എന്റെ ശിവേ ആദ്യത്തെ പ്രസവം ആണ് അത് സുഖ പ്രസവം ആയിരിക്കാൻ പ്രാർഥിക്ക്..

രചന : ശിവപാതി.

സുഖപ്രസവം.

❤❤❤❤❤❤❤

“എന്റെ ശിവേ ആദ്യത്തെ പ്രസവം ആണ് അത് സുഖ പ്രസവം ആയിരിക്കാൻ പ്രാർഥിക്ക്..

ഇല്ലെങ്കിൽ ജീവിത കാലം മുഴുവൻ കുഞ്ഞിന്റെ ഒപ്പം ഒരു നടുവേദന കൂടെ ഫ്രീ ആയി കിട്ടും ”

ഗർഭിണി ആയെന്ന് അറിഞ്ഞപ്പോൾ തൊട്ട് എന്നേ അറിയുന്ന എല്ലാരുടെയും ഉപദേശം ആയിരുന്നു ഇത്

അത്യാവശ്യം നന്നായി ജോലി ഒക്കെ ചെയ്താൽ സുഖപ്രസവം ആയിരിക്കും. എന്നൊക്കെ ഉള്ള കാര്യങ്ങൾ എന്റെ ചെവികളെ തഴുകി എന്നും കടന്നു പോയിരുന്നു. ..

സിസേറിയൻ ആയിരിക്കുമോ സുഖപ്രസവം ആയിരിക്കുമോ എനിക്ക് എന്ന് ഇടയ്ക്ക് ഇടയ്ക്ക് ഞാനും ചിന്തിക്കുമായിരുന്നു.അഞ്ചാറ് പ്രസവിച്ച അമ്മച്ചിമാരൊക്കെ പപ്പായ കുത്തി ഇടുന്നത് പോലെ വളരെ സിംപിൾ ആക്കി മാറ്റി സുഖപ്രസവത്തെ എന്റെ മുമ്പിൽ. അങ്ങനെ ഞാനും സുഖപ്രസവത്തെ സ്വപ്നം കണ്ട് തുടങ്ങി.

ഇടയ്ക്ക് ഒക്കെ സിസേറിയനെ കുറിച്ച് ചിന്തിച്ചെങ്കിലും അനസ്ഥേഷ്യ എന്നാ ഭീകരനെ ഓർത്തു ഞാൻ സ്വയം അടങ്ങി. വയർ വലുതായി വരും തോറും ഉള്ളിൽ എവിടെയൊക്കെയോ ഒരു പേടി വരുന്നോ എന്ന് ഒരു സംശയം എനിക്ക് ഇല്ലാതിരുന്നില്ല. അങ്ങനെ ഏഴാം മാസം ഏഴു കൂട്ടം പലഹാരങ്ങളുമായ് വന്നു എന്നേ എന്റെ വീട്ടിലേക്ക് കൊണ്ടു വന്നു.

അവിടുന്ന് പിന്നേ അങ്ങോട്ട് ഒരു യുദ്ധം ആയിരുന്നു

“തീറ്റ കാര്യത്തിൽ “. വേണ്ടുന്നതും വേണ്ടാത്തതും ഒക്കെ ഞാൻ അമ്മയെ കൊണ്ടു ഉണ്ടാക്കി തിന്ന് തിന്നു സുഖിച്ചു. ഇടയ്ക്ക് അമ്മയോട് ഞാൻ സുഖപ്രസവത്തെ കുറിച്ച് ചോദിച്ചു. അമ്മ എന്നെയേയും അനിയത്തിയേയും ഈ പറയുന്ന സുഖപ്രസവത്തിലൂടെ ആണേ ഭൂമിയിലേക്ക് എത്തിച്ചത്. എല്ലാത്തിനും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ട് എന്ന അമ്മയുടെ മറുപടി എന്നേ ഇരുത്തി ചിന്തിപ്പിച്ചു. അതിൽ ഒരു കുത്ത് ഇല്ലേ ?

പക്ഷെ ഗർഭിണിയെ കാണാൻ വരുന്നവരുടെ സുഖപ്രസവ കഥകൾ എന്റെ ചിന്തകളുടെ മുന ഒടിച്ചു.

