അമ്മയിനി ചോറും ഒരു മണ്ണാങ്കട്ടേം ഇണ്ടാക്കണ്ട… ഞാൻ പൊറത്തൂന്ന് കഴിച്ചോളാം …

രചന : സലിം പടിഞ്ഞാറ്റുംമുറി

പ്രാർഥനാനാളങ്ങൾ

❤❤❤❤❤❤❤❤

“ഹ ..മണി ഒന്ന് അടിച്ചതല്ലേ ഒള്ളൂ അപ്പോഴേക്കും നീ ഫയൽ മടക്കിയോ…?”

“ങാ.. ഫയല് ആരും എടുത്തോണ്ട് പോവില്ല…ഒരാനയെ തിന്നാന്ള്ള വെശപ്പ്ണ്ട് ..നീ വരുന്നെങ്കി എണീക്ക്…”

” നീ ചെല്ല് …ആനയെ ഏതായാലും എനിക്ക് ദഹിക്കില്ല… നിൻറെ അമ്മയിണ്ടാക്കിയ അവിയല് കൊറച്ച് മാറ്റിവെക്ക് …”

ഡൈനിങ് റൂമിൽ ചെന്ന് ടിഫിൻ ബോക്സ് തുറന്ന് ധൃതിയിൽ ചോറ് വാരിയതും ഒരു നീണ്ട മുടിയാണ് ആദ്യം കയ്യിൽ ചുറ്റി പിണഞ്ഞത്.

വാരിയ വറ്റ് തിരിച്ച് പാത്രത്തിലേക്ക് തന്നെ ഇട്ട് രോഷത്തോടെ അടച്ച്, ആരെങ്കിലും കണ്ടോ എന്ന് ചുറ്റും ഒന്ന് നോക്കി.

“എന്തോന്നടെ ഇന്നും കിട്ടിയോ…?”

രമേശൻറെ ചോദ്യം കൂടി കേട്ടപ്പോൾ ദേഷ്യവും നാണക്കേടും ഒക്കെക്കൂടി അടിമുടി ആകെ പെരുത്തു കയറി.

ഇതിങ്ങനെ വിട്ടാൽ പറ്റില്ല അമ്മയെ വിളിച്ച് കണക്കിന് കൊടുത്തില്ലെങ്കിൽ വീണ്ടും നാണംകെടേണ്ടിവരും .

പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് വിളിക്കാൻ ഒരുങ്ങിയതും അമ്മ ഇങ്ങോട്ട് വിളിക്കുന്നു.

അറ്റൻഡ് ചെയ്തു.

” അമ്മയ്ക്ക് തൃപ്തിയായല്ലോ …? ”

“എന്താ മോനെ…?” അമ്മയുടെ ഉത്കണ്ഠാകുലമായ മറുചോദ്യം.

” കുന്തം… എവിടെ നോക്കിയാ അമ്മ ആഹാരം ഇണ്ടാക്കണത്…?”

” എന്താടാ …സാമ്പാറിന് എരിവ് കൂടിയോ…?”

” അമ്മയ്ക്ക് അടുക്കളേ കേറുമ്പം തലമുടിയൊന്ന് കെട്ടിവെച്ചൂടേ…? ഇതിപ്പോ എത്രാമത്തെ പ്രാവശ്യാ ആഹാരത്തീന്ന് അമ്മടെ മുടി കിട്ടണത്…?”

അമ്മയ്ക്ക് മിണ്ടാട്ടമില്ല എന്ന് കണ്ടപ്പോൾ

” അവടന്ന് ചോറും കെട്ടിപ്പൊതിഞ്ഞോണ്ട് വരണത് അമ്മയുടെ കൈപ്പുണ്യം കൊണ്ടൊന്നുമല്ല…

ഇച്ചിരി കാശ് ലഭിക്കാനാണ് …മര്യാദക്ക് ഒരു ചോറ് കിട്ടണോങ്കി രൂപാ 150 എണ്ണി കൊടക്കണം..

അങ്ങേത്തലക്കലെ മൗനം അവൻറെ രോഷം ഒന്നുകൂടി ഇരട്ടിപ്പിച്ചു.

