മൗനാനുരാഗം തുടർക്കഥ നാലാം ഭാഗം വായിക്കുക…

രചന: അമ്മു അമ്മൂസ്

കഴുത്തിൽ നനവ് അനുഭവപ്പെട്ടപ്പോളാണ് ഇപ്പോഴും കരയുകയാണെന്ന് മനസ്സിലായത്… ഇനിയും അവനായി കരയില്ല എന്ന് ശഠിച്ചപ്പോഴും കണ്ണുകൾ എന്നും അനുസരണക്കേട് തന്നെ കാട്ടി…

അസൂയയാണ് തോന്നിയത് അവനോട്…തന്റെ കണ്ണുകൾ പോലും അവന്റെ വരുതിയിൽ ആയിക്കഴിഞ്ഞിരിക്കുന്നു…. ഇന്ന് തനിക്കായി ബാക്കി ആയത് അവൻ ബാക്കി വച്ച ഓർമ്മകളുടെ താളുകൾ മാത്രമാണ്…. കണ്ണീരിനാൽ അക്ഷരങ്ങൾ മാഞ്ഞു പോയി ദ്രവിച്ചു തുടങ്ങിയ താളുകൾ…

എപ്പോഴായിരുന്നു തളർന്നുറങ്ങിയത് എന്നറിയില്ല…

രാവിലെ ഉണരുമ്പോളേക്ക് തല വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു… കുറച്ചു സമയം തലക്ക് കൈ കൊടുത്തു ഇരുന്നു… ഇതിപ്പോൾ സന്തത സഹചാരിയായി മാറി… ഓർത്തപ്പോൾ പുച്ഛം കലർന്ന ഒരു ചിരി വിടർന്നു…. ഏറ്റവും പ്രിയപ്പെട്ടവന് പ്രണയം പങ്കു വച്ചപ്പോൾ തിരികെ കിട്ടിയ ഉപഹാരം… അവന് വേണ്ടി കരയില്ല എന്ന് ഓരോ തവണയും മനസ്സിൽ ഉറച്ച തീരുമാനങ്ങളെടുക്കും പക്ഷേ കാണുന്ന ഓരോ കാഴ്ചകളും അവനെ മാത്രം ഓർമ്മപ്പെടുത്തുമ്പോൾ തെറ്റിക്കപ്പെടുന്ന ഒരായിരം സത്യങ്ങളുടെ കൂടെ ഒന്ന് കൂടി എഴുതി ചേർക്കപ്പെടും… കുറച്ചു നേരം കൂടി അങ്ങനെ തന്നെ ഇരുന്നു… ഇത്തിരി ആശ്വാസം തോന്നിയപ്പോൾ ആയിരുന്നു പുറത്തേക്ക് ഇറങ്ങിയത്.. നേരെ അടുക്കളയിലേക്ക് നടന്നു…

ചെറിയമ്മ കാര്യമായ പാചകത്തിലാണ്… അവളെ കണ്ടപ്പോൾ സിന്ധു അവിടെ ഇട്ട് വച്ചിരുന്ന കാപ്പി ഒരു കപ്പിലേക്ക് ആക്കി കൊടുത്തു… “”ഉറക്കമൊക്കെ എങ്ങനെ ഉണ്ടായിരുന്നു മോളെ… സ്ഥലം മാറി കിടന്നതല്ലേ…”” മുന്നിലേക്ക് കിടന്ന അവളുടെ മുടിയിഴകൾ ഒക്കെ ചെവിക്ക് പിന്നിലേക്കാക്കി വാത്സല്യത്തോടെ ചോദിച്ചു… കറുപ്പ് വീണ കൺതടങ്ങൾ ദിവസങ്ങളായുള്ള ഉറക്കമില്ലായ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു… സ്ഥലം മാറ്റത്തിന്റേതല്ല അതെന്ന് അറിയാമായിരുന്നു എങ്കിലും മനപ്പൂർവം ഭാവിച്ചില്ല…. “”ഏയ്യ്…

