ ടാ? ”

രാഹുൽ ഉടുത്തൊരുങ്ങി ടൗണിലേക്ക് പോകുമ്പോഴാണ് അമ്മ മുറ്റമടിച്ചു കൊണ്ട് അവനോട് പറഞ്ഞത്.

” ശരിയമ്മേ കടയിൽ കിട്ടുമോയെന്ന് നോക്കട്ടെ ? കിട്ടിയാൽ ഒന്ന് രണ്ടെണ്ണത്തിനെയും കൊണ്ടെ ഞാനിന്ന് വരു. അമ്മെ രണ്ടെണ്ണം മതിയോ ?”

“എടാ നീ തമാശ പറയുകയാണോ ? ഞാൻ എവിടെയെങ്കിലും പോകുട്ടോ . നിനക്ക് വെച്ച് വിളമ്പാനും ഇവിടെത്തെ പണി ചെയ്യാനും എനിക്കിനി വയ്യ”

“അമ്മ പറയുന്നത് കേട്ടാൽ തോന്നും എനിക്ക് വിവാഹം കഴിക്കാൻ താല്പര്യമില്ലാന്ന്. ഇപ്പൊ പെണ്ണുക്കൾക്ക് വലിയ ഡിമാൻന്റാ, ഞാനെന്തു ചെയ്യും ?”

ടൗണിലേക്ക് നടക്കുമ്പോൾ അവൻ ഓർത്തു. അമ്മക്ക് പ്രായമായി , ഇനി പഴയ പോലെ വീട്ടുപണി ചെയ്യാൻ പറ്റില്ല. താനെന്തെങ്കിലും ചെയ്യാമെന്നു കരുതിയാൽ അമ്മയത് സമ്മതിക്കുകയുമില്ല . വയസ് 35 ആയി. പെണ്ണു തേടിയലയാത്ത ഒരിഞ്ചു സ്ഥലവും ഇനി ഭൂമി മലയാളത്തിലില്ല.

മാരിയമ്മൻ കോവിലിൽ തൊഴുത് പുറത്തിറങ്ങിയപ്പോഴാണ് ഒരു പെൺകുട്ടി കൈകാട്ടി വിളിക്കുന്നത് കണ്ടത്.

“സേട്ടാ കൈ നോക്കിയിട്ട് പോകലാമാ. നാൻ നിജമാന കാര്യം സൊല്ലട്ടുമാ ? സേട്ടന്റെ കല്യാണം ഉടനെ മുടിഞ്ഞിടും. കെട്ടാൻ പോണ പെണ്ണുയാരെന്നു ഉങ്കളുക്ക് തിരിയുമാ ? ഉങ്കൾ മാമാ പൊണ്ണ്. ”

” അല്ലെങ്കിലും എന്റെ കല്യാണം ഗണപതി കല്യാണം പോലെയാണ്. അത് മുടിഞ്ഞതു തന്നെ ” .

ഏതായാലും കേൾക്കാൻ രസമുള്ള കാര്യം. പിന്നെ ചെറുപ്പക്കാരിയും. ഒന്ന് കെെ നോക്കിയേക്കാം.

രാഹുൽ ചിന്തിച്ചു.

“കാശ് എന്നാ വേണം ?”

” സേട്ടൻ ഇഷ്ടമുള്ളത് തന്നാൽ പോതും. ”

അവൾ കൈയിൽ പിടിച്ചപ്പോൾ ഒരു ഇടി മുഴക്കവും മിന്നൽ പിണരും ഒന്നിച്ച് വന്നതു പോലെ അവന് തോന്നി. അവൻ അവളുടെ മുഖത്തേക്ക് നോക്കി. എവിടെയോ കണ്ട് മറന്ന മുഖം.

“നന്നായൊന്നു കുളിപ്പിച്ചാൽ അവളൊരു സുന്ദരിയാകും. ”

അവൻ മനസ്സിൽ പറഞ്ഞു. പിന്നീട് അവൾ പറയുന്നതൊന്നും അവൻ ശ്രദ്ധിച്ചില്ല . അവന്റെ നോട്ടം മുഴുവൻ അവളിലായിരുന്നു. അങ്ങനെ മുഴുകിയിരിക്കുമ്പോഴാണ് ഒരു ഓട്ടോറിക്ഷാ അവളെ ഇടിച്ചിട്ടത്.