” ഒര് കാര്യം ചെയ്യ്… അമ്മയിനി ചോറും ഒരു മണ്ണാങ്കട്ടേം ഇണ്ടാക്കണ്ട… ഞാൻ പൊറത്തൂന്ന് കഴിച്ചോളാം … ”

ഒന്ന് രണ്ട് നിമിഷങ്ങൾക്ക് ശേഷം ഇടറിയ ഒരു മറുപടി കേട്ടു .

“അമ്മ ധൃതിപിടിച്ച് ഇണ്ടാക്കിയതാ കുട്ട്യേ… തലവേദന എടുത്തട്ട് കണ്ണുകാണാൻ മേലായിരുന്നു അമ്മയ്ക്ക്…. ”

“എന്നാ പിന്നെ അത് പറയാൻ വയ്യാരുന്നോ…? ഈ തല മുടി തിന്നേണ്ടി വരില്ലായിരുന്നല്ലോ…”

” സാരല്യ കുഞ്ഞേ…അമ്മടെ കുട്ടി ഇനി അത് കഴിക്കണ്ടട്ടോ .. ഛർദ്ദില് വരും …

ഈശരാ..ഇനിയിപ്പോ എന്താ ൻറെ കുട്ടി കഴിക്ക്യാ…? അവിടെ ഹോട്ടല് ”

“അമ്മ ഫോൺ വെക്ക്…”

അമ്മയെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ രോഷത്തോടെ ഫോൺ കട്ട് ചെയ്തു.

കുറെ നേരം പിറുപിറുത്തുകൊണ്ട് അവിടെ തന്നെ ഇരുന്നശേഷം ചോറ്റുപാത്രമെടുത്ത് വേസ്റ്റ് ബിന്നിൽ കളയാൻ നേരം ഒരു വട്ടം ആ മുടിയിൽ ഒന്ന് കണ്ണുടക്കി .

ഒരു നിമിഷം …!

അവൻ ആ മുടി ഉയർത്തി നോക്കി.

ഉള്ളിൽ ഒരു നോവ്..!

ഈശ്വരാ.. എൻറെ അമ്മയുടെ മുടി ഇത്രയധികം നരച്ചോ…

ചുറ്റുമൊന്ന് കണ്ണു പായിച്ച ശേഷം വീണ്ടും ആ മുടിയിലേക്ക് തന്നെ നോക്കി.

ചങ്കിൽ ഒരു പിടച്ചിൽ…

എത്ര പെട്ടെന്നാണ് അമ്മയ്ക്ക് വയസ്സായത്.

ചോറ് വേസ്റ്റ് ബിന്നിലേക്ക് കുടഞ്ഞ് തിരിഞ്ഞു നടന്ന് വന്ന് കസേരയിലേക്ക് ചാഞ്ഞ് പതുക്കെ കണ്ണടച്ചു

ഉള്ളിലെ നീറ്റൽ മാറുന്നില്ല.

എത്ര പെട്ടെന്നാണ് തനിക്ക് അമ്മയുടെ മുടിയോട് അറപ്പ് തോന്നിയത്. കുഞ്ഞുന്നാളിൽ ഉറക്കം വരാത്ത രാത്രികളിൽ കാച്ചെണ്ണയുടെ മണമുള്ള കറുത്തിരുണ്ട് ഇടതൂർന്ന ആ മുടിയിൽ മുഖം ചേർത്തുറങ്ങുമ്പോൾ എന്തൊരു തണുപ്പായിരുന്നു മനസ്സിനും ശരീരത്തിനും.

അതേ മുടി കയ്യിൽ തടഞ്ഞതിന് ഇന്ന് അമ്മയോട് വല്ലാതെ തട്ടിക്കയറിരിക്കുന്നു.

രണ്ടുമൂന്നു തവണ അമ്മ പറഞ്ഞതാണ് മുടി വല്ലാണ്ട് കൊഴിയുന്നുണ്ട് എണ്ണ വാങ്ങിക്കൊണ്ടു കൊടുക്കാൻ .

കഴിഞ്ഞയാഴ്ച്ചയും ധൃതിയിൽ ബൈക്കുമെടുത്ത് ഇറങ്ങാൻ നേരം അമ്മ ഓർമിപ്പിക്കുന്നത് കേട്ടു.