ഇതൊക്ക പറഞ്ഞാലും മാർച്ച് 4 ആയിരുന്നു എന്റെ ഡേറ്റ്. അങ്ങനെ ദിവസങ്ങൾ എണ്ണി ഞാൻ ഫെബ്രുവരിയിലേക്ക് കടന്നു. ഇനി ഒരു മാസം കൂടെ.. ആൺകുട്ടി ആയിരിക്കുമോ പെൺകുട്ടി ആയിരിക്കുമോ എന്നൊക്ക ഓർത്തു ദിവസങ്ങൾ ഞാൻ ഓടിച്ചു വിട്ടു. അങ്ങനെ ഇരിക്കുമ്പോഴാണ് ഫെബ്രുവരി 7.. ( ഡേറ്റ് ഇത്ര കൃത്യമായി എങ്ങനെ ഓർത്തിരിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വഴിയേ കിട്ടുന്നതാവും ) വീട്ടിൽ ഒരു ഗർഭിണി ഉള്ളതല്ലേ അവൾക്ക് വെച്ചു ഉണ്ടാക്കി കൊടുക്ക് എന്നും പറഞ്ഞു എന്റെ പിതാശ്രിയുടെ കൈൽ ഒരു ചക്ക ആരോ കൊടുത്തു വിട്ടത്.

അമ്മയത് വെയ്ക്കുന്നതിന് ഇടയിൽ ആണ് ഞാൻ ആ കൊതി പറഞ്ഞത്

” മാങ്ങാ ഇട്ട മത്തി കറി ” എന്നേ ഒന്നു രൂക്ഷമായി നോക്കിയെങ്കിലും അച്ഛനെ ഏതോ മാവിൽ കേറ്റി ഉച്ച ആയപ്പോഴേക്കും ചക്കയും മാങ്ങാ ഇട്ട മീൻ കറിയും റെഡി.

രണ്ടാണോ മൂന്നാണോ എത്ര പ്ലേറ്റ് ചക്ക അകത്താക്കി എന്ന വല്യ ഓർമ ഇല്ല.എങ്കിലും എഴുന്നേൽക്കാൻ അമ്മ വേണമായിരുന്നു.അവിടം കൊണ്ടും എന്റെ ആക്രാന്തം തീർന്നില്ല. രാത്രി അത്താഴത്തിനും ഞാൻ ചക്കയേയും മീൻ കറിയെയും ആക്രമിച്ചു.വയർ വല്ലാതങ്ങു നിറഞ്ഞു വല്ലാത്തൊരു ആത്മ സംതൃപ്തിയിൽ ഏകദേശം പത്തരയോടെ എന്നേ നിദ്ര ദേവി പുൽകി.

ഉറക്കത്തിന്റെ ഏതോ മൂത്ത യാമത്തിൽ വയറ്റിൽ ഒരു അനക്കം.. കിടന്നു ഉറങ്ങടെ എന്ന് മനസിൽ പറഞ്ഞു കൊണ്ടു ഇടതു വശത്തു നിന്നു വലതു വശത്തേക്ക് ഞാൻ തിരിഞ്ഞു കിടക്കാനായി കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു. കട്ടിലിൽ ഒരു നനവ് പടരുന്നത് ഞാൻ അറിഞ്ഞു. പതിയെ എഴുന്നേറ്റ് നിന്ന് ഞാൻ ലൈറ്റ് ഇട്ടു. അപ്പോഴേക്കും കാലുകളിലൂടെ എന്തോ ഒഴുകി നിലത്തേക്ക് വീഴാൻ തുടങ്ങിയിരുന്നു. നിലത്തേക്ക് നോക്കിയപ്പോൾ വെള്ളം പോലെ എന്തോ ഒന്ന്.

“അമ്മേ …” എന്നെന്റെ ഒറ്റ വിളിയിൽ അമ്മ മുറിയിൽ ലാന്റ്.. അച്ഛനെയും വിളിച്ചു ഉണർത്തി നേരത്തെ റെഡി ആക്കി വെച്ച ബാഗുമായി ഹോസ്പിറ്റലിലേക്ക്.. ചെന്നതും ഫയലും എടുത്തു ലേബർ റൂമിലേക്ക്. ഒരു നൈറ്റി മാത്രം ഇടീപ്പിച്ചു അവരെന്നെ ബെഡിലേക്ക് കിടത്തി. ഞാൻ ചുവരിലെ ക്ലോക്കിൽ സമയം നോക്കി. അഞ്ചെ കാൽ.

