മൗനാനുരാഗം തുടർക്കഥയുടെ മൂന്നാം ഭാഗം ഒന്ന് വായിച്ചു നോക്കൂ..

രചന: അമ്മു അമ്മൂസ്

ഒരിക്കൽ പോലും ഒരു പുഞ്ചിരി വിരിയാത്ത അവളുടെ മുഖമാണ് ഇത്രയും ആകാംഷ തന്നിൽ നിറച്ചത്…

ജോലി കിട്ടി എന്ന് പറയുമ്പോൾ പോലും ആ കണ്ണുകൾ ഒന്ന് തിളങ്ങിയില്ല…. ഒരു തരം നിർവികാരത മാത്രം ആയിരുന്നു… ദുഃഖത്താൽ ഉറഞ്ഞു കൂടിയ നിർവികാരത… കഷ്ടപ്പെട്ട് പുഞ്ചിരി വരുത്താൻ ശ്രമിക്കുന്ന അവളുടെ മുഖത്തേക്കാൾ പലവട്ടം മിഴിനീർ പൊടിയാൻ തുടങ്ങിയ ആ കണ്ണുകൾക്ക് പറയാനേറെ കഥകൾ ഉണ്ടെന്ന് തോന്നി… പുറത്തേക്കിറങ്ങി കണ്ണിൽ നിന്നും മറയും വരെ അവളിൽ തന്നെ ആയിരുന്നു കണ്ണുകൾ…

എന്തിനാണ് എന്ന് അറിയില്ല എങ്കിലും… ഒരുപക്ഷേ അത്രത്തോളം ദുഃഖം കലർന്ന ആ കണ്ണുകൾ തീർത്ത കൗതുകത്താലാകാം… അവളിൽ ഒളിഞ്ഞിരിക്കുന്ന ഉത്തരങ്ങൾ തേടി മനസ്സ് സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു…. പുറത്തേക്കിറങ്ങിയപ്പോൾ അക്ഷമയോടെ കാത്തിരിക്കുന്ന ചെറിയച്ഛനെ കണ്ടു…

എന്തായി എന്നുള്ള ആകാംഷ ആയിരുന്നു തന്നെ കണ്ടപ്പോൾ ആ കണ്ണുകളിൽ.. “”എന്തായി മോളെ കിട്ടിയോ… “”നടന്നു അരികിൽ എത്തുന്നതിനു മുൻപ് തന്നെ തന്റെ അരികിലേക്ക് ഓടി വന്നിരുന്നു…

ഒരച്ഛന്റെ വാത്സല്യത്തോടെ…

ഉത്തരം പറയാതെ കൈയിൽ ഉണ്ടായിരുന്ന അപ്പോയ്ന്റ്മെന്റ് ലെറ്റർ ആ കൈകളിലേക്ക് വച്ചു കൊടുത്തു… സന്തോഷം കൊണ്ട് ആ കണ്ണുകൾ ചെറുതായി നനയുന്നത് കണ്ടു… അവൾ കൈയിലേക്ക് വച്ചു തന്ന അപ്പോയ്ന്റ്മെന്റ് ലെറ്ററിൽ നോക്കുമ്പോൾ രവിയുടെ മനസ്സ് നിറഞ്ഞിരുന്നു…

അതൊരിക്കലും പക്ഷേ അവളുടെ മാസ ശമ്പളം ഓർത്തിട്ടായിരുന്നില്ല… മനുവിന്റെ ഓർമ്മകൾ എത്ര കണ്ടു അവഗണിക്കാൻ ശ്രമിച്ചാലും അവളുടെ ഉള്ളിൽ അത്രയും വേരുറച്ച ഒന്നാണ്… ഇരുതല മൂർച്ചയുള്ള വാൾ പോലെ അത് ഹൃദയത്തെ രണ്ടു വശത്തുനിന്നും വരഞ്ഞു മുറിവേൽപ്പിച്ചുകൊണ്ടിരിക്കും…. ഈ ജോലിയും കൂടി ഇല്ലെങ്കിൽ വീണ്ടും അവളുടെ ലോകം അവളിലേക്ക് മാത്രമായി ചുരുങ്ങും എന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു… വാത്സല്യത്തോടെ അവളുടെ തലയിൽ ഒന്ന് കൈ ചേർത്തു….