” അമ്മയ്ക്ക് ഇപ്പൊ തല നെറയെ മുടിയിണ്ടായിട്ട് ആര് കാണാനാ…?”

തൻറെ മറുചോദ്യം അമ്മയ്ക്ക് വേദനിച്ചോ എന്നൊന്നും നോക്കിയില്ല.

കുപ്പി പൊട്ടിച്ചു കാത്തിരിക്കുന്ന കൂട്ടുകാർക്കടുത്തെത്താനുള്ള ആവേശമായിരുന്നു മനസ്സ് മുഴുവൻ .

അതോടെ അമ്മ നിർത്തി.

കുറ്റബോധം വീണ്ടും മനസ്സിനെ അലട്ടുന്നു.

ആ പാത്രത്തിലെ നരച്ച മുടിയേ താൻ കണ്ടുള്ളൂ. കൈപ്പുണ്യവും സ്നേഹവും ചേർത്ത് അമ്മ ഉണ്ടാക്കിത്തന്ന ചോറും കറിയും താൻ കണ്ടില്ല.

തൻറെ വയറുനിറയാൻ വേണ്ടി ചോറ്റുപാത്രത്തിൽ കുത്തിനിറച്ച കരുതൽ കണ്ടില്ല .

ആ ചോറ് ഉണ്ടാക്കാൻ അമ്മ എത്ര നേരത്തെ എണീറ്റിട്ടുണ്ടാവണം.

മറ്റുള്ള അമ്മമാരെ പോലെ പത്തുമാസം ചുമന്നതിൻ്റെയും നൊന്തുപെറ്റതിൻ്റെയും കണക്ക് ഒരിക്കൽ പോലും അമ്മ പറഞ്ഞിട്ടില്ല ഇതുവരെ .

എന്നിട്ടും ഇന്ന് അമ്മയോട് ഒരു നേരത്തെ ചോറിൻ്റെ കണക്ക് പറഞ്ഞു.

ഫോണിൻറെ ബെൽ വീണ്ടും ചിന്തയിൽ നിന്നുണർത്തി .

അമ്മയാണ് .

താൻ കഴിച്ചോ എന്ന് അറിയാൻ വേണ്ടിയായിരിക്കും.

ഈ സമയം ഫോൺ അറ്റൻഡ് ചെയ്താൽ പരുക്കൻ എന്ന് വിളിപ്പേരുള്ള തൻ്റെ തൊണ്ടയിടറുന്നത് സഹപ്രവർത്തകർ കാണും.

ഫോൺ കട്ട് ചെയ്തു .

താൻ അമ്മയിൽനിന്നും വല്ലാണ്ട് അകന്നിരിക്കുന്നു.

ചെറുപ്പത്തിൽ എന്തെങ്കിലുമൊക്കെ കണ്ട് പേടിച്ചു കരയുമ്പോൾ അണച്ചു പിടിച്ചു കൊണ്ട് അമ്മ പറയുമായിരുന്നു … അമ്മടെ ഉണ്ണി എന്തിനാ പേടിക്ക്ണെ …അമ്മയില്ലേ കൂടെ എന്ന് .

ആ അമ്മയ്ക്കിപ്പോൾ തന്നെ പേടിയാണ്.

എവിടെയാണ് പിഴച്ചത്?

ജോലിയും ആവശ്യത്തിനു പണവുമായപ്പോൾ എല്ലാം മറന്നു .

അമ്മയെ മറന്നു.

അച്ഛനെ മറന്നു.

അച്ഛൻ്റെ വാക്കുകൾ മറന്നു .

ഓഫീസിൽ വന്ന ഒരു വയസ്സൻ രോഷത്തോടെ പറഞ്ഞതുപോലെ തൻറെ അച്ഛൻ സർവീസിലിരിക്കെ മരിച്ചില്ലായിരുന്നെങ്കിൽ തനിക്കീ സ്ഥാപനത്തിൻറെ കോമ്പൗണ്ടിൽ കയറാനുള്ള യോഗ്യത പോലും ഉണ്ടാകില്ലായിരുന്നു.