“ടെൻഷൻ ഉണ്ടോ ?” എന്ന നഴ്സ് അമ്മച്ചിയുടെ ചോദ്യയത്തിനു.. “എനിക്കോ ഈ എനിക്കോ ”

എന്ന അർഥത്തിൽ അവരെ ഒന്ന് നോക്കി. അവർ ചിരിച്ചു കൊണ്ടു എന്റെ ബിപി നോക്കി.. അരെ വാ!!! ആ സാധനം ഹൈ ലെവലിൽ ആണ്. സ്പോട്ടിൽ ഫോൺ എടുത്തു കുത്തി അവരെന്റെ ഡോക്ടറിനെ വിളിക്കുന്നു. ഫ്ലൂയിഡ് മൊത്തം പോയി ബിപി കൂടുതൽ ആണ് എന്നൊക്ക ഉള്ള പരാതികൾ നിരത്തി. ഒരു മാസം നേരത്തെ ആണല്ലോ എന്നാ ഒരു കമന്റ് ഉം.. ഡോക്ടർ ടെ നിർദേശ പ്രകാരം ബിപി ഗുളിക ന്റെ വായിൽ തള്ളി കേറ്റുന്നു. വേറെ ബെഡിലേക്ക് കൊണ്ടു കിടത്തിയിട്ട് ഫ്ലൂയിഡ് ഇടുന്നു.

“ഫ്ലൂയിഡ് കഴിഞ്ഞു നമുക്ക് നോക്കാ ഡോക്ടർ വരുന്ന വരെയും വേദന വന്നില്ലെങ്കിൽ കുത്തി വെച്ചു വേദന വരുത്താം കെട്ടോ.. ടെൻഷൻ അടിച്ചു ബിപി കൂട്ടിയാൽ കീറേണ്ടി വരും. സുഖ പ്രസവം അല്ലേ നല്ലത് ” എന്ന് അമ്മച്ചി എന്നേ ഉപദേശിച്ചു.. സമയം മുന്നോട്ട് നീങ്ങി കൊണ്ടിരിന്നു

ഇടയ്ക്കിടെ നഴ്സ് അമ്മച്ചി വന്ന് വേദന വരുന്നുണ്ടോ ചോദിച്ചു. ഇടയ്ക്ക് അമ്മ ഒന്ന് കേറി വന്നു.

അവനെ അറിയിച്ചിട്ടുണ്ട്. അവൻ ഇറങ്ങിയിട്ട് ഉണ്ട് എന്ന് എന്നോട് പറഞ്ഞു..

സമയം ആറേ കാൽ നടുവിന്റ സൈഡ് ലൊരു വേദന.. ചെറുതായി.. പെട്ടന്ന് മാറി. അല്ലേലും ഇത് ആവില്ല വേദന കുഞ്ഞു വയറ്റിൽ അല്ലേ അപ്പൊ വയറിനു അല്ലേ വേദന വരേണ്ടത്..

എന്റെ വിശ്വാസത്തിനു അടിയെല്പിച്ചു കൊണ്ടു ഇടുപ്പിന്റ സൈഡിൽ വീണ്ടും വേദന..

വരുന്നതിനേക്കാൾ വേഗം മാറുകയും ചെയ്തു .

എങ്കിലും നഴ്സ് അമ്മച്ചിയെ വിളിച്ചു ഞാൻ കാര്യം പറഞ്ഞു.. അവർ എന്നേ ആദ്യം കിടത്തിയ ബെഡിലേക്ക് വീണ്ടും കിടത്തി. ഇടതു വശം ചരിഞ്ഞു കിടന്നോ നല്ല വേദന വരുമ്പോൾ പറയണം ട്ടൊ എന്നൊക്ക പറഞ്ഞു.