വാക്കുകൾ ഒന്നും തന്നെ തൊണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് വന്നില്ലെങ്കിലും ആ മനസ്സ് നിറഞ്ഞത് അവൾക്കും മനസ്സിലായിരുന്നു… “”ഇവിടുത്തെ ക്യാന്റീനിൽ നിന്നും എന്തെങ്കിലും കഴിച്ചിട്ട് വീട്ടിലേക്ക് പോകാം… “”അവളുടെ കൈയിൽ ഉള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി വീണ്ടും ബാഗിലേക്ക് വച്ചുകൊണ്ട് രവി പറഞ്ഞു. ക്യാന്റീനിൽ നോക്കിയപ്പോൾ ഒരു വിധം എല്ലാ ഭക്ഷണവും ഉണ്ട്…. ചപ്പാത്തിയും മുട്ടക്കറിയും വാങ്ങി…

കൂട്ടത്തിൽ രണ്ടു ചായയും… ക്യാഷ് കൌണ്ടർ നു അടുത്തുള്ള മേശയാണ് കിട്ടിയത്…. ഒന്നും ആസ്വദിച്ചു കഴിക്കാൻ ഉള്ള മാനസികാവസ്ഥ ഇല്ലായിരുന്നു എങ്കിലും വിശപ്പ് വല്ലാതെ തളർത്തിയിരുന്നു…

മുത്തശ്ശി ഇട്ടു തന്ന ഒരു ചായ മാത്രം കുടിച്ചുകൊണ്ടാണ് ഇത്രയും നേരം പിടിച്ചു നിന്നത്… ജോലി കിട്ടും വരെ വലുതല്ലെങ്കിൽ പോലും വല്ലാത്ത ഒരു വെപ്രാളം ആയിരുന്നു…

ഇനിയും ആരെയും ബുദ്ധിമുട്ടിക്കാൻ വയ്യാ…

വീണ്ടും ഒരിക്കൽ കൂടി കുറ്റവിചാരണ കേൾക്കാൻ ഉള്ള ശക്തി മനസ്സിന് നഷ്ടപ്പെട്ടിരിക്കുന്നു…. കഴിച്ചു കഴിയാറായപ്പോളാണ് ഇന്റർവ്യൂ റൂമിൽ ഉണ്ടായിരുന്ന അയാൾ അകത്തേക്ക് കയറി വരുന്നത് കണ്ടത്….

തന്നെയും കണ്ടു എന്ന് മനസ്സിലാക്കിയപ്പോൾ നോട്ടം വേഗം പ്ലേറ്റിലേക്ക് മാറ്റി.. ഇന്റർവ്യൂ നടക്കുന്ന സമയം മുഴുവൻ അയാളുടെ നോട്ടം മനസ്സിലായിരുന്നു…. കണ്ണുകളിൽ കൂടി ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലാൻ ശ്രമിക്കുന്നത് പോലെ…. “”കഴിച്ചു കഴിഞ്ഞില്ലേ നീ….””

പെട്ടെന്ന് ചെറിയച്ഛന്റെ ശബ്ദം കേട്ടപ്പോൾ ഒന്ന് ഞെട്ടി… കഴിഞ്ഞു…. വേഗം എഴുന്നേറ്റു…

തിരികെ ഇറങ്ങാൻ തുടങ്ങുമ്പോഴും അയാൾ അവിടെത്തന്നെ ഉണ്ടായിരുന്നു…. കൈകൾ രണ്ടും പിണച്ചു കെട്ടി തന്നെതന്നെ നോക്കിക്കൊണ്ട്…

വല്ലാത്ത ഒരസ്വസ്ഥത മനസ്സിൽ നിറഞ്ഞു….