അച്ഛൻ മരിക്കുമ്പോൾ ഒറ്റ കാര്യമേ പറഞ്ഞുള്ളൂ.

അമ്മയ്ക്ക് താങ്ങാവണമെന്ന്.

അമ്മയെ നന്നായി നോക്കണമെന്ന് .

സത്യത്തിൽ അമ്മയെ ശരിക്കൊന്നു നോക്കിയിട്ട്,

ഒന്ന് നേരെ നിന്ന് സംസാരിച്ചിട്ട് ദിവസങ്ങൾ എത്രയായി.

അച്ഛൻ മരിക്കുവോളം അമ്മ രാജ്ഞി തന്നെയായിരുന്നു.

എത്ര പെട്ടെന്നാണ് താൻ കാരണം വെറുമൊരു ദാസിയെപ്പോലെയായത്.

അമ്മയ്ക്കിപ്പോ സ്വന്തം ഇഷ്ടങ്ങൾ ഇല്ലാതായിരിക്കുന്നു.

ആഗ്രഹങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു.

ആഗ്രഹിച്ചിട്ട് കാര്യമില്ല എന്ന് തോന്നി തുടങ്ങിയിട്ടുണ്ടാവും.

ഈയിടെ സാവിത്രി ടീച്ചർ കാണാൻ വന്നപ്പോൾ അവരോട് ചോദിക്കുന്നത് കേട്ടു

നീ എന്താടി കാറിൽ വന്ന് പത്രാസ് കാണിക്കാതെ ബൈക്കിൽ പോന്നതെന്ന്…

ടീച്ചറുടെ മകനാണ് മറുപടി പറഞ്ഞത് .

അമ്മയ്ക്കേയ് ഈ ബൈക്കിന് പിറകിലിരുന്ന് കാഴ്ചകൾ ഒക്കെ കണ്ടങ്ങനെ യാത്ര ചെയ്യണത് വലിയ ഹരമാണ് ..

ടീച്ചർ ചോദിക്കുന്നുണ്ട്

അല്ലെടി ..നിനക്ക് മോട്ടോർ സൈക്കിളിൽ കയറാനും കറങ്ങി നടക്കാനും ഒന്നും താൽപര്യമില്ലേ..?

” പിന്നേ … ഞാൻ നെന്നെപ്പോലെ പതിനാറ്കാരിയല്ലേ..?

മറുപടി പറഞ്ഞത് അങ്ങനെയാണെങ്കിലും അവർ പോകാൻ നേരം അമ്മ ആ ബൈക്കിനു ചുറ്റും നടക്കുന്നതും അതിനെ തൊട്ടുഴിയുന്നതും കണ്ടു.

” ശ്രീ കുമാർ … താനാ ഫയൽ തീർത്തോ?

സാബു സാറിൻ്റെ ചോദ്യം ചിന്തയിൽ നിന്നുണർത്തി.

” അത് നാളെ തീർക്കാം… ”

ഫയൽ മടക്കിവെച്ച് ചാവിയും ബാഗുമെടുത്ത് ഇറങ്ങി.

വീടിനു മുമ്പിൽ ബൈക്ക് നിർത്തി ഇറങ്ങുമ്പോൾ വാതിൽ പൂട്ടി എങ്ങോട്ടോ പോകാനൊരുങ്ങുകയാണ് അമ്മ.

“അമ്മ എങ്ങട്ടാ…?”

തെല്ലൊരു ഭയത്തോടെ അമ്മ : “തല വേദന സഹിക്കാൻ പറ്റാത്തതോണ്ട് ദാസനെ വിളിച്ചതാ കുഞ്ഞേ…

മ്മടെ ഹെൽത്ത് സെൻററില് നല്ലൊരു ഡോക്ടർ വന്നിട്ടുണ്ട്… അമ്മ വേഗം പോയി വരാം…

അമ്മ ചോറെടുത്ത് വച്ചിട്ട്ണ്ട് ട്ടോ… നെനക്കിഷ്ടപ്പെട്ട തോരനൂംണ്ട്… എവടേലും പോകുവാണെങ്കി നേർത്തെ വരണ ട്ടോ.. അമ്മയ്ക്ക് എടയക്ക് തല ചുറ്റ്ണണ്ട് .. ”

ശരിയാണ്. രണ്ടുദിവസമായി അമ്മ പറയുന്നു നല്ല തല വേദനയുണ്ടെന്ന്…

കേൾക്കാൻ പോലും മെനക്കെട്ടില്ല.