ഓരോ തവണയും ഇടുപ്പിന്റെ വേദന കൂടി കൂടി വന്നു. പക്ഷെ അത് അത് പോലെ മാറുകയും ചെയ്തു. ഇതിനിടയിൽ സമയം മുന്നോട്ട് പോയി കൊണ്ടു ഇരുന്നു.. ഡേ ഡ്യൂട്ടിക്കാര് വന്നതും എന്റെ നഴ്സ് അമ്മച്ചി ഡ്യൂട്ടി കഴിഞ്ഞു പോയതും ഒക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു.. ഇടക്ക് വരുന്ന ഇടുപ്പിന്റെ വേദന സഹിക്കാൻ പറ്റുന്ന അപ്പുറം ആയിരുന്നു.. സമയം 9 മണി ആയെന്നു എന്നേ കാണാൻ വന്ന ഡോക്ടർ നെ കണ്ടപ്പോൾ എനിക്ക് മനസിലായി.

എന്റെ സുഖവിവരം തിരക്കിയപ്പോൾ നല്ല സുഖം എന്നൊന്ന് നീട്ടി പറയാൻ ആണ് ആദ്യം തോന്നിയത് എങ്കിലും വേദന കടിച്ചമർത്തി ഞാൻ ഒന്ന് ചിരിച്ചു. അവരെന്നെ മലർത്തി കിടത്തി.. ഇനി ഇത് എന്തിന് തുടങ്ങാൻ പോവാണ് ഞാൻ ചിന്തിച്ചപ്പോ അവർ ഗ്ലൗസ് കേറ്റി ഇട്ടിട്ട് എനിക്ക് നേരെ തിരിഞ്ഞു നിന്നിട്ട് കാലൊന്നു അകത്തിയെ എന്ന് പറഞ്ഞ കേട്ട് കാലൊന്നു അകത്തി കൊടുത്തത് മാത്രം എനിക്ക് ഓർമ ഉണ്ട്.

“അമ്മോ.. ” എന്നലറി വിളിച്ചു കൊണ്ടു ശക്തിയിൽ ഞാൻ കാലു വലിച്ചു നീട്ടി.. എന്റെ മനസ്സിൽ തോന്നിയപ്പോലെ ന്റെ കാൽ അവരുടെ വയറിൽ ഇടിച്ചു.. അവർക്ക് ഒരു തൊഴി കൊടുക്കണം എന്ന് ചിന്തിച്ചതെ ഉള്ളായിരുന്നു ഞാൻ.

പക്ഷെ അത് എനിക്ക് തന്നെ പണി ആയി.

അപ്പുറം ഇപ്പുറം രണ്ട് നഴ്സ്മാരു നിന്ന് എന്റെ കാലു പിടിച്ചു വെച്ചു അവർക്ക് കൈയിട്ടു കുഞ്ഞിന്റെ ഹെഡ് പൊസിഷൻ നോക്കാൻ ഉള്ള സൗകര്യം ഒരുക്കി കൊടുത്തു. അവർ കൈ അകത്തേക്ക് തള്ളി കേറ്റും തോറും വേദന കൊണ്ടു എന്റെ കണ്ണു രണ്ടും അകത്തേക്ക് പുറത്തേക്ക് വരുന്ന അവസ്ഥ ആയി. പിടിച്ചു വെച്ചിരിക്കുന്ന കാലിൽ മസിലു പിടിക്കുന്നു വേദന കൂടെ ആയപ്പോൾ എന്റെ നിയന്ത്രണം വിട്ട് പോയി..

ഡോക്ടർക്ക് വിരൽ ഇട്ട് തിരിച്ചു pv ടെസ്റ്റ്‌ കംപ്ലീറ്റ് ചെയ്യാൻ ഉള്ള അവസരം കൊടുക്കാതെ എന്റെ എല്ലാ ബലവും ഉപയോഗിച്ച് കാൽ അടുപ്പിച്ചു. ഈ കൊച്ചു സമ്മതിക്കില്ലല്ലോ..

നോക്കാതെ എങ്ങനെയാ കുഞ്ഞ് വരാറായോ എന്ന് അറിയുന്നത് എന്നൊക്ക ഡോക്ടർ എന്തൊക്കെയോ പറയുന്ന കേട്ടു.. എന്റെ മനസ്സിൽ അപ്പോ മുഴുവനും സുഖപ്രസവ അമ്മച്ചിമാരായിരിന്നു.