ഓട്ടോ ഓടിച്ചത് പത്ത് പതിനഞ്ച് വയസ് പ്രായമുള്ള ഒരു പയ്യനായിരുന്നു. കൈ നോട്ടക്കാരിയെ ഇടിച്ചതും അവൻ ഓട്ടോ നിറുത്തി ഇറങ്ങി ഓടി. ആളുകൾ ഓടി കൂടി .

അപ്പോഴേക്കും ഒരാൾ മറ്റൊരു ഓട്ടോയുമായി വന്നു.

പക്ഷേ അനക്കമില്ലാതെ കിടക്കുന്ന പെൺകുട്ടിയുടെ കൂടെ ആശുപത്രിയിലേക്ക് പോകാൻ ആർക്കും താല്പര്യമില്ലായിരുന്നു. അവസാനം രാഹുൽ പെൺകുട്ടിയെ എടുത്ത് ഓട്ടോയിൽ ഇരുത്തി. അവനും കയറി . ആശുപത്രിയിൽ എത്തിച്ചയുടനെ ഓട്ടോക്കാരൻ വേറൊരു ഓട്ടമുണ്ടെന്ന് പറഞ്ഞ് സ്ഥലം വിട്ടു. പെൺകുട്ടിയെ ഐ സി യുവിൽ കയറ്റിയപ്പോൾ രാഹുലിന്റെ പേരും അഡ്രസും ആശുപത്രി അധികൃതർ എഴുതിയെടുത്ത് അവനോട് പറഞ്ഞു.

“കുറച്ച് രക്തം വേണമായിരുന്നു. B+ പെട്ടെന്ന് വേണം. ”

” സിസ്റ്ററെ ഞാൻ എപ്പോഴും പോസിറ്റീവാ . പ്രത്യേകിച്ചും രക്തം കൊടുക്കുന്ന കാര്യത്തിൽ .”

“അങ്ങിനെയാണെങ്കിൽ നിങ്ങളുടെ രക്തം കൊടുത്താൽ മതി. ”

രക്തം കൊടുത്ത് പുറത്തേക്കുവന്നപ്പോൾ വലിയൊരു ലിസ്റ്റുമായി നഴ്സ് കാത്തിരിക്കുന്നുണ്ടായിരുന്നു.

“ഈ മരുന്നുകൾ വേഗം വാങ്ങിച്ചു വാ ”

മരുന്നിന്റെ വില കേട്ട് അവനൊന്നു ഞെട്ടി 2500 രൂപ.

“കെെ നോട്ടക്കാരി എന്നെ മുടിപ്പിക്കുമല്ലോ ”

അവൻ മനസ്സിൽ പറഞ്ഞു.

മരുന്ന് നേഴ്സിന്റെ കൈയിൽ കൊടുത്തപ്പോൾ നഴ്സ് പറഞ്ഞു അവൾക്ക് ബോധം തെളിഞ്ഞുവെന്ന് .

വേലക്കാരിയാണെങ്കിലും ഒരു നല്ല വസ്ത്രം വാങ്ങിച്ചു കൊടുക്കാൻ പറ്റില്ലെയെന്നും വേണമെങ്കിൽ നഴ്സിന്റെ പഴയ വസ്ത്രങ്ങൾ തരാമെന്നും പറഞ്ഞു. അവൻ മറുപടിയൊന്നും പറയാതെ മിണ്ടാതെ നിന്നു .

“ഞാനൊന്ന് കേറി കണ്ടോട്ടെ ?”

” Why not ?’

അവൻ അകത്തു കയറിയപ്പോൾ അവൾ തല തിരിച്ചു കിടക്കുകയായിരുന്നു. അവൻ ചെറുതായൊന്നു മുരടനക്കി . അത് കേട്ട് അവൾ അവനെ നോക്കി. അവളുടെ മുഖത്ത് കണ്ണീർ ചാലുകളായി ഒഴുകുന്നത് അവൻ കണ്ടു.

“എന്തിനാ കുട്ടി കരയുന്നെ ? വേദനിക്കുന്നുണ്ടോ

” വണ്ടിയിടിച്ചാൽ വേദനിക്കില്ലേ? ഇയാളെവിടുന്നു വരുന്നു ?”

