ബാത്റൂമിലേക്ക് പോകുമ്പോൾ പെട്ടെന്ന് സിബിച്ചൻ ലിസിയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചു…

രചന : Vipin PG

മണിയറയില്ലാത്ത ആദ്യരാത്രി…

❤❤❤❤❤❤❤❤

സിബിച്ചൻ രണ്ടാം കെട്ടിന് സമ്മതിച്ചത് കുടുംബത്തിൽ എല്ലാവർക്കും വലിയൊരു ആശ്വാസമായി.

എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി സിബിച്ചൻ സമ്മതിച്ചതാണ്.

സിബിച്ചൻ ആളൊരു ഉത്സാഹിയായിരുന്നു.

വീട്ടിലും പള്ളിവക കാര്യത്തിലും സിബിച്ചന്റെ കൈയെത്താത്ത മേഖല ഇല്ല. അതുകൊണ്ടുതന്നെ സിബിച്ചൻ വീട്ടുകാർക്കും നാട്ടുകാർക്കും എന്നും പ്രിയപ്പെട്ടവനായിരുന്നു.

അങ്ങനെ ഒരു ദിവസം ബ്രോക്കർ മോളമ്മ കൊണ്ടുവന്ന ഒരു ആലോചനയാണ്,,,

പറഞ്ഞുവന്നത് വരുന്നത് സിബിച്ചന്റെ ആദ്യ ഭാര്യയെ കുറിച്ചാണ്. മോളമ്മ ചേച്ചി സിബിച്ചന്റെ അമ്മയുടെ അടുത്ത കൂട്ടുകാരി കൂടിയാണ്.

അതുകൊണ്ടുതന്നെ കൊണ്ടുവന്ന ബന്ധം നല്ലതാകുമെന്ന് എല്ലാവരും കരുതി.

കാണാനും പെരുമാറ്റം കൊണ്ടും നല്ല കുട്ടി തന്നെ. നല്ല രീതിയിൽ തന്നെ കെട്ട് നടന്നു.

കെട്ടി നാലാം നാൾ പെണ്ണ് ഒളിച്ചോടി പോയി.

അന്വേഷിച്ചപ്പോൾ കുറച്ചുകാലമായി അവൾക്കൊരു ബന്ധമുള്ളതായി അറിയാൻ പറ്റി. പെണ്ണു വീട്ടുകാര് കാര്യങ്ങൾ മറച്ചു വച്ചു. അതിന്റെ പേരിൽ തല്ലും വഴക്കുമായി.

മോളമ്മ ചേച്ചി വീട്ടിലേക്ക് വരാതെയായി.

അവിടെ തുടങ്ങി സിബിച്ചൻ മാറി. വേറെ മനുഷ്യനായി. ആരോടും മിണ്ടാതെയായി.

വീടുവിട്ടാൽ കൃഷിസ്ഥലം അല്ലെങ്കിൽ പള്ളി.

സിബിച്ചനെ വേറെങ്ങും കാണാതെയായി. പള്ളി വക ഒരു കാര്യത്തിലും ഇടപെടാതെയായി. എല്ലാം കൈവിട്ടു പോയി,,,

സംഭവം നടന്ന മൂന്നു കൊല്ലം കഴിഞ്ഞിട്ടും അതിന്റെ ആഘാതം സിബിച്ചനെ വിട്ടുമാറിയിരുന്നില്ല.

ഇതിപ്പോൾ വരുന്നവരുടെയും പോകുന്നവരുടെയും വഴിയിൽ കാണുന്നവരുടെയും എല്ലാവരുടെയും ഉപദേശം കേട്ട് മടുത്തു. ചെവിയിൽ പഞ്ഞി വെച്ച് നടക്കേണ്ട അവസ്ഥയായി.

അവസാനം സിബിച്ചൻ സമ്മതിച്ചു.

പഴയ പിണക്കം മറന്ന് മോളമ്മ ചേച്ചി വീണ്ടും സിബിച്ചനെ കാണാൻ വന്നു. സിബിച്ചന് ഒരു ഡിമാന്റെ ഉണ്ടായിരുന്നുള്ളൂ. ഒരു രണ്ടാംകെട്ട് കാരി മതി.മോളമ്മ ചേച്ചിയുടെ ലിസ്റ്റിൽ ഉണ്ടായിരുന്നത് ഒരേയൊരു രണ്ടാം കെട്ടു കാരിയാണ്,,, ലിസി,,,

മോളമ്മ ചേച്ചി ലിസിയുടെ വീട്ടിൽ പോയി കാര്യം സംസാരിച്ചു.

