വീട്ടിലെ കാര്യം നോക്കി നീ മിണ്ടാതെ ഇരുന്നോളണം.. ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടണ്ട.. കേട്ടോടി

രചന : മേഘ മയൂരി

❤❤❤❤❤❤❤❤

ഫേക്ക് ഐഡി അഥവാ “ഫെയ്സ്” ഇല്ലാത്ത ഐഡി…….

“നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും തലയിടരുതെന്ന്….

നിനക്ക് വായിൽ തോന്നിയതൊക്കെ എഴുതി വയ്ക്കാൻ ആണോ നീ ഫെയ്സ് ബുക്കിൽ അക്കൗണ്ടെടുത്തത്….

ലോകത്ത് പല കാര്യങ്ങളും നടക്കും..

അതിനൊക്കെ അഭിപ്രായം പറയാൻ നീയാരാ….

വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി പിള്ളേരെയും നോക്കി മിണ്ടാതെ ഇരുന്നോളണം… ലോകത്ത് നടക്കുന്ന കാര്യങ്ങളിൽ ശരിയും തെറ്റും നോക്കാനൊക്കെ വേറെ ആൾക്കാരുണ്ട്…. നീ നിൻ്റെ വീട്ടിലെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി….”

ഷോപ്പിൽ നിന്നും വന്നപാടെ തന്നെ ശകാരിക്കുന്ന ഭർത്താവിനെ നോക്കി അവൾ ശാന്തമായ മുഖത്തോടെ നിന്നു..

“എന്തിനാണ് ഇങ്ങനെ വഴക്കു പറയുന്നത്?

എന്താണ് ഇന്നത്തെ പ്രശ്നം?”

ഫ്ലാസ്കിൽ നിന്നും ചായ ഗ്ലാസിലേക്കൊഴിച്ചു നീഹാര അയാളുടെ മുന്നിൽ കൊണ്ടു വച്ചു….

“നീ എന്തൊക്കെയാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത് ആ അബ്ദുൾ സത്താറിനെയും ദിവാകരനെയും കുറിച്ച്….. നിൻ്റെ ഭാര്യയ്ക്കിതെന്തിൻ്റെ കേടാണ് …. നിൻ്റെ കൈക്ക് കരുത്തില്ലാത്തതു കൊണ്ടാണ് അവളിത്രയ്ക്ക് തിളയ്ക്കുന്നത്.. ഞങ്ങളുടെ വീട്ടിലെയൊക്കെ പെണ്ണുങ്ങളായിരിക്കണം.. പിന്നെ എഴുതാനും പ്രതികരിക്കാനുമൊന്നും അവളുമാരെ കാണില്ല എന്നൊക്കെ അവന്മാര് പറഞ്ഞപ്പോൾ എൺറ തൊലിയുരിഞ്ഞു പോയി.. ”

ഓ…. അപ്പോൾ അതാണ് കാര്യം…. ഇവരുടെ നേതാക്കന്മാരുടെ ഒരു കുത്സിത പ്രവർത്തിയെ വിമർശിച്ചും ട്രോളിയും ഇന്നലെ ഒരു നെടുനീളൻ പോസ്റ്റ് ഇട്ടിരുന്നു… ആ ആക്ഷൻ്റെ റിയാക്ഷനാണ് ഇത്…. വിനയേട്ടൻ്റെ ഫ്രണ്ട്സിൻ്റെ നേതാക്കന്മാരാണല്ലോ.. അതാ അവർക്ക് അത്ര പൊള്ളിയത്….