“സമയം ആയിട്ടില്ല കുറച്ചു കൂടെ കഴിഞ്ഞു ഒന്ന് കൂടെ pv ചെയ്തിട്ട് എന്നേ അറിയിക്ക് ഞാൻ ഒപി യിൽ ഉണ്ടാകും ” എന്ന് നഴ്സ് നെ അറിയിച്ചിട് ഡോക്ടർ പോയി.

ലേബർ റൂമിൽ ഉണ്ടായിരുന്നവരും പുറത്തേക്ക് പോയി.

ഞാനും ഒരു നഴ്സും മാത്രമായി.

“ഇടതു സൈഡ് തന്നെ തിരിഞ്ഞു കിടന്നോ ട്ടൊ..

ബുദ്ധിമുട്ട് ഉണ്ടേൽ വിളിക് ” എന്ന് പറഞ്ഞിട്ട് അവർ എന്തൊക്കെയോ കുത്തി കുറിക്കാൻ തുടങ്ങി.

സമയം കുറച്ചു കൂടെ കഴിഞ്ഞു. ഇടുപ്പ് പറിഞ്ഞു പോകുന്ന വേദന അനുഭവപ്പെടാൻ തുടങ്ങി. ചങ്ക് മുതൽ ഇടുപ്പ് വരെ വേദനയുടെ മറ്റൊരാവസ്ഥയിലൂടെ പോകുന്ന പോലെ… എന്റെ കരച്ചിലിന്റെ ശബ്ദം കൂടി.. നഴ്സ് എഴുന്നേറ്റ് വന്നു എന്നേ മലർത്തി കിടത്തി കാലുകൾ അകത്തി വെച്ചു.

“അയ്യോ കുഞ്ഞു വരുന്നു.. ശിവാ പുഷ് ചെയ്യല്ലേ..”

എന്ന് ആ സിസ്റ്റർ എന്നോട് കെഞ്ചുന്ന പോലെ എനിക്ക് തോന്നി. അവർ ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു.. ദൈവം സഹായിച്ചു ഒരൊറ്റ സ്റ്റാഫുകൾ ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. പുഷ് ചെയ്യല്ലേ ശിവ എന്നവരെന്നോട് ആവർത്തിച്ചു കൊണ്ടിരുന്നു പക്ഷെ എനിക്ക് കഴിയുമായിരുന്നില്ല.. എന്റെ അസ്ഥികൾ ഒക്കെ ഒടിഞ്ഞു പോകുന്ന വേദന കൂടി കൊണ്ടിരുന്നു..

കുഞ്ഞ് പുറത്തേക്ക് വരാതെ തടസപ്പെട്ടു നിക്കുന്ന പോലെ എനിക്ക് തോന്നി..

അമ്മേ വിളിച്ചുള്ള എന്റെ കരച്ചിലിന് ശക്തി കൂടി.. കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നില്ല എന്ന് കണ്ട നഴ്സ് ബ്ലേഡ് എടുത്തു കീറി വിട്ട്.. അടുത്ത നിമിഷം വയറ്റിൽ നിന്നു ഒരു ഭാരം താഴേക്ക് ഊർന്നു പോകുന്ന പോലെ എനിക്ക് തോന്നി. സകല ശക്തിയും എടുത്തു ഞാൻ പുഷ് ചെയ്തു..

“അമ്മേ…” എന്നൊരു നിലവിളിയിൽ കുഞ്ഞു പുറത്തേക്ക്.. ആശുപത്രി മുഴുവൻ എന്റെ നിലവിളി നിറഞ്ഞു.. താഴെ ഡ്യൂട്ടിയിൽ ആയിരുന്ന ഡോക്ടർ ചാടി ഓടി വന്നപ്പോഴേക്കും ഇവിടെ എല്ലാം കഴിഞ്ഞിരുന്നു.ഡോക്ടർടെ പിറകെ നമ്മുടെ മാലാഖ സുന്ദരിമാർ എല്ലാം പറന്നെത്തി.

സമയത്തു തന്നെ എല്ലാരും മുങ്ങിയതിനു ഡോക്ടറുടെ വക തിരുവാതിര കളി ലേബർ റൂമിൽ തകൃതി ആയി നടന്നു.