” മോളമ്മ ലിസിയോട് തന്നെ ചോദിക്ക് ”

ലിസിയുടെ പപ്പയ്ക്ക് ഇക്കാര്യത്തിൽ അഭിപ്രായം ഇല്ല. സിബിച്ചനെ നന്നായി അറിയുന്നത് കൊണ്ട് ഇക്കാര്യത്തിൽ എതിർപ്പുമില്ല.. മോളമ്മ ലിസിയോട് സംസാരിച്ചു. ലിസിയും സമ്മതമാണ്.

എല്ലാവർക്കും സന്തോഷമായി.ഒന്നരവർഷമായി ലിസിയും വീട്ടിൽ കതകടച്ചിരിപ്പാണ്.

ലിസി ഡിവോഴ്സ് ആണ് ,,, കല്യാണം കഴിഞ്ഞു മൂന്ന് മാസം കൊണ്ട് മുപ്പതു കൊല്ലം അനുഭവിക്കേണ്ടത് ലിസി അനുഭവിച്ചു,,,, മരണം മുന്നിൽ കണ്ടപ്പോൾ ഒരു രാത്രി ഇറങ്ങി ഓടിയതാണ് ,,,, ഓടി അവള് വീട്ടിൽ പാഞ്ഞു കയറി.അതിൽ പിന്നെ ലിസിയെ ആരും പുറത്തു കണ്ടിട്ടില്ല.

അധികം ആഘോഷങ്ങളോ ആഡംബരങ്ങളോ ഒന്നും ഇല്ലാതെ സിബിച്ചൻ ലിസിയുടെ കഴുത്തിൽ മിന്നുകെട്ടി. കൂട്ടുകാർ ചേർന്ന് മണിയറ ഒരുക്കിയെങ്കിലും ഒന്നിനും ഉള്ള മാനസികാവസ്ഥ സിബിച്ചന് ഉണ്ടായിരുന്നില്ല.

അന്ന് രാത്രി സിബിച്ചൻ നിലത്ത് പായ വിരിച്ചു കിടന്നു. കുറച്ചുദിവസം സിബിച്ചൻ നേരാംവണ്ണം ലിസിയുടെ മുഖത്തുപോലും നോക്കിയില്ല.

പക്ഷേ സിബിച്ചന്റെ വീട്ടുകാർക്ക് ലിസിയെ ഒത്തിരി ഇഷ്ടമായി…

ലിസിക്കും സിബിച്ചനോട് പെട്ടെന്ന് പൊരുത്തപ്പെടാൻ പറ്റിയില്ല. കുറച്ചു ദിവസം സിബിച്ചൻ നിലത്തും ലിസി കട്ടിലിലും ആയി കിടന്നു. ഒരു രാത്രി ലിസിക്ക് വയ്യാതെ വന്നു.

കട്ടിലിൽ നിന്ന് നിലത്ത് വീണ ലിസി നിലത്തു കിടന്ന് ശർദ്ദിച്ചു. സിബിച്ചൻ അമ്മച്ചിയെ വിളിച്ചു.

അമ്മച്ചി ഓടി വന്നു,,,

ലിസിയുടെ വീട്ടിൽ വിളിച്ചപ്പോൾ പപ്പ പ്രഷർ കുറഞ്ഞതാണ് എന്നു പറഞ്ഞു.ലിസിക്ക് ഇടയ്ക്ക് വരാറുള്ളതാണ്. ഉപ്പിട്ട കഞ്ഞി വെള്ളം കുടിച്ചപ്പോൾ ലിസിക്ക് ക്ഷീണം മാറി.

സിബിച്ചന് ഒന്നും മിണ്ടാനും പറയാനും പറ്റുന്നില്ല.

സിബിച്ചൻ ലിസിയെ അമ്മച്ചിയുടെ കൂടെ കിടത്തി.

സിബിച്ചൻ ചിലപ്പോഴെങ്കിലും ഭയപ്പെട്ടു. ഒത്തു പോകാൻ പറ്റാതെ വരുമോ ,,, ഒന്നുകൂടി ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതിയായിരുന്നു

വയ്യാതെ കിടന്നിട്ടും സിബിച്ചൻ ഒന്ന് അടുത്തുപോലും വരാത്തതിൽ ലിസിക്കും വിഷമമുണ്ട്.

ദിവസങ്ങൾ വീണ്ടും കടന്നു പോയി. സിബിച്ചൻ പഴയതുപോലെതന്നെ കൃഷി പണിയുമായി മാറ്റമില്ലാതെ തുടരുന്നു.

കടുത്ത മെയ്മാസ ചൂടിൽ ഒരു ദിവസം വേനൽ മഴ പെയ്തു. അടുക്കളയിൽ ഓടിട്ട ഭാഗത്ത് ചോർച്ച ഉണ്ടായിരുന്നു. ഓട് നേരെയാക്കാൻ മുകളിലേക്ക് വലിഞ്ഞു കയറിയ സിബിച്ചൻ പിടിവിട്ട് താഴെ വീണു.