“നിന്നെയൊക്കെ പഠിക്കാനും ജോലിക്കു പോകാനും വിട്ടതാ കുഴപ്പം.. അന്നേ എല്ലാവരും പറഞ്ഞതാ കല്യാണം കഴിഞ്ഞ് ഭാര്യയെ പഠിക്കാനും ജോലിക്കു പോകാനും ഒന്നും സമ്മതിക്കരുതെന്ന്….. ഞാൻ സമ്മതിച്ചതുകൊണ്ടാണല്ലോ നിനക്കിത്ര അഹങ്കാരം…. പഠിപ്പിച്ചു ജോലിയാക്കിയപ്പോൾ അവൾക്ക് എല്ലാവരെയും പുച്ഛം… ”

“അതേ .. വിനയേട്ടാ …. ഞാൻ പഠിച്ചതും ജോലി നേടിയതും നിങ്ങളുടെ ഔദാര്യത്തിലാണെന്നാണോ പറഞ്ഞു വരുന്നത്…… ഞാൻ പഠിച്ചിരുന്ന കോഴ്സ് കംപ്ലീറ്റു ചെയ്യുന്നതിന് രണ്ടു മാസം മുമ്പ് നിങ്ങൾക്ക് ഗൾഫിൽ പോകാനുള്ള ലീവു തീർന്നു പോകും എന്ന് പറഞ്ഞ് തിരക്കിട്ട് കല്യാണം നടത്താൻ നിർബന്ധിച്ചത് നിങ്ങളും നിങ്ങളുടെ വീട്ടുകാരുമാണ്… ഞാൻ എൻ്റെ വീട്ടിലായിരുന്നെങ്കിലും അത് കംപ്ലീറ്റു ചെയ്യുമായിരുന്നു…. കുറച്ചു കൂടെ നല്ല മാർക്കും കിട്ടുമായിരുന്നു….. നിങ്ങളുടെ വീട്ടിലെ എല്ലാ പണികളും കഴിഞ്ഞ് ഒഴിവുസമയം കിട്ടുമ്പോൾ മാത്രം പഠിച്ചും ഉറക്കമിളച്ചിരുന്നു പഠിച്ചുമൊക്കെയാണ് ഞാൻ പരീക്ഷയെഴുതിയത്…

വീട്ടിൽ പണിയെടുക്കാനാളില്ല എന്ന് പറഞ്ഞ് പരീക്ഷ സമയത്തു പോലും എൻ്റെ വീട്ടിൽ പോവാൻ നിങ്ങളും നിങ്ങളുടെ വീട്ടുകാരും അനുവാദം തന്നിട്ടില്ല…..ആ രണ്ടു മാസം കല്യാണം കഴിഞ്ഞ് ഞാൻ നിങ്ങളുടെ വീട്ടിൽ നിന്നും പഠിക്കാൻ പോയി എന്നതാണോ എന്നെ പഠിപ്പിച്ചു ജോലിയാക്കി എന്ന് നിങ്ങളീ വലിയ വായിൽ പറയുന്നത്… ആ കോഴ്സിൻ്റെ സെമസ്റ്റർ ഫീസും പരീക്ഷാ ഫീസും ഒക്കെ അടച്ചത് എൻ്റെ അച്ഛനാണ്..

നിങ്ങളെന്ത് പൈസയാണ് എന്നെ പഠിപ്പിക്കാൻ വേണ്ടി ചെലവാക്കിയത്….. കാശു മുടക്കി പഠിപ്പിച്ചവർക്കല്ലേ അത് പറയാനുള്ള അർഹതയുള്ളത്…. പിന്നെ ജോലി കിട്ടിയത് കല്യാണത്തിന് മുമ്പ് ഞാൻ കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയതും ഇൻറർവ്യൂവിന് പോയതുമാണ്… അതിൻ്റെ റാങ്ക് ലിസ്റ്റും വന്നത് കല്യാണത്തിന് മുമ്പാണ്…. ജോലി കിട്ടിയത് കല്യാണത്തിന് ശേഷമാണ് എന്നതു കൊണ്ട് മാത്രം നിങ്ങള് ജോലിയുണ്ടാക്കിതന്ന പോലെയാണല്ലോ പറയുന്നത്… ലക്ഷങ്ങള് കൈക്കൂലി കൊടുത്ത് വാങ്ങിത്തന്ന ജോലി പോലെയാണല്ലോ പറച്ചിൽ…. എനിക്ക് മനസിൽ തോന്നുന്ന കാര്യങ്ങൾ ഞാൻ എൻ്റെ പേജിൽ എഴുതുന്നു…. അതിന് മറ്റുള്ളവർക്കെന്താ കുഴപ്പം?”