എന്താണ് അയാൾക്ക് വേണ്ടതെന്നറിയില്ല… ആ കണ്ണുകൾ തന്നെ പിന്തുടരുന്നത് എന്തിനാണ് എന്നും അറിയില്ല…. ഒന്ന് മാത്രമറിയാം ഇനി ഒരാൾ കൂടി തന്റെ മനസ്സിന്റെ പടി കടന്നു വരില്ല… മനസ്സെന്നേ മരിച്ചിരിക്കുന്നു….. ഇപ്പോൾ ഉള്ളത് വെറും ചാരമാണ്…. വിധിയും പ്രണയവും തീർത്ത തടവറക്കുള്ളിൽ ശ്വാസം മുട്ടി മരിച്ച മനസ്സിന്റെ ചാരം…

ഗേറ്റ് കടക്കുമ്പോളെ ചെറിയമ്മ ഓടി അരികിൽ വന്നിരുന്നു…. മുൻപ് കണ്ടതിൽ പാതിയായി ക്ഷീണിച്ചതിന്റെ പരിഭവം പറഞ്ഞു…. ആമാശയവും മരിച്ചിരുന്നോ ആ ഓർമ്മകളോടൊപ്പം…. പിന്നെ എന്താണ് തനിക്ക് വിശപ്പ് തോന്നാതെ ഇരുന്നത് ഇത്ര നാൾ….. “”ഇനിയും നീ ഒന്നും കഴിക്കാതെ ഇങ്ങനെ മെലിഞ്ഞിരിക്കാനാണ് ഭാവമെങ്കിൽ…

“”സിന്ധു അവളുടെ കൈയിൽ ചെറുതായി തല്ലി ശാസനയോടെ പറഞ്ഞു… ഉച്ചക്ക് ഊണ് കഴിപ്പിക്കാൻ മത്സരം ആയിരുന്നു എന്ന് പോലും തോന്നി…. എന്തെങ്കിലും ഒന്ന് കഴിക്കുമ്പോൾ അതിന്റെ ഇരട്ടിയായി പാത്രത്തിലേക്ക് വീണുകൊണ്ടിരുന്നു… ശ്വാസം മുട്ടും വരെ കഴിപ്പിച്ചു… ഇനിയെങ്കിലും നന്നാക്കണമത്രേ….

ചെറിയച്ഛനും കുഞ്ഞു മോളും അതെല്ലാം നോക്കി ചിരിക്കുന്നുണ്ടായിരുന്നു…. അവളുടെ ചിരി കണ്ടപ്പോൾ വെറുതെ കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കി…. രണ്ടു കൈകൾ കൊണ്ടും വാ പൊത്തി വച്ചു വീണ്ടും ചിരിച്ചു കാണിച്ചവൾ… ഒടുവിൽ വീർത്ത വയർ കാട്ടി ഇനിയും കഴിച്ചാൽ പൊട്ടിപ്പോകും എന്ന് കാണിച്ചപ്പോളാണ് ചെറിയമ്മ വിളമ്പൽ നിർത്തിയത്…. വൈകുന്നേരം ആകും വരെ കുഞ്ഞു മോളുടെ സ്കൂളിലെ വിശേഷങ്ങൾ വെറുതെ കേട്ടിരുന്നു… മനസ്സ് പലപ്പോഴും ശ്രദ്ധ തെറ്റി പോയെങ്കിലും അവളെന്തെങ്കിലും ഭാവം കാട്ടുന്ന ഉടനേ വീണ്ടും തിരികെ വരും…. ഒരു തരത്തിൽ അവളൊരു ആശ്വാസമായിരുന്നു…. ഓരോ വട്ടവും കടിഞ്ഞാൺ പൊട്ടി പായുന്ന തൻ്റെ ചിന്തകളെ ആ പതിനഞ്ചു വയസ്സുകാരി ലാഘവത്തോടെ ഓരോ തവണയും തിരികെ തന്നുകൊണ്ടിരുന്നു.. … രാത്രി ആയപ്പോൾ ആയിരുന്നു മുത്തശ്ശിയെ വിളിച്ചത്….