ഒന്നുമില്ല ചെറിയമ്മേ… അതൊക്കെ അങ്ങ് ശെരിയായിക്കോളും… “”തിരിച്ചും അതേപോലെ താടിയിൽ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു…. ഇനിയും തന്നെ സ്നേഹിക്കുന്ന മറ്റുള്ളവരെ വിഷമിപ്പിക്കാൻ കഴിയില്ലായിരുന്നു… ചെറിയച്ഛനെ നോക്കി ഉമ്മറത്തെത്തിയപ്പോൾ ആള് കാര്യമായ പത്ര വായനയിലാണ്… വെറുതെ അടുത്ത് ചെന്നിരുന്നു… സ്പോർട്സ് പേജ് എടുത്തു തനിക്ക് നേരെ നീട്ടി നിൽക്കുന്ന ചെറിയച്ഛനെ കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി…. ഇന്നും തന്റെ ഇഷ്ടങ്ങളെ ഓർത്തു വെക്കുന്ന ഒരാൾ… “”കുഞ്ഞു മോളെവിടെ….'”” വായിക്കുന്നതിനിടയിലാണ് ചോദിച്ചത്… “”അവൾ ഒരുങ്ങുവായിരിക്കും….

ഇന്ന് ക്ലാസ്സുള്ളതല്ലേ… നിന്റെ പേരിൽ മടി പിടിച്ചിരിക്കാൻ കുറേ നോക്കി ഒടുവിൽ സിന്ധു വടി എടുക്കും എന്നായപ്പോളാണ് ഒരുങ്ങാൻ പോയത്…

“”രവി പൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു… പറഞ്ഞു തീർന്നതും ആള് മുന്നിൽ എത്തി… ബലൂൺ പോലെ മുഖം വീർപ്പിച്ചു എല്ലാരേം രൂക്ഷമായി നോക്കി നിൽപ്പുണ്ട്… ഭാവങ്ങൾ കണ്ടു ചിരിയാണ് വന്നത്…

ചിരിക്കാൻ തുടങ്ങിയപ്പോളേക്ക് രൂക്ഷമായ ആ നോട്ടം തനിക്ക് നേരെയും എത്തി… ചുണ്ടുകൾ കൂട്ടിപ്പിടിച്ചു ചിരി കടിച്ചമർത്താൻ ശ്രമിച്ചുകൊണ്ട് നേരെ നോക്കിയത് ഗേറ്റ് കടന്ന് അകത്തേക്ക് വരുന്ന ആളെയാണ്… ഒരു നിമിഷം കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളിപ്പോയി… ഇന്നലെ ആശുപത്രിയിൽ കണ്ട അതേ ആൾ…

ഇയാളെന്താണ് ഇവിടെ… വല്ലാത്ത പേടി തോന്നി ഉള്ളിൽ… ഇനി തന്നെ പിന്തുടർന്ന് വരുന്നതാണോ….

പുറമേ ധൈര്യം സംഭരിച്ചു അയാളെ രൂക്ഷമായി നോക്കി എങ്കിലും ഉള്ളിലെ പേടിക്ക് ഒട്ടും കുറവില്ലായിരുന്നു… “”നിധി മോളിന്ന് നേരത്തെ ആണല്ലോ….”” ചെറിയച്ഛന്റെ ശബ്ദം കേട്ടപ്പോളാണ് അയാളുടെ അടുത്തായി നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെ കാണുന്നത്… കുഞ്ഞു മോളുടെ പ്രായമാണെന്ന് തോന്നുന്നു അവളുടേ അതേ സ്കൂൾ യൂണിഫോം ആണ് ഇട്ടിരുന്നത്… കുഞ്ഞു മോളെ വിളിക്കാൻ വന്നതാണ് എന്നുള്ള സത്യം അപ്പോഴാണ് മനസ്സിലായത്… പറ്റിയ അമളി ഓർത്ത് നാക്കു കടിച്ചപ്പോൾ അയാൾ നോക്കി ചിരിക്കുന്നത് കണ്ടു… രൂക്ഷമായ ഒരു നോട്ടം തിരികെ നൽകി…