കാലുകുത്തി നിലത്ത് ചാടിയ സിബിച്ചന്റെ ഇടത്തേ കാല് ഉളുക്കി. വൈദ്യരുടെ അടുത്ത് പോയപ്പോൾ കാല് തിരുമ്മിയ വൈദ്യർ കാലിൽ പത്തി ഇട്ടു കൊടുത്തു. വീട്ടിൽ വന്ന സിബിച്ചന് ഒറ്റയ്ക്ക് നടക്കാൻ ബുദ്ധിമുട്ടായിരുന്നു. ബാത്‌റൂമിൽ പോകാൻ അവിടെയും പിടിച്ച് ഇവിടെയും പിടിച്ച് ചട്ടി ചട്ടി നടന്ന സിബിച്ചന്റെ കയ്യിൽ ലിസി പെട്ടെന്ന് കേറി പിടിച്ചു.

” ഞാൻ പിടിക്കാം ,,,, നടന്നോ ”

വേണ്ടെന്നു പറയാൻ സിബിച്ചന് പറ്റിയില്ല. ലിസി സിബിച്ചനെ ബാത്റൂമിൽ കൊണ്ടുവിട്ടു. അന്ന് രാത്രി കിടക്കാൻ വന്നപ്പോൾ ലിസി നിലത്തു കിടക്കുന്നു.

” ഇച്ചായൻ കട്ടിലിൽ കിടന്നോ,, ഞാൻ നിലത്തു കിടന്നോളാം ”

“അത് സാരമില്ല,, നീ കട്ടിലിൽ കിടന്നോ ”

” വേണ്ട ,, വയ്യാത്ത കാലും വെച്ച് നിലത്തു കിടക്കണ്ട,,, തണുപ്പ് പിടിച്ചാൽ വേദന കൂടും.

തർക്കിച്ചു സമയം കളയണ്ട,, കട്ടിലിൽ കിടന്നോ

സിബിച്ചന് പിന്നെ മറുപടിയൊന്നും ഇല്ലായിരുന്നു.

അന്നുമുതൽ സിബിച്ചൻ ജീവിതത്തിൽ അതുവരെ അനുഭവിക്കാത്ത ഒരു കെയറിങ് അനുഭവിക്കാൻ തുടങ്ങി.

ലിസി സിബിച്ചന്റെ എല്ലാ കാര്യങ്ങളും നന്നായി നോക്കി.

ഞായറാഴ്ച എല്ലാവരും പള്ളിയിൽ പോയപ്പോൾ ലിസി സിബിച്ചന് കൂട്ടിയിരുന്നു.

ബാത്ത്റൂമിൽ പോകാൻ വേണ്ടി സിബിച്ചൻ ലിസിയെ വിളിച്ചു. സിബിച്ചന്റെ കൈപിടിച്ച് ലിസിയും സിബിച്ചനും കൂടി ബാത്റൂമിലേക്ക് പോകുമ്പോൾ പെട്ടെന്ന് സിബിച്ചൻ ലിസിയെ കെട്ടിപ്പിടിച്ചു. ഒന്നും പറയാൻ വിടാതെ നെറ്റിയിൽ ചുംബിച്ച് ശ്വാസം മുട്ടിച്ചു. ലിസി നിന്ന് വിയർത്തു.

” ഞാൻ എന്തെങ്കിലും തെറ്റ് കാണിച്ചിട്ടുണ്ടെങ്കിൽ പൊറുത്തേരടി പെണ്ണെ,, എനിക്ക് ഇഷ്ടമൊക്കെയാണ്,, കാണിക്കാൻ അറിയാൻ മേല,,, നീയെന്നോട് ക്ഷമിച്ചേരെ ”

സിബിച്ചൻ പറഞ്ഞു തീർന്നതും ലിസി സിബിച്ചനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.. അന്ന് വൈകിട്ട് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ച് കുരിശു വരച്ചു. ലിസി റൂമിൽ കയറിയപ്പോൾ പായ കാണുന്നില്ല.

” പായ എന്ത്യേ ഇച്ചായ ”

” പായ പരുന്ത് കൊണ്ടുപോയി ,,,, നീ വന്നു കിടന്നേ പെണ്ണെ ”

ഒരു ചിരിയും ചിരിച്ചു ലിസി കട്ടിലിൽ കിടന്നു,,,

” കർത്താവെ ,,, മുടങ്ങി പോയ ആദ്യരാത്രി ,,,, മിന്നിച്ചേക്കണേ ”

” മണിയറ ഇല്ലാതെ പോയല്ലോ ഇച്ചായാ ”

” ഇരുട്ടത്തെന്തിനാ പെണ്ണെ മണിയറ ”

സിബിച്ചൻ ലൈറ്റ് ഓഫ് ചെയ്തു

ശുഭം…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Vipin PG

Leave a Reply

Your email address will not be published. Required fields are marked *