ഞാനുണ്ടാകും അവിടെ.. എനിക്ക് ലില്ലി കുട്ടിയെ ഒരുപാട് ഇഷ്ടാണ്.. ശരിക്കും ഇഷ്ട്ടം…

രചന : Rejin Muraleedharan

“ലില്ലി”

❤❤❤❤❤❤❤❤

സർക്കാർ ആശുപത്രിയിലെ നിറം മങ്ങിയ ഇടനാഴിയിൽ പാതി മുഖം മറച്ച ഒരു പെൺകുട്ടി അമ്മയുടെ ചേലത്തുമ്പിൽ ഒട്ടി ചേർന്ന് ബഞ്ചിന്റെ മൂലയ്ക്ക് ഊഴവും കാത്തു ഇരിക്കുന്നുണ്ട്.

ഇടയ്ക്കെപ്പോഴോ അവളുടെ കണ്ണുകൾ വരാന്തയിലൂടെ മെല്ലെ നടന്നു വരികയായിരുന്ന ചെറുപ്പക്കാരനിലേയ്ക്ക് നീണ്ടു ചെന്നു

അയാൾക്ക്‌ തൊട്ടു പുറകിലായി കുറച്ചു തടിച്ച ഒരു സ്ത്രീകൂടിയുണ്ട്.. നടന്ന് അവരുടെ അടുത്തെതെത്തി അയാൾ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു..

“അമ്മ ഇവിടെ ഇരിയ്ക്കു ഞാൻ ഒരു ചായ വാങ്ങിക്കൊണ്ട് വരാം..”

കൂടെ വന്ന സ്ത്രീയെ തങ്ങൾക്കു അഭിമുഖമായി ഇരുത്തി.. ചുറ്റുപാടും ഒന്നു വീക്ഷിച്ചു കൊണ്ട് അയാൾ പുറത്തേക്കു ധൃതിയിൽ നടന്നു പോയി..

അവരെ കണ്ടപ്പോൾ അവളുടെ ജാള്യത ഒന്നുകൂടി കൂടിയോ എന്ന് തോന്നിപ്പോയി.. അവൾ കൂടുതൽ അവളിലേയ്ക്ക് ഉൾവലിഞ്ഞു..

ശരീരമാസകലം പൊള്ളിയപോലെ പാടുകൾ..

അത് മുഖത്തേയ്ക്ക് കൂടി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കാണാനിനി ഡോക്ടർമാരോ വൈദ്യന്മാരോ ഇല്ല… കണ്ണാടിയിൽ നോക്കിയിട്ട് തന്നെ കാലങ്ങളായി ഇടയ്ക്കൊക്കെ ആൽബം തുറന്നു തന്റെ പഴയ ഫോട്ടോകളെടുത്ത് നോക്കിയിരിക്കും.. അപ്പോഴെല്ലാം അവളറിയാതെ കണ്ണിൽ നിന്നും നീർതുള്ളികളൊഴുകി കവിളിനെ നനയ്ക്കും

പത്തിൽ പഠിക്കുന്ന സമയത്താണ് ആദ്യം കൈകളിൽ പാടുകൾ തെളിഞ്ഞു വന്നത്… അമ്മച്ചി മഞ്ഞളും ആര്യവേപ്പിന്റെ ഇലയും കൂട്ടി അരച്ച് പുരട്ടി തന്നു കുറച്ചു ദിവസങ്ങൾക്കകം മാറുകയും ചെയ്തു.. പിന്നെ ഇടക്കെപ്പോഴൊക്കെയോ ശരീരത്തിൽ പലയിടത്തായി അവ പ്രത്യക്ഷപെട്ടു തുടങ്ങി.. അമ്മച്ചിയുടെ വൈദ്യം കൊണ്ടൊന്നും മാറാത്ത വിധം അവളെ കാർന്നു തിന്നു .ചിത്രശലഭത്തെ പോലെ പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ മുഖം മറച്ച് അവളിലേക്ക് ചുരുങ്ങി കൊണ്ടിരുന്നു.ഗ്രീഷ്മവും ശിശിരവും പോലെ അവളുടെ ശരീരത്തിൽ ആ പാടുകൾ കൂടിയും കുറഞ്ഞുമിരുന്നു..