അപ്പോഴും ആ മുഖത്തെ ചിരിക്ക് കുറവൊന്നും ഇല്ല…. ഇടക്കിടക്ക് മൂക്കിന്റെ തുമ്പിൽ വിരൽ വച്ചു കളിയാക്കുന്നും ഉണ്ട്… അതും കൂടി ആയപ്പൊളേക്കും ദേഷ്യം നിയന്ത്രിക്കാൻ കഴിയില്ല എന്ന് തോന്നി…

കൈയിലിരുന്ന പത്ര പേപ്പർ ഞെരിച്ചുകൊണ്ടായിരുന്നു അയാളോടുള്ള ദേഷ്യം തീർത്തത്… “”നിനക്ക് മനസ്സിലായില്ലേ ഇവരെ….

മോനെ ഇന്നലേ അവിടെ കണ്ടു കാണുമല്ലോ…

ഇവരുടേതാണ് ആ ഹോസ്പിറ്റൽ… ഞാൻ പഠിപ്പിച്ചതാ ഇവനെയും… “”രവി നിവിയുടെ തോളിൽ തട്ടിക്കൊണ്ട് ജാനിയോട് പറഞ്ഞു…

“”ഞാനവിടെ അവസാനം പഠിപ്പിച്ചത് ഇവന്റെ ക്ലാസ്സിൽ ആയിരുന്നു…. തൊട്ട് പിന്നാലെയാണ് ഗവണ്മെന്റ്ൽ കിട്ടിയത്…. ഇവളും നമ്മുടെ കുഞ്ഞു മോളും ഒരേ ക്ലാസ്സിലാ…. മോൻ രാവിലെ പോകുന്ന വഴിക്ക് രണ്ടാളെയും ഇറക്കും പറ്റുന്ന ദിവസങ്ങളിൽ…. അല്ലെങ്കിൽ ഞാനങ് കൊണ്ടാകും…

“” ചെറിയച്ഛൻ പറയുന്നതിലൊന്നും താല്പര്യം ഇല്ലെങ്കിലും വെറുതെ മൂളി കേട്ടുകൊണ്ടിരുന്നു ജാനി…

അയാളുടെ നോട്ടവും കളിയാക്കിയുള്ള ഭാവവും തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല… അത് മനസ്സിലാക്കിയിട്ടാകണം ആയാലും പിന്നെ അധിക നേരം നിൽക്കാതെ പെട്ടെന്ന് യാത്ര പറഞ്ഞു ഇറങ്ങിയത്… അയാൾ പോയി കഴിഞ്ഞിട്ടും ചെറിയച്ഛൻ അയാളെപ്പറ്റി എന്തൊക്കെയോ വാ തോരാതെ പറയുന്നുണ്ടായിരുന്നു… ശ്രദ്ധിക്കാതെ വീണ്ടും പത്രത്തിലേക്ക് ശ്രദ്ധ മാറ്റി ഇരുന്നു…

ഒരാഴ്ച കടന്ന് പോയതിന്റെ വേഗം അറിയാൻ പോലും കഴിഞ്ഞില്ല എന്ന് തോന്നി അവൾക്ക്…

ഇപ്പോൾ മനസ്സിനെ ഒരു പരിധി വരെ നിയന്ത്രണത്തിൽ നിർത്താൻ കഴിയുന്നുണ്ട്… പക്ഷേ ആ ശബ്ദം കേൾക്കുമ്പോൾ മാത്രം ഉള്ളിൽ സ്വരുക്കൂട്ടിയ ധൈര്യം മുഴുവൻ നഷ്ടമാകും….

മുത്തശ്ശിയെ വിളിക്കുമ്പോൾ അറിയാതെ എങ്കിലും ആ സ്വരം കേട്ടാൽ നിയന്ത്രണം നഷ്ടമാകുന്ന മനസ്സിനെ വരുതിയിലാക്കാൻ രാത്രി മുഴുവൻ ശ്രമിക്കുന്ന കണ്ണീരിനും കഴിയാറില്ല… കുഞ്ഞു മോൾ ഉള്ളത് ഏറ്റവും വലിയ ഒരനുഗ്രഹമായി തോന്നിയിട്ടുണ്ട്… മുഖമൊന്നു വാടുമ്പോളെക്കും അവളാൽ കഴിയുന്ന പൊട്ടത്തരങ്ങളാൽ തന്റെ വിഷമങ്ങളെ മാറ്റാൻ ശ്രമിക്കാറുണ്ട്…