ശുദ്ധമലയാളം പറയുന്നതു കേട്ട് അവനൊന്നു ഞെട്ടി .

“നീയാരാ ? നീ നന്നായി മലയാളം പറയുന്നുണ്ടല്ലോ?

“ഞാനാരണെന്നറിഞ്ഞിട്ടെന്താ കാര്യം? എന്നെ സഹായിക്കാനാരുമില്ലല്ലോ?”

” ഇത് നല്ല കൂത്ത് . ഓട്ടോയിടിച്ച നിന്നെ ഇവിടെ കൊണ്ടുവന്ന് എന്റെ രക്തവും തന്ന് മരുന്നിന് രണ്ടായിത്തി അഞ്ഞൂറ് രൂപയും മുടക്കി. എന്നിട്ട് ഇപ്പോൾ പറയുന്നു നിന്നെ ആരും സഹായിക്കുന്നില്ലെന്ന് . ശരിയാ ഇന്നത്തെ കാലത്ത് ആരെയും സഹായിക്കരുതെന്ന് പറയുന്നത് എത്ര ശരിയാ . ”

” ഏട്ടനെന്നോട് ക്ഷമിക്ക് . ഞാനെന്റെ ദേഷ്യത്തിൽ പറഞ്ഞു പോയതാണ്. ഏട്ടൻ എനിക്കൊരു ഉപകാരം ചെയ്തു തരുമോ?”

ഏട്ടൻ എന്ന് വിളിച്ചത് രാഹുലിന് വളരെ ഇഷ്ടമായി.

” പറ കേൾക്കട്ടെ എന്നിട്ടു നോക്കാം. ”

“എനിക്ക് ഇവിടെയാരെയും പരിചയമില്ല. അച്ഛൻ സ്വന്തം നാട്ടിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് എന്നെ ഇങ്ങോട്ട് കൊണ്ട് വന്നതാണ്. ഞങ്ങൾ ഇത്രയും കാലം താമസിച്ചിരുന്നത് തമിഴ്നാട്ടിലെ മധുരയിലാണ്.

ഇവിടെ വന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അച്ഛനും പോയി ”

” നിന്നെ തനിച്ചാക്കി അച്ഛനെവിടെ പോയി? നിന്റെ അച്ഛനാളുകൊള്ളാലോ ”

” അപ്പാ എരിന്ത് പോയി. മരിച്ചുപോയെന്നാ ഞാൻ പറഞ്ഞത് ”

” സോറി . ഞാനറിഞ്ഞില്ല. ബാക്കി പറ. ”

” ഇവിടെ മംഗലത്ത് എന്നൊരു തറവാടുണ്ടോ ?”

“ഉണ്ടെങ്കിൽ ?”

“അതാണച്ഛന്റെ തറവാട് . അവിടെ അച്ഛനൊരു പെങ്ങളുണ്ട് രാജലക്ഷ്മിയെന്ന അച്ഛൻ പറഞ്ഞത്. ”

” അപ്പോ നിന്റെ അമ്മയെവിടെ ?”

“അച്ഛന് മധുരയിലെ ഒരു കമ്പനിയിലായിരുന്നു ജോലി. അച്ഛന്റെ താമസിക്കുന്ന വീടിന്റെ അടുത്തായിരുന്നു അമ്മയുടെ വീട് . അച്ഛന് അമ്മയെ ഇഷ്ടപ്പെട്ടു അങ്ങിനെ കല്യാണം കഴിച്ചതാ . പക്ഷേ അമ്മക്ക് ചെറുപ്പത്തിൽ പോളിയോ വന്ന് ഒരു കാല് ശോഷിച്ചതായിരുന്നു. അതാണ് അമ്മയുമായി അച്ഛൻ ഈ നാട്ടിലേക്ക് വരാതിരുന്നത്. അമ്മ ആറ് മാസം മുന്നാടി എരിന്തു പോയാച്ച്. ഞാൻ ഒരു മാമിയുടെ കൂടെയായിരുന്നു താമസം.”