പലവട്ടം ഓർത്തതാണെങ്കിലും മനുവേട്ടൻ വീട്ടിൽ ഉള്ളപ്പോൾ വേണ്ട എന്ന് തോന്നി… തിരികെ വരുന്ന വഴിക്ക് ചെറിയച്ഛൻ നിർബന്ധപൂർവം വാങ്ങി തന്ന ഫോൺ ബാഗിൽ നിന്നും എടുത്തു…. കാണാപാഠം അറിയാവുന്ന നമ്പർ ഡയൽ ചെയ്തു വിളിക്കുമ്പോൾ അതുവരെ ഇല്ലാത്ത ഒരു ടെൻഷൻ തോന്നിയിരുന്നു…. ആദ്യമായിട്ടാണ് മുത്തശ്ശി ഇല്ലാതെ ഒരു ദിവസം…. ഓർമ്മ വച്ച അന്ന് മുതൽ കൂടെ ഉണ്ട്… ചേർത്തു പിടിച്ച കൈകൾ ഓരോന്നായി അയഞ്ഞു പോകുമ്പോഴും തളരാതെ പിടിച്ചു നിന്നത് മുത്തശ്ശിയുടെ മാത്രം കരുത്തലിലാണ്… ഓരോ തവണയും മനുവേട്ടൻ വേദനിപ്പിക്കുമ്പോൾ സങ്കടം പറഞ്ഞു കരഞ്ഞത് ആ നെഞ്ചിലാണ്.. “”എത്തിയോ ന്റെ കുട്ടി അവിടെ…

“”തളർച്ച നിറഞ്ഞ ഒരു ശബ്ദം മറുവശത്തു നിന്നും കേട്ടു… ഒറ്റക്ക് ജോലി ചെയ്തു ക്ഷീണിച്ചു കാണും….. ഓർത്തപ്പോൾ നെഞ്ചിൽ ഒരു ഭാരം പോലെ തോന്നി…. വിട്ട് വരാൻ മനസ്സുണ്ടായിട്ടല്ല…

മനുവേട്ടന്റെ കാര്യങ്ങൾ നോക്കി ഇനിയും അവിടെ നിൽക്കേണ്ട എന്ന് പറഞ്ഞു മുത്തശ്ശി തന്നെയാണ് ചെറിയച്ഛന്റെ അടുത്തേക്ക് പോകാൻ പറഞ്ഞത്….

ഉള്ളിന്റെ ഉള്ളിൽ താനും അതാഗ്രഹിച്ചിട്ടുണ്ടാകണം….. എത്രയൊക്കെ മനസ്സിനെ ശക്തിപ്പെടുത്തിയാലും ജീവനെ പോലെ സ്നേഹിച്ചവൻ മറ്റൊരാളുടെ കഴുത്തിൽ താലി കെട്ടുന്നത് കാണാനുള്ള ശക്തി ഉണ്ടായിരുന്നില്ല… .

യാത്രയുടെ വിശേഷങ്ങളും ജോലിയുടെ കാര്യങ്ങളും ഒക്കെ ചോദിച്ചു മുത്തശ്ശി തന്നെ ചിന്തകൾ വഴി തിരിച്ചു വിട്ടു.. “”നിന്നെ രാവിലെ വന്ന ഉടനേ മനു തിരക്കിയിരുന്നു…””. ഉള്ളിലെ സന്തോഷം മുത്തശ്ശിയുടെ വാക്കിലും ഉണ്ടായിരുന്നു…

മുൻപായിരുന്നു എങ്കിൽ അത് കേട്ട് ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി താനാകുമായിരുന്നു… പക്ഷേ ഇന്ന് മരവിപ്പ് മാത്രമാണ് തോന്നുന്നത്… ആ പേര് കേൾക്കുമ്പോൾ ഒക്കെ കൊലപാതകി എന്നുള്ള ആ ആരോപണം മാത്രമാണ് മനസ്സിലേക്ക് വരുന്നത്…

വീണ്ടും ഒരിക്കൽ കൂടി ആ ശബ്ദം ചെവിയിൽ മുഴങ്ങാൻ തുടങ്ങിയപ്പോൾ ചെവികൾ രണ്ടും പൊത്തി കണ്ണുകൾ അടച്ചിരുന്നവൾ…. ഓർമ്മകൾ എല്ലാം കൂരമ്പിന്റെ മുനയോടെ ഹൃദയത്തിലേക്ക് തന്നെ തറക്കുന്നു…. ആ മുറിവുകളിൽ നിന്നെല്ലാം രക്തം കിനിയുന്നു എന്ന് തോന്നി…

“”ഇത് നോക്ക് മനുവേട്ടാ…. “” വടിവൊത്ത അക്ഷരങ്ങളിൽ ഐ ലവ് യു എന്നെഴുതിയ വാലന്റൈൻ ദിന കാർഡ് അവൾ മനുവിന് നേരെ നീട്ടി… ഒന്നെത്തി നോക്കിയിട്ട് വീണ്ടും അവളെ ശ്രദ്ധിക്കാതെ അവൻ കളിച്ചുകൊണ്ടിരുന്ന ഗേമിൽ തന്നെ ശ്രദ്ധിച്ചിരുന്നു…. “”നോക്ക് മനുവേട്ടാ….