അറപ്പോടും വെറുപ്പോടെയും ഒപ്പം പഠിക്കുന്ന കുട്ടികൾ മാറ്റി നിറുത്തി തുടങ്ങിയതോടെ പ്ലസ് ടു വിന് ശേഷം കോളേജിൽ പോകണമെന്നുള്ള ആഗ്രഹം അവൾക്ക് പതുക്കെ അസ്തമിച്ചു തുടങ്ങിയതാണ്.

പഠിച്ചോരു ജോലി സമ്പാദിക്കണം സ്വന്തം കാലിൽ നിൽക്കണം എന്ന ആഗ്രഹം മനസ്സിൽ തീവ്രമായപ്പോൾ എന്തൊക്കെ അപഹാസ്യങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നാലും പഠിക്കുവാൻ തന്നെ തീരുമാനിച്ചു

“അപ്പച്ചാ ഞാൻ പഠിക്കാൻ പൊക്കോട്ടെ, ”

“അവളുടെ ഒരാഗ്രഹമല്ലേ നിങ്ങളൊന്നു സമ്മതിക്കു..”

കേൾക്കേണ്ട താമസം കയ്യിലിരുന്ന വാക്കത്തി അടുക്കളപ്പുറത്തെ പൂവൻ വാഴയ്ക്ക് നേരെ എറിഞ്ഞു കലി തുള്ളി അമ്മച്ചിക്ക് നേരെ ഒരു ചാട്ടം..

“അശ്രീകരം അവക്കിനിയും പഠിക്കണത്രെ…

എന്റേലെവിടുന്നാടീ കാശ്… ഉള്ളത് മുഴുവൻ ആശുപത്രീല് കൊടുക്കാനല്ലേ ഉള്ള്.. മൂത്തോളെ കെട്ടിച്ചതിന്റെ കടവും കടപ്പാടും ഇതുവരെ തീർന്നിട്ടില്ല,അല്ലെങ്കി പള്ളിപ്പറമ്പി കിടക്കണ നിന്റെ അപ്പൻ വർക്കിമാപ്ലയോട് ബാക്കിയുള്ള സ്ത്രീധനം തരാൻ പറയെടി…”

അമ്മച്ചി കൊത്തിനുറുക്കി കഴുകാൻ വച്ച കപ്പ ഇടംകാലുകൊണ്ട് ചവിട്ടി തെറുപ്പിച്ചു അപ്പൻ കൈക്കോട്ടുമെടുത്തു പറമ്പിലേക്ക് പോയി…

“അവളെ ഉണ്ടാക്കിയ നേരം രണ്ടു വാഴ വച്ചാ മതിയായിരുന്നു .”

“ഉണ്ടായി പോയില്ലേ കൊല്ലാൻ പറ്റോ മനുഷ്യാ… അതിന്റെ വിഷമം കാണാൻ പറ്റാത്തോണ്ടാ എവിടേലും പഠിക്കാൻ വിടാന്ന് പറയണെ..”

ചിതറി തെറിച്ച കപ്പ കഷണങ്ങൾ കലത്തിലിട്ട് വെള്ളമൊഴിച്ചു രണ്ടുമൂന്നാവർത്തി കഴുകി വാർത്തു …ഇന്ന് രാത്രിക്കിനി കപ്പപ്പുഴുക്കിൽ കല്ലുകടിച്ചാ എന്നെ പറയാൻ നിൽക്കരുത്…

ആരോട് പറയാനാ ദൈവമേനിക്ക് ഒരു ആൺകുഞ്ഞിനെ തന്നില്ലല്ലോ..പിറു പിറുത്തു കൊണ്ട് മുട്ടിനു മുകളിൽ കയറ്റിവച്ചിരുന്ന കരിമ്പനടിച്ച ചട്ടമുണ്ട് ഒതുക്കി എഴുന്നേറ്റ് നടുവൊന്നു നിവർത്തി..

മാതാവേ അവളെ സുഖപെടുത്തിയാ ഞാൻ മലയാറ്റൂർ മല കുരിശും കൊണ്ട് കേറാമേ…

അത്താഴത്തിനു മുന്നുള്ള കുടുംബപ്രാർത്ഥനക്കിടയിൽ അമ്മച്ചി ഉറക്കെ പ്രാർഥിക്കുന്നുണ്ടായിരുന്നു..