“അത് വിട്… നിൻ്റെയീ ആവശ്യമില്ലാത്ത എഴുത്ത് നിർത്തണം.. അതുപോലെ ഇന്നാള് നീ ഭർത്താവിൻ്റെയും അമ്മായിയമ്മയുടെയും സ്നേഹമില്ലായ്മയെ കുറിച്ചും ഒക്കെ കഥയെഴുതിയിരുന്നല്ലോ…

അത് വായിച്ച അവന്മാർ പറയുന്നത് നിൻ്റെ ഭാര്യയ്ക്ക് നീ പോര എന്നാണല്ലോ തോന്നുന്നത്.. നിൻ്റെ അമ്മ അവളോട് പോരെടുക്കുന്നു എന്നൊക്കെ തോന്നുന്നുണ്ടല്ലോ….

ഗർഭത്തെക്കുറിച്ചും ആർത്തവത്തെക്കുറിച്ചും ഒക്കെ എഴുതാൻ നിനക്ക് നാണമില്ലേ? അതുപോലെ കവലയിൽ മദ്യഷാപ്പ് വരുന്നതിന് എതിരായി എഴുതി വച്ചിരിക്കുന്നത് കണ്ട് ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… നിനക്ക് ചെയ്യാൻ വേറെ എന്തൊക്കെ കാര്യങ്ങൾ ഉണ്ട്?

ഇതൊക്കെ മറ്റുള്ളവർ വായിച്ചാൽ പല അഭിപ്രായവും പറയും… ആവശ്യത്തിന് മാത്രം ഫോണുപയോഗിക്കുക.. ഇനിയും എന്നെ കൊണ്ട് പറയിപ്പിക്കരുത്…”

വിനയൻ അവിടെ നിന്നും എഴുന്നേറ്റു പോയി…

ഫ്ലാസ്കും ചായ ഗ്ലാസുമായി അവൾ അടുക്കളയിലേക്കു ചിന്തിച്ചു കൊണ്ടു നടന്നു…

ഇതാദ്യത്തെ സംഭവമല്ല…. എന്തെങ്കിലും എഴുതുകയോ ഫോട്ടോ എങ്ങാനും പോസ്റ്റു ചെയ്യുകയോ ചെയ്താൽ ഉടൻ ചോദ്യം ചെയ്യലായി..

വിനയേട്ടൻ മാത്രമല്ല…. ബന്ധുക്കളും നാട്ടുകാരും അക്കാര്യത്തിൽ മുമ്പിൽ തന്നെ…. ആൾക്കൂട്ടത്തിലെ ഒറ്റപ്പെടലിനെ കുറിച്ച് ഒരു കഥയെഴുതിയപ്പോൾ ഒരുപാട് പേർ സഹായവുമായി വന്നു…

ചേച്ചി ഒറ്റക്കല്ല… ഞങ്ങളൊക്കെയുണ്ട് കൂടെ എന്ന് പറഞ്ഞ് എന്തു മാത്രം ഒലിപ്പീരായിരുന്നു… മരണത്തെ കുറിച്ച് എഴുതിയാൽ ഉടൻ ഉപദേശം.. എന്തിനാണ് ഈ ചെറുപ്രായത്തിൽ മരണത്തെ കുറിച്ച് ഒക്കെ ചിന്തിക്കുന്നത്?

വിനയനുമായി എന്തെങ്കിലും പ്രശ്നമുണ്ടോ?

എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോടു പറയൂ….. എന്ത് സഹായത്തിനും ഞാനുണ്ടാവും എന്ന് അടുത്ത വീട്ടിലെ ജോർജച്ചായൻ… പ്രണയത്തെക്കുറിച്ച് രണ്ടു മൂന്നു കവിതകളും ലേഖനങ്ങളും അടുപ്പിച്ച് കണ്ടാൽ ഉടൻ താനൊരു പ്രണയരോഗിയാണ്..കല്യാണം കഴിഞ്ഞ് രണ്ടു പിള്ളേരായെങ്കിലും ഇപ്പോഴും മനസിൽ പ്രണയം കത്തി നിൽക്കുന്നു.. അതു കൊണ്ടാണ് ഇങ്ങനെ വാക്കുകളിൽ പ്രണയം തുളുമ്പുന്നതെന്നാണ് ഇവരുടെയൊക്കെ ധാരണ…. ഇതൊക്കെ വെറും കഥകളും ഭാവനകളും മാത്രമാണെന്ന് ഈ കൂപമണ്ഡൂകങ്ങൾക്ക് ഇനി എന്നാണാവോ മനസ്സിലാവുന്നത്? കഥാപാത്രങ്ങളുടെ സ്വഭാവം തന്നെയാണ് കഥാകൃത്തിന് എന്നുള്ള ധാരണയിലുള്ളവരെ എന്തു പറഞ്ഞു മനസിലാക്കാനാണ്….

രാത്രി 10 മണിക്കു ശേഷം ഓൺലൈനിൽ കണ്ടാൽ തുടങ്ങും ഉറങ്ങാറായില്ലേ…

വിനയനവിടെയില്ലേ.. ഭക്ഷണം കഴിച്ചോ ….

എന്നൊക്കെ ചോദിച്ചു കൊണ്ട് മെസ്സേജുകളുടെ കൂമ്പാരം… വിനയേട്ടനടുത്തുണ്ടായിരിക്കുമ്പോഴാണ് ഇതൊക്കെ വരുന്നതും.. താൻ ഓൺലൈനിൽ നിൽക്കുമ്പോൾ തനിക്കോ വീട്ടുകാർക്കോ ഇല്ലാത്ത ബുദ്ധിമുട്ടാണ് ഈ നാട്ടുകാർക്കും ബന്ധുക്കൾക്കും…. ഉറങ്ങാൻ പോവുമ്പോഴാണ് സ്വസ്ഥമായി വല്ലതും വായിക്കാനും സോഷ്യൽ മീഡിയ നോക്കാനും സമയം കിട്ടുന്നത്…നേരിട്ട് കണ്ടാൽ ഒരു പരിചയവും കാണിക്കാത്തവരാണ് മെസഞ്ചറിലൂടെ ഉപദേശികളായി വരുന്നത്… ഞരമ്പുരോഗികളുടെ വിളയാട്ടം കൂടുതലായതോടെ മെസഞ്ചർ തന്നെ അണിൻസ്റ്റാൾ ചെയ്തു…….

കോഴികളെയൊക്കെ ഫ്രണ്ട് ലിസ്റ്റിൽ നിന്നൊഴിവാക്കി… എന്നാലും കുറേ ബന്ധുക്കളുണ്ടല്ലോ… കുറ്റം പറയാൻ മാത്രമായിട്ട്…

ഇന്നാള് ഒരു ബന്ധുവിൻ്റെ കല്യാണത്തിന് പോയപ്പോൾ വിജയമ്മായി കളിയാക്കി പറയുന്നുണ്ടായിരുന്നു….

“നീഹാരയുടെ വിചാരം ഇപ്പോഴും ചെറുപ്പമാണെന്നാ….. ഫേസ്ബുക്കിലൊക്കെ കാണാം പല മോഡേൺ വേഷങ്ങളൊക്കെ ഇട്ട് പല പോസുകളിലായി… ലിപ്സ്റ്റിക്കൊക്കെ ഇട്ട് മുടിയൊക്കെ പറത്തി… ഒന്നുമില്ലെങ്കിലും രണ്ട് പിള്ളേരുടെ അമ്മയാണെന്നൊരു വിചാരം വേണ്ടേ….