എന്റെ കൂടെ പഠിക്കുന്ന എല്ലാരും അവരെ കല്യാണം കഴിക്കാൻ പോകുന്ന ആൾക്ക് ഇത് കൊടുത്തല്ലോ…. “” വീണ്ടും അവൻ ശ്രദ്ധിക്കാതെ ഇരുന്നപ്പോൾ ബലമായി കൈയിൽ പിടിച്ചു തിരിച്ചിരുത്താൻ നോക്കി… “”നാശം…. നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ…ശല്യം ചെയ്യാതെ ഒന്ന് പോകുന്നുണ്ടോ… “” കൈയിൽ ഇരുന്ന ഫോൺ അവൻ കട്ടിലിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കൈ കുടഞ്ഞു…. “”എന്താ മനു ഇത്… “”മധുമ്മയുടെ ശാസനയോടെ ഉള്ള ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി പോകുന്ന മനുവേട്ടനെ നിറഞ്ഞ കണ്ണുകൾക്കിടയിലൂടെയാണ് കണ്ടത്…

അന്നത്തെ ദിവസം മുഴുവൻ അതിന്റെ പരിഭവം പറഞ്ഞു പിണങ്ങി തിരിഞ്ഞിരുന്നു…. രാത്രി ആയിട്ടും മുൻപിലേക്ക് പോകാതെ കാണുന്ന ഉടനേ മറ്റു മുറികളിലേക്ക് പോകുന്ന തന്നെ കണ്ടപ്പോളാണ് പിന്നിൽ കൂടി വന്നു കൈയിലൊളിപ്പിച്ച മിട്ടായിപൊതി മുന്നിലേക്ക് നീട്ടിയത്…. ഒരു നിമിഷം കൊണ്ട് പരിഭവവും പരാതികളുമെല്ലാം എങ്ങോ പോയി ഒളിച്ചു… രണ്ടു കൈകളും നീട്ടി അത് വാങ്ങി അവന് മാത്രമായി ഒരു നാണം കലർന്ന പുഞ്ചിരി പകരം നൽകുമ്പോൾ തനിക്കായി അവനും കരുതിയിരുന്നു ഉള്ളു നിറക്കുന്ന ഒരു ചിരി….

കഴുത്തിൽ നനവ് അനുഭവപ്പെട്ടപ്പോളാണ് ഇപ്പോഴും കരയുകയാണെന്ന് മനസ്സിലായത്… ഇനിയും അവനായി കരയില്ല എന്ന് ശഠിച്ചപ്പോഴും കണ്ണുകൾ എന്നും അനുസരണക്കേട് തന്നെ കാട്ടി…

അസൂയയാണ് തോന്നിയത് അവനോട്…തന്റെ കണ്ണുകൾ പോലും അവന്റെ വരുതിയിൽ ആയിക്കഴിഞ്ഞിരിക്കുന്നു…. ഇന്ന് തനിക്കായി ബാക്കി ആയത് അവൻ ബാക്കി വച്ച ഓർമ്മകളുടെ താളുകൾ മാത്രമാണ്…. കണ്ണീരിനാൽ അക്ഷരങ്ങൾ മാഞ്ഞു പോയി ദ്രവിച്ചു തുടങ്ങിയ താളുകൾ…

തുടരും…

അപ്പൊ ഇനി എല്ലാരും വായിച്ചിട്ട് അഭിപ്രായം പറഞ്ഞോളൂ … ഞാൻ ഇവിടെ കാത്തിരിക്കുന്നു 🤗🤗❤️…

ലൈക്ക് ചെയ്യണേ…

രചന: അമ്മു അമ്മൂസ്

Leave a Reply

Your email address will not be published. Required fields are marked *