ചിലപ്പോളൊക്കെ മാറിയില്ലെങ്കിലും അവൾക്ക് വേണ്ടി സന്തോഷം ഭാവിച്ചു ചിരിക്കും… കുഞ്ഞു മോളെ വിളിക്കാൻ അയാൾ വരുമ്പോൾ മാത്രം മുറിയിലേക്ക് വലിയും… ആദ്യത്തെ രണ്ടു ദിവസം കൊണ്ട് തന്നെ വരുന്ന സമയം മനസ്സിലാക്കി കഴിഞ്ഞിരുന്നു…

അതിന് മുൻപ് തന്നെ പത്രം വായിച്ചു തീർത്തിട്ട് മുറിയിലേക്ക് പോകും… മൂന്നാമത്തെ ദിവസം ഇത്തിരി കൂടുതൽ നേരം ചെറിയച്ചനോട് കാര്യം പറഞ്ഞു നിന്നിട്ടും തന്നെ കാണാതിരുന്നതിനാലാകാം അടുത്ത ദിവസം അയാൾ പതിവിലും നേരത്തെ വന്നത്… തന്നെ കണ്ടപ്പോൾ ആ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു… ശ്രദ്ധിക്കാതെ തിരികെ അകത്തേക്ക് കയറുമ്പോൾ ആ മുഖത്തെ ചിരി മങ്ങുന്നത് ഒരു മിന്നായം പോലെ കണ്ടിരുന്നു…

പക്ഷേ അതൊന്നും തന്നെ ബാധിക്കുന്നതായിരുന്നില്ല… ഭയം തന്നെ ആയിരുന്നു മനസ്സിൽ…. വീണ്ടും സ്വപ്‌നങ്ങൾ കാണാനുള്ള ഭയം…. പിന്നീടുള്ള ദിവസവും നേരത്തെ തന്നെ അയാൾ വരും എന്ന് തോന്നിയതിനാലാണ് അയാൾ വന്നു പോയതിന് ശേഷം മാത്രം ഉമ്മറത്തേക്ക് ചെല്ലാൻ തുടങ്ങിയത്…

ഇടക്കെപ്പോഴോ ചെറിയച്ചനോട് താനെവിടെ എന്ന് ചോദിക്കുന്നത് കേട്ടു… രാവിലെ ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ വല്ലാത്ത ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു… അല്ലെങ്കിലും സ്വന്തമാക്കാനും നഷ്ടപ്പെടാനും ഒന്നുമില്ലെങ്കിൽ അത് നമ്മുടെ ആത്മവിശ്വാസം കൂട്ടുക മാത്രമേ ചെയ്യൂ…

ചെറിയച്ഛനായിരുന്നു കൊണ്ട് വിട്ടത്…. ഇറങ്ങും മുൻപ് മുത്തശ്ശിയേ ഒന്ന് വിളിച്ചു…. എല്ലാ വിധ അനുഗ്രഹങ്ങളും പറയുമ്പോൾ ആ വാക്കുകളിലെ ഇടർച്ച മറ്റാർക്കും മനസ്സിലായില്ലെങ്കിലും തനിക്ക് മനസ്സിലാകുമായിരുന്നു… ആശുപത്രിയിയിലേക്ക് കടക്കുമ്പോൾ മാത്രം ഉള്ളിലൊരു പേടി തോന്നി….

അതൊരിക്കലും ചെയ്യാൻ പോകുന്ന ജോലിയെ ഓർത്തിട്ടായിരുന്നില്ല… ഇന്ന് മുതൽ അയാളെ ദിവസവും ഇവിടെ കാണേണ്ടി വരുമോ എന്ന് ഓർത്തിട്ടാണ് എന്നവൾക്ക് അറിയാമായിരുന്നു..