അവളുടെ കഥ കേട്ടപ്പോൾ തന്റെ അമ്മാവന്റെ മകളാണ് ഈ പെൺകുട്ടിയെന്ന് മനസ്സിലായി. ചെറുപ്പത്തിൽ വീടുവിട്ടു പോയ ചെറിയമ്മാവൻ ഭാസ്കരമാമന്റെ മകൾ .

അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു,

” എന്റെ പേര് രാഹുൽ . മംഗലത്തെ രാജലക്ഷ്മിയമ്മയുടെ മകൻ. നിന്റെ അച്ഛന്റെ പെങ്ങളുടെ മകൻ. നിന്റെ മുറച്ചെറുക്കൻ. ”

അവൾ കേട്ടത് സ്വപ്നമാണോ സത്യമാണോയെന്ന് മനസ്സിലാകാതെ അവൾ വീണ്ടും ചോദിച്ചു.

” നിജമാ ?”

” ഓ നിന്റെയൊരു തമിഴ് . ഞാൻ എന്തിന് പൊയ് സൊല്ലണം. ഞാൻ പറഞ്ഞത് സത്യമാ . പിന്നെ നീയെങ്ങിനെയാണ് കൈ നോക്കാൻ പഠിച്ചത് ?”

” ജീവിക്കണമല്ലോ. അതൊക്കെ വെറും വേഷം കെട്ട് . ”

” ശരിയാ അല്ലെങ്കിലും മലയാളികളെ പറ്റിക്കാൻ എളുപ്പമാണല്ലോ ”

” അയ്യോ അമ്മ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും. രാവിലെ പോന്നതല്ലേ ?”

അവൻ അമ്മയെ ഫോണിലൂടെ പറഞ്ഞു.

“ഹലോ അമ്മെ ഞാൻ രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞെ വരു. കുഞ്ഞേച്ചിയോട് രണ്ട് ദിവസം വീട്ടിൽ വന്ന് നിൽക്കാൻ പറയാം. ”

“നിനക്കെന്താ പറ്റിയെ?”

” എന്റെ കൂട്ടുകാരൻ ജയന്ത് ആക്സിഡന്റായി ആശുപത്രിയിലാ . അവന്റെ കൂടെ നിൽക്കാനാരുമില്ല.

രണ്ട് മൂന്ന് ദിവസം അവന് കൂട്ടായി നിൽക്കാമെന്ന് പറഞ്ഞുപോയി. ജീവിച്ചിരിക്കുമ്പോഴല്ലേമ്മേ മറ്റുളളവരെ സഹായിക്കാൻ പറ്റു . അപ്പറം ഒരു പ്രമാദമാന വിഷയം സൊല്ലട്ടുമാ ? സോറി, ഞാൻ ഒരു പ്രധാനപ്പെട്ട കാര്യം പറയട്ടെ . ചിലപ്പോൾ ഞാൻ വരുമ്പോൾ എന്റെ കൂടെ ഒരു പെൺകുട്ടിയുണ്ടാകും. ടൗണിൽ നിന്ന് കിട്ടിയതാ . അമ്മയ്ക്ക് സന്തോഷായോ ?”

” മോനെ രാഹുലെ നീ കുടിച്ചിട്ടുണ്ടോ ?”

“അമ്മയ്ക്കറിയില്ലേ ഞാനൊരു തികഞ്ഞ മദ്യവർജ്ജകനാണെന്ന് ”

” പിന്നെ നീയെന്തിനാ തമിഴിൽ പേശുന്നെ?”

“അതൊ, അതൊരു നീണ്ടകഥയാ , ഞാൻ വന്നിട്ട് വിശദമായി പറയാം. കഥ കേൾക്കാൻ തയ്യാറിയിരുന്നോ . ”

അമ്മയെ ഫോൺ ചെയ്ത് കഴിഞ്ഞപ്പോഴാണ് അവളുടെ പേര് ചോദിക്കാൻ മറന്നുവെന്ന കാര്യം ഓർമ്മ വന്നത്.

“മോളെ നിന്റെ പേരെന്താ?”

” വൈഗ ”

” നല്ല പേര്. പിന്നെ നിന്റെ മാമിയെ വിളിച്ചു പറയട്ടെ നീ ആശുപത്രിയിലാണെന്ന കാര്യം?”