കാശു കൊടുത്തു ഓട്ടോക്കാരനെ പറഞ്ഞു വിട്ടത് കണ്ട് അമ്മയിൽ അമ്പരപ്പ് .

ബൈക്ക് സ്റ്റാർട്ട് ചെയ്തു.

“അമ്മ കേറ് …”

അമ്മ അവിശ്വസനീയതയോടെ ഒന്ന് നോക്കി.

അമ്മയുടെ കയ്യിൽ മൃദുലമായി പിടിച്ചു.

“ഹ .. കേറമ്മേ…”

” ഇതിലോ …”

“എന്താ .. അമ്മയ്ക്ക് പേടിയിണ്ടോ…?”

ചിരിയോടെയാണ് ചോദിച്ചത്.

വളരെക്കാലങ്ങൾക്കു ശേഷം കണ്ട ചിരിയിൽ അമ്മയുടെ ഉള്ള് തണുക്കുന്നത് മുഖത്ത് കണ്ടു.

“നീയിണ്ടാകുമ്പോ അമ്മ എന്തിനാടാ പേടിക്കണത്…”

“എന്നാ കേറ് ..”

ബൈക്ക് ഗേറ്റ് കടന്നു.

“എൻ്റമ്മേ… എനിക്ക് കുഷ്ഠരോഗം ഒന്നും ഇല്ല… ഒന്നിങ്ങട് ചേർന്നിരി….”

അമ്മയുടെ കയ്യെടുത്ത് സ്വന്തം വയറ്റിൽ പിടിപ്പിച്ചു.

മകൻ്റെ വയറ്റിൽ ചുറ്റിപ്പിടിക്കുമ്പോൾ, എണ്ണ തേക്കാൻ കൂട്ടാക്കാതെ ഓടുന്ന ഉണ്ണിയെ പിടിച്ച് വലിച്ചടുപ്പിക്കുന്നതായാണ് തോന്നിയത് .

അവർ മകനോട് ഒന്നു കൂടി ചേർന്നിരുന്നപ്പോൾ വല്ലാത്തൊരു സുരക്ഷിതത്വം അനുഭവിച്ചു.

റോഡിനിരുവശത്തെയും കാഴ്ച്ചകൾ കണ്ട്, തഴുകിവരുന്ന ഇളം കാറ്റേറ്റ് അങ്ങനെ യാത്ര ചെയ്യുമ്പോൾ അവർ പഴയ ഓർമയിലേക്ക് പോയി .

ഈശ്വരാ ഈ നാട് ഇത്രയധികം മാറിയോ…?

എത്ര നാളായി താൻ ഇതുപോലൊന്ന് പുറത്തിറങ്ങിയിട്ട് .

വാ തോരാതെ സംസാരിച്ചു കൊണ്ട്, ഓരോ കാഴ്ചകൾ കാണിച്ചു തന്നു കൊണ്ടിരിക്കുന്ന മകനോട് ഒട്ടിച്ചേർന്ന് യാത്രയാകുമ്പോൾ അവരുടെ ഉള്ളു നിറഞ്ഞു.

ഒരു വീടിനു മുമ്പിൽ ബൈക്ക് നിർത്തി അവൻ ഇറങ്ങിയപ്പോൾ അമ്പരപ്പോടെ അവർ മകനെ നോക്കി.

“എന്തേടാ…?”

“എന്തേന്നോ…!? ഈ ഡോക്ടറെയല്ലേ അമ്മ കാണിക്കണംന്ന് പറഞ്ഞത്…?”

ഒരു നിമിഷം …!

അവരുടെ കണ്ണിൽ പെട്ടെന്ന് നീർ നിറഞ്ഞു തുളുമ്പി കവിളിലൂടെ ഒലിച്ചിറങ്ങി .

“എന്താമ്മേ..!.? എന്തിനാ അമ്മ കരയണത്..?”