ങാ.. കെട്ട്യോനെ പറഞ്ഞാൽ മതിയല്ലോ… ”

അതു കേട്ടു ചിരിക്കാനും കുറേയെണ്ണം.. അവിടെ ഇരുന്നാൽ വല്ലതും പറഞ്ഞു പോകുമെന്ന് തോന്നിയപ്പോൾ മെല്ലെ അവിടെ നിന്നെഴുന്നേറ്റ് മാറി…… മരുമകളേക്കാൾ കൂടിയ അളവിൽ ആഭരണങ്ങളുമിട്ട് പതിനായിരത്തിൻ്റെ പട്ടുസാരിയും ധരിച്ച് കുഴിയിലേക്ക് എടുക്കാനായെങ്കിലും കല്യാണത്തിൻ്റെ തലേ ദിവസം ബ്യൂട്ടി പാർലറിൽ പോയി തലമുടിയും കറുപ്പിച്ച് മുഖമൊക്കെ ഫേഷ്യൽ ചെയ്ത് പുട്ടിയുമിട്ട് മുല്ലപ്പൂവും ചൂടി വന്ന ഈ തള്ളയാണ് പറയുന്നത് ഇരുപത്തേഴ് കഴിഞ്ഞിട്ടില്ലാത്ത താൻ ചെറുപ്പമല്ല എന്ന്..

അൻപത്തഞ്ച് കഴിഞ്ഞ അവരായിരിക്കും പിന്നെ ചെറുപ്പം… ഓരോ മാരണങ്ങൾ… വിനയേട്ടൻ്റെ ബന്ധത്തിലെ വകയിലെങ്ങാണ്ടുള്ള ബന്ധു ആയിപ്പോയി… അതു കൊണ്ട് തിരിച്ചൊന്നും പറഞ്ഞു കൂടല്ലോ…

ഓരോന്ന് പോസ്റ്റു ചെയ്യുമ്പോഴും വിമർശിക്കാനും കുറ്റപ്പെടുത്താനും മനസ് അസ്വസ്ഥമാക്കാനും കുറേയെണ്ണം വരും… നൂറു പേരുടെ നല്ല വാക്കുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന പോസിറ്റീവ് എനർജി കുറക്കാൻ ഇതു പോലെയുള്ള മൂന്നോ നാലോ നെഗറ്റീവോളികൾ മതി…..

കുറേയധികം ചിന്തിച്ച് അവളൊരു തീരുമാനമെടുത്തു…. നിലവിലുള്ള ഫേസ്ബുക്ക് ഐഡി ഡിലീറ്റ് ചെയ്തു.. പകരം പുതിയ ഒരു ഐഡി എടുത്തു.. മുഖമില്ലാത്ത ഐഡി..

അനാമിക എന്ന പേരിൽ… പ്രൊഫൈൽ പിക്ചറായി റോസാ പൂവിൻ്റെ ചിത്രമിട്ടു….. ദോഷൈകദൃക്കുകളല്ലാത്ത എഫ് ബി സുഹൃത്തുക്കളെ മാത്രം ഫ്രണ്ട് ലിസ്റ്റിലുൾപ്പെടുത്തി…

മറ്റുള്ളവരെയെല്ലാം ഫ്രണ്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി.. മെസഞ്ചർ അണിൻസ്റ്റാൾ ചെയ്തു..

ഇപ്പോൾ കുറച്ച് സമാധാനമുണ്ട്…. ഏതു വിഷയത്തെ കുറിച്ചും മനസ്സിൽ തോന്നുന്നത് എഴുതാം…

വായിക്കാം… മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട…. എഴുതിയതിൻ്റെ പേരിൽ ആരോഗ്യകരമായ വിമർശനങ്ങൾ എന്നല്ലാതെ വെറുതേ വിമർശിക്കാനായി മാത്രം വിമർശിക്കാൻ വരുന്നവരുടെ ശല്യമില്ല….

ആരുടെയും ശല്യമില്ലാതെ ,നാട്ടുകാർ എന്തു കരുതും….

വീട്ടുകാർ എന്തു വിചാരിക്കുമെന്നു ചിന്തയില്ലാതെ മനസിലുള്ളത് മുഴുവൻ തുറന്ന് എഴുതാം…..

സമയം നോക്കിയല്ലാതെ വായിക്കാം……..

സ്വസ്ഥം… സമാധാനം…

ചില ഫേക്ക് ഐഡികളുടെയെങ്കിലും ജനനത്തിനു പുറകിൽ ഇങ്ങനെയും പല കാരണങ്ങളാവാം….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : മേഘ മയൂരി

Leave a Reply

Your email address will not be published. Required fields are marked *