കഴിഞ്ഞല്ലോ എന്നാശ്വാസത്തിൽ കിടക്കിയുമ്പോഴാണ് കീറി വിട്ടത് കുത്തികെട്ടൻ വരുന്നത്… ഒന്ന് മരവിപ്പിക്ക പോലും ചെയ്യാതെ പച്ച മാംസത്തിൽ അവർ സൂചിയും നൂലുമിട്ട് കുത്തി തയ്ച്ചു..

അതിനിടയിൽ ഏതോ മാലാഖ വെള്ള തുണിയിൽ പൊതിഞ്ഞ എന്റെ കുഞ്ഞിനെ കൊണ്ടു എന്റെ മുഖത്തിന്‌ നേരെ കാണിച്ചു.. മോനാ എന്ന് പറഞ്ഞു.. കുറച്ചു നേരം NICU വിൽ വെക്കണം എന്നും പറഞ്ഞു അവരവനെയും കൊണ്ട് പോയപ്പോഴും ഇവിടെ കുത്തി കേട്ടുന്നത് ഉള്ളായിരുന്നു. കുത്തി കെട്ടും കഴിഞ്ഞു രണ്ട് മണിക്കൂർ ഒബ്സെർവേഷനും കഴിഞ്ഞു നേരെ റൂമിലേക്ക്.

അവിടെ ചെല്ലുമ്പോൾ കുടുംബക്കാര് മൊത്തം കുഞ്ഞിനേയും കളിപ്പിച്ചിരിക്കുന്നു. അപ്പന്റെ കൈൽ ഇരുന്ന് മോൻ നല്ല ഉറക്കവും.. എന്നേ കണ്ട എന്റെ ഭർത്താവ് എന്നേ ഒരു ഇളിയോടെ നോക്കി..

ഞാൻ തിരിച്ചു നോക്കിയ നോട്ടത്തിന്റെ അർഥം പുള്ളിക്കാരന് മനസിലായി കാണും.

എന്തായാലും വേദന ഒക്കെ കഴിഞ്ഞല്ലോ ഇനി സഹിക്കണ്ടല്ലോ എന്ന് ഓർത്തു ഒന്ന് കിടന്നപ്പോഴാണ് കുത്തി കെട്ടിന്റെ വേദന എന്നേ നോക്കി ഇളിച്ചു കാണിക്കാൻ തുടങ്ങിയത്. സാനിറ്ററി പാട് ഉം കഴിഞ്ഞു ഒഴുകുന്ന ബ്ലഡ്‌ ഉം കുത്തി കേറുന്ന കുത്തികെട്ടും.. ഇതൊന്നും പോരാഞ്ഞിട്ട് വയറിനുള്ളിൽ ഇളകിയ ഗർഭ പാത്രം പഴേ സ്ഥാനത്തേക്ക് വന്നുറയ്ക്കുന്നതിന്റെ വേദനയും ഒക്കെ കൂടെ ആയപ്പോൾ സുഖപ്രസവത്തിന്റെ സുഖം പറഞ്ഞു തന്നവരെയൊക്കെ എലിവിഷം കലക്കി കൊടുത്തു കൊല്ലാൻ തോന്നി.

ഈ വേദന ഒന്നും പോരാഞ്ഞിട്ട് രാത്രി മുതൽ അടുത്ത വേദന തല പൊക്കി.. മോൻ ആവിശ്യത്തിന് പാല് കുടിക്കുന്നില്ല.. പാല് കെട്ടി നിന്നു മാറിടങ്ങൾ കല്ലിച്ച വേദന.. ഓർക്കുമ്പോൾ ഇപ്പോഴും ഒരു വേദന നീറും.. ഇതും പോരാഞ്ഞിട്ട് 56 ദിവസത്തെ പ്രസവ കുളി.. ഒലക്കമേലെ പഥ്യവും..നീണ്ടു നിവർന്നു തന്നെ കിടക്കണം എന്നുള്ളതും… ഒക്കെ കൂടെ കഴിയുമ്പോഴേക്കും ഈ സുഖപ്രസവത്തിനു അത്ര സുഖം ഒന്നും ഇല്ല.

എന്തായാലും ഞാൻ സുഖപ്രസവം എന്ന് പറഞ്ഞു ആർക്കും പ്രതീക്ഷ കൊടുക്കില്ലെന്നു ഉറപ്പിച്ചു കഴിഞ്ഞു..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശിവപാതി.

Leave a Reply

Your email address will not be published. Required fields are marked *