“അമ്മടെ തലവേദന മാറിയെടാ… ഇപ്പൊ വല്ലാത്ത സുഖം തോന്നണൂ…”

നെഞ്ച് ഒന്നു പിടഞ്ഞു.

നിറഞ്ഞ കണ്ണുകൾ അമ്മ കാണാതിരിക്കാൻ പാടുപെട്ട് വേഗം ബൈക്കിൽ കേറി.

” പോകാം…”

അവനോർത്തു.

അമ്മയ്ക്ക് എന്തായിരുന്നു അസുഖം എന്ന് ഇപ്പോഴാണ് തിരിച്ചറിയാൻ കഴിഞ്ഞത് .

ബീച്ചിനോട് തൊട്ടു ചേർന്നുള്ള റോഡിൽ വണ്ടി നിർത്തി ഇറങ്ങിയ ശേഷം.

” അമ്മ വാ നമുക്ക് ഇച്ചിരി നേരം അവിടെ ഇരിക്കാം… നല്ല കാറ്റ് ണ്ട്…”

സമ്മതത്തിന് കാത്തുനിൽക്കാതെ അമ്മയെ പിടിച്ചു കൊണ്ട് നടന്ന് ഒരു മരത്തണലിൽ ഇരുന്നു .

ഐസ്ക്രീം വാങ്ങി അമ്മയ്ക്ക് നേരെ നീട്ടിയപ്പോൾ അവർ അമ്പരപ്പോടെ തടഞ്ഞു.

” അയ്യോ.. അമ്മയ്ക്ക് വേണ്ട കുട്ട്യേ… ശ്വാസംമുട്ടല് കൂടും.

” അതിനാണ് ഡോക്ടർമാർ .. ദാ…അവടെ ഇരിക്കാം… ”

ഫോണിൽ വന്ന കോൾ കട്ട് ചെയ്ത് അവൻ നടന്നു.

കളിപ്പിക്കാനെന്ന പോലെ മകനെ ഉമ്മ വെച്ച് തിരിച്ചുപോയി വീണ്ടും ഉമ്മ വെക്കാൻ വരുന്ന അമ്മയെപ്പോലെ , അലയടിച്ച വന്ന് കരയെ ചുംബിച്ച് തിരിച്ചു പോകുന്ന തിരമാലകളെ നോക്കിയങ്ങനെ ഇരിക്കുമ്പോൾ അവർ പറഞ്ഞു :

“പണ്ട് ഇങ്ങനെ സ്വസ്ഥമായി കടലിനെ നോക്കി ഇരിക്കാൻ പേടിയായിരുന്നു… ”

” അതെന്തേ അമ്മേ… അച്ഛൻ ഉണ്ടായിരുന്നില്ലേ കൂടെ … പിന്നെ എന്തിനാ അമ്മ പേടിച്ചിരുന്നത്..?”

“അച്ഛൻ ഇണ്ടായിരുന്നു.. പക്ഷേ കടല് കണ്ടാൽ നീ അടങ്ങിയിരിക്കില്ലാർന്നല്ലോ… കണ്ണുതെറ്റിയാൽ വെള്ളത്തിലേക്കോടും … മക്കളെ എപ്പഴും കൺവെട്ടത്ത് കാണാത്ത അമ്മമാർക്ക് സ്വസ്ഥത ഇണ്ടാവില്ലെടാ..”

വാത്സല്യത്തോടെ ഒന്ന് നോക്കിയ ശേഷം അമ്മയെ ഒന്ന് അണച്ചു പിടിച്ചു.

“ഇന്ന് അമ്മ സ്വസ്ഥമായി ഇരുന്നു തിരമാലകൾ കണ്ടോളൂട്ടോ… ഞാൻ വെള്ളത്തിലേക്ക് ഓടില്ല… തീർച്ച… ”

അങ്ങു ദൂരെ സൂര്യൻ്റെ പൊൻകിരണങ്ങളെക്കാൾ തിളക്കം അമ്മയുടെ കണ്ണിൽ കണ്ടു.

വീണ്ടും ഫോൺ റിങ്ങ് ചെയ്തപ്പോൾ കട്ട് ചെയ്യാനൊരുങ്ങി.