“അവർ എന്റെ അടുത്ത ബന്ധുവൊന്നുമല്ല. ആരുമില്ലാത്തതു കൊണ്ട് ഞാൻ അവരുടെ അടുത്ത് നിന്നതാണ്. എന്തായാലും ഒന്നു വിളിച്ചു പറയാം. ”

” നീ വിളിക്കണ്ട ഞാൻ വിളിക്കാം.നമ്പർ പറഞ്ഞോളൂ.”

അവൾ കൊടുത്ത നമ്പറിലേക്ക് രാഹുൽ വിളിച്ചു.

“ഹലോ വൈഗയുടെ മാമിയാണോ?”

“എന്താ ?ആരാ ?”

” ജില്ലാശുപത്രിയിൽ നിന്ന് വിളിക്കുന്നു . വൈഗക്ക് ഒരാക്സിഡന്റ് ഉണ്ടായി. കുറച്ച് സീരിയസാണ്.

വേഗം വരണം ഒരു ഓപ്പറേഷനുണ്ട്. ഓപ്പറേഷന് ഒന്നുരണ്ട് ലക്ഷം രൂപ വേണ്ടിവരും. ”

” വൈഗയുമായി ഞങ്ങൾക്ക് ബന്ധമൊന്നുമില്ല. പാക്കരണ്ണൻ മരിച്ചപ്പോൾ അവളെ നോക്കാൻ ആരുമില്ലാത്തതു കൊണ്ട് ഞങ്ങൾ അവളെ കൂടെ കൂട്ടിയതാണ് . അവൾക്ക് വേണ്ടി ചിലവഴിക്കാൻ ഞങ്ങളുടെ കൈയിൽ പണമൊന്നുമില്ല. ”

ഇതു പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്തു.

വൈഗയുടെ മാമിയുടെ കോൾ രാഹുൽ റെക്കോർഡ് ചെയ്തിരുന്നു.

ഓപ്പറേഷൻ വാർഡിൽ നിന്ന് പേ വാർഡിലേക്കാണ് വൈഗയെ മാറ്റിയത്. ദിനങ്ങൾ കൊഴിയുന്നതിനനുസരിച്ച് അപരിചിതയായ വൈഗ പെങ്ങളായും കാമുകിയായും മാറുന്നുണ്ടായിരുന്നു.

ഓരോ ദിവസം കഴിയുന്തോറും അവൾ അതീവസുന്ദരിയായി മാറികൊണ്ടിരുന്നു. ഈ മാറ്റങ്ങളെല്ലാം അത്ഭുതത്തോടെ രാഹുൽ നോക്കിയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ വൈഗ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

വീട്ടിലേക്ക് പോകാൻ കാർ വിളിച്ച് വരുമ്പോൾ രാഹുൽ കണ്ടത് ഒരു സംഘം ആളുകൾ വൈഗയെ ബലം പ്രയോഗിച്ച് ഒരു കാറിൽ കയറ്റാൻ ശ്രമിക്കുന്നതായിരുന്നു. രാഹുൽ അവരെ തടഞ്ഞപ്പോൾ ഒരു സ്ത്രീ ചോദിച്ചു

“നിങ്കെയാര് ?”

” ഞാൻ രാഹുൽ . നിങ്ങളൊക്കെ ആരാണ് ?”

” ഞാൻ വൈഗയുടെ മാമി . അവളെ കൊണ്ടുപോകാൻ വന്നതാണ്. ”

” ഞാനന്ന് നിങ്ങളെ വിളിച്ചപ്പോൾ നിങ്ങളെന്താ വരാത്തത് ?, ”

” എനിക്ക് സുഖമില്ലായിരുന്നു. പിന്നെ ഇത് ചോദിക്കാൻ താനാരാ ?”

“ഞാനാരെങ്കിലുമാകട്ടെ, വൈഗെ നിനക്ക് ഇവരുടെ കൂടെ പോകണോ ?”

“വേണ്ട. ഏട്ടാ ഇവരെന്നെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുകയായിരുന്നു. എനിക്കിവരിൽ മാമിയെ മാത്രമെ പരിചയമുള്ളു. ”

മാമിയുടെ കൂടെ വന്നവർ രാഹുലിനെ ഉന്തിയിട്ടു വൈഗയെ കാറിൽ കയറ്റാൻ നോക്കി.