റിസപ്ഷനിൽ ചെന്നു പറഞ്ഞപ്പോൾ അവർ മാനേജരുടെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ട് പോയി…

അന്ന് കണ്ട ആൾ ആയിരുന്നില്ല… അതിനാൽ അപ്പോയ്ന്റ്മെന്റ് ലെറ്റർ കാട്ടി ഒരിക്കൽ കൂടി പരിചയപ്പെടുത്തി… നിവേദ് ഡോക്ടർ ടെ op യിൽ ആണ് ആദ്യത്തെ ഡ്യൂട്ടി ഇട്ടിരുന്നത്…. വീട്ടിൽ നിന്നും തന്നെ യൂണിഫോം ഇട്ടിട്ടായിരുന്നു പോയത് അതിനാൽ തന്നെ വലിയ താമസം ഇല്ലാതെ തന്നെ consulting റൂമിലേക്ക് ചെല്ലാൻ പറഞ്ഞു….

റിസപ്ഷൻൽ കണ്ട കുട്ടിയോട് തന്നെ വഴി ചോദിച്ചു മുൻപോട്ട് നടന്നു… dr. നിവേദ് മോഹനൻ എന്ന ഒരു ബോർഡ്‌ തലയെടുപ്പോടെ നിൽക്കുന്നുണ്ടായിരുന്നു… പീഡിയട്രീഷൻ ആണ് ആള്… മുറിയുടെ അടുത്തേക്ക് ചെല്ലുംതോറും കാരണമില്ലാതെ ഹൃദയം വല്ലാതെ മിടിക്കും പോലെ തോന്നിയിരുന്നു….

എന്തോ ഒരു പേടി ഉള്ളിൽ നിറയുന്നത് പോലെ…. “”മേ ഐ കം ഇൻ സർ…'””. വാതിലിൽ ഒന്ന് മുട്ടി ചെറുതായി തുറന്നുകൊണ്ട് ചോദിച്ചു… മറുവശത്തു നിന്നും സമ്മതം കിട്ടിയതും അകത്തേക്ക് ചെന്നു….

മുൻപിൽ ഇരിക്കുന്ന ആളെ കണ്ടതും ഒരു നിമിഷം തളർച്ച ബാധിച്ചത് പോലെ നിന്ന് പോയി…. നിന്ന സ്ഥലത്തു നിന്നും അനങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല…. തന്നെ നോക്കി കണ്ണും തള്ളി നിൽക്കുന്ന ജാനിയെ കണ്ടപ്പോളേ അവളീ ലോകത്തൊന്നും അല്ലെന്ന് നിവിക്ക് മനസ്സിലായിരുന്നു…. “”ഡോ….

സ്വപ്നം കണ്ടു തീർന്നെങ്കിൽ പെട്ടെന്ന് ലിസ്റ്റ് എടുത്തു നോക്ക്…..

പതിനഞ്ചു മിനിറ്റ് കൂടിയേ ഉള്ളു op ക്ക്…

“”കുസൃതി കലർന്ന ഒരു ചിരിയോടെ അവൻ പറഞ്ഞു… ഒരു നിമിഷം ഒന്ന് ഞെട്ടി…. അവന്റെ മുഖത്തെ കളിയാക്കിയുള്ള ചിരി കണ്ടപ്പോൾ ഇതുവരെ നടന്നതെല്ലാം ഓടി മനസ്സിലേക്കെത്തി…

ദേഷ്യമാണ് തോന്നിയത്… മനപ്പൂർവം തന്നെ ഈ ജോലിക്ക് ഇട്ടതാണ് എന്ന് അറിയാമായിരുന്നു….

പക്ഷേ എത്ര തന്നെ അയാൾ ശ്രമിച്ചാലും തന്റെ മനസ്സ് മാറില്ല എന്ന് ഉറപ്പായിരുന്നു… ജോലി മാത്രമായിരുന്നു മനസ്സിൽ…. ഇവിടെ ജോലി ചെയ്യുന്ന അത്രയും നാൾ അയാൾ ഇവിടുത്തെ ഡോക്ടർ ആണ്…. ഹോസ്പിറ്റൽ എംഡി ആണ്… ആ ബഹുമാനം നൽകിയേ മതിയാകൂ എന്ന് നന്നായി അറിയാമായിരുന്നു… അതിനാൽ തന്നെ മറിച്ചൊന്നും പറയാൻ പോയില്ല…

“”ഞാനിപ്പോൾ നോക്കാം ഡോക്ടർ…. “”അതും പറഞ്ഞു വേഗത്തിൽ തന്നെ ജോലിയിലേക്ക് കടന്നു…

രോഗികൾ വരാൻ തുടങ്ങിയ ശേഷം അയാൾ ഒരു ഡോക്ടർ മാത്രമായിരുന്നു…..