അമ്മ : “എടുക്കടാ…”

” ഏയ് ..അത് ഫ്രണ്ട്സാ…”

” എന്നാലും എടുത്തു നോക്ക്… എന്തേലും അത്യാവശ്യം കാണും… ”

അറ്റൻഡ് ചെയ്തു: “ങാ…പറ”

“നീ എവടാ ശ്രീ …? എടാ ഒര് കിണ്ണൻ മിലിട്ടറി സംഘടിപ്പിച്ച് ട്ട്ണ്ട്… ഞങ്ങൾ ഓരോന്ന് വിട്ടു…ഇതിപ്പ തീരും ട്ടോ …”

മകൻ്റെ മുഖത്തേക്കൊന്നു നോക്കി ,പോകാൻ എണീറ്റു:

“നിനക്ക് പോവണ്ടേ…”

അമ്മയെ അവിടെത്തന്നെ പിടിച്ചിരുത്തി ഒന്നുകൂടി ചേർത്തു പിടിച്ച ശേഷം ഫോണിൽ

” ഞാനിപ്പൊ അതിലും വല്യ ഒര് ലഹരിയിലാടാ…”

“ഓഹോ… നമ്മക്കിട്ട് ആസ്സാക്കിയല്ലേ…? ഏതാടാ ബ്രാൻ്റ് ..? പുതിയതാ…?”

ചുളിവു വീഴാൻ തുടങ്ങിയ അമ്മയുടെ കൈവിരലുകളിൽ സ്വന്തം വിരൽ കോർത്ത് മുറുകെപ്പിടിച്ച ശേഷം ഒട്ടൊരു ഗദ്ഗദത്തോടെ :

‘പഴയ ബ്രാൻ്റ് തന്നെയാടാ… പേര് ഭാനുമതി… ഇതിനോളം ലഹരി വേറൊര് ബ്രാൻ്റിനും കിട്ടില്ലെടാ…”

മറുപടിക്ക് കാക്കാതെ ഫോൺ കട്ട് ചെയ്തു.

അസ്തമനസൂര്യൻ്റെ പൊൻകിരണങ്ങൾ കടലിൽ അലിഞ്ഞില്ലാതായപ്പോൾ അമ്മയുടെ കൈപ്പി=ടിച്ച് എഴുന്നേറ്റു.

ബൈക്കിനു പിറകിൽ മകനോടൊട്ടിച്ചേർന്ന് മടങ്ങവേ ,കുഞ്ഞുന്നാളിൽ നഷ്ടപ്പെട്ട മകനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവരുടെ ഉള്ളു നിറഞ്ഞു.

ചുറ്റുമുള്ള കാഴ്ച്ചകളിലേക്ക് വീണ്ടും കണ്ണു പായിച്ചു

ഈശരാ… കണ്ണു കാണുന്നില്ലല്ലോ .. കാഴ്ച്ചകൾ മങ്ങിയോ…?

ഇല്ല … കണ്ണുകൾ നിറഞ്ഞത് കൊണ്ട് കാണാൻ പറ്റാത്തതാണ്…

നഷ്ടപ്പെട്ട അമൂല്യമായ തെന്തോ തിരിച്ചുകിട്ടിയിരിക്കുന്നു.

ആനന്ദത്തോടെ മകൻ്റെ ദേഹത്തേക്ക് ചാഞ്ഞു.

മുതുകിൽ ചൂടുള്ള നനവ് വീണപ്പോൾ നിർവൃതിയോടെ അവനോർത്തു.

കറുത്ത മേഘങ്ങളെല്ലാം നീങ്ങി മാനം തെളിയുവോളം പെയ്തു തീരട്ടെ..

ഇനിയൊരിക്കലും സങ്കടപ്പെയ്ത്ത് പെയ്യാതിരിക്കട്ടെ…

പ്രിയപ്പെട്ട പ്രാർഥനാനാളം ഇനിയൊരിക്കലും അണയാതിരിക്കട്ടെ.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സലിം പടിഞ്ഞാറ്റുംമുറി

Leave a Reply

Your email address will not be published. Required fields are marked *