അപ്പോഴേക്കും കാഴ്ചക്കാരുടെ എണ്ണം കൂടികൊണ്ടിരുന്നു. ആശുപത്രി അധികൃതർ സ്റ്റേഷനിൽ അറിയിച്ചു.

പോലീസ് അവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

അവർ സ്റ്റേഷനിലെത്തിയപ്പോൾ ഒരുപാട് തമിഴന്മാരും സംഘടിച്ചെത്തിയിരുന്നു. രാഹുൽ അവന്റെ കൂട്ടുക്കാരെയും വിളിച്ചു. എസൈ നോക്കുമ്പോൾ സ്റ്റേഷൻ പരിസരം ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. രാഹുലിന്റെ സഹപാഠിയായിരുന്നു സ്ഥലം SI .

“എന്താ രാഹുലെ അണ്ണാച്ചിമാരുമായി ശ്നം? ഏതാ ഈ കുട്ടി ?”

അപ്പോഴേക്കും ഒരു ഗുണ്ടയെ പോലിരിക്കുന്നവൻ ഒരു സർഫിക്കറ്റുമായി വന്നു.

“സാർ ഇവൾ എന്റെ പൊണ്ടാട്ടിയാ. ഇത് നോക്ക് സാർ എന്നുടെ മാര്യേജ് സർട്ടിഫിക്കറ്റ് ”

വിവാഹ സർട്ടിഫിക്കറ്റ് പരിശോധിച്ചതിനു ശേഷം SI ,വൈഗയെ വിളിപ്പിച്ചു.

“നിനക്ക് ഇയാളെ അറിയുമോ ? ഇയാൾ നിന്റെ ഭർത്താവാണോ ?”

“ഇല്ല സാർ എനിക്കിയാളെ അറിയില്ല. ഞാൻ ആദ്യമായിട്ടാ കാണുന്നെ. ”

അവളുടെ മാമി ഇടയിൽ കയറി പറഞ്ഞു.

” ഇവൾക്ക് കുറച്ചു നാളായി മനോനില തെറ്റിയിരിക്കുകയാ സാർ. അണ്ണൻ പറഞ്ഞത് നിജമാ സാർ ”

രാഹുൽ SI യെ വിളിച്ച് തന്റെ ഫോണിൽ റിക്കാർഡ് ചെയ്ത ഫോൺ കോൾ കേൾപ്പിച്ചു. ആ നമ്പറിലേക്ക് വിളിച്ചപ്പോൾ മാമിയുടെ ഫോൺ റിംഗ് ചെയ്തു. അതൊടെ മാമിയെ SI ഒന്നു വിരട്ടി.

അവൾ തത്ത പറയുന്നതു പോലെ കാര്യങ്ങളെല്ലാം പറഞ്ഞു. ഭർത്താവായി ചമഞ്ഞുവന്നവന് വൈഗയെ വിൽക്കാനായിരുന്നു അവരുടെ പ്ലാൻ .

എ സൈ വൈഗയോട് ആരുടെ കൂടെ പോകാനാണ് ഇഷ്ടമെന്ന് ചോദിച്ചതിന് രാഹുലിന്റെ കൂടെ പോകണമെന്നായിരുന്നു.

” എടാ രാഹുലെ നിനക്കിവളെ രജിസ്റ്റർ മാര്യേജ് ചെയ്തു കൂടെ?”

” ചെയ്യാം. ”

“എങ്കിൽ വെച്ചു താമസിപ്പിക്കണ്ട വണ്ടി രജിസ്റ്റർ ആപ്പിസിലേക്ക് വിട്ടോ ”

എ സൈ പച്ചക്കൊടി വീശിയത്തോടെ രാഹുലും കൂട്ടുക്കാരും രജിസ്റ്റർ ഓഫിസിൽ പോയി വിവാഹം രജിസ്റ്റർ ചെയ്തു.

രാഹുലിന്റെ കാർ വീട്ടുമുറ്റത്തെത്തുമ്പോൾ അമ്മ കത്തിച്ച നിലവിളക്കുമായി കാത്തിരിക്കുന്നുണ്ടായിരുന്നു.

ശുഭം…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Saji Mananthavady.

Leave a Reply

Your email address will not be published. Required fields are marked *