അതിന് മുൻപ് വരെ ഇടയ്ക്കിടെ വെറുതെ തന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഓരോ ശബ്ദങ്ങൾ ഉണ്ടാക്കിയിരുന്ന ആൾ ഇപ്പോൾ നോട്ടം കൊണ്ട് പോലും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല… ചെറിയ കുട്ടികളെ കൊഞ്ചിച്ചും ചിരിപ്പിച്ചും അവരുടെ അസുഖ വിവരം ചോദിച്ചറിയുന്ന അയാളെ കണ്ടപ്പോൾ ചെറിയ കൗതുകം തോന്നി…. എത്ര വേഗമാണ് ആ കുട്ടികൾ ഇയാളോട് ഇണങ്ങുന്നത്… ഇണങ്ങാത്ത കുട്ടികൾക്ക് കളിക്കാൻ ഓരോ സാധനങ്ങൾ വച്ചു നീട്ടി അയാൾ അവരോട് ചങ്ങാത്തം കൂടിയിരുന്നു…

അവസാനത്തെ ആളെയും നോക്കി കഴിഞ്ഞു കസേരയിലേക്ക് അയാൾ ചാഞ്ഞിരുന്നപ്പോളാണ് സമയം കടന്ന് പോയത് അറിയുന്നത്… വീണ്ടും അയാളും താനും മാത്രം ഈ മുറിയിൽ…. എത്രയും പെട്ടെന്ന് പുറത്തേക്ക് ഇറങ്ങണം എന്ന് തോന്നി…

“”ജാനിയൊന്ന് നിന്നെ…. ഇനിയും ഒരാൾ കൂടി ഉണ്ട്… “”വാതിൽ കടന്ന് പുറത്ത് വരുമ്പോളേക്കും വിളി എത്തിയിരുന്നു… സംശയത്തോടെ തിരിഞ്ഞു നോക്കി… ആ അവസാനം ഇരിക്കുന്ന പേപ്പർ നോക്കിയില്ല… തന്റെ കൈയിൽ ഇരിക്കുന്ന ഫയലിലേക്ക് ചൂണ്ടി ആണ് പറച്ചിൽ… നെറ്റി ഒന്ന് ചുളിഞ്ഞു…. മുഴുവൻ പേരെയും വിളിച്ചതാണല്ലോ…. എന്തായാലും നോക്കാം എന്ന് വിചാരിച്ചു പേപ്പറുകൾ മറിച്ചു നോക്കാൻ തുടങ്ങി…

അവസാനത്തേതിൽ എത്തിയപ്പോളേക്കും വിരലുകൾ തനിയെ നിശ്ചലമായി… ദേഷ്യം കാരണം മുഖത്തേക്ക് രക്തം ഇരച്ചു കയറിയിരുന്നു…. അതേ ദേഷ്യത്തോടെ നോക്കുമ്പോളും അയാൾ അവിടെ കൂസലില്ലാതെ ഇരിക്കുകയായിരുന്നു…

തുടരും…

അപ്പൊ എല്ലാർക്കും നായകനെ മനസ്സിലായല്ലോ ല്ലോ 😌😌..ഇനി എല്ലാരും വായിച്ചിട്ട് അഭിപ്രായം പറഞ്ഞോളൂ… ❤️❤️..സ്വല്പം നീട്ടി തന്നെ ആയിക്കോട്ടെ.. കമന്റ് ഇടാൻ മടി ആണേൽ ലൈക്ക് ഇട്ടൊള്ളൂ…

രചന: അമ്മു അമ്മൂസ്

Leave a Reply

Your email address will not be published. Required fields are marked *