“എന്റെ മോളെ സുഖപെടുത്തണേ അവൾക്കു പഠിക്കാനുള്ള വഴി തെളിയിച്ചു കൊടുക്കണേയെന്ന്”

മാതാവ് കേട്ടില്ലേലും അപ്പൻ കേൾക്കുമെന്ന് അമ്മച്ചിക്ക് അറിയാം.. വൈകിട്ട് പണി കഴിഞ്ഞ് ഷാപ്പീന്ന് രണ്ടു കുപ്പി കള്ള് കുടിച്ചാൽ പിന്നെ അപ്പന് മനസ്ഥാപമാണ്. ചെയ്തു പോയ തെറ്റു ഓർത്തു മുട്ടിന്മേൽ നിന്നു ചിലപ്പോഴൊക്കെ കരയും.. അത്‌ കേട്ടാൽ അമ്മച്ചിയും കരയും…

പിന്നെ അന്നത്തെ രാത്രി വീട്ടിൽ സന്തോഷമാണ്..

അപ്പൻ നന്നായെന്നു എല്ലാരും കരുതും.. പിറ്റേന്ന് വെളുപ്പിന് അങ്ങാടിയിൽ പോയി പോത്തിന്റെ തുടയും ആടിന്റെ കരളും കൂമ്പും വാങ്ങിക്കൊണ്ടു വരും… കുറച്ചു ദിവസം കഴിഞ്ഞാൽ പിന്നെയും അപ്പൻ മാറും,മോളെയും ഭാര്യയേയും കണ്ടാൽ കലികയറും.. ഏതായാലും ഡിഗ്രിക്ക് പ്രൈവറ്റായി പഠിപ്പിക്കാൻ അപ്പൻ സമ്മതിച്ചു.

ജോസഫ് മാഷ് നടത്തുന്ന പാരലൽ കോളേജിൽ ചേർന്നു.. പ്ലസ് ടു വിന്റെ സർട്ടിഫിക്കേറ്റ് നോക്കി മാഷ് നെടുവീർപ്പിട്ടു എല്ലാത്തിലും 95% ഇൽ അധികം മാർക്ക് വാങ്ങിയിട്ടുണ്ട്..

“ലില്ലി എന്താ റെഗുലർ കോളേജിൽ അഡ്മിഷൻ എടുക്കാതിരുന്നേ. ഇവിടെ വരുന്നവരെല്ലാം ആവറേജും അതിൽ കുറഞ്ഞ മാർക്കുമുള്ളവരാണ്.

കഴുത്ത് മറച്ച ചുരിദാറിന്റെ ഷാൾ നീക്കി അമ്മച്ചിയാണ് മാഷേ കാട്ടി കൊടുത്തത്..

“അവൾക്ക് ഒരു അസുഖമുണ്ട്. എല്ലാവരുടെയും കളിയാക്കൽ കൊണ്ട് എന്റെ മോള് പഠിപ്പൊന്നും വേണ്ട അമ്മച്ചി ന്നു പറഞ്ഞു വീട്ടിൽ തന്നെ ഇരുന്നതാ.. എത്രനാൾ അടച്ചു പൂട്ടി ഇരിക്കാൻ പറ്റും…”

അമ്മച്ചി കണ്ണുനീർ വാർത്തു..

“ഈ മിടുക്കി കുട്ടിയെ എങ്ങനെയാ വീട്ടിലിരുത്താൻ മനസ്സ് വന്നത്…എനിക്ക് പകുതി ഫീസ് മതി..

അത്‌ പക്ഷെ കൃത്യമായി അടക്കണം.. അല്ലെങ്കിൽ മാഷുമാർക്ക് ശമ്പളം മുടങ്ങും.. നന്നായി പഠിക്കണം, ആൺകുട്ടികളോടോത്ത് ഒരുമിച്ചു നടക്കരുത്, മിണ്ടരുത് ഒരുപാട് കരിനിയമങ്ങൾ പുറപെടുവിച്ചു..

വലത്തേ വാതിലിലൂടെ കടന്നാൽ പലകകൊണ്ട് തിരിച്ച രണ്ടു ക്ലാസ്സ്‌ റൂമുകൾ കാണാം.. അതിൽ അവസാനത്തേത്… ലില്ലി പൊക്കൊളു.. ഞാൻ അമ്മച്ചിയോടു സംസാരിക്കട്ടെ…

എഴുനേൽക്കാൻ നേരം വീട്ടിലേക്കുള്ള വണ്ടിക്കൂലി കയ്യിൽ തന്നു അമ്മച്ചി മനസ്സ്കൊണ്ട് ആശിർവദിച്ചു.

പേടിയോടെ ക്ലാസിലേക്ക് കടന്നു ചെന്നു…

അനുവാദം ചോദിച്ചു അകത്തു കടന്നപ്പോൾ എല്ലാവരുടെയും കണ്ണുകൾ തന്റെ നേരെ തിരിയുന്നത് അറിഞ്ഞു… ഒഴിഞ്ഞ ബഞ്ചിന് വേണ്ടി കണ്ണുകൾ തിരഞ്ഞു.. സ്കൂളിലെ ആചാരമായിരുന്നു അത്‌.

പുറകുവശത്തു ഒറ്റയ്ക്കോരു ബഞ്ചിലായിരുന്നു സ്ഥാനം മറ്റു കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഭയമായിരുന്നു മക്കളെ ഒരുമിച്ചു ഇരുത്താൻ….

“എന്താ കുട്ടീടെ പേര് ”

പുറകിൽ നിന്ന് ഏതോ ഒരു പൂവാലൻ വിളിച്ചു ചോദിച്ചു.. ക്ലാസ്സിൽ പൊട്ടിച്ചിരി ഉയർന്നു..

“ലില്ലികുട്ടി” .

“എന്നാ മല്ലി കുട്ടി ഇവിടെ വന്നു ഇരുന്നാട്ടെ…”

ക്ലാസ്സിൽ വീണ്ടും പൊട്ടിച്ചിരി…

“സൈലൻസ്…. ”

ചൂരൽ ഡെസ്ക്കിൽ അടിച്ചുകൊണ്ട് ടീച്ചർ അവളോട്‌ പോയി ഇരിക്കാൻ പറഞ്ഞു..

പ്രിയയും, രഹ്‌നയും, സുധിയും, രാഗേഷും സഞ്ജുവും പ്രിയപ്പെട്ട കൂട്ടുകാരായത് പെട്ടെന്നാണ്…ജീവിതത്തിലെ ദുഃഖങ്ങൾ മാറിതുടങ്ങി…

കോളേജിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഇടയിലാണ് അവളെ ഞെട്ടിച്ചു കൊണ്ട് അത്‌ കേൾക്കുന്നത്..

സഞ്ജുവിന് നിന്നോട് ഇഷ്ടമാണെന്ന്.. എന്നോട് നിന്റെ ഇഷ്ടം ചോദിക്കാൻ പറഞ്ഞിട്ടുണ്ട്

പ്രിയയാണ് ചെവിയിൽ പറഞ്ഞത്… ഒരു നിമിഷം ഉള്ള് മുഴുവൻ പൂത്തുലഞ്ഞുവെങ്കിലും കരച്ചിലാണ് വന്നത്..

ക്ലാസ്സിലെ കാണാൻ കൊള്ളാവുന്ന ആൺകുട്ടി..

തന്നേക്കാൾ നാല് വയസ്സ് കൂടുതലുണ്ട് അവന്,

ചെറുപ്പത്തിൽ തന്നെ ആശുപത്രി ജംഗ്ഷനിൽ ലാബ് നടത്തുന്നുണ്ട് അവൻ… പഠനത്തോടൊപ്പം ജോലി കൂടി ചെയ്യുന്ന അവൻ എല്ലാവർക്കും മാതൃക കൂടി ആയിരുന്നു.അത്രയും നാളില്ലാത്ത അപകർഷതാബോധം അവളിൽ നിറഞ്ഞു.. കണ്ണ് നിറഞ്ഞു കൊണ്ട് വാഷ് റൂമിലേക്ക്‌ ഓടിപോയപ്പോൾ നിൽക്കു ലില്ലി ഞാനും വരുന്നു എന്ന് പറഞ്ഞ് അവളും കൂടെ ചെന്നു..

“എല്ലാം ശരിയാവും ലില്ലി. സഞ്ജു ഒരു ഡോക്ടറുടെ അഡ്രെസ്സ് തന്നിട്ടുണ്ട് കുറച്ചു ദൂരെയാണ്… അവിടെ മരുന്നിനോ ചികിത്സക്കോ പണം കൊടുക്കേണ്ട..

നിന്റെ അസുഖം മാറുംന്നാ അവൻ പറയണെ..

വേണമെങ്കിൽ അവൻ കൂടെ വരാന്നു പറയുന്നുണ്ട്

“അതൊന്നും വേണ്ട.. അപ്പൻ സമ്മതിച്ചാൽ മതിയായിരുന്നു..”

“പോവുമ്പോ എന്നേ വിളിച്ചു പറയണേ..”

ക്രിസ്തുമസ് അവധിക്കു പിരിയുമ്പോൾ വർണ്ണ കടലാസിൽ പൊതിഞ്ഞ സമ്മാനങ്ങളിൽ ചെറിയൊരു മൊബൈൽ ഫോൺ കൂടി വയ്ക്കാൻ കൂട്ടുകാർ മറന്നില്ല.. എല്ലാവരെയും പോലെ നീയും ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ്.. കൂട്ടത്തിൽ നിനക്ക് മാത്രമേ ഫോണില്ലാത്തതുള്ളു… അതിൽ സിമ്മ് ഇട്ടിട്ടുണ്ട് എല്ലാവരുടെയും മൊബൈൽ നമ്പറും സേവ് ചെയ്തിട്ടുണ്ട് പൊന്നുമോൾ ഞങ്ങൾ വിളിക്കുമ്പോൾ ഫോൺ എടുത്താൽ മതി.. ”

മുട്ടിപ്പായി പ്രാർത്ഥിക്കുമ്പോഴാണ് ആശുപത്രിയിൽ പോകേണ്ട കാര്യം അമ്മച്ചി അപ്പച്ചനോട് പറയുന്നയത്‌.. അന്ന് കള്ള് കുടിച്ചിട്ടില്ലേലും അപ്പൻ മറുത്തൊന്നും പറഞ്ഞില്ല..

“പൊക്കോടി.. കെട്ടിച്ചു വിടാനുള്ളതല്ലേ.. ആണുങ്ങൾ വന്നു കാണുമ്പോ ഇഷ്ടപ്പെടണ്ടേ…

പൈസ നീ മേശവലിപ്പീന്ന് എടുത്തോ…”

മാതാവിന് സ്തുതി പറഞ്ഞുകൊണ്ട് എഴുന്നേറ്റു പോയി ചോറും മീൻകറിയും ചക്ക കൂട്ടാനും വിളമ്പി അപ്പനെ ഉണ്ണാൻ വിളിച്ചു….

“ദേ… നോക്കിയേ മോൾക്ക് കിട്ടിയ ക്രിസ്തുമസ് സമ്മാനം.. മൊവേല്!…”

വെള്ളി നിറത്തിലുള്ള പുറംചട്ടയിട്ട മൊബൈൽ അപ്പൻ വാങ്ങി തിരിച്ചും മറച്ചും നോക്കി… ഇതികേറ്റാൻ ഞാൻ പൈസ തരില്ലാട്ടാ നിന്റപ്പൻ വർക്കി മാപ്ലയോട് പോയി ചോദിച്ചോണം…”

“അതൊക്കെ ഞാൻ നോക്കിക്കൊള്ളാം നിങ്ങള് വെറുതെ അതുമിതും പറയണ്ട… അവളുടെ മുഖമൊന്നു തെളിയുന്നത് ഞാനിപ്പോഴാ കാണുന്നെ..

നാളെ തന്നെ ആശുപത്രിയിൽ പോണം.. വണ്ടികാശ് മാത്രം മതി അവിടെ എല്ലാം ഫ്രീയാ…

“പള്ളീടെ ധർമ്മാശുപത്രി ആണോടി മറിയേ..?”

“പള്ളിയുടെയും പട്ടകാരുടെയും ഒന്നുമല്ല നമ്മുടെ സർക്കാരിന്റെ ആശുപത്രിയാ..നല്ല ഡോക്ടറാന്ന അവളുടെ ഒപ്പം പഠിക്കുന്ന കുട്ടി പറയണേ..’

“ഹ്മ്മ്… “ചോറും ചക്കകൂട്ടാനും ചേർത്തു ഉരുട്ടിയ ഉരുള അയലക്കറിയിൽ മുക്കിയെടുത്തു വായിലേക്ക് വച്ച്… ചവച്ചിറക്കുന്നതിനിടയിൽ ആംഗ്യ ഭാഷയിൽ എന്തോ പറഞ്ഞു..

“ഈ മനുഷ്യന്റെ ഒരു കാര്യം.. ഉരുള വക്കുന്നതിനു മുൻപ് പറയാതെ…”

“നീ പോയിട്ട് വാ ഞാനൊരു നേർച്ച നേർന്നിട്ടുണ്ട്..അവളെയും കൊണ്ട് വേളാങ്കണ്ണി പോവാന്നു..”

“മാതാവേ “അമ്മച്ചി ദീർഘനിശ്വാസത്തോടെ എഴുന്നേറ്റ് കുരിശു വരച്ച് അടുക്കളയിലേക്കു നടന്നു..

ഡോക്ടറെ കാണാൻ പോകുന്ന കാര്യം പ്രിയയെ വിളിച്ചു പറഞ്ഞു.. കുറച്ചു കഴിഞ്ഞപ്പോൾ മൊബൈലിൽ സഞ്ജുവിന്റെ ടെക്സ്റ്റ്‌ മെസ്സേജ് വന്നു

“ഞാനുണ്ടാകും അവിടെ..എനിക്ക് ലില്ലി കുട്ടിയെ ഒരുപാട് ഇഷ്ടാണ്.. ശരിക്കും ഇഷ്ട്ടം..

വരുമ്പോൾ ലില്ലിക്കൊരു സർപ്രൈസ് കൂടി ഉണ്ടാകും

മനസ്സിലൂടെ ഒരായിരം കൊള്ളിയാനുകൾ പാഞ്ഞു പോയി… ജീവിതത്തിൽ ആദ്യമായി ഒരാൾ തന്നെ ഇഷ്ടമാണെന്ന് പറയുന്നത്..കൂടാതെ സർപ്രൈസും..ഉറങ്ങാൻ പറ്റുന്നില്ല..

മൊബൈലിൽ ബീപ് ശബ്ദത്തോടെ അടുത്ത മെസേജ് തെളിഞ്ഞു..

മിടിക്കുന്ന ഹൃദയത്തോടെ ആർത്തിപ്പൂണ്ട് അക്ഷരങ്ങൾ വായിച്ചു..

“എന്റെ അമ്മയ്ക്കും തന്നെ ഇഷ്ടാടോ.. ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.. ”

നേരം വെളുക്കുന്നത് വരെ ഉറങ്ങിയില്ല..

അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി പ്രാർത്ഥിച്ചു ആശുപത്രിലേക്ക് പുറപ്പെടുമ്പോൾ അപ്പച്ചൻ അടുത്തു വന്നു നെഞ്ചോടു ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു.. ഓർമ്മയിൽ ആദ്യമായാണ് അപ്പച്ചൻ തന്നെ ഉമ്മവയ്ക്കുന്നത്…

“ഇതിയാനിതെന്തുപറ്റി…കുഞ്ഞു നാളിൽ പോലും നേരാം വണ്ണം അതിനെ കൊഞ്ചിച്ചിട്ടില്ല..’

“അതൊന്നും പറഞ്ഞാ നിനക്ക് മനസ്സിലാവില്ലെടി മറിയെ.. കെട്ടിച്ചു വിട്ട് വേറെ വീട്ടിക്കേറി വന്നപ്പോഴല്ലേ ന്നീ തന്നെ അപ്പന്റെ സ്നേഹം മനസ്സിലാക്കിയത്… പിന്നീടല്ലേ അപ്പനെ കാണണംന്നു പറഞ്ഞു നിലവിളിച്ചു തുടങ്ങിയത്..

ഓർമ്മയില്ലേ ഏത്തകുലയും തോളിൽ വച്ച് നിന്നെ കാണാൻ വരുന്ന അപ്പന്റെ രൂപം. കാര്യം ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞു വഴക്ക് കൂടാറുണ്ടെങ്കിലും നിന്റെ അപ്പന്റെ സ്നേഹം എനിക്കും അറിയാടി മറിയേ.

“അതുമിതും പറഞ്ഞു സമയം പോവും മനുഷ്യാ.. ”

നിറഞ്ഞ കണ്ണും മൂക്കും സാരി തുമ്പുകൊണ്ട് തുടച്ചു…

“വാ മോളെ ” എന്നും പറഞ്ഞു അമ്മച്ചി മുൻപേ നടന്നു..

ആശുപത്രി വരാന്തയിലേക്ക് കയറുമ്പോൾ ലില്ലിക്കുട്ടിയുടെ കണ്ണുകൾ സഞ്ജുവിനെ തിരയുന്നുണ്ടായിരുന്നു.. അവനെ അഭിമുഖീകരിക്കാൻ മനസ്സ് മടികാണിക്കുന്നു..

കോളേജിലെ തങ്ങളുടെ സൗഹൃദത്തിനിടയിൽ ഒരിക്കൽ പോലും തന്നെ ഒരാളും വാക്കുകൊണ്ട് പോലും നോവിച്ചിട്ടില്ല, സഹതാപം കൊണ്ട് ശ്വാസം മുട്ടിച്ചിട്ടില്ല… തന്റെ ചോറ്റുപാത്രത്തിൽ നിന്നും പാവക്കാ തോരനും അച്ചിങ്ങാ മെഴുകുവരട്ടിയും പങ്കിട്ടെടുക്കാൻ ആരും മടികാണിച്ചിട്ടുമില്ല പക്ഷെ ഒരാൾ തന്നെ പ്രണയിക്കുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല .. സഞ്ജു വരല്ലേ എന്ന പ്രാർത്ഥനയോടെ അമ്മയുടെ അരികുപറ്റി ആശുപത്രിയുടെ ഒഴിഞ്ഞ മൂലയിൽ അവളിരുന്നു…

ഇടനാഴിയിലൂടെ തന്നെയും നോക്കി പുഞ്ചിരി തൂകി സഞ്ജു നടന്ന് വരുന്നുണ്ട്..പുറകിൽ ചിത്രങ്ങളിൽ മാത്രം കണ്ടു പരിചിതയായ അമ്മ…

അവളുടെ നെഞ്ചിലെ കൂടുതുറന്നു ഒരായിരം പറവകൾ ചിറകടിച്ചുപറന്നു., ഭയമാണോ ആദ്യ പ്രണയത്തിന്റെ നോവാണോ എന്നറിയാത്ത പോലെ..

ആകാശകൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ ഇരുന്നാടുന്നതുപോലെ മനസ്സ് തുടിച്ചു കൊണ്ടിരിക്കുന്നു…

അമ്മയെ തങ്ങൾക്കരികിൽ ഇരുത്തിയതിനു ശേഷം കടകണ്ണ് കൊണ്ട് തന്നെ നോക്കി ചുണ്ടിൽ ചെറിയൊരു പുഞ്ചിരി നിറച്ചു സഞ്ജു ധൃതിയിൽ പുറത്തേക്കു പോയി…

അമ്മയുടെ ചേലത്തുമ്പിനുള്ളിലേക്ക് കോഴികുഞ്ഞിനെ പോലെ ഒളിക്കാനാണവൾക്ക് തോന്നിയത്…

ഏകദേശം അറുപതിനോടടുത്ത പ്രായമുള്ള പ്രൗഡയായ ഒരു സ്ത്രീ രൂപം… മുഖത്ത് തേജസ്സ് വിളയാടുന്നു.. വീതികൂടിയ നെറ്റിയും കവിൾത്തടങ്ങളും സഞ്ജുവിനെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു .. കയ്യിലൊരു തൂക്കു പാത്രത്തിൽ ആവിപറക്കുന്ന ചായയുമായി അവൻ ഓടിയെത്തി,

അടുക്കി പിടിച്ച പേപ്പർ ഗ്ലാസുകളിൽ ചായ പകർന്നു എനിക്കും അമ്മച്ചിക്കും നേരെ നീട്ടിക്കൊണ്ടാണ് ഞങ്ങളെ പരിചയപെടുത്തിയത്..

“ഇതാണമ്മേ ഞാൻ പറഞ്ഞ കൂട്ടുകാരി… ”

ഒന്നും മനസ്സിലാവാതെ അമ്മച്ചി എന്റെ മുഖത്തേക്കും സഞ്ജുവിന്റെ മുഖത്തേക്കും മാറി മാറി നോക്കി…

“അമ്മച്ചി പേടിക്കണ്ട ലില്ലികുട്ടീടെ ഒപ്പമാണ് ഞാൻ പഠിക്കുന്നത്. ഇവിടുത്തെ ഡോക്ടർ ശ്രീദേവി അമ്മയുടെ അനിയത്തിയാണ്. അമ്മയ്ക്ക് ഇതേ അസുഖമായിരുന്നു ചെറുപ്പത്തിൽ.. അമ്മയുടെ കഷ്ടപ്പാട് കണ്ടു സഹിക്കാതെയാണ് ചെറിയമ്മ പഠിച്ചു ഡോക്ടറായത് ന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. ”

“ലില്ലി കുട്ടീടെ അമ്മച്ചി വിഷമിക്കേണ്ട ഞങ്ങൾക്ക് ഇവളെ ഇഷ്ടമാണ് .. വീട്ടിൽ വന്നാൽ ഇവളുടെ കാര്യം പറയാനേ ഇവന് നേരമുള്ളൂ.. ഇവന് ഇപ്പോൾ തന്നെ കൊള്ളാവുന്ന ഒരു ജോലിയുണ്ട്..

രണ്ടു വർഷത്തിനുള്ളിൽ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ സ്ഥാപനങ്ങൾ കൊണ്ടുപോകാനാകും. മകളെ ഞങ്ങൾ പൊന്നുപോലെ നോക്കാം. മതവും ജാതിയുമൊന്നും പറഞ്ഞ് ഇവരെ പിരിക്കരുത്.

“അസുഖത്തിന്റെ കാര്യം പറഞ്ഞു വിഷമിപ്പിക്കേണ്ട എന്ന് വിചാരിച്ചാണ് ഇത്രനാളും ഒന്നും പറയാതിരുന്നത്. എന്റെ നിർബന്ധം കൊണ്ടാണ് ലില്ലിയെ ഇവിടെക്ക് കൊണ്ട് വരാൻ പറഞ്ഞത്.

മാറ്റിയെടുക്കാവുന്ന ഒരു അസുഖത്തിന്റെ പേരിൽ ഇത്രയും നല്ല ഒരുമോളെ വേണ്ടെന്നു വയ്ക്കാൻ ഞങ്ങൾക്കാവില്ല… മറിയേടത്തി മറിച്ചൊന്നും പറയരുത്.. ഇവന് ഇവളെ അത്രയ്ക്ക് ഇഷ്ടമാണ്.. ”

അമ്മച്ചി ലില്ലിയുടെ മുഖത്തേക്ക് നോക്കി…

“മോളെ നിനക്കിഷ്ടാണോ..? അപ്പനെ പറഞ്ഞ് ഞാൻ സമ്മതിപ്പിച്ചോളാം…”ആ അമ്മയ്ക്ക് മറുത്തൊന്നു ചിന്തിക്കേണ്ടി വന്നില്ല.. തെറ്റും ശരിയും തിരയാൻ തോന്നിയില്ല..

“ഉം . “അവളുടെ സമ്മതം മൂളൽ എല്ലാവരുടെയും മനസ്സ് കുളിർപ്പിച്ചു…

“ടോക്കൺ നമ്പർ ഏഴ്.”

ശ്രീദേവി ഡോക്ടറുടെ വാതിലിനരികിൽ നിന്ന അറ്റൻഡർ നമ്പറു വിളിച്ചു…

“പോയി വാ ഞങ്ങൾ കാത്തിരിക്കാം..”

ലില്ലി കുട്ടിയും അമ്മയും എഴുന്നേറ്റു പരിശോധനാ മുറിയിലേക്ക് നടന്നു.. സഞ്ജുവിന്റെ വിരലുകൾ അവളുടെ കൈകളിൽ കോർത്തു മുറുകെ പിടിച്ചു… അതുവരെ ഇല്ലാത്ത ഒരു പ്രതീക്ഷ അവളുടെ ഉള്ളിലും നിറഞ്ഞു….മനസ്സിൽ ഒരായിരം മുല്ല മൊട്ടുകൾ വിരിഞ്ഞ അനുഭൂതിയോടെ… ലില്ലി കുട്ടിയുടെ പ്രതീക്ഷകൾ അവിടെ തുടങ്ങുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Rejin Muraleedharan

Leave a Reply

Your email address will not be published. Required fields are marked *