കല്ല്യാണം കഴിഞ്ഞ് 15 വർഷമായി. ഇന്ന് വരെ ഒന്ന് പരസ്പരം തൊടാൻ രണ്ടു പേർക്കും കഴിഞ്ഞിട്ടില്ല

രചന : മിനി ജോർജ്

തുടക്കം

❤❤❤❤❤❤

നേരം വല്ലാതെ ഇരുട്ടി. ഹരിയെ ഇവിടെ കാണുന്നില്ലല്ലോ. ബസ്സിറങ്ങിയപ്പോൾ മനസ്സിൽ ഓർത്തു,..

ബസ്സ് വൈകിയപ്പോൾ അത് പറയാൻ വിളിച്ചതാണ്.

പക്ഷേ ഫോൺ എടുത്തില്ല,. സാധാരണ വളരെ നേരത്തെ തന്നെ ഹരി ബസ്സ് സ്റ്റോപ്പിൽ വന്നു നിൽക്കും.

കയ്യിൽ ഒരു സഞ്ചി നിറയെ സാധനങ്ങളും കാണും. ഒരു ആഴ്ച വീട്ടിലേക്കു വേണ്ടതെല്ലാം അതിൽ വാങ്ങി വെച്ചിട്ടുണ്ടാകും.

നടന്നു നോക്കാം. ചിലപ്പോൾ പാടത്ത് നിന്നു പണിക്കാർ പോയി കാണില്ല. കൂലി കൊടുക്കാൻ നിന്നതാവും

ഒറ്റക്ക് നടക്കുമ്പോൾ എന്തോ പേടി തോന്നി.

ഒരിക്കലും ഈ നേരത്ത് ഒറ്റക്ക് നടന്നിട്ടില്ല.

കാലുകൾ വലിച്ചു വച്ചു നടന്നു.

“ഇന്നെന്താ കുട്ടി അവൻ വന്നില്ലേ”? പെട്ടികടക്കാരൻ അച്ചുവേട്ടൻ കടയടക്കുന്നതിനിടയിൽ വിളിച്ചു ചോദിച്ചു.

“ഇല്ല അച്ചുവേട്ടാ, ആളെ കണ്ടോ?”

“ഇല്ല കുട്ടി ഇന്ന് കണ്ടിട്ടില്ല…… നിൽക്കൂ,

കുട്ടി ഒറ്റക്ക് പോകണ്ട ഞാനുമുണ്ട് ആ വഴിക്ക്.”

അച്ചുവേട്ടൻ ഒപ്പം എത്തി. അയാളുടെ ടോർച്ച് വെട്ടത്തിൽ നടക്കുന്നതിനിടയിൽ അയാൾ എന്തൊക്കെയോ ചോദിച്ചു, മനസ്സിലെ വെപ്രാളം കൊണ്ട് ഒന്നും അങ്ങോട്ട് വ്യക്തമാകുന്നില്ല. എന്തൊക്കെയോ മറുപടിയും പറഞ്ഞു.

ഗേറ്റ് തുറന്ന് അകത്തു കേറി അച്ചുവേട്ടനോട് നന്ദിയും പറഞ്ഞു മുറ്റത്തോട്ടു കേറി.

ഉമ്മറത്ത് ലൈറ്റ് ഇട്ടിട്ടില്ല. എന്ത് പറ്റി? എത്ര വയ്യാണ്ടായാലും അമ്മായി സന്ധ്യാ ദീപം കൊളുത്തി വയ്ക്കാതിരിക്കില്ല.

അകത്തെ റൂമിൽ ഇത്തിരി വെളിച്ചം ഉണ്ട്.

ഓടി കേറുന്നതിനിടയിൽ ഉമ്മറത്ത് കമഴ്ത്തിയിട്ട ആമകല്ലിൽ തട്ടി വീഴാൻപോയി.

വീട് നന്നാക്കിയിട്ടും വിട്ടുപോകാൻ മടിക്കുന്ന ചില പഴമകളിലൊന്നാണാ കല്ല്.

വേഗം വെളിച്ചം കണ്ട റൂമിലേക്ക് ചെന്നു. അമ്മായി കിടക്കുന്നുണ്ട്.

“എന്തു പറ്റി അമ്മായി?” മെല്ലെ അമ്മായിയെ ചാരി ഇരുത്തുന്നതിനിടയിൽ ചോദിച്ചു.

“മോള് പേടിക്കേണ്ട, ഇവിടൊക്കെ ഇപ്പൊൾ ഒരു പനി, നടപ്പ് ദീനം ആയി വരിണ്ട്. അതാണെന്ന് തോന്നുന്നു”.

“യ്യോ,എന്നിട്ടെന്തേ എന്നെ വിളിച്ചില്ല. ഞാൻ ലീവെടുത്ത് വരില്ലേ അമ്മായി.”

“അതറിയാം കുട്ടി, പക്ഷേ പരീക്ഷ നടക്കല്ലെ…

വിളിക്കേണ്ടാന്ന് ഹരിയാ പറഞ്ഞെ….”

“ഞാൻ അമ്മായിക്ക് ചുക്കുകാപ്പി ഉണ്ടാക്കി തരാം”

സാരി എളിയിൽ തിരുകി അമ്മായിയെ ശെരിക്കു കിടത്തി, ഞാൻ എണീറ്റു.

“ന്നിട്ടു ഹരിയെവിടെ?”

“അവിടെ എവിടെയോ ഉണ്ട്. വിളിച്ചിട്ട് കേട്ടില്ല. അന്തിതിരി വെക്കാതെ ചെക്കൻ എങ്ങോട്ട് പോയി ആവോ?”

അമ്മായിയെ കമ്പിളി കൊണ്ട് പുതപ്പിച്ചു, മുടിയൊക്കെ മുഖത്ത് നിന്നൊതുക്കി, കിടത്തി

മുറിക്ക് പുറത്തിറങ്ങി മൊബൈലിൻ്റെ വെളിച്ചത്തിൽ വിളക്ക് കൊളുത്തി ഉമ്മറത്ത് കൊണ്ട് വച്ചു.

ഒന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു പിന്നെ ലൈറ്റുകൾ ഇട്ടു.

ഹരി എവിടെ പോയി. റൂമിലും പൂമുഖത്തും ഒന്നും ഇല്ലലോ?

അമ്മായിക്ക് ചുക്കുകാപ്പി എടുത്തു തിരിയുന്നതിനിടയിൽ ചായ്‌പിൽ ഒരു നിഴൽ. കാപ്പി താഴെ വെച്ച് ലൈറ്റ് ഇട്ടു.

അടുക്കളയോട് ചേർന്നുള്ള വരാന്തയിൽ കസേരയിൽ ഹരി ചാരി കിടക്കുന്നു. മെല്ലെ അടുത്ത ചെന്നു.

ഉറങ്ങുകയാണ്, മുഖം ചുവന്നിരിക്കുന്നു.

“ഹരി”,……മറുപടി ഒരു ചെറിയ ഞരക്കം.

നെറ്റിയിൽ തൊട്ടു നോക്കി. പൊള്ളുന്ന ചൂട്.

“യ്യോ, നല്ല പനിയുണ്ടല്ലോ, ഞാൻ അപ്പുറത്ത് പോയി ആരെയെങ്കിലും വിളിക്കാം. നമുക്ക് ഡോക്ടറുടെ അടുത്ത് പോകാം.”

“വേണ്ട, ഇത്തിരി ചൂടുള്ള കാപ്പി തരുമോ”

“ഇപ്പൊ തരാം.”

ഓടിപ്പോയി ഒരു ഗ്ലാസ്സിൽ കാപ്പി എടുത്തു കൊണ്ട് വന്നു കൊടുത്തു.

“ഹരി, നമുക്ക് ഡോക്ടറുടെ അടുത്ത് പോകാം,

ഇതിങ്ങനെ വച്ചോണ്ടിരുന്നാൽ എങ്ങനാ. അമ്മായിയേം കാണിക്കാം.”

“വരട്ടെ, മേശപ്പുറത്ത് ഞാൻ ഗുളിക വാങ്ങി വച്ചിട്ടുണ്ട്. അമ്മക്കൊരെണ്ണം എ=ടുത്തു കൊടുത്ത്,

ഒന്നെനിക്കും തന്നോളൂ. കുറവില്ല എങ്കിൽ രാവിലെ ഡോക്ടറുടെ അടുത്ത് പോകാം.”

അമ്മായിക്ക് കാപ്പിയും ഗുളികയും കൊടുത്തു. ഹരീടെ കാര്യം കേട്ടപ്പോൾ അമ്മായിക്ക് വേവലാതി ആയി.

“സാരമില്ല അമ്മായി, ഞാനീ ഗുളിക കൊടുത്തിട്ട് വരാം.”

ഒരു ടവൽ നനച്ചു ഹരിയുടെ മുഖം തുടച്ചു കൊടുത്തു. ഗുളികയും കൊടുത്തു.

“ഹരി അകത്തു പോയി കിടക്കൂ, തണുപ്പുണ്ട്. പിടിക്കാം ഞാൻ.”

വേണ്ട, ഞാൻ ഇത്തിരി കുറവായിട്ട് എണീക്കാം….

രാഖി…

“എന്തോ?”

നീ കുറച്ചു നേരം ഇവിടെ ഇരിക്കാമോ?, എന്തോ വല്ലാതെ ഒറ്റപെട്ടപോലെ തോന്നുന്നു.

ഒരു മിനിറ്റ് ഒന്ന് ശങ്കിച്ചുനിന്നു., പിന്നെ മുട്ടുകുത്തി ഹരിയുടെ അരികിൽ ഇരുന്നു. ആ കണ്ണുകൾ അടച്ചിരിക്കുകയാണെങ്കിലും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

വളരെ മെല്ലെ ഹരിയുടെ മുഖം നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ചു. തലയിൽ മെല്ലെ ചുണ്ടമർത്തി.

ചൂടുള്ള കണ്ണുനീർ സാരിയെ നനച്ചു ഒഴുകിയിറങ്ങുന്നു.

“ഹരി, ഞാനുണ്ടല്ലോ കൂടെ. വിഷമിക്കണ്ട കേട്ടോ”

ഹരിയിൽ നിന്നും ഒരു തേങ്ങൽ ഉയർന്നുവോ?

ഒരു പക്ഷെ അപ്രതീക്ഷിതമായ തൻ്റെ പ്രവൃത്തിയിൽ ഹരിയുടെ മനസ്സിൻ്റെ ചരട് പൊട്ടി പോയിരിക്കാം.

കല്ല്യാണം കഴിഞ്ഞ് 15 വർഷമായി. ഇന്ന് വരെ ഒരു വിരലുകൊണ്ടുപോലും പരസ്പരം തൊടാൻ രണ്ടു പേർക്കും കഴിഞ്ഞിട്ടില്ല. മാനസീകമായി രണ്ടാളും അതിനു തയ്യാറല്ലായിരുന്നു. അടുത്ത സുഹൃത്തുകളെ പോലെ, ഒരു വരമ്പിട്ട് ഇത്ര കാലോം….

ഏറ്റവും വിഷമം അമ്മായിക്ക് ആയിരുന്നു. മൂത്ത മകനുവേണ്ടി കാത്തു വച്ച കുട്ടിയെ ഇളയ മകൻ്റെ കയ്യിലേൽപ്പിച്ചപ്പോൾ.

തടയുവാൻ തനിക്കോ ഹരിക്കോ കഴിയുമായിരുന്നില്ല.

അവാച്യമായ ഏതോ സംതൃപ്തിയിൽ മുഴുകി നിന്നപ്പോൾ കഴിഞ്ഞ കാലങ്ങൾ കണ്ണിൽ തെളിഞ്ഞു.

അച്ഛൻ്റെ താവഴിയിലെ ഒരു അകന്ന പെങ്ങളാണ്,

അമ്മായി. അമ്മാവനും അമ്മായിയും രവിയേട്ടനും ഹരിയും ചേർന്ന കുടുംബം ,ഞങ്ങളുടെ വീടിൻ്റെ അടുത്ത് തന്നെയാണ് താമസിച്ചിരുന്നത്.

നല്ല സ്നേഹമുള്ള സ്ത്രീയായിരുന്നു അമ്മായി.

തൻറെ അമ്മ മരിച്ചതിൽ പിന്നെ തന്നെ അമ്മായിയെ ഏൽപ്പിച്ചാണ് അച്ഛൻ അന്യനാട്ടിൽ ജോലിക്ക് പോയിരുന്നത്. അച്ഛനവിടെ പുതിയ കുടുംബം ആയിട്ടും അച്ഛൻ്റെ കൂടെ തന്നെ ഇവർ വിട്ടില്ല.

“നീ പൊയ്ക്കോ സുധാകരാ, ഞാൻ നോക്കിക്കോളാം അവളെ. അവളെൻ്റെ രവീടെ പെണ്ണാ…. നീ ധൈര്യമായി പോക്കോ.”

ഒരു രണ്ടാനമ്മയുടെ അടുത്ത് കൊണ്ടുപോകാൻ അച്ഛനും പേടിയായിരുന്നു.

രവിയേട്ടന്റെയും ഹരിയുടെയും കൂടെ വളർന്നു. സ്വപ്നം കാണുന്ന പ്രായം ആയപ്പോൾ രവിയേട്ടൻ്റെ പെണ്ണായി മാറാനും തുടങ്ങി.

ആരും കൊതിക്കുന്ന പ്രകൃതമായിരുന്നു രവിയേട്ടന്.

സുമുഖൻ, നല്ല പെരുമാറ്റം. ഇടക്കിടെ ശ്വാസത്തിനു ഇത്തിരി വലിവുണ്ടായിരുന്നു. മഴക്കാലവും മഞ്ഞുകാലം ആയാൽ കുറേശ്ശെ വലിവ് വരും.

അത് കൊണ്ട് അമ്മായി രവിയേട്ടനെ മറ്റുള്ളവരെ പോലെ അലയാൻ വിടില്ല. സ്കൂള് വിട്ടാൽ വീട്, വീട് വിട്ടാൽ സ്കൂള്.

രവിയേട്ടൻ്റെ ആകെയുള്ള സുഹൃത്ത് താനായിരുന്ന്. പഠിക്കാനും, കളിക്കാനും, സ്വപ്നം കാണാനും.

അമ്മായിക്ക് തന്നെ ഒരു ടീച്ചറായി കാണാനായിരുന്നു ആഗ്രഹം. B .ed നു പഠിപ്പിച്ചതും അമ്മായി തന്നെ.

താനും രവിയേട്ടനും, ഇണക്കുരുവികളായി നടക്കുമ്പോൾ ഏറ്റവും കൂടുതൽ കളിയാക്കിയതും,

സന്തോഷിച്ചതും, ഹരിയായിരുന്നു.

അമ്മായി അവനെ കളിയാക്കി ലക്ഷ്മണൻ എന്നാണ് വിളിച്ചിരുന്നത്.

രവിയേട്ടൻ ലൈബ്രറിയും പാടവും കൃഷിയുമായി ഒതുങ്ങി കൂടി. പ്രണയം അതിൻ്റെ ഏറ്റവും നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച കാലമായിരുന്നു അത്.

ലൈബ്രറി തുറക്കുന്നത് വരെ ആറ്റിറമ്പിൽ ഇളം ചൂടുള്ള വെള്ളത്തിൽ കാല് നീട്ടിയിരുന്ന്,

കൈകൾ കോർത്ത് പിടിച്ച് സ്വപ്നം കണ്ട കാലം. പാടവരമ്പത്തും തൊടിയിലും വെറുതെ കറങ്ങി തിരിഞ്ഞു പരസ്പരം കാത്തു നിന്ന കാലം.

കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന് സമയത്തെ മാറ്റി നിർത്തിയ കാലം.

സ്വന്തം കാലിൽ നിൽക്കാറായാൽ അപ്പോൾ കല്യാണം.. എന്നാണ് അമ്മാവനും അമ്മായിയും പറയാറ്. അടുത്തൊരു സ്കൂളിൽ ജോലി ശരിയായപ്പോൾ അവർ കല്യാണത്തിന് തിരക്ക് കൂട്ടാൻ തുടങ്ങി.

ഹരിക്കായിരുന്നു ഏറ്റവും ഉത്സാഹം. ചിട്ടി പിടിക്കാനും തുണികളെടുക്കാനും ദേഹണ്ണക്കാരെ ഏൽപ്പിക്കാനും ഒക്കെ അമ്മാവനേക്കാൾ ഉത്സാഹം അവനായിരുന്നു.

അമ്മായി, തൻ്റെ അച്ഛനെയും ചിറ്റമ്മയേയും ഒക്കെ ഒരാഴ്ചമുമ്പ് തന്നെ വരണമെന്ന് ശട്ടം കെട്ടി.

ആഭരണങ്ങൾ ഒക്കെ അമ്മായിയുടെ കയ്യിലുണ്ടായിരുന്നു. കൂടാതെ അച്ഛനും ചിലത് കൊണ്ട് വന്നു.

വിചാരിക്കും പോലെ അല്ലല്ലോ നടക്കുക,

രവിയേട്ടന്, ചെറിയൊരു ചൂടും ചുമയും ഉണ്ടായിരുന്നു. പുതുമഴ നനഞ്ഞതായിരുന്നു കാരണം.

അതങ്ങോട്ട് കൂടി വലിവായി. ശ്വാസം കിട്ടാതെ രവിയേട്ടൻ പിടഞ്ഞു. ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടിയും വന്നു. പക്ഷേ……

ന്യുമോണിയയുടെ രൂപത്തിൽ രവിയേട്ടെനെ മരണം കൊണ്ടു പോയി. ആ വേദനയിൽ നിന്നും രക്ഷപെടാൻ ആർക്കും പെട്ടെന്ന് കഴിഞ്ഞില്ല.

കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകർന്നു വീണു. നുറുങ്ങി ചിതറിയ ചിന്തകൾ ഓർമയിൽ കണ്ണാടി പോട്ടുപോലെ തിളങ്ങി തന്നെ നിന്നു. ആ ആഘാതത്തിൽ അമ്മാവനും രവിയേട്ടൻ്റെ കൂടെ പോയി.

അതിനിടയിൽ അച്ഛൻ പലവട്ടം വന്നു.ഇനിയും തന്നെ അവിടെ നിർത്തുന്നതെങ്ങനെ. എന്നാൽ അമ്മായി സമ്മതിച്ചില്ല.

“സുധാകരാ ഞാൻ അവളെ ഇവിടുത്തെ കുട്ടിയായി വളർത്തി. അവളെ ഇനിയും ഒറ്റപ്പെടുത്താൻ വയ്യ.

അവളെ ഹരി വിവാഹം കഴിക്കും.”

അതു കേട്ട് താനും ഹരിയും ഞെട്ടിപ്പോയി.

“ഇല്ലമ്മെ എനിക്കൊരിക്കലും പറ്റില്ല. അമ്മ നിർബന്ധിയ്കണ്ട.”

“ഹരി, ആ കുട്ടി വഴിയാധാരം ആകാൻ പാടില്ല. ഈ വീട്ടിൽ വളർന്ന് രവിക്ക് വേണ്ടി നമ്മൾ തിരഞ്ഞെടുത്ത അവളെ അത്ര പെട്ടെന്ന് പുറത്തു നിന്നൊരാൾ സ്വീകരിക്കില്ല. തന്നെയുമല്ല, ഇനി ചിറ്റമ്മപ്പോരിന് നമ്മൾ വിട്ടു കൊടുക്കണോ?”

ഒടുവിൽ രണ്ടു പേർക്കും വേറെ വഴിയില്ലാതെ ആയി. ഹരി തൻ്റെ കഴുത്തിൽ താലി കെട്ടി.

പക്ഷേ രണ്ടാൾക്കും രവിയിൽ നിന്നും മോചനം ഉണ്ടായില്ല. അമ്മായിക്ക് വേണ്ടി ഒരുമിച്ചു. ആർക്കോ വേണ്ടി ജീവിച്ചു.

പട്ടാളത്തിൽ ചേരാൻ ആഗ്രഹിച്ച ഹരി, അമ്മായിയുടെയും തൻ്റെയും കാവൽക്കാരനായി മാറി.

കൃഷിയും, വീടും മാത്രമായി ജീവിച്ചു.

നന്മ മാത്രം ആഗ്രഹിച്ചു ചെയ്തിട്ടും അമ്മായി പോലും മറന്നു തുടങ്ങിയിട്ടും താനും ഹരിയും ഒരു ലക്ഷ്മണ രേഖയ്ക്ക് ഇരു പുറത്ത് നിൽക്കുന്നതായിരുന്നു അമ്മായിയുടെ ദുഃഖം.

കാലം ഓടിപോയി. അതിനിടയിൽ പട്ടണത്തിലെ സ്കൂളിൽ ജോലിക്ക് പോകേണ്ടി വന്നു. ഇപ്പോൾ ആഴ്ചയിൽ ഒരിക്കലായി വരവ്. ആ ദിവസം രണ്ടുപേരും നോക്കിയിരിക്കും. ഹരിയും അമ്മായിയും.

ആഴ്ചയവസാനം വൈകീട്ട് ഹരി ബസ്സ് സ്റ്റോപ്പിൽ കാത്തു നിൽക്കും. തനിക്കിഷ്ടപെട്ടതൊക്കെ വാങ്ങി.

പിന്നെ രണ്ടു ദിവസം വീടിന് ജീവൻ വക്കും.

അമ്മായിക്ക് വയ്യാതായപ്പോൾ ജോലി ഉപേക്ഷിക്കാം എന്ന് തീരുമാനിച്ചതായിരുന്നു. അവർ സമ്മതിച്ചില്ല.

പെൺകുട്ടികളായാൽ സ്വന്തം കാലിൽ നിൽക്കണതാണ് നല്ലത്. അതായിരുന്നു അവരുടെ പക്ഷം.

ഒരു തേങ്ങൽ കേട്ടാണ് കണ്ണ് തുറന്നത്. നോക്കുമ്പോൾ അമ്മായിയാണ്. പുതപ്പ് കൊണ്ട് ദേഹം പൊതിഞ്ഞിട്ടുണ്ട്. കൈകൾ കൂപ്പി പിടിച്ചിരിക്കുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നു. റൂമിന് പുറത്ത് ചാരി നിൽക്കുകയാണ്. ആത്മാവിൽ തന്നോട് ആയിരം നന്ദി പറഞ്ഞു കൊണ്ട്.

എന്തോ ഒരു വല്ലാത്ത സംതൃപ്തി. വളർത്തി വലുതാക്കിയ ഒരു അമ്മക്കും ജീവനെ പോലെ പൊതിഞ്ഞു സൂക്ഷിച്ച ഒരു മകനും സന്തോഷമായിരിക്കുന്നു…

ഇത്തിരി വൈകി ആണെങ്കിലും..

പുറത്തെ തണുപ്പിൽ നിൽക്കണ്ട എന്നു പറഞ്ഞു കിടക്കാനായി അമ്മയിയെയും ഹരിയേയും അകത്തേക്കു മെല്ലെ കൊണ്ട് പോയി.. പിന്നീട് അവർക്കായി അത്താഴം ഒരുക്കാൻ അടുക്കളയിലേക്കും…

ഒരു പുതിയതുടക്കം,.. അവിടെ തുടങ്ങുകയായി,.

ലൈക്ക് കമന്റ് ചെയ്യണേ…

രചന : മിനി ജോർജ്

Leave a Reply

Your email address will not be published. Required